കരിമണി ഞങ്ങളുടെ വീടിന് പുറക് വശത്താണ് താമസം .എന്ന് മുതലാണ് അവളെ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് അറിയില്ല .ഒരു പക്ഷെ……

കരിമണി

Story written by Nisha Suresh Kurup

അതിശക്തമായ കാറ്റും മഴയും രണ്ട് ദിവസമായി തുടരുന്നു.

പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ..

പ്രകൃതി അതിന്റെ രൗദ്രഭാവങ്ങൾ മുഴുവൻ പുറത്തേക്ക് എടുത്ത നിമിഷങ്ങൾ.കറന്റ് പോവാത്തതിൽ ഇലക്ട്രിസിറ്റിക്കാരെ സ്തുതിച്ച് ,ടി.വി. ഓൺ ചെയ്ത് സോഫയിൽ ഇരുന്ന് വാർത്താ ചാനലിൽ മിഴികൾ ഊന്നിയപ്പോൾ ദുരന്തങ്ങളുടെ നീണ്ട പട്ടിക.

മത്സ്യബന്ധനത്തിന് പോയി മടങ്ങി എത്താത്തവർ ,കിടപ്പാടം നഷ്ടമായവർ ,മഴക്കെടുതി കാരണം ഉണ്ടായ മരണങ്ങൾ, അപകടങ്ങൾ …….. വിലപിക്കുന്ന പാവം കുറേ മനുഷ്യർ . അപ്പോഴാണ് അവൾ, “കരിമണി” യുടെ നിലവിളി കാതുകളിൽ തുളച്ച് കയറിയത് .മറ്റെല്ലാ ശബ്ദങ്ങളെയും പിന്നിലാക്കി കൊണ്ട് അവളുടെ രോദനം അവിടെയാകെ മുഴങ്ങി .ജനൽ പാളി തുറന്ന് നോക്കിയപ്പോൾ അവൾ വീടിനു ചുറ്റും അലമുറയിട്ടു കൊണ്ട് ഓടി നടക്കുകയാണ് .

രണ്ടാമതൊന്ന് ആലോ ചിക്കാതെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലേക്ക് വാതിൽ വലിച്ച് തുറന്നു .ശരവേഗത്തിൽ കരിമണി മുന്നിൽ എത്തി കഴിഞ്ഞിരുന്നു .പുറത്തേക്ക് എന്നെ കൂട്ടികൊണ്ട് പോവുകയാണ് അവളുടെ ലക്ഷ്യം .കുടയുമായി അവൾക്ക് പുറകെ ഇലയും കമ്പുകളും നിറഞ്ഞ മുറ്റത്ത് കൂടി പായുമ്പോൾ ഓമനിച്ച് പരിപാലിച്ചിരുന്ന ചുവന്ന റോസ് നിലംപൊത്തി കിടക്കുന്ന കാഴ്ച മനസിൽ ചെറിയൊരു നൊമ്പരം ഉണർത്തി .കാറ്റിന്റെ വേഗതയിൽ കുട മേല്പോട്ട് മടങ്ങി അവിടെ തന്നെ ഉപേക്ഷിച്ചു .

കരിമണി ഞങ്ങളുടെ വീടിന് പുറക് വശത്താണ് താമസം .എന്ന് മുതലാണ് അവളെ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് അറിയില്ല .ഒരു പക്ഷെ അവളുടെ നിറവയർ കണ്ടാവാം എന്നിലെ അമ്മ മനസിന് ആരുമില്ലാത്ത അവളോട് അലിവ് തോന്നിയത്. അവൾക്ക് ഭക്ഷണം കൊടുക്കുന്നതിലും മറ്റും എന്തെന്നില്ലാത്ത നിറവു തോന്നി. കരിമണിക്ക് ഇരട്ട കുട്ടികൾ പിറന്നിട്ട് പത്ത് ദിവസമേ ആയിട്ടുള്ളു.വെളുത്ത് തുടുത്ത രണ്ട് മക്കൾ .ഒരു ആണും ഒരു പെണ്ണും .ആ കുഞ്ഞുങ്ങളെ കാണുമ്പോൾ തന്നെ കണ്ണും മനവും നിറയും .

കരിമണിയുടെ താമസസ്ഥലത്തിന് സമീപത്തായി ചെറിയ ഒരു തോടുണ്ട് .ചപ്പുചവറുകൾ കൂമ്പാരമായി വറ്റി വരണ്ട് കിടന്നിരുന്ന തോട് . അത് മഴയെ തുടർന്ന് നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ് .അവളുടെ വാസ സ്ഥലം മുഴുവൻ വെള്ളത്താൽ മുങ്ങി പോയിരുന്നു . കരിമണി ഒരു കുഞ്ഞിനെ സുരക്ഷിതമാക്കി മാറ്റി കിടത്തിയിട്ടുണ്ട്. അവൾ തോട്ടിലോട്ട് നോക്കി അലറി കരയുകയാണ്. അങ്ങോട്ട് കണ്ണുകൾ പായിച്ചപ്പോൾ ഒഴുകിയ ചവറുകൾക്കൊപ്പം കരുമണിയുടെ മറ്റേ കുഞ്ഞ് …ഭാഗ്യത്തിന് ഒഴുകി താഴോട്ടു പോകാതെ ഒരു ചെറിയ മരത്തിൽ തട്ടി കമ്പും ചവറുമെല്ലാം ചേർന്ന് വെള്ളത്തിൽ മുങ്ങാതെ കുഞ്ഞിനെ തടഞ്ഞ് നിർത്തിയിട്ടുണ്ട്.

കരിമണി വെള്ളത്തിൽ എടുത്ത് ചാടാനുള്ള ഭാവമാണെന്ന് മനസിലാക്കിയ എന്നിലെ മനസാക്ഷി ഉണർന്നു … ഞാൻ വെളളത്തിലേക്ക് ചാടിയിറങ്ങി. ചെളി കാരണം മുന്നോട്ട് നടക്കാൻ നന്നേ ബുദ്ധിമുട്ട് . വിചാരിച്ചതിനേക്കാൾ നല്ല ഒഴുക്കുമുണ്ട്. കാലിൽ എന്തോ കുത്തി കയറിയ നീറ്റൽ . കാറ്റാണെങ്കിൽ പിറ കിലോട്ട് വലിക്കുന്നു. എവിടെയൊക്കെയോ അള്ളി പിടിച്ച് കുഞ്ഞിന്റെ അരികിൽ വല്ല വിധേനയും എത്തി .. കുഞ്ഞിനെ വാരിയെടുത്തു തന്നിലേക്ക് ചേർത്ത് പിടിച്ചു. കുഞ്ഞ് നന്നേ വിറക്കുന്നുണ്ടായിരുന്നു.

എങ്ങനേലും വലിഞ്ഞ് കരയ്ക്ക് കയറി. കരിമണി സന്തോഷാധിക്യത്താൽ കരഞ്ഞ് കൊണ്ട് ഓടി വന്നു. കുഞ്ഞിനെ അവളുടെ അരികിലേക്ക് കൊടുത്തു. കാലിലെ മുറിവ് നോക്കിയപ്പോൾവല്ല്യ സാരമുള്ളതല്ല. ഒന്നു ആശ്വാസത്തോടെ നെടുവീർപ്പിട്ടു നോക്കുമ്പോൾ കരിമണി കുഞ്ഞിനെ തുടച്ച് വൃത്തിയാക്കുന്ന തിരക്കിലാണ്. നനഞ്ഞ തുണിയൊക്കെ പിഴിഞ്ഞ് ഞാൻ ഓടി വീടിനകത്തു പോയി, കുഞ്ഞിനെ തുടക്കാൻ തുണിയുമായി വന്നപ്പോൾ കരിമണി മു ലയൂട്ടു ന്നു. കുഞ്ഞുങ്ങൾ മിഴികൾ അടച്ച് ശാന്തതയോടെ അ മ്മിഞ്ഞപ്പാ ൽ നുകരുന്നു. അതിനേക്കാൾ നിർവൃതി കരിമണിയുടെ മുഖത്തും ദൃശ്യമായി. എന്നെ കണ്ടതും കരിമണി ഒന്നു നോക്കി അവളുടെ വെള്ളാരം കണ്ണുകൾ തിളങ്ങി. നന്ദിയും, സ്നേഹവും ,വാത്സല്യവും എല്ലാം ചേർന്ന മാതൃത്വത്തിന്റെ വിവിധ ഭാവങ്ങൾ ആ നയനങ്ങളിൽ മിന്നിമറഞ്ഞു …. മഴയും കാറ്റും അടങ്ങി …. വാനം ചെറിയ പുഞ്ചിരിയിലേക്ക് വഴി മാറി….. അവൾ വീണ്ടും കുഞ്ഞിനെ നക്കി തുടച്ചു കൊണ്ടേയിരുന്നു , “കരിമണി ” എന്ന് ഓമന പേരിട്ട് നമ്മൾ വിളിക്കുന്ന കറുമ്പിപ്പൂച്ച …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *