കാലം കാത്തുവച്ചത് ~ ഭാഗം 08, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ശ്രീ ഹരിയുടെ ഭാര്യയായി മംഗലത്ത് തറവാട്ടിലേക്ക്….

വാക്കുകൾ കൂരമ്പുകളായി ഉള്ളിൽ തറഞ്ഞു നിന്നു….

വിശപ്പും ദാഹവും കെട്ടടങ്ങി..

ഓരോ നിമിഷങ്ങളും എണ്ണി മനസ്സ് ശൂന്യമാക്കാൻ ശ്രമിച്ചു… മുറിക്കു പുറത്തിറങ്ങാൻ അനുവാദം ഇല്ലാത്തതിൽ വിഷമം തോന്നിയില്ല.. മുറിക്കുള്ളിൽ ഒതുങ്ങിയത് പോലെ സ്വയം ഉൾവലിയാൻ തുടങ്ങി.. ഇടക്കെപ്പോഴോ അമ്മ വന്നപ്പോൾ നിമ്മി ഫോൺ ചെയ്തിരുന്നതായി പറഞ്ഞു ഒന്നും കേൾക്കാനോ പറയാനോ ഉള്ള മാനസിക അവസ്ഥ ഉണ്ടായില്ല.. മ രിക്കാനുള്ള സമയം കുറിക്കപ്പെട്ടവൾക്ക് അടുത്ത നിമിഷം എന്തെന്നുള്ള വേവലാതി ഉണ്ടാവില്ലല്ലോ… കുരുക്കൾ കൂടുതൽ പൊന്തി വരുന്നതു നോക്കിയും കിടക്കയിൽ വിരിച്ച ആര്യവേപ്പില തണ്ടിൽ നിന്നും കൊഴിയുന്ന ഇലകൾ എണ്ണിയും നേരം കഴിച്ചു കൂട്ടി..

എണ്ണ പുരളാത്ത മുടിയും ചുരുങ്ങി വരുന്ന കുരുക്കളും എല്ലാം കൂടി ഒരു കോലമായി എന്ന് അമ്മ പറഞ്ഞു.. ഞാൻ കണ്ണാടിയിൽ നോക്കിയില്ല… എന്തിനു നോക്കണം…. എന്താണ് കാണാനുള്ളത്…. എങ്ങിനെ ആയാലും ഇനി ഒന്നുമില്ല…നന്നായാലും ഇല്ലെങ്കിലും ജീവിച്ചാലും മരിച്ചാലും… എല്ലാം ഒരുപോലെ.

കലണ്ടർ താളുകൾ മറിയും പോലെ ആണ് ദിനങ്ങൾ കടന്നു പോയത്… ദേഹത്തു ചെറിയ വടുക്കൾ അവശേഷിപ്പിച്ചു അസുഖം ഭേദമായി… രാവിലെ അമ്മ വന്നു തലയിൽ തേയ്ക്കാൻ കാച്ചെണ്ണയും ദേഹത്തു പുരട്ടാൻ രക്തചന്ദനവും കൊണ്ടുവന്നു വച്ചു..

കുഞ്ഞീ…. കുളപ്പടവിലേക്ക് പൊക്കോളൂ… അവിടെ ആരും കുളിക്കാറില്ലല്ലോ…. നന്നായൊന്നു കുളിച്ചോളൂ….

ഉം… മൂളിക്കൊണ്ടു ഞാൻ മാറാനുള്ള വസ്ത്രവും എണ്ണയും ദേഹത്തു പുരട്ടാനുള്ള രക്തചന്ദനവും എടുത്ത് അകത്തളത്തിലൂടെ കുളപ്പടവിലേക്ക് പോയി.. മൂന്നു വശവും ഒരാൾപൊക്കത്തിൽ ചെങ്കല്ല് കൊണ്ട് കെട്ടിയ കുളത്തിൽ വീട്ടിൽ ഉള്ളവർക്ക് മാത്രം കുളിക്കാനായി പടവും മറപ്പുരയും ഉണ്ട്….. പടവിനു മുകളിൽ നനയാതിരിക്കാനായി ഓട് മേഞ്ഞിട്ടുണ്ട്… വിശേഷങ്ങൾക്ക് ബന്ധുക്കൾ എല്ലാം വരുമ്പോൾ മാത്രമാണ് കുളപ്പടവിൽ കുളിക്കാറുള്ളത്..

മറപ്പുരയിൽ വസ്ത്രം മാറി തലമുടി കെട്ടഴിച്ചിട്ടു എണ്ണ മുഴുവൻ തലയിലേക്ക് ഒഴിച്ചു… കല്പടവിലേക്ക് ഇരുന്ന് രക്തചന്ദനം കുളത്തിലേക്ക് ഇട്ടു… വടുക്കൾ പോവണ്ടാ… ഏറെ നേരം വെള്ളത്തിൽ കാൽ ഇറക്കി വച്ചിരുന്നു. പരൽ മീനുകൾ കാൽ വിരലുകൾക്കിടയിൽ പതുങ്ങി നിന്നു എന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം തുടങ്ങി… അറിയാമോ… എത്ര വിഷമാവസ്ഥയിൽ ആണെങ്കിലും പലപ്പോഴും തീരെ നിസ്സാരമായി ഒഴിച്ചു വിടുന്ന കാര്യങ്ങൾ നമ്മളിൽ കാരണമില്ലാത്ത എന്നാൽ ആത്മാർത്ഥമായ പുഞ്ചിരി വിടർത്തും… ഇപ്പോൾ എനിക്കും അതെ.

അറിഞ്ഞുകൊണ്ടൊരു പുഞ്ചിരി വിടരാൻ ഒരിടയും ഇല്ലാത്ത എന്റെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഈ പരല്മീനുകൾക്കായി… വെള്ളത്തിനടിയിൽ തെളിഞ്ഞു കണ്ട കാലുകളിൽ കുരുക്കളുടെ അവശേഷിപ്പുകൾ കണ്ടു.. തലയിൽ നിന്നും ഒഴുകി മുഖത്തേക്കിറങ്ങിയ എണ്ണ കൺപോളകളിൽ എത്തിയപ്പോൾ പതിയെ കുളത്തിലേക്കിറങ്ങി രണ്ടു കൈകളിലും വെള്ളമെടുത്തു മുഖത്തേക്ക് ഒഴിച്ചു.. പിന്നെ കുളത്തിൽ മൂന്നു നാല് തവണ മുങ്ങി നിവർന്നു മറപ്പുരയിലേക്ക് കടന്നു.

ഉപയോഗിക്കാതെ കിടന്ന് ഈർപ്പം നിറഞ്ഞു വഴുക്കൽ നിറഞ്ഞിരുന്നു.. മാറ്റിയുടുക്കാനായി വച്ച തുണികൾ നോക്കിയപ്പോൾ ഒന്നും കാണാനായില്ല.. കൊണ്ടുവന്നിരുന്നതാണല്ലോ… ഉണങ്ങിയ തോര്തെടുത്തു മുടി ചുറ്റികെട്ടി പുറത്തേക്കിറങ്ങി. തുണികളുമായി അയാൾ പുറത്ത് നിൽക്കുന്നു.. നോട്ടം നനഞ്ഞു നിൽക്കുന്ന എന്റെ ദേഹത്തെക്കാണ്.. മുടിയിൽ കെട്ടിയ തോർത്തു വലിച്ചഴിച്ചു ദേഹം പുതച്ചു…

പുതച്ചു മൂടിയിട്ടെന്താ എന്നായാലും ഞാൻ കാണാനുള്ളതല്ലേ…. വഷളൻ ചിരിയോടെ അയാൾ പറഞ്ഞു..

തന്റെ തോന്നിവാസം എന്റെ കഴുത്തിൽ തന്റെ താലി വീണതിന് ശേഷം മതി.. അയാളുടെ മുഖത്ത് നോക്കി മൂർച്ചയോടെ പറയുമ്പോൾ ഞാൻ തന്നെ അത്ഭുതപെട്ടിരുന്നു.. ഭയന്ന് ഒഴിഞ്ഞു മാറിയിരുന്ന എന്റെ ധൈര്യം കണ്ടിട്ടാവണം അയാൾ അമ്പരന്നു നിൽക്കുന്നുണ്ട്… അയാളുടെ കയ്യിൽ നിന്നും തുണികൾ ബലമായി പിടിച്ചു വാങ്ങി ഞാൻ വീട്ടിലേക്ക് നടന്നു…

വെള്ളം ഉതിരുന്ന മുടിയും ദേഹവുമായി വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അച്ഛമ്മ ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു.. കുഞ്ഞീ കുളിച്ചിട്ട് ഈറൻ മാറാതെയാണോ വരണേ… കല്യാണം അടുത്തു.. ഇനിയും ദീനം വരുത്തണ്ടാ…… ഹരിക്കുട്ടൻ ഇനിയും കാത്തിരിക്കുംന്ന് തോന്നണില്യ….ചടങ്ങ് നടക്കാൻ കാത്തിരിക്കാതെ കൂട്ടികൊണ്ട് പോവും… ചിരിയോടെ അച്ഛമ്മ പറഞ്ഞത് എന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവിൽ നിന്നും വേദന അരിച്ചിറങ്ങി….

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനെ തോന്നിയില്ല.. അസുഖം മാറി കുളിച്ച വിവരം അറിഞ്ഞു മാമി വീട്ടിൽ വന്നു… അച്ഛനുമായി സംസാരിക്കുന്നുണ്ടായിരുന്നു… ഒന്നും അറിയാൻ ആഗ്രഹം തോന്നിയില്ല..

വീട് ഒരു വിവാഹത്തിനായി ഒരുങ്ങി തുടങ്ങി. വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അച്ഛൻ വാങ്ങി കൊണ്ടുവന്നു…. എന്റെ അഭിപ്രായം അന്വേഷിക്കാതെ..

നിനക്കാതെ ഒരു അഥിതി കയറിവന്നു…

നിമ്മി…

എന്നെ കണ്ടതും ഓടിവന്നു ഇറുക്കെ കെട്ടിപിടിച്ചു.. തോളിൽ നനവ് തട്ടിയപ്പോഴാണ് നിമ്മി കരയുകയാണെന്ന് മനസ്സിലായത്..

നിമ്മീ….. എനിക്ക് വിഷമം ഒന്നുല്ല നിമ്മീ… ഞാൻ എന്തിനും തയ്യാറായി കഴിഞ്ഞു…എല്ലാവരും ആഗ്രഹിക്കുന്നത് ഈ വിവാഹം അല്ലെ…. അത് നടക്കട്ടെ…

കണ്മഷി പടർന്ന കണ്ണുകൾ ഉയർത്തി അവളെന്നെ നോക്കി… പരിഭവം നിറഞ്ഞ കണ്ണുകൾ എന്നിൽ ചിരി ഉണർത്തി….

ആര്യനെ കുറിച്ച് അറിയണം എന്നുണ്ട്… അവൻ ഇഷ്ടം പറഞ്ഞ അന്ന് കണ്ടതാണ്… അവൻ എന്നെ അന്വേഷിച്ചോ, വിവരങ്ങൾ അവൻ അറിഞ്ഞോ… അങ്ങനെ അങ്ങനെ കുറേ ഏറെ കാര്യങ്ങൾ… പക്ഷെ ഒന്നും മനസ്സിൽ നിന്ന് വാക്കുകൾ ആയി പുറത്തു വന്നില്ല…

ഞാൻ ഇടക്ക് വിളിച്ചിരുന്നു ഗായൂ… അപ്പോ അമ്മ പറഞ്ഞു നിനക്ക് ചിക്കൻപോക്സ് ആണെന്നും അസുഖം മാറിയാൽ വിവാഹം നടത്തുമെന്നും..

എന്നാലും ഇത്രവേഗം…. കോഴ്സ് എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ നിനക്ക് വേറെ എങ്ങോട്ടേക്ക് എങ്കിലും ഇറങ്ങി പോവാമായിരുന്നു.. ഇതിപ്പോ…. നിമ്മി പകുതി വച്ചു നിർത്തി.

എപ്പോഴായാലും എനിക്ക് രക്ഷയില്ല നിമ്മീ… ഞാൻ പോയാൽ അമ്മ… അമ്മയെ കുറിച്ച് ആലോചിച്ചോ… ഇപ്പോൾ തന്നെ അമ്മ ഒരുപാട് വേദനിക്കുന്നുണ്ട് എന്റെ പേരിൽ… എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി എന്റെ ഇഷ്ടങ്ങൾ ബലി കഴിച്ചാൽ ഞാൻ ഒരാൾ മാത്രമല്ലെ വിഷമിക്കേണ്ടതുള്ളൂ.. എനിക്ക് വിഷമം ഒന്നും ഇല്ല കേട്ടോ..

മുഖത്ത് ചിരി കടം വാങ്ങി പ്രതിഷ്ഠിച്ചു ഞാൻ പറഞ്ഞു..

ആ ഗായൂ…. ആര്യൻ നിന്നെ അന്വേഷിച്ചു… ഞാൻ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്… നിന്റെ ഹരിയേട്ടന്റെ കാര്യം പറഞ്ഞിട്ടില്ല… നീ ഇനി കോളേജിലേക്ക് വരില്ലേ?? അയാൾ വിടുമോ?

ആര്യൻ എന്നെ അന്വേഷിച്ചു എന്നറിഞ്ഞപ്പോൾ എന്തോ മനസ്സിൽ വലിയ സന്തോഷം… പക്ഷെ പുറമെ ഞാൻ പ്രകടമാക്കിയില്ല.. ഇനി തുടർന്ന് പഠിക്കാനാവുമെന്ന് തോന്നുന്നില്ല നിമ്മീ… കോളേജിലേക്ക് ഇനി ഞാൻ ഇല്ല…. ഓർത്തിരിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ നൽകിയ അവിടം എന്നും എന്റെ മനസ്സിൽ ഉണ്ടാവും… എന്റെ വിവാഹത്തിന് വരാൻ ആര്യനോട് പറയണം… മറ്റൊന്നും പറയാതെ ഞാൻ പുറത്തേക്ക് ദൃഷ്ടികൾ പായിച്ചു നിന്നു…

ഏറെ നേരം നിന്നിട്ടും ഇരുവർക്കും സംസാരിക്കുവാൻ വാക്കുകൾ ഇല്ലാതായപ്പോൾ നിമ്മി യാത്ര പറഞ്ഞിറങ്ങി…

എന്നെ ഒന്ന് ഇറുകെ കെട്ടിപിടിച്ചിരുന്നെങ്കിൽ.. എനിക്കുവേണ്ടി ഒരിറ്റു കണ്ണീർ പൊഴിച്ചിരുന്നെങ്കിൽ… എന്നെ മുഴുവനായി മനസ്സിലാക്കിയെന്ന് ഞാൻ കരുതിയിരുന്ന ഒരേ ഒരാൾ… അവളും പടിയിറങ്ങി പോയി.. ഉള്ളിൽ ഒരു കടലുണ്ട്…. ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടെങ്കിൽ കരഞ്ഞു തീർക്കാൻ കടൽ നിറയെ ദുഖങ്ങളും..

വീടാകെ വിവാഹതിരക്കിൽ മുങ്ങിയ സന്ധ്യയിലാണ് അച്ഛൻ ഉമ്മറത്തേക്ക് വിളിപ്പിച്ചത്… എന്നെ കാണാൻ സുഹൃത്തുക്കൾ ആരൊക്കെയോ വന്നിരിക്കുന്നു എന്ന്… ആര്….. ആര് വരാനാണ്.. വീട്ടിലേക്ക് വന്ന ബന്ധുക്കൾ എന്നെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു.. ഉമ്മറത്തു ചെന്നപ്പോൾ തിണ്ണയിൽ ആര്യനും നിമ്മിയും മറ്റു രണ്ടുപേരും… ആര്യൻ എന്നെ കണ്ണ് എടുക്കാതെ നോക്കി കൊണ്ടിരിക്കുകയാണ്..

എന്റെ മനസ്സ് ഉറക്കെ അലറി വിളിച്ചു പറഞ്ഞു…. ആര്യൻ…….. എന്നെ നീ ഇങ്ങനെ നോക്കരുത്… എനിക്ക് ഒളിച്ചു വെക്കാനാവില്ല എന്റെ മനസ്സ്… ദയവ് ചെയ്തു എന്നെ ഇങ്ങനെ നോക്കാതിരിക്കൂ…

കണ്ണുകൾ ആര്യനിലേക്ക് തിരിയാതിരിക്കാൻ പരമാവധി ശ്രമിച്ചു ഞാൻ നിമ്മിയെ നോക്കി ചിരിച്ചു… ബന്ധുക്കൾ വന്നു തുടങ്ങിയതിനാൽ വരാന്തയുടെ ഓരത്തേക്ക് ഞാൻ അവരെയും കൂട്ടി നീങ്ങി ഇരുന്നു… അപ്പോഴെല്ലാം നിമ്മിയെ മാത്രം നോക്കിയാണ് ഞാൻ സംസാരിച്ചതെങ്കിലും എന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ആര്യന്റെ കണ്ണുകൾ എനിക്ക് തിരിച്ചറിയാനാവുന്നുണ്ടായിരുന്നു…

ബന്ധുക്കളുടെ ശ്രദ്ധ ഞങ്ങളിൽ നിന്നും മാറിയപ്പോൾ ഞാൻ ആര്യനെ നോക്കി… ആര്യൻ…. നിനക്കറിയുമോ… മൂന്നു വർഷമായി നിമ്മി കാത്തിരിക്കുന്നത് ആര്യനെ ആണെന്നു ഇപ്പോഴാണ് അറിയുന്നത്… ആര്യൻ ഭാഗ്യവാനാണ് നിമ്മിയെ പോലെ ഒരാൾ ജീവിതത്തിൽ കൂടെ ഉണ്ടാവുന്നതിലും വലിയ ഭാഗ്യമില്ല… എത്ര ശ്രമിച്ചിട്ടും എന്റെ വാക്കുകളിൽ കണ്ണീരിന്റെ ചുവ ഉണ്ടായിരുന്നു.. ആര്യൻ പെട്ടെന്ന് എഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു… ഗായൂ…. നിനക്ക് എന്നെ ഇഷ്ടം ആയിരുന്നില്ലേ… ഒരിക്കൽപോലും നിനക്കെന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ…

തീർത്തും ദയനീയമായി എന്നോട് കേണുകൊണ്ട് അവൻ ചോദിക്കുമ്പോൾ എന്റെ മനസ്സ് നിലവിളിച്ചു കൊണ്ടിരുന്നു… ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ ആര്യൻ…. എനിക്ക് നിന്നെ മാത്രമേ സ്നേഹിക്കാനാവൂ…

പക്ഷെ വായിൽ നിന്നും പുറത്തുവന്നത് മറ്റൊന്നാണ്… എന്റെ വിവാഹം ചെറുപ്പത്തിൽ തന്നെ തീരുമാനിച്ചതാണ് ആര്യൻ…. പിന്നെ ഇഷ്ടം തോന്നി… അത് പക്ഷെ ഒരു ആകർഷണം മാത്രമാണ്… പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ സംഭവിക്കുന്ന ഒന്ന്… അതൊന്നും ഇനി എന്റെ ഓർമയിൽ പോലും ഉണ്ടാവില്ല.. ആര്യൻ ഒന്നും മനസ്സിൽ വെക്കരുത്…. നമ്മളെ മനസ്സിലാക്കാത്തവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെ ആണ് ജീവിതത്തിലേക്ക് കൂട്ടേണ്ടത്…. എനിക്ക് ആര്യനെയോ ആര്യന്റെ ഇഷ്ടമോ മനസ്സിലാക്കാൻ കഴിയില്ല…

നിമ്മിയുടെ കൈത്തലം എടുത്ത് ആര്യന്റെ കയ്യോട് ചേർത്ത് വച്ചു ഞാൻ പറഞ്ഞു… ഇവളുടെ കൂടെ ഉണ്ടാവണം.. പാവമാണ്… മനസ്സിൽ ആര്യനോട് ഒരുപാട് സ്നേഹം ഉള്ളവളാണ്…. അവളുടെ സ്നേഹം തിരിച്ചറിയാതെ പോവരുത്… നിങ്ങൾ ഇറങ്ങിക്കോളൂ… കരച്ചിൽ പിടിച്ചു നിർത്തി ഞാൻ പറഞ്ഞു..

നിമ്മിയുടെ കൈ വിടുവിച്ചു ആര്യൻ എന്റെ നേരെ നിന്നു…ഒരു വിരൽ കൊണ്ട് പോലും ചേർത്ത് പിടിക്കാതെ.. നിറുകയിൽ ചുംബിച്ചു… അവന്റെ കണ്ണുനീർ സീമന്ത രേഖയെ ചുംബിച്ചു താഴേക്ക് ഒഴുകി… നിറഞ്ഞ കണ്ണുകൾ തുടക്കാതെ അവൻ എന്റെ മുഖത്ത് നോക്കി…

നന്നായിട്ടുണ്ട് അഭിനയം… ഇഷ്ടമായി.. ഞാൻ പോവുകയാണ്…. പക്ഷെ നിന്നെ മറന്നുകൊണ്ടല്ല… മറക്കാനുമാവില്ല… നീ മറച്ചു വെക്കാൻ ശ്രമിച്ചിട്ടും എന്റെ മുന്നിൽ തുറന്നുവന്നൊരു സത്യമുണ്ട്…. എനിക്ക് മാത്രം അറിയാവുന്നൊരു സത്യം.. എന്റെ സ്നേഹം സത്യമാണെന്ന് കാലം തെളിയിക്കട്ടെ…. ഇറങ്ങുകയാണ്…. മറുപടിക്ക് കാത്തു നിൽക്കാതെ ആര്യൻ മുറ്റത്തേക്കിറങ്ങി

തൊട്ടുപിന്നാലെ നിറഞ്ഞ മിഴികളുമായി നിമ്മിയും കൂട്ടുകാരും ഇറങ്ങി… ത്രിസന്ധ്യയിൽ ആര്യൻ പടിപ്പുര കടന്നു പോകുന്നത് വരാന്തയുടെ ഓരത്തുള്ള തൂണിൽ ചാരി നിന്നു ഞാൻ നോക്കി… എന്റെ ജീവനാണ് അകന്ന് പോവുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെ..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *