എൻ്റെ ശരീരം തളർന്നുപോയി.. ചിരവാൻ എടുത്ത തേങ്ങാമുറി അടുക്കള സ്ലാബിലേക്ക് വെച്ചിട്ട്…..

Story written by Divya Kashyap

“തള്ളെടെ അപ്പുറത്തെ ഇളക്കം പിടിച്ച സാധനം…”

അടുക്കള മുറ്റത്തെ ആരിവേപ്പിൻ ചോട്ടിലിരുന്ന് മീൻ വെട്ടുന്ന അമ്മ പറയുന്നത് കേട്ട് ഞാനൊന്നമ്പരന്നു…

അമ്മ ഇതാരോടായീ പറയുന്നെ…??

അറിയാനായി ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി…

പ്രത്യേകിച്ചൊന്നും കണ്ടില്ല… കാശൂട്ടൻ അവിടെ ഒരു വടിയുമായി അടിച്ചടിച്ച് നടപ്പുണ്ട്…അമ്മയുടെ മുഖം വലിഞ്ഞു മുറുകിയിരിപ്പുണ്ട്…

“ഭഗവാനെ..ഇനി അമ്മയുടെ ദേഹത്തെ ങ്ങാനും അവൻ കൊണ്ട് നടന്ന വടി കൊണ്ടോ…?”

“അതെങ്ങനെയാ തള്ള നല്ലതാണെങ്കിൽ അല്ലേ…”ബാക്കി പറയാതെ അമ്മ നിർത്തി…

എൻ്റെ ശരീരം തളർന്നുപോയി..ചിരവാൻ എടുത്ത തേങ്ങാമുറി അടുക്കള സ്ലാബിലേക്ക് വെച്ചിട്ട് ഞാൻ അവിടെ കിടന്ന ഒരു കസേരയിലേക്ക് തളർന്നിരുന്നു…അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി…

…എങ്കിലും അമ്മയെന്താ ഇങ്ങനെയൊക്കെ പറഞ്ഞേ..ദേഷ്യമുണ്ടെങ്കിൽ അവനെ ഒരു വടിയെടുത്ത് തല്ലിയാൽ പോരെ..എൻ്റെ ഉള്ള് നൊന്തു..

“എന്നെയും പറഞ്ഞല്ലോ… ഞാൻ ഇങ്ങനെയൊക്കെയാണോ”…ഓർത്തിട്ട് എനിക്ക് സങ്കടം വന്നു…

അപ്പോഴാണ് ഏട്ടൻ ഒരു മൂളിപ്പാട്ടും പാടി അവിടേക്ക് വന്നത്..എന്നെയൊന്നു പാളിനോക്കിയിട്ട് കബോർട് തുറന്നു അഞ്ചാറു ഈന്തപ്പഴം എടുത്തോണ്ട് ആള് പോയി..പോകുന്നതിനു മുൻപ് “ഈന്തപ്പഴം വേണോടാ ..”എന്നൊരു ചോദ്യവും…

മറുപടി ഒന്നും കിട്ടാത്ത കൊണ്ടാവും ഒന്ന് തല നീട്ടി ഇപ്പുറത്തേക്ക് നോക്കിയത്…

ഉണ്ടക്കണ്ണും ഉരുട്ടി ചുണ്ടും കൂർപ്പിച്ചു വെച്ചിരിക്കുന്ന എന്നെ കണ്ട് സംഗതി പന്തിയല്ല എന്ന് മനസ്സിലായതും അടുത്തെക്കിരുന്ന് എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…

“എന്നാ പറ്റി…”??

ഞാനോന്നും മിണ്ടിയില്ല…

അപ്പോ കേട്ടു അമ്മയുടെ ഒച്ച പുറത്തു നിന്നും..

“പെറ്റിട്ടിട്ട് എവിടെയെങ്കിലും പോയി കൂനി ക്കൂടി ഇരുന്നാൽ മതിയല്ലോ…ബാക്കിയുള്ളവർക്കാ പാട്…”

“മഹാദേവ…ഞാൻ മൊബൈലിൽ നോക്കിയിരിക്കുന്നതിനാകുമോ അമ്മയീ പറയുന്നെ… ആ നേരത്തോക്കെ കാശൂട്ടൻ മിക്കവാറും അമ്മയുടെ ഒപ്പമാവും…ഇത് അത് തന്നെ കാര്യം…

“മിൻഡഡുത്…കൊല്ലും…” കാശുവിൻ്റെ ഒച്ച ഞാൻ കേട്ടു..കൂടെ വടി താഴെ അടിക്കുന്ന ശബ്ദവും…

“മാറിപ്പോ…നശൂലം…”അത് അമ്മയാരു ന്നു പറഞ്ഞത്…

“ദൈവമേ..അമ്മേം കാശൂട്ടനും കൂടി അടിയായൊ…”?എനിക്ക് വീണ്ടും വല്ലായ്മ തോന്നി…

“എന്താമ്മെ പ്രശ്നം…” ചോദിച്ചോണ്ട് ഏട്ടൻ എഴുന്നേറ്റ് പുറത്തേക്ക് ചെന്നു…

“നീയിവിടെ ഇരിപ്പുണ്ടാരുന്നോ ബാലു.. എന്നിട്ടാണോ…ദേ ഇതിനെ പിടിച്ചൊന്ന് മാറ്റിക്കെ…”

പറഞ്ഞതും ബാലുവേട്ടൻ ഒരു വടിയു മെടുത്ത് ഓടുന്നത് കണ്ടൂ ഞാൻ എഴുന്നേറ്റു..

“കാശൂട്ടനെ തല്ലാനാണോ…”???ഞാനെഴുന്നേറ്റ് പുറത്തേക്ക് ചെന്നു..

നോക്കിയപ്പോൾ കാശുവും ഏട്ടനും കൂടി രണ്ടു പൂച്ച കുഞ്ഞുങ്ങളെ ഇട്ട് ഓടിക്കുന്നു…

“മീൻ വെട്ടാനിരുന്നാൽ വെട്ടിക്കില്ല അവറ്റകൾ…ഒളിമ്പിക്സ്ന് കാണില്ല ഇത്രേം ചാട്ടക്കാരികൾ…”എന്നെ നോക്കി പറഞ്ഞുകൊണ്ട് അമ്മ അടുത്ത മീൻ വെട്ടാൻ കയ്യിലെടുത്തു….

കുറചീസം മുൻപ് ഞങ്ങളുടെ വിറകു പുരയിൽ കിടന്ന് ഇവറ്റകളെ പെറ്റ തള്ളപൂച്ച എന്നെ നോക്കി ഒരു ചിരിയും ചിരിച്ചോണ്ട് പോകുന്നത് കണ്ടൂ..

“ആ ചിരി ഒരു ആക്കിച്ചിരി അല്ലാരുന്നോ… ഏയ്….നിക്ക് തോന്നീതാവും”…

Related Posts

Leave a Reply

Your email address will not be published. Required fields are marked *