ഒന്നു നന്നായി കുളിച്ചിറങ്ങി. സ്പ്രേ പൂശി, കട്ടിലിൽ കാത്തുകിടക്കുമ്പോൾ,.വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പിന്നേ……

അഞ്ചാം പാതിര

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

മഞ്ഞും കുളിരും സമന്വയിച്ച ഒരു രാത്രിയിൽ, ദൃശ്യം സിനിമയിലെ ജോർജ്ജുകുട്ടിയ്ക്കു സ്വന്തം കേബിൾ ടിവി ഓഫീസിൽ വച്ച് ‘ആഷിഖ് ബനായാ’ പാട്ടു കേട്ടപ്പോൾ ഉണ്ടായ പോലൊരു ‘തോന്നൽ’ ഇന്ന് രാജേഷിനുമുണ്ടായി.

സ്വന്തം വീട്ടിൽ, മക്കളുമൊന്നിച്ചു ഏതോ ന്യൂജനറേഷൻ സിനിമ കാണും നേരത്തായിരുന്നു അത്. രാത്രി ഒമ്പതരയോടടുത്ത നേരമാണ്..രാജേഷ്, ഇരുകൈകളും മുകളിലേക്കു നിവർത്തി വലിയവായിൽ കോട്ടുവായിട്ടു.
എന്നിട്ട്, മക്കളോടു പറഞ്ഞു.

“ഇന്നിനി ടിവി കണ്ടതു മതി. മക്കള് ഉറങ്ങാൻ പോയ്ക്കോ, അച്ഛന് നാളെ രാവിലെത്തന്നേ ജോലിക്കു പോകണം.. ബാക്കി, നമുക്ക് നാളെ കണ്ടുതീർക്കാം”

കുട്ടികൾ, അനുസരണയോടെ അവർക്കായി ഒരുക്കിയ മുറിയകത്തേക്കു പോയി. അപ്പർ പ്രൈമറിയിലെത്തിയ കഴിഞ്ഞ വർഷം വർഷം മുതൽ, ഇരുവർക്കും സ്വന്തം മുറിയൊരുക്കിയിട്ടുണ്ട്. അവർ, അകത്തു കയറി; വാതിൽ ചാരി.

രാജേഷ്, അടുക്കളവാതിലിന്നരികിലേക്കു ചെന്നു. പ്രസീത, പാത്രങ്ങൾ കഴുകി വയ്ക്കുകയാണ്. മിക്കവാറും തീരാറായിരിക്കുന്നു. അയാളൊന്നു മുരടനക്കി. പ്രസീത, തിരിഞ്ഞു ഭർത്താവിനെ നോക്കി; പുഞ്ചിരിച്ചു.

“കഴിയാറായില്ലേ ?”

രാജേഷ്, ചോദിച്ചു..അതൊരു സൂചനയാണെന്നു അവൾക്കറിയാമായിരുന്നു.

“ദാ, വരണു ട്ടാ, കഴിയാറായി. ഈ അടുക്കളയുടെ സ്ലാബ് ഒന്നു തുടയ്ക്കണം. ഒന്നു കുളിയ്ക്കണം. ഇപ്പോ, വരാം”

അവൾ, പ്രവൃത്തികൾ തെല്ലു വേഗത്തിലാക്കി. അവളുടെ കയ്യിൽ നിന്നും വഴുതി, ഒരു സ്റ്റീൽ പ്ലേറ്റ് സിങ്കിലേക്കു വീണു. ചെവി തകർക്കുന്ന ഒരു കലമ്പലുണ്ടായി.

“ഏതു മൂഡും നശിപ്പിക്കും, ഈ പാത്രം വീഴണ ശബ്ദം”

ആരോടെന്നില്ലാതെ മുറുമുറുത്ത്, രാജേഷ് കിടപ്പുമുറിയിലേക്കു നടന്നു. ഒന്നു നന്നായി കുളിച്ചിറങ്ങി. സ്പ്രേ പൂശി, കട്ടിലിൽ കാത്തുകിടക്കുമ്പോൾ,.വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പിന്നേ, ബോൾട്ടുകൾ വീഴുന്നതിന്റെയും. മുറിയകത്തു രാധാസ് സോപ്പിന്റെ ഗന്ധവും, പ്രസീതയുടെ പാദസരക്കിലുക്കങ്ങളും വിരുന്നുവന്നു. രാജേഷ്, അവൾക്കു നേർക്കു നോട്ടമെറിഞ്ഞു. നിശാവസ്ത്രം, അവളുടെ ചേലിനെ ഇരട്ടിയാക്കുന്നു.അവളെന്തോ ചിന്തയിലാണെന്നു തോന്നി. കുടിക്കാനുള്ള വെള്ളം മഗ്ഗിൽ നിറച്ച് കട്ടിൽത്തലയ്ക്കലെ മേശമേൽ വച്ച്, അവൾ, അയാൾക്കരികിലായി വന്നുകിടന്നു.

“എന്തൂട്ടാ, നീയോർക്കണേ?”

അവൾക്കരികിലേക്കു ചേർന്നുകിടന്നു, രാജേഷ് ചോദിച്ചു.

“ഹേയ്, ഇന്ന് ഇരുപത്തിനാലാം തിയതിയല്ലേ; ചേട്ടനു ശമ്പളം കിട്ടാൻ ഒരാഴ്ച്ച കൂടി കഴിയില്ലേ? നമ്മുടെ സുമ, കുറച്ചു നേരത്തേ എന്നെ വിളിച്ചിരുന്നു. നമ്മള് ഇത്തവണ ഹൗസിംഗ് ലോണടയ്ക്കാൻ, അവളുടെ താലിമാല പണയം വച്ച് മുപ്പതിനായിരം വാങ്ങീട്ടുണ്ടായിരുന്നില്ലേ? നാലുദിവസത്തിനുള്ളിൽ അവൾക്കതു തിരികേ വേണംന്ന്, അവൾക്കെന്തോ ഫാമിലി ടൂർ ഉണ്ടത്രേ”

അയാൾക്ക്, തല വേദനിച്ചു.

“ഒരുമാസം കഴിഞ്ഞിട്ട്, മാല തിരികേ മതീന്നു പറഞ്ഞതായിരുന്നല്ലോ. പിന്നെന്താ, ഇങ്ങനെ പറയണത്. ഇപ്പോൾ, മുപ്പതിനായിരത്തിന് ഞാനെവിടെ പോകും?.വിൽക്കാനും, പണയം വയ്ക്കാനും ഇനി നമ്മുടേല് ഒന്നൂല്ല്യല്ലോ. ഞാനന്നേ പറഞ്ഞതാ, നമുക്ക് തൽക്കാലം ചെറിയ വീടു മതീന്ന്. ബാക്കി, പിന്നീട് ചെയ്യാന്ന്. നീ, കേട്ടോ? അപ്പോൾ, നിനക്ക് മുകൾ നില വേണം. അതിലെ മുറികളിൽ അറ്റാച്ച്ഡ് ബാത്രൂം വേണം, എല്ലാം വേണം..ഇതു പണിതേപ്പിന്നേ, നമുക്ക് ഏതെങ്കിലും ഒരു മാസം സ്വസ്ഥതയുണ്ടായിട്ടുണ്ടോ?”

പ്രസീതയുടെ മുഖം മുറുകി.

“ഞാൻ പറഞ്ഞായി, ഇപ്പോൾ തെറ്റ്. അന്ന്, ഇതു പണിത കാരണം, ഇപ്പോൾ സുഖമായി കിടക്കാറായി. നിങ്ങടെ വീട്ടിൽ, പകലു മുഴുവൻ പോരു കേൾക്കണതു ഞാനായിരുന്നല്ലോ. നിങ്ങളു ജോലി കഴിഞ്ഞു വരുമ്പോൾ, അച്ഛനുമമ്മയും ഒലിപ്പീരു തുടങ്ങും. നിങ്ങളൊരു കഥയില്ലാത്തോനായോണ്ട്, അതിൽ മയങ്ങും. മര്യാദയ്ക്ക്, നമ്മുടെ ഷെയറു ചോദിയ്ക്ക്..അതും വിറ്റ്, നമുക്ക് കടങ്ങളെല്ലാം വീട്ടാം.”

രാജേഷിനു ശരിക്കും മുഷിഞ്ഞു.

“ബാങ്കു പലിശ, മാസം ഇരുപതിനായിരം. സ്വർണ്ണപ്പണയത്തിനു പതിനായിരം. വീട്ടുചെലവും പിള്ളേരുടെ പഠിപ്പും, ബന്ധുക്കളുടെ വീട്ടിലെ സദ്യകളും പരിപാടികളും വേറെ; മാസത്തിൽ, രണ്ടു ശമ്പളം കിട്ടിയാലും തികയില്ല.”

“അതോണ്ടാ മനുഷ്യാ, ഞാൻ പറഞ്ഞത്; നിങ്ങടെ ഷെയർ വാങ്ങാൻ; എന്റെ ഓഹരി വിറ്റല്ലേ, നമ്മള് ഈ സ്ഥലം വാങ്ങീത്?”

രാജേഷ്, അവളുടെ ഉടലിൽ പടർത്തിയ കൈ പിൻവലിച്ചു. എന്നിട്ട്, പരുഷതയിൽ മൊഴിഞ്ഞു.

“ഭാഗമൊന്നും ഞാൻ ചോദിക്കില്ല. അവരു, തരുമ്പോൾ തരട്ടേ..ഈ തടീം, ജോലിയുമെല്ലാം ഉണ്ടാക്കിത്തന്നത് അവരാണ്..എനിക്കു അവരോടു ഭാഗം ചോദിയ്ക്കാൻ വയ്യ..നിന്റെയച്ഛൻ, പണ്ട് കാറിടിച്ചു ച ത്ത മാതിരിയാണോ എന്റെ അവസ്ഥ; എന്റെ അച്ഛനുമമ്മയും ഇപ്പോഴും സ്വസ്ഥതേല് ഇരിക്ക്യല്ലേ,.അതു ഞാൻ കളയണോ?”

പ്രസീത പിണങ്ങി. അവൾ ചുവരരികിലേക്കു മുഖം തിരിച്ചു കിടന്നു..രാത്രി യുടുപ്പിൽ, അവളുടെ ഉടൽ വടിവുകൾ തെളിഞ്ഞു.

“നിങ്ങള്, ആരുടെ കയ്യിൽ നിന്നു വാങ്ങിയിട്ടായാലും വേണ്ടില്ല; നാളെയോ മറ്റന്നാളോ ആയി സുമേടെ കാശു കൊടുക്കണം..അവളെ ഞാൻ, നമ്മുടെ വലിയ ബാധ്യതകളൊന്നും അറിയിച്ചിട്ടില്ല. കൊടുത്തില്ലെങ്കിൽ, നാണക്കേടാകും. എനിക്കവളെ, നാളെയും കാണേണ്ടതാ. നിങ്ങളെന്തിനാ എന്റെ പാവം അച്ഛനെ പറയണേ? മരിച്ചുപോയ അതെന്തു തെറ്റു ചെയ്തു?”

“നാ ശം” രാജേഷ്, പിറുപിറുത്തു. കട്ടിലിൽ നിന്നെഴുന്നേറ്റ്, വാതിൽക്കലേക്കു നടന്നു. തളത്തിലേക്കു കയറും മുൻപായി, കിടപ്പുമുറിയുടെ വാതിൽ വലിച്ചടച്ചതു തെല്ലുറക്കേ ആയിപ്പോയി. അയാൾ, ഹാളിലെ ടിവി ഓൺ ചെയ്തു. ജോറ്; ‘അഞ്ചാം പാതിര’ സിനിമ കളിയ്ക്കുന്നു. നട്ടപ്പാതിരാവിൽ പ്രാകൃതനായൊരു വഴിപോക്കൻ, കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നു.

“സീസർ, ഇന്നു രാത്രി നിങ്ങൾ സുഖമായി ഉറങ്ങിക്കോളൂ..നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ ആരംഭിക്കുകയായി. യുവർ, സ്ലീപ്പ് ലെസ് നൈറ്റ്സ് ആർ കമിംഗ് “

തുടർന്ന്, പ്രാകൃതന്റെ കുടിലത നുരയുന്ന പൊട്ടിച്ചിരി. കൂരാകൂരിരുട്ട്.

“ഈ രാത്രി, ഇനിയെങ്ങനെയുറങ്ങാൻ, എല്ലാം നാശമായില്ലേ ?”

മുറുമുറുത്തു കൊണ്ട്; രാജേഷ്, ടെലിവിഷൻ ഓഫ് ചെയ്തു. എന്നിട്ട്, ഹാളിലെ ദിവാൻകോട്ടിൽ ഉറക്കം കാത്തു കിടന്നു. അകമുറിയിൽ, അതേ വിചാരങ്ങളോടെ പ്രസീതയും. പുറത്തു വല്ലാതെ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. മറ്റാർക്കോ വേണ്ടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *