ഓ ഇനി എന്നാ വേണം മമ്മിക്ക്‌. അപ്പയുടെ സർട്ടിഫിക്കറ്റ് കിട്ടിയല്ലോ അവളുടെ മകൾ പറഞ്ഞു ചിരിച്ചു….

ബ്രേക്ക്‌ഫാസ്റ്റ്

Story written by Greensa Asish

രാവിലെ അലാറം കേട്ടപ്പോൾ കണ്ണുകൾ തുറക്കാൻ അവൾ ബുദ്ധിമുട്ടി. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. കുറച്ചു നേരം കൂടി മൂടിപ്പുതച്ചു ഉറങ്ങാൻ കൊതി യായെങ്കിലും അവൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. അലാറം ഓഫ്‌ ചെയ്ത് ഫോൺ എടുത്ത് ഒന്ന് വിരലോടിച്ചു. പിന്നെ മെല്ലെ എഴുന്നേറ്റു. നവീൻ പുതപ്പ് വലിച്ചു മൂടി തിരിഞ്ഞു കിടന്നു. അവൾ അവനെ തെല്ലസൂയയോട് നോക്കി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.

ചൂടോടെ ഒരു ചായ കുടിച്ച ശേഷം അവളുടെ ദിനചര്യകളിലേക്ക് കടന്നു.എല്ലാം ഒരു താളത്തിൽ ചെയ്യണം ഇല്ലെങ്കിൽ ഒന്നും സമയത്ത് ശെരിയാകില്ല. രാവിലത്തെ ബ്രേക്ക്ഫാസ്റ്റും പാലും കോഫിയും നവീനു ഓഫീസിൽ കൊണ്ട് പോകാൻ ചപ്പാത്തിയും കറിയും കുട്ടികൾക്കു ചോറും കറികളും സ്നാക്ക്സും ജ്യൂസും എല്ലാം ശരിയാക്കണം അതിനിടയ്ക്ക് കുട്ടികൾ എണീറ്റില്ലേൽ അവരെ വിളിക്കണം നവീൻ എണീറ്റില്ലേൽ അയാളെ വിളിക്കണം. എന്തിനെങ്കിലും ഇത്തിരി സമയം വൈകിയാൽ പിന്നെ ഒക്കെ അവതാളത്തിൽ ആകും. അവൾ അങ്ങനെ ഓടി പിടച്ചു ഓരോ ജോലികളിൽ മുഴുകി.

എല്ലാരും എണീറ്റു കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാനെത്തി. എല്ലാം അപ്പോഴേക്കും അവൾ മേശപ്പുറത്തു എടുത്ത് വെച്ചു.

“ആഹാ ബ്രേക്ക്‌ഫാസ്റ്റിനു അപ്പവും മട്ടൺ സ്റ്റ്യുവും ആണോ. മമ്മി സൂപ്പറാ” ജോൺ പറഞ്ഞു.

അത് കേട്ട് അവൾ ചിരിച്ചു. ” അല്ലേലും നിനക്ക് നോൺ വെജ് ഉണ്ടെങ്കിലേ ഭക്ഷണം ഇറങ്ങൂന്നു എനിക്ക് അറിയാല്ലോ”.

“കറി നന്നായിട്ടുണ്ടെടോ” നവീൻ പറഞ്ഞു.

“ഓ. ഇനി എന്നാ വേണം മമ്മിക്. അപ്പയുടെ സർട്ടിഫിക്കറ്റ് കിട്ടിയല്ലോ” അവളുടെ മകൾ പറഞ്ഞു ചിരിച്ചു.

അങ്ങനെ എല്ലാപേരും ഭക്ഷണം കഴിച്ചെണീറ്റു റെഡി ആകാനായി റൂമിലേക്കു പോയി. ഈ സമയം കൊണ്ട് അവൾ എല്ലാപേരുടേം ഉച്ചഭക്ഷണവും ഇടഭക്ഷണവും ഒക്കെ പാക്ക് ചെയ്ത് മേശപ്പുറത്തു നിരത്തി. എന്നിട്ട് അവൾ കഴിക്കാനായി ഇരുന്നു.

ആകെ ഒരപ്പം മാത്രം ബാക്കി ഉണ്ട് കറി തീരെ വെച്ചിട്ടില്ല താനും. ഇതിപ്പോ ആദ്യായി അല്ല ഇത്, നല്ല ഭക്ഷണം മുന്നിൽ കണ്ടാൽ ഭർത്താവും മക്കളും തന്നെ മറക്കുന്നത്. അതിരാവിലെ എണീറ്റു എല്ലാം വെച്ചുണ്ടാക്കി വിശന്നു വലഞ്ഞു കഴിക്കാൻ ആയി വന്നിരിക്കുമ്പോൾ ഭക്ഷണം ഇല്ലാത്തതിൽ പരം ദേഷ്യവും സങ്കടവും വേറെ ഇല്ല. അവൾക്ക് സഹിക്കാനായില്ല.

എല്ലാപേരും റെഡി ആയി പോകാനായി വന്നു. അവരുടെ ലഞ്ച്ബോക്സ്‌ ഒക്കെ എടുത്ത് ബാഗിലെക്ക് വെച്ചു. “മമ്മി വൈകിട്ട് കട്ട്ലറ്റ് ഉണ്ടാക്കണേ.” അവളുടെ മകൾ പറഞ്ഞു.

അവൾ മറുപടി പറഞ്ഞില്ല.

“ഒരു ബൈക്ക് വന്നല്ലോ മുറ്റത്തു. ജോൺ പോയി ആരാന്നു നോക്ക്” നവീൻ പറഞ്ഞു. ജോൺ വാതിൽ തുറന്ന് പുറത്തിറങ്ങി.

“എയ്, ഇവിടെ ആയിരിക്കില്ല നിങ്ങൾക്ക് വീട് മാറിയതാകും.” ജോൺ പറയുന്നത് കേട്ട് നവീൻ ആരാണെന്ന് അന്വേഷിച്ചു. “അത് അപ്പ, ഫുഡ്‌ ഡെലിവറി ആണ്. വീട് മാറിയതാണ്” ജോൺ പറഞ്ഞു.

“അല്ല, ഞാൻ ആണ് ഫുഡ്‌ ഓർഡർ ചെയ്തത്” അവൾ ജോണിനെ തട്ടിമാറ്റി പുറത്തേക്ക് പോയി ഭക്ഷണ പൊതിയുമായി വന്നു.

“ഇതെന്തിനാ മമ്മി ഫുഡ്‌ ഓർഡർ ചെയ്തത്?”

“എനിക്ക് കഴിക്കാൻ നിങ്ങൾ ഭക്ഷണത്തിന്റെ പങ്ക് മാറ്റിവെച്ചിട്ടുണ്ടോ?” അവൾ ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് മൂന്നുപേരും മിണ്ടാതെ നിന്നു.

“സോറി മമ്മി”

“മേശപ്പുറത്തു ഭക്ഷണം കൊണ്ട് വെക്കുമ്പോൾ അതുണ്ടാക്കുന്നവർക്കും വിശപ്പും ദാഹവും ഉണ്ടാകുമെന്ന് എല്ലാരും ഓർക്കണം. അവർക്കുള്ള പങ്ക് മാറ്റി വെക്കുകേം വേണം” അവൾ പറഞ്ഞു.

“എടൊ, ഞാൻ വിചാരിച്ചിരുന്നത് താൻ തനിക്കുള്ള ഭക്ഷണം മാറ്റി വെക്കു മെന്നാണ്” നവീൻ അവളുടെ അടുത്തേക് പോയി.

“അങ്ങനെ ആരും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും ഞാൻ ഇന്നേ വരെ എനിക്കുള്ള ഭക്ഷണം ആദ്യമേ മാറ്റി വെച്ചിട്ടില്ല.”

“സോറി എടൊ”

“അഹ് സോറി ഒക്കെ അവിടെ നിക്കട്ടെ. ആ ഡെലിവറി ബോയ്ക്ക് ഇതിന്റെ പൈസ കൊടുത്ത് വിടൂ. അയാൾ അവിടെ കാത്ത് നിക്കുവാ.” ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ ആ ഭക്ഷണപൊതി നിവർത്തി.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *