എന്റെ വീടിനടുത്ത് ഒരു ടീച്ചറിന്റെ വീടുണ്ട്. അവിടെയും ഒരുപാട് മുല്ലപ്പൂക്കൾ ഉണ്ട്. പലപ്പോഴും അവിടെയും പോയി മുല്ലപ്പൂ പെറുക്കി കൊണ്ട് വരും……

എഴുത്ത്:- ഹക്കീം മൊറയൂർ.

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

തറവാട്ടിൽ ഒരു വലിയ മുല്ലപ്പൂ വള്ളി പടർന്നു പന്തലിച്ചിരുന്നു. ഞാൻ ചെറുതായിരിക്കുമ്പോഴേ മുറ്റത്തുള്ള ഒളർ മാവിൽ അതൊരു പെരുമ്പാമ്പിനെ പോലെ ചുറ്റി പിണഞ്ഞു കിടന്നിരുന്നു.

ഒരു പാട് മുല്ലപ്പൂവുകൾ തന്നിരുന്നു അത്. ഞങ്ങൾ വെള്ളവും വളവും ഒന്നും കൊടുത്തില്ലെങ്കിലും യാതൊരു പരിഭവവും കൂടാതെ വർഷാവർഷം അത് ഒരുപാട് പൂക്കളെ തരുമായിരുന്നു.

അന്നൊക്കെ ഞാൻ അതിരാവിലെ എണീക്കും. അപ്പോഴേക്കും ചെറിയ പെങ്ങന്മാർ മുല്ലപ്പൂ ഒക്കെ പെറുക്കി എടുത്തു വച്ചിരിക്കും.

തെങ്ങോല നാരിൽ മുല്ലപ്പൂ കോർത്തെടുത്തു മാല കെട്ടും. ചിലപ്പോഴൊക്കെ നാലും അഞ്ചും ആറും മാല ഉണ്ടാകും. ചിലത് ചെറുത്. ചിലത് അല്പം കൂടി വലുത്. ഒരെണ്ണം ഏറ്റവും വലുത്. അന്നത്തെ പൂക്കൾക്ക് ഇന്നത്തെ പൂക്കളെക്കാൾ സുഗന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. മുല്ലപ്പൂവിന്റെ മണം അടുത്തുള്ള വീട് വരെ ചെല്ലുമായിരുന്നു.

എന്റെ വീടിനടുത്ത് ഒരു ടീച്ചറിന്റെ വീടുണ്ട്. അവിടെയും ഒരുപാട് മുല്ലപ്പൂക്കൾ ഉണ്ട്. പലപ്പോഴും അവിടെയും പോയി മുല്ലപ്പൂ പെറുക്കി കൊണ്ട് വരും.

എല്ലാം കൂടി ചേർത്ത് മാലകെട്ടി വലത്തെ കൈത്തണ്ടയിൽ വെച്ചു റോഡിലേക്ക് പോകും. എന്നിട്ട് അതുവഴി പോകുന്ന വാഹനങ്ങളുടെ നേരെ ആ മുല്ലപ്പൂ ഇങ്ങനെ നീട്ടിപ്പിടിച്ചു നിൽക്കും.

അംബാസിഡർ കാറും മഹീന്ദ്ര ജീപ്പുമൊക്കെ ആണ് അന്നത്തെ വിഐപി വാഹനങ്ങൾ. ചിലർ കയ്യിലെ മുല്ലപ്പൂ കണ്ടു വണ്ടി നിർത്തും. ചിലർ എന്നെ നോക്കി കൗതുകത്തോടെ ചിരിക്കും. ചിലർ വില ചോദിച്ചു വാങ്ങാതെ പോകും. പെണ്ണുങ്ങൾ ഉള്ള വണ്ടികളാണ് എന്റെ പ്രതീക്ഷ. അവർക്ക് മുല്ല പൂ ഒരു ഹരമാണ്. ഇന്നും ചിലർക്ക് അങ്ങനെയാണ്. നല്ല പൂ കണ്ടാൽ വാങ്ങി തലയിൽ ചൂടണം.

പത്തു വണ്ടിയൊക്കെ നിർത്തുമ്പോൾ മൂന്നോ നാലോ പേര് മാല വാങ്ങും. വലുപ്പത്തിനു അനുസരിച്ചു ഒരു രൂപ, രണ്ട് രൂപ, മൂന്ന് രൂപയൊക്കെ കിട്ടും. അന്ന് അതൊക്കെ വലിയൊരു തുകയായിരുന്നു.

ഒരു ദിവസം ഒരു കാർ എന്റെ അടുത്ത് നിർത്തി. ഒരു സ്ത്രീ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. സ്ത്രീകൾ കാർ ഓടിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ്. ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ കാണുന്ന സിനിമയിൽ തന്നെ സ്ത്രീകൾ വണ്ടി ഓടിക്കുന്നത് കാണുമ്പോൾ വലിയ അത്ഭുതം തോന്നിയിരുന്നു. ഞാൻ അവരെ വലിയ ആരാധനയോടെ നോക്കി നിന്നു. എന്റെ ആരാധന അവർക്ക് മനസ്സിലായത് പോലെ അവർ മനോഹരമായി പുഞ്ചിരിച്ചു. വില ചോദിച്ചപ്പോൾ 2 രൂപ എന്ന് പറഞ്ഞു. ആ സ്ത്രീ എന്റെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന മൂന്ന് മാലകളും വാങ്ങി പിടക്കുന്ന ഒരു പത്തു രൂപാ നോട്ട് തന്നു. അതിന് കുട്ടിക്കൂറ പൗഡറിന്റെ സുഗന്ധം ഉണ്ടായിരുന്നു. ആ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ആ പത്തു രൂപയും പിടിച്ചു ഞാൻ നോക്കി നിന്നു.

ഇന്നൊരു സുഹൃത്തിന്റെ ഫോട്ടോ കണ്ടപ്പോൾ പെട്ടെന്ന് ഞാൻ ആ സ്ത്രീയെ ഓർത്തു. മുഖം ശരിക്കും ഓർമ വന്നില്ലെങ്കിലും ആ പത്തു രൂപാ നോട്ടും അവരുടെ നെറ്റിയിലെ വലിയ പൊട്ടും കട്ടി കണ്ണടയും ആ പുഞ്ചിരിയും എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്.

അല്ലെങ്കിലും അത് അങ്ങനെയാണ്. ഒരു നിമിഷം മാത്രമാണ് കണ്ടതെങ്കിലും ചിലരുടെ പുഞ്ചിരികൾ മനസ്സിൽ മായാതെ അങ്ങനെ തങ്ങി നിൽക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *