ഏടത്തിയുടെ വാക്കിന്റെ മേൻപൊടി കൂടി ചേർന്നപ്പോൾ ആ നിമിഷം മുതൽ അച്ഛനൊപ്പം ഈ പൊന്നനിയത്തിയും ചേട്ടന്റെ മനസ്സിലെ ശത്രുവായി….

അവൾ

Story written by Sarath Krishna

അച്ഛനോട് വൈരാഗ്യം കാണിക്കുന്ന ഒരു ചേട്ടൻ ഉണ്ട് എനിക്ക്…

എന്നെ അഴിഞ്ഞാട്ടക്കാരിയെന്ന് വിളിച്ച ചേട്ടൻ ..

പണ്ട് ഒരു സന്ധ്യക്ക് ചേട്ടൻ കൈ പിടിച്ച് സ്നേഹിച്ച പെണ്ണുമായി ഈ വീടിന്റെ മുറ്റത്ത് വന്ന് നിന്നു…

ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച്ച നേരിൽ കാണേണ്ടി വന്ന ആ സമയത്തെ ദേഷ്യത്തിൽ അച്ഛൻ വാക്കാൽ മാത്രം ഉറപ്പിച്ച എന്റെ കല്യാണം മുടങ്ങുമെന്ന് കാരണം പറഞ്ഞ് ചേട്ടനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടു.

ഏടത്തിയുടെ വാക്കിന്റെ മേൻപൊടി കൂടി ചേർന്നപ്പോൾ ആ നിമിഷം മുതൽ അച്ഛനൊപ്പം ഈ പൊന്നനിയത്തിയും ചേട്ടന്റെ മനസ്സിലെ ശത്രുവായി….

പിന്നീട് മനസിലെ ദേഷ്യം മറന്ന് അച്ഛൻ പല തവണ ചേട്ടനെ തിരിച്ച് വിളിക്കാൻ പോയിട്ടും നേരിൽ ഒന്ന് കാണാൻ പോലും സമ്മതിക്കാതെയാണ് അച്ഛനെ ചേട്ടൻ മടക്കി അയച്ചത്….

പുരയിടം പണയപ്പെടുത്തി ഇത്ര വരെ പഠിപ്പിച്ചതും പ്രായം ഇരുപത്തി ആറ് കഴിഞ്ഞിട്ടും വീട്ടിലെ ദുരിതങ്ങളിൽ ഒരു നെല്ലിട പൊട്ടിക്കാൻ വിടാതെ പഠിച്ച ജോലി കിട്ടുന്ന വരെ കാത്തിരിക്കാൻ അനുവാദം കൊടുത്ത ആ അച്ഛന്റെ സ്നേഹവും ഏടത്തിയുടെ വാക്കുകൾക്കൊപ്പം ചേട്ടൻ കണ്ടില്ലെന്നു നടിച്ചു…

എല്ലാ പ്രതീക്ഷകളും മകനിൽ അർപ്പിച്ചു ജീവിച്ച ഒരച്ഛൻ തകർന്നടിയാൻ പിന്നെ അധികനാളൊന്നും വേണ്ടി വന്നില്ല…

പരാതീനങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞ് കല്യാണം മുടക്കാനുള്ള മാർഗ്ഗമായി പയ്യന്റെ വീട്ടുക്കാർ അത് വരെ വേണ്ടന്ന് പറഞ്ഞ സ്ത്രീധനം ചോദിച്ച് വന്നപ്പോൾ വിരലിൽ കിടന്ന തങ്കമോതിരം അവർക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞാണ് ഞാൻ പ്രതികരിച്ചത്…

കർക്കിടക മാസത്തിൽ മഴ നനഞ്ഞ വിറക് ഒരിക്കൽ കത്താൻ മടിച്ചപ്പോൾ ഇരുപത്തി നാലാം വയസ്സ് തൊട്ട് രാജയോഗം ആണെന്ന് എഴുതിയ എന്റെ ജാതകവും കൂടെ കത്തിച്ചാണ് ഞാൻ അന്ന് വിറകിന് തീ പിടിപ്പിച്ചത്.

ഗഡുക്കൾ തെറ്റിയ ബാങ്ക് നോട്ടീസും പലചരക്ക് കടയിലെ പറ്റും കൊണ്ട് ഒരു ജോലി അത്യാവശ്യമായി തീർന്നു…

ഒരിക്കൽ ബാങ്ക് നോട്ടീസും കൈ പിടിച്ച് ഞാൻ ചേട്ടനെ പോയി കണ്ടു… ശകാരിച്ചും പല കാരണങ്ങളും പറഞ്ഞ് ചേട്ടൻ എന്റെ മുന്നിൽ നിന്ന് ഒഴിഞ്ഞു മാറി..

കയറി കിടക്കാൻ വേറെ ഇടമില്ലന്ന് പറഞ്ഞ് കണ്ണീര് പൊടിഞ്ഞപ്പോൾ ഏടത്തിയുടെ മുഖത്ത് തെളിഞ്ഞത് ഒരു പരിഹാസത്തിന്റെ ചിരിയായിരുന്നു..

തോറ്റ് കൊടുക്കാൻ മനസ്സില്ലെന്നുറപ്പിച്ച് സർട്ടിഫിക്കറ്റുകളുമായി ടൗണിലെ ഒട്ടുമിക്ക ഓഫീസിന്റെയും വാതിലിൽ ചെന്ന് ഞാൻ മുട്ടി..

പലർക്കും എന്റെ മുന്നിൽ വെച്ച് നീട്ടിയ ജോലി എന്നാ ഉപകാരത്തിന് പകരമായി ഒരു വില തുക കൂടി വേണമെന്ന് അറിയിച്ചു ..

മറ്റു ചിലരുടെ ആവശ്യം കണ്ണ് കൊണ്ടും ചുണ്ടു കൊണ്ടും അവർ എന്റെ മുന്നിൽ പ്രകടിപ്പിച്ചു …

അവസാനം കാലൊന്ന് കഴച്ചാൽ പോലും ഒന്നിരിക്കാൻ അർഹതയില്ലാത്ത നഗരത്തിലെ തുണികടയിലെ പത്തൊൻപത് ജീവനക്കാരികളിൽ ഒരുവളായി ഞാൻ മാറി …

ചുണ്ട് ചുമപ്പിച്ചും കണ്ണെഴുതിയും കലണ്ടറിലെ ദിവസങ്ങളെല്ലാം കറുപ്പ് മഷിയിൽ മാത്രം കലർന്നതാണെന്ന് ഞാൻ മനസിനെ പറഞ്ഞ് പഠിപ്പിച്ച് കഴിഞ്ഞ എട്ട് വർഷവും ഞാൻ ജീവിച്ചു തീർത്തു. ..

കാലങ്ങളായി ജോലി കഴിഞ്ഞു സ്ഥിരമായി വരുന്ന അവസാന ബസിലും ആളൊന്ന് ഒഴിഞ്ഞു കണ്ടാൽ കിളിയുടെയും കണ്ടക്ടറുടെയും നോട്ടത്തിന്റെയും സംസാരത്തിന്റെയും ദിശ മാറും..

വീട്ടിലേക്ക് വരുന്ന വഴിയിലെ സ്ട്രീറ്റ് ലൈറ്റ് ഒരെണ്ണം അണഞ്ഞ് കാണുമ്പോൾ പേടി മനസിനെ കീഴ്പ്പെടുത്താൻ തുടങ്ങും..

വളവിലും മുക്കിലും എരിഞ്ഞടങ്ങുന്ന ബീഡി ഗന്ധമോ കാൽപെരുമാറ്റമോ കേട്ടാൽ രാവ് അന്തിയോളമുള്ള ക്ഷീണത്തിലും അറിയാതെ എന്റെ കാലിന്റെ വേഗത കൂടും….

പിന്നെ ഒറ്റ ശ്വാസത്തിൽ വീട്ടിലേക്ക് നടക്കും…

ഉമ്മറത്ത്‌ വഴി കണ്ണുമായി കാത്തിരിക്കുന്ന അമ്മയെ കണ്ടാൽ ആ പേടി ഒരു ദീർഘ നിശ്വാസത്തിൽ ഒതുങ്ങും..

പിന്നാമ്പുറത്ത് പത്രങ്ങളിൽ തട്ടലോ മുട്ടലോ കേട്ട് ഞെട്ടി ഉണരുന്ന ചില രാത്രികളിൽ അറിയാതെ എന്റെ കണ്ണുകൾ അച്ഛന്റെ കട്ടിലിനെ തേടും തളർന്ന് കിടക്കാണെങ്കിലും അച്ഛൻ അരികത്ത് ഉണ്ടെന്നറിയുമ്പോ മനസിന് എന്തെന്നില്ലാത്ത ഒരു ധൈര്യമാണ് …

രാവിലെ നേരം തെറ്റിയ നേരത്തും ബസിന് വേണ്ടി ഓടുമ്പോഴും കവലയിലെ പീടിക തിണ്ണയിൽ ഇരിക്കുന്ന കഴുകന്മാർ സാരിക്ക് ഇടയിലെ പഴുതുകൾക്ക് വേണ്ടി കണ്ണ് കൊണ്ട് പരതുമെന്ന് ഓർക്കുമ്പോൾ അണിഞ്ഞൊരുങ്ങാനുള്ള മനസില്ലാഞ്ഞിട്ട് കൂടി ഉടുത്ത സാരിയിൽ വിടവുകളും പഴുതുകളും ഉണ്ടോന്ന് വീണ്ടും വീണ്ടും കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞും മറിഞ്ഞും നോക്കി ഉറപ്പ് വരുത്തും ..

മുപ്പത്തി രണ്ട് കഴിഞ്ഞിട്ടും ഇവൾക്ക് വികാര വിചാരങ്ങളൊന്നുമില്ലെന്ന് അടക്കം പറഞ്ഞ് ചോ ര കുടിക്കുന്നവർക്ക് മുന്നിലൂടെ ധൈര്യം എന്നാ പുക മറ വിരിച്ച് ഞാൻ നടക്കാൻ ശീലിച്ചു ..

എങ്കിലും തുണി വാങ്ങാൻ വരുന്ന ചിലർക് ഈ ശീതികരിച്ച മുറികുള്ളിൽ കയറുമ്പോൾ നിമിഷ നേരം കൊണ്ട് ജനിക്കുന്ന വികാര ചേഷ്ട്ടകളെ കണ്ടില്ലെന്ന് നടിച്ചാൽ എനിക്ക് ഇവിടെ ഒരു സുരക്ഷിതത്വമുണ്ട് …

ഈ ജീവിതത്തിലും എന്റെ ഗതികേട് മുതൽ എടുത്ത് കൊണ്ട് കാ മ വേ റിയോടെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നവർക്ക് ഇടയിൽ ഞാൻ വ്യത്യസ്തനായി കണ്ടത് സതീഷിനെ മാത്രമാണ്..

പ്രണയമെന്ന് പേരിട്ട് വിളിക്കാൻ പോലും സമയം തരാതെ തന്റെ ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെയും ഞാൻ സ്വന്തമാക്കികോട്ടെ എന്ന് ചോദിച്ചപ്പോൾ.. മൗനം കൊണ്ട് സമ്മതം പറയാനേ എനിക്ക് കഴിഞ്ഞുള്ളു..

ആ സതീഷിന്റെ അമ്മക്ക് വയ്യെന്നറിഞ്ഞപ്പോഴാണ് പാതി എഴുതി കൊടുത്ത ലീവിൽ അവനൊപ്പം എനിക്ക് ആ അമ്മയെ കാണാൻ പോകേണ്ടി വന്നത്.. .

ആശുപത്രിയിൽ എന്റെ കൂടെ അവനെയും കണ്ട അവിടെ നിന്നിരുന്ന അപരിചിതരിൽ ആരോ ഒരാൾ ചേട്ടനെ വിളിച്ച്അ റിയിച്ചെന്നും പറഞ്ഞാണ് എന്നെ അ ഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കാനായി കുറെ കാലത്തിന് ശേഷം ചേട്ടൻ ഇന്ന് വീട്ടിലേക്ക് കയറി വന്നത്..

വർഷങ്ങൾക്ക് ശേഷം എന്റെ ചേട്ടന് പ്രായം തികഞ്ഞ ഒരു പെങ്ങളെയും ജന്മം തന്ന അച്ഛനെയും അമ്മയെയും വളർന്ന വീടും ഓർക്കാൻ ആ അപരിചിതൻ പറഞ്ഞു തന്ന കെട്ട് കഥകൾ വേണ്ടി വന്നല്ലോ എന്നറിഞ്ഞപ്പോൾ

ചീത്ത പറഞ്ഞും അസഭ്യവാക്കുകൾ ചെരിഞ്ഞും ഇറങ്ങി പോയ ഏട്ടനെ നോക്കി ആദ്യമായി പുച്ഛത്തോടെ ഞാൻ പുഞ്ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *