ജീവിതമല്ലേ ഡോക്ടർ നമുക്ക് ഇഷ്ടമുള്ള വേഷങ്ങളെല്ലാം ചുമ്മാ കെട്ടിയാടിയേക്കണം.ഇതെവിടെ എപ്പോൾ അഴിഞ്ഞ് വീഴുമെന്ന് നമുക്കാർക്കും……..

ധ്രുവങ്ങൾ

Story written by Raju P K

ഒരിക്കലും ഒരു ശതമാനം പോലും പ്രതിക്ഷക്ക് വഴിയില്ലാത്ത സർജറിയാണ് വിജയിച്ചത് കണ്ണുകൾ പതിയെ തുറന്ന് പന്ത്രണ്ട് വയസ്സുകാരി അയന എൻ്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അടരാൻ വിതുമ്പി നിൽക്കുന്ന എൻ്റെ കണ്ണുനീർത്തുള്ളികൾക്കിടയിലൂടെ ആ മുഖം അവ്യക്തമായി ഞാൻ കണ്ടു. നീണ്ടപതിനഞ്ച് മണിക്കൂർ കഴിഞ്ഞിരിക്കുന്നു ഇവിടെ ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അയനയും ഞാനും ഓട്ടം തുടങ്ങിയിട്ട്.

ഒന്ന് കുളിച്ച് പുറത്തിറങ്ങിയതും ഗായത്രിയെ വിളിച്ചു.

വിവാഹം കഴിഞ്ഞ് ആറ് മാസം ആയിരിക്കുന്നു ഒരു ദിവസം മുഴുവനായി അവൾക്കു വേണ്ടി മാറ്റി വയ്ക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എങ്കിലും ഇന്നുവരെ ഒരു പരിഭവവും പറഞ്ഞിട്ടില്ല.

“എന്താ ഏട്ടാ പതിവില്ലാതെ…”

“ഇന്ന് നമുക്ക് പുറത്ത് നിന്നും ഭക്ഷണം കഴിക്കാം ഹോട്ടൽ നക്ഷത്ര അവരുടെ പുതിയ ബ്രാഞ്ച് ഇവിടെയും തുടങ്ങിയിട്ടുണ്ട് നമ്മുക്ക് ഇന്നത്തെ ഭക്ഷണം അവിടന്ന് പെട്ടന്ന് ഒരുങ്ങിക്കോ ഞാൻ ഇറങ്ങി” മറുപടിക്ക് കാത്തുനിൽക്കാതെ പതിയെ കാർ മുന്നോട്ടെടുത്തു.

കാവിന് മുന്നിലെത്തിയപ്പോൾ കാർ വഴിയുടെ ഓരമായി നിർത്തി പുറത്തിറങ്ങി ശ്രീകോവിലിന് പുറത്ത് നിന്ന് ഒന്ന് തൊഴുതു. ആലിലകൾ തമ്മിൽ നേരിയ കാറ്റിൽ കൂട്ടിമുട്ടുമ്പോൾ ഉള്ള ശബ്ദവും കർപ്പൂരത്തിൻ്റെയും ചന്ദനത്തിരിയുടേയും ഗന്ധവും സിരകളിൽ ഒരു പുതിയ ഉണർവ്വ് സൃഷ്ടിച്ചു.

ഗായുവിനേയും കൂട്ടി ഹോട്ടലിൽ എത്തുമ്പോൾ സാമാന്യം നല്ല തിരക്കായിരുന്നു. ഭക്ഷണത്തിനുള്ള ഓർഡർ എടുക്കാൻ അടുത്തേക്ക് നടന്ന് വരുന്ന സായന്തിനെ ക്കണ്ടതും ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവനെ നെഞ്ചോട് ചേർത്തതും പ്രിയപ്പെട്ടവൾ അദ്ഭുതത്തോടെ നോക്കുന്നുണ്ട് മറ്റു പലരും….

പതിയെ ഞാൻ ചോദിച്ചു.

” സാറെന്താ ഇവിടെ ഈ വേഷത്തിൽ…”

“ജീവിതമല്ലേ ഡോക്ടർ നമുക്ക് ഇഷ്ടമുള്ള വേഷങ്ങളെല്ലാം ചുമ്മാ കെട്ടിയാടിയേക്കണം.ഇതെവിടെ എപ്പോൾ അഴിഞ്ഞ് വീഴുമെന്ന് നമുക്കാർക്കും പറയാൻ കഴിയില്ലല്ലോ..”

ഭക്ഷണത്തിനുള്ള ഓർഡർ വാങ്ങി സായന്ത് പോയതും ഗായു എന്നോട് പറഞ്ഞു.

“ഏട്ടാ ഞാൻ എവിടേയോ കണ്ട് മറന്ന മുഖമാണ് അയാളുടെ ഈശ്വരാ എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ..”

പെട്ടന്നവളുടെ മുഖത്ത് വല്ലാത്ത ഒരു ചിരി പടർന്നു.

“ഏട്ടാ ഞാൻ ഓർക്കുന്നു. എൻജിനീയറിംഗിന് എൻ്റെ കൂടെപ്പടിച്ച ചുള്ളിക്കമ്പെന്ന ഓമനപ്പേരിൽ ഞാൻ വിളിച്ചിരുന്ന ആദ്യമായി എന്നോട് പ്രണയം പറഞ്ഞ സായന്താണവൻ അവസാന വർഷ പരീക്ഷക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഒരാളോടും പറയാതെ അവിടന്ന് മുങ്ങിയതാ ആശാൻ.ഈശ്വരാ ഇവനിവിടെ കൈയ്യിലിരിക്കുന്ന അവൻ്റെ സ്വഭാവത്തിന് ഒരു സപ്ലെയറുടെ ജോലി, ഇവൻ എങ്ങനെ ചെയ്യുന്നു എന്നാ ഞാൻ ആലോചിക്കുന്നത്.”

“അത് ശരി അപ്പോൾ നിങ്ങൾ ഒരുമിച്ച് പഠിച്ച വല്യ കൂട്ടുകാരാണല്ലേ…”

“എന്നിട്ട് കേൾക്കട്ടെ അവൻ്റെ ഇഷ്ടം നിന്നോട് പറഞ്ഞിട്ട് നീ എന്ത് പറഞ്ഞു.”

“എന്ത് പറയാൻ നിന്നേപ്പോലെ ഒരാളെ എങ്ങനെ പ്രണയിക്കാനാടാ നിന്നെ കണ്ടാലറിയാം ഏതോ കൂലിപ്പണിക്കാരൻ്റെ മകനാണെന്ന് കാണാൻ ഒരു ലുക്കുണ്ടെങ്കിലും വേണ്ടില്ല ചുള്ളിക്കമ്പ് പോലിരിക്കുന്ന ഒരു ശരീരവും വച്ച് എന്നേപ്പോലെ ഒരു പെണ്ണിനോട് എങ്ങന്നെ ഇഷ്ടമാണെന്ന് പറയാൻ ധൈര്യം വന്നു നിനക്ക് എന്ന് ഞാൻ ചോദിച്ചു.മറുത്ത് ഒരക്ഷരം പറയാത്തെ നിറയെ പൂവിട്ട് നിൽക്കുന്ന വാകമരങ്ങൾക്കിടയിലൂടെ തല താഴ്ത്തി അവൻ നടന്ന് നീങ്ങുമ്പോൾ എനിക്കൊരു സങ്കടവും തോന്നിയില്ല അല്ലെങ്കിലും എൻ്റെ ഏട്ടൻ പറ എനിക്ക് പറ്റി ചെക്കനാണോ അവൻ..?

“ഒരിക്കലും അല്ല ഗായു അത് അദ്ദേഹത്തിന് മനസ്സിലായതുകൊണ്ടാണ് അന്ന് നിൻ്റെ മുന്നിൽ നിന്നും തല കുനിച്ച് നടന്ന് പോയത്.”

“അദ്ദേഹമോ എപ്പോഴോ പരിചയപ്പെട്ട ഒരു സപ്ലെയറോട് ഇത്രയും വലിയ ഡോക്ടറായ എൻ്റെഏട്ടൻ ഇത്ര വിനീതവിധേയനാവേണ്ട ആവശ്യമൊന്നുമില്ല. കണ്ടപ്പോൾത്തന്നെ ഓടിപ്പോയുള്ള ഒരു കെട്ടിപ്പിടുത്തവും എന്തായിരുന്നു. എല്ലാവരും നോക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും ഏട്ടനെ അറിയാത്തവർ ആരാ ഉള്ളത് ഇവിടെ.”

“വളെരെ ശരിയാണ് ഗായു നാല് വർഷം ഒരുമിച്ച് പഠിച്ചിട്ടും കൂടെപ്പടിച്ച നിങ്ങൾക്കാർക്കും അദ്ദേഹം ആരാണെന്ന്പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ…?

“എനിക്ക് എന്തോ,ഞാൻ എന്താ പറയേണ്ടത് നിന്നോട് ….”

“കെ കെ ആർ മേനോൻ്റെ ഒരേയൊരുമകനാണ് നീ ഇപ്പോൾ സപ്ലെയർ എന്ന് പുച്ഛത്തോടെ പറഞ്ഞ നിൻ്റെ കൂട്ടുകാരൻ എന്ന് ഞാൻ പറഞ്ഞതും ആ മുഖഭാവങ്ങൾ മാറിമറഞ്ഞു..പഠിക്കാൻ മിടുക്കനായിരുന്ന എനിക്ക് ഡോക്ടറാവാൻ കഴിഞ്ഞത് മേനോൻ സാറിൻ്റെ സഹായം കൊണ്ട് മാത്രമാണ് എന്നേപ്പോലെ എത്രയോ പേരുണ്ടാവും അല്ലേ…?

“പിന്നെ ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചപ്പോൾ മറ്റുള്ളവർ നോക്കിയത് അദ്ദേഹത്തെയാണ് ആ മനുഷ്യൻ്റെ വലിയ മനസ്സിനെയാണ് അല്ലാതെ എന്നെയല്ല അത് നിനക്ക് മാത്രം മനസ്സിലായില്ലെന്ന് മാത്രം.പിന്നെ അന്ന് നിൻ്റെ കൂട്ടുകാരൻ പഠനം പാതിവഴിയിൽ നിർത്തിയത് മേനോൻ സാറിൻ്റെ ആകസ്മികമായ മരണത്തെത്തുടർന്നാണ്..”

“ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും പടർന്ന് കിടക്കുന്നുണ്ട് നിൻ്റെ കൂട്ടുകാരൻ്റെ ബിസിനസ്സ് സാമ്രാജ്യം.പലയിടത്തു പല വേഷങ്ങളിൽ കാണാം അദ്ദേഹത്തെ.”

ഭക്ഷണവുമായി വന്ന സായന്ത് ഞങ്ങൾക്കെതിർവശത്തായുള്ള സീറ്റിലേക്കിരുന്നതും. നിറഞ്ഞു കവിഞ്ഞ ഗായുവിൻ്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എരിവ് കുറച്ച് കൂടും ഇന്നത്തെ ഭക്ഷണത്തിന്. നീ കഴിക്കടി ഉണ്ടക്കണ്ണി.”

“സാറിനെ, സത്യത്തിൽ എനിക്ക് പെട്ടന്ന് മനസ്സിലായില്ല.”

“സാറോ ആരുടെ സാറ് ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ടോ..?

“ചുള്ളിക്കമ്പെന്ന് വിളിയെടി… ഉണ്ടക്കണ്ണി..

പരസ്പരം ഒരു വാക്കു പോലും മിണ്ടാൻ കഴിയാതെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കുറച്ച് പേർക്കുള്ള പൊതിച്ചോറിനുള്ള പണവും നൽകി ഞങ്ങൾ സായന്തിനോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ പ്രിയപ്പെട്ടവൾ പറയുന്നുണ്ട്.

“ഇന്ന് ഞാൻ പഠിച്ച ഒരു ഗുണപാഠമുണ്ട് ഏട്ടാ മനുഷ്യനായി പിറന്നാൽ മാത്രം പോര നമുക്ക് ഒരു നല്ല മനസ്സു കൂടി വേണം..!!

രാജു പി കെ കോടനാട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *