നമ്മുടെ ജീവിതത്തിൽ ഒരു നിശ്ചിത കാലയളവിൽ മാത്രം ഒപ്പമുണ്ടാകുന്ന മനുഷ്യരോടാവും നമുക്ക് കൂടുതൽ അടുപ്പം തോന്നുക, അവർക്കൊപ്പമായിരിക്കും നമ്മൾ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സൃഷ്ടിക്കുക…….

Story written by Athira Sivadas

എനിക്കറിയാമായിരുന്നു. പോയ കാലത്തിൻറെ ചിതലരിച്ച താളിലെ ഓരോർമ്മയായി അയാളും മാറുമെന്ന്…  പക്ഷേ അയാൾ പോകുന്ന നിമിഷം ജീവിതത്തിലൊരു വലിയ വിടവ് സൃഷ്ടിക്കപ്പെടുമെന്നും, ആ ശൂന്യതയിൽ ചേർത്ത് വെക്കാൻ അയാൾക്ക് പകരമായി മറ്റൊരാളും ഉണ്ടായിരിക്കില്ലെന്നും അന്നൊരിക്കലും ഞാൻ ചിന്തിച്ചിരുന്നില്ല.

കാലങ്ങൾക്കിപ്പുറം അയാളോട് ചേർന്നിരിക്കാൻ വല്ലാത്തൊരു കൊതി തോന്നുമെന്നും… പാലക്കാട് സ്റ്റേഷൻ താണ്ടി ട്രെയിൻ മുൻപോട്ട് പോകുമ്പോൾ അയാളുള്ള നാടിനെ ഞാൻ കൊതിയോടെ നോക്കുമെന്നും അന്നാരറിഞ്ഞു…

കൊയ്ത്തു കഴിഞ്ഞ പാടത്തിനു നടുവിലെ കുഞ്ഞു കൂരയിൽ റാന്തൽ വെളിച്ചമണയ്ക്കാതെ അയാളിപ്പോഴും ഉണർന്നിരിക്കുന്നുണ്ടാവണം. ആ ചിന്തകളിൽ ഒരിയ്ക്കലെങ്കിലും ഞാൻ വന്നു പോയിട്ടുണ്ടാകുമോ. അങ്ങനെ ആഗ്രഹിക്കാൻ അർഹത ഇല്ലാത്തവളാണ്… അയാളുടെ സ്നേഹത്തെ ഓർക്കാൻ കൂടി യോഗ്യതയില്ലാത്തവൾ.

അയാൾ മുഴുവൻ ഹൃദയവും കൊണ്ട് എന്നെ മാത്രം സ്നേഹിച്ചിരുന്നു. അവസാനത്തെ കൂടിക്കാഴ്ച്ചയിലെ ചുവന്നുകലങ്ങിയ കണ്ണുകൾ കണ്ടിട്ടും ഞാനെന്തേ അയാളോടൊരു വാക്ക് പോലും ചോദിച്ചില്ല… വേണമെങ്കിൽ അന്നെനിക്ക് സ്വന്തമാക്കാമായിരുന്നു. എങ്കിലിപ്പോൾ കുമ്മാട്ടിയും വേലയും നടക്കുമ്പോൾ അയാളുടെ കയ്യും പിടിച്ച് പുഴ കടന്ന് അമ്പലത്തിലേക്ക് പോകാമായിരുന്നു.

അയാളിന്ന് വിവാഹിതനാണ്‌. മാധവൻ കുട്ടിയുടെ പെണ്ണ് സുഭദ്ര ലക്ഷണമൊത്തൊരു സ്ത്രീയാണെന്ന് ഒരിക്കൽ ചെന്നപ്പോൾ അമ്മമ്മ പറഞ്ഞതോർക്കുന്നു. അന്നും ഒന്നും തോന്നിയില്ല. മാധവകുട്ടി അവളെ സ്നേഹിക്കുന്നുണ്ടാവോ… അറിയില്ല… അയാൾ പാവമാണ്. ശുദ്ധനായ മനുഷ്യൻ. അയാളെ സ്നേഹിക്കുന്ന ആരെയും മാധവൻകുട്ടി വേദനിപ്പിക്കുകയില്ല.

പണ്ടാരോ പറഞ്ഞതാണ് ഇപ്പോൾ ഓർമ്മ വരുന്നത്.

“നമ്മുടെ ജീവിതത്തിൽ ഒരു നിശ്ചിത കാലയളവിൽ മാത്രം ഒപ്പമുണ്ടാകുന്ന മനുഷ്യരോടാവും നമുക്ക് കൂടുതൽ അടുപ്പം തോന്നുക, അവർക്കൊപ്പമായിരിക്കും നമ്മൾ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സൃഷ്ടിക്കുക, എങ്കിലല്ലേ അത്രമേൽ ആ വിടവിനെ നോക്കി നമ്മളും കരയുക.”

അന്നാ പറഞ്ഞതിന്റെ ആഴമോ വ്യാപ്ത്തിയോ അളന്നു നോക്കാൻ മെനക്കെട്ടില്ല. എന്നാലിന്ന് ഓർക്കുമ്പോൾ എവിടെയോ വിങ്ങുന്നുണ്ട്.

കാവിൽ ഉത്സവത്തിന് മേമയുടെ മക്കൾക്കൊപ്പമെന്ന് തറവാട്ടിൽ എല്ലാവരോടും നുണ പറഞ്ഞ് ഞാൻ പോകാറുള്ളത് മാധവൻ കുട്ടിയോടൊപ്പമായിരുന്നു. അയാളുടെ സൈക്കിളിന് മുൻപിൽ ആ കൈകൾക്കിടയിൽ ഹൃദയത്തോട് ചേർന്ന് ഞാനിരിക്കും. മാധവൻകുട്ടിയ്ക്ക് കർപ്പൂരത്തിന്റെ മണമാണെന്ന് ഒരിക്കൽ അയാളോട് ചേർന്നിരുന്നുകൊണ്ട് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.

രാത്രിയിൽ പുഴ മുറിച്ചു കടന്നു വേണം കാവിലേക്ക് പോകാൻ. കാലിൽ തണുപ്പ് പടർന്നു കയറുമ്പോൾ മാധവൻകുട്ടി എന്റെ ഉള്ളം കയ്യിൽ ചേർത്ത് പിടിക്കും.

പാടത്ത് പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ട് തലയിലൊരു തോർത്തും കെട്ടി നിൽക്കുന്ന മാധവൻ കുട്ടിയുടെ ചിത്രമാണ് മനസ്സിൽ പതിഞ്ഞു കിടക്കുന്നത്. അയാളെ ഓർക്കുമ്പോഴൊക്കെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന ചിത്രം.

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ചെയ്യാൻ നാട്ടിൽ വരുമ്പോഴാണ് മാധവൻ കുട്ടിയെ ആദ്യമായി കാണുന്നത്. അഡ്മിഷൻ എടുക്കാൻ എറണാകുളത്തേക്ക് എനിക്കും അമ്മയ്ക്കും വിടാൻ മാധവൻ കുട്ടി അല്ലാതെ മറ്റൊരു വിശ്വസ്ഥൻ അമ്മമ്മയ്ക്ക് ഉണ്ടായിരുന്നില്ല. മാധവൻ കുട്ടി അന്ന് അമ്പാസിഡർ ഓടിക്കുമായിരുന്നു. അമ്മയും മാധവൻ കുട്ടിയും മുൻപിലും ഞാൻ പിന്നിലുമായിരുന്നാണ് പോയത്. മാധവൻ കുട്ടിക്ക് പഠിപ്പുണ്ട്. അന്നാട്ടിൽ പാരല്ലൽ കോളേജിലൊക്കെ പോയി പഠിച്ച ചുരുക്കം ചിലരിൽ ഒരാളാണ് മാധവൻ കുട്ടിയും.

അന്നത്തെ യാത്രയിലാണ് മാധവൻ കുട്ടിയോട് ആദ്യമായി കൂടുതൽ സംസാരിക്കുന്നത്. പിന്നെ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു തന്നതും, കുന്നുമ്പുറത്തെ ക്ഷേത്രത്തിൽ കൊണ്ട് പോയി കുന്നിൽ മുകളിൽ മഴ പെയ്യുന്നത് കാണിച്ചു തന്നതുമൊക്കെ മാധവൻകുട്ടി തന്നെ.

എന്റെ നേട്ടങ്ങളും ചലനങ്ങളുമൊക്കെ മാധവൻ കുട്ടിയെ മോഹിപ്പിച്ചിട്ടുണ്ടാവണം. എപ്പോഴോ അയാളുടെ ശ്രദ്ധ ആകർഷിക്കാൻ, അയാളിഷ്ടപ്പെടുന്ന പെണ്ണാവാൻ ഞാനും ശ്രമിച്ചിരുന്നു.

ഞാൻ എറണാകുളം മഹാരാജാസിലായിരുന്നു പഠിച്ചതൊക്കെ. ആഴ്ച തോറും എന്നെ കൂട്ടാനയാൾ വരാറുണ്ടായിരുന്നു. ചെന്നൈ നഗരത്തിലേക്കുള്ള പറിച്ചു നടലായിരുന്നു എന്നെയും അയാളെയും അകറ്റിയത്. അകറ്റിയതെന്നല്ല… മനഃപൂർവം ഞാനയാളെ ഓർത്തില്ലന്നുള്ളതാണ് സത്യം. ഇടക്കെങ്കിലും കത്തുകളയക്കാനോ സുഖവിവരങ്ങൾ അന്വേഷിക്കാനോ ഞാൻ മെനക്കെട്ടില്ല.
ചെന്നൈയിലെ ആദ്യ മാസങ്ങളിൽ വരാറുണ്ടായിരുന്ന മാധവൻ കുട്ടിയുടെ കത്തുകൾ ഞാൻ ചിരിയോടെ വായിക്കാറുണ്ടായിരുന്നു. ഒരു വർഷം അടുക്കും വരെയും മറുപടി കിട്ടിയില്ലെങ്കിലും അയാൾ കത്തുകളയച്ചു. ഒടുവിൽ മടുത്തിട്ടുണ്ടാകും. കത്തുകൾ കാണാഞ്ഞിട്ടും ഒന്ന് തിരക്കുകകൂടി ചെയ്യാത്ത സ്നേഹമില്ലാത്തവളെന്ന് ചിന്തിച്ചിട്ടുണ്ടാകാം.

പിന്നെ തറവാട് മുഴുവൻ എന്റെ വിവാഹത്തിനായി ഒരുങ്ങുമ്പോഴായിരുന്നു ഞാൻ മാധവൻ കുട്ടിയെ വീണ്ടും കാണുന്നത്. ഒരു ഭാവവ്യത്യാസവുമില്ലാതെ പരിചയം പുതുക്കലിന് ഞാൻ അടുത്തു ചെന്നിട്ടും അയാൾ അകലം പാലിച്ചു.

ഹൃദയമില്ലാത്തവൾ!

എനിക്കെന്നെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുന്നത്. പിന്നീടൊരു കുട്ടി ഇല്ലാത്തതിനെ ചൊല്ലിയുള്ള നാളുകൾ നീണ്ട പീ ഡനങ്ങൾക്കൊടുവിൽ ഞാനും ഇന്ദ്രനും പിരിയുന്നതിനു ശേഷമാണ് മാധവൻ കുട്ടിയുടെ പേര് വീണ്ടും കേട്ടത്.

അയാൾ വിവാഹിതനായത്രേ. ശ്രീത്വമുള്ള കുട്ടിയെന്ന് അമ്മമ്മ ഇടയ്ക്കിടെ പറയുന്നതൊഴിച്ചാൽ ഞാൻ ഇടയ്ക്കൊരു മിന്നായം പോലെ കണ്ടതേയുള്ളു. ഏട്ടന്റെ മകളുടെ വിവാഹത്തിന് മാധവൻ കുട്ടിയുടെ കയ്യും പിടിച്ച് അവളുമുണ്ടായിരുന്നു. സുഭദ്ര.

നീണ്ട മൂക്കിലെ വെള്ളക്കൽ മൂക്കുത്തി മാത്രേ ഞാൻ കണ്ടുള്ളു. പിന്നീടൊരിക്കൽ അച്ഛമ്മ പറഞ്ഞറിഞ്ഞു മാധവൻ കുട്ടിയുടെ പെണ്ണിന് വിശേഷണ്ടന്ന്. രണ്ടിരട്ടക്കുട്ടികൾ ജനിച്ചെന്നറിഞ്ഞപ്പോൾ കാണാനൊരു മോഹം തോന്നിയിരുന്നു. പക്ഷേ പോയില്ല.

പിന്നീട് മാധവൻ കുട്ടിയെ കണ്ടത് അമ്മമ്മയുടെ മരണത്തിനാണ്. അന്ന് ഒന്നും കഴിക്കാതെ മുറിയിലിരുന്ന എനിക്കരികിലേക്ക് വന്നത് അയാളായിരുന്നു. യുഗങ്ങൾക്കപ്പുറത്ത് നിന്നും ഓടി വന്നത് പോലെ. ഒരു നിമിഷം കൊണ്ടയാളെ പിടിച്ചു വലിച്ചെന്റെ ജീവിതത്തിലേക്ക് ചേർക്കണമെന്ന് തോന്നി. എന്റെ തെറ്റാണ്. അയാളെ മനസ്സിലാക്കാൻ, അയാളെ സ്നേഹിക്കാൻ എനിക്ക് മറ്റൊരു ജീവിതം വേണ്ടി വന്നു.

മുഖമുയർത്തി നോക്കുമ്പോൾ അയാളുടെ കണ്ണുകളിലാ വെള്ളക്കൽ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു. എങ്കിലും എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഒപ്പം അയാളുടെയും. ആ ഹൃദയത്തിലിന്നും എവിടെയോ ഞാനുണ്ടെന്ന് തിരിച്ചറിയാൻ അത്രയേ വേണ്ടിയിരുന്നുള്ളു. അയാളുടെ നെഞ്ചിൽ ഞാൻ മുഖമമർത്തി നിന്നു… തോൽവി സമ്മതിച്ചുകൊണ്ട്… മാപ്പപേക്ഷിച്ചുകൊണ്ട്….

പിന്നീടയാളെ കണ്ടിട്ടേയില്ല. പാലക്കാടേക്ക് പോയിട്ടുമില്ല, എങ്കിലും ആ നാട് താണ്ടുമ്പോൾ എന്നെ പൊതിയുന്ന പാലക്കാടൻ കാറ്റിനിന്നും മാധവൻകുട്ടിയുടെ മണമാണ്…

അവസാനിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *