ഗായുവിന്റെ ബർത്ഡേക്ക് ആരുടേയും ശ്രദ്ധപെടാത്ത ഒരിടത്തേക്ക് മാറ്റി നിർത്തി സൂര്യൻ അവന്റെ പ്രണയം എന്നെ അറിയിക്കുമ്പോൾ എന്റെയുള്ളിലെ…..

Story written by Athira Sivadas

അനുരാഗക്കരിക്കിൻ വെള്ളത്തിൽ എലിയും അഭിയും കൂടി അവസാനം മീറ്റ് ചെയ്യുന്ന സീൻ ആണ്.

“നിനക്ക് ഇപ്പൊ ഡിസ്റ്റർബ്ൻസ് ആണെന്ന് തോന്നുന്ന ഒരുപാട് കാര്യങ്ങൾ പണ്ട് നമ്മൾ രണ്ടുപേരും എൻജോയ് ചെയ്ത ഒരു ടൈം ഉണ്ടായിരുന്നു അഭി. ഓൾ ദി ഗുഡ് മൊമെൻറ്സ് വീ ഹാഡ്. ഐ വിൽ മിസ്സ്‌ യൂ” പാവം എലി ചങ്ക് പൊട്ടി നിൽക്കുന്നത് കണ്ടപ്പോൾ കഴിച്ചുകൊണ്ടിരിന്ന ആപ്പിൾ തീറ്റ നിർത്തി ഞാൻ ആ സീനിൽ തന്നെ ലയിച്ചിരുന്നു.

പെട്ടന്നാണ് ആ ഫീൽ നശിപ്പിച്ചുകൊണ്ട് ഫോൺ റിങ് ചെയ്തത്. സേവ് അല്ലായിരുന്നെങ്കിൽ കൂടി നമ്പർ തിരിച്ചറിഞ്ഞതും അടിവയറ്റിൽ നിന്നെന്തോ വളരെ വേഗത്തിൽ നെഞ്ച് വരെ എത്തി നിന്നത് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു. ഒരു നിമിഷം അഭിയും എലിയും ഒക്കെ എങ്ങോട്ടോ പോയി പതിനൊന്നു മാസം മുൻപുള്ള ഒരു സായാഹ്നത്തിലാണ് മനസ്സ് ചെന്നു നിന്നത്.

കോളേജിൽ നിന്നും ഉച്ചയ്ക്കു ചാടിയതാണ്… സൂര്യന്റെയൊപ്പം കുറച്ചു നേരം ഒന്നിച്ചു ഇരിക്കാൻ… കുറേ കാലത്തിനു ശേഷം ബീച്ചിലൂടെ അവന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ ഇത്രനാളും കിട്ടാതിരുന്ന ഒരുതരം സുരക്ഷിതത്വം ഞാൻ അറിഞ്ഞിരുന്നു.

സൂര്യൻ… എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഗായുവിന്റെ കസിനാണ് സൂര്യനാരായണൻ എന്ന എന്റെ സൂര്യൻ. അവളുടെ വീട്ടിൽ വച്ചാണ് സൂര്യനെ ഞാനാദ്യമായി കാണുന്നതും പരിചയപ്പെടുന്നതുമെല്ലാം. ആദ്യകാഴ്ചയിൽ തന്നെ ആ തിളങ്ങുന്ന കണ്ണുകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നെ കാണുമ്പോൾ മാത്രമേ ആ കണ്ണുകൾ അത്ര ശോഭയോടെ തിളങ്ങു എന്ന് ഗായു പറഞ്ഞറിയുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു മനസ്സിൽ. ഉള്ളിൽ തോന്നിയ ആനന്ദത്തെ ഗായുവിന് മുൻപിൽ മറച്ചു പിടിക്കുമ്പോൾ സൂര്യനിൽ നിന്നും തന്നെ ആ വാർത്തയാറിയാൻ ഞാൻ പോലുമറിയാതെ എന്റെയുള്ളം അപ്പോഴേ കൊതിച്ചു തുടങ്ങിയിരുന്നു.

ഗായുവിന്റെ ബർത്ഡേക്ക് ആരുടേയും ശ്രദ്ധപെടാത്ത ഒരിടത്തേക്ക് മാറ്റി നിർത്തി സൂര്യൻ അവന്റെ പ്രണയം എന്നെ അറിയിക്കുമ്പോൾ എന്റെയുള്ളിലെ പ്രണയത്തെയും അവനു മുൻപിൽ തുറന്നു വിടാൻ മനസ്സ് വെമ്പുകയായിരുന്നു. പിന്നീടൊരു പ്രണയകാലമായിരുന്നു. യാതൊരു മറകളുമില്ലാതെ ഞങ്ങളിരുവരും ഒരു വസന്തം തീർത്ത പ്രണയകാലം.

അപ്പയ്ക്കും അമ്മയ്ക്കും ഞാൻ മാത്രമായിരുന്നില്ല മകളായി. എനിക്ക് താഴെ ഒരു അനിയത്തി കൂടിയുണ്ടായിരുന്നു. പെൺകുട്ടികളാണെന്ന പേരിൽ യാതൊരു ബന്ധനങ്ങളുമില്ലാതെയാണ് അപ്പയും അമ്മയും ഞങ്ങളെ വളർത്തിയത്. അത്കൊണ്ട് തന്നെ അവർക്ക് മുൻപിൽ സൂര്യനോടുള്ള ഇഷ്ടം മറച്ചു പിടിക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ രണ്ട് പേരും ഒന്ന് സ്റ്റേബിൾ ആയതിനു ശേഷം ഇവനാണെന്റെ പ്രണയമെന്ന് പറഞ്ഞു സൂര്യനെ അപ്പയ്ക്കും അമ്മയ്ക്കും പരിചയപ്പെടുത്തണ മെന്നായിരുന്നു എന്റെ ആഗ്രഹം. അതിനു മുൻപ് അവരായി തന്നെ അറിഞ്ഞ് അവരുടെ മുൻപിൽ ഒരു തെറ്റുകാരിയെ പോലെ നിൽക്കാൻ പാടില്ല എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഞങ്ങളുടെ ഫോൺവിളികളും കൂടിക്കാഴ്ചകളുമൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ തന്നെയായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സൂര്യനെ ഞാൻ അതിരുകളില്ലാതെ പ്രണയിക്കുന്നുണ്ടായിരുന്നു. അവനെനിക്കൊരു ഭ്രാന്ത് ആയിരുന്നു. ഒരു നേരം സംസാരിച്ചില്ലെങ്കിൽ… കണ്ടില്ലെങ്കിൽ ഹൃദയത്തെത്തന്നെ തകർത്തു കളയാൻ കഴിവുള്ള ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നൊരു ഭ്രാന്ത്‌. കാലത്ത് ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുൻപും ഒക്കെ ആദ്യമോർക്കുന്ന മുഖം. എന്റെ സൂര്യൻ.. എന്റെ മാത്രം സൂര്യൻ.

ഞങ്ങൾ പ്രണയിച്ചു തുടങ്ങി രണ്ട് വർഷത്തിനിപ്പുറമാണ്‌ സൂര്യനൊരു ജോലി കിട്ടുന്നതും അവൻ പൂനെയിലേക്ക് പോകുന്നതും. വല്ലാത്തൊരു ശൂന്യത യായിരുന്നു പിന്നീട് അങ്ങോട്ട്… ആഗ്രഹിക്കുമ്പോഴൊക്കെ ഒരു ഫോൺ കോളിനപ്പുറമുണ്ടായിരുന്ന സൂര്യൻ മെല്ലെ മെല്ലെ തിരക്കുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ആദ്യമാദ്യം വല്ലാത്തൊരു ശ്വാസം മുട്ടലായിരുന്നു എനിക്ക്… അവനെനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന തിരിച്ചറിവായിരുന്നു ആ ദിവസങ്ങൾ.

അവന്റെ കോളുകൾക്കായി ഉറക്കമില്ലാതെ കാത്തിരുന്ന രാത്രികളിലൊക്കെ ഏറെ വൈകിയാണെങ്കിലും ഒരു കോളോ മെസ്സേജോ എന്നെ തേടിയെത്താറു ണ്ടായിരുന്നു. ആ കരുതൽ മാത്രം മതിയായിരുന്നു എനിക്ക് അവനു വേണ്ടി കാത്തിരിക്കാൻ. ശരീരം കൊണ്ട് ഏറെ അകലെയാണെങ്കിലും മനസ്സ് കൊണ്ട് അവനെന്റെയരികിൽ തന്നെയാണെന്ന് പറയാതെ പറയും പോലെ തിരക്കുകൾ ക്കിടയിലും അവൻ എനിക്കുവേണ്ടി സമയം കണ്ടെത്താറുണ്ടായിരുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം നാട്ടിലെത്തിയ സൂര്യനെ കാണാൻ ഓടിയെത്തുമ്പോൾ വല്ലാത്തൊരു കൊതിയായിരുന്നു എനിക്കവനോട്. അവന്റെ നെഞ്ചിലേക്ക് ചേരാനും ആ കൈകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാനും ആ ഗന്ധം ആവോളം നുകരാനും മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. അസ്തമയ സൂര്യനെ നോക്കി അവന്റെ തോളിൽ തല ചായിച്ചിരിക്കുമ്പോൾ പരസ്പരം പ്രണയിക്കുന്ന തിരകളെയും തീരത്തെയും നോക്കിയിരിക്കുകയായിരുന്നു ഞാൻ. ഞങ്ങളും അവയെപ്പോലെയാണെന്ന് തോന്നി. തിരയെ തലോടി എത്ര ദൂരത്തേക്ക് പോയാലും വീണ്ടും അവ തനിക്ക് പ്രിയപ്പെട്ടവന്റെ അരികിലേക്ക് തന്നെ വരുന്നു കൂടുതൽ പരവേശത്തോടെ… കൂടുതൽ ഭ്രാന്തമായി.

“നമുക്ക് പിരിയാം നിധി” ഒരു ഞെട്ടലോടെയാണ് ഞാനവന്റെ വാക്കുകളെ കേട്ടത്. അവന്റെ തോളിൽ നിന്നും തലയുയർത്തി അകലങ്ങളിലേക്ക് നോക്കിയിരുന്ന സൂര്യന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നതും ശരീരമാകെ വിയർക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. എന്താ പറഞ്ഞതെന്ന് ഒന്ന്കൂടെ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. അവനപ്പോഴും അകലങ്ങളിലേക്ക് നോട്ടമെറിഞ്ഞിരുന്നു.

എന്റെ കണ്ണുകൾ അവനിലാണെന്നറിഞ്ഞതും എന്നിലേക്ക് പാളി വീണ നോട്ടത്തിൽ ഞാൻ തിരയുകയായിരുന്നു എന്നെ കാണുമ്പോഴൊക്കെ ആ കണ്ണുകളിലുണ്ടായിരുന്ന തിളക്കം. പക്ഷേ അവ എന്നോട് മാപ്പപേക്ഷിക്കുക യായിരുന്നോ അതോ യാത്ര പറയുകയായിരുന്നോ…

മണൽത്തരികൾ തട്ടിക്കുടഞ്ഞെണീറ്റ് എനിക്കഭിമുഖമായവൻ നിൽക്കുമ്പോൾ ആ കൈ എനിക്കുനേരെ നീളുമെന്ന് ഞാൻ വെറുതെ കൊതിച്ചു. തളർച്ചയോടെ എണീറ്റ് അവന്റെയൊപ്പം നടക്കുമ്പോഴും വീണുപോകാതെയിരിക്കാൻ ഒരു താങ്ങിനായി ആ കൈകൾ ഒന്ന് ചേർത്ത് പിടിക്കണമെന്നും എന്തിനോ വീണ്ടും വീണ്ടും ആശിച്ചു….

“നിധി… ഞാൻ നിന്നെ വേദനിപ്പിക്കയാണെന്നെനിക്കറിയാം… പക്ഷേ നമ്മൾ പിരിഞ്ഞെ പറ്റു…”

“ഇല്ല… ഇല്ല സൂര്യാ… ഞാൻ പോവില്ല നിന്നെവിട്ട് എവിടെയും… എന്നോട് ഇങ്ങനെയൊന്നും പറയരുത് സൂര്യാ… എനിക്ക്… എനിക്കിനി അങ്ങനെയൊന്നു ചിന്തിക്കാൻ കൂടി കഴിയില്ല… നീ ഇല്ലാതെ എനിക്ക് പറ്റില്ല സൂര്യാ…” അവന്റെ വാക്കുകൾ സൃഷ്ടിച്ച അവശതയിലും ഒരു അലർച്ചയോടെയായിരുന്നു ഞാനത് പറഞ്ഞത്. ഒരു നിമിഷം എന്നെ നോക്കി നിന്നതിനു ശേഷം വീണ്ടും ആ മണൽത്തരികളിലൂടെ അവന്റെ കാലുകൾ മുന്നിലേക്ക് ചലിച്ചു.

“സൂര്യാ… ഇനി ഇങ്ങനെയൊന്നും പറയരുതെന്നോട്… ഇങ്ങനെയൊന്നും കേൾക്കാനുള്ള ശക്തി എന്റെ മനസ്സിനില്ല.” ഓടി ചെന്നു പിന്നിലൂടെ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“എന്താ നിധി വിട്… ആളുകൾ ശ്രദ്ധിക്കും…” ബലമായി എന്നെ അവനിൽ നിന്നും അവൻ അടർത്തി മാറ്റുമ്പോൾ ഒരു അപ്പൂപ്പൻ താടിയോളം പോലും ഭരമില്ലാത്ത വണ്ണം തളർന്നു പോയിരുന്നു ഞാൻ.. അത് മനസ്സിലാക്കിയെന്നോണം എന്നെ ചേർത്ത് പിടിച്ചൻ മുൻപോട്ട് നടക്കുമ്പോൾ വല്ലാത്തൊരാശ്വമായിരുന്നു.

ആ മണൽത്തരികളിലേക്ക് വീണ്ടും ഇരുന്നുകൊണ്ട് സൂര്യൻ തുടർന്നു.
“എനിക്കറിയാം നിധി… പക്ഷേ നീ ഇതൊക്ക അംഗീകരിച്ചേ പറ്റു… നിന്നോട് ഞാൻ തെറ്റ് ചെയ്തു നിധി. ക്ഷമ ചോദിക്കാൻ പോലും അർഹനല്ല ഞാൻ… പക്ഷേ പറ്റിപ്പോയി നിധി. അകലേക്ക്‌ പോകരുതായിരുന്നു നമ്മൾ… നീ എന്റെ കൂടെ ഇല്ലാഞ്ഞത് കൊണ്ടാ… ഉണ്ടായിരുന്നെങ്കിൽ നിന്നോളമെത്താൻ അവൾ ക്കൊരിക്കലും കഴിയില്ലായിരുന്നു.” അവന്റെ വാക്കുകൾ കേട്ടിരിക്കുമ്പോൾ ആർത്തലയ്ക്കുന്ന തിരമാല പോലും എന്നെ നോക്കി സഹതാപത്തോടെ കരയുകയാണെന്നെനിക്ക് തോന്നി.

“തെറ്റാണ് നിധി. നിന്നിൽ നിന്നും ഒരുപാട് ദൂരേക്ക് പോയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു എനിക്ക്. ആദ്യമൊക്കെ ജോ എനിക്കൊരു നല്ല സുഹൃത്തായിരുന്നു. പക്ഷേ പിന്നെ പിന്നീടും ഞാനതിനെ അത്ര സീരിയസ് ആയി കണ്ടിരുന്നില്ല. അവളെ പോലൊരു പെൺകുട്ടി ഇതൊരു ടൈം പാസ്സ് ആയി മാത്രം എടുക്കുമെന്നാണ് ഞാൻ കരുതിയത്… പക്ഷേ…” പാതിയിൽ നിർത്തി സൂര്യൻ എന്നെയൊന്ന നോക്കി.

“പക്ഷേ നിന്നെപ്പോലെ വീട്ടുകാരെ പേടിച്ചു നിന്നില്ല അവൾ. എല്ലാ ആതിർ വരമ്പുകളും ഭേധിച്ചു ഞങ്ങൾ ഒന്നയതിനാലാവണം അവളായി തന്നെ മുൻകൈ എടുത്ത് അവളുടെ പപ്പ വഴി പ്രൊപോസൽ ആയിട്ട് വീട്ടിലേക്ക് വന്നത്. ഒഴിവാക്കാൻ കഴിയില്ല നിധി എനിക്കവളെ… കാരണം… “അത് പറയരുതെന്ന് യാചിക്കും പോലെ വേണ്ടായെന്നു നിറമിഴികളോടെ ഞാൻ ഇരു വശങ്ങളിലേക്കും ചലിപ്പിച്ചു.

നിറഞ്ഞു വരുന്ന കണ്ണുകൾ ചുണ്ടുകളാലൊപ്പിക്കൊണ്ട് അവനെന്റെ മുഖം കൈകളിൽ എടുക്കുമ്പോഴും അടർന്നു മാറാൻ കഴിയുന്നുണ്ടായിരുന്നില്ല എനിക്ക്… കാരണം ആ കൈകളുടെ സംരക്ഷണം എന്നും എപ്പോഴും എനിക്ക് വേണമായിരുന്നു. എന്നെ നോക്കി ഇരിക്കുമ്പോൾ ആ കണ്ണുകളും നിറയുന്നുണ്ടായിരുന്നോ അതോ അതെന്റെ വെറുമൊരു തോന്നൽ മാത്ര മായിരുന്നോ.

“ക്ഷെമിക്കണം നിധി എന്നോട്… അവസ്ഥയാണ്… മനസ്സിലാക്കണം നീ.. നിന്നോളം മറ്റൊരാൾക്ക് ഒരിക്കലും കഴിയില്ലത്. എന്നെ ഇത്രമാത്രം സ്നേഹിക്കാനും മനസ്സിലാക്കാനും…” പറ്റില്ല എനിക്ക് നീ വേണമെന്ന് അവനെ ഇറുകി പുണർന്നുകൊണ്ട് പറയണം എന്നുണ്ടായിരുന്നെങ്കിലും എന്നിൽ നിന്നും അവന്റെ മനസ്സ് ഒരുപാടകലേക്ക് പോയിക്കഴിഞ്ഞുവെന്ന തിരിച്ചറിവ് മനസ്സിനെ അത്തരമൊരു പ്രവൃത്തിയിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

“ഒരു ലിമിറ്റേഷൻസും അവളെനിക്ക് മുൻപിൽ വച്ചിരുന്നില്ല നിധി… കൂടെ വരാനൊക്കെ നിന്നെപ്പോലെ പേരെന്റ്സിനെ പേടിയുമില്ലായിരുന്നു. കുറ്റ പ്പെടുത്തുവല്ല നിധി… പക്ഷേ ഇതിൽ കൂടുതലായി മറ്റൊന്നും അവൾ ക്കുണ്ടായിരുന്നില്ല. പക്ഷേ നിന്നിൽ നിന്നും കിട്ടാഞ്ഞത് പലതും എനിക്ക് അവൾ തരുന്നുണ്ടായിരുന്നു. ഒരുപക്ഷെ അത്കൊണ്ട് ആയിരിക്കും നിന്നെ ഞാൻ എപ്പോഴോ..”പിന്നീടുള്ള നിശബ്ദതയിൽ അവനെന്നോട് മാപ്പ് ചോദിക്കുക യാണെന്ന് തോന്നി എനിക്ക്…

കണ്ണുകൾ ഇറുക്കിയടച്ചു അവനെന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ തട്ടി മാറ്റാനോ ചേർത്ത് പിടിക്കാനോ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എന്തിനോ വേണ്ടി വേഗത്തിലിടിക്കുന്ന ഹൃദയം പോലും അവനോട് യാചിക്കുകയായിരുന്നു വിട്ട് പോകരുതേയെന്ന്.

പക്ഷേ നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും എന്നെ മനസ്സിലാക്കിയിരുന്ന സൂര്യന് പകരം എനിക്ക് മുൻപിൽരുന്ന മനുഷ്യന് എന്റെ വാക്കുകളെപോലും മനസ്സിലാക്കാൻ കഴിയില്ലെന്ന് തോന്നി എനിക്ക്.

“മറക്കണം… ആരോടും അന്വേഷിക്കരുത് ഇനി എന്നെ പറ്റി. സന്തോഷായിട്ട് ഇരിക്കണം… എന്നെങ്കിലും ഓക്കേ ആകുമ്പോൾ ഒരു സുഹൃത്തായി മാത്രം എന്നെ കാണാൻ കഴിയുമെന്ന് തോന്നുമ്പോൾ വരണം ഒരു കോളിനപ്പുറം ഞാനുണ്ടാകും…” അത്രയും പറഞ്ഞു എന്റെ ചുമലിൽ ഒന്ന് തട്ടി നടന്നകലുന്ന സൂര്യനെ നിസ്സഹായതയോടെ ഞാൻ നോക്കിയിരുന്നു….

വല്ലാത്തൊരു മനസ്സികാവസ്ഥ ആയിരുന്നു അപ്പോൾ. ഒരു ആശ്വാസത്തിനായി ചെന്നു വീണത് ഗായുവിന്റെ നെഞ്ചിൽ ആയിരുന്നു. ഞങ്ങളുടെ വേർപിരിയലിനു കാരണം മറ്റൊരു പെണ്ണാണെന്ന സത്യം അവളെ അറിയിക്കാതെ അവളുടെ നെഞ്ചിൽ മുഖം ചേർത്ത് ഞാനൊരുപാട് കരഞ്ഞു.സൂര്യൻ ഇനി എന്റെ ജീവിതത്തിലില്ല എന്ന സത്യം അംഗീകരിക്കാതെ വീണ്ടും ഞാൻ അവന്റെയൊരു പിൻ വിളിക്കായി കുറേക്കാലം കാത്തിരുന്നു. കാരണം ഞാനറിയുന്ന സൂര്യന് ഞാനില്ലാതെ പറ്റില്ലെന്ന ചിന്തയിലായിരുന്നു അപ്പോഴും ഞാൻ.

മനസ്സ് കൈ വിട്ട് പോകുന്ന നിമിഷങ്ങളിലൊക്കെ വിളിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തു. പക്ഷേ ഒന്നിനും അവനിൽ നിന്ന് മറുപടി ഉണ്ടായില്ല. മറുതലയ്ക്കൽ അവൻ ഉണ്ടായിരുന്നിട്ടും ഒന്ന് അറ്റന്റൻണ്ട് ചെയ്യാതെ ഫോൺ കോളുകളും റിപ്ലൈ ഇല്ലാതെ ബ്ലൂ ടിക്ക് വീണ് കിടന്ന മെസ്സേജുകളും എന്നോട് പറയാതെ പറയുകയായിരുന്നു അവന്റെ മനസ്സിൽ ഇന്ന് എനിക്കൊരു സ്ഥാനവുമില്ലെന്ന്.

സമയം ഒരുപാട് എടുത്തു…ഒരു തിരിച്ചു വരവിനു. ആ യാത്രയിലെപ്പോഴോ എനിക്ക് ആ പഴയ എന്നെയും നഷ്ടപ്പെട്ടിരുന്നു. ഉറക്കെ ചിരിക്കുന്ന തമാശ പറയുന്ന ഒരുപാട് സൗഹൃദങ്ങളുള്ള ആ പഴയ എന്നെ.

അവസാനമായി സൂര്യനെ കണ്ടത് ഗായുവിന്റെ എൻഗേജ്മെന്റിന് ആയിരുന്നു. അതുവരെ അവന്റെ വിവാഹമോ നിശ്ചയമോ ഒന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇനി അഥവാ കഴിഞ്ഞാലും ഗായു എന്നോട് അത് പറയുകയും ഇല്ല. എന്നെ വേണ്ടാത്ത നിന്നെ എനിക്കും വേണ്ടാ എന്ന മട്ടിലായിരുന്നു അന്ന് എന്റെ പെരുമാറ്റം. ഒരു നോട്ടം കൊണ്ടുപോലും പഴയതൊന്നും അവനെ ഓർമ്മിപ്പിച്ചില്ല. ആരോടൊക്കെയോ ഉള്ള വാശി പോലെ അവനൊഴികെ മറ്റെല്ലാവരോടും ഒരുപാട് അടുത്ത് സംസാരിച്ചു…ഇടപെഴകി. ഇടക്കിക്കിടെ എനിക്ക് നേരെ നീളുന്ന നോട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചു. എങ്കിലും അനുസരണയില്ലാത്ത മനസ്സ് എന്നെകാണുമ്പോൾ മാത്രം തിളങ്ങുന്ന ആ കണ്ണുകളെ തിരയുന്ന തിരക്കിലായിരുന്നു. പക്ഷേ എന്റെ സൂര്യൻ ഇന്ന് മാറ്റാരോ ആയി പോയെന്ന് മനസ്സിലാക്കി തരുന്ന തരത്തിലായിരുന്നു അവന്റെയൊരൊ ചലനം പോലും.

ഒരുപക്ഷെ ആ നെഞ്ചിലേക്ക് ഒന്ന് വീണു പൊട്ടികരഞ്ഞിരുന്നെങ്കിൽ അവൻ എന്നെ മനസ്സിലാക്കിയേനെവോ.. നിറമിഴികളോടെ ഒന്ന് നോക്കിയിരുന്നെങ്കിൽ നിധി എന്ന് വിളിച്ച് മാറോടു ചേർത്തേനെവോ… അറിയില്ല… പക്ഷേ അന്ന് ഒന്നിനും കഴിഞ്ഞില്ല.

തിരികെ വരുമ്പോൾ മുൻപ് എപ്പോഴോ വായിച്ച് മറന്ന അത്രമേൽ പ്രിയം തോന്നിയ വരികളോർത്തു…

“വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല…നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക…ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” അതെ ഇനി നെറ്റിയിലെ ഒരു നേർത്ത ചുംബനത്തിലൂടെ ആശ്വാസമാകാൻ അവനുണ്ടാവില്ല… എന്റേത് മാത്രമായിരുന്ന സൂര്യൻ ഇന്ന് മാറ്റാരുടെയോ ആണ്.

പിന്നെ കണ്ടിട്ടില്ല… ആരോടും ഒന്നും അന്വേഷിച്ചിട്ടുമില്ല… പക്ഷേ ഓർക്കാറുണ്ടായിരുന്നു. ചില പ്രേത്യേക സ്ഥലങ്ങളിലെത്തുമ്പോൾ… ചില പാട്ടുകൾ കേൾക്കുമ്പോൾ… അങ്ങനെ അങ്ങനെ ഇടക്കൊക്കെ ഒരു നോവോർമ്മയായി അവൻ എന്നിലേക്ക് വരാറുണ്ടായിരുന്നു.

അപ്പോഴേക്കും ഫോൺ രണ്ട് മൂന്ന് തവണ റിങ് ചെയ്തു നിന്നിരുന്നു. ഇല്ല സൂര്യാ… ഇനി നിന്നിലേക്ക് ഒരു മടങ്ങിവരവില്ല… കാലം നൽകിയ വേദനയിൽ നിന്നും എന്നോ ഞാൻ മുക്തി നേടിയിരുന്നു… നീ എന്നത് വേറൊമൊരു മിഥ്യ മാത്ര മാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനും കഴിഞ്ഞിരുന്നു. എന്തിനു വേണ്ടി യാണെങ്കിലും ഇനി ആ ശബ്ദം പോലും എനിക്ക് കേൾക്കണ്ട… നീ വിളിച്ച തെന്തിനും ആയിക്കോട്ടെ… പക്ഷേ നീ എന്നത് ഇന്ന് എന്റെ ഓർമ്മകളിൽ പോലുമുണ്ടെന്ന് കരുതേണ്ട…

അപ്പോൾ ടീവിയിൽ ഉമ്മ വച്ചതിനു അഭിയുടെ കരണത്തൊന്ന് പൊട്ടിച്ചു എലി സോണിയോടൊപ്പം പോകുന്ന സീൻ ആയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *