കല്യാണം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് നല്ലവളായ കൂട്ടുകാരി ഇവളോട് മിക്കവാറും പറഞ്ഞു കൊടുത്ത് മനസിലാക്കിക്കാൻ ശ്രമിക്കാറുണ്ട്……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

മുൻവശത്തെ രണ്ട് വരി പല്ലുകളും വെളിയിലോട്ട് തള്ളി നിക്കുന്ന ഒരു പാവം പെണ്ണ്…

പത്തിൽ തോറ്റതോടെ കല്യാണ പ്രായമാവുന്നതിന് മുന്നേ അവളെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കാൻ വേണ്ടി വീട്ടുകാർ ആലോചന തുടങ്ങി..

പല്ലിന്റെ പ്രശ്നം കാരണം വരുന്നവർക്കൊന്നും ഇവളെ ഇഷ്ടപ്പെടുന്നില്ല..

പോകെപ്പോകെ കല്യാണത്തോട് ഇവൾക്ക് വല്ലാത്ത വെറുപ്പായി …

അവൾക്കെന്തോ ആണുങ്ങളെ കാണുന്നതേ പിന്നങ്ങോട്ട് ഇച്ചീച്ചിയായി….

വീട്ടുകാർക്ക് പുള്ളിക്കാരിയെക്കൊണ്ട് യാതൊരു ശല്യവുമില്ല.. വല്ലപ്പോഴും കല്യാണക്കാര്യം പറയുന്നതൊഴിച്ചാൽ വീട്ടുകാരെക്കൊണ്ട് അവൾക്കും വേറെ ശല്യമൊന്നുമില്ല ..

അവൾക്കൊരു കൂട്ടാരിയുണ്ട്..

തനി തങ്കം പോലൊരു പെണ്ണ്.. ആ പെണ്ണിനെപ്പോലൊരു നല്ല പെണ്ണ് വേറെ കാണില്ല.. അത്രേം പാവം..

കല്യാണം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് നല്ലവളായ കൂട്ടുകാരി ഇവളോട് മിക്കവാറും പറഞ്ഞു കൊടുത്ത് മനസിലാക്കിക്കാൻ ശ്രമിക്കാറുണ്ട്..

കല്യാണം കഴിച്ചാൽ ആരേം പേടിക്കാതെ കയ്യും പിടിച്ചോണ്ട് നടക്കാൻ പൊന്ന് പോലൊരു കെട്ടിയോനെയും അത് വഴി എളീൽ തട്ടിക്കൊണ്ട് നടക്കാൻ സ്വന്തമായി അഞ്ചാറു പിള്ളേരെയും കിട്ടുമെന്നൊന്നും കൂട്ടാരി പറഞ്ഞിട്ട് ലവള് വിശ്വസിയ്ക്കുന്നില്ല..

എന്തൊക്കെ എങ്ങനൊക്കെ പറഞ്ഞിട്ടും ലവക്ക് വേണ്ടാ പോലും..

അവൾടമ്മച്ചി മരിച്ചു പോയപ്പോ “ഇനിയിങ്ങനെ നിന്നാലൊക്കത്തില്ലെന്ന് ” അച്ഛനും ആങ്ങളമാരും കൂടെ തറപ്പിച്ചു പറഞ്ഞു..

ഈ പല്ലും വെച്ചോണ്ട് ഇനിയൊരുത്തന്റെയും മുന്നിൽ ചെന്ന് നിക്കത്തില്ലെന്ന് ലവളും..

വീട്ടുകാരും “തങ്കം പോലത്തെ കൂട്ടാരിയും ” കൂടെ ആഞ്ഞു നിർബന്ധിച്ചു.. കൂട്ടാരിക്ക് ലവളെ കല്യാണം കഴിപ്പിക്കാൻ മുട്ടീട്ട് വയ്യ…

ഒടുക്കം പല്ലിന്റെ പ്രശ്നം പരിഹരിയ്ക്കാനായി കമ്പിയിടാമെന്ന് വീട്ടുകാർ തീരുമാനിക്കുന്നു.. പെണ്ണ് അംഗീകരിയ്ക്കുന്നു..

അങ്ങനെ പുള്ളിക്കാരി പല്ലിൽ കമ്പിയിട്ട്… പല്ല് അകത്തോട്ട് ഒതുങ്ങാൻ തുടങ്ങി..

“ആഹാ,, നല്ല ചുന്ദരിയായല്ലോന്ന്,, തങ്കം പോലുള്ള കൂട്ടാരി പറഞ്ഞു..

ആയിടയ്ക്ക് അവൾക്കൊരു നല്ല കല്യാണാലോചന വന്നു..

തങ്കം പോലുള്ള കൂട്ടാരി കല്യാണം കഴിച്ചാൽ കിട്ടുന്ന ലോട്ടറികളെക്കുറിച്ച് വ്യക്തമായി പറഞ്ഞ് അവളെ മാനസികമായി റെഡിയാക്കി..

അവക്ക് അന്നേരം തന്നെ കല്യാണം കഴിക്കാൻ വെപ്രാളം..

അങ്ങനെ കല്യാണ ദിവസം വന്നു..

തങ്കം പോലുള്ള കൂട്ടാരിയും കൊച്ചുങ്ങളും കല്യാണത്തിന് ചെന്നു..

മണവാട്ടി ഒരുങ്ങി ഈച്ചയുമടിച്ചിരിയ്ക്കുന്നു..

മണവാട്ടിയുടെ അടുത്തോട്ട് കൊച്ചിനേം തൂക്കിയെടുത്ത് ചെന്ന തങ്കം പോലൊള്ള കൂട്ടാരിയുടെ വായിൽ ഒരു ബബിൾഗം കിടപ്പൊണ്ടാരുന്നു..

കയ്യിലെ ബാഗിലും അഞ്ചാറു ബബിൾഗം ഇരിപ്പോണ്ടാരുന്നു..

“എന്തുവാടീ വായിലെന്ന് ” ലവൾ….

“ബബിൾഗമാണെന്ന് “.. മറ്റേ തങ്കം..

കൊച്ചിലെ മുതൽ ബബിൾഗത്തോട് വല്യ ആക്രാന്തമൊള്ള പല്ലിൽ കമ്പിയിട്ടവൾക്ക് അന്നേരം ബബിൾഗം ചവയ്ക്കണം..

മറ്റേ തങ്കം കൊടുത്തില്ല കേട്ടോ..

വീഡിയോ പിടിക്കുന്ന അണ്ണനൊക്കെ ശ്രദ്ധിയ്ക്കുന്നെന്ന് മനസിലായപ്പോ മണവാട്ടി കൊച്ചു കുഞ്ഞിനെപ്പോലെ കൊഞ്ചാൻ തുടങ്ങി.. കല്യാണത്തിനൊക്കെ ഇപ്പൊ അതാണല്ലോ ട്രെൻഡ്…വീഡിയോക്കാരൻ അത് കൃത്യമായി പകർത്താനും..

“എന്തൊരു നാശമെങ്കിലും കാണിക്കട്ടെന്ന്” വിചാരിച്ച് മറ്റേ തങ്കം ഒരു ബബിൾഗമങ്ങോട്ട് കൊടുത്തു..

അപ്പൊ അവക്ക് ഒന്നൂടെ വേണം പോലും.. മൂന്ന് വയസുള്ള കുഞ്ഞിനെപ്പോലെ മുതുക്കി നിന്നങ്ങു കൊഞ്ചുവാ..

“മുടിയട്ടെന്ന് “പറഞ്ഞോണ്ട് ഒന്നൂടെ കൊടുത്തു.. അവളത് വായിലിട്ട് ചവയ്ക്കുന്നു.. വീഡിയോ അണ്ണൻ അത് പിടിക്കുന്നു..

ചവയുടെ ഊക്ക് കൂടിയപ്പോ ലവളാ ബബിൾഗം വീർപ്പിക്കാൻ തുടങ്ങി.. മുഹൂർത്തം വരെ വെറുതെയിരിക്കണ്ടല്ലോ..

വീർപ്പിച്ച ബബിൾഗം തിരിച്ചു വായിലോട്ടെടുത്തതും പുല്ലെല്ലാം കൂടെ പല്ലേലിട്ടേക്കുന്ന കമ്പീൽ കേറി കുരുങ്ങി..

വാ നെറച്ചു വല പോലെ തൂങ്ങിക്കിടക്കുവാടേ ..

എന്തോ ചെയ്യുമെന്ന് പറ.. വല്ല കാര്യോംണ്ടാരുന്നോ..

അവളെങ്ങനൊക്കെ നോക്കിയിട്ടും പകുതിയിൽ കൂടുതൽ വല പല്ലേ കുരുങ്ങി കിടക്കുന്നു…

വേറെയെവിടെങ്കിലുമാന്നെങ്കിൽ ആരെങ്കിലും കയ്യിട്ടെടുത്തു കൊടുക്കും..

വായിലെങ്ങനെ കയ്യിടും..

മുഹൂർത്തം തുടങ്ങിയപ്പോഴും ലവള് വായും പൂട്ടി വലവിരിച്ചിരിക്കുവാ.. ഒന്ന് ചിരിക്കുന്ന പോലുമില്ല.. ആരാണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിച്ച പോലെ..

കൂട്ടാരിയോട് മിണ്ടുന്നില്ലെടേ..

വല്ലൊരുടേം കയ്യിൽ എന്തെങ്കിലും സാനം ഇരിക്കുന്നത് കാണുമ്പോ വായിൽ വെള്ളം നിന്നില്ലെങ്കി അങ്ങനിരിക്കുമെന്ന് കൂട്ടാരിയും വിചാരിച്ചു..

കല്യാണം കഴിഞ്ഞ രാത്രി മൊത്തം ഇവള്ടെ പല്ലേൽ വിരിച്ചിട്ടിരുന്ന വല എടുത്ത് മാറ്റുവായിരുന്നെന്നാ അതിയാൻ പറഞ്ഞറിഞ്ഞത്..

ആദ്യരാത്രി നശിപ്പിച്ചു കയ്യിൽ കൊടുത്തത് തങ്കം പോലുള്ള കൂട്ടാരിയാണെന്നാ ലവള് പറയുന്നത്.. അല്ലാതെ അവള്ടെ ആക്രാന്തം കൊണ്ടല്ല..

കൂട്ടാരിയൊന്നും പണയാൻ പോയില്ല..

വർഷങ്ങൾ മൂന്നാലു കഴിഞ്ഞു..

ഇന്ന് സ്റ്റാറ്റസ് നോക്കിയപ്പോഴാ ആ മനോഹര ദിവസത്തിന്റെ നാലാം വർഷമാണെന്നറിയുന്നത്…

എന്തായാലും തങ്കത്തിന്റെ കൂട്ടാരിയ്ക്ക് നിറയെ സ്നേഹത്തോടെ വിവാഹവാർഷികാശംസകൾ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *