തന്റെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞുകൊണ്ട് പോലീസുകാരേം കൂട്ടി ഫുട്‍ബോള് കളിക്കുന്ന ഗ്രൗണ്ടിൽ ചെന്ന് കയ്യോടെ പൊലീസുകാരെ ഏൽപ്പിച്ചു……..

എഴുത്ത്:- സൽമാൻ സാലി & മോളൂ സ്

” ഹലോ ………!!!

രണ്ടാം റിങ്ങിൽ തന്നെ മറുതലക്കൽ ഹലോ കേട്ടപ്പോ തിരിച്ചൊരു ഹലോ പറയാൻ ഉള്ള ശബ്ദം തൊണ്ടകുഴിയിൽ കുരുങ്ങി നിന്നു ..

ഇരുവശത്തും മൗനം മാത്രം ..

” ഹലോ .. വാപ്പാ ..

ആറ് വർഷത്തിന് ശേഷം ഫൈസൽ വാപ്പാനെ വിളിക്കുന്നത് ..

” ഹാ മോനെ …

കരച്ചിൽ കടിച്ചു പിടിച്ച മോനെ വിളിയിൽ ഫൈസൽ പൊട്ടിക്കരഞ്ഞുപോയി ..

നാട്ടിലേ ഹൈസ്‌കൂൾ അധ്യാപകൻ ആയിരുന്ന ജമാൽ മാഷിന്റെ മൂന്ന് മക്കളിൽ ഇളയവൻ ആണ് ഫൈസൽ .. ഒരു ഗാനമേളക്കിടയിൽ ഉണ്ടായ അടിപിടിയിൽ പ്രതിയാക്കപ്പെട്ട് ഫൈസലിനെ തേടി പോലീസുകാർ വീട്ടിൽ വന്നപ്പോ അവൻ അവിടെ ഉണ്ടായിരുന്നില്ല ..

തന്റെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞുകൊണ്ട് പോലീസുകാരേം കൂട്ടി ഫുട്‍ബോള് കളിക്കുന്ന ഗ്രൗണ്ടിൽ ചെന്ന് കയ്യോടെ പൊലീസുകാരെ ഏൽപ്പിച്ചു തിരിഞ്ഞു നടക്കുന്ന വാപ്പനോട് അന്ന് ഫൈസൽ കരഞ്ഞു പറഞ്ഞതാണ് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ….

സത്യത്തിൽ ഗാനമേളക്ക് പോയിരുന്നു എങ്കിലും തന്റെ കൂട്ടുകാർ ഉണ്ടാക്കിയ അടിപിടിയിൽ ഫൈസൽ പോലും അറിയാതെ പ്രതിയാക്കപ്പെട്ടതാണ് .. അതൊന്ന് കേൾക്കുകപോലും ചെയ്യാതെ തിരിഞ്ഞു നോക്കാതെ നടന്ന വാപ്പയെ നോക്കി കരഞ്ഞുകൊണ്ടാണ് പോലീസ് ജീപ്പിൽ കേറിയത്.

പാർട്ടിക്കാർ ഇടപെട്ട് കേസ് ഒത്ത് തീർപ്പാക്കി എങ്കിലും ഒന്ന് ജാമ്യത്തിൽ എടുക്കാൻ പോലും വാപ്പ വരാത്ത ദേഷ്യത്തിൽ കൂട്ടുകാരനോട് പറഞ്ഞു വിസിറ്റ് വിസയിൽ ദുബായിലേക്ക് പറന്നത് ..

വൈകാതെ തന്നെ നല്ലൊരു ജോലിയും കിട്ടി ആദ്യ ലീവിന് വന്നപ്പോ ഉമ്മറത്ത് ഇരുന്ന വാപ്പനോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെയാണ് അകത്തേക്ക് കേറിപ്പോയത് ..

ആ മൗനം നീണ്ട് ആറ്‌ വർഷം കടന്നുപോയി .. നാട്ടിൽ ലീവിന് പോവുമ്പോളും വരുമ്പോളും ഒന്ന് മിണ്ടാൻ പോലും നിന്നിട്ടില്ല ഇതുവരെ …

” ഹലോ വാപ്പാ ഇങ്ങക്ക് സുഖല്ലേ …

”ഹമ് .. സുഗാണ് .. എന്താ അന്റെ പാട് ..?

ആറ്‌ വർഷത്തെ മൗനം ഒരൊറ്റ ഹലോയിൽതീർന്നപോലെ തോന്നി ഫൈസലിന് ..

” ഹാ വാപ്പാ മറ്റന്നാൾ ഞാൻ നാട്ടിലേക്ക് വരുന്നുണ്ട് ഇങ്ങള് എയർപോർട്ടിൽ വരണം .. വേറെ ആരോടും പറയണ്ട …

വാപ്പനോട് സലാം പറഞ്ഞു മാനേജറെ കണ്ട് ഒരു പതിനഞ്ചു ദിവസത്തെ എമർജൻസി ലീവിന് ലെറ്റർ കൊടുത്ത് ട്രാവല്സില് പോയി ടിക്കറ്റ് എടുത്തതു മുതൽ വാപ്പാക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ തുടങ്ങി ..

വിമാനത്തിൽ ഇരിക്കുമ്പോൾ ഫൈസലിന്റെ മനസ്സിൽ മുഴുവൻ വാപ്പാനെ കാണുന്ന രംഗം ആയിരുന്നു ..

രാവിലെ ഇറച്ചിയും വാങ്ങി വന്ന് കുളിക്കാൻ പോകുന്ന ജമാൽ മാഷിന്റ മുഖത്ത് പതിവില്ലാത്ത സന്തോഷം കണ്ടിട്ട് ഫൈസലിന്റെ ഉമ്മ റസിയത്താക്ക് ഒന്നും മനസിലായില്ല ..

കുളിച്ചിറങ്ങി പാന്റും ഷർട്ടും ഇട്ട് ഫൈസലിന്റെ വണ്ടീടെ കീ ചോദിച്ചപ്പോ അവർ ശരിക്കും ഞെട്ടി .. സ്കൂളിന്ന് റിട്ടയർ ആയതിൽ പിന്നെ ജമാൽ മാഷിനെ മുണ്ടിൽ മാത്രമേ കണ്ടിട്ടുള്ളു ..

ആദ്യമായി ഗള്ഫിന്ന് വന്നപ്പോ ഫൈസൽ വാങ്ങിയതാണ് ആ കാർ .. ഇന്നേ വരെ അവന്റെ വാപ്പ അതിൽ കേറിയിട്ടില്ല .. അങ്ങനത്തെ മനുഷ്യനാണ് കാറിന്റെ കീ ചോദിച്ചത് ..

കാർ ഗേറ്റ് കടന്നുപോവുമ്പോഴും ഫൈസലിന്റെ ഉമ്മാക്ക് ആശ്ചര്യം മാറിയിട്ടുണ്ടായിരുന്നില്ല ..

എയർപോർട്ടിൽ ഫ്ളൈറ്റ് ഇറങ്ങി എമിഗ്രഷൻ പരിപാടികൾ എല്ലാം തീർത്ത് പുറത്തേക്കിറങ്ങിയ ഫൈസലിന്റെ കണ്ണുകൾ ആൾകൂട്ടത്തിൽ വാപ്പയെ തിരഞ്ഞുകൊണ്ടിരുന്നു ..

ആളുകൾക്കിടയിൽ പിന്നിൽ നിന്ന് ആകാംശയോടെ ഉള്ളിലേക്ക് നോക്കുന്ന വാപ്പയെ പിന്നിൽ പോയി നിന്ന് വിളിച്ചപ്പോ തിരിഞ്ഞു നോക്കിയ വാപ്പാനെ കെട്ടിപിടിച്ചു രണ്ട് കവിളിലും ഉമ്മവെച്ചു .. സന്തോഷം കൊണ്ട് രണ്ട് പേരുടേം കണ്ണ് നിറഞ്ഞൊഴുകി ..

പാർക്കിങ് ഏരിയയിൽ തന്റെ വണ്ടി കണ്ടപ്പോൾ ഫൈസൽ ഒന്ന് ഞെട്ടി! സാധനങ്ങൾ എടുത്ത് വെച്ചു വണ്ടീടെ കീ തനിക്ക് നേരെ നീട്ടിയപ്പോ വേണ്ട വാപ്പ തന്നെ ഓടിക്ക് എന്നും പറഞ്ഞു ഫൈസൽ മുന്നിൽ കേറി ഇരുന്നു.

പോകുന്ന വഴിയിൽ അധിക സംസാരം ഒന്നുമുണ്ടായില്ല…നാട്ടിലെത്താറായപ്പോ ഫൈസൽ ദാസേട്ടന്റെ കടയിൽ ഒന്ന് നിർത്താൻ പറഞ്ഞു ..

വാപ്പയോടൊപ്പം ദാസേട്ടന്റെ കടയിൽ കേറി രണ്ട് മസാല സോഡാ കുടിക്കുമ്പോ ഫൈസൽ ആ പഴയ കുട്ടിക്കാലത്തേക്ക് പോയിരുന്നു . കുട്ടിക്കാലത്ത് വാപ്പാടൊപ്പം ടൗണിൽ വന്നാൽ ദാസേട്ടന്റെ കടയിന്ന് ഒരു മസാല സോഡാ വാങ്ങിത്തരുമായിരുന്നു ..

തിരിച്ചു വന്ന് വണ്ടിയിൽ കേറിയപ്പോ പോക്കറ്റിൽ നിന്നും ഒരു മംഗോ ബൈറ്റ് മിട്ടായി എടുത്ത് വാപ്പ ഫൈസലിന് കൊടുത്തു. പണ്ട് വാപ്പാ എവിടേലും പോയാൽ എന്നും പോക്കറ്റിൽ മംഗോ ബൈറ്റ് മിട്ടായി ഉണ്ടാവുമായിരുന്നു ..

തന്റെ ബാഗിലെ ചോക്ലേറ്റുകൾക്ക് ഒന്നും ഇതിന്റെ അത്ര രുചി ഉണ്ടാവില്ലെന്ന് ഫൈസലിന് നന്നായി അറിയാമായിരുന്നു.. കുട്ടിക്കാലത്തെ ഓർമ്മകളുടെ മധുരം കൂടി മിട്ടായി വായിലിട്ടപ്പോൾ അവൻ രുചിച്ചറിഞ്ഞു..

വീട്ടിലെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.. വാപ്പയുടെയും മോന്റെയും വരവ് കണ്ടു ആദ്യം ഉമ്മ ഒന്ന് ഞെട്ടിയെങ്കിലും നാളുകളായി മനസ്സിൽ കൂടിയേറിയ ഭാരം ഇറങ്ങി പോയ പോലെ ഉമ്മ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു..

റസ്യേ കരഞ്ഞു ഇരിക്കാതെ ഭക്ഷണം എടുത്തു വെക്ക് മോന് വിശക്കുന്നുണ്ടാവും ന്ന് വാപ്പ പറഞ്ഞപ്പോ ഉമ്മ അടുക്കളയിലേക്ക് ഓടി.. എല്ലാം കണ്ടു ഫൈസലും ആനന്ദ കണ്ണീർ പൊഴിക്കുകയായിരുന്നു.

ഉമ്മാക്കും ഉപ്പാക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ വർഷങ്ങളായി നഷ്ടമായിരുന്ന നല്ല നിമിഷങ്ങൾ തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു ഫൈസൽ..

ഭക്ഷണം കഴിഞ്ഞു എന്തോ ചിന്തയിൽ ഉമ്മറത്തിരിക്കുകയായിരുന്ന വാപ്പയുടെ അരികിൽ ഫൈസൽ ഉമ്മയെയും കൂട്ടി ചെന്നിരുന്നു..

” ഉമ്മാ ഉമ്മാക്ക് അറിയോ ഈ വാപ്പയുടെ മോനായി ജനിക്കാൻ ഞാൻ എന്തു പുണ്യാ ചെയ്തേ???

ശെരിക്കും വാപ്പ അന്നെന്നെ മുഖം തരാതെ തിരിഞ്ഞു നടന്നപ്പോ എന്റെ വാക്ക് കേൾക്കാൻ പോലും തയ്യാറാവാതെ എന്നെ പോലീസുകാർക്ക് വിട്ടു കൊടുത്തു പോയപ്പോ മനസ്സ് കൊണ്ട് വെറുത്തു പോയതാ വാപ്പാനെ….സ്വന്തം മകനെ മനസ്സിലാക്കിയില്ലല്ലോ എന്നോർത്തു സങ്കടം കൊണ്ട് എല്ലാം ഇട്ടേച്ചു പോയതാ ഞാൻ…

പക്ഷേ.. പക്ഷേ വാപ്പ അവിടെയും എന്നെ തോൽപിച്ചു..

മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് ചിന്തിച്ച വാപ്പ നല്ലൊരു മനുഷ്യനായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയില്ല.. അതിലുപരി ഞാൻ ഇവിടെ നിന്ന് പോയിട്ടും എനിക്ക് കിട്ടിയ ജോലിക്കും സ്ഥാനമാനങ്ങൾക്കും പിന്നിൽ വാപ്പാന്റെ മകനോടുള്ള സ്നേഹം മറഞ്ഞിരുന്നത് ഞാൻ വൈകിയാണ് അറിഞ്ഞത്… “

ഫൈസൽ വിതുമ്പിക്കൊണ്ട് ഇതെല്ലാം പറയുമ്പോൾ വാപ്പ മൗനമായി തന്നെയിരുന്നു.. പക്ഷേ ഉമ്മാക്ക് എല്ലാം പുതിയ അറിവായിരുന്നു.. വാപ്പ മകന് വേണ്ടി താൻ അറിയാതെ എന്ത് ചെയ്തു എന്നറിയാൻ ആ ഉമ്മയും ആകാംശയോടെ മകന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.

” ഉമ്മാ എന്റെ കമ്പനിയിലെ മാനേജർ വാപ്പാടെ ക്ലോസ് ഫ്രണ്ട് ആണ്.. അവർ ഒരുമിച്ചു പഠിച്ചവർ മാത്രം അല്ല ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നവർ തന്നെയാണ്..

അന്ന് ഞാൻ ഗൾഫിൽ പോണം ഇവിടെന്ന് എങ്ങോട്ടേലും നാട് വിടണം എന്നൊക്കെ പറഞ്ഞപ്പോ ന്റെ കൂട്ടുകാരൻ അൻവർ തന്നെയാണ് എനിക്ക് പോവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്ത് തന്നത്..

പക്ഷേ അത് വാപ്പാന്റെ അറിവോടെയാണ് വാപ്പ പറഞ്ഞാണ് അവനതെല്ലാം ചെയ്തു തന്നത് എന്നൊന്നും ഞാൻ അന്നറിഞ്ഞില്ല..

വാപ്പാന്റെ ഫ്രണ്ട് എന്റെ മാനേജർ എന്നോട് വളരെ സ്നേഹത്തോടെ പെരുമാറിയപ്പോഴൊന്നും എന്റെ ഉയർച്ചയിൽ താങ്ങായി കൂടെ നിന്നപ്പോഴൊന്നും എന്റെ വാപ്പാന്റെ തന്നെ വാത്സല്യമായിരുന്നു എന്നിലേക്ക്എത്തിച്ചേരുന്നത് എന്ന് ഞാൻ അറിഞ്ഞതേയില്ല..

കഴിഞ്ഞ ദിവസം മാനേജർ എന്റെ അടുത്ത് വന്നു മോനെ നീ നിന്റെ വാപ്പയെ പോയി കാണണം വാപ്പാക്ക് നിന്നെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട് എന്നൊക്കെ പറഞ്ഞപ്പോ അവർക്കെങ്ങനെ എന്റെ വാപ്പാനെ അറിയാം എന്നോർത്ത് ഞാനും അത്ഭുതപ്പെട്ടു..

പക്ഷേ ചോദിച്ചപ്പോഴാണ് അറിയുന്നത് ഞാൻ ശെരിക്കും ഒരു വിഡ്ഢിയായിരുന്നുവെന്ന്.. വാശി കാരണം നഷ്ടപ്പെടുത്തുന്നത് അമൂല്യമായ ഒന്നായിരുന്നുവെന്ന്…

എന്തെ ഉമ്മാ ഉപ്പാക്ക് ഒരു അറ്റാക്ക് കഴിഞ്ഞത് ആണെന്ന് എന്നോട് മറച്ചു വെച്ചത്..??അത് കേട്ടാലും എന്റെ മനസ്സലിയില്ലെന്ന് ചിന്തിച്ചോ നിങ്ങൾ?? അതോ വാപ്പാനെ ഓർത്ത് ഞാനൊരിക്കലും കരയരുത് എന്നോർത്തോ??

ഇനി.. ഇനി ഞാൻ എന്റെ വാപ്പാനെ വിട്ട് എങ്ങും പോണില്ല.. ഇത്ര നാളും ഞാൻ നഷ്ടപ്പെടുത്തിയ സ്നേഹം ഒക്കെ നേരിട്ടനുഭവിച്ചു വാപ്പാക്കൊപ്പം കഴിയണം എനിക്ക്…”

അത്രയും പറഞ്ഞു ചാലിട്ടൊഴുകിയ കണ്ണീർ തുടച്ചു ഫൈസൽ തന്റെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയായിരുന്നു റബ്ബേ എന്റെ വാപ്പാക്കും ഞങ്ങൾക്കും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ആയുസ് ഏകണേ എന്ന്.

പിന്നീടുള്ള ഓരോ ദിവസവും ഫൈസലിന്റെ വീട്ടിൽ ആഘോഷനാളുകൾ ആയിരുന്നു.. ഉമ്മാനേം വാപ്പാനേം കൂട്ടി യാത്രകൾ ചെയ്തും വീട്ടിൽ തന്നെ ഒരുമിച്ചു ഭക്ഷണം ഒക്കെ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിച്ചും ദിവസങ്ങൾ കൊഴിഞ്ഞു..

അവന്റെ വാപ്പ മുമ്പത്തെക്കാൾ ആരോഗ്യവനായി കാണപ്പെട്ടു.. അവർക്കാകെ യുണ്ടായിരുന്ന മകനെ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ടാവാം അവന്റെ വാപ്പ വീണ്ടും ആരോഗ്യത്തോടെ പഴയ പ്രസരിപ്പോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഫൈസലിന്റെ ലീവ് കഴിയുന്ന തലേന്ന് വാപ്പ അവനെ അരികത്തു വിളിച്ചു പറഞ്ഞു..

” മോനെ.. വാപ്പാക്ക് പ്പൊ ഒരു കുഴപ്പവും ഇല്ല.. ന്റെ മോനെ കണ്ടതോടെ ന്റെ അസുഖം ഒക്കെ പോയി…മോനിപ്പോ വന്നപ്പോൾ തന്ന ഈ സന്തോഷം ണ്ടല്ലോ അത് മതി വാപ്പാക്കിനിയും ജീവിക്കാൻ…

നീ ഇവിടെ തന്നെ നിന്ന് നല്ലൊരു ജോലി കളയര മോൻ അവിടെ തന്നെ

പോണം.. നാളെ തന്നെ പോയി ജോലിയിൽ കേറണം.. ഇതും വാപ്പാന്റെ ആഗ്രഹം ആണെന്ന് കൂട്ടിക്കോ.. “

വാപ്പാന്റെ വാക്കുകൾക്ക് മുന്നിൽ എതിർത്തു പറയാൻ ഫൈസലിന് തോന്നിയില്ല.. അതാണ് ശരി എന്നവനും മനസ്സിലാക്കി.. അപ്പോൾ തന്നെ പോവാനുള്ള ഒരുക്കങ്ങൾ ചെയ്തു പെട്ടന്ന് തന്നെ ടിക്കറ്റ് റെഡിയാക്കി.

അങ്ങനെ പിറ്റേന്ന് വൈകുന്നേരം വാപ്പ തന്നെയാണ് അവനെ എയർപോർട്ടിൽ കൊണ്ട് വിട്ടത്.. അവിടെ വെച്ച് വാപ്പയും മകനും തമ്മിലുള്ള ആലിംഗനങ്ങൾ ക്കൊടുവിൽ വാപ്പ നൽകിയ മുത്തവും വാങ്ങി മുമ്പത്തെക്കാളേറെ സന്തോഷത്തോടെ അവൻ വീണ്ടും പ്രവാസത്തിലേക്ക് പറന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *