എന്റെ അച്ഛൻ ആരെന്ന് എനിക്കറിയില്ല, ഞാൻ ജനിച്ചയുടനെ അങ്ങേര് എങ്ങോട്ടോ പോയത്രേ.. ഞങ്ങൾ മൂന്ന് മക്കൾ ആയിരുന്നെ, എന്റെ മൂത്തത് രണ്ടും ചേച്ചിമാരാണ്, ഞാൻ ഇളയതും, അച്ഛൻ ഇല്ലേലും അമ്മ പലയിടത്തും…

എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ

“എനിക്ക് കഴിക്കാൻ എന്തേലും തരാമോ…”

ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ് അതും ചോദിച്ചയാൾ സന്ധ്യയുടെ വീടിന് മുന്നിൽ വന്ന് നിന്നത്, ഒരു മാസം മുന്നേ തോട്ടിൽ മരിച്ചു കിടന്ന തന്റെ ഭർത്താവിന്റെ രണ്ട് മൂന്ന് ദിവസം പഴക്കമുള്ള ശരീരം എടുക്കാൻ വന്നപ്പോഴാണ് അയാളെ അവർ അതിന് മുന്നേ കണ്ടത്… അതിൽപിന്നെ പലപ്പോഴും അയാളെ വീടിന്റെ പരിസരത്ത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിയാണ് വീട്ടിൽ കയറി വരുന്നത്….

സന്ധ്യയിൽ നിന്ന് മറുപടി എന്തേലും പ്രതീക്ഷിച്ച്, മുറ്റത്ത് നിൽക്കുന്ന തുളസി ചെടിയിൽ നിന്ന് ഒരിതൾ നുള്ളി വായിൽ വച്ച് ചിരിച്ചുകൊണ്ട് അയാൾ അവരെയും നോക്കി നിന്നു….

” ഇവിടെ കഞ്ഞിയേയുള്ളു….. “

മടിച്ച് മടിച്ചാണ് സന്ധ്യ അത് പറഞ്ഞത്, അത് കേട്ടതും അയാൾ സന്തോഷത്തോടെ കൈകൾ മുണ്ടിൽ തുടച്ചുകൊണ്ട് തിണ്ണയിൽ പോയിയിരുന്നു…..

സന്ധ്യ കഞ്ഞിയുമായി എത്തുമ്പോൾ ചിരിച്ചു കൊണ്ടായാൾ അത് വാങ്ങി തന്റെ മുന്നിൽ വച്ചു….

” ച ത്ത് ചീഞ്ഞ ശരീരങ്ങൾ കൈകൊണ്ട് എടുക്കുമ്പോൾ നിങ്ങൾ അറപ്പാകില്ലേ…. “

തന്റെ മുന്നിലിരുന്ന് കഞ്ഞി കുടിക്കുന്ന ആ മനുഷ്യനോട് സന്ധ്യ ചോദിക്കുമ്പോൾ, അതൊന്നും ശ്രദ്ധിക്കാതെ അയാൾ തന്റെ മുന്നിൽ ഇരിക്കുന്ന കുഴിയാൻ പാത്രത്തിലേ കഞ്ഞിയിലേക്ക് തേങ്ങ ചമ്മന്തിയും അച്ചാറും ഇളക്കി കുടിക്കുന്ന തിരക്കിലായിരുന്നു….

ഒറ്റവലിക്ക് പാത്രത്തിലെ പകുതിയോളം കഞ്ഞി ഉള്ളിലാക്കി, മീശയിൽ തടഞ്ഞിരുന്ന വറ്റും വെള്ളവും കൈകൊണ്ട് തുടച്ച് ചിരിയോടെ സന്ധ്യയെ നോക്കി…..

” രണ്ട് മൂന്ന് ദിവസായെ വായ്ക്ക് രുചിയായിട്ട് എന്തേലും കഴിച്ചിട്ട്…. “

അത് പറഞ്ഞയാൾ പാത്രത്തിൽ ബാക്കിയിരുന്ന കഞ്ഞി കൂടി വായിലേക്ക് കമഴ്ത്തി….

കാലിയായ പാത്രത്തിലേക്ക് സന്ധ്യ വീണ്ടും രണ്ട് തവി കഞ്ഞി കൂടി ഒഴിക്കുമ്പോൾ അയാൾ തടയാതെ വീണ്ടും അവരെ നോക്കി ചിരിച്ചു….

” ഞാൻ ആദ്യായി ചീ ഞ്ഞ ശവം എടുക്കുന്നത് ആരുടെയാണെന്ന് അറിയോ കൊച്ചിന്…. “

കഞ്ഞിയിലേക്ക് ചമ്മന്തി ഇളക്കികൊണ്ടാണ് അയാൾ ചോദിച്ചത്, മറുപടി ഒന്നും പറയാതെ സന്ധ്യ അയാളെ നോക്കിയിരുന്നു…

” എന്റെ അച്ഛൻ ആരെന്ന് എനിക്കറിയില്ല, ഞാൻ ജനിച്ചയുടനെ അങ്ങേര് എങ്ങോട്ടോ പോയത്രേ.. ഞങ്ങൾ മൂന്ന് മക്കൾ ആയിരുന്നെ, എന്റെ മൂത്തത് രണ്ടും ചേച്ചിമാരാണ്, ഞാൻ ഇളയതും, അച്ഛൻ ഇല്ലേലും അമ്മ പലയിടത്തും ജോലിയെടുത്താണ് ഞങ്ങളെ നോക്കിയിരുന്നത്….

ഒരു ദിവസം രാവിലെ ജോലിക്ക് പോയ അമ്മ തിരിച്ച് വന്നില്ല, ഞാനും ചേച്ചിമാരും ഇനി നോക്കാനായി ഒരിടം ബാക്കിയില്ല, ചിലോർ പറഞ്ഞു അമ്മ ആരുടെയോ കൂടെ പോയെന്ന്, എന്നാലും ഞങ്ങൾക്ക് വിശ്വാസം ആയിരുന്നു അമ്മ വരുമെന്ന്, അമ്മയ്ക്ക് അങ്ങനെ ഞങ്ങളെ വിട്ട് പോകാൻ പറ്റുമോ….

നാലിന്റന്നാണ് റബ്ബർ തോട്ടത്തിന്റെ ഇടയിലുള്ള പൊട്ടകിണറ്റിൽ ആരുടെയോ ശവം ചീ ഞ്ഞു നാറി തുടങ്ങിയെന്ന് അറിയുന്നത്, ഒറ്റ ഓട്ടമായിരുന്നു അങ്ങോട്ടേക്ക്, ഇടയ്ക്ക് എവിടെയൊക്കെയോ വീണ് കയ്യിലെയും കാലിലെയും തൊലിയൊക്കെ പോയിരുന്നു… “

ഒന്ന് നിർത്തി അയാൾ ഒരു കവിൾ കഞ്ഞി കൂടി കുടിച്ചു, അപ്പോഴും സന്ധ്യ കണ്ണുകളെടുക്കാതെ അയളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…

” ഞാൻ ഓടി ചെല്ലുമ്പോഴേക്കും,ആൾക്കാർ കൂടിയിരുന്നു, അതിന്റെയിടയിൽ കൂടി ഞാനും കണ്ടു…. കമഴ്ന്ന് കിടക്കുന്നത് കൊണ്ട് അമ്മയുടെ മുഖം കാണാൻ പറ്റിയില്ലെങ്കിലും, നിറം മങ്ങിയ ബ്ലൗസ് കണ്ടിരുന്നു…..

ചുറ്റും കൂടിയവർ മൂക്ക് പൊത്തി നിന്നതല്ലാതെ ആർക്കും ഇറങ്ങാനുള്ള ധൈര്യം ഇല്ലായിരുന്നു… പക്ഷെ എനിക്ക് അങ്ങനെ നിൽക്കാൻ പറ്റില്ലല്ലോ അമ്മ എന്റേയല്ലേ….

ഞാനിറങ്ങാം സാറേ എന്നും പറഞ്ഞ് പൊട്ടകിണറ്റിലേക്ക് ഇറങ്ങുമ്പോൾ ആരും എന്നെ തടഞ്ഞില്ല. അമ്മയുടെ ശരീരത്തിലേക്ക് തൊടുമ്പോഴേ…. എന്താ പറയുക…. തൊടുമ്പോൾ തന്നെ തൊലിയൊക്കെ തെന്നി മാറി മാംസത്തിൽ വിരൽ ഇറങ്ങി പോകുന്ന അവസ്ഥ……”

അത് പറഞ്ഞ് മുഴുവക്കാതെ അയാൾ കുറച്ച് നേരം കഞ്ഞിയിൽ വെറുതെ വിരൽ ഒടിച്ച് തല കുമ്പിട്ടിരുന്നു….

” അത് എന്റെ ജീവിതത്തിന്റെ മറ്റൊരു തുടക്കമായിരുന്നു എന്നറിയുന്നത് രണ്ടാഴ്ച കഴിഞ്ഞ് വീടിന്റെ മുന്നിൽ പോലീസ് വന്ന് നിന്നപ്പോഴായിരുന്നു. അവർ വിളിക്കുമ്പോൾ പേടിച്ചു പേടിച്ചാണ് കൂടെ പോയത്, പുഴയിൽ മീനുകൾ കൊത്തി വലിച്ചിട്ട ആരുടെയോ ശരീരം പായയിലേക്ക് എടുത്ത് വയ്ക്കാൻ ആയിരുന്നു ആ പോക്കെന്ന് പിന്നെയാണ് അറിഞ്ഞത്… അത് പിന്നെ സ്ഥിരമായപ്പോൾ ആരും എന്നെ അടുപ്പിക്കാതെയായി, ആരും മിണ്ടാതെയായി പതിയെ കൂടെ പിറപ്പുകൾ പോലും വീട്ടിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ……

അന്ന് ഇറങ്ങി നടന്നതാ കൊച്ചേ…. എവിടെ പോയാലും പോലീസ് എന്നെ തിരഞ്ഞു പിടിച്ചെത്തും, എത്രയൊക്കെ വേണ്ടെന്ന് വച്ചെങ്കിലും ജീവിച്ചിരുന്നപ്പോൾ എല്ലാവർക്കും വേണ്ടപ്പെട്ടവർ ആയിരുന്നവർ. മരിച്ചു കിടക്കുമ്പോൾ അറപ്പോടെ മാറി നിന്ന് നോക്കുന്നത് കാണുമ്പോൾ മനസ്സിൽ പൊട്ടകിണറ്റിൽ കമഴ്ന്ന് കിടക്കുന്ന അമ്മയെ ഓർമ്മ വരും…. പിന്നെ എല്ലാം മറന്ന് ഞാനങ്ങ് ഇറങ്ങും…. “

അത് പറഞ്ഞ് പാത്രത്തിൽ ഉണ്ടായിരുന്ന ബാക്കി കഞ്ഞി കൂടി വായിലേക്ക് കമഴ്ത്തി ചിറി തുടച്ച് ചിരിച്ചുകൊണ്ട് സന്ധ്യയേ നോക്കുമ്പോൾ അവർ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

” അപ്പൊ കുടുംബമൊന്നും…. “

സംശയത്തോടെ സന്ധ്യ ചോദിച്ചു….

” എന്നെ കണ്ടാൽ തന്നെ ആൾകാർക്ക് പേടിയാണ് കൊച്ചേ… പിന്നെയല്ലേ കുടുംബം…. “

പോകാനായി ഇറങ്ങിയ അയാൾ വീണ്ടും തിരിഞ്ഞ് നടന്ന് സന്ധ്യക്ക്‌ മുന്നിൽ വന്ന് നിന്നു…

“ഞാൻ വേറൊരു സാധനം ഏൽപ്പിക്കനാണ് വന്നത്…..”

അത് പറഞ്ഞയാൾ പോക്കറ്റിൽ നിന്ന് ഒരു മുത്തുമാല എടുത്ത് സന്ധ്യക്ക്‌ നേരെ ഉയർത്തി കാണിച്ചു, അത് കണ്ടപ്പോൾ അവരുടെ മുഖത്ത് ഭയം നിഴലിക്കുന്നത് അയാൾ കണ്ടു…

” കൊച്ചിന്റെ കെട്ടിയോനെ തോട്ടിൽ നിന്നെടുക്കുമ്പോൾ അയാൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു, പോലീസ് കാണാതെയാ ഞാൻ ഇതിങ്ങേടുത്തത്… “

അയാൾ അത് പറയുമ്പോൾ സന്ധ്യ കുറ്റബോധത്തോടെ തല കുമ്പിട്ട് നിൽക്കുകയായിരുന്നു….

” കൊച്ച് സാരി കൊണ്ട് മറച്ചിരുന്നെങ്കിലും ഞാൻ അന്നേ ശ്രദ്ധിച്ചിരുന്നു കൊച്ചിന്റെ കഴുത്തിലെ മുറിവിന്റെ പാട്, കുറെ ആയില്ലേ കൊച്ചേ ഇതുപോലെ ഓരോന്ന് തോണ്ടിയെടുക്കാൻ തുടങ്ങിയിട്ട്….”

അത് പറഞ്ഞയാൾ അവരുടെ അടുത്തേക്ക് എത്തുമ്പോൾ സന്ധ്യയുടെ പിന്നിൽ പേടിച്ചു വിറച്ചു നിൽക്കുന്ന പത്ത് പതിമൂന്ന് വയസ്സുകാരനേ കൂടി അയാൾ കണ്ടു….

” എനിക്ക് ഒന്നും കേൾക്കേണ്ട കൊച്ചേ, എന്ത് ചെയ്യുമ്പോഴും എല്ലാവർക്കും അവരവരുടേതായ ശരിയുണ്ടാകും….”

സന്ധ്യ എന്തോ പറയാൻ വരുമ്പോഴേക്കും അയാൾ ഇടയ്ക്ക് കയറി പറഞ്ഞു….

” എനിക്ക് ചെയ്യാൻ പറ്റുന്നതൊന്നേയുള്ളു… “

അത് പറഞ്ഞയാൾ കയ്യിലിരുന്ന മാല അവർക്ക് നേരെ നീട്ടി….

” ഇല്ല കൊച്ചേ എനിക്ക് മറ്റുള്ളവരുടെ വേദനയൊന്നും കേൾക്കാൻ താല്പര്യമില്ല, എനിക്കും ഉണ്ടായിരുന്നു കുറെ വേദന അതൊന്നും കേൾക്കാൻ ആരും ഉണ്ടായില്ല, പിന്നെ ഞാൻ എന്തിനാ മറ്റുള്ളവരുടെ വേദന കേട്ട് സങ്കടപ്പെടാൻ നിൽക്കുന്നേ ……”

അത് പറഞ്ഞയാൾ തിരികെ നടന്നു…

” ഞാൻ അറിഞ്ഞതൊന്നും എന്നിലൂടെ മറ്റൊരാൾ അറിയില്ല കൊച്ചേ, ഒരു പേടിസ്വപ്നമായി പോലും ഇനി എന്നെ കാണാൻ ഇടവരില്ല… ആ ഉറപ്പ് ഞാൻ നൽകുന്നു….. “

കണ്ണിൽ നിന്ന് മറയുമ്പോഴും അയാൾ പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒഴുകുന്ന കണ്ണുനീർ തുടച്ച് മോനേയും ചേർത്ത് പിടിച്ച് അവർ അയാളും പോകുന്നത് നോക്കി നിന്നു……

Related Posts

Leave a Reply

Your email address will not be published. Required fields are marked *