ഉച്ചത്തിൽ ആ ശബ്ദം ഉയർന്നപ്പോഴാണ് ഹോട്ടലിൽ കൂട്ടുകാരികൾക്കൊപ്പം ആഹാരം കഴിക്കുകയായിരുന്ന മിത്ര തലയുയർത്തി നോക്കിയത്, രണ്ട് മൂന്ന്…..

എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ

” എത്ര നേരായടോ ഫുഡ്‌ ഓർഡർ ചെയ്തിട്ട്, താൻ ബാക്കിയുള്ളോർക്കൊക്കെ ഫുഡ്‌ കൊടുക്കുന്നുണ്ടല്ലോ…. “

ഉച്ചത്തിൽ ആ ശബ്ദം ഉയർന്നപ്പോഴാണ് ഹോട്ടലിൽ കൂട്ടുകാരികൾക്കൊപ്പം ആഹാരം കഴിക്കുകയായിരുന്ന മിത്ര തലയുയർത്തി നോക്കിയത്, രണ്ട് മൂന്ന് ടേബിളുകൾക്കപ്പുറം കസ്റ്റമറിന് മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന ആളിലേക്ക് എല്ലാവരെയും പോലെ മിത്രയുടെ നോട്ടവുമെത്തി…

എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായ ആ തടിച്ച മനുഷ്യനൊപ്പം, ഭാര്യയും മക്കളും തങ്ങളുടെ മുന്നിൽ നിൽക്കുന്ന സപ്ലയറോട് ദേഷ്യപ്പെട്ടുകൊണ്ടിരുന്നു, അയാൾ ഇടയ്ക്ക് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ആളിന്റെ മുഖം മിത്രയ്ക്ക് കാണാൻ പറ്റിയിരുന്നില്ല….

അവരുടെ മുന്നിൽ തല കുനിച്ചുനിന്നയാൾ തിരിഞ്ഞു നടക്കുമ്പോഴാണ് ആ മുഖം മിത്ര കാണുന്നത്.. ” ഭരത്…. ” മിത്രയുടെ വായിൽ നിന്ന് ആ പേര് അറിയാതെ പുറത്തേക്ക് വന്നു….

ഒരു നിമിഷമൊന്ന് ഞെട്ടിയ മിത്ര പെട്ടെന്ന് തല കുമ്പിട്ട് ഭരത്തിന്റെ നോട്ടം കിട്ടാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു….

” ഇവൾക്കിത് എന്താ പറ്റിയെ ഹോട്ടലിൽ നിന്ന് ഇറങ്ങിയത് മുതൽ മിണ്ടാട്ടം ഇല്ലല്ലോ…”

തിരികെ ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ കൂട്ടുകാരികൾ ഓരോന്ന് ചോദിച്ചെങ്കിലും മിത്ര ഒന്നുമില്ലെന്ന് പറഞ്ഞ് ഒരു ചിരിയിൽ ഒതുക്കി നടന്നു…..

ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും ഹോസ്റ്റലിലെത്തുമ്പോഴും അവളുടെ മനസ്സിൽ ഹോട്ടലിൽ കണ്ട ഭരത്തിന്റെ മുഖം മാത്രമായിരുന്നു, ആളാകെ ക്ഷീണിച്ച്, കറുത്ത്, മെലിഞ്ഞ് മറ്റൊരു മനുഷ്യനായി മാറിയിരിക്കുന്നു,…

നിമിഷങ്ങൾ കൊണ്ട് തന്നെ മിത്രയുടെ ഓർമ്മകൾ ബാംഗ്ലൂർ നഗരത്തിലേ, ഐ റ്റി കമ്പനിയിലെ സ്മാർട്ടും, സുന്ദരനുമായ ഭരത്തിലേക്കെത്തി, എല്ലാവരോടും ചിരിച്ചുകൊണ്ട്, സ്നേഹത്തോടെ സംസാരിക്കുന്ന മനുഷ്യനോടൊപ്പം എപ്പോഴും അനുവും കാണും, ആദ്യം അവിടെ എത്തുമ്പോൾ താൻ പോലും സംശയിച്ചിരുന്നത് അവർ ഭാര്യ ഭർത്താക്കന്മാർ ആണെന്നാണ്, വിവാഹം കഴിഞ്ഞില്ലെങ്കിലും എല്ലാവരുടെയും മുന്നിൽ പെർഫക്റ്റ് കപ്പിൾസ് ആയിരുന്നവർ…

അവരുടെ പ്രണയത്തിൽ അസൂയയില്ലാത്ത മനുഷ്യർ ആരും ഉണ്ടായിരുന്നില്ല, ചിലപ്പോഴൊക്കെ തനിക്കും അനുവിനോട് അസൂയ തോന്നിയിട്ടുള്ളത് ആലോചിക്കുമ്പോൾ മിത്രയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞിരുന്നു….

താൻ ബാംഗ്ലൂർ നിന്ന് വരുമ്പോൾ അവരുടെ കല്യാണതീയതിവരെ ഏതാണ്ട് ഫിക്സ് ചെയ്തത് ആയിരുന്നു, പക്ഷേ ഭരത് ഇങ്ങനെയൊരു ജോലി, മിത്രയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, മിത്ര വേഗം മൊബൈൽ എടുത്ത് ഇൻസ്റ്റാഗ്രാമിൽ അനുവിനെ സേർച്ച്‌ ചെയ്തു,.. നിമിഷങ്ങൾക്കകം അവളുടെ അകൗണ്ട് കണ്ടു, അതിൽ കുറെ റീൽസും. ഓരോന്ന് പ്ലേ ചെയ്യുമ്പോൾ അനു മറ്റൊരു കല്യാണം കഴിച്ചിരിക്കുന്നു, ഒരു കുട്ടിയും ഉണ്ടെന്ന് മിത്രയ്ക്ക് മനസ്സിലായി…

അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണ് പഴയ ബാംഗ്ലൂർ ഫ്രണ്ട്സിന്റെ നമ്പർ തപ്പി പിടിച്ച് കാര്യങ്ങൾ അന്വേക്ഷിച്ചത്, എല്ലാവർക്കും അവർ പിരിഞ്ഞു എന്നല്ലാതെ കാരണങ്ങൾ ഒന്നും അറിയില്ലായിരുന്നു. പിറ്റേന്ന് എന്തായാലും ഭരത്തിനെ കണ്ടു സംസാരിക്കാൻ ഉറപ്പിച്ചാണ് മിത്രയന്ന് ഉറങ്ങാൻ കിടന്നത്….

പിറ്റേന്ന് വൈകുന്നേരം ഫ്രണ്ട്സിനെ കൂട്ടാതെ തനിച്ചാണ് മിത്ര ആ ഹോട്ടലിൽ ചെന്നത്…

” എന്താണ് മാം വേണ്ടത്… “

തന്റെ മുന്നിൽ നിന്ന് അത് ചോദിക്കുന്നയാളിനെ മിത്ര നോക്കി, ഭരത്…..

” എക്സ്‌ക്യൂസ് മീ …. “

തന്നെ നോക്കി മിണ്ടാതെയിരിക്കുന്ന മിത്രയോട് ഭരത് വീണ്ടും ചോദിച്ചു…

” ആ… ഒരു കോഫി…. “

മിത്ര പെട്ടെന്ന് വിക്കി വിക്കി പറയുമ്പോ ഭരത് ഒന്ന് ചിരിച്ചു..

” കഴിക്കാൻ എന്തെങ്കിലും… “

ഭരത് ചോദിക്കുമ്പോൾ മിത്ര വേണ്ടെന്ന് തലയാട്ടി.. ഭരത് ചിരിച്ചുകൊണ്ട് അടുത്ത ടേബിളിലേക്ക് പോയി…

” ഭരത്തെന്നല്ലേ പേര് …. “

കുറച്ച് കഴിഞ്ഞ് തന്റെ മുന്നിലേക്ക് കോഫീ ഗ്ലാസ്സ് കൊണ്ട് വച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴേക്കും മിത്ര ചോദിച്ചു…

” അതേ….. “

അവൾക്കരികിലായി ചെന്നുകൊണ്ട് ഭരത് പറഞ്ഞു…

” എന്നെയോർമ്മയുണ്ടോ…. “

മിത്ര വീണ്ടും ചോദിച്ചു….

” എവിടെയോ കണ്ടിട്ടുണ്ട് പക്ഷേ പേര്…. “

ഭരത് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു….

” എന്റെ പേര് മിത്ര, ഞാൻ ബാംഗ്ലൂർ ഉണ്ടായിരുന്നു,,,, “

മിത്ര അത് പറയുമ്പോൾ ഭരത്തിന്റെ മുഖത്തെ പുഞ്ചിരി മായുന്നതവൾ ശ്രദ്ധിച്ചു…

” അതേ എനിക്കൊന്നു സംസാരിക്കണമായിരുന്നു…. “

തിരിഞ്ഞ് നടക്കുന്ന ഭരത്തിനോടവൾ വീണ്ടും പറഞ്ഞു…

” സോറി മാഡം…. ഇന്ന് ഒന്ന് രണ്ട് സ്റ്റാഫ്‌ ലീവ് ആണ്, അതുമല്ല തിരക്കുള്ള സമയമാണ്… “

ഭരത് അത് പറഞ്ഞു തീരും മുന്നേ അടുത്ത് ടേബിളിൽ നിന്ന് ആള് വിളിക്കുകയും അയാൾ അവർക്കരികിലേക്ക് പോകുകയും ചെയ്ത് കഴിഞ്ഞിരുന്നു….

എന്താലും ഭരത്തിനെ കണ്ട് സംസാരിച്ചിട്ടേ പോകുള്ളൂ എന്നുറപ്പിച്ചു കൊണ്ട് മിത്ര പുറത്ത് അയാളെ വെയിറ്റ് ചെയ്തു നിന്നു. വീക്കെന്റ് ആയത് കൊണ്ട് നേരം ഇരുട്ടി വരുന്തോറും ഹോട്ടലിൽ തിരക്ക് കൂടി കൂടി വന്നുകൊണ്ടിരുന്നു.

മിത്രയുടെ മനസ്സിലപ്പോഴും ഭരത്തിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു നല്ല പൊസിഷനിൽ ഏ സി മുറിയിലിരുന്ന് ജോലിയെടുക്കെണ്ടയാളാണ്,.. ഒരു ദീർഘവിശ്വാസത്തോടെ അവൾ ഹോട്ടലിൽ ഓടി നടക്കുന്ന ഭരത്തിനെ നോക്കിയിരുന്നു…

” എന്നും ഈ സമയമാകുമോ ജോലി കഴിയാൻ….. “

ജോലി കഴിഞ്ഞ് ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ചോദ്യം കേട്ടാണ് മിത്ര പോയിട്ടില്ലെന്ന് കാര്യം ഭരത് ഓർത്തത്….

” താൻ ഇതുവരെ പോയില്ലേ, സമയം ഒന്ന് ആയല്ലോ… “

ഭരത് ചോദിക്കുമ്പോൾ മിത്ര ഒന്നും പറയാതെ അയാളെ നോക്കി നിന്നു…

” ഞാൻ പറഞ്ഞില്ലേ എനിക്ക് സംസാരിക്കണമെന്ന്,…. “

അവൾ മടിച്ചു മടിച്ചാണ് പറഞ്ഞത്…

” ഈ പാതിരാത്രി എന്ത് സംസാരിക്കാൻ… അല്ലേ തന്നെ സംസാരിക്കാൻ പറ്റിയ മൂഡും, താൻ പോയെ… “

അത് പറഞ്ഞ് ഭരത് നടക്കുമ്പോൾ മിത്രയും കൂടെ നടന്നു….

” ഞാൻ എത്രയും നേരം ഇവിടെ കാത്തിരുന്നതല്ലേ അതിന്റെ നന്ദിയെങ്കിലും കാണിച്ചൂടെ… “

മിത്ര പുറകെ അതും ചോദിച്ചു നടന്നു…

” ഞാൻ പറഞ്ഞോ തന്നോട് എന്നെയും കാത്ത് നിൽക്കാൻ… “

ഗൗരവത്തോടെ ഭരത് ചോദിച്ചുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ മിത്ര ഒന്നും മിണ്ടാതെ ഇരുട്ടിൽ നിന്നതേയുള്ളു…

” എന്റെ കൊച്ചേ, സമയം കുറെയായി താൻ വീട്ടിൽ പോകാൻ നോക്കിയേ… “

ഭരത് തിരിഞ്ഞ് നിന്ന് പറയുമ്പോഴും മിത്ര ഒന്നും മിണ്ടിയിരുന്നില്ല, ഭരത് പിന്നേയും ഒന്ന് രണ്ട് ചുവടുകൾ മുന്നോട്ട് നടന്ന് തിരിഞ്ഞ് നിൽക്കുമ്പോഴും മിത്ര അവിടെ തന്നെ നിൽക്കുകയായിരുന്നു…

” എന്താന്ന് വച്ചാ ചോദിച്ചു തുലയ്ക്ക്… “

ഭരത് അതും പറഞ്ഞ് അവൾക്കരികിലേക്ക് നടന്നു….

” എവിടെയാ താമസിക്കുന്നെ… “

” ഇത് ചോദിക്കാനാണോ താൻ ഈ പാതിരാത്രി വരെ നിന്നത്… “

ഭരത്തിന്റെ മറു ചോദ്യത്തിൽ മിത്രയ്ക്ക് ചിരിയാണ് വന്നത്…

” അതല്ല അതാകുമ്പോ നമുക്ക് ഇരുന്ന് സംസാരിക്കാല്ലോ…. “

” ഏയ് അതൊന്നും പറ്റില്ല, അവിടെ ഹോട്ടലിൽ ജോലി ചെയ്യുന്ന ബംഗാളികളാണ് നിറയെ, അവിടെയൊന്നും പോകാൻ പറ്റില്ല… “

” എന്നാൽ നമുക്ക് ആ ബസ്സ് സ്റ്റോപ്പിൽ ഇരിക്കാം…. “

അത് പറഞ്ഞ് മിത്ര ബസ്സ്‌ സ്റ്റോപ്പിലെക്ക് കയറി ഇരുന്നപ്പോൾ കുറച്ച് അകലെയായി ഭരത്തും ഇരുന്നു….

” അനുവിനെ കുറിച്ചാകുമല്ലേ അറിയാനുള്ളത്, നമുക്കിടയിൽ സംഭവിച്ചതിനെ കുറിച്ചാകും, അല്ലാതെ തനിക്ക് എന്താ എന്നിൽ നിന്നറിയാനുള്ളത്…. “

റോഡിലേക്ക് നോക്കി ഭരത് പറഞ്ഞ് തുടങ്ങുമ്പോൾ, എങ്ങനെ ചോദിച്ചു തുടങ്ങുമെന്ന് അറിയാതിരുന്ന മിത്ര പതിയെ തലയാട്ടി….

” നിങ്ങളെയൊരിക്കലും ഇതുപോലെയൊരു ജോലിയിൽ പ്രതീക്ഷിച്ചില്ല, പെട്ടെന്ന് കണ്ടപ്പോൾ അത്ഭുതപെട്ടുപ്പോയി, എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ഒരു ആകാംക്ഷ.. അതാണ് ഞാൻ….. “

മിത്ര മടിച്ചു മടിച്ചു പറയുമ്പോൾ ഭരത് ചിരിച്ചു….

” എല്ലെങ്കിലും മനുഷ്യർക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു, എന്തൊക്കെ സംഭവിക്കുന്നു എന്നറിയാനുള്ള ആകാംക്ഷയാണല്ലോ… “

ഭരത് പറയുമ്പോ മിത്രയൊന്നും മിണ്ടിയിരുന്നില്ല…

” ഞാനും അനുവും നല്ല ഫ്രണ്ട്സായിരുന്നു, പിന്നെയെപ്പോഴോ അത് പ്രണയമായി, അതിൽ അസൂയ ഇല്ലാത്തവരായി ആരുമില്ലായിരുന്നു, ചെറിയ ആയുസ്സ് മാത്രം ഉണ്ടായിരുന്ന കുഞ്ഞു കുഞ്ഞു പിണക്കണങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, അതൊക്കെ ഒരു രസമായിരുന്നു, ഞങ്ങൾ രണ്ടുപേരും ഒരുപോലെ ആസ്വദിച്ചിരുന്ന ഞങ്ങളുടെ സന്തോഷ നിമിഷങ്ങൾ….

പിന്നെ പിന്നെ ആ പിണക്കങ്ങൾക്ക് ആയുസ്സ് കൂടി കൂടി വന്നു, പുറത്ത് ഞങ്ങൾ നല്ല പ്രണയജോഡികൾ ആയിരുന്നെങ്കിലും, ഉള്ളിൽ എന്തൊക്കെയോ പുകയുന്നുണ്ടായിരുന്നു…. “

ഒരു ദീർഘ നിശ്വാസത്തോടെ ഭരത് അത് പറഞ്ഞ് മിത്രയേ നോക്കുമ്പോൾ അവൾ അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കകയായിരുന്നു….

” അന്നൊരു രാത്രി അവളോട് ദേഷ്യപ്പെട്ടത് ഞാനാണ്, അതിന് പ്രത്യേക കാരണങ്ങൾ ഒന്നുമില്ലായിരുന്നു, എന്തോ നിസ്സാര കര്യം…. അവൾ ഒന്നും മിണ്ടാതെ ഒരു ബൈ പറഞ്ഞു പോകുമ്പോൾ പതിവുപോലെയുള്ള പിണക്കമാകും എന്നാണ് കരുതിയത്, പക്ഷെ…..

ഇടയ്ക്കൊക്കെ പിണങ്ങുമ്പോൾ എന്നെയവൾ ബ്ലോക്ക് ചെയ്യാറുണ്ട്, ആ ബ്ലോക്കും അതുപോലെയാണെന്ന് കരുതി, പിറ്റേന്ന് അവൾ ഓഫീസിൽ വരാതെ ഇരുന്നപ്പോൾ അറിഞ്ഞില്ല ജോലി തന്നെ റിസൈൻ ചെയ്യുമെന്ന്…. അവൾ വീട്ടിലേക്ക് തിരികെ പോയത് വരെ അറിയുന്നത് ഫ്രണ്ട്സിൽ നിന്നാണ്….”

ഭരത് അത് പറഞ്ഞ് തല കുമ്പിട്ട് ഏറെ നേരം ഇരുന്നു…

” അവളെ കണ്ട് സംസാരിക്കാനാണ് അവളുടെ വീട്ടിലേക്ക് പോയത്, പക്ഷേ എന്നേ അവൾക്ക് കാണേണ്ടന്ന് പറഞ്ഞു, ആ വീടിന്റെ മുന്നിൽ നിന്നപ്പോൾ ഒഴുകിയ കണ്ണുനീർ പോലും അവളുടെ മനസ്സിനെ അലിയിച്ചില്ല…

പിന്നെ എനിക്കും വാശിയായി, അവൾ പോയ മറ്റൊന്ന്, ആ വാശിയിടെയാണ് ബാംഗ്ലൂർക്ക് വീണ്ടും വണ്ടി കയറിയത്, പക്ഷേയുണ്ടല്ലോ ഒരാൾ പോയാൽ അവർക്ക് പകരം ആകില്ലെടോ മറ്റൊരാളും… “

അത് പറയുമ്പോൾ ഭരത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്ത് പറയണമെന്നറിയാതെ മിത്ര ഭരത്തിന്റെ അരികിലേക്ക് നീങ്ങിയിരുന്നു…

” ഞാൻ ഓക്കെയാണ് ഓക്കെയാണെന്ന് ഒരു ആയിരം തവണ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു നോക്കി, എവിടുന്ന്…. ചിലർ പോകുമ്പോൾ നമ്മുടെ ചങ്കും പറിച്ചു കൊണ്ടാകും പോകുക… ആദ്യമൊന്നും വല്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിലും പിന്നെ പിന്നെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി…

ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, ജോലി ചെയ്യാൻ പറ്റുന്നില്ല. മുന്നിൽ എപ്പോഴും അവളുടെ മുഖം മാത്രം.. സത്യം പറഞ്ഞാൽ ലാപ് ഓൺ ആക്കാൻ പോലും മറന്നു പോകുന്ന അവസ്ഥ, മനസ്സ് ആകെ കൈ വിട്ട്,…. നമ്മൾ കിളി പോയാ അവസ്ഥയെന്ന് പറയില്ലേ അതേ അവസ്ഥ… “

ഭരത് രണ്ട് കൈകളും കൊണ്ട് ഒഴുകി വന്ന് കണ്ണുനീർ തുടച്ച് ചിരിക്കാൻ ശ്രമിച്ചു….

” അവിടെയാണെങ്കിൽ എല്ലാവരും കുറ്റപ്പെടുത്തൽ തന്നെ, ഇത്രേം നല്ലൊരു പെണ്ണിനെ കിട്ടിയിട്ട് കളഞ്ഞ ഞാൻ അവരുടെ മുന്നിൽ വെറും മണ്ടൻ, അവരൊക്കെ ആണെങ്കിൽ പൊന്നുപോലെ നോക്കുമെന്നുള്ള കുറെ വർത്തമാനവും എല്ലാം കൂടി പ്രാന്ത് പിടിപ്പോ ജോലി റിസൈൻ ചെയ്തു നാട്ടിൽ വന്ന്….

ഇവിടെയും അതേ കുറ്റപ്പെടുത്തൽ, മാസങ്ങളോളം മുറിയിൽ അടച്ചിരുന്നു, ആരെയും അഭിമുഖീകരിക്കാൻ പറ്റുന്നില്ല, മിണ്ടാൻ പറ്റുന്നില്ല, എന്തിന് ഒരു സിനിമ കണ്ട് ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥ, എല്ലാം ശരിയാകാൻ മൊബൈൽ വരെ എറിഞ്ഞു പൊട്ടിച്ചു….

പിന്നെ എനിക്ക് തന്നെ തോന്നി വീട്ടിൽ ഇരുന്നാൽ ശരിയാകില്ല ജോലിക്ക് പോണമെന്ന്, ഒരുപാട് സ്ഥലത്ത് ജോലിക്ക് പോയി ഒന്നും ശരിയായില്ല, കാരണം അവർ എന്തേലും ചോദിക്കുമ്പോ എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല, വർക്ക് ചെയ്തു കാണിക്കാൻ പറ്റുന്നില്ല, ആ എന്നേ ആരേലും ജോലിക്ക് എടുക്കുമോ…”

അത് പറഞ്ഞ് ഭരത് മിത്രയേ നോക്കി ചിരിക്കുമ്പോൾ മിത്രയൊന്ന് പേടിച്ചു. അവൾ ഭയത്തോടെ ചുറ്റുമോന്ന് നോക്കി….

” ഏയ് താൻ പേടിക്കുകയൊന്നും വേണ്ട എനിക്ക് ദേഹോപദ്രവമൊന്നും ഇല്ല…. “

അത് പറഞ്ഞ് ഭരത് വീണ്ടും ചിരിക്കുമ്പോൾ മിത്രയും ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

” ഒരു ദിവസം ആഹാരം കഴിക്കാൻ ഈ ഹോട്ടലിൽ കയറിയത, കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാൻ നോക്കുമ്പോ പേഴ്സില്ല, അത് ആരോ കൊണ്ടുപോയി അതുപോലും ഞാൻ അറിഞ്ഞില്ല, അന്ന് ഇവിടെ എന്തേലും ജോലി ചെയ്തോളാം എന്നും പറഞ്ഞു നിന്നു, ഇതിന് പിന്നെ എക്സ്പീരിയൻസ് ഒന്നും വേണ്ടല്ലോ, വെറുതെ ഒരു ചിരി ഫിറ്റ് ചെയ്താൽ മതി മുഖത്ത്. ദേ ഇതുപോലെ….. “

അത് പറഞ്ഞ് അയാൾ ചിരിക്കുമ്പോൾ പിന്നെലെ വേദന മിത്രയ്ക്ക് മനസ്സിലാകുമായിരുന്നു….

” ആ അനു ഇപ്പൊൾ എവിടെയാണെന്ന് അറിയേണ്ടേ… “

അൽപ്പനേരം അവർ മിണ്ടാതെയിരുന്ന ശേഷമാണ് മിത്ര ചോദിച്ചത്, അതിന് ഭരത് ഒന്നും പറഞ്ഞില്ല…

മിത്ര ഇൻസ്റ്റയിൽ നിന്ന് അനുവിന്റെ റീൽസ് എടുത്ത് പ്ലേ ചെയ്ത് ഭരത്തിന്റെ നേർക്ക് പിടിച്ചു, ഭരത് അത് നോക്കിയിരിക്കുമ്പോൾ ആ മുഖത്ത് പുഞ്ചിരി വിരിയുന്നതിനൊപ്പം കണ്ണും നിറഞ്ഞൊഴുകുന്നത് മിത്ര കണ്ടു….

” താൻ പോകുന്നില്ലേ, കഴിഞ്ഞു കഥ…. “

കുറച്ചുനേരം മൊബൈലും നോക്കിയിരുന്ന ശേഷം പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഭരത് ചാടി എഴുന്നേറ്റു….

” അതേ ഇവിടെ അടുത്താണ് ഹോസ്റ്റൽ… തനിച്ചു പോകാൻ പേടിപോലെ….. ഒന്ന് കൂടെ വരുമോ…. “

തല ചൊറിഞ്ഞ് ചിരിച്ചുകൊണ്ട് മിത്ര ചോദിക്കുമ്പോ ഭരത് അവളെത്തന്നെ നോക്കി നിന്നു..

” വാ നടക്ക്…. “

അത് പറഞ്ഞ് ഭരത് നടന്നു ഒപ്പം മിത്രയും….

” എനിക്ക് ഇതുപോലെയൊന്ന് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ലായിരുന്നടോ ആരോടും, ആരും അതിന് ശ്രമിച്ചതുമില്ല, എല്ലാവരും കുറ്റപ്പെടുത്തലായിരുന്നു. തന്നോട് ഒത്തിരി നന്ദിയുണ്ട് എന്നേ കേൾക്കാൻ ശ്രമിച്ചതിന്, ഇപ്പോൾ മനസിന് ഒരു ആശ്വാസം ഉള്ളത് പോലെ…. “

പരസ്പരം ഒന്നും മിണ്ടാതെ കുറച്ച് ദൂരം നടന്നതിനു ശേഷമാണ് ഭരത് സംസാരിച്ചു തുടങ്ങിയത്….

” കണ്ടില്ലേ അനു ഹാപ്പിയാണ്, അവൾക്ക് ഫാമിലിയായി, വിദേശത്ത് സെറ്റിലായി, ഇവിടെയൊരാൾ ഇപ്പോഴും, സ്വന്തം കരിയർ നശിപ്പിച്ചു കൊണ്ടിരിക്കുന്നു…. “

മിത്രയത് പറയുമ്പോൾ ഭരത് ഒന്നും മിണ്ടാതെ തല കുമ്പിട്ട് നടന്നു…..

” എന്റെ ഫ്രണ്ടിന്റെ ഒരു സ്ഥാപനമുണ്ട് നാളെ നമുക്ക് അവിടെവരെ പോയാലോ… “

മിത്ര അത് പറയുമ്പോൾ ഭരത് സംശയത്തോടെ അവളെ നോക്കി….

” ഒരു ചെറിയ കൗൺസിലിങ്ങ്, അതോടെ ഈ സങ്കടമൊക്കെ തീർന്ന്, എല്ലാവരും ഇഷ്ട്ടപ്പെടുന്നത് പോലെ പഴയ ആ സ്മാർട്ടായാ ഭരത് വീണ്ടും വരും,… “

മിത്ര ചിരിച്ചുകൊണ്ട് പറയുമ്പോൾ ഭരത്തും ഒന്ന് ചിരിച്ചു….

” അതേ ഹോസ്റ്റൽ എത്തി ഇനി സാറ് വിട്ടോ.. പിന്നെ ആ നമ്പർ ഇങ്ങു തന്നെ നാളെ ഞാൻ വിളിക്കാം… “

” ഇപ്പൊ മൊബൈൽ ഒന്നും ഉപയോഗിക്കാറില്ല… “

ഭരത് അത് പറയുമ്പോൾ മിത്ര നടുവിന് കയ്യും താങ്ങി അയാളെ നോക്കി നിന്നു…

” എന്നാ ഒരു കാര്യം ചെയ്യാം ഞാൻ രാവിലെ പത്തു മണി ആകുമ്പോ ഹോട്ടലിന്റെ മുന്നിൽ കാണും റെഡിയായി നിന്നോളണം, അല്ലേ ബംഗാളികളെ വിട്ട് ത ല്ലിക്കും….ആ പിന്നെ ഈ താടിയൊക്കെ ഒന്ന് ഒതുക്കണേ ഇത് ഒരുമാതിരി പ്രാന്തന്മാരെ പോലെ…”

മിത്ര അത് പറഞ്ഞ് ചിരിക്കുമ്പോൾ ഭരത്തും ആ ചിരിയിൽ പങ്കു ചേർന്നു. തിരികെ ഹോട്ടലിൽ മുറിയിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും സന്തോഷം നിറഞ്ഞിരുന്നു , ആകാശത്തത് മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അയാളും കണ്ണുകൾ ചിമ്മി ചിരിച്ചിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *