ഉറക്കംഞെട്ടി ഉണർന്നു നോക്കുമ്പോൾ മണി നാലായിട്ടേ ഉള്ളു. വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നല്ലേ. അങ്ങനെയാണെങ്കിൽ ഒരുപക്ഷെ ഇനിയുമൊരിക്കൽ കൂടി……

മാഷ്

Story written by Sindhu Manoj

മാഷേ, ദാ യിപ്പോ ഞാനൊരു സ്വപ്നം കണ്ടുട്ടോ. നമ്മുടെ പുഴക്കരയിലെ കണിക്കൊന്ന ആകെ പൂത്തുലഞ്ഞു നിക്കുന്നു. നമ്മളുണ്ട് അതിന്റെ ചോട്ടിൽ.എന്റെ എതിർപ്പൊന്നും വകവെക്കാതെ മാഷതിൽ വലിഞ്ഞു കയറുന്നു. എനിക്കുവേണ്ടി പൂ പറിക്കാൻ. നോക്കി നിക്കെ മാഷങ്ങു മോളിലേക്ക് കയറി പോയി.പിന്നെ ഞാൻ നോക്കീട്ടു മാഷേ കാണുന്നില്ല. ആകെ ഇരുട്ടാ.

ഉറക്കംഞെട്ടി ഉണർന്നു നോക്കുമ്പോൾ മണി നാലായിട്ടേ ഉള്ളു. വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നല്ലേ. അങ്ങനെയാണെങ്കിൽ ഒരുപക്ഷെ ഇനിയുമൊരിക്കൽ കൂടി നമുക്കാ പുഴവക്കിൽ കണ്ടുമുട്ടാൻ പറ്റുമായിരിക്കും.അതോർത്തപ്പോ മാഷിനൊരു കത്തെഴുതണം ന്ന് തോന്നി.

അപ്പുനെക്കൊണ്ട് പോസ്റ്റ്‌ ചെയ്യിക്കാം. പഴയ വിലാസം തന്നെയാണോ ഇപ്പോഴും,മാഷിന്റെ കയ്യിൽ തന്നെ ഇത് കിട്ടോ എന്നൊന്നും ഉറപ്പില്ല.എന്നാലും എനിക്കെഴുതാതിരിക്കാൻ കഴിയണില്യാ.

എത്രയോ വർഷങ്ങളായിരിക്കുന്നു തമ്മിൽ കണ്ടിട്ട്. ഞാനോർക്കുന്നുണ്ട് ഇപ്പോഴും. ന്റെ കല്യാണത്തലേന്ന് ദേഹണ്ണക്കാരൻ ശിവരാമൻ ചേട്ടനോട് വർത്താനോം പറഞ്ഞ് നിക്കണതും എന്നെ കണ്ടപ്പോൾ കണ്ണ് നിറച്ച് ഒരു നോട്ടം നോക്കിയതും. അടർന്നു വീഴുന്ന തുള്ളികൾ ആരും കാണാതിരിക്കാൻ മുണ്ടിന്റെ തുമ്പുയർത്തി മുഖം അമർത്തി തുടക്കുന്നതും ഒക്കെ.

അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം വിളിക്കുന്ന കേട്ട്ശീലിച്ച ഞാൻ “കോയിന്നൂട്ടി” എന്ന വിളി മാഷേ എന്ന വിളിയിലേക്ക് പറിച്ചുമാറ്റിയത് എപ്പോഴാന്നു മാഷിന് ഓർമ്മയുണ്ടോ. വിഷുവിന് കണിയൊരുക്കാൻ കൊന്നപ്പൂ പറിച്ചു തരുമ്പോൾ ആരും കാണാതെ കവിളിൽ എനിക്ക് തന്ന കൈ നീട്ടം ഓർമ്മയുണ്ടോ.. ഒക്കെയും എനിക്കോർമ്മയുണ്ട് ട്ടാ.

അന്നൊക്കെ വിഷുവിന്,സഞ്ചിനായരുടെ കണ്ണുവെട്ടിച്ചു പെറുക്കി കൂട്ടുന്ന മാമ്പഴംകൊണ്ട് ഉണ്ടാക്കിയിരുന്ന മാമ്പഴപ്പുളിശ്ശേരിക്കും, ഇടിച്ചക്കത്തോരനും എന്ത് സ്വാദായിരുന്നു ല്ലേ. അപ്പു പറയണകേക്കാം ലുലു മാളിൽ ചെന്നാൽ ഇതൊക്കെയും കിട്ടുമെന്ന്. പറഞ്ഞിട്ടെന്താ കാര്യം ഇവിടുത്തെ കുട്ട്യോൾക്ക് ചൊകചൊകാന്നിരിക്കണ തക്കാളിച്ചാറൊഴിച്ച്‌ തിന്നണ ഒരൂട്ടം പലഹാരങ്ങളൊക്കെ മതി.പുളിശ്ശേരി, സാമ്പാറ് എന്നൊക്കെ കേക്കണതെ ഇഷ്ടല്യാ. ചിലപ്പോൾ ഞാൻ അടുക്കളയിൽ കയറി ഇഷ്ടോള്ളതൊക്കെ ഇണ്ടാക്കും. അപ്പു കഴിച്ചോളും മടിയില്ലാതെ.

രണ്ടു കൊല്ലം മുന്നേ ഒരോണത്തിനു തറവാട്ടിലൊന്നു പോയിരുന്നു. ഓണസദ്യയും ഇപ്പോ പൊറത്തൂന്ന് വരുത്തിയാ കഴിപ്പ്.ഈയിടെ ശ്രീക്കുട്ടി വിളിച്ചപ്പോ പറയണ്ടായി പുഴയൊക്കെ അഴുക്കുചാലായ് മാറീന്ന്. അതൊക്കെ കാണാൻ വേണ്ടി എന്തിനാ ഇനി അങ്ങോട്ട്‌ പോണേ എന്നൊരു ചിന്തയാ ഈയിടെ.

ഇവിടെ വന്നേപ്പിന്നെ ഈ മുറീന്ന് പുറത്തിറങ്ങിയിട്ടില്ല. പന്ത്രണ്ടാം നിലയിലാ ഈ ഫ്ലാറ്റ്. ബാൽക്കണിയിലിറങ്ങി താഴോട്ട് നോക്കുമ്പോ തല ചുറ്റും.

പഴയതൊക്കെ പറഞ്ഞ് പറഞ്ഞ് മാഷിന് സുഖാണോ എന്നുപോലും ചോദിച്ചില്ല. അപ്പൂന്റച്ചനും മാഷേപ്പോലെ പാവായിരുന്നു. എന്നെ ജീവനായിരുന്നു. എന്നാലും ഇടയ്ക്കിടെ മാഷിനെ ഓർക്കുമ്പോഴൊക്കെയും എന്റെ കണ്ണ് നിറയും. ഓർക്കണ്ടാന്ന് കരുതുമ്പോഴാ ഓർമ്മകളെല്ലാം കൂടി ഓടിക്കയറി വരണേ.എന്നെങ്കിലും ഒരിക്കെ ഒന്ന് കാണണം എന്നൊരു മോഹവും ഉണ്ടാർന്നുട്ടോ.

അപ്പൂന്റെ കൂടെ ഇങ്ങോട്ട് വന്നേപ്പിന്നെ ഇനിയൊന്നും നടക്കില്ല എന്നുതന്നെ തോന്നി. പക്ഷേ ദാ ഇപ്പൊ തോന്നണു മാഷെന്റെ തൊട്ടടുത്തുണ്ടെന്ന്.

ഇനി പറയാനുള്ളതെല്ലാം മാഷേ കാണുമ്പോ പറയാട്ടോ.ഒക്കെ പറഞ്ഞു തീർത്താൽ കാണുമ്പോ ഒന്നും മിണ്ടാനില്യാണ്ടാവും.ഈ കത്ത് കിട്ടിയാൽ മറുപടി അയക്കാതിരിക്കരുത്. എവിടെയായാലും അപ്പുനേം കൂട്ടി ഞാൻ വരും മാഷേ കാണാൻ. ഇനി നിർത്തട്ടെ

എന്ന് മാഷിന്റെ ശാരദക്കുട്ടി

“അപ്പുമോനെ ഓഫീസിൽ പോകുമ്പോ ഈ കത്തൊന്ന് പോസ്റ്റ്‌ ചെയ്തേക്കണേ. അമ്മയുടെ പഴയൊരു ക്ലാസ്മേറ്റാ.വിലാസക്കാരൻ അവിടെത്തന്നെയുണ്ടോ എന്നുറപ്പില്ല. എന്നാലും നീയിതു പോസ്റ്റ്‌ ചെയ്തോളു.കിട്ടിയാ കിട്ടട്ടെ.”

അപ്പു അവരുടെ കയ്യിൽനിന്നും കത്ത് വാങ്ങി മേൽവിലാസം വായിച്ചു നോക്കിയിട്ട് സ്യുട്കേസ്നു മീതെ വെച്ചു.

രേഷ്മ അവനായി ചായയെടുത്തു വെക്കുന്നുണ്ടായിരുന്നു. കൈ കഴുകി ഇരിക്കാൻ തുടങ്ങിയതും കാളിങ്ബെൽ ശബ്ദിച്ചു.

രേഷ്മ വാതിൽ തുറന്ന് ആരോടോ സംസാരിക്കുന്നത് അവൻ കേട്ടു.

“അപ്പുവേട്ടാ അപ്പുറത്തെ ഫ്ലാറ്റിലെ ജോലിക്കാരിയാ.അവിടുത്തെ സാറിന്റച്ഛൻ വിളിച്ചിട്ട് മിണ്ടുന്നില്ലത്രേ. അനക്ക മില്ലാതെ കിടക്കുന്നു ന്ന്. സാറ് ഓഫീസിൽ നിന്ന് ഫാമിലി ടൂർ പോയേക്കുന്നു. വിളിച്ചിട്ട് കിട്ടുന്നുമില്ല എന്ന് പറയുന്നു.അപ്പുവേട്ടൻ ഒന്നങ്ങോട്ട് ചെല്ല്.

ഇന്നത്തെ ദിവസം പോയിക്കിട്ടി എന്നപിറുപിറുപ്പോടെ അയാൾ പ്ലേറ്റിലേക്ക് കൈകുടഞ്ഞു കൊണ്ട് എഴുന്നേറ്റു.

അപ്പു വാതിൽ കടന്ന് പുറത്തേക്കിറങ്ങുമ്പോൾ ശാരദയും അവന്റെ പുറകെ അടുത്ത ഫ്ലാറ്റിലേക്കു നടന്നു.

“അമ്മയിതെങ്ങോട്ടാ, അപ്പുവേട്ടൻ പോയി നോക്കീട്ടു വന്നോളും”

രേഷ്മ അവരോട് ഒച്ചയുയർത്തി.അവരത് തീർത്തും അവഗണിച്ചു.

ജോലിക്കാരി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് കയറുമ്പോൾ അവർക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി. പരിചിതമായൊരു ഗന്ധം അവരെ വന്നു പൊതിഞ്ഞു.

അപ്പു കുനിഞ്ഞു നിന്ന് കട്ടിലിൽ നീണ്ടുനിവർന്നു കിടക്കുന്ന രൂപത്തെ തട്ടി വിളിച്ചുണർത്തൻ ശ്രമിച്ചു.അനക്കമറ്റു കിടക്കുന്ന ആ ദേഹത്തിൽ തണുപ്പ് വന്നുപൊതിഞ്ഞിട്ട് നേരെമേറെയായെന്ന് അവന് മനസ്സിലായി.

അപ്പുവിന്റെ പിന്നിലെത്തി അവർ ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു. എന്റെ മാഷേ എന്നൊരു ആർത്തനാദം അവരുടെ തൊണ്ടക്കുള്ളിൽ കിടന്നു പിടഞ്ഞു.രണ്ടു ചുവരുകൾക്കപ്പുറം എന്റെ മാഷുണ്ടെന്നു ഞാൻ അറിഞ്ഞില്ലല്ലോ മാഷേ. കണ്ണുനീർ അവരുടെ കാഴ്ചയെ മറച്ചപ്പോഴേക്കും അപ്പു ആ കൈകൾ പിടിച്ച് വാതിലിനരികിലേക്ക് നടന്നു തുടങ്ങിയിരുന്നു.

കാലം തെറ്റി പെയ്ത മഴത്തുള്ളികൾ, ദൂരെ പുഴക്കരയിലെ കണിക്കൊന്നയിതളുകളിൽ വീണു ചിതറുന്നുണ്ടായിരുന്നു.ആർത്തലച്ച്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *