നിന്നെ അവളൊരിക്കലും ഇഷ്ടമാണെന്ന് പറയില്ല, കാരണം ഞങ്ങളുടെ സ്നേഹം അത് എന്താണെന്ന് അവൾക്ക് ശരിക്കും അറിയാം. ഞങ്ങൾ പറയുന്ന ആളെത്തന്നെ അവൾ വിവാഹം കഴിക്കുകയും ചെയ്യും……

ഏട്ടൻ

Story written by Ajeesh Kavungal

വർക് ഷോപ്പ് അടച്ച് ഹരികൃഷ്ണൻ വീട്ടിലെത്തുമ്പോൾ 8 മണി കഴിഞ്ഞിരുന്നു.എന്നും തന്നെ വീട്ടിന്റെ പൂമുഖത്ത് കാത്തു നിൽക്കാറുള്ള അനിയത്തി നീതുവിനെ കാണാതിരുന്നപ്പോൾ ഇവൾക്കിതെന്തു പറ്റി എന്ന ചിന്തയോടെ നേരെ അവളുടെ റൂമിലേക്ക് കയറി ചെന്നു. തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുക യായിരുന്നു അവൾ. “മോളേ ” എന്നു വിളിച്ചതും ഞെട്ടി തിരിഞ്ഞ അവളോട് ഹരികൃഷ്ണൻ ചോദിച്ചു. “നിനക്കെന്തു പറ്റി, രണ്ടു മൂന്ന് ദിവസമായി ഒരു ഉഷാറില്ലല്ലോ?”ഒന്നുമില്ല ഏട്ടാ, ചെറിയ തലവേദന ” അവൾ മറുപടി പറഞ്ഞു. “നേരത്തെ കിടന്ന്‌ ഉറങ്ങാത്തതിന്റെ യാ അത്, നീ കിടന്നോ ഞാൻ കുളിച്ചിട്ട് വരാം “എന്ന് പറഞ്ഞ് അയാൾ പുറത്തേക്ക് നടന്നു.

ശങ്കരൻ നായരുടേയും വിലാസിനി അമ്മയുടേയും മക്കളാണ് ഹരികൃഷ്ണനും, നീതുവും.ഹരിയേക്കാൾ 8 വയസ്സ് കുറവുണ്ട് നീതുവിന്. അയാൾക്ക് അവളെന്ന് വെച്ചാൽ ജീവനാണ്. അവൾക്ക് തിരിച്ചും. നീതുവിന്റെ ലോകം തന്നെ ഹരികൃഷ്ണനാണ് എന്ന് വേണമെങ്കിൽ പറയാം. അവർ തമ്മിൽ ഒരു രഹസ്യങ്ങളും ഇല്ല. കോളേജിൽ തന്റെ പുറകേ നടക്കുന്ന പൂവാലന്മാരുടെ കഥകൾ വരെ അവർ പരസ്പരം പറഞ്ഞ് ചിരിക്കാറുണ്ട്.അച്ഛനോടും, അമ്മയോടും ഉള്ളതിനേക്കാൾ കൂടുതൽ അടുപ്പം നീതുവിന് ഹരിയോടുണ്ട്. പൊതുവെ ഇത്തിരി ഗൗരവക്കാരനാണ് ഹരി. പ്രായത്തിൽ കവിഞ്ഞ പക്വത എല്ലാ കാര്യങ്ങളിലും കാണിക്കുന്നതു കൊണ്ട് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ് ഹരി.ഹരിയുടെ സമപ്രായക്കാർക്ക് പോലും ഭയം കലർന്ന ഒരു ബഹുമാനമാണ് ഹരിയോട്.ഹരി കുളിച്ച് വന്ന് ബാംതിരയുമ്പോൾ വിലാസിനിയമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു ” ഉം ചെല്ല്, മടിയിൽ കിടത്തി പുരട്ടി കൊടുക്ക് ഇപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം, അടുത്ത മാസം പെണ്ണിന് 21 വയസ്സാവും. ലോകത്ത് വേറെ ആർക്കും ഇതുവരെ തലവേദന വന്നിട്ടില്ലല്ലോ”.” ഈ അമ്മയ്ക്ക് ഇതെന്തിന്റെ കേടാ, തലവേദന വന്നു നോക്കണം, അപ്പോൾ അറിയാം അതിന്റെ വിഷമം.” കൂടുതൽ ഒന്നും പറയണ്ട, അമ്മ ഇത്തിരി വെള്ളം ചൂടാക്ക്, അവൾക്ക് ആവി പിടിക്കണം. എന്ന് മറുപടി പറഞ്ഞ് ഹരി, നീതുവിന്റെ റൂമിലേക്ക് നടന്നു.

ഹരികൃഷ്ണൻ ചെല്ലുമ്പോൾ കണ്ണടച്ചു കിടക്കുകയായിരുന്നു നീതു അവളുടെ കൺപീലികൾക്കിടയിലൂടെ കണ്ണീർ ഒഴുകിയ പാട് അയാൾ ശ്രദ്ധിച്ചു.ആളനക്കം കേട്ട് അവൾ കണ്ണ് തുറന്നു. ഹരിയെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു. പക്ഷേ, എന്നുമുള്ള തിളക്കം അയാൾ ആ ചിരിയിൽ കണ്ടില്ല.അവളുടെ അടുത്ത് ചെന്നിരുന്ന് തല യെടുത്ത് മടിയിൽ വെച്ച് ബാംപുരട്ടി കൊണ്ട് ഹരി ചോദിച്ചു “നല്ല തലവേദനയുണ്ടോ മോളേ, നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ, ഹോസ്പിറ്റലിൽ പോണോ “.

” വേണ്ട ഏട്ടാ അത്രയ്ക്കൊന്നുമില്ല, ഏട്ടന്റെ മടിയിൽ ഇങ്ങനെ കുറച്ച് നേരം കിടന്നാൽ മാറാത്ത ഏതസുഖമാ എനിക്കുള്ളത്, എനിക്കിങ്ങനെ കുറച്ച് നേരം കിടന്നാൽ മതി”. അയാൾ അലിവോടെ അവളുടെ കവിളിൽ തലോടി. കുറച്ച് നേരം അങ്ങനെ കിടന്ന് നീതു മയങ്ങിയപ്പോൾ അയാൾ മെല്ലെ പുറത്തേക്ക് നടന്നു. ചോറ് വിളമ്പി വെച്ച് കഴിക്കാൻ വിളിച്ച അമ്മയോട് അയാൾ പറഞ്ഞു. “അമ്മ അത് അടച്ച് വെച്ച് പോയി കിടന്നോളൂ, അവൾ ഉറക്കമായി. കുറച്ച് കഴിഞ്ഞ് അവളും ഞാനും കൂടി കഴിച്ചോളാം. കുറച്ച് നേരം ഉറങ്ങുമ്പോൾ തലവേദന മാറിക്കോളും.” വിലാസിനിയമ്മ ഹരികൃഷ്ണനെ ഒന്നു നോക്കി .ഞാൻ പാല് ചൂടാക്കി വെച്ചിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് അവൾക്ക് അത് കൊടുക്ക് എന്ന് പറഞ്ഞ് വിലാസിനിയമ്മ കിടക്കുന്ന മുറിയിലേക്ക് പോയി.ഹരി ഹാളിൽ ഉള്ള സോഫയിലും കിടന്നു.

അയാൾ ചിന്തിച്ചത് മുഴുവൻ നീതുവിനെ കുറിച്ചായിരുന്നു. അവൾക്ക് ഉള്ളിലെന്തോ വിഷമം ഉണ്ട്. അവളെ തൊട്ടു നോക്കിയപ്പോൾ തനിക്ക് മനസിലായതാണ് അവൾക്ക് തലവേദന ഇല്ലായെന്ന്. ഇതു വരെ എന്തു കാര്യവും തന്നോട് പറഞ്ഞിട്ടുള്ളതാണ്. ഇന്ന് എന്താണാവോ തന്റെ കുട്ടിക്ക് പറ്റിയത്. എന്തായാലും നാളെ രാവിലെ ചോദിക്കാം എന്ന് വിചാരിച്ച് അയാൾ കിടന്നു. നീ തു ജനിച്ച അന്നു തൊട്ടുള്ള കാര്യങ്ങൾ ഒരു സിനിമ പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. മുന്നിലെ ക്ലോക്കിൽ 11 മണി ആയപ്പോൾ അടുക്കളയിൽ ചെന്ന് പാലെടുത്ത് കൊണ്ട് നീതു വിന്റെ റൂമിലേക്ക് നടന്നു. വാതിലിനടുത്തെത്തിയപ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിക്കുന്ന ശബ്ദം ഹരിയുടെ കാതിൽ വീണു.അയാൾ വാതിലിനോട് ചേർന്ന് നിന്ന് കാതുകൾ കൂർപ്പിച്ചു.

” വിനീ, നീ അവനെ പറഞ്ഞു മനസിലാക്കണം. എനിക്ക് അവനോട് ഒന്നും പറയാൻ കഴിയില്ല.അലെങ്കിലും ഞാൻ എന്തു കാരണം പറയും, അവനെ ഇഷ്ടമല്ല എന്ന് പറയാൻ. എന്നെക്കാൾ താഴ്ന്ന ജാതിക്കാരനെന്നോ, അതോ എന്നെക്കാൾ സാമ്പത്തികം കുറവാണെന്നോ, എനിക്കവനെ ഇഷ്ടമാണ് ശരിക്കും. പക്ഷേ എന്റെ വീട്ടുകാർ ഇതൊരിക്കലും അംഗീകരിക്കില്ല. എന്റെ ഏട്ടനെ ആലോചിക്കുമ്പോൾ തന്നെ എനിക്ക് സങ്കടം വരുന്നു. എനിക്ക് വേണ്ടി മാത്രമാണ് എന്റെ ഏട്ടൻ ജീവിക്കുന്നത് തന്നെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ കുടുംബത്തെ മുഴുവൻ വിഷമിപ്പിച്ച് ജീവിതകാലം മുഴുവൻ സന്തോഷ മായിരിക്കാൻ എനിക്ക് കഴിയും ന്ന് നിനക്ക് തോന്നുന്നുണ്ടോ? നീ വിഷ്ണുവിനോട് പറയണം.ഇനി എന്റെ മുന്നിൽ വരരുത് എന്ന്. അവൻ എനിക്കു തന്ന ആ ഗിഫ്റ്റും നീ തിരിച്ച് കൊടുക്കണം.എനിക്കുമുണ്ട് സങ്കടം. പക്ഷേ എത്ര വലിയ സങ്കടം വന്നാലും അത് മാറാൻഎനിക്ക്എന്റെ ഏട്ടനെ കെട്ടിപ്പിടിച്ചാൽ മതി.ഏട്ടൻ ഉറങ്ങിയിട്ടുണ്ടാവില്ല. നീ ഫോൺ വെച്ചോ. രണ്ടു ദിവസം കോളേജിലേക്ക് ഞാനില്ല.അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു. അകത്തേക്ക് കടക്കാൻ തുടങ്ങിയ ഹരിതിരിച്ചു നടന്നു.പാൽ അടുക്കളയിൽ തിരിച്ച് കൊണ്ട് വെച്ച് അയാൾ റൂമിലേക്ക് നടന്നു.

ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് വീണ നീ തു തലയിണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. അവളുടെ ഉള്ളിൽ വിഷ്ണുവിന്റെ മുഖമായിരുന്നു.കൂട്ടുകാരി വിനിയുടെ ചേട്ടന്റെ വിവാഹതലേന്നാണ് വിഷ്ണുവിനെ ആദ്യമായ് കാണുന്നത്. എല്ലാ കാര്യത്തിലും ഉത്സാഹിച്ച് നടക്കുന്ന അവനെ കണ്ടാൽ ആ കല്യാണം അവൻ ഒറ്റയ്ക്ക് നടത്തുന്നതാണെന്ന് തോന്നും. എല്ലാവരോടും സ്നേഹത്തോടെ മാത്രമുള്ള പെരുമാറ്റം. അവന്റെ ചുണ്ടിൽ നിന്ന് ചിരി മാഞ്ഞു കണ്ടിട്ടില്ല. പെട്ടെന്ന് തന്നെ പരിചയപ്പെട്ടു അതിനു ശേഷം അവനെ പല പ്രാവശ്യം കണ്ടു. സംസാരിച്ചു. പെട്ടെന്നൊരു ദിവസം തന്നോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അവൻ അതു പറയുമ്പോൾ അവന്റെ കണ്ണുകളിലെ സ്നേഹവും ആത്മാർത്ഥതയും ശരിക്കും താൻ അറിഞ്ഞതാണ്. ഒരിക്കൽ പോലും തന്റെ പുറകേ വരുകയോ, ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. കാണുമ്പോഴുള്ള കുറച്ചു നേരത്തെ സംസാരം മാത്രം.വിഷ്ണുവിനെ മാത്രം കുറ്റം പറയാൻ കഴിയില്ല അവൻ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴാണ് താനും തിരിച്ചറിഞ്ഞത്. അവനോട് സംസാരിക്കുമ്പോൾ തന്നെ വാക്കുകളിൽ പ്രണയമുണ്ടായിരുന്നു എന്ന്. അവനെ സ്ഥിരമായി കാണാറുള്ള വഴിയിൽ കണ്ടില്ലെങ്കിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് തേടുമ്പോൾ തന്റെ കണ്ണിലുണ്ടായിരുന്നത് അവനോടുള്ള പ്രണയമാണ്. പക്ഷേ അവന്റെ സ്നേഹം ലഭിക്കാനുള്ള യോഗം തനിക്കില്ല. തറവാട്ട് മഹിമയും സമ്പത്തും മുറുകെ പിടിക്കുന്ന അച്ഛനും ‘ അമ്മയും ഇതൊരിക്കലും അനുവദിക്കില്ല. താൻ ഇങ്ങനെയൊന്നു ചിന്തിച്ചു എന്നറിഞ്ഞാൽ ചേട്ടനും അത് താങ്ങാൻ കഴിയില്ല. ജീവിതകാലം മുഴുവൻ ഇത് മനസിലുണ്ടാകും എന്നറിയാം.എന്നാലും സാരമില്ലാ; തന്റെ കുടുംബത്തെ സങ്കടപ്പെടുത്തിട്ട് തനിക്ക് ഒന്നും വേണ്ട. അവളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു.

സ്വന്തം റൂമിൽ ഹരിയും ഇതു തന്നെയാണ് ആലോചിച്ച് കൊണ്ടിരുന്നത്. വിനിയെ ആണ് അവൾ വിളിച്ചതെന്ന് മനസ്സിലായി.വിഷ്ണു അതാരാണെന്ന് ഹരി ക്ക് മനസിലായില.. വിനീതയെ ഹരിക്ക് അറിയാം. നല്ല തന്റേടിയായ പെൺകുട്ടിയാണ് അവൾ.നല്ല സ്വഭാവവും. അവർടെ കൂടെ നീതുവിനെ എവിടെ വിടാനും വിശ്വാസമായിരുന്നു. അവൾ കൂടി അറിഞ്ഞിട്ടാണെന്ന് ഓർത്തപ്പോൾ ഹരിക്ക് വല്ലായ്മ തോന്നി.വിഷ്ണു എന്ന പേര് ഒരിക്കൽ കൂടി മനസിലുറപ്പിച്ച് രാവിലെ വിനിയെ ചെന്നു കാണാൻ അയാൾ തീരുമാനിച്ചു.

പുറകിൽ ഒരു ബുള്ളറ്റ് വന്ന് നിന്ന ശബ്ദം കേട്ടാണ് മുറ്റമടിച്ച് കൊണ്ടിരുന്ന വിനി തിരിഞ്ഞ് നോക്കിയത്. ബുള്ളറ്റിൽ ഹരിയെ കണ്ടതും അവളൊന്ന് ഞെട്ടി. ഇടുപ്പിൽ കു ത്തിയിരുന്ന നൈറ്റി അഴിച്ചിട്ട് ചൂല് പുറകിലേക്ക് പിടിച്ച് അവൾ അയാളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇവിടെ ആരുമില്ലേ എന്ന് അയാൾ ചോദിച്ചപ്പോൾ അച്ഛൻ പുറത്ത് പോയി, അമ്മയും ഏട്ടനും, ഏട്ടത്തിയും കൂടി അമ്പലത്തിൽ പോയി എന്നവൾ പറഞ്ഞു. “ആരാ ഈ വിഷ്ണു, അവനും നീതുവും തമ്മിലുള്ള ബന്ധം എന്താ? അവന്റെ വീട് എവിടെയാ? എന്നൊക്കെയുള്ള ഹരിയുടെ പരുക്കൻ മട്ടിലുള്ള ചോദ്യത്തിനു മുന്നിൽ അവളൊന്നു പതറി.ഹരി എല്ലാം അറിഞ്ഞിട്ടാണ് വന്നതെന്ന് അവൾക്ക് തോന്നി. നീതു പറഞ്ഞിട്ടില്ല എന്നുറപ്പാണ്. ഹരിയുടെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ ഒന്നും മറച്ച് വെക്കാൻ വിനിക്ക് കഴിഞ്ഞില്ല. വിഷ്ണുവും നീതുവും ആദ്യമായി കണ്ടത് മുതൽ ഇന്നലെ വരെയുള്ള സംഭവങ്ങൾ അവൾ അയാളോട് തുറന്ന് പറഞ്ഞു. എല്ലാം കേട്ട ശേഷം അയാൾ ചോദിച്ചു “അവന്റെ വീട് എവിടെയാണ് ?”. നേരെ കാണുന്ന വളവിലേക്ക് ചൂണ്ടി അവൾ പറഞ്ഞു ” ആ വളവ് കഴിഞ്ഞാൽ ആദ്യം കാണുന്ന വീട്.ഹരി ഒന്നു അമർത്തി മൂളിയ ശേഷം അവളോട് ചോദിച്ചു. ” അവൻ നീതൂന് കൊടുത്ത ഗിഫ്റ്റ എടുത്തിട്ട് വാ “. വിനി ഒന്നു സംശയിച്ചു നിന്ന ശേഷം വീടിനകത്തു പോയി ഒരു ഗിഫ്റ്റ് പാക്കറ്റ് എടുത്തു കൊണ്ടുവന്നു.

അതു വാങ്ങി വണ്ടിയുടെ മുന്നിൽ വെച്ച് സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയ അയാളെ നോക്കി അവൾ വിളിച്ചു – ” ഹരിയേട്ടാ! ഹരി ചോദ്യഭാവത്തിൽ അവളെ നോക്കി. അവളുടെ മുഖത്തൊരു പേടി ഉണ്ടായിരുന്നു. ബൈക്കിന്റെ ഹാൻഡിലിൽ വെച്ചിരിക്കുന്ന അയാളുടെ കൈയിൽ കൈവെച്ചു കൊണ്ടവൾ പറഞ്ഞു – “വിഷ്ണുവിനെ ഒന്നും ചെയ്യരുത് അവൻ ഒരു പാവമാണ്. അവനോട് ഒന്നും സംസാരിക്കണ്ട എന്നു ഞാൻ പറയില്ല, പക്ഷേ ഒന്നും ചെയ്യരുത്. കാര്യങ്ങൾ പറഞ്ഞാൽ അവന് മനസിലാകും. വിഷ്ണുവിനെ എന്തെങ്കിലും ചെയ്താൽ വിഷമിക്കുന്നത് വിഷ്ണുവായിരിക്കില്ല, നീതുവായിരിക്കും. അവൾക്കും അവനെ ഇഷ്ട്ടമാണ്. പക്ഷേ അവൾ ഒരിക്കലും അവനോട് പറഞ്ഞിട്ടില്ല കാരണം അവൾക്ക് മറ്റെന്തിനേക്കാളും വലുത് നിങ്ങളാണ്.ഒന്നു ഞാൻ പറയാം, ഹരിയേട്ടൻ ഒന്നു മനസു മാറ്റി ചിന്തിച്ചാൽ ഒരു പക്ഷേ ഇതായിരിക്കും ഹരിയേട്ടൻ ഇത്രയും കാലം അവളോട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കാര്യം. വിഷ്ണുവിനേക്കാൾ നല്ലൊരു സമ്മാനം ഇനി അവർക്ക് കൊടുക്കാൻ ചിലപ്പോൾ ഹരിയേട്ടന് കഴിഞ്ഞെന്നു വരില്ല. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി എന്ന നിലയ്ക്ക് ചില കാര്യങ്ങളിൽ ഹരിയേട്ടനെക്കാൾ കൂടുതൽ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഹരി തന്റെ കൈയിൽ വെച്ചിരിക്കുന്ന അവളുടെ കൈയിലേക്കും, അവളുടെ മുഖത്തേക്കും മാറി മാറി നോക്കി. പെട്ടെന്ന് അവൾ കൈ വലിച്ചു താഴോട്ട് നോക്കി നിന്നു. “ഇനി നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ടീ” ഹരിയുടെ ചോദ്യം കേട്ടതും അവൾ ഞെട്ടി തലയുയർത്തി അയാളെ നോക്കി, ഇല്ലാ എന്നർത്ഥത്തിൽ തലയാട്ടി.”നിനക്ക് കല്യാണം ഒന്നും വരുന്നില്ലേ, വേഗം കെട്ടിച്ച് വിടാൻ ഞാൻ നിന്റെ അപ്പനോട് പറയാം. നിന്റെയൊക്കെ മനസ് എന്തെന്ന് ദൈവത്തിന് പോലും അറിയില്ല “.

“എന്റെ മനസ് അങ്ങനെയൊന്നും മാറില്ല, എന്റെ അപ്പന്റെ കൈയിൽ പൈസ ഇത്തിരി കുറവാ, സ്ത്രീധനം വേണ്ടാന്നു പറഞ്ഞു ഒരുത്തൻ വന്ന് പറഞ്ഞാൽ ഞാൻ അവനെ അപ്പോ കെട്ടും “

എന്ന് മറുപടി പറഞ്ഞ് ദേഷ്യ ഭാവത്തിൽ ഹരിയെ ഒന്നു നോക്കി താഴെ കിടന്നിരുന്ന ചൂലുമെടുത്ത് വീടിന്റെ പുറകുവശത്തേക്ക് നടന്നു.അവളുടെ പോക്ക് നോക്കി എന്തോ ചിന്തിച്ചുറപ്പിച്ച ശേഷം ഹരിബൈക്ക് സ്റ്റാർട്ടാക്കി വിഷ്ണുവിന്റെ വീടിന്റെ നേർക്ക്ഓടിച്ചു. ബൈക്കിൽ നിന്നിറങ്ങി ഹരി വീടൊന്ന് നോക്കി. ചെറുതാണെങ്കിലും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്. മുറ്റത്തും, തൊടിയിലുമായി നിറയെ മരങ്ങളും ചെടികളും”ഇവിടെ ആരുമില്ലേ?”എന്നു ഹരി വിളിച്ചു ചോദിച്ചപ്പോൾ, “ഉണ്ട് ചേട്ടോ ഇങ്ങോട്ട് നോക്ക് “എന്നൊരു ശബ്ദം ഹരിയുടെ ചെവിയിൽ വീണു.ശബ്ദം കേട്ട ഭാഗത്ത് നോക്കിയപ്പോൾ തലയിൽ തോർത്തും കെട്ടി, ഹാഫ് ബനിയനുമിട്ട് വാഴയ്ക്ക് തടമെടുക്കുന്നൊരാളെ ഹരി കണ്ടു. ഹരിയെ ഒന്നു സൂക്ഷിച്ച് നോക്കിയ ശേഷം അയാൾ തൂമ്പാ താഴെ വെച്ച് ഹരിയുടെ അടുത്തെത്തി.ഹരി ആ മുഖം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നി. ഓർത്തെടുക്കാൻ വലിയ പ്രയാസം ഉണ്ടായില്ല.ഒരു ദിവസം വയ്യാതെ കിടക്കുന്ന കൂട്ടുകാരനെ കാണാൻ ഹോസ്പിറ്റലിൽ പോയ ദിവസം, റോഡിൽ വെച്ച് സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയെ വണ്ടി തട്ടി വീണപ്പോൾ അതിനെയു മെടുത്ത് ചോ zര പുരണ്ട വസ്ത്രങ്ങളുമായ് ഹോസ്പിറ്റലിലേക്ക് ഓടിക്കേറി വരുന്ന രൂപം. ചികിത്സിക്കാൻ വൈകിയെത്തിയ ഡോക്ടറുടെ കോളറിന് കേറി പിടിച്ചവൻ, അത് ഇവൻ തന്നെയായിരുന്നു. അയാളുടെ മുഖത്ത് സൂക്ഷിച്ച് നോക്കി ഹരി ചോദിച്ചു ” വിഷ്ണു അല്ലെ, “അതെ’ എന്നവൻ മറുപടി പറഞ്ഞു. “ആരാ മനസിലായില്ല ” എന്നവൻ ചോദിച്ചപ്പോൾ, “ഞാൻ ഹരികൃഷ്ണൻ, നീതുവിന്റെ ഏട്ടൻ” എന്ന് അയാൾ മറുപടി പറഞ്ഞു.ഹരികൃഷ്ണന്റെ കൈയിലിരിക്കുഗ്ഗിഫ്റ്റ് പാക്കറ്റ് നോക്കി കൊണ്ട് വിഷ്ണു, പറഞ്ഞു നീതുവിന് ഒരു ഏട്ടൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ, ഇങ്ങനെയൊരു കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചതാണ്. ” അകത്തേക്കിരിക്കാം, അത് പറയുമ്പോൾ വിഷ്ണുവിന്റെ മുഖത്ത് ഹരി പ്രതീക്ഷിച്ച ഭയമോ ആശങ്കയോ ഉണ്ടായിരുന്നില്ല. എന്തുവന്നാലും നേരിടാനുള്ള ഭാവമായിരുന്നു അവന്റെ മുഖത്ത്.

“ഞാൻ വന്നതെന്തിനാണെന്ന് മനസ്സിലായല്ലോ അല്ലേ?” ഹരികൃഷ്ണൻ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. തലയിൽ കെട്ടിയിരുന്ന കോർത്ത് അഴിച്ച് മാറ്റി വിഷ്ണുമറുപടി പറഞ്ഞു ” ഒന്നുകിൽ തല്ലാൻ അല്ലെങ്കിൽ ഭീഷണിപ്പെടുത്താൻ .ഇതിൽ എന്തു ചെയ്താലും ഞാൻ തിരിച്ച് ഒന്നും പ്രതികരിക്കില്ല.പക്ഷേ ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്. ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി. അത് അവളോട് പറഞ്ഞു.പെട്ടെന്നൊരു ദിവസം കൊണ്ടൊന്നുമല്ല ഞാനവളെ ഇഷ്ടമാണെന്ന് പറഞ്ഞത്. കുറെ നാളത്തെ പരിചയം ഇടപഴകലുകൾ, അവളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പോലും അറിഞ്ഞ് അവളുടെെ മനസ്സ് അറിഞ്ഞതിനു ശേഷമാണ് ഇങ്ങനെയൊരു ചിന്ത മനസിലുണ്ടായത്‌. ഏതൊരാണും ആഗ്രഹിക്കുന്നത് അവന്റെ കുറ്റങ്ങളും, കുറവുകളും മനസിലാക്കി സ്നേഹിക്കുന്ന പെണ്ണിനെയാണ്. നീതുവിന് ആ ഒരു മനസ്സുണ്ട്. അവൾക്ക് എന്നെയും എനിക്ക് അവളെയും ഏതൊരു ഉപാധിയും ഇല്ലാതെ പരസ്പരം മനസിലാക്കാൻ കഴിയും എന്നു തോന്നി. ഞാൻ വന്ന് നിങ്ങളുടെ വീട്ടിൽ ചോദിച്ചാൽ എന്റെ അവസ്ഥ വെച്ച് അപമാനിതനായി മടങ്ങേണ്ടി വരും എന്നറിയാവുന്നത് കൊണ്ടാണ് അവളോട് പറഞ്ഞത്. ഇതവൾക്ക് തീർക്കാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.’. എന്നെയിഷ്ടമല്ല, ഇതിനൊന്നും താല്പര്യമില്ല എന്നൊരു വാക്ക് മതി, പിന്നെ അവളുടെ കൺവെട്ടത്ത് ഞാൻ പോകില്ല. അവൾ പറയാത്തിടത്തോളം കാലം ചേട്ടനല്ല ആരു പറഞ്ഞാലും ഞാൻ പിന്മാറില്ല.

“നിനക്കെന്താണ് ജോലി ” ?ഹരി ചോദിച്ചു. ഇലക്ട്രിക്കലും, പ്ലംബിംഗുമാണെന്ന് വേണമെങ്കിൽ പറയാം. അതിനുള്ള ലൈസെൻസും ഉണ്ട്. പക്ഷേ എനിക്ക് രാവിലെ എഴുനേല്ക്കുന്നതു മുതൽ ചെയ്യുന്നതെല്ലാം ജോലികളാണ്. പശുവിനെ കുളിപ്പിക്കുന്നത് തൊട്ട് രാത്രി ഓട്ടോ ഓടിക്കുന്നത് വരെ.ഞാൻ ഇപ്പോഴും പറയുന്നു, നിങ്ങളെ ആരേയും വിഷമിപ്പിക്കണം എന്നെനിക്കില്ല. നീതുവിന്റെ തീരുമാനം എന്തായാലും, അത് തന്നെയാണ് എന്റെയും തീരുമാനം.” ഇത്രയൊക്കെ സംസാരിക്കുമ്പോഴും അവന്റെ മുഖത്തെ പുഞ്ചിരി മായാത്തത് ഹരികൃഷ്ണൻ ശ്രദ്ധിച്ചു.വിഷ്ണു നല്ല വനാണെന്ന് അവന്റെ ഓരോ വാക്കും വിളിച്ച് പറയുന്നുണ്ടായിരുന്നു. നീതുവിനെ പറ്റി പറയുമ്പോൾ അവന്റെ മുഖത്തെ തെളിച്ചം, അവളെ അവന്എത്രത്തോളം ഇഷ്ടമുണ്ടെന്ന് ഹരിക്ക് മനസിലാവുന്നുണ്ടായിരുന്നു. അവനെ നോക്കി ഹരി പറഞ്ഞു

“നിന്നെ അവളൊരിക്കലും ഇഷ്ടമാണെന്ന് പറയില്ല, കാരണം ഞങ്ങളുടെ സ്നേഹം അത് എന്താണെന്ന് അവൾക്ക് ശരിക്കും അറിയാം. ഞങ്ങൾ പറയുന്ന ആളെത്തന്നെ അവൾ വിവാഹം കഴിക്കുകയും ചെയ്യും. പക്ഷേ നിന്നെയോർത്ത് അവൾ ജീവിതകാലം മുഴുവൻ മനസ്സിൽ കരയുന്നത് ഞാൻ കാണേണ്ടി വരും. വിനി പറഞ്ഞില്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ അറിയാൻ ശ്രമിക്കില്ലായിരുന്നു. എനിക്കിഷ്ടമായ് നിന്നെ.പക്ഷേഏത് കാര്യത്തിലും അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വേണം, അതില്ലാതെ എന്ത് നേടിയിട്ടും കാര്യമില്ല. ആദ്യം അവരുടെ സമ്മതം വാങ്ങട്ടെ. ഞാൻ പറഞ്ഞാൽ അവർ സമ്മതിക്കും എന്നാണെന്റെ വിശ്വാസം. കൈയിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് വിഷ്ണുവിന് നേരെ നീട്ടി ഹരി ചോദിച്ചു “ഇതിൽ എന്താ, സ്വർണ്ണമോ, മറ്റോ ആണോ, എന്തായാലും ഇതിവിടെ ഇരിിക്കട്ടെ.” വിഷ്ണുവിന്റെ മുഖത്ത് പെട്ടെന്നൊരു ചമ്മൽ വന്നു. “സ്വർണ്ണമൊന്നുമല്ല ഇത് ,കഴിഞ്ഞ പ്രാവശ്യം ഗുരുവായൂർ പോയപ്പോൾ വാങ്ങിയ കുപ്പിവളകളും, മുത്തുമാലയുമൊക്കെയാണ് “.ഹരി അറിയാതെ ഒന്ന് ചിരിച്ചു പോയി.ഹരി അവന്റെ തോളിൽ കൈവെച്ച് കൊണ്ട് പറഞ്ഞു. “ഞങ്ങൾ നിനക്ക് തരാൻ പോകുന്നത് ഞങ്ങളുടെ ഒക്കെജീവനാണ് “നീ അവളെ കരയിക്കാതെ നോക്കില്ലേടാ … “അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ ചെറുതായ് നിറഞ്ഞിരുന്നു. “അവളെ പൊന്നുപോലെ നോക്കാം, രാജകുമാരിയെ പോലെ വാഴിക്കാം എന്നൊന്നും ഞാൻ പറയില്ല, എനിക്കെന്തൊക്കെയുണ്ടാകുമോ അതൊക്കെ അവൾക്കുമുണ്ടാകും. ഒരു വാക്ക് ഞാൻ തരാം, എന്റെ മരണത്തിനല്ലാതെ എന്റെ കാരണം കൊണ്ടൊരിക്കലും അവൾക്ക് മനസ്സറിഞ്ഞ് കരയേണ്ടി വരില്ല.” എന്ന് പറഞ്ഞു വിഷ്ണു ഹരിയുടെ കൈയിൽ ചേർത്ത് പിടിച്ചു.അവനെ ഒന്നുകൂടി നോക്കി ഹരി ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഓടിച്ച് പോയി.

വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും തൊടിയിൽ കിടക്കുന്ന തേങ്ങ പെറുക്കി കൂട്ടുകയായിരുന്നു. അയാൾ ബൈക്ക് നിർത്തി അവരുടെ അടുത്തേക്ക് ചെന്ന് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്, എന്നു പറഞ്ഞപ്പോൾ അവർ രണ്ടാളും ഹരിയെ ചോദ്യഭാവത്തിൽ നോക്കി. രണ്ടു പേരോടും ഹരി കാര്യങ്ങൾ വിശദമായ് പറഞ്ഞു. കേട്ടു കഴിഞ്ഞപ്പോൾ രണ്ടാളും കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഹരിയെ നോക്കി ശങ്കരൻ നായർ പറഞ്ഞു ” കുട്ടികളായാൽ ഇങ്ങനെ ചില ഇഷ്ടങ്ങൾ ഒക്കെ ഉണ്ടായെന്നു വരും, അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക ,അത്രേ ഉള്ളൂ. നാലാള് ചോദിക്കുമ്പോൾ നമ്മളെന്ത് പറയും. നമ്മുടെ അന്തസ് നോക്കണ്ടെ ഹരി, അവൾക്ക് ഇതിനേക്കാളും നല്ലത് കിട്ടും. അതല്ലേ നല്ലത് “.

” ശരിയാണ് അച്ഛൻ പറഞ്ഞത്, നല്ലത് കിട്ടും…. ആർക്ക്, ?നമ്മൾക്ക് .എത്ര നല്ലതായാലും അവളുടെ മനസ്സിന് ഇഷ്ടമാകണ്ടേ അച്ഛാ. അന്തസ് നോക്കി അച്ഛൻ അവളെ ആർക്കാണ് കെട്ടിച്ച് കൊടുക്കാൻ പോകുന്നത്. ഏതോഒരു ബ്രോക്കർ കൊണ്ടുവരുന്ന നമുക്ക് ഒരു പരിചയവുമില്ലാത്ത ചെക്കനെയോ .. അവന്റെ ജോലിയുടെയും ശമ്പളത്തിന്റെയും കനം വെച്ച് നമ്മുടെ കുട്ടിക്ക് വിലയിടുന്ന അവന്റെ കുടുംബക്കാരുടെ ഇടയിലേക്കോ. നമുക്ക് വേണ്ടത് അവളുടെ സന്തോഷമല്ലേ. അതിനു അവൾക്കറിയാവുന്ന അവളെ അറിയാവുന്ന ഒരുത്തനെ കൊണ്ട് കെട്ടിക്കുന്നതല്ലേ നല്ലത്.

വിഷ്ണുവിന്റെ കുടുംബം ഒരു സാധാരണ കുടുംബമാണ്. നീതു ആ വീട്ടിൽ ചെന്നാൽ അവർക്ക് അവളൊരു രാജകുമാരി ആയിരിക്കും തീർച്ച. ഇത്രേം കാലം അവൾക്ക് വേണ്ടി നല്ലത് ചെയ്തിട്ട് കല്യാണത്തിന്റെ കാര്യത്തിൽ ഒരു അബദ്ധം പറ്റിയാൽ നമുക്ക് സഹിക്കാൻ കഴിയോ.. വിഷ്ണു നല്ലവനാണ്. അധ്വാനിക്കാനുള്ള ഒരു മനസ്സുമുണ്ട് അവന്. വലിയ ജോലി ഉള്ള ഒരുത്തനെ കൊണ്ട് കെട്ടിച്ചാ നമുക്ക് എല്ലാവർക്കും അത് വലിയ കാര്യമായ് പറഞ്ഞു നടക്കാനെ പറ്റൂ.. നമ്മുടെ കുട്ടി നമുടെ കൺവെട്ടത്ത് സന്തോഷമായി ഇരിക്കുന്നതല്ലേ അച്ഛാ നല്ലത് “

ഹരി പ്രതീക്ഷയോടെ ഇരുവരെയും മാറി മാറി നോക്കി. ശങ്കരൻനായർ അൽപ നേരം കൂടി ആലോചിച്ചു നിന്ന ശേഷം വിലാസിനിയമ്മയോട് പറഞ്ഞു. “ഹരി പറഞ്ഞതിലും കാര്യമുണ്ട്. നിന്റെ അഭിപ്രായം പറയൂ.. അതുപോലെ ചെയ്യാം.” വിലാസിനിയമ്മ ഹരിയുടെ മുടിയിൽ സ്നേഹത്തോടെ തലോടികൊണ്ട് പറഞ്ഞു. ” ഞാൻ അവളെ പ്രസവിച്ചു എന്നേ ഉള്ളൂ. വളർത്തിയതു മുഴുവൻ നീയാണ്. അവൾക്ക് നല്ലതു വരുത്തുന്നതേ മാത്രമേ നീ ചിന്തിക്കുള്ളൂന്ന് ഞങ്ങൾക്കുറപ്പുണ്ട്. നിന്റെ ഇഷ്ടം എന്താണോ അതുപോലെ ചെയ്യാം.” ഹരി അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അകത്തേക്ക് നടന്നു.

ഹരി ചെല്ലുമ്പോൾ നീതു കട്ടിലിൽ കിടക്കുക തന്നെ ആയിരുന്നു. മോളെ എന്നു വിളിച്ചപ്പോൾ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റുനിന്ന് അയാളെ നോക്കി ചിരിച്ചു.ഹരി അവളുടെ അടുത്ത് ചെന്ന് പുറകിൽ മറച്ചു പിടിച്ചിരുന്ന ആ ഗിഫ്റ്റ് പാക്കറ്റ് എടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ പേടിയോടെ അയാളെ ഒന്നു നോക്കി.

“നീ പേടിക്കണ്ട. ഇതു വാങ്ങിച്ചോ.. ഞാൻ വിഷ്ണുവിനെ കണ്ടിട്ടാണ് വരുന്നത്. പെങ്ങൻമാരുടെ മനസ്സറിയാൻ കഴിയാത്തവനെയൊക്കെ ആങ്ങളയാണെന്ന് പറയാൻ കഴിയോ.. നിന്റെ ഇഷ്ടം എന്താണോ അതേ നടക്കൂ.. ”

ഹരി പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ നീതു അയാളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങിയിരുന്നു. കരയുന്നതിനോടൊപ്പം ചിരിക്കുകയും ചെയ്യുന്ന അവളുടെ കാതിൽ മെല്ലെ പറഞ്ഞു.

” നിന്റെ ആ കൂട്ടുകാരി ഇല്ലേ കാന്താരി വിനിത. അവളെ സ്ത്രീധനം വാങ്ങാതെ തന്നെ ഞാൻ കെട്ടിക്കോട്ടെ എന്ന് ചോദിച്ചു നോക്ക്.. ” ഇതു കേട്ടതും നീതുവിന്റെ മുഖത്ത് കരച്ചിൽ മാറി ചിരി മാത്രം ആയി.

Ajeesh Kavungal

Related Posts

Leave a Reply

Your email address will not be published. Required fields are marked *