നീ ധൈര്യവായി ചെയ്തോടാന്ന് പറഞ്ഞോണ്ട് അഞ്ചാറു മിനിറ്റ് മോട്ടിവേറ്റ് ചെയ്തപ്പോ അവൻ നല്ല പോലെ ചാർജായെന്ന് തോന്നുന്നു…….

Story written by Adam John

ജോലിയൊന്നും ഇല്ലാത്ത സമയത്ത് അന്യ സംസ്ഥാന തൊഴിലാളികളെ വെച്ചോണ്ട് അല്പസ്വല്പം കരാർ പണികളൊക്കെ ഏറ്റെടുത്തോണ്ട് ചിലവ് കാശ് ഒപ്പിക്കുന്ന കാലത്താരുന്നു ചങ്കിന്റെ കല്യാണം നടക്കുന്നെ.

അപ്പോ എന്റെ കല്യാണവോ എന്ന ചോദ്യം ഉയർന്നേക്കാം.

സ്വഭാവികം..

കല്യാണം കഴിച്ചതോണ്ടല്ലേ ഞാൻ മുൻകയ്യെടുത്ത് ഇങ്ങനൊരു ജോലി കണ്ടെത്തിയത് തന്നെ. അല്ലേൽ ആര് ജോലിക്ക് പോവുന്നു.

ഒട്ടുമിക്ക മലയാളികളെയും പോലെ കല്യാണം കഴിച്ചെന്നല്ലാതെ ഭാര്യയോട് എങ്ങിനെ പെരുമാറണം എന്നതിനെ പറ്റിയൊന്നും ചങ്കിന് യാതൊരു ധാരണയും ഉണ്ടാരുന്നില്ല.

ആദ്യവൊക്കെ എനിക്കും അങ്ങനെ തന്നാരുന്നു.

പിന്നീടൊരു കൗൺസിലിംഗ് ക്‌ളാസിൽ പങ്കെടുത്തത്തിന് ശേഷവാണ് സ്വല്പവെങ്കിലും മാറ്റമുണ്ടായത്.

അതോണ്ടെന്താ. ഇപ്പോ നന്നായി തറ തുടക്കാനും തേങ്ങാ ചിരവാനും ഒക്കെ പഠിച്ചെടുത്തു. വേണ്ടി വന്നാൽ പാചകവും.

സന്തോഷങ്ങളിലെന്ന പോലെ പ്രയാസങ്ങളിലും ഒപ്പം നിൽക്കുന്ന ഭർത്താവായി മാറിയെന്ന് തോന്നിയതോണ്ടാവും വഴക്കുകൾ കുറഞ്ഞു. വഴക്കുകൾ ക്കിടയിൽ പൊട്ടിച്ചിതറുന്ന പാത്രങ്ങളുടെ എണ്ണവും. അതോണ്ട് വരുമാനത്തിൽ ചെറിയൊരു സംഖ്യ ആ വഴിക്കും ലാഭിക്കാനായി.

എങ്ങനേലും ഇവനെക്കൂടി ഒന്ന് നേരെയാക്കി എടുക്കണവെന്ന ചങ്കിന്റമ്മയുടെ അഭ്യർത്ഥന കേട്ടപ്പോ എനിക്ക് നിരസിക്കാനായില്ല.

അങ്ങനെയാണ് അവനേം കൂട്ടി ക്‌ളാസിന് ചെല്ലാൻ തീരുമാനമാവുന്നേ. കൗൺസിലിംഗ് ക്‌ളാസ് ആണെന്ന് പറഞ്ഞാൽ അവൻ വരത്തില്ലെ ന്നറിയാവുന്നതോണ്ട് ജോലിയുമായി ബന്ധപ്പെട്ട ക്‌ളാസ് ആണെന്നാ അവനോട് പറഞ്ഞേ. കേട്ട് കഴിയുമ്പോ മനസ്സിലാവുമല്ലോ എന്നോർക്കുവേം ചെയ്തു.

സത്യം പറയാലോ. അടിപൊളി ക്‌ളാസ്സായിരുന്നു. പങ്കാളിയോട് പെരുമാറേണ്ട രീതികളും മറ്റും വിശദവായി തന്നെ ക്‌ളാസിൽ പറഞ്ഞാരുന്നു. എല്ലാം ശ്രദ്ധപൂർവ്വം കേട്ടോണ്ടിരിക്കുന്ന ചങ്കിനെ കണ്ടപ്പോ എനിക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി. കണ്ടിട്ട് ലവൻ നന്നാവുന്ന ലക്ഷണവുണ്ട്.

ക്‌ളാസൊക്കെ കഴിഞ്ഞേച്ച് പുറത്തിറങ്ങിയപ്പോ അവൻ പറയുവാ.

കുറച്ചൊക്കെ നമ്മുടെ സ്വഭാവ രീതികളും മാറേണ്ടതുണ്ടെന്ന്. ശരിയാണെന്ന് പറഞ്ഞോണ്ട് ഞാനവനെ പ്രോത്സാഹിപ്പിക്കേം ചെയ്തു.

ഒരു കുടുംബം രക്ഷപ്പെടുന്ന കാര്യവല്ലായോ. പക്ഷെ അവനൊരു മാറ്റവും ഉണ്ടായില്ലെന്ന് പിന്നീട് അവന്റമ്മ പറഞ്ഞപ്പോഴാ അറിയുന്നേ..

അവസാന ശ്രമമെന്ന നിലക്ക് ഞാൻ അവനോട് ചെന്ന് ഒന്നൂടെ കാര്യങ്ങൾ അന്വേഷിച്ചപ്പോ അവൻ പറയാ ക്‌ളാസിൽ പറഞ്ഞ കൂട്ട് ചെയ്യാനൊക്കെ അവന് ചമ്മലാണെന്ന്.

നീ ധൈര്യവായി ചെയ്തോടാന്ന് പറഞ്ഞോണ്ട് അഞ്ചാറു മിനിറ്റ് മോട്ടിവേറ്റ് ചെയ്തപ്പോ അവൻ നല്ല പോലെ ചാർജായെന്ന് തോന്നുന്നു.

വല്ലതും നടന്നാൽ മതിയാരുന്നെന്ന് മനസ്സിലോർത്ത് ഞാൻ വീട്ടിലോട്ട് മടങ്ങുവേം ചെയ്തു.

സന്ധ്യയാവാറായപ്പഴുണ്ട് ചങ്കിന്റമ്മ കരഞ്ഞോണ്ട് ഓടി വരുന്നു. ആനന്ദ കണ്ണീരാരിക്കുവെന്നാ ഞാനാദ്യം കരുതിയെ. പിന്നീടാ അറിയുന്നേ ചങ്കിനെ പോലീസ് കൊണ്ടോയതിന്റെ സങ്കട കരച്ചിലാരുന്നെന്ന്..

ഈശോയെ മോട്ടിവേഷൻ ഡോസ് കൂടി എങ്ങാനും ഭാര്യയെ പീ ഡിപ്പിച്ചോന്ന് പേടിച്ചിരിക്കുമ്പോഴാ അവന്റമ്മ കാര്യം പറയുന്നേ. സൈറ്റിലെ ഏതോ തൊഴിലാളിയോട് മോശവായി പെരുമാറിയതിനാണത്രേ കൊണ്ടോയത്.

അപ്പോ തന്നെ സ്റ്റേഷനിലോട്ട് ചെന്ന് ഒരു കണക്കിന് അവനെ പുറത്തിറക്കി കൊണ്ട് വരുന്ന വഴിക്ക് അവൻ പറയുവാ എല്ലാറ്റിനും കാരണം ഞാനാണെന്ന്.
ഞാനെന്നാ ചെയ്തിട്ടാ.

ഭാര്യയെ കെട്ടിപ്പിടിച്ചോണ്ട് ഉ മ്മ വെക്കാനും സ്നേഹിക്കാനും പറഞ്ഞോണ്ട് പ്രോത്സാഹിപ്പിച്ചത് ഒരു തെറ്റാന്നോ.

പിന്നീടല്ലേ കാര്യവറിയുന്നേ. പങ്കാളിയോട് പെരുമാറേണ്ട രീതിയെന്നത് ബംഗാളിയെന്നാ പോലും അവൻ കേട്ടത്…

അതും പോരാഞ്ഞു എന്റെ മൊട്ടിവേഷനും കൂടി കേട്ടപ്പോ പാനിന്റെ ദുർഗന്ധവും സഹിച്ചേച്ച് സൈറ്റിലെ ഏതോ ബംഗാളിയെ കെട്ടിപ്പിടിച്ചോണ്ട് ഉ മ്മ വെക്കാൻ ചെന്നതാരുന്നു പോലും. അവനെ കുറ്റം പറഞ്ഞിട്ടും കാര്യവില്ല. പെണ്ണേതാ പിണ്ണാക്കേതാന്നറിയാത്ത അവനെ ജോലിയുടെ കാര്യവാന്നും പറഞ്ഞോണ്ട് ക്‌ളാസിന് കൂട്ടിക്കൊണ്ട് ചെന്ന എന്നെ പറഞ്ഞേച്ചാ മതിയല്ലോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *