റീന പതിയേ തിരിഞ്ഞു കിടന്നു. ബാബുവിനെ ഇറുകെ പുണർന്നു..വീണ്ടും ഉറക്കത്തിലേക്കു നീങ്ങി. അവളുടെ ശ്വാസഗതിയിപ്പോൾ ഏകതാളത്തിലാണ്. അയാൾ……

മോണിംഗ് വാക്ക്

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

അലാം പുലർച്ചേ നാലരയ്ക്കു തന്നേ മണിയടിക്കാൻ തുടങ്ങി. ബാബു, ഉറക്കം വിടാത്ത കണ്ണുകൾ ബദ്ധപ്പെട്ട് തുറന്ന് അലാം ഓഫ് ചെയ്തു.

തൊട്ടരികേ റീന കിടപ്പുണ്ട്. ഗാഢമായ ഉറക്കമാണ്. അലാം ശബ്ദിച്ചതിൻ്റെ അസ്വസ്ഥതയിൽ, അവൾ എന്തോ പിറുപിറുത്ത് പുറംതിരിഞ്ഞു കിടന്നു.

അവളുടെ രാവുടുപ്പ് മേ ലോട്ടു കയറി കാൽവ ണ്ണകൾ അനാവൃതമായിക്കിടന്നു. “ഈ പെണ്ണെന്തൊരു കിടപ്പാ…..” ബാബു പിറുപിറുത്തു..അയാൾ മകളേ നോക്കി. കട്ടിലിൻ്റെ അറ്റത്ത് ചുവരരുകിലായി, അഞ്ചുവയസ്സുകാരി നിഹ ശാന്തമായി മയങ്ങുന്നു. ബാബു, കയ്യെത്തിച്ച് റീനയുടെ ചുമലിൽ പിടിച്ച് കുലുക്കി വിളിച്ചു.

” റീനേ, റീനേ…..എഴുന്നേൽക്ക്. അലാം അടിച്ചത് കേട്ടില്ലേ..ഇന്നു മുതൽ നടക്കാൻ പൂവ്വാന്നു പറഞ്ഞതല്ലേ. എണീൽക്ക്, അഞ്ചുമണി മുതൽ, ആറ് വരേ റെയിൽവേ ഫ്ലാറ്റ്ഫോമിൽ നടക്കാം. മോള് എണീൽക്കില്ല. ഒന്നു നോക്കാൻ അമ്മച്ചിയോടു പറയാം.”

റീന പതിയേ തിരിഞ്ഞു കിടന്നു. ബാബുവിനെ ഇറുകെ പുണർന്നു..വീണ്ടും ഉറക്കത്തിലേക്കു നീങ്ങി. അവളുടെ ശ്വാസഗതിയിപ്പോൾ ഏകതാളത്തിലാണ്. അയാൾ, അവളുടെ നിബിഢമായ മാ ർത്തടത്തിലേക്കു മുഖം പൂഴ്ത്തി. അവളപ്പോൾ മന്ത്രണം പോലെ മൊഴിഞ്ഞു.

” ഉറക്കം മതിയായില്ല ചേട്ടാ, എപ്പഴാ നമ്മള് ഒറങ്ങുന്നേ….? ക്ടാവ് ഉറങ്ങുമ്പോ രാത്രി പത്തര പതിനൊന്നാകും. അതു കഴിഞ്ഞ് നമ്മളുറങ്ങുമ്പോഴോ…? പാതിര പന്ത്രണ്ട് മണി. എന്നിട്ട് നാലരയ്ക്ക് എഴുന്നേൽക്കാന്നു പറഞ്ഞാ കഷ്ടാണ് ട്ടാ. നമുക്കൊരു കാര്യം ചെയ്യാം, ഇന്നത്തെ വിട്. നാളെ തൊട്ട് ഉഷാറാക്കാം.”

റീന, ബാബുവിൻ്റെ നെഞ്ചിലേക്ക് ശിരസ്സും, അരക്കെട്ടിലേക്കു കാലും കയറ്റി വച്ച് സുഖമായി ഉറങ്ങാനുള്ള അടുത്ത നടപടികളിലേക്കു കടന്നു.

”എട്യേയ്, നാളെ, നാളേന്ന് പറയാൻ തുടങ്ങിയിട്ട് ഇപ്പോ മാസം നാലായി. ഒക്ടോബറിൽ മഴ മാറീതാ..ശരിക്കും കഴിഞ്ഞ നാലുമാസം നടന്നെങ്കിൽ നമ്മള് ചടച്ച് നൂലായേനേ. ഒരു കാര്യം ചെയ്യാം, ക്ടാവിനേ സ്കൂൾ ബസ് വരുമ്പോൾ വിട്ടിട്ട്, നമുക്ക് ഷോപ്പിലേക്ക് നടന്നു പൂവ്വാം. ഇവടന്ന് മൂന്ന് കിലോമീറ്ററുണ്ടല്ലോ…
വരുമ്പളും നടക്കാം. അതന്നേ ഒരു എക്സർസൈസാ “

സംസാരം അവസാനിപ്പിച്ച്, ബാബു ഇത്തിരി വെള്ളം കുടിക്കാനായി കട്ടിൽത്തലക്കലേ മഗ്ഗിലേക്കു കൈ നീട്ടി.

“അതില് വെള്ളൊന്നും ല്ല്യാ, ഇന്നലത്തെ പാതിരാ പരവേശത്തില് മടുമടാ കുടിക്കണുണ്ടായല്ലോ. നടക്കാൻ പോണുണ്ടങ്കിൽ ഇന്ന് ഷോപ്പീന്ന് രണ്ട് ഷോർട്സ് കൊണ്ടുവരാം ട്ടാ. നടക്കാണ്ട് നടക്കുമ്പോ, കാലുരഞ്ഞു പൊട്ടും. അപ്പോ എനിക്കു സുഖാവും , നീറീട്ട്… പിന്നെ ബ്ലാക്ക്മാർക്ക് വീഴും. ഡാർക്ക് സീനാകും. നിങ്ങള്, നടന്നോണ്ട് മാത്രം കാര്യല്ല്യാ, ഡെയ്ലിയുള്ള പഫ്സ് തീറ്റ നിർത്തണം.എവിടെ പോയാലും, സോഡാ സർവ്വത്തും പഫ്സും. പിന്നെങ്ങനെ കുറയാനാ…”

റീന, പതിഞ്ഞ ശബ്ദത്തിൽ ഉപദേശം തുടർന്നുകൊണ്ടിരുന്നു.

“എനിക്കിത്തിരി തടീണ്ട് ന്ന് വച്ചിട്ട് ഒരു പ്രശ്നോല്ല്യാ, നീയല്ലേ പറഞ്ഞത്, രണ്ടു മാസം കഴിഞ്ഞ് നിൻ്റെ അനിയത്തീടെ കല്യാണാവുമ്പോഴേക്കും നിനക്ക് സ്ലിം ആവണന്ന്. കെടക്കേല് കെടുന്നു പറഞ്ഞോണ്ട് കാര്യല്ല്യാ, എന്തെങ്കിലും ചെയ്യണം.”

ബാബു, റീനയേ ഇറുക്കേ നെഞ്ചോടു ചേർത്തു.

“എൻ്റെ ചേട്ടാ, നേരം നല്ലോണം വെളുത്തു..ഇനി ഒരു കാര്യോം നടപ്പില്ല..എണീക്കാൻ നോക്ക്. ക്ടാവിനെ സ്കൂളിൽ വിടണ്ടേ, എട്ടരയ്ക്ക് വരും, സ്കൂള് ബസ്സ്. വിട്ടേ, ഞാൻ ചായകൊണ്ടു വരാം.”

രാവിലെ ഒമ്പതുമണി.. ..

“എൻ്റെ ബാബ്വേട്ടാ, ഈ വെയിലത്ത് നടക്കാന്നു വച്ചാ നടപടിയാവണ കേസല്ല..നിങ്ങള് കാറെടുത്തേ, ഷോപ്പില് തണുപ്പുണ്ട്ന്ന് പറഞ്ഞിട്ട് കാര്യല്ല്യാ. വെയർത്ത് ഇന്നത്തെ ദിവസാ പോകും. നമുക്ക് നാളെ തൊട്ടു നടത്തം തൊടങ്ങാന്നെ.”

കാർ, ഗേറ്റു കടന്നു മുന്നോട്ടു നീങ്ങി. തിരക്കുകളിലേക്ക് ഒരു പ്രഭാതം ചുവടു വയ്ക്കാൻ തുടങ്ങുകയായി. ട്രാഫിക് ബ്ലോക്കിൽ നിൽക്കുമ്പോൾ, തൊട്ടു മുൻപിലുള്ള ഭാഗ്യക്കുറി വിൽക്കുന്ന കാറിൽ നിന്നും അനൗൺസ്മെൻ്റ് അവർ സുവ്യക്തമായി കേട്ടു.

“നാളെയാണ്,നാളെയാണ്, നാളെയാണ്”

ദമ്പതികൾ, മുഖാമുഖം നോക്കി പുഞ്ചിരിച്ചു. ബ്ലോക്ക് തീർന്നു. കാർ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു..നാളെകളുടെ പ്ലാനുകളുമായി അവരതിൽ യാത്ര തുടരുന്നു.
ശുഭയാത്ര.

Related Posts

Leave a Reply

Your email address will not be published. Required fields are marked *