പക്ഷെ എന്റെ ചിന്തകളെ ഒക്കെപ്പാടെ തകിടം മറിച്ചു കൊണ്ട് വൈഷ്ണവ്മാഷ് , അതാണെന്റെ ട്യൂഷൻ സാറിന്റെ പേര് എന്നെ കണക്ക് പഠിപ്പിക്കാൻ തുടങ്ങി……

എഴുത്ത് :-വൈദേഹി വൈഗ

കണക്കിൽ വീക്കായതിനെ തുടർന്നാണ് എന്നെ ട്യൂഷൻ ക്ലാസിൽ ചേർക്കാമെന്ന് വീട്ടിൽ സംസാരമുണ്ടാകുന്നത് . പത്താം ക്ലാസ്സ്‌ വരെ ഒരു ട്യൂഷനും പോവാതെ യാതൊരു ടെൻഷനുമില്ലാതെ ആടിപ്പാടി കളിച്ചു രസിച്ചു പഠിച്ചു നടന്നിരുന്ന എന്റെ തലയിലേക്ക് വീണ ഇടിത്തീയായിരുന്നു അവരുടെ ആ തീരുമാനം .

കാലുപിടിച്ചു നോക്കി ,കരഞ്ഞു ബഹളം വച്ചുനോക്കി ,പട്ടിണി കിടന്നു നോക്കി ,പയറ്റിത്തെളിഞ്ഞ പതിനെട്ടാമത്തെ അടവും പുറത്തെടുത്തിട്ടും അവർ വഴങ്ങുന്ന ലക്ഷണമില്ലെന്ന് മനസിലായ എന്റെ പത്തിയും പതിയെ താണു ,

സ്കൂളിൽ പോകുന്നതിനു മുൻപ് 2 മണിക്കൂർ സ്കൂൾ വിട്ടതിനു ശേഷം 2 മണിക്കൂർ ,ഇതായിരുന്നു ട്യൂഷൻ ഷെഡ്യൂൾ .എന്റെ ജീവിതത്തിൽ നിന്ന് ആസ്വാദനത്തിന്റെ നാല് മണിക്കൂർ തട്ടിയെടുത്ത ട്യൂഷനോടും അതിനിടയാക്കിയ വീട്ടുകാരോടും കുറച്ചു ദിവസത്തേക്ക് ഞാൻ ദേഷ്യത്തിൽ ആയിരുന്നു ,വീട്ടുകാരോടുള്ള ദേഷ്യം കുറച്ചു മയത്തിൽ മതിയെന്ന് ആദ്യമേ തീരുമാനിച്ചു .ഇല്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുമെന്ന് എനിക്കറിയാം …

ഇതുവരെ ആയിട്ടും ഞാൻ എന്നെ പരിചയപ്പെടുത്തിയിട്ടില്ലല്ലേ …ഞാൻ ശ്രേയ,ശ്രേയ ശരത്കുമാർ .അച്ഛൻ ശരത്കുമാർ ,ബാങ്ക് മാനേജരാണ് .അമ്മ രുക്മിണി , സ്കൂൾ ടീച്ചർ ആണ് ,എസ്‌പെഷ്യലി കണക്ക് സ്പെഷ്യലിസ്റ്റ് .

അപ്പോൾ പിന്നേ ഞാൻ എന്തിനാ കണക്ക് പഠിക്കാൻ ട്യൂഷന് പോകുന്നെ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലേ …അത് വേറൊന്നുമല്ല ,എല്ലാ വീട്ടിലെയും പോലെ തന്നെ .അമ്മയെ പേടിയില്ല ,അമ്മ പറഞ്ഞാൽ കേൾക്കില്ല ,പഠിക്കില്ല എന്നൊക്കെ ഉള്ള ഒരുപാട് ചിന്തകൾ അമ്മയുടെ തലക്കകത്തുണ്ട് ,അത് തന്നെ കാര്യം …

പിന്നെ എനിക്കൊരു ചേച്ചി കൂടിയുണ്ട് ശരണ്യശരത്കുമാർ ,ശരിക്കും അവളാണ് എന്റെ പ്രധാനശത്രു … പഠിപ്പിസ്റ്റ് വിത് ഗോൾഡ്മെഡൽ ,കുടുംബത്തിന്റെ കണ്ണിലുണ്ണി ,നാടിന്റെ അഭിമാനം ,അങ്ങനെയെന്തൊക്കെയോ പോസ്റ്റിംഗുകൾ അവൾക്കുണ്ട് .ഇപ്പൊ എംബിബിസ് ഹൗസ്സർജൻസി ചെയ്യുന്നു .

ഏത് നേരവും അവളെ കണ്ട് പഠിക്ക് എന്ന പല്ലവി കേട്ട് കേട്ട് മടുത്തു ,അവളുടെ ഐഡിയ ആണ് എന്നെ ട്യൂഷന് വിടാം എന്നുള്ളത് …അതും അവളുടെ ഒരു ക്ലാസ്സ്‌മേറ്റിന്റെ ട്യൂഷൻ സെന്ററിൽ …

സാധാരണ 7 മണിക്ക് എഴുന്നേൽക്കാറുള്ള ഞാൻ 2 മണിക്കൂർ നേരത്തെ എഴുന്നേൽക്കണം ,5 മണിക്ക് വീട്ടിലെത്തുന്ന ഞാൻ ,പിങ്ക്പാന്തർ കണ്ട് രസിച്ചിരിക്കുന്ന 2 മണിക്കൂർ ട്യൂഷൻ സെന്ററിൽ ഹോമിക്കണം . സങ്കടം തോന്നിയിട്ടും കാര്യമില്ല , അത് കാണാൻ ആരുമില്ല എന്നുള്ളത് കൊണ്ട് ഞാൻ എല്ലാം മൗനം അങ്ങ് സഹിച്ചു .

ട്യൂഷൻ ചേർന്നു രണ്ട് ദിവസം ഞാൻ ആരോടും മിണ്ടിയില്ല ,ആരുടേയും മുഖത്തു പോലും നോക്കീല .എന്റെ പ്രായത്തിൽ രണ്ട് പേരുണ്ട് ,വേറെ സ്കൂൾ ആണ് അവർ . പത്താം ക്ലാസ്സ്‌ ആണ് കൂടുതലും ,പിന്നെ എട്ട്,ഒൻപത് കുറച്ചു കുട്ടികളുണ്ട് .എൽകെജി യുകെജി ഒന്നാംക്ലാസ്സ്‌ പീക്കിരിപിള്ളേർ വേറെയും .

ഇത്രയും ബഹളത്തിന് നടുവിൽ ഇരുന്ന് എങ്ങനെ ഞാൻ ഏകാഗ്രതയോടെ പഠിക്കും എന്നുള്ളത് ഒരു വെല്ലുവിളിയായിരുന്നു .

പക്ഷെ എന്റെ ചിന്തകളെ ഒക്കെപ്പാടെ തകിടം മറിച്ചു കൊണ്ട് വൈഷ്ണവ്മാഷ് , അതാണെന്റെ ട്യൂഷൻ സാറിന്റെ പേര് എന്നെ കണക്ക് പഠിപ്പിക്കാൻ തുടങ്ങി , ഞാൻ പഠിക്കാനും …

വെറും ഒരേ ആഴ്ച കൊണ്ട് പച്ചവെള്ളം കുടിക്കുന്ന ലാഘവത്തോടെ കണക്കിന്റെ കടുകട്ടി പ്രോബ്ലംസ് ഈസിയായ് ഞാൻ സോൾവ് ചെയ്യാൻ തുടങ്ങി , ക്ലാസിൽ മറ്റാരോടും കാണിക്കാത്ത കേറിങ് സാർ എന്നോട് കാണിച്ചു എത്ര ഡൌട്ട് ചോദിച്ചാലും ദേഷ്യപ്പെടാതെ സാവകാശം പറഞ്ഞു തന്നു ,ബിക്കോസ് ഞാൻ ശരണ്യയുടെ അനിയത്തി ആണല്ലോ ….

അത് മനസിലാകാത്ത ക്ലാസിലെ മാഷിന്റെ ചില ഗേൾഫാൻസ്‌ എന്നോട് ദേഷ്യവും അമർഷവും തീർക്കാൻ തുടങ്ങിയപ്പോഴാണ് മാഷിനോട് എനിക്കും ഒരു ആരാധന തോന്നിത്തുടങ്ങിയത് .

ആരാധന പ്രേമമാവാൻ അധികം സമയമെടുത്തില്ല ,കാരണം ഞാനും ഒരു കൗമാരക്കാരിയാണല്ലോ .പക്ഷെ എല്ലാരേം പോലെ ഗ്രീറ്റിംഗ്‌സ് വാങ്ങാനും ഊമക്കത്തെഴുതാനും പ്രേമം പറയാനും ഒന്നും ഞാൻ നിന്നില്ല .

ആദ്യം ചേച്ചിയോട് പറഞ്ഞു ,ചേച്ചി വഴി അച്ഛനോടും അമ്മയോടും അവർ വഴി മാഷിന്റെ വീട്ടുകാരെയും കാര്യങ്ങൾ അറിയിച്ചു . അടിയും പിടിയും അക്രമവും പ്രതീക്ഷിച്ചിരുന്നുവെങ്കിലും എല്ലാം വളരെ ശാന്തമായും സുമുഖമായും പര്യവസാനിച്ചു ,

മാഷും സമ്മതമറിയിച്ചതോടെ എല്ലാവർക്കും സന്തോഷം . എങ്കിലും പ്രേമമോ മരംചുറ്റി ഡ്യുയറ്റോ ഫോണിൽ സല്ലാപമോ ഒന്നും ഉണ്ടായിരുന്നില്ല ,ഞാൻ പ്ലസ്ടു കഴിഞ്ഞു കോച്ചിങ്ങിന് പോയ്‌ എംബിബിസ് എൻട്രൻസ് എഴുതി . മൂപ്പര് ഹൗസ്സർജൻസി കഴിഞ്ഞു പ്രാക്ടീസ് പിരീഡിൽ …

ഒരു നാലഞ്ച് വർഷം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണമാണ് , അത് വരേയ്ക്കും മധുരസ്വപ്നങ്ങളുമായ് ഒരു മനോഹരജീവിതം …..

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *