നിന്റെ ഓരോ വരികളും അത്രത്തോളം ഇഷ്ടത്തോടെ വായിക്കാൻ ഞാൻ ഉള്ളപ്പോൾ എന്തിനാ……..

അരികിലില്ലെങ്കിലും…..

Story written by Vaiga Lekshmi

പതിവുപോലെ ഫോണിൽ കിച്ചനോട് ഇന്നത്തെ ദിവസത്തെ വിശേഷങ്ങൾ പറയുവാരുന്നു അച്ചു…

“”എന്താ പെണ്ണേ നിന്റെ ശബ്ദം വല്ലാതെ???””

“”ഒന്നൂല്ല ഏട്ടാ..””

“”ശരിക്കും ഒന്നും ഇല്ലേ???””

“”ഇല്ല..”” അത് പറയുമ്പോൾ അവളുടെ വാക്കുകൾ ചിലമ്പിച്ചിരുന്നു…

“”പെണ്ണേ….”” അത്രമേൽ ആർദ്രമായിരുന്നു അവന്റെ സ്വരം…

“”മ്മ്…””

“”നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം അഞ്ചായില്ലേ.. പറ.. എന്താ എന്റെ പെണ്ണിന്റെ പ്രശ്നം…””

“”ഏട്ടാ.. അത്…””

“”ഹാ.. പറഞ്ഞോ.. നീ പറയുന്നത് കേൾക്കാനല്ലേ ഈ ഞാൻ…””

“”ഇന്നും അവർ എന്നേക്കുറിച്ച് മോശമായിട്ട് സംസാരിച്ചു ഏട്ടാ…””

“”ഇന്ന് എന്താണ് അവർ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞത്??””

“”ഇന്ന് ഞാൻ ഓഫീസിൽ പോയി വന്നപ്പോൾ പറഞ്ഞു ഭർത്താവ് ദൂരെ പോയി കിടക്കുന്നു.. അത് കൊണ്ട് ആണ് അവൾ വേണ്ടാത്തതൊക്കെ എഴുതി സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് എന്ന്…””

“”അതിന് നീ എന്താണ് ഇപ്പോ എഴുതി ഇട്ടത്?????””

“”എനിക്ക് അറിയില്ല ഏട്ടാ… എപ്പോഴത്തെയും പോലെ ഒരു കുഞ്ഞിക്കഥ..””

“”അതിൽ തെറ്റായിട്ട് എന്തെങ്കിലും ഉണ്ടാരുന്നോ????””

“”അറിയില്ല..”” അത് പറയുമ്പോഴേക്കും അവള്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു….

“”അച്ചൂ…””

“”മ്മ്മ്…””

“”നീ ഇതുവരെ എന്തെങ്കിലും ഞാൻ അറിയാതെ അതിന് സോഷ്യല്‍ മീഡിയയിൽ ഇട്ടിട്ടുണ്ടോ???””

“”ഇല്ല…””

“”നിന്റെ എല്ലാ കഥകളും ആദ്യം വായിക്കുന്നത് ഞാൻ അല്ലേ???””

“”അതേ…””

“”അതിൽ മോശപ്പെട്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ മറ്റാരേക്കാളും മുൻപ് ഞാൻ അല്ലേ നിന്നോട് പറയുന്നത്???”‘

“”അതേ…””

“”പിന്നെ എന്തിനാ പെണ്ണേ ഈ വിഷമം????””

“”പെട്ടെന്ന് ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ പറ്റുന്നില്ല ഏട്ടാ….””

“”ദേ നോക്ക്.. നിനക്ക് കിട്ടിയ കഴിവ് ആണ് എഴുതുക എന്നത്… ഒരുപക്ഷെ നീ മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ച ആ കഴിവ് വെളിയിൽ വരാൻ കാരണം തന്നെ ഞാൻ അല്ലേ… എന്റെ പെണ്ണിന്റ കഴിവ് മറ്റുള്ളവർ അറിയുന്നതിന് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ…

നിന്റെ ഓരോ വരികളും അത്രത്തോളം ഇഷ്ടത്തോടെ വായിക്കാൻ ഞാൻ ഉള്ളപ്പോൾ എന്തിനാ പെണ്ണേ ഈ സങ്കടം??? എന്ത്‌ എഴുതുക എന്നത് നിന്റെ ഇഷ്ടം ആണ്.. അത് വിമർശിക്കുക എന്നത് വായനക്കാരുടെയും… പിന്നെ കഥ വായിച്ചു വിമർശിക്കുന്നതിന് പകരം മാനസികം ആയി തളർത്തുക ആണ് അവരുടെ ഉദ്ദേശം എങ്കിൽ അവിടെ നീ തോറ്റ് കൊടുക്കരുത് മോളേ… തല ഉയർത്തി തന്നെ നിൽക്കണം…

ആര് എന്ത്‌ എഴുതരുത് എന്ന് പറഞ്ഞാണോ നിന്നെ കളിയാക്കുന്നത്.. അത് തന്നെ നീ വീണ്ടും വീണ്ടും എഴുതണം….

മേജർ കാശിനാഥന്റെ ഭാര്യ ആണ് നീ… എന്റെ പെണ്ണിന്റെ തല ഒരിക്കലും ഒരിടത്തും താഴാൻ ഞാൻ സമ്മതിക്കില്ല.. താലി കെട്ടിയ ഞാൻ കൂടെയുള്ളപ്പോൾ മറ്റുള്ളവർ എന്ത്‌ പറഞ്ഞാലും അത് ഒരിക്കലും എന്റെ ഭാര്യയെ ബാധിക്കുന്ന വിഷയം ആകരുത്… മനസ്സിലായോ ഞാൻ പറഞ്ഞത്??

“”മ്മ്..””

“”ഇനി എന്താ അടുത്ത സംഭവം???””

“”അത് ഏട്ടാ.. അവർ…”” പറഞ്ഞു പൂർത്തിയാക്കുന്നതിനും മുൻപേ അവൾ കരഞ്ഞു പോയി…

*****************

വീട്ടിൽ വണ്ടി നിൽക്കുന്ന ശബ്ദം കേട്ട് ആണ് ഉറങ്ങി കിടന്ന കണ്ണനും അരുണും വിഷ്ണുവും ഇറങ്ങി വന്നത്..

മുറ്റത്തു കിടക്കുന്ന പോലീസ് ജീപ്പ് കണ്ട് എന്താ കാര്യം എന്നറിയാതെ പകച്ചു നിന്നു പോയി അവർ.. ധൈര്യം സംഭരിച്ചു അതിൽ ഒരാൾ ചോദിച്ചു..

“”എന്താ സാർ കാര്യം???””

“”നിങ്ങൾ ആണോ മേജർ കാശി സാറിന്റെ ഭാര്യയെ റോഡിൽ വെച്ച് അപവാദം പറഞ്ഞത്??””

“”അത് സർ ഞങ്ങൾ തമാശയ്ക്ക്…””

“”തമാശയ്ക്ക് ഒരു പട്ടാളക്കാരന്റെ പെണ്ണിനോട് പറയാൻ പറ്റിയ വാക്കുകൾ ആണോ നിങ്ങൾ അവരോട് പറഞ്ഞത്??? അദ്ദേഹം സ്ഥലത്തില്ല എന്ന് വെച്ച് എന്തും പറയാം എന്നായോ നീയൊക്കെ???””

“”അയ്യോ സാറെ.. ഞങ്ങൾ വെറുതേ…””

“”ഛീ. നിർത്തെടാ നീ.. നിങ്ങൾ എന്താ ആ പെൺകുട്ടിയോട് പറഞ്ഞത്??? ഭർത്താവ് കശ്മീരിൽ പോയി കിടക്കുവല്ലേ..നിനക്ക് വേണ്ടത് നിന്റെ കഥയിലൂടെ ഞങ്ങൾ അറിയുന്നുണ്ട്… താല്പര്യം ഉണ്ടെങ്കിൽ ഒരു രാത്രി എന്ന് അല്ലേ…

നീയൊക്കെ മറക്കുന്ന ഒരു കാര്യം ഉണ്ട്‌.. ഓരോ പട്ടാളക്കാരനും അതിർത്തിയിൽ പോയി കിടന്നിട്ട് ആണ് നീ ഒക്കെ സമാധാനത്തോടെ ഇവിടെ ജീവിക്കുന്നത് എന്ന്.. താലി കെട്ടി പത്ത് ദിവസം കഴിയുന്നതിന് മുൻപേ സ്വന്തം ഭർത്താവിനെ തിരിച്ച് ജോലി സ്ഥലത്തേക്ക് വിടുന്ന ഓരോ പെണ്ണിനേയും നീയൊക്കെ പൂവിട്ട് പൂജിക്കണം…

ദിവസത്തിൽ ഒരു തവണ എങ്കിലും വരുന്ന ഫോൺ കാൾ ആയിരിക്കും അവർക്ക് ജീവിക്കാൻ ഉള്ള ഊർജം തന്നെ… ഓരോ ദിവസവും തന്റെ ഭർത്താവിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്ന അവർ ഒന്ന് സ്വസ്ഥമായി ഉറങ്ങുന്നത് തന്റെ പ്രാണനായവൻ നാട്ടിൽ വരുമ്പോൾ ആയിരിക്കും… അങ്ങനെ ഉള്ള പെണ്ണിനെ ക്കുറിച്ച് മോശമായിട്ട് പറയാൻ എന്ത്‌ യോഗ്യതയാണെടാ നിനക്ക് ഒക്കെ ഉള്ളത്???

അവൾ അവളുടെ ഇഷ്ടത്തിന് എഴുതും വായിക്കും, സഞ്ചരിക്കും, അങ്ങനെ പലതും ചെയ്യും.. അതൊക്കെ ചോദ്യം ചെയ്യാൻ നീയൊക്കെ ആരാ???

ഒരു കാര്യം കൂടി ഞാൻ പറയാം.. രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനും ഓരോ നിമിഷവും ആലോചിക്കുന്നത് തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് ആയിരിക്കും.. ഒരുപക്ഷെ തന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ചിരിക്കുന്ന മുഖമായിരിക്കും മുന്നോട്ട് ഉള്ള ദിവസങ്ങൾ അവരെ ജീവിക്കാൻ പ്രേരിപ്പിയ്ക്കുന്നത്.. വിവരം ഇല്ലാത്ത നിന്നോട് ഒന്നും അത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..

നിനക്കൊക്കെ ഒരു വിചാരമൂണ്ട്.. ഒരു പെണ്ണ് ഒരു കഥ എഴുതിയാൽ, അതിൽ കുറച്ചു റൊമാൻസ് എഴുതിയാൽ അവളുമാർ മൊത്തം പോ ക്ക് കേസ് ആണെന്ന്.. അത് നീയൊക്കെ കൂടീ അങ്ങ് ഉറപ്പിക്കുകയും ചെയ്യും.. എഴുതുന്ന അവരൊക്കെ എന്തോ നികൃഷ്ട ജീവികൾ ആകും.. അവർ എഴുതുന്ന കഥയിലെ കഥാപാത്രങ്ങൾ അവർതന്നെയാണെന്ന് നീയൊക്കെ അങ്ങ് കരുതും..

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. തങ്ങളുടെ തിരക്കുകളിൽ നിന്ന് സ്വന്തം താല്പര്യം എഴുത്ത് ആണെന്ന് മനസ്സിലാക്കി അതിന് വേണ്ടി സമയം കണ്ടെത്തി അവർ എഴുതും. അതിനെ നിങ്ങൾക്ക് വിമർശ്ശിക്കാം… അതിൽ തെറ്റില്ല.. പക്ഷേ.. അതിന്റെ പേരിൽ നീയൊക്കെ നടത്തുന്ന വ്യക്തിഹത്യ അത്‌ എത്രത്തോളം മോശമായ കാര്യം ആണെന്ന് അറിയാമോ… മാനസികമായി അവർ അനുഭവിക്കുന്ന വിഷമം എന്താണെന്ന് നിനക്കൊക്കെ ഊഹിക്കാൻ കഴിയുമോ…

കുറെയെണ്ണമുണ്ട് ഇത് പോലെ… നല്ല വായനക്കാരെ കൂടി പറയിക്കാൻ… നിന്റെ ഒക്കെ വീട്ടിലും കാണില്ലേ പെൺപിള്ളേർ… അവരോട് ആരെങ്കിലും ഇങ്ങനെയൊക്കെ പെരുമാറിയാല്‍ കൈയും കെട്ടി നോക്കി നിൽക്കുമോ നീയൊക്കെ…

എന്തായാലും പരാതി തന്നത് മേജർ സാർ ആണ്.. ഇനി എന്ത്‌ വേണം എന്ന് നാളെ രാവിലെ സാർ തീരുമാനിക്കട്ടെ.. ഇപ്പോ മക്കൾ വന്ന് വണ്ടിയിൽ കേറൂ…””

***************

രാവിലെ പതിവ് ഇല്ലാതെ വന്ന കിച്ചന്റെ ഫോൺ കാൾ ആണ് അച്ചുവിനെ ഉറക്കത്തിൽ നിന്നുണർത്തിയത്…

“”എന്താ ഏട്ടാ രാവിലെ തന്നെ???””

“”ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല…””

“”കാരണം???””

“”അവർക്ക് വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്‌..””

“”അതിന് ഏട്ടൻ കശ്മീരിലല്ലേ???””

“”അതേ… ഞാൻ കശ്മീരിലാണ്… അതും പറഞ്ഞു അവരെ എനിക്ക് അങ്ങനെ വിടാൻ പറ്റുവോ പെണ്ണേ… രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ പെണ്ണിന് സ്വസ്ഥമായി അവന്റെ വീട്ടിൽ ഉറങ്ങാൻ പറ്റില്ല എന്നാണെങ്കിൽ ഈ നാട്ടിൽ നിയമവും കോടതിയും ഒക്കെ എന്തിനാണ്??? കൂടുതൽ ഒന്നും ഇപ്പോ ഏട്ടന്റെ മോൾ ചിന്തിക്കേണ്ട.. രാവിലെ ജോലിക്ക് പോകാൻ നോക്ക്…””

“”മ്മ്.. പിന്നെ…””

“”പിന്നെ ഇത് വെച്ച് ഒരു കഥ തന്നെ വേണമെങ്കിൽ എഴുതിക്കോ..എന്റെ പട്ടാളം എന്ന് പറഞ്ഞു…””

“”അയ്യാ.. രാവിലെ ഇങ്ങനെ പഞ്ചാര വാരി വിതറല്ലേ…””

“”ഇല്ല പെണ്ണേ.. ഞാൻ പോകുവാ.. ഡ്യൂട്ടി ഉണ്ട്‌. ഇത് പറയാൻ വിളിച്ചത് ആണ്.. രാത്രി വിളിക്കാം ഞാൻ.. ലവ് യു.. ഉമ്മ….””

“”ലവ് യു ടൂ ഏട്ടാ…””

ഫോൺ ചെയ്തു കഴിഞ്ഞു ഒരു ചെറു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു..

“”അതേ.. രാജ്യം കാക്കുന്ന പട്ടാളക്കാരന് ആണോ അവന്റെ പെണ്ണിനെ നോക്കാൻ പറ്റാത്തത്… അവനോളം തന്നെ അവളെ പ്രചോദിപ്പിയ്ക്കാൻ മറ്റൊന്നിനും കഴിയില്ല…””

അവസാനിച്ചു…

ഇഷ്ടം ആയെങ്കിൽ അഭിപ്രായം പറയണേ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *