കാലം കാത്തുവച്ചത് ~ ഭാഗം 14, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഉള്ളിലെ പ്രണയത്തിനു പുറത്തേക്കൊഴുകുവാൻ ഒരു മാധ്യമത്തിന്റെയും ആവശ്യകത ഇല്ലെന്ന് തെളിയിച്ചു കൊണ്ട് ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ തമ്മിൽ മൗനമായി സംവദിച്ചുകൊണ്ടിരുന്നു….

നീളൻ കണ്പീലികൾക്കിടയിൽ ഒളിച്ചിരിക്കുന്ന നന്നേ കറുത്ത കൃഷ്ണമണികൾ എന്നിലേക്ക് ആഴ്ന്നിറങ്ങി ഹൃദയത്തോട് ആർദ്രമായി സംസാരിക്കാൻ തുടങ്ങി…

എന്റെ ഹൃദയം അതിന്റെ പരിവേദനങ്ങളെല്ലാം ഒരു പരിഭവത്തോടെ ഹരിയേട്ടനോട് പറഞ്ഞുകൊണ്ടിരുന്നു…

” നീ എന്റെയാണ് ഗായത്രീ… ഓർമ വച്ച നാൾ മുതൽ നിന്നെ എന്റെ ആയിട്ടേ കണ്ടിട്ടുള്ളൂ…

എന്റെ എന്ന് പറഞ്ഞാൽ എന്നിൽ മാത്രം ഒതുങ്ങി എന്നിലേക്കു മാത്രം ചുരുങ്ങി എന്റെ മാത്രമായി….

അച്ഛൻ ഇല്ലാത്ത ബുദ്ധിമുട്ട് അറിയിക്കാതെ എന്നെ വളർത്താനുള്ള കഷ്ടപ്പാടിൽ അമ്മ മറച്ചു വച്ച സ്നേഹം അറിയാതെ ഞാനും സ്നേഹമെന്നാൽ പിടിച്ചെടുക്കൽ ആണെന്ന് വിശ്വസിച്ചു..

ഓരോ തവണയും നിന്നോട് അധികാരത്തിൽ പെരുമാറിയത്…. അത് നീ എന്റെ ആണെന്ന വിശ്വാസത്തിൽ ആണ്… എന്നാൽ ഒരിക്കലും ഞാൻ നിന്നെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടില്ല…

പക്ഷെ എന്തോ എന്നെ കാണുമ്പോൾ എല്ലാം ഭയത്തോടെ അകന്നു മാറിയ നിന്നെ വാശിയോടെ ചേർത്ത് പിടിക്കാൻ ആണ് എനിക്ക് തോന്നിയത്.. എന്റെ ശരികൾ അതായിരുന്നു..

എന്നെ സ്നേഹിക്കേണ്ട, എന്നെ കാത്തിരിക്കേണ്ട, എന്റെ പ്രണയവും ജീവനും ആവേണ്ട, എന്റെ മാത്രം ആയി എന്നെ മാത്രം ഉടലിലും ഉയിരിലും വഹിക്കേണ്ടവൾ എന്നെ ഭയന്ന് മാറി നിൽക്കും തോറും എന്നിൽ ദേഷ്യം അധികരിക്കുകയായിരുന്നു.. അപ്പോൾ എല്ലാം പിടിച്ചെടുക്കുവാൻ ആണ് തോന്നിയത്…

പക്ഷെ എന്റെ പ്രവൃത്തികൾ എല്ലാം തന്നെ നിന്നെ വേദനിപ്പിക്കുകയും എന്നോട് വെറുപ്പ് ഉണർത്തുകയുമാണ് ചെയ്തത്… നിന്നെ എനിക്ക് വേണമായിരുന്നു.. എനിക്ക് സ്വന്തമായാൽ നീ എന്നെ അറിയും മനസിലാക്കും എന്നെല്ലാം എനിക്ക് ഉറപ്പായിരുന്നു.. അതിനെത്ര കാലം എടുത്താലും…

ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ നിനക്ക് ഇഷ്ടം ഇല്ലെന്ന് അറിഞ്ഞിട്ടും നിന്നെ വിവാഹം കഴിച്ചത്.. എന്നോടുള്ള വെറുപ്പിൽ നീ മറ്റാരെയെങ്കിലും സ്നേഹിക്കുമോ എന്ന് പോലും ഞാൻ ഭയന്നു പോയി….

എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ ആവില്ലായിരുന്നു… എനിക്ക് എന്റെ സ്നേഹം അറിയിക്കുവാൻ ഏത് മാർഗം സ്വീകരിക്കണം എന്നും എനിക്ക് അറിയില്ലായിരുന്നു..

ഓർമ വച്ച നാൾ മുതൽ നെഞ്ചിൽ കൊണ്ട് നടന്നവളോട് ഹൃദയം തുറന്നു കാണിക്കുവാൻ ആവാതെ, എന്റെ നേർക്ക് പ്രണയത്തോടെ നീളേണ്ട മിഴികളിൽ വെറുപ്പും ഭയവും മാത്രം കണ്ടുകൊണ്ട് ഞാൻ എത്ര നീറിയിട്ടുണ്ടെന്നോ…ആഗ്രഹിച്ച സ്നേഹം അനുഭവിക്കാൻ കഴിയാതെ മരവിച്ച മനസ്സുമായി ഞാൻ
കഴിയുകയായിരുന്നു…

പലരും എന്റെ മാനസികാവസ്ഥ മുതലെടുത്തിട്ടുണ്ട്… അതിന്റെ ഫലമായി ഞാൻ എല്ലാവർക്കും മുന്നിൽ തെമ്മാടിയായി…. ഒടുവിൽ ഒരു കൊ ലപാതകിയും….. “

കണ്ണീരിന്റെ നനവോടെ ഹരിയേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ… എന്റെ ഉള്ളിൽ കനൽ ആളുകയായിരുന്നു. ഹരിയേട്ടൻ എന്നെ ഇത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഒരിക്കൽ പോലും ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ…

എനിക്ക് ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ആഗ്രഹം തോന്നി…. പക്ഷെ…. എന്റെ ഉള്ളു നിറയെ കുറ്റബോധം ആയിരുന്നു… ഒരിക്കൽ പോലും ഈ സ്നേഹം മനസ്സിലാക്കുവാൻ ആയില്ലല്ലോ… ഒരു നൊടി പോലും ആ കണ്ണുകളിൽ നിന്നും വ്യതിചലിക്കാതെ എന്റെ കണ്ണുകൾ അവയിൽ കോർത്തു നിന്നു……

ആ കണ്ണുകളിൽ ഇറ്റു വീഴാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ എനിക്ക് വേണ്ടിയാണല്ലോ എന്ന ഓർമ്മയിൽ എന്റെ ഹൃദയം കൂടുതൽ ശക്തിയിൽ മിടിച്ചു… അതറിഞ്ഞിട്ടാവണം ആ ദേഹത്തേക്ക് എന്നെ കൂടുതൽ ചേർത്ത് നിർത്തി…. ഇനി അകന്നു മാറുവാൻ അനുവദിക്കില്ലെന്ന് ആ കൈകൾ വിളിച്ചോതി…

താഴെ നിന്നും മാമിയുടെ ശബ്ദം കേൾക്കും വരെ സ്ഥല കാല ബോധം നഷ്ടമായി പരസ്പരം നോക്കി നിൽക്കുകയായിരുന്നു…

മാമി എന്റെ പേരെടുത്തു വിളിക്കുന്നത് കേട്ട് ധൃതിയിൽ ആ കൈകൾക്കുള്ളിൽ നിന്ന് മോചിതയായി താഴേക്ക് ഓടിയിറങ്ങി…

ഒരുവട്ടം തിരിഞ്ഞു നോക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും പുതുതായി ഉടലെടുത്ത വികാരങ്ങൾ അതിനു അനുവദിച്ചില്ല…

അണച്ചു കൊണ്ട് അടുത്തേക്ക് ഓടിയെത്തിയ എന്നെ കണ്ടു മാമി അമ്പരന്നു…ഉള്ളിലെ സന്തോഷം ക്രമമില്ലാതെ പുറത്തേക്ക് വന്നപ്പോൾ ഇരു കൈകളും വിരിച്ചു മാമിയെ ചുറ്റി പിടിച്ചു… കവിളിൽ അമർത്തി മുത്തി…

നിൽപ്പുറക്കാത്ത കാലുകൾ എന്നെയും കൊണ്ട് അടുക്കളയിലേക്ക് പായവേ, മാമി അത്ഭുതമോ, അമ്പരപ്പോ നിറഞ്ഞ മുഖഭാവത്തോടെ ഒരു നിമിഷം തറഞ്ഞു നിന്നു… പിന്നെ മുഖത്ത് വിരിഞ്ഞ ഹൃദയം നിറഞ്ഞ ചിരിയുമായി അടുക്കളയിലേക്ക് വന്നു..

എന്ത് ചെയ്യണം എന്നുറപ്പില്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന എന്റെ അടുക്കലേക്ക് വന്നു…

മോളെ…..

ആദ്യമായാണ് മാമി എന്നെ ഇത്രയും സ്നേഹത്തിൽ മോളെ എന്ന് വിളിക്കുന്നത്…ഞാൻ തിരിഞ്ഞു നിന്ന് ഒരു നൊടി മാമിയെ നോക്കി തല താഴ്ത്തി…

അത് കണ്ടു വാത്സല്യത്തോടെ മാമി എന്റെ തടിയിൽ പിടിച്ചു ഉയർത്തി… കണ്ണു കളിലേക്ക് സ്നേഹത്തോടെ നോക്കി…

ഒന്നും സംസാരിച്ചില്ല…. ഇരുവരുടെയും നിറഞ്ഞ കണ്ണുകൾ പരസ്പരം ആശ്വസിപ്പിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു…

ഞാൻ മാറുകയായിരുന്നു… ഇതുവരെ എനിക്ക് പരിചിതമല്ലാത്ത മറ്റൊരാൾ ആയി പരകായ പ്രവേശം നടത്തുകയായിരുന്നു…

കൈകളും കണ്ണുകളും പരിഭവങ്ങളും സന്തോഷവും പങ്കുവെച്ചു…

ഹരിയേട്ടൻ താഴേക്കു വരുമ്പോൾ മാമിയും ഞാനും എല്ലാ സീമകളും ലംഘിച്ചു കളി തമാശകൾ പറയുകയായിരുന്നു… അത്രയും നാൾ കണ്ടതിൽ വച്ചേറ്റവും മനോഹരമായ കാഴ്ചയായിരുന്നു ഹരിയേട്ടന് അത്… ഉമ്മറത്തു ചാരുപടിയിൽ മാമിയെ ചാരിയിരിക്കുന്ന എന്നെ നോക്കി ഹരിയേട്ടൻ വന്നിരുന്നു…

ഹരിയേട്ടന്റെ തലയിലെ ബാൻഡേജും സ്‌ളിംഗിൽ ഇട്ട കയ്യും കണ്ടു മാമി പരിഭ്രമിച്ചു….

അത് കണ്ടിട്ടാവണം ഹരിയേട്ടൻ ഒരു പുഞ്ചിരിയോടെ മാമിയോട് ഭയക്കാൻ ഒന്നുമില്ല… ഒന്ന് വീണതാണെന്ന് പറയുന്നുണ്ടായിരുന്നു…

എന്നിട്ടും മാമിയുടെ മുഖത്ത് പരിഭ്രമത്തിന്റെ മേമ്പൊടിയുണ്ടായിരുന്നു…മാമിക്കപ്പുറം വന്നിരുന്നു ഹരിയേട്ടൻ തല മാമിയുടെ തോളിലേക്ക് ചായ്ച്ചു വച്ചു.. ഇരു വശത്തും എന്നെയും ഹരിയേട്ടനെയും ചേർത്ത് പിടിച്ചു മാമി അത്രമേൽ സന്തോഷത്തോടെ പുഞ്ചിരിച്ചു…

*******************

രാത്രി ഭക്ഷണം കഴിഞ്ഞു മുറിയിലേക്ക് നടക്കുമ്പോൾ വളരെ സന്തോഷത്തിൽ ആയിരുന്നു.. ജീവിതത്തിൽ ഇത്രമേൽ സന്തോഷിക്കുന്നത് ആദ്യമായാണ്

എന്നത്തേയും പോലെ ഹരിയേട്ടൻ കട്ടിലിന്റെ ഒരു അരികിൽ കിടപ്പുണ്ടായിരുന്നു.. എന്തോ അത് കണ്ടപ്പോൾ പരിഭവം ആണ് തോന്നിയത്.. എങ്കിലും സുഖമുള്ള ഒന്ന്…

കതക് അടച്ചു ഞാനും മറു അരികിൽ പോയി കിടന്നു… ഏതാനും നിമിഷം കാത്തിരുന്നിട്ടും ഹരിയേട്ടനിൽ നിന്നും ഒരു അനക്കവും ഇല്ലാതിരുന്നപ്പോൾ ഞാൻ തിരിഞ്ഞു ഹരിയേട്ടന് അഭിമുഖമായി കിടന്നു…

ഇല്ല കണ്ണടച്ചിട്ടില്ല… കണ്ണുകൾ തുറന്നു മുകളിലേക്ക് നോക്കി ഇരുകൈപ്പത്തികളും നെഞ്ചിൽ കോർത്തു വച്ചാണ് കിടപ്പ്….

കാണാൻ ഒരു ചേലൊക്കെ ഉണ്ടെങ്കിലും, എന്നെ ഒന്ന് നോക്കാത്തതിൽ എനിക്ക് കുഞ്ഞു കുശുമ്പ് തോന്നി…. ബലമായി വലതുകൈപ്പത്തി മറുകയ്യിൽ നിന്നും വേർപെർടുത്തി കൈക്കുള്ളിലേക്ക് കയറി നെഞ്ചിൽ സ്ഥാനം പിടിക്കവേ ചുണ്ടിലെ പോലെ മനസ്സിലും ചിരി ആയിരുന്നു….. നിറഞ്ഞ ചിരി…

പതിയെ എന്റെ പുറത്തു കൂടി ചുറ്റിയ കൈകൾ മുടിയിഴകളിൽ തലോടുന്നതിനാരംഭിച്ചിട്ടുള്ളതും സന്തോഷം നിറഞ്ഞൊരാലസ്യത്തിൽ ഞാൻ അത് ആസ്വദിച്ചിട്ടുള്ളതുമാണ്…. ചുറ്റും ഞങ്ങൾക്കിടയിലും മൗനം പരന്നു…

മൗനം…… അത് എത്രത്തോളം സുഖകരം ആണെന്നു അറിയണമെങ്കിൽ പരസ്പരം സ്നേഹിക്കുന്ന ഇരുവർ തനിച്ചു തീർത്തും നിശബ്ദമായ ഒരിടത്തു ഒന്നിച്ചിരിക്കണം…

ഒരു വാക്കിനാൽ, ഒരു സ്പര്ശനത്താൽ പോലും മൗനത്തെ കളങ്കപ്പെടുത്താതെ നാഴികകൾ ജീവിതത്തിലൂടെ കടത്തിവിട്ടു നോക്കണം.. അത്രമേൽ മനോഹരമായ നിമിഷങ്ങൾ മറ്റൊന്നില്ലാത്ത വിധം ഓർമയിൽ കോറിയിടപ്പെടും…..

ഉറക്കം വന്നു മയങ്ങാൻ തുടങ്ങിയ കൺപീലികളെ ബലമായി പിടിച്ചു നിർത്തി.. ഈ മനോഹരമായ അവസ്ഥയെ മറികടക്കുവാൻ ആഗ്രഹമില്ലാതെ…

എന്നാൽ ഒരുപാട് നാളുകൾക്കപ്പുറം മനസ്സും ശരീരവും ഒരുപോലെ തണുത്തപ്പോൾ കണ്ണുകൾക്ക് എന്നെ അനുസരിക്കാനായില്ല… അഗാധമായ ഉറക്കത്തിലേക്ക് വഴുതി വീണു…

ഉണരുമ്പോഴും ആ കൈകൾ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു…

നിറഞ്ഞ പുഞ്ചിരിയോടെ എഴുന്നേറ്റ് കുളിച്ചുവന്നു കണ്ണെഴുതി പൊട്ടും സിന്ദൂരവും തൊട്ട് മനസ്സിൽ വന്ന പാട്ടും മൂളിക്കൊണ്ടു താഴേക്കു നടന്നു…

അടുക്കളയിൽ ചെന്നപ്പോൾ മാമി ഉണ്ട്… പുറകിലൂടെ ചെന്നു മാമിയെ കെട്ടിപിടിച്ചു… മാമി വലതു കൈകൊണ്ട് എന്റെ കവിളിൽ തലോടി…

എന്താണ് കുഞ്ഞീ….. നല്ല സന്തോഷത്തിൽ ആണല്ലോ… എപ്പോഴും ഇങ്ങനെ സന്തോഷത്തിൽ കാണണം കേട്ടോ…. മറുപടി ചുണ്ടുകൾ കവിളിൽ അമർത്തികൊണ്ടായിരുന്നു ….

ഈ പെണ്ണ്… കൊച്ചു കുഞ്ഞാണെന്ന വിചാരം…. വാല്സല്യം പുരണ്ട വാക്കുകളാൽ മാമി എന്നെ ശാസിച്ചു… ഒരു ചിരിയോടെ അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നു കപ്പിലേക്ക് ചായ പകർന്നു.. ചായ ഊതി മെല്ലെ കുടിക്കുമ്പോൾ മാമി എന്നെ സ്നേഹത്തോടെ നോക്കി…

നഷ്ടമായ, ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ സ്നേഹം മറ നീക്കി എന്നിലേക്ക് വന്നണഞ്ഞപ്പോൾ ഞാൻ അറിയുകയായിരുന്നു…. സ്നേഹവും വാത്സല്യവും… മാറ്റം എനിക്ക് മാത്രമായിരുന്നില്ല…. കർക്കശക്കാരിയായ മാമിയുടെ വാത്സല്യം പുരണ്ട മുഖവും, സ്നേഹം മാത്രം നിറഞ്ഞ ഹരിയേട്ടന്റെ പ്രവൃത്തികളും എല്ലാം പുതുമയുള്ളതായിരുന്നു…..

ദിവസങ്ങളെല്ലാം പുതുമയുള്ളതായി കടന്നു വന്നു…. നിറമുള്ള കാഴ്ചകളും ഭാവങ്ങളും… ഒരു സ്വപ്നം പോലെ തോന്നിച്ചു… കാലം അവൾക്കായി കാത്തുവച്ചത് ഇതായിരുന്നോ??

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *