ഭാമ, എപ്പോഴും ഇങ്ങോട്ടു വരരുത്..ആളുകളെക്കൊണ്ട് പറയിപ്പിക്കരുത്… എന്നു പറഞ്ഞു ഒരിക്കൽ ഈ പടി ഇറക്കി വിട്ടവളാണ്…..

Story written by Nitya Dilshe

“അച്ഛാ..ഒരു പാക്കറ്റ് സാനിറ്ററി നാ പ്കിൻ വാങ്ങി വരു..”” കുഞ്ഞി ബാത്‌റൂമിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഞാനൊന്നു പകച്ചു .. ഒരു നിമിഷം ഒന്ന് സ്തംഭിച്ചു … എന്നേക്കാൾ അവൾക്കിപ്പോൾ ഒരമ്മയുടെ സാമീപ്യമാണ് വേണ്ടതെന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു..

മനസ്സിൽ പെട്ടെന്ന് തെളിഞ്ഞത് ഭാമയുടെ മുഖമാണ്.. ഇപ്പോൾ മറ്റൊരു ഓപ്ഷൻ മുന്നിലില്ല..

“”ഭാമ, എപ്പോഴും ഇങ്ങോട്ടു വരരുത്..ആളുകളെക്കൊണ്ട് പറയിപ്പിക്കരുത്…” എന്നു പറഞ്ഞു ഒരിക്കൽ ഈ പടി ഇറക്കി വിട്ടവളാണ്..

അന്നവൾ കണ്ണ്‌ നിറച്ച് ഇറങ്ങിയത് പലരാത്രികളിലും ഉറക്കം കെടുത്തിയിട്ടുണ്ട്…കുഞ്ഞി ഒരാഴ്ച മിണ്ടാതെ മുഖം വീർപ്പിച്ചു നടന്നിട്ടുണ്ട്..

അല്പം ജാള്യതയോടെ തന്നെ മതിലിനടുത്തു പോയി ..ഒറ്റവിളിക്കു തന്നെ ഭാമ മതിലിനരികിലെത്തി.. കാര്യം പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നത് കണ്ടു…

ഞാൻ വണ്ടിയെടുത്തു ഇറങ്ങുന്നതിനു മുൻപ് തന്നെ ആൾ വീട്ടിലെത്തി…ഷോപ്പിൽ പോയി വന്നപ്പോഴേക്കും മോൾ കുളികഴിഞ്ഞു മുറിയിൽ ഇരിപ്പുണ്ട്…പെട്ടന്നവൾ ഒരുപാട് മുതിർന്നപോലെ… അവളെ ചേർത്തുപിടിച്ചു നെറുകിൽ മുഖം അമർത്തി..കണ്ണുകൾ നിറഞ്ഞിരുന്നു….

എന്നെയും കുഞ്ഞിയെയും നോക്കാതെ ഇഷ്ടപ്പെട്ടവനൊപ്പം ഇറങ്ങിപ്പോയവളെ ഓർത്തു..

രണ്ടു ഗ്ലാസ് പായസവുമായി ഭാമ ചിരിയോടെ അകത്തേക്ക് വന്നു…

“മോൾക്ക്‌ മധുരം കൊടുക്കണം…പായസമുണ്ടാക്കി..” അവൾ കുഞ്ഞിക്കും ഒരു ഗ്ലാസ് എനിക്ക് നേരെയും നീട്ടി..

“”കുറച്ച് മരുന്നുകൾ കൂടി കൊടുക്കണമെന്ന്‌ ‘അമ്മ പറഞ്ഞു..ഞാൻ എഴുതിത്തരാം..ആയുർവേദമാണ്… പിന്നെ മോളെ ഏഴുനാൾ മഞ്ഞൾ തേച്ചു കുളിപ്പിക്കണം…”

ആവേശത്തോടെയുള്ള അവളുടെ സംസാരം കേട്ടപ്പോൾ ഒരുവേള ഇവൾ കുഞ്ഞിയുടെ അമ്മതന്നെയാണെന്നു തോന്നിപ്പോയി..മുഖത്തേക്ക് നോക്കാനൊരു കുറ്റബോധം..പതിയെ മൂളിക്കൊണ്ട് തലതാഴ്ത്തി മുറിയിൽ നിന്നിറങ്ങി..

ആറു വർഷം മുൻപ്‌ ട്രാൻസ്ഫർ ആയി ഇവിടേക്ക് വന്നപ്പോൾ സഹായമായി ഉണ്ടായ വീട്ടുകാരാണ്.. പലപ്പോഴും കുഞ്ഞിയെ അവരെ ഏല്പിച്ചാണ് സമാധാനമായി ഓഫീസിൽ ഇരുന്ന് ജോലി ചെയ്തത്..

കുഞ്ഞിടെ അമ്മയെവിടെ എന്ന് അവരും ചോദിച്ചിട്ടുണ്ട്.. മരിച്ചുപോയി എന്നു കടുപ്പിച്ച് പറഞ്ഞതു കൊണ്ടാവണം പിന്നീടിതു വരെ അങ്ങനൊരു ചോദ്യമുണ്ടായിട്ടില്ല..

ഭാമേച്ചി എന്നാൽ കുഞ്ഞിക്ക് ജീവനായിരുന്നു..കൂട്ടുകാരെക്കാൾ അവൾ എന്നോട് പറഞ്ഞിരുന്നതും ഭാമേച്ചിയുടെ വിശേഷങ്ങളാണ്.. തിരിച്ചും അങ്ങനെതന്നെ എന്നു തോന്നിയിട്ടുണ്ട്..

അവളെ ഒരുക്കാനും അവൾക്കിഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാനും വല്ലാത്തൊരിഷ്ടം കണ്ടിട്ടുണ്ട്..അതാണെന്നെ ഭയപ്പെടുത്തിയതും.. എന്നേക്കാൾ പത്തോ പന്ത്രണ്ടോ വയസ്സിനിളയവൾ..ഒരിക്കൽ പോലും ഒരു നോട്ടം പോലും തന്റടുത്തേക്കു വന്നിട്ടില്ല..

ഒരിക്കൽ കുഞ്ഞി ചോദിക്കുന്നത് കേട്ടു .. “”ഭാമേച്ചി എന്താ കല്യാണം കഴിക്കാത്തത്..?””

അതേ ചോദ്യം എന്റെ മനസ്സിലുമുണ്ടായിരുന്നു.. ഞാൻ സ്വകാര്യത സൂക്ഷിക്കുന്നത് കൊണ്ടും മറ്റുള്ളവരുടെ സ്വകാര്യതകളിൽ ഇടപെടാത്തത് കൊണ്ടും ചോദിച്ചില്ലെന്നു മാത്രം….ഒരു കൗതുക ത്തോടെ മറുപടി കേൾക്കാനായി ഞാനും കാതോർത്തു..

“”കുഞ്ഞി..ചേച്ചിയെ കല്യാണം കഴിക്കാൻ എല്ലാർക്കും പേടിയാണ്..ചേച്ചി ബാധ്യത ആവോന്നു…”” ശബ്ദം നേർത്തിരുന്നു ..

“”ചേച്ചിക്ക് കുഞ്ഞായിരിക്കുമ്പോൾ തലയിൽ ഒരു ട്യൂമർ ഉണ്ടായിരുന്നു ..എല്ലാം മാറി എന്നു ഡോക്ടർ പറഞ്ഞെങ്കിലും ഇനിയും വന്നാലോ എന്നാ എല്ലാർക്കും പേടി..അപ്പൊ ചേച്ചി ഒരു നഷ്ടക്കച്ചവട മാകില്ലേ…””

ഉള്ളിലൊരു നോവ്‌ പടരുന്നതറിഞ്ഞു..ബാക്കി കേൾക്കാൻ നിന്നില്ല..അന്നുരാത്രി കിടക്കുമ്പോൾ കുഞ്ഞി റൂമിലേക്ക് വന്നു ,ലൈറ്റ് ഇട്ടു..കൈയ്യിൽ ബ്ലാങ്കെറ്റ് ഉണ്ട്..എന്തെങ്കിലും കാര്യസാധ്യത ഉള്ളപ്പോഴാണ് ഈ മുറിലുള്ള കിടപ്പ്.. എന്താണെന്ന ചോദ്യത്തോടെ മുഖത്തേക്ക് നോക്കിയതും പറഞ്ഞു….

“”അച്ഛാ..ഭാമേച്ചിനെ എന്റെ അമ്മയാക്കാമോ..?? “” ചോദ്യം കേട്ട് ഒന്നമ്പരന്നു…

“”അതൊരു പാവമാണച്ഛാ.എനിക്കമ്മയായി ചേച്ചി മതി….”‘ പെട്ടെന്നെനിക്കു ദേഷ്യമാണ് തോന്നിയത്..

“”നമുക്കാരും വേണ്ട കുഞ്ഞി..നമ്മൾ മാത്രം മതി..”” എന്റെ മുഖഭാവം കണ്ടാവാം കൂടുതലൊന്നും ചോദിക്കാതെ ലൈറ്റ് ഓഫ് ചെയ്ത് ഡോറും വലിച്ചടച്ചു വന്നതിനേക്കാൾ സ്പീഡിൽ തിരിച്ചു പോയി… പിറ്റേന്ന് ഭാമ വന്നപ്പോഴാണ് ഇനിയിങ്ങോട്ടു വരരുതെന്ന് പറഞ്ഞത്…

വരരുതെന്ന് പറഞ്ഞെങ്കിലും പഴയ സ്നേഹം മതിലിനു മുകളിലൂടെ ആയെന്ന് മാത്രം..ഞാൻ വീട്ടിലുണ്ടെങ്കിൽ ആക്ഷനിലൂടെ സംവദിക്കുന്നത് കാണാം..പിന്നെ ഇപ്പോഴാണ് അവൾ ഈ വീട്ടിൽ വരുന്നത് ..

പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഒരവകാശം പോലെ വീട്ടിൽ വരികയും കുഞ്ഞിയുടെ കാര്യങ്ങൾ ചെയ്തു കൊടുക്കയും ചെയ്തു.. അപ്പോൾ കുഞ്ഞി എന്നെ വല്ലാത്തൊരു നോട്ടമുണ്ട്….

ആറാംനാൾ രാത്രി കുഞ്ഞിയുടെ ചോദ്യമെത്തി..B””നാളെ ഭാമേച്ചി വന്നാൽ ഇനിയിങ്ങോട്ടു വരരുതെന്ന് പറയാല്ലേ ..ഇനിയിപ്പോ ചേച്ചിയുടെ ആവശ്യമില്ലല്ലോ.. അടുത്ത ആവശ്യം വരുമ്പോൾ വിളിക്കാം..പേടിക്കേണ്ട..ചേച്ചി അച്ഛനൊരു ബാധ്യതയാവില്ല..””

അതവർ എന്നെയിട്ടൊന്നു കുത്തിയതാണെന്നു മനസ്സിലായി..ഒന്നും മിണ്ടാതെ കണ്ണടച്ചു തിരിഞ്ഞു കിടന്നു…

രണ്ടുദിവസം കഴിഞ്ഞ് കുഞ്ഞിയുടെ പിറന്നാളായിരുന്നു…തലേന്ന് തന്നെ നേരത്തെ അമ്പലത്തിൽ പോണമെന്നു പറഞ്ഞു വച്ചു ..

ഇത്തവണ എന്താണ് ഗിഫ്റ് എന്ന് എത്ര ചോദിച്ചിട്ടും ‘സർപ്രൈസ് ‘ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി ..

പിറ്റേന്ന് അമ്പലത്തിൽ തൊഴുതു കൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്നും കുഞ്ഞിയുടെ ശബ്ദം കേട്ടു .. “”അച്ഛാ..ദേ. ഭാമേച്ചിയും ഫാമിലിയും…”” അത് ശ്രദ്ധിക്കാതെ നേരെ നോക്കി പ്രാർത്ഥിക്കു കുഞ്ഞി എന്ന്. ശാസനയോടെ പറഞ്ഞു ..

തിരിഞ്ഞു നോക്കിയപ്പോൾ മുഖം വീർപ്പിച്ചു കെട്ടി നിൽപ്പുണ്ട്.. പൂജാരി തന്ന പ്രസാദം നെറ്റിയിൽ തൊട്ടു കൊടുക്കുമ്പോഴും അവളുടെ കണ്ണുകൾ ഭാമയിലായിരുന്നു .

പിന്നീട് പൂജിച്ച താലിയെടുത്ത് ‘രാഹുൽ’ എന്ന് വിളിച്ചപ്പോൾ അവർക്കു പുറകിലായ്‌ നിന്നിരുന്ന സുമുഖനായ ചെറുപ്പക്കാരൻ മുന്നോട്ടു വന്നു ..

അയാൾ ഭാമയുടെ കഴുത്തിൽ കെട്ടുമ്പോൾ ഒന്നും മനസ്സിലാവാതെ കുഞ്ഞി എല്ലാവരെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു …

അന്ധാളിച്ച മുഖവുമായി നിൽക്കുന്ന കുഞ്ഞിയെ നോക്കി ഞാൻ വിജയച്ചിരി ചിരിച്ചു…

“”എന്റെ ഓഫീസിൽ വർക്ക് ചെയ്യുന്നവനാ .. ആരോരുമില്ലാത്തവൻ ..നിന്റെ ഭാമേച്ചിയെ പൊന്നുപോലെ നോക്കും ..നമുക്ക് നമ്മൾ മാത്രം മതി കുഞ്ഞി “”

പെട്ടന്നവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വച്ചു ..കൺ കോണിലെവിടെയോ നനവ്..

കുഞ്ഞിക്കിപ്പോൾ ഭാമയോടുള്ളത് സിമ്പതി കൊണ്ടുള്ള സ്നേഹം ആണ് …എന്നേക്കാൾ യോജിച്ചവൻ തന്നെയാണ് രാഹുൽ ..അവർ തന്നെയാണ് ഒരുമിക്കേണ്ടതും …

അപ്പോഴും പ്രാർത്ഥനയോടെ നിറകണ്ണുകളുമായി ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ഭാമ..

സ്നേഹത്തോടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *