അവളുടെ കണ്ണുകളിൽ നിരാശയുടെ നിഴലുകൾ വീണു. അമ്മയുടെ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോഴും ലില്ലിയുടെ മനസ്സിൽ പല…..

കുപ്പിവളകൾ

Story written by Sumi

മഞ്ഞുപൊഴിക്കുന്ന മകരമാസത്തിലെ കൊടുംതണുപ്പിൽ ലില്ലിയുടെ ശരീരം വല്ലാതെ വിറച്ചു. എങ്കിലും അവൾ ആ അമ്പലപ്പാറാമ്പാകെ ഒന്ന് കണ്ണോടിച്ചു.
‘ ഇല്ല….. അവിടെയെങ്ങും കാണാനില്ല…. ‘ അവളുടെ കണ്ണുകളിൽ നിരാശയുടെ നിഴലുകൾ വീണു. അമ്മയുടെ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോഴും ലില്ലിയുടെ മനസ്സിൽ പല സംശയങ്ങളും മിന്നിമാഞ്ഞുകൊണ്ടിരുന്നു…..

‘ എന്തുകൊണ്ടാകും….. വരാത്തത്…… ? എല്ലാ കൊല്ലവും വരുന്നതാണല്ലോ…… ‘ മുന്നോട്ട് നടക്കുമ്പോഴും ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു.

തിരക്കേറിയ ഉത്സവപ്പറമ്പിലൂടെ നടക്കുമ്പോഴും, ദേവിയുടെ വിഗ്രഹത്തിനു മുന്നിൽ തൊഴുകൈയ്യോടെ നിൽക്കുമ്പോഴും അവളുടെ പ്രാർത്ഥന ഒന്നുമാത്ര മായിരുന്നു….

‘ വെറുതെ….. ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ….’

ദേവിയോട് ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം സ്റ്റേജിന്റെ മുന്നിലേയ്ക്ക് നടന്നു.

“കെ പി എ സിയുടെ മുടിയനായ പുത്രൻ നാടകമാണ് . നമ്മുക്ക് കണ്ടിട്ട് പോകാം…. ” അമ്മ രമയുടെ വാക്കുകൾ ദൂരെനിന്നെന്നപോലെ ലില്ലിയുടെ കാതുകളിൽ വന്ന് പതിച്ചു. മൈക്ക് സെറ്റിന്റെയും ആളുകളുടെയും ബഹളം, എന്ത് പറഞ്ഞാലും കേൾക്കാൻ കഴിയാത്ത അന്തരീക്ഷം. ഇടയ്ക്ക് കതിനാ വെടികൾ പൊട്ടുന്നുണ്ട്.

കുറച്ച് ആളുകൾ നേരത്തെ തന്നെ സ്റ്റേജിന് മുന്നിൽ സ്ഥലം പിടിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരിയ്ക്കാനായി പ്രത്യേകം സ്ഥലങ്ങൾ കയർ കെട്ടിതിരിച്ചിരിക്കുന്നു. നാടകം തുടങ്ങാനുള്ള സമയം ഇടയ്ക്കിടയ്ക്ക് അന്നൗൺസ്മെന്റിലൂടെ ആൾക്കാരെ അറിയിക്കുന്നുണ്ട്. മുന്നിലെ കർട്ടനിൽ നാടക കമ്പനിയുടെ പേര് കണ്ടു. പക്ഷെ അതൊന്നും ശ്രദ്ധിക്കാൻ ലില്ലിയുടെ മനസ്സ് സമ്മതിക്കുന്നില്ല. അവളുടെ കണ്ണുകൾ അപ്പോഴും പ്രീയപ്പെട്ട ആരെയോ തിരഞ്ഞ് ആ ഉത്സവപറമ്പാകെ ഇഴഞ്ഞുനടക്കുന്നുണ്ടായിരുന്നു.

” നാടകം തുടങ്ങാൻ…. ഇനിയും സമയമുണ്ട്. നമ്മുക്ക് പറമ്പിലൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം. നിനക്ക് കുപ്പിവളകൾ വാങ്ങണ്ടേ….. എനിക്കും ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങണം…..”

അമ്മയുടെ വാക്കുകൾ ലില്ലിയുടെ ഹൃദയത്തിൽ ചെറിയൊരു നൊമ്പരമുണർത്തി ഒപ്പം പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചവും. അവർ പറമ്പാകെ ചുറ്റി നടന്നു.

പലതരം കച്ചവടക്കാർ, പല നിറത്തിലും വലുപ്പത്തിലും പാറിക്കളിക്കുന്ന ബലൂണൂകൾക്കരുകിൽ നിന്ന് വാശിപ്പിടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലരെ ശാസിക്കുന്ന മാതാപിതാക്കൾ, അവരുടെ വാശിക്കുമുന്നിൽ കീഴടങ്ങി ഉള്ളതിൽ ഏറ്റവും വലിയ ബലൂൺ വാങ്ങിക്കൊടുക്കുന്ന ചില അച്ഛനമ്മമാർ.

കുപ്പിവളക്കച്ചവടക്കാരുടെ അരികിൽ നിന്ന് വിലപേശുന്ന പെൺകുട്ടികൾ, അവരോട് കിന്നാരം പറയുന്ന ചില കച്ചവടക്കാർ, ചിലരാകട്ടെ ദേഷ്യത്തോടെ മുഖംതിരിച്ച് നിൽക്കുന്നു. കുപ്പിവളകൾ എന്നും പെൺകുട്ടികൾക്ക് ഏറെ പ്രീയമുള്ള ഒന്നാണ്. പ്രായം എത്ര കഴിഞ്ഞാലും കുപ്പിവളകൾ കയ്യിൽ അണിയാൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഈ ഭൂമിയിൽ ഉണ്ടാകില്ല.

ചോളപ്പൊരിയും, ഈന്തപ്പഴവും, കരിമ്പുമൊക്കെ നിരത്തിവച്ച് വിൽക്കുന്നവർക്ക് അരികിൽ ആളുകൾ വട്ടമിട്ട് നിന്ന് ഓരോന്നും വാങ്ങുന്നു. എന്തൊരു മേളമാണ് ഓരോ ഉത്സവപ്പറമ്പും. ജാതിയും മതവും ഒന്നുമില്ലാതെ ഒത്തൊരുമയോടെ ആളുകൾ കൂടുന്ന സ്ഥലം. കർപ്പൂരത്തിന്റെയും ചന്ദത്തിരിയുടെയും സുഗന്ധം പരക്കുന്ന അമ്പലമുറ്റവും, കൊട്ടും കുരവയും ആർപ്പുവിളികളുമായി നടന്നു നീങ്ങുന്ന ഘോഷയാത്രയും, കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങാനായി അവർക്ക് ചുറ്റും കൂടുന്നവരുടെയും ബഹളവും, ഇടയ്ക്കിടയ്ക്ക് കാതുതുളയ്ക്കുന്ന ഒച്ചയോടെ പൊട്ടുന്ന കതിനാവെടികളുടെ മുഴക്കവും, പിന്നെ മൈക്ക് സെറ്റിലൂടെ ഒഴുകി വരുന്ന ഗാനങ്ങളും, ഒക്കെക്കൂടി ചേരുമ്പോൾ ഏതൊരാളുടെ മനസ്സിലും ഉത്സവത്തിന്റെ തിരയിളക്കം കാണാം.

പക്ഷെ ഇതൊന്നും കാണാനും കേൾക്കാനും കഴിയാതെ ലില്ലി ആൾക്കൂട്ടത്തിനിടയിലൂടെ എന്തോ തിരഞ്ഞ് നടക്കുകയാണ്. രമ എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്.

പല നിറത്തിൽ മനോഹരമായ കുപ്പിവളകൾ നിരത്തിവച്ചിരിക്കുന്ന ഒരു കച്ചവടക്കാരന് മുന്നിൽ രമ നിന്നു.

” ലില്ലി….. നിനക്ക് വള വേണ്ടേ…..”

” വേണ്ടമ്മേ….. “

” അതെന്താ…. മോളെ….. നീ ഇവിടെ വന്നാൽ വള വാങ്ങാതെ പോകാറില്ലല്ലോ….. അതും കൈ നിറയെ….. ഇപ്പോൾ നിനക്ക് എന്തുപറ്റി….”

” അത്…. പിന്നെ…. ഇപ്പോൾ…. എനിക്കെന്തോ വാങ്ങാനുള്ള മനസ്സ് ഇല്ല….. വല്ലാത്തൊരു തലവേദന…..” അവൾ വെറുതെ നെറ്റിയിൽ കൈവച്ചു.

” ഓഹ്…. എങ്കിൽപിന്നെ നമ്മുക്ക് വീട്ടിലേയ്ക്ക് പോകാം…. തലവേദനയായിട്ട്…. മഞ്ഞുകൊണ്ടാൽ പിന്നെ പനിവരും…. കോളേജിൽ പോകാനും പറ്റില്ല…..”

അമ്മയുടെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ആശ്വാസമായി. അവിടെ നിൽക്കാനോ ഉത്സവം ആസ്വദിക്കാനോ ഉള്ള മനസ്സുണ്ടായിരുന്നില്ല. എല്ലാ വർഷവും വളരെ ഉത്സാഹത്തോടെ ആ പറമ്പിലൂടെ അവൾ ഓടിനടക്കു മായിരുന്നു. ചുവപ്പും കറുപ്പും കുപ്പിവളകൾ വാങ്ങി ഇടകലർത്തി രണ്ടു കൈയ്യിലും നിറയെ ഇടുമായിരുന്നു. അന്ന് അത് കാണാൻ അവൾക്കേറെ പ്രീയമുള്ള ഒരു മുഖമുണ്ടായിരുന്നു അവിടെ. ഇന്ന് അവൾ അവിടമാകെ പരതിയിട്ടും ആ മുഖം കാണാൻ കഴിഞ്ഞില്ല. അവർ വീട്ടിലേയ്ക്ക് മടങ്ങി.

വീട്ടിലെത്തിയ ഉടൻ അവൾ റൂമിൽ കയറി വാതിലടച്ചു. കട്ടിലിലേയ്ക്ക് മെല്ലെ ചാഞ്ഞു. അവളുടെ ഓർമ്മകൾ പിന്നിലേയ്ക്ക് നടക്കാൻ തുടങ്ങി.

അമ്പലക്കമ്മറ്റി അംഗമായ അച്ഛന്റെ കൈകളിൽ തൂങ്ങി സ്ഥിരമായി ഉത്സവം കാണാൻ പോയിരുന്ന കുട്ടിക്കാലം.അവിടെ നിന്ന് കൗമാരത്തിലെയ്ക്ക് കടക്കാൻ തുടങ്ങിയപ്പോഴാണ് കുപ്പിവളകളെ സ്നേഹിക്കാൻ തുടങ്ങിയത്. ശരീരത്തിലെ മാറ്റങ്ങൾ മനസ്സിലും ചലനങ്ങൾ വരുത്തിയന്നാൾ കുപ്പിവള വിൽക്കാൻ അമ്പലപ്പറമ്പിൽ എത്തിയ പതിനെട്ടുകാരൻ പയ്യനിൽ തന്റെ മനസ്സ് ഉടക്കി. രമേശ്‌ അതായിരുന്നു അവന്റെ പേര്.

അന്ന് തനിയ്ക്ക് വയസ്സ് പതിന്നാല്. പിന്നെ ഓരോ വർഷവും ഉത്സവം എത്തുന്നതും നോക്കിയിരിക്കും. അവന്റെ അടുക്കൽ എത്താൻ കൊതിച്ച് ദിവസങ്ങളും മാസങ്ങളും എണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ മനസ്സും ഹൃദയവും പിടച്ച് ഓടി അവനരുകിൽ എത്തും. ചുവപ്പും കറുപ്പും വളകൾവാങ്ങി കൈനിറയെ അണിയും. കൂട്ടുകാർക്കൊപ്പം വെറുതെ അവന് മുന്നിലൂടെ നടക്കും. പക്ഷെ അവൻ തന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കാറുപോലുമില്ല. എങ്കിലും വെറുതെ അവനെ നോക്കി അങ്ങനെ നടക്കും, തന്നെയൊന്ന് നോക്കിയിരുന്നെങ്കിലെന്ന് വെറുതെ മോഹിക്കും. പിന്നെ നിരാശയോടെ മടങ്ങും. അഞ്ചു ദിവസത്തെ ഉത്സവം കഴിയുമ്പോൾ പറമ്പാകെ ഒഴിയും. ആ കൂട്ടത്തിൽ അവനും എവിടെയോ പോയൊളിക്കും. പിന്നെയും അവന് വേണ്ടിയുള്ള കാത്തിരിപ്പാണ്. പക്ഷെ തന്റെയാ കാത്തിരുപ്പ് അവൻ മാത്രം അറിഞ്ഞിട്ടുണ്ടാകില്ല….. ലില്ലിയുടെ കണ്ണുകൾ നിറഞ്ഞു……. നിരാശയുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി……

ഇന്ന് ലില്ലിയ്ക്ക് വയസ്സ് ഇരുപത്തിരണ്ട് ആയിരിക്കുന്നു. വിവാഹാലോചനകൾ വരുമ്പോഴൊക്കെ പഠിക്കണമെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറും. എന്നെങ്കിലും തന്റെ പ്രണയം മനസ്സിലാക്കി അവൻ വരുമെന്ന് വെറുതെ മോഹിച്ച് കാത്തിരിക്കുന്നു. ഈ വർഷത്തെ ഉത്സവം കഴിഞ്ഞ് അമ്പലപ്പറമ്പ് നിശബ്ദമായി. ലില്ലിയുടെ മനസ്സിലും നഷ്ടബോധത്തിൻ മൂകത തളംകെട്ടി.

ദിവസങ്ങൾ കഴിയവേ ബ്രോക്കർ നാരായണൻ ഒരു വിവാഹാലോചനയുമായി ലില്ലിയുടെ വീട്ടിലെത്തി.

“സർക്കാർ ഉദ്യോഗസ്ഥാനാണ് പയ്യൻ. വീട്ടിൽ അച്ഛനും മകനും പിന്നെ ഒരു പെങ്ങളും. പെങ്ങളുടെ വിവാഹം കഴിഞ്ഞ് വേറെ താമസിക്കുന്നു. വലിയ സാമ്പത്തികമൊന്നും ഇല്ല. പയ്യന് ജോലി ഉണ്ട്….പിന്നെ സ്വഭാവവും കൊള്ളാം….. എന്തു പറയുന്നു.” നാരായണന്റെ വാക്കുകൾ കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും സമ്മതം. മറുത്ത് പറയാൻ വാക്കുകളില്ലാതെ നിശബ്ദയായി ലില്ലി നിന്നു.

” പിന്നെ…. നാരായണാ….. അവൾ ഞങ്ങൾക്ക് ഒറ്റ മോളാണ്….. അത്യാവശ്യം ചുറ്റുപാടും ഞങ്ങൾക്കുണ്ട്…. തനിയ്ക്കറിയാല്ലോ. പയ്യന്റെ ജോലിയും സ്വഭാവവും മാത്രമേ ഞാൻ നോക്കുന്നുള്ളൂ. മറ്റൊന്നും തിരക്കുന്നുമില്ല. നീ നമ്മളെ ചതിക്കില്ല എന്നറിയാം…..” അച്ഛന്റെ വാക്കുകളിൽ കല്യാണത്തിന് നൂറുവട്ടം സമ്മതം എന്ന ധ്വനി ഉള്ളതുപോലെ ലില്ലിയ്ക്ക് തോന്നി. ഇനി എതിർത്തുനില്ക്കാൻ കഴിയില്ലെന്ന് അവൾക്കറിയാം. അല്ലെങ്കിൽത്തന്നെ എന്തുപറഞ്ഞാണ് ഒഴിഞ്ഞുമാറുക….. ആർക്കുവേണ്ടിയാണ് കാത്തിരിക്കുക…..

പെണ്ണുകാണാൻ ചെറുക്കനും കൂട്ടുകാരനും എത്തി. ലില്ലി മനസ്സില്ലാമനസ്സോടെ ചായയുമായി അവർക്കരുകിലേയ്ക്ക് നീങ്ങി. മെല്ലെ മുഖമുയർത്തി പയ്യനെ ഒന്ന് നോക്കി….. അവളുടെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. കാണാൻ ആഗ്രഹിച്ച മുഖം കണ്മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്നു. തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾക്ക്. വീണ്ടും വീണ്ടും ആ മുഖത്തേയ്ക്ക് നോക്കി. തന്നെ വിഡ്ഢിയാക്കിയതുപോലുള്ള പുഞ്ചിരിയുമായി അവൻ തനിക്ക് മുന്നിൽ….. അവൾ തിരിഞ്ഞ്….. അടുക്കളയിലൂടെ വീടിന്റെ പിൻഭാഗത്തേയ്ക്ക് ഓടി….. അപ്പോഴും താൻ സ്വപ്നം കാണുകയാണോ എന്നവൾ ചിന്തിച്ചു…..

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ അവൾക്കരുകിലെത്തി…… അവന്റെ കയ്യിൽ ഒരു സമ്മാനപ്പൊതിയുണ്ടായിരുന്നു. ആ മുഖത്തേയ്ക്ക് നോക്കാൻ കഴിയാതെ തലകുനിച്ച് ലില്ലി നിന്നു….

” ലില്ലി….. ” അവൻ മെല്ലെ വിളിച്ചു. അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി.

” ഒട്ടും പ്രതീക്ഷിച്ചില്ല….അല്ലേ…..” അവൻ കൊണ്ടുവന്ന ആ സമ്മാനം അവൾക്കുനേരെ നീട്ടി…. അവൾ അത് വാങ്ങി….

” മ്മ്മ്….” അവൾ മൂളി, ഒരിക്കൽപോലും തന്നെയൊന്നു ശ്രദ്ധിക്കാത്ത ഈ മനുഷ്യൻ ഇപ്പോൾ ഇവിടെ ഈ വേഷത്തിൽ എങ്ങനെ എത്തിയെന്ന് അവൾ അതിശയിച്ചു…. അതവളുടെ കണ്ണുകളിലൂടെ അവൻ വായിച്ചു.

” നീ…. ചിന്തിക്കുന്നത് എനിക്കറിയാം….. നി എന്നെക്കാണുന്നതിനു മുന്നേ നിന്നെ ഞാൻ കണ്ടു. പക്ഷെ നിന്നെ മോഹിക്കാനുള്ള യോഗ്യത അന്നെനിക്ക് ഉണ്ടായിരുന്നില്ല. അവധി ദിവസങ്ങളിൽ അച്ഛനോടൊപ്പം ആദ്യം കച്ചവടപറമ്പിൽ എത്തിയിരുന്ന ഞാൻ നിന്റെ നാട്ടിലെ ഉത്സവത്തിന് മാത്രം അവധിയെടുത്ത് വരാൻ തുടങ്ങിയതും മനപ്പൂർവ്വമായിരുന്നു. നിന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു നിൽക്കുമ്പോഴും എന്നെങ്കിലും നിന്റെ മുന്നിൽ ഇതുപോലെ വന്ന് നിൽക്കാൻ കഴിയണേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സുനിറയെ . അതിനു കഴിഞ്ഞില്ലെങ്കിലോ എന്ന ഭയംകൊണ്ട് നിന്നെ വേദനിപ്പിക്കാതെ ഒഴിഞ്ഞുമാറി ഞാൻ നടന്നു. അതും ജീവനുതുല്യം ഞാൻ സ്നേഹിച്ച പെണ്ണിന്റെ കണ്ണീരു വീഴ്ത്താൻ ആഗ്രഹമില്ലാഞ്ഞിട്ട് തന്നെയായിരുന്നു. പക്ഷെ ദൈവം എന്റെ പ്രാർത്ഥന കേട്ടു. ഇനി നിന്നെ ഒരിക്കലും ഞാൻ ഉപേക്ഷിക്കില്ല….. ” രമേഷിന്റെ വാക്കുകളിൽ ഒരു പുരുഷന്റെ സ്നേഹമുണ്ടായിരുന്നു, ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാനുള്ള ഉറച്ച തീരുമാനമുണ്ടായിരുന്നു.

ലില്ലിയ്ക്ക് ഒരുപാട് സന്തോഷമായി. രമേഷിന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞ് അവൾ നിന്നു. അവളുടെ മുടിയിഴകൾ തഴുകിയ അവന്റെ കൈകൾക്ക് സ്നേഹിച്ച പെണ്ണിനെ സംരക്ഷിക്കാനുള്ള കരുത്തുണ്ടായിരുന്നു…… ആ കരവലയത്തിനുള്ളിൽ എന്നും താൻ സുരക്ഷിതയായിരിക്കും എന്ന വിശ്വാസം അവൾക്കുമുണ്ട്………

അവർ യാത്ര പറഞ്ഞ് ഇറങ്ങിയ ശേഷം ലില്ലി ആ സമ്മാനപ്പൊതിയുമായി തന്റെ റൂമിലേയ്ക്ക് കയറി. അവൾ മെല്ലെ അത് തുറന്നു നോക്കി. ഒരു പെട്ടിനിറയെ…… അവൾക്കേറെ പ്രീയമുള്ള……. കറുപ്പും…… കറുപ്പും കുപ്പിവളകൾ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *