പാലൊക്കെ കുറവാ മോളെ .. കുഞ്ഞതുകൊണ്ട് ഏതുനേരവും കരച്ചിലാ..അതെങ്ങനാ മര്യാദക്ക് വല്ലതും തിന്നണ്ടേ ..ഞാനൊക്കെ പാല് നിറഞ്ഞ് പിഴിഞ്ഞുകളയാരുന്നു……

Story written by Lis Lona

“പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ..ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ് അവളു കാണിക്കുന്നത്! താലോലിക്കാൻ അവനും..”

പെറ്റുകിടക്കുന്ന പെണ്ണിനോടുള്ള പരമ്പരാഗത ഡയലോഗാണ് ..പറയുന്നത് വേറാരുമല്ല പേറിൽ നാലുവട്ടം ഡിഗ്രിയെടുത്ത വേറൊരു പെണ്ണ്..

പെണ്ണായാലെന്താ വേദന വേദനയല്ലേ അതും പ്രസവവേദനയെന്താ നിസ്സാരമാണോ ?? സ്റ്റിച്ചിടുന്നത് ചാക്ക് കെട്ടിലാണോ മനുഷ്യശരീരത്തിൽ തന്നെയല്ലേ.. അത് വേദനിക്കില്ലെന്നും വേദനിച്ചാലും കാണിക്കാൻ പാടില്ലെന്നും ഏതവനാടാ പറഞ്ഞുണ്ടാക്കിയത് ! മനസ്സിൽ ഉരുവിട്ടുകൊണ്ട് പല്ലുകടിച്ച് ഫോൺ ചെവിയിൽ വച്ച് കേട്ടുനിന്നു ഞാൻ.

പ്രസവിച്ചുകിടക്കുന്ന സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞിനേയും കോവിഡ് കാലമായതുകൊണ്ട് സന്ദർശിക്കാനാകാതെ ഇരിക്കുകയായിരുന്നു അപ്പോഴാണ് അവൻ വിളിച്ച് അമ്മ എത്തിയിട്ട് നിന്നെ ഒന്ന് കണ്ടില്ലല്ലോയെന്ന് ചോദിച്ചതും ഒന്ന് വരാൻ പറഞ്ഞതും.

അമ്മക്കൊന്ന് ഫോൺ കൊടുക്കെന്ന് പറഞ്ഞതിന്റെ ബാക്കിയാണ് മുകളിൽ കണ്ടത്. പെൺകുട്ടിക്ക് ഇരുപത്തൊന്ന് വയസ്സുണ്ട് ..ആദ്യപ്രസവം.. ചെറുപ്പത്തിലേ അമ്മ മരിച്ചതുകൊണ്ട് അമ്മയില്ലാതെ വളർന്ന കുട്ടിയാണ്..

കോവിഡ്, നാട്ടിൽ പോയുള്ള പ്രസവമെന്ന പദ്ധതി മാറ്റിമറിച്ചപ്പോൾ ഇവിടെത്തന്നെ പ്രസവം നടത്താൻ തീരുമാനമായി.. അമ്മയില്ലെങ്കിലെന്താ അമ്മാ യിയമ്മയും അമ്മയല്ലേ ഞാൻ വരും എന്റെ കൊച്ചിനെ നോക്കാനെന്ന് അവന്റെ അമ്മയും പറഞ്ഞപ്പോൾ ആശ്വാസമായി രണ്ടുപേർക്കും.

“പാലൊക്കെ കുറവാ മോളെ .. കുഞ്ഞതുകൊണ്ട് ഏതുനേരവും കരച്ചിലാ..അതെങ്ങനാ മര്യാദക്ക് വല്ലതും തിന്നണ്ടേ ..ഞാനൊക്കെ പാല് നിറഞ്ഞ് പിഴിഞ്ഞുകളയാരുന്നു.. കൊച്ച് അലറിപൊളിച്ചു കരഞ്ഞാലും ഒന്നുകിൽ അവള് വേറേതോ ലോകത്തായിരിക്കും..അല്ലെങ്കിൽ ചുമ്മാ കണ്ണീരും പൊഴിച്ച് ഇരിപ്പുണ്ടാകും..”

ശെടാ പരാതിക്കെട്ടു ഇനിയും നീണ്ടുപോകയാണല്ലോ ഒന്നുകിൽ ഞാനിതിനൊക്കെ ഫോണിൽ കൂടി നല്ല മറുപടി കൊടുക്കണം അപ്പോൾ പിന്നെ വർഷങ്ങളായുള്ള പാമ്പൻ പാലത്തിന്റെ ശക്തിയുള്ള ബന്ധം തകർന്ന് തരിപ്പണമാകും.

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരുമെന്നാണല്ലോ കണ്ണടച്ചുപിടിച്ച് ശ്വാസം ഉള്ളിലേക്കെടുത്ത് വിഷയം മാറ്റാനായി കുഞ്ഞ് സുഖമായി ഇരിക്കുന്നല്ലോ എന്ന് ചോദിച്ചു..

“ചെവിയൊക്കെ കറുത്തിട്ടാ ! ഇപ്പൊ കാണുന്ന നിറമൊക്കെ പോകും കൊച്ചേ അവരുടെ രണ്ടാളുടേം നിറമുണ്ടാകില്ല. ആ പിന്നൊരു സമാധാനമുണ്ട് ആൺകുട്ടിയല്ലേ കറുത്താലും കുഴപ്പമില്ല.. മുടി നല്ലോണം കുറവാ എന്നാലും തല ഉരുണ്ടതുകൊണ്ട് കാണാൻ നല്ലതാ.. ഇവന്റെ ചേട്ടന്റെ പിള്ളേരെ വച്ച് നോക്കുമ്പോൾ ആകെക്കൂടി ഒരു അശു ആണ് അതാ സങ്കടം ! മാസമൊന്ന് കഴിഞ്ഞാൽ കൊച്ചിന് വേറെന്തെലും കൂടി കൊടുക്കണം..”

ഹോ ! ഇവരിതൊക്കെ ശ്വാസം വിടാതെ എങ്ങനെ പറഞ്ഞൊപ്പിക്കുന്നു ? ഒരുമാസം കഴിയുമ്പോഴേക്കും പുഷ്ടിപ്പെടുത്താൻ കുഞ്ഞിന് ഇവരെന്ത് ആടുലേഹ്യം കൊടുക്കുമോ?..പിടിച്ചതിലും വലിയതാണ് അളയിലെന്ന് ആ സുഖവിവരങ്ങളുടെ ഉത്തരലിസ്റ്റ് കേട്ടപ്പോഴേ തോന്നി..

“വണ്ണമില്ലെങ്കിലും നിറം കുറഞ്ഞാലും മുടിയില്ലെങ്കിലും കൊച്ചിന്റെ ചെറുവിരൽ തുമ്പിലെ നഖം വരെയും കൃത്യമായി വാർത്തുവച്ചിട്ടില്ലേ ദൈവം അമ്മേ.. കൊച്ചുകുഞ്ഞല്ലേ വണ്ണം വച്ചോളും ..ചന്തം കുറഞ്ഞാലും അമ്മേടെ മോന്റെ കുഞ്ഞാ… “

പറഞ്ഞുതീർന്നില്ല ഫോൺ കൈമാറി പുള്ളിക്കാരി പോയി.. അല്ലേലും മറുപടി കൊടുക്കുന്നവരെ ആർക്കും കണ്ടുകൂടല്ലോ അവർ പറയുന്നതും കേട്ടിട്ട് കൂടെ ഇത്തിരി അത്ഭുതവും കുശുമ്പും പരദൂഷണവും സമാസമം ചേർത്തു കൊടുത്തിരുന്നേൽ മൂപ്പത്തിക്ക് സന്തോഷമായേനെ..

ബാക്കി കേൾക്കാനുള്ളതും പറയാനുള്ളതും നേരിട്ട് കൊടുക്കാമെന്നോർത്ത് വൈകീട്ട് അങ്ങോട്ടേക്ക് ഇറങ്ങി.

കുറച്ചുനേരം അവൾക്കരികിൽ സംസാരിച്ചിരുന്നപ്പോഴേ മനസിലൊരു സംശയം തോന്നി പ്രസവത്തിന് മുൻപ് ചിരിച്ചും കളിച്ചും പാറിപ്പറന്നു നടന്നവളാണ് ഇപ്പോൾ ഒന്നിനും ഒരു ഉത്സാഹമില്ലാതെ നമ്മളെ കേൾക്കുക പോലും ചെയ്യാതെ ഏതോ ലോകത്താണവൾ .. പോസ്റ്റ് പാർട്ടം ഡിപ്രെഷനാണ് വില്ലൻ!..

കാരണങ്ങളില്ലാതെ കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നവളെ തിരിച്ചറിയാതെ വെറുതെ ഇരുന്ന് കരയാൻ നിനക്കെന്താ വട്ടുണ്ടോയെന്ന ചോദ്യമാണ് ഇടക്കിടെ.. കൂടെ കുഞ്ഞിനെ നോക്കാനുള്ള മടികൊണ്ട് കാണിച്ചുകൂട്ടുന്നതാണെന്ന മുൻവിധിയുമുണ്ട്.. ഇതൊന്നും വലിയ കാര്യമല്ല ഇതൊക്കെ കഴിഞ്ഞുതന്നെയാണ് ഞാനും ഈ പ്രായത്തിലെത്തിയതെന്ന പറച്ചിലിന് ഒരു കുറവുമില്ല.. എന്ത് ചെയ്ത് കൊടുത്തിട്ടും അവളുടെ മുഖമങ്ങട് തെളിയുന്നില്ലല്ലോ മോനെയെന്ന് അവനോട് സ്വൈര്യക്കേടും

പരാതികൾക്ക് ഒരു കുറവുമില്ലാതെ അമ്മ താടിക്ക് കയ്യുംകൊടുത്ത് ഞങ്ങളുടെ ഒപ്പമിരുന്ന് എണ്ണിപ്പെറുക്കുന്നത് അവളും കേൾക്കുന്നുണ്ടോ ഇല്ലയോ ഒന്നും മിണ്ടാതെ നിസ്സഹായയായി ഇരിക്കുന്നു.

കുഞ്ഞിനെ അവൾക്ക് ജീവനാണ് പക്ഷേ കൊഞ്ചിക്കാനോ ലാളിക്കാനോ തോന്നുന്നില്ല കുഞ്ഞിന്റെ നിലവിളി കേൾക്കുമ്പോഴേക്കും അരിശം പിടിക്കുന്നു. നിനക്ക് കൊച്ചിനെ വേണ്ടെങ്കിൽ നീ പൊക്കോ ഞാനെന്റെ കൊച്ചിനെ നോക്കിക്കോളാമെന്നാണ് ഇതിനെല്ലാം അമ്മയുടെ വക..ഉണ്ടാക്കാൻ മാത്രം സാമർഥ്യം പോരായെന്ന് പച്ചക്ക്.

ആശ്വസിപ്പിയ്ക്കാൻ അടുത്തു ചെന്നാൽ പെറ്റുകിടക്കുന്ന പെണ്ണിന്റെ അടുത്തുള്ള കിന്നാരമൊന്നും വേണ്ടെന്നുള്ള ഉപദേശമാണ് അവനോട് . പുരുഷന്മാർ പ്രസവശേഷം ഭാര്യക്കടുത്ത് ചെല്ലുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് ലൈം ഗികബന്ധം മുൻപിൽ കണ്ടുകൊണ്ടാണെന്ന മട്ടിലാണ്. അവനെയൊന്ന് അരികിൽ കിട്ടാൻ അവൾ കൊതിക്കുന്നതൊക്കെ കൊച്ചിനൊരു മൂന്ന് മാസം വരെയെങ്കിലും സഹിച്ചൂടെയെന്നും..

സർവ്വചരാചരങ്ങളോടുമുള്ള ദേഷ്യമോ അസഹ്യതയോ അവളുടെ മുഖത്ത് കാണാം..ഒന്നിനും ഉന്മേഷമില്ലാതെ നിർവികാരമായ മുഖം.

ഈ ഒൻപത് മാസത്തോളവും ഗർഭാലസ്യവും ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ചും അവൾ കാത്തിരുന്നതീ കുഞ്ഞിന് വേണ്ടിയല്ലേ.. കുഞ്ഞിന്റെ ഓരോ അനക്കവും കുതിക്കലും അവൾ എത്രത്തോളം സന്തോഷത്തോടെ ആസ്വദിച്ചിട്ടുണ്ടാകും.. മാസം തികഞ്ഞ് അവൻ പുറത്തേക്ക് വരാനായപ്പോഴേക്കും ആ കുഞ്ഞുമുഖം കാണാനും കൊഞ്ചിക്കാനും അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നിരിക്കില്ലേ.. നട്ടെല്ല് പിളർക്കുന്ന വേദനയുടെ ഓരോ നിമിഷവും അവൾ സഹിച്ചു കാത്തിരുന്നത് ഈ കുഞ്ഞികാലുകൾ കാണാനല്ലേ.. പൊക്കിൾ കൊടി മുറിച്ചുമാറ്റി അവനെ ആദ്യമായി നെഞ്ചിലേറ്റിയ നിമിഷം അവളെന്തുമാത്രം ആഹ്ലാദിച്ചിട്ടുണ്ടാകും.. ആദ്യമായി മു ലയൂട്ടുമ്പോഴുള്ള ചെറിയ വേദനയിലും അവൾ പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ.. എന്നിട്ടും !!

എപ്പോഴോ അവൾ പോലുമറിയാതെ അവളുടെ മനസിലേക്ക് കടന്നുവന്ന ഈർഷ്യയും ദേഷ്യവും സങ്കടവും ഒറ്റപ്പെടലും കുഞ്ഞിനോടുള്ള അകൽച്ചയും മനപ്പൂർവ്വമല്ലെന്നും പ്രസവശേഷമുള്ള വിഷാദരോഗത്തിന്റെ തുടക്കമാണെന്നും തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും കരുതലോടെയും ചേർത്തുപിടിക്കാനും കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷെ എന്നന്നേക്കുമായി അവളെയും കുഞ്ഞിനേയും നഷ്ടപ്പെടാനും മതിയെന്നും മനസിലാക്കണം.

എനിക്കാരുമില്ല എന്നെയാർക്കും ഇഷ്ടമില്ലെന്ന പരാതിക്ക് ഉത്തരമായി നിനക്ക് ഞാനില്ലെയെന്ന് ഞങ്ങളില്ലേയെന്ന് പറഞ്ഞ് അവൾക്കായി സമയം കണ്ടെത്തി ചേർത്ത് പിടിക്കുക.. കാരണമെന്തെന്ന് പറയാനറിയാത്ത വിഷാദവും സങ്കടവും കേൾക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടെന്നത് എത്രത്തോളം ആശ്വാസമാകുമെന്നോ.

ഗർഭകാലം മാത്രമല്ല പ്രസവകാലവും അവൾക്ക് അർഹിക്കുന്ന പരിഗണന കൊടുത്ത്കു ഞ്ഞ് അവളുടെ മാത്രം ഉത്തരവാദിത്തമല്ല അവൾക്കൊന്ന് വയ്യെങ്കിൽ അച്ഛൻ നോക്കിയാലും ഒരു കേടും അതിനുണ്ടാകില്ല എന്ന് മനസിലാക്കി കൂടെനിൽക്കുന്നവർ ഒരു അനുഗ്രഹമാണെന്നോർക്കുക..

ഉപദേശങ്ങൾക്കും തലക്ക് പിരി ഇളകുന്ന താരതമ്യപ്പെടുത്തലുകൾക്കും പകരം ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ സമാധാനമായിരിക്കെന്ന് സാന്ത്വനിപ്പിക്കുക.. അവളുടെ പരാതികൾ നിസ്സാരമാക്കി കാണാതെയും കളിയാക്കാതെയും ഈ സമയവും കടന്നുപോകുമെന്ന് ആശ്വസിപ്പിക്കുക.

വേറെ ആരെങ്കിലും കുഞ്ഞിനെ ലാളിക്കുന്നത് കണ്ട് എന്നേക്കാൾ കുഞ്ഞ് അവരെ സ്നേഹിക്കുമോയെന്ന ചിന്താഗതിയിലൂടെ കടന്നുപോകുന്നവരോട് വാവയെ തന്നില്ലേ ഇനി നീ വേണ്ടെടിയെന്ന വൃത്തികെട്ട തമാശ ഒഴിവാക്കുക.

വാശിയും ദേഷ്യവും രോഗാവസ്ഥയാണെന്ന് മനസിലാക്കി നീ വടിയെടുത്താൽ ഞാൻ വാളെടുക്കുമെന്ന ലൈൻ ഒഴിവാക്കുക..

വിഷാദമെന്ന് കേൾക്കുമ്പോഴേക്കും ഇഷ്ടപെട്ട പാട്ടുകളുടെ ലിസ്റ്റിലേക്ക് ചാടി അത് കേൾക്കാൻ പറയുന്നതും മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഉപദേശിക്കുന്നതും കാണാം എല്ലാ വിഷാദവും പാട്ടിൽ പോകുന്നതല്ലെന്ന് കൂടി എഴുതിക്കോട്ടെ.. ഇഷ്ട്ടപെട്ട പാട്ടായാലും അല്ലാത്ത പാട്ടായാലും ചിലപ്പോൾ അസഹ്യതയിൽ തല പൊട്ടിപൊളിയുന്നപോലെ തോന്നും പാടുന്ന കുന്തമെടുത്ത് വലിച്ചെറിയാനും പാടുന്നവരെ തല്ലാനും തോന്നായ്കയില്ല..

ഓരോരുത്തർക്കും ഓരോ തരത്തിലാണെങ്കിലും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നതും കാരണമില്ലാതെ ദേഷ്യപെടുന്നതും കരയുന്നതും ശ്രദ്ധയിൽ പെട്ടാൽ സ്നേഹത്തോടെ അവളെ കേൾക്കുകയാണ് പ്രധാന പോംവഴിയെന്ന് മനസിലാക്കുക..

സാരമില്ലെന്ന് പറഞ്ഞ് അവളെ ഉപാധികളില്ലാതെ സ്നേഹിക്കുക ..ആവശ്യ മെങ്കിൽ ഡോക്ടറുമായി സംസാരിക്കുകയോ ചികിത്സ കൊടുക്കുകയോ ചെയ്യുക. സ്നേഹവും കരുതലും പോസ്റ്റ് പാർട്ടം ഡിപ്രെഷനെന്ന കടമ്പ മറികടക്കാൻ സാധിക്കുമെന്നോർക്കുക.

മുൻപ് കാലത്തുള്ളവർ കാരണമറിയാതെ തനിച്ചിരുന്ന് കരഞ്ഞുതീർത്ത് നൂലിഴപാലത്തിലൂടെ ഭാഗ്യത്തിന് രക്ഷപെട്ട് വന്ന കഥകളുണ്ട് അതെല്ലായ്പൊഴും ഉണ്ടാകണമെന്നുമില്ലയെന്ന് കുഞ്ഞിനോട് ക്രൂരമായി പെരുമാറുന്ന അമ്മയെന്നും ഇവൾക്കെന്തിന്റെ കേടാണെന്നും വിധിയെഴുതും മുൻപേ നമ്മൾ അറിഞ്ഞിരിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *