ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറുക. ആ ട്രെയിനിൻ്റെ മറ്റൊരു ബോഗിയിൽ ഞാൻ ഉണ്ടാകും………

സതി

Story written by Santhosh Appukuttan

“നാളെ നേരം വെളുക്കും മുൻപെ ആരും കാണാതെ വീട്ടിന്ന് ഇറങ്ങി ഏതെങ്കിലും ഓട്ടോ പിടിച്ച് സതി റെയിൽവേ സ്റ്റേഷനിൽ വരണം “

മൊബൈൽറിങ് കേട്ട് ഓടിയെത്തിയ സതി ഫോൺ ഓണാക്കി ചെവിയോരം ചേർത്തതും, അപ്പുറത്ത് നിന്ന് വന്ന വാക്കുകൾ കേട്ട് അവൾ ശ്വാസം നിലച്ചതു പോലെ നിന്നു.

“ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറുക. ആ ട്രെയിനിൻ്റെ മറ്റൊരു ബോഗിയിൽ ഞാൻ ഉണ്ടാകും… ബാംഗ്ലൂർ ചെന്നിട്ടേ നമ്മൾ മുഖാമുഖം കാണുകയുള്ളു….”

“നന്ദേട്ടാ…. “

അവളിൽ നിന്ന് ഭയപ്പാടോടെയുള്ള വിളിയുയർന്നതും അപ്പുറത്ത് നിന്ന് പതിഞ്ഞ ഒരു ചിരിയുതിർന്നു.

“നീ പേടിക്കണ്ട സതി.നാട്ടിൽ വെച്ച് നമ്മളെ ആരും ഒന്നിച്ചു കാണേണ്ട എന്നു വിചാരിച്ചാ.. എൻ്റെ ഡൈവോഴ്സിൻ്റെ കേസ് ഇപ്പോൾ കോടതിയിലാണെന്ന് നിനക്കറിയാവുന്നതല്ലേ?”

“നന്ദേട്ടൻ പറഞ്ഞിട്ട് എല്ലാം എനിക്കറിയാം… അതല്ല ഞാൻ പറഞ്ഞത് ഒരു ഒളിച്ചോട്ടത്തിന് എനിക്ക് സമ്മതമല്ലായെന്നാണ്. അല്ലെങ്കിലും അങ്ങിനെ വല്ലതും സൂചിപ്പിച്ചിരുന്നോ ഞാൻ നന്ദേട്ടനോട് ?… പിന്നെ അതിനു മാത്രം നമ്മൾ അടുത്ത ബന്ധവുമില്ലല്ലോ? രണ്ട് മാസം മുൻപ് വഴി തെറ്റി വന്ന ഒരു കോളിൽ തുടങ്ങിയ സൗഹൃദം.. പരസ്പരം നമ്മുടെ ദു:ഖങ്ങൾ പറഞ്ഞു തീർത്തു ആശ്വസിക്കുന്നു. ഇനിയും അങ്ങിനെ തന്നെ ആയാൽ മതി.. അതിനപ്പുറത്തേക്ക് ഒന്നും വേണ്ട”

സതി നന്ദനെ നിരുത്സാഹപ്പെടുത്തുമ്പോൾ, അവളുടെ മനസ്സിൽ വല്ലാത്തൊരു വേവലാതി ഉയർന്നു തുടങ്ങിയിരുന്നു.

വഴിതെറ്റി വന്ന ഒരു മൊബൈൽ കോളിലൂടെ ആയിരുന്നു തുടക്കം..

ആ വിളി വീണ്ടും തുടർന്നപ്പോൾ ഇനി വിളിക്കരുതെന്ന് കർശനമായി താക്കീത് ചെയ്തതാണ്.

പിന്നെ വിളിയുണ്ടായിരുന്നില്ല. അതിനു പകരം മെസേജ് ആണെന്ന് മാത്രം.

ശിഥിലമായി കൊണ്ടിരിക്കുന്ന സ്വന്തം ജീവിതത്തെ കുറിച്ച് അയാൾ വരികളിലൂടെ പകർത്തി തന്നപ്പോൾ, തന്നെ പോലെ ഉരുകിയൊലിക്കുന്ന ആളാണെന്ന ചിന്തയിൽ ആദ്യമായി അങ്ങോട്ടേക്ക് ഫോൺ ചെയ്തു.

പിന്നെ അതൊരു തുടക്കമായിരുന്നു…

കത്തിയെരിയുന്ന തീകുണ്ഠത്തിനു മദ്ധ്യേ ചലനം നിലച്ചു പോയവളെ, ഇടയ്ക്കിടെ തണുപ്പിക്കാനെത്തുന്ന മഴ തുള്ളികളെ പോലെയായിരുന്നു ആ ഫോൺ വിളികൾ..

ആ വിളിക്കായ് പിന്നെ കാത്തിരിപ്പ്…

ആ വിളി വൈകുന്തോറും നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നതറിഞ്ഞ നിമിഷം, മനസ്സ് കൈവിട്ടു പോയെന്ന് മനസ്സിലായി.

പക്ഷേ ഒരിക്കലും കാണാത്ത ഒരു മനുഷ്യൻ്റെ ഫോൺ വിളികളിൽ എങ്ങിനെയാണ് മനസ്സ് കൈവിട്ടു പോയതെന്ന് ഈ നിമിഷവും മനസ്സിലായിട്ടില്ല.

താൻ ചെയ്യുന്നത് തെറ്റോ, ശരിയോ എന്ന വാദപ്രതിവാദത്തിലാണ് ഏതു നിമിഷവും മനസ്സ്..

ഇപ്പോഴും അതിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം.

” പ്രണയം തോന്നീട്ടില്ലായെന്ന് വെറുതെ കള്ളം പറയരുത് സതീ. ആദ്യം നിന്നെ വിളിച്ചപ്പോൾ ഉണ്ടായ നിർവികാരതയല്ല പിന്നെ ഞാൻ വിളിച്ചപ്പോൾ നിന്നിലുണ്ടായിരുന്നത്. ഓരോ വിളിയിലും നിൻ്റെ ശബ്ദത്തിലെ സ്നേഹവും, മനസ്സിൻ്റെ മാറ്റവും ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ പെട്ടെന്ന് ഇങ്ങിനെ കേട്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന നിൻ്റെ പതർച്ചയാണ് ഈ നിഷേധിക്കൽ… അല്ലാതെ നിനക്ക് എന്നോടു പ്രണയം ഇല്ലാത്തോണ്ടല്ല “

നന്ദൻ്റെ വാക്കുകൾ കേട്ടതും, മറുപടി പറയാതെ സതി മൗനത്തോട് ചേർന്നു നിന്നു.

അവൾ തൊട്ടരികെ റൂമിൽ ശയ്യാവലംബിയായി കിടക്കുന്ന ഭർത്തൃ മാതാവിനെയൊന്നു പാളി നോക്കി… നല്ല ഉറക്കം!

മുറ്റത്തേക്ക് നോക്കിയതും കണ്ടു, അമ്മാവൻ്റെ മകളായ ദീപ്തിയോടു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ഭർത്താവിൻ്റെ അനിയത്തി ഇന്ദുവിനെ..

സംസാരത്തിനിടയിൽ ദീപ്തി അമർഷം നിറഞ്ഞ മുഖത്തോടെ തന്നെ കാണാനെന്നവണ്ണം ഇടയ്ക്കിടെ വീട്ടിനുള്ളിലേക്ക് നോക്കുന്നുണ്ട്.

ഹരിയേട്ടനെ സ്വപ്നം കണ്ടു നടന്നിരുന്ന പെണ്ണ്.

അവളുടെ സ്വപ്നങ്ങളും, ജീവിതവും തട്ടി തെറിപ്പിച്ചാണ്, ഹരിയേട്ടൻ്റെ കൈയും പിടിച്ച് ഈ തറവാട്ടിലേക്ക് കയറുന്നതെന്ന്‌ ഒരിക്കലും മനസ്സിലായിരുന്നില്ല.

വീട്ടിലേക്ക് കയറിയ ദിവസം, ഇന്ദുവിൻ്റെയും, ദീപ്തിയുടെയും അനിഷ്ട ത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോൾ, അതിനുള്ള കാരണമെന്താണെന്ന് ചോദിച്ചപ്പോൾ ഹരിയേട്ടൻ പറഞ്ഞ കാര്യം ഇങ്ങിനെ ആയിരുന്നു.

” അവർക്ക് എന്നെ കൊണ്ട് ദീപ്തിയെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു ആഗ്രഹം.. പക്ഷെ എനിക്കൊരിക്കലും അവളെ അങ്ങിനെ കാണാൻ കഴിയില്ല.. “

ഹരിയെ പറ്റിയുള്ള ഓർമ്മകൾ മനസ്സിലേക്കിരച്ചു കയറിയപ്പോൾ,അവൾ ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട്, വിയർപ്പ് ഒഴുകി പടർന്നു തുടങ്ങിയ മുഖം അമർത്തി തുടച്ചു.

“എനിക്ക് കൂടെ കിടക്കാൻ ഒരു പെണ്ണ് എന്ന നിലയിൽ അല്ല ഞാനിപ്പോൾ സതിയെ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. മറിച്ച് സ്വന്തം അമ്മയ്ക്കു വേണ്ടാത്ത രണ്ട് മക്കൾക്ക് നല്ലൊരു അമ്മയായിട്ടാ.. ദയവായി എൻ്റെ ഈ ആഗ്രഹം നിഷേധിക്കരുത് “

നന്ദൻ്റെ യാചനാ സ്വരം വന്നപ്പോൾ, എന്തിനാണെ റിയാതെ സതിയുടെ കണ്ണുകൾ നിറഞ്ഞു.

” ഇതുവരെ നന്ദേട്ടൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ ചിലതൊക്കെ നന്ദേട്ടനാട് മറച്ചു പിടിച്ചിട്ടുണ്ട്… “

നിശബ്ദമായ നിമിഷങ്ങൾക്കു ശേഷം,സതിയുടെ പതിഞ്ഞ സ്വരമുയർന്നപ്പോൾ അപ്പുറത്ത് നിന്ന് നന്ദൻ്റെ ചിരിയുതിർന്നു.

“അതെ… പലതും മറച്ചു പിടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.. അത് ഒരു ചതിയല്ലെന്നും എനിക്കറിയാം. മറ്റൊരാളോട് പറയുമ്പോൾ വീണ്ടും മനസ്സ് നോവിക്കുന്ന ചില ഓർമ്മകളായിന്നു അതെന്നും, അതു കൊണ്ടാണ് സതി ആ സംഭവമൊക്കെ മനസ്സിലിട്ട് അടക്കിയതെന്നും അറിയാം.”

നന്ദൻ്റെ സംസാരം കേട്ടതും സതി സംശയത്തോടെ ഒരു നിമിഷം മൊബൈലി ലേക്കു തന്നെ നോക്കി നിന്നു.

“നന്ദേട്ടൻ എന്താ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല…”

“മനസ്സിലാകാൻ പ്രത്യേകിച്ച് ഒന്നും ഇല്ല.. നിൻ്റെ ജീവിതം ഒന്നു റീവൈൻ്റ് ചെയ്തു നോക്കിയാൽ ഞാൻ പറയാൻ പോകുന്ന കാര്യം പിടി കിട്ടും….”

“എനിക്ക് ഒന്നും മനസ്സിലാകുന്നില്ല നന്ദേട്ടാ.. മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറയൂ “

” ഇതിൽ മനസ്സിലാക്കാൻ ഒന്നുമില്ല സതീ.. മനുഷ്യനായി ജനിച്ച് ഒരു അടിമമൃഗത്തെ പോലെ ജീവിക്കുന്ന നിൻ്റെ കഥയാണ് ഞാൻ ഉദ്യേശിച്ചത്…”

ആ സംസാരം കേട്ടതും, നന്ദന് എന്തൊക്കെയോ അറിയാമെന്നു തോന്നി സതിയ്ക്ക്…

അവനിൽ നിന്നുതിരുന്ന വാക്കുകൾക്ക് അവൾ നെഞ്ചിടിപ്പോടെ കാത്തു നിന്നു.

“കടം കയറി ഒരു മുഴം കയറിൽ തൂങ്ങിയാടിയ അച്ഛൻ്റെയും, അമ്മയുടെ മുൻപിൽ, എന്തു ചെയ്യണമെന്നറിയാതെ വിങ്ങിപൊട്ടി നിന്ന ഒരു ഏഴാം ക്ലാസുകാരിയായിരുന്നു നീയെന്ന സതി “

പറഞ്ഞതും നന്ദൻ്റെ തൊണ്ട ഇടറുന്നത് സതി കേട്ടു.

“പിന്നെ അമ്മാവൻ്റെയും, അമ്മായിയുടെയും സംരക്ഷണത്തിൽ കഴിഞ്ഞ്, അവരുടെ വേലക്കാരിയായ് മാറിയ ജീവിതം. അതിനു ശേഷം ദുരിതകയത്തിൽ നിന്ന് കരകയറ്റാനെന്നവണ്ണം ഒരു ദൈവദൂതനെ പോലെ വന്ന ഹരിയുടെ കൈ പിടിച്ച്, മാമംഗലം തറവാടിൻ്റെ അകത്തളത്തിലേക്ക് വലതുകാൽ എടുത്തു വെച്ചപ്പോൾ, ഭൂതകാലത്തിൻ്റെ നിറം കെട്ട സ്വപ്നങ്ങളെ മറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരു പെണ്ണ്. “

നന്ദൻ്റെ ഹരിയെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ സീതയുടെ മനസ്സൊന്നു തേങ്ങി.

“മനസ്സ് നിറഞ്ഞു സ്നേഹിച്ച ഹരി വിവാഹത്തിൻ്റെ മൂന്നാം ദിവസം ആക്സിഡൻറിൽ മരിച്ചപ്പോൾ, അതിൻ്റെ ഉത്തരവാദി നീയായി.. അതിൻ്റെ കാരണം നീ പിറന്നപ്പോൾ നിനക്കു കൂട്ടായി നിന്നിരുന്ന നിൻ്റെ ഗതികെട്ട നക്ഷത്രങ്ങളായി… “

തൻ്റെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും അക്ഷരം തെറ്റാതെ നന്ദൻ പറയുന്നത് കേട്ട് സീത അമ്പരപ്പാർന്നു.

” അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ സതീ? പന്ത്രണ്ട് വയസ്സിൽ അമ്മയും, അച്ഛനും ഒന്നിച്ച് നഷ്ടപ്പെട്ടപ്പോൾ, നീ കൈ പിടിച്ചു വന്ന ഹരി മൂന്നാം നാൾ അപകടത്തിൽ മരിച്ചപ്പോൾ, അതിനു മൂന്നു മാസങ്ങൾക്കു ശേഷം, ഓടി ചാടി നടന്നിരുന്ന ഹരിയുടെ അച്ഛൻ അറ്റാക്ക് വന്ന് മരിച്ചപ്പോൾ, അതിനു ശേഷം ഹരിയുടെ അമ്മ തളർന്നുവീണ് കിടപ്പിലായപ്പോൾ, നിൻ്റെ നക്ഷത്രത്തിൻ്റെ തെറ്റായ ദിശയാണെന്ന് അവരങ്ങ് തീരുമാനിച്ചു.ആരായാലും അങ്ങിനെയല്ലേ ചിന്തിക്കൂ? “

നന്ദൻ്റെ ചോദ്യം കേട്ടപ്പോൾ ഉളള് പൊടിഞ്ഞെങ്കിലും, ആ ചോദ്യങ്ങൾ സതിയുടെ മനസ്സിൽ സംശയമുണർത്തി.

“നന്ദേട്ടൻ ആരാ ?ഈ സ്ഥലത്തിന് അടുത്താണോ നന്ദേട്ടൻ്റെ വീട്? എന്നെ പറ്റി എല്ലാം അറിയുന്നതു കൊണ്ട് ചോദിക്കുകയാ.. “

അവളുടെ ചോദ്യത്തിന് മറുപടിയായ് അപ്പുറത്ത് നിന്ന് നന്ദൻ്റെ പതിഞ്ഞ പുഞ്ചിരിയുയർന്നു.

” അടുത്തൊന്നുമല്ല വീട്.. പക്ഷെ സതിയെ പറ്റി എല്ലാം അറിയാമെന്നു മാത്രം.. പിന്നെ ബാംഗ്ലൂർ നിന്ന് ഈ രാത്രി ഞാൻ പുറപ്പെടും.. രാവിലെ നാട്ടിലെ സ്റ്റേഷനിൽ എത്തും.. അവിടന്ന് നീയുമായി ഈ ബാംഗ്ലൂരിലേക്ക് തന്നെ വീണ്ടുമൊരു മടക്കം…”

“നന്ദേട്ടാ… ഞാൻ പറയുന്നതൊന്നു കേൾക്ക്…”

സതി വാക്കുകൾക്കായി പരതി പിടിച്ച് പരാജിതയായ നിമിഷം.

“കിട്ടാത്ത വാക്കുകൾ പരതി പിടിച്ച് നീ ഇനി അധികമൊന്നും പറയണ്ട സതീ. ഞാൻ നാളെ പുലർച്ചെ സ്റ്റേഷനിലുണ്ടാകും. നിനക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ, എന്നോട് സ്നേഹമുണ്ടെങ്കിൽ നീ രാവിലെ സ്റ്റേഷനിലെത്തും… “

ഇന്ദു മുറിയിലേക്ക് വരുന്നത് കണ്ട് സതി പൊടുന്നനെ കോൾ കട്ടാക്കി.

“ആരാ ഏടത്തീ ഫോൺ വിളിച്ചത്?”

ഇന്ദുവിൻ്റെ ചുഴിഞ്ഞുള്ള നോട്ടത്തിനു മുന്നിൽ സതിയൊന്നു വിളറി.

” എൻ്റെ ഫ്രണ്ടാ.. കുറെ നാൾക്കു ശേഷം വിളിച്ചതാ…”

സതി പതർച്ചയോടെ പറഞ്ഞതും, ഇന്ദുവിൻ്റെ മുഖത്ത് ഒരു പുച്ഛഭാവം വിടർന്നു.

“ഫ്രണ്ട് ആണാണോ, പെണ്ണാണോ എന്ന് ചോദിക്കുന്നില്ല. പക്ഷെ ഇതൊക്കെ അത്ര നല്ല ഏർപ്പാടല്ലട്ടോ.. ഏടത്തിയുടെ മഹത്വം ഈ നാട്ടിൻപുറം കടന്ന് എൻ്റെ കോളേജിലുമെത്തിയിട്ടുണ്ട്. മനുഷ്യനിപ്പോ തല ഉയർത്തി നടക്കാൻ പറ്റാതായി”

പറഞ്ഞു തീർന്നതും, സതിയെ അവജ്ഞയോടെ ഒന്നു നോക്കി നടന്ന ഇന്ദു ഒരു നിമിഷം തിരിഞ്ഞു നിന്നു.

” ഏടത്തി ഒരു വിധവയല്ലേ?.. അതൊക്കെ മറന്ന് എങ്ങിനെ ഇങ്ങിനെ നടക്കാൻ കഴിയുന്നു? തലമുടി നരവീണ് തുടങ്ങിയെങ്കിലും, മനസ്സിന് നര വീണിട്ടില്ല ഇപ്പോഴും. കഷ്ടം”

നെഞ്ച് കീറിയ ആ ചോദ്യമുതിർത്ത ഇന്ദുവിനെ നോക്കി പൊട്ടി കരയാൻ പോലുമാകാതെ സതി നിന്നു.

എത്ര പെട്ടെന്നാണ് ഒരാളെ പറ്റി ഇല്ലാ വചനം ഉണ്ടാക്കുന്നത്…

അതും സ്വന്തം ഏട്ടൻ്റെ ഭാര്യയാണെന്ന് ഓർക്കാതെ…

അതിനർത്ഥം എല്ലാവർക്കും താൻ ഇവിടെ ഒരു അധികപറ്റാണെന്നല്ലേ?..

അല്ലെങ്കിലും ഹരിയേട്ടൻ മരിച്ചപ്പോൾ തന്നെ താനൊരു അധികപറ്റായി തീർന്നിരുന്നു ഇവിടെ.

കട്ടിലിൽ കിടക്കുന്ന അമ്മയ്ക്കും, ഇന്ദുവിനും, ഇടയ്ക്ക് വീട്ടിലേക്ക് കയറി വരുന്ന ദീപ്തിക്കും, അവളുടെ അച്ഛനും, അമ്മയ്ക്കും തന്നെ കാണുന്നതേ അപശകുനം പോലെയാണ്.

എന്നിട്ടും ഇവിടെ നിന്നിറങ്ങാതെ പിടിച്ചു നിൽക്കുന്നത് പോകാൻ ഒരിടമില്ലാത്തതിനപ്പുറം, ഹരിയേട്ടൻ വിശ്രമിക്കുന്ന മണ്ണ് ആണെന്ന ചിന്തയിലായിരുന്നു.

എല്ലാം ഓർത്തപ്പോൾ, തികട്ടി വന്ന കരച്ചിലൊതുക്കി, ചില കണക്കു കൂട്ടലോടെ സതി മുറ്റത്തേക്കിറങ്ങി.

ഇനിയും ഇവിടെ കിടന്ന് ആർക്കും ഭാരമാകരുതെന്ന ചിന്ത അവളുടെ മനസ്സിൽ ഉദയം കൊണ്ടപ്പോൾ, നീണ്ടൊരു നാളത്തെ മൗനമെന്ന വരൾച്ചയ്ക്കുശേഷം സതിയുടെ ചുണ്ടിൽ, പ്രതീക്ഷയുടെമഞ്ഞുതുള്ളിയായ് ഒരു പുഞ്ചിരി പതിയെ പടർന്നു തുടങ്ങിയിരുന്നു.

ഈ നാട് വിട്ടു പോകുന്ന ചിന്തയിൽ അവളുടെ മനസ്സ് കെട്ടുപിണഞ്ഞ തിനോടൊപ്പം, ഈറനായ മിഴികൾ, തെക്കേ തൊടിയിൽ, ചുറ്റും ചെടികൾ വളർന്ന് നിൽക്കുന്ന ഹരിയുടെ കുഴിമാടത്തിലേക്ക് നീണ്ടതും, അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു.

ഹരിയേട്ടൻ…

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ ഒരു ആക്സിഡൻ്റിലൂടെ തന്നെയും വിട്ട് പോയിട്ട് ഇപ്പോൾ അഞ്ച് വർഷം കഴിയുന്നു.

ആ നെഞ്ചുരുകുന്ന ഓർമ്മയോടെ അവൾ അസ്തമയസൂര്യനെ നോക്കി.

എങ്ങും ചുവന്ന പ്രകാശം വിതറുന്ന അസ്തമയസൂര്യൻ്റെ രശ്മികളിൽ അവൾ കുളിച്ചു നിൽക്കുമ്പോൾ, ആ സീമന്തരേഖ മാത്രം ഘനീഭവിച്ചു തുടങ്ങിയ ഒരു മേഘതുണ്ട് പോലെ കാണപ്പെട്ടു.

പതറിയെത്തിയ കാറ്റിൽ മുഖത്തേക്ക് പറന്നു വീണ, അകാലത്തിൽ നരവീണ് തുടങ്ങിയ മുടിയിഴകൾ, അവളുടെ കവിളോരത്തെ കണ്ണീരിൽ പറ്റിചേർന്നു കിടന്നു.

ഹരിയുടെ കുഴിമാടവും, അതിനു മുന്നിൽ നെഞ്ചുരുക്കത്തോടെ നിൽക്കുന്ന സതിയും, നിറമടർന്നു തുടങ്ങിയ ഒരു പഴയ വിഷാദചിത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

മുറിയുടെ വാതിൽ മറവിൽ,സതിയെ തന്നെ ശ്രദ്ധിച്ചു നിന്നിരുന്ന ഇന്ദു, ഒരു പുഞ്ചിരിയോടെ മൊബൈൽ എടുത്ത് കോൾ ബട്ടൻ അമർത്തി.

“വിവേക്…ഇന്ന് നിൻ്റെ സതിയോട് എന്താ പറഞ്ഞത്? ആൾ വല്ലാത്തൊരു ഭാവത്തിലാണല്ലോ?”

ഇന്ദുവിൻ്റെ ചോദ്യമുയർന്നതും, അപ്പുറത്ത് നിന്ന് ഒരു പൊട്ടിചിരിയുതിർന്നു.

“വിവേക് അല്ല ഇന്ദൂ.. നന്ദൻ.. ഡൈവോഴ്സിനു കേസുകൊടുത്ത ഒരു ഭാര്യയുടെ ഹതഭാഗ്യനായ ഭർത്താവ്.. രണ്ട് കുട്ടികളുടെ അച്ഛൻ… “

“ഇന്ന് കുറേ നേരം സംസാരിച്ചല്ലോ? എന്തൊക്കെയാണ് പറഞ്ഞത് “

ഇന്ദു ആകാംക്ഷ അടക്കാനാവാതെ, സതിയെ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.

” ഒരുപാട് സംസാരിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ സംസാരിക്കുക അല്ലായിരുന്നു. അഭിനയിക്കുകയായിരുന്നു. നന്ദനായി തകർത്തഭിനയിക്കുകയായിരുന്നു. സതിയുടെ കാണാമറയത്തെ കാമുകനായ നന്ദേട്ടനായി ജീവിക്കുകയായിരുന്നു.. സതിയെന്ന ഈ നന്ദൻ്റെ പെണ്ണ് നാളെ തീർച്ചയായും ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കയറും.. അത്രയും വിശ്വസനീയമായിരുന്നു എൻ്റെ ആക്ടിങ്. ഈ അഭിനയത്തിന് ഒരു ഓസ്കാർ പോലും കിട്ടേണ്ടതാണ്…”

വിവേകിൻ്റെ കുഴയുന്ന വാക്കുകൾ കേട്ടതും, ഇന്ദുവിൻ്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു.

“നീ ബാറിലാണോ? വാക്കുകൾ കുഴയുന്നു “

ഇന്ദുവിൻ്റെ ചോദ്യം കേട്ടതും, വിവേകിൽ നിന്ന് ഒരു പതിഞ്ഞ ചിരിയുതിർന്നു.

” അതേ.. ബാറിലാണ്.. ഇത്തിരി ഓവറായി കുടിച്ചിട്ടുമുണ്ട്.വിവേക് എന്ന എനിക്ക് നന്ദനായി മാറാൻ വെറും പച്ചയ്ക്ക് പറ്റില്ല.. ഇത്തിരി അകത്തു ചെന്നാലേ അങ്ങിനെ ഒരു കൂടുമാറ്റം വൃത്തിയായി ചെയ്യാൻ പറ്റൂ.. ആട്ടെ.. നീ എഴുതിയ ഈ ചതിയുടെ തിരകഥയിൽ ആത്മാർത്ഥമായി അഭിനയിച്ച എൻ്റെ പ്രതിഫലം എത്രയാണെന്ന് പറഞ്ഞില്ല “

വിവേകിൻ്റെ ചോദ്യം കേട്ടതും, ഇന്ദു ചുറ്റുമൊന്നു നോക്കി.

“നിനക്കു അങ്ങിനെ പ്രത്യേകിച്ച് പ്രതിഫലത്തിൻ്റെ ആവശ്യമുണ്ടോ വിവേക്? ആ നാശം പിടിച്ച സ്ത്രീ ഈ തറവാട്ടിൽ നിന്ന് പോയി കിട്ടിയാൽ, ഈ സ്വത്തൊക്കെ അവൾക്ക് പങ്കുവെച്ചു കൊടുക്കാതെ എനിക്കു മാത്രം സ്വന്തമാകില്ലേ? എനിക്കു കിട്ടിയാൽ പിന്നെ അത് നിൻ്റെയും കൂടി സ്വന്തമല്ലേ? ഭാവിയിൽ നമ്മൾക്കുണ്ടാകുന്ന മക്കൾക്കും സ്വന്തമല്ലേ?”

ഇന്ദു സംസാരം ഒന്നു നിർത്തി, ഹരിയുടെ കുഴിമാടത്തിനരികെ നിൽക്കുന്ന സതിയെ ഒന്നു പാളി നോക്കി.

” പക്ഷെ ഇതിനൊക്കെ വേണ്ടത്, ബാംഗ്ലൂരിലെത്തുന്ന സതി പിന്നെ ഈ നാട്ടിലേക്ക് വരാൻ പാടില്ലായെന്നു മാത്രം… അങ്ങിനെയൊരു തിരിച്ചുവരവ് ഉണ്ടാകില്ലായെന്ന് ഉറപ്പിക്കാം അല്ലേ വിവേക്?”

“തീർച്ചയായും.. ബാംഗ്ലൂർ എത്തുന്ന സതി പിന്നെയൊരിക്കലും നാട്ടിലെത്തില്ലായെന്ന് ഉറപ്പിച്ചോളൂ.. കാരണം ജീവനുണ്ടെങ്കിൽ അല്ലേ ഒരു മടക്കവരവ് സാധ്യമാകൂ ?”

വിവേക് പൊട്ടി ചിരിയോടെ ചോദിച്ചപ്പോൾ, ഇന്ദുവിൻ്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിടർന്നു.

“പിന്നെ ഇന്ന് രാത്രി നല്ല അത്താഴമൊരുക്കണം സതിയ്ക്ക്.ആദ്യമായി ആ പാവം വയറു നിറയെ സംതൃപ്തിയോടെ കഴിക്കട്ടെ.. ഈ രാത്രി കൂടിയല്ലേ സതി ആ വീട്ടിലുണ്ടാകൂ.. നേരം പുലരും മുൻപ് അജ്ഞാത കാമുകനെ തേടി പുറപ്പെടില്ലേ? എന്തു ചെയ്യാം..ആ കാമുകൻ ക്രൂരമായ മരണമാണെന്ന് പാവം സതി അറിയുന്നില്ല.. സോ.. ലാസ്റ്റ് സപ്പർ സൂപ്പറാക്കിക്കോ…”

വിവേകിൻ്റെ പരിഹാസത്തിലുള്ള സംസാരം കേട്ടതും, ഇന്ദു പതിയെ തലയാട്ടികൊണ്ട് പുറത്തേക്ക് നോക്കി.

കുഴിമാടത്തിനരികെ നിന്ന് ഹരിയോടെന്നപോൽ എന്തൊക്കെയോ മന്ത്രിക്കുകയായിരുന്ന സതിയെ കണ്ടപ്പോൾ ഇന്ദുവിന് ദേഷ്യം ഉറഞ്ഞു കയറി.

” അതൊക്കെ ഞാൻ ചെയ്യാതിരിക്കോ വിവേക്. എൻ്റെ ചേട്ടനെ കൈയും, കാലും കാണിച്ച് വശീകരിച്ച് ഈ തറവാട്ടിലേക്ക് കയറി, ഇവിടെ അപശകുനങ്ങളുടെ ഒരു ഘോഷയാത്ര തീർത്ത അവളെ പടിയടച്ചു പിണ്ഡം വെക്കുന്ന നേരം നല്ലൊരു സദ്യയൊരുക്കി കൊടുക്കേണ്ടത് എൻ്റെ സന്തോഷം മാത്രമല്ല. കടമ കൂടിയാണ്…”

പറയുന്നതിനിടയിൽ, റൂമിൽ കിടന്നിരുന്ന അമ്മയുടെ ചുമ കേട്ടപ്പോൾ അവൾ പതിയെ തലതിരിച്ചു നോക്കി.

” അവൾ കയറി വന്ന മൂന്നാം ദിവസം തന്നെ എൻ്റെ ചേട്ടൻ പോയി. മൂന്നു മാസം കഴിഞ്ഞപ്പോൾ എൻ്റെ അച്ഛനും പോയി. അതിനു ശേഷം അമ്മ തളർന്ന് കിടപ്പിലായി… ഇനിയും അവൾ ഇവിടെ നിന്നാൽ ചിലപ്പോൾ എൻ്റെ ജീവൻ പോലും നഷ്ടമാകും.. അതും മാത്രമല്ല സ്വത്ത് പങ്കുവെക്കേണ്ടിയും വരും.. അതിനു മുൻപെ അവളെ ചൂണ്ടയിൽ കോർത്ത വിവേകിനോട് നന്ദി മാത്രം പറഞ്ഞ് ഞാനൊതുക്കുന്നില്ല.. ഈ രാത്രി നീ ഇങ്ങോട്ട് വാ. നമ്മൾക്കൊരുമിച്ച് സന്തോഷിക്കേണ്ട രാത്രിയാണ് ഇന്ന് “

ഇന്ദുവിൻ്റെ സന്തോഷം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ മൊബൈലിലേക്ക് നോക്കി.

” അതിനു മാത്രം എന്നെ കിട്ടില്ല ഇന്ദൂ.. സതിയോടു ഞാൻ കൊടുംചതിയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അറിയാം. പക്ഷേ എന്നെ പ്രണയിക്കുന്ന നിന്നോടു വിശ്വസ്തത പുലർത്താതിരിക്കാൻ കഴിയില്ല എനിക്ക്.. പറഞ്ഞു വരുന്നത് കല്യാണം കഴിക്കുന്നതിന് മുൻപ് കൂടെ കിടക്കാൻ എന്നെ കിട്ടില്ലായെന്ന്.. പക്ഷെ ഇന്ന് രാത്രി ഞാൻ ആ പരിസരത്തുണ്ടാകും.. എൻ്റെ ഇന്ദുവിൻ്റെ ജീവിതത്തിൽ നിന്ന് സതിയെന്ന മാരണം ഒഴിഞ്ഞു പോകുന്നതു കാണാൻ…”

വിവേകിൻ്റെ സംസാരം കേട്ടപ്പോൾ ഇന്ദുവിന് അവനെ കുറിച്ച് അഭിമാനം തോന്നി.

” ഒരുപാട് നന്ദി വിവേക്.. സതി ഇങ്ങോട്ട് വരുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം”

പതിയെ പറഞ്ഞു കൊണ്ട് ഇന്ദു പൊടുന്നനെ കോൾ കട്ടാക്കി, അകത്തേക്കു കയറി വരുന്ന സതിയെ നോക്കി പുഞ്ചിരിച്ചു.

വിഷം പുരട്ടിയ പുഞ്ചിരി ആണെന്ന് മനസ്സിലാവാതെ, സതിയും അവളെ നോക്കി ചിരിച്ചു.

കാലംതെറ്റി വന്ന മഴ പകലിനെ വിഴുങ്ങിയപ്പോൾ, പെട്ടെന്നു കയറി വന്ന ഇരുട്ടിനോടൊപ്പം കൂട്ടായി ദീപ്തിയും, ആ തറവാട്ടിലേക്ക് വന്നു.

സതിയുടെ അവസാനത്തെ അത്താഴത്തിന് ആവശ്യമായ വിഭവങ്ങൾ നിറച്ച, ഒരു കിറ്റും അവളുടെ കൈവശമുണ്ടായിരുന്നു.

രാത്രിയിലെ നിറസാന്നിധ്യമായ കഞ്ഞിയ്ക്കും, ചമ്മന്തിയ്ക്കും പകരമായി വിഭവ സമൃദ്ധമായ അത്താഴം കണ്ട് സതി അമ്പരപ്പോടെ ഇന്ദുവിനെ നോക്കി… കൂടെ ദീപ്തിയെയും.

തീൻമേശയിൽ കിടന്നിരുന്ന ഹോട്ടലിൻ്റെ പേരുള്ള കവറുകളിലേക്കു സതിയുടെ നോട്ടം നീണ്ടു.

“ഇതെല്ലാം ഹോട്ടലിൽ നിന്ന് ദീപ്തി വാങ്ങി കൊണ്ടു വന്നതാ.. ഏടത്തിക്കൊരു സർപ്രൈസ് ആയിക്കോട്ടെയെന്ന് വിചാരിച്ചാ പറയാതിരുന്നത് “

ഇന്ദുവിൻ്റെ സംസാരം കേട്ടതും, സതിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു.

” സങ്കടപ്പെടാതെ ഏടത്തീ.. എന്നും നമ്മൾ ഈ വെജിറ്റേറിയനല്ലേ കഴിക്കുന്നത്? ഇന്ന് ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്ന് വിചാരിച്ചാ ഇതൊക്കെ ഹോട്ടലിൽ
നിന്നും വാങ്ങിയത്.. അല്ലേ ദീപ്തീ? “

ഇന്ദുവിൻ്റെ ചോദ്യം കേട്ടതും ദീപ്തി, സതിയുടെ മുഖത്തേക്ക് നോക്കി പതിയെ തലയാട്ടി.

“നന്നായി കഴിക്ക് ഏടത്തീ.. ഏടത്തിയങ്ങ് വല്ലാതെ ക്ഷീണിച്ചു പോയി.. അല്ലേടീ ഇന്ദൂ ? “

ദീപ്തി ഒരു കണ്ണിറുക്കി കൊണ്ട് ഇന്ദുവിനോട് ചോദിച്ചതും, അവൾ പൊട്ടി വന്ന ചിരി അമർത്തി പിടിച്ച് ഭക്ഷണത്തിലേക്കു മുഖം പൂഴ്‌ത്തി.

ഇതൊന്നും അറിയാതെ, കണ്ണീരിറ്റു വീഴുന്ന ഭക്ഷണം പതിയെ കഴിക്കുക യായിരുന്നു സതി.

ഭക്ഷണമൊക്കെ കഴിച്ച്, ഒരുമിച്ച് പാത്രങ്ങൾ കഴുകി വെച്ച്, അടുക്കളയൊക്കെ വൃത്തിയാക്കി, കിടക്കാനായി തൻ്റെ റൂമിലേക്കു കയറുമ്പോൾ, ജീവിതത്തി ലാദ്യമായി കിട്ടിയ ഇന്ദുവിൻ്റെയും, ദീപ്തിയുടെയും സ്നേഹത്തെ പറ്റി ഓർക്കുകയായിരുന്നു സതി.

സതി റൂമിലേക്ക് കയറി വാതിലടച്ചതും, ഇന്ദുവും, ദീപ്തിയും പരസ്പരം ഒന്നു നോക്കി കൈപ്പത്തികൾ കൂട്ടിമുട്ടിച്ചു, റൂമിലേക്ക് കയറി.

രാത്രിയിലെപ്പോഴോ മഴയ്ക്ക് ശക്തിയേറിയതും, ഉറങ്ങാതെ കിടന്നിരുന്ന ഇന്ദുവും, ദീപ്തിയും പതിയെ വാതിൽ തുറന്നു സതിയുടെ റൂമിലേക്ക് നോക്കി.

ഇപ്പോഴും വെളിച്ചം അണയാത്ത റൂമിനുള്ളിൽ എന്തൊക്കെയോ സാധനങ്ങൾ അടക്കി വെക്കുന്ന അവ്യക്തമായ ശബ്ദം കേട്ടതും, ഇന്ദു പതിയെ ദീപ്തിയുടെ ചെവിയോരം ചുണ്ടു ചേർത്തു.

” അജ്ഞാതകാമുകനെ തേടി പോകാനുള്ള ഒരുക്കത്തിലാണ് എൻ്റെയും, നിൻ്റെയും ശത്രു..നമ്മൾക്കിനി സ്വസ്ഥമായി ഉറങ്ങാം.. നീ വാ “

അത്രയും പറഞ്ഞ് ദീപ്തിയുടെ കൈയും പിടിച്ച് ബെഡ്ഡിലേക്ക് നടന്നു ഇന്ദു.

കോരി ചൊരിയുന്ന മഴക്കിടയിൽ പാറി വീഴുന്ന മിന്നലുകൾ ആ തറവാടിനെ ഇടയ്ക്കിടെ സ്വർണനിറം ചാർത്തുന്നുണ്ടായിരുന്നു.

തറവാടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, അടുത്തെങ്ങോ നിന്ന് ഇടി മുഴങ്ങിയപ്പോൾ, ഇന്ദു, ദീപ്തിയെയും ചേർത്തു പിടിച്ച് കിടന്നു.

വരാനിരിക്കുന്ന കാലത്തിൻ്റെ സൗഭാഗ്യം ഓർത്ത് ഇന്ദു ഉറക്കത്തിലാണ്ടപ്പോഴും, ഇപ്പോഴും സതിയോടുള്ള പക മനസ്സിൽ നിന്ന് പോകാത്ത ദീപ്തിയ്ക്ക് അപ്പോഴും ഉറക്കം വന്നിരുന്നില്ല.

രാവിലെ ഉറക്കമെഴുന്നേറ്റതും, ഇന്ദു ദീപ്തിയെയും ഉണർത്തി സതിയുടെ മുറിയിലേക്ക് പാഞ്ഞതും, തുറന്നു കിടക്കുന്ന വാതിൽ കണ്ട് അവർ പരസ്പരം സന്തോഷത്തോടെ നോക്കി.

പക്ഷെ, റൂമിൻ്റെ പടിയിൽ എത്തിയതും, അകത്തെ കാഴ്ച കണ്ട് അവർ
അമ്പരന്നു.

ബെഡ്ഢിൽ സതിയുടെയൊപ്പം കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന വിവേക് !

” വിവേക് “

തറവാടിനെ പിടിച്ചുലച്ച ഇന്ദുവിൻ്റെ അലർച്ച കേട്ട വിവേകും, സതിയും ഞെട്ടിയുണർന്നു.

മുന്നിൽ രൗദ്രഭാവം പൂണ്ടുനിൽക്കുന്ന ഇന്ദുവിനെ നോക്കി വിവേക് പുഞ്ചിരിച്ചു.

“സോറി ഇന്ദൂ.. കാണാത്ത ഒരു കാമുകനെ തേടി വരാൻ മാത്രം മണ്ടിയല്ല സതി എന്നറിഞ്ഞപ്പോൾ, അവളെ തേടി ഞാൻ ഇങ്ങോട്ടു വരുകയായിരുന്നു.പിന്നെ കുറേ നേരം തമ്മിൽ സംസാരിച്ചിരുന്നപ്പോൾ, അതിനിടയ്ക്ക് ഞങ്ങൾ അറിയാതെ ഉറങ്ങി പോയതാണ്.. അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല ഇവിടെ.. “

വിവേക് അത്രയും പറഞ്ഞ് ഇന്ദുവിന് അരികെ നിൽക്കുന്ന ദീപ്തിയെ
നോക്കി പുച്ഛത്തോടെ ചിരിച്ചു.

” അവസാനത്തെ അത്താഴത്തിന് മുടക്കിയ പൈസ വേസ്റ്റ് ആയി എന്നു കരുതി വിഷമിക്കേണ്ട.. നമ്മൾക്ക് അടുത്ത പ്രാവശ്യം ശ്രമിക്കാം.. അടുത്ത പ്രാവശ്യം സതി എന്തായാലും പോകും.. അല്ലേ സതീ? “

വിവേകിൻ്റെ ചോദ്യം കേട്ടപ്പോൾ ദീപ്തിയുടെ വിളറിയ മുഖം കണ്ടതും സതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി.

“നീ… നീ.. കൂടെ നിന്ന് ചതിക്കായിരുന്നല്ലേ?”

രൗദ്രഭാവത്തോടെ വന്ന് ഇന്ദു, വിവേകിൻ്റെ കോളറിൽ പിടുത്തമിട്ടതും, അവൻ മായാത്ത പുഞ്ചിരിയോടെ ആ കൈകൾ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.

“സോറി ഇന്ദൂ.. ഫോൺ വിളികൾക്കിടയിൽ അറിയാതെ എൻ്റെ മനസ്സ് സതിയുമായി അടുത്തു.. അതിനു കാരണക്കാരൻ ഞാനാണോ? നീയല്ലേ എന്നോടു അങ്ങിനെയൊക്കെ അഭിനയിക്കാൻ പറഞ്ഞത്?”

വിവേകിൻ്റെ ചോദ്യം കേട്ടതും, ഇന്ദു വല്ലാത്തൊരു വിളർച്ചയോടെ സതിയെ നോക്കി.

“പിന്നെ നീ പറഞ്ഞതുപോലെ ഞാൻ നിന്നെ ചതിച്ചതല്ല. ഞാൻ സ്വയം പഠിച്ചതാണ്.. നിന്നെ പോലെ ക്രൂരമായ മനസ്സുള്ള പെൺകുട്ടിയെ കൂടെ കൂട്ടിയാൽ, ജീവിതത്തിലൊരിക്കലും എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല. കാരണം ഏതെങ്കിലും നിമിഷത്തിൽ നീ എനിക്ക് തന്നെ ക്വട്ടേഷൻ കൊടുക്കുമെന്ന് അറിയുന്നതു കൊണ്ട്., അത്രയ്ക്ക് വൃത്തികെട്ട മനസ്സാണ് നിൻ്റേത്. “

അവരുടെ സംസാരത്തിനിടയിൽ സതി ബെഡ്ഢിൽ നിന്നിറങ്ങി അടുക്കളയിലേക്കു നടന്നു.

“നിന്നെ ഞാൻ കാണിച്ചു തരാമെടാ…”

ഇന്ദു പല്ലിറുമ്മി കൊണ്ട് ദീപ്തിയുടെ കൈ പിടിച്ചു.

“എന്തു കാണിച്ചു തരാമെന്ന്.. ഞാനാണ് ഇനി കാണിച്ചു തരാൻ പോകുന്നത്… നീ എനിക്ക് ചെയ്ത കോൾ മുഴുവൻ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. അതിൽ വിധവയായ ഒരു സ്ത്രീയെ ആരുമറിയാതെ നശിപ്പിക്കാനാണ് നീ പറയുന്നത്. അത് പോലീസിനു മുന്നിൽ എത്തിയാൽ, നിൻ്റെയും, ഇവളുടെയും ഭാവി അറിയാമല്ലോ?”

വിവേകിൻ്റെ ചോദ്യം കേട്ടതോടെ ഇന്ദുവിൻ്റെയും, ദീപ്തിയുടെയും മനസ്സിലൂടെ ഈർച്ചവാൾ കടന്നു കയറിയതുപോലെ അവരൊന്നു വെട്ടി വിറച്ചു.

അതിനിടയിൽ സതി ഒരു കട്ടൻചായ കൊണ്ടുവന്നു വിവേകിനു കൊടുത്തു.

കട്ടൻചായ ഊതി കുടിക്കുന്നതിനിടയിൽ വിവേക്, ഇന്ദുവിനയും, ദീപ്തിയെയും മാറി മാറി നോക്കി.

“പിന്നെ ഒരു കാര്യം.. ഇന്ന് ഞാനും, സതിയും അമ്പലത്തിൽ പോയി ഓരോ പൂമാല പരസ്പരം അണിയിക്കുന്നുണ്ട്. അതിനു നിങ്ങൾ കൂടെ വേണമെന്നില്ല. പക്ഷെ രജിസ്ട്രർ മാര്യേജ് ചെയ്യുമ്പോൾ സാക്ഷികളായി നിങ്ങൾ സൈൻ ചെയ്യണം.. എന്താ ചെയ്യില്ലേ?

വിവേകിൻ്റെ ചോദ്യം കേട്ടതും, ഇന്ദുവും, ദീപ്തിയും പരസ്പരമൊന്നു നോക്കി സമ്മതമാണെന്ന അർത്ഥത്തിൽ തലയാട്ടി.

“പിന്നെ ഇവിടുത്തെ നാഥ ഇനി സതിയാണ്.. അവളെ അനുസരിച്ച് നിന്നോണം കേട്ടല്ലോ?”

വിവേകിൻ്റെ ചോദ്യം കേട്ടതും, അവിടെ നിന്ന് പോകാൻ തുടങ്ങിയ ഇന്ദുവിൻ്റെ കൈ പിടിച്ചതും, അവൾ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.

ബെഡ്ഢിൽ അവനടുത്തായി ഇരിക്കുന്ന സതിയുടെ തലമുടിയിൽ തലോടുന്നതു കണ്ടപ്പോൾ അവളുടെ രക്തം തിളച്ചു തുടങ്ങി.

” സതിയുടെ തലമുടി നരച്ചിട്ടുണ്ട്.. പക്ഷേ അവളുടെ മനസ്സ് നരച്ചിട്ടില്ല… നിങ്ങളെ പോലെ “

അതുകേട്ട് കലിതുള്ളി, വിവേകിൻ്റെ കൈ വിടുവിച്ച് പോകുന്നഇന്ദുവിനെയും, ദീപ്തിയെയും നോക്കി യിരിക്കുമ്പോൾ, തനിക്കു ചുറ്റും ഇന്നലെ രാത്രി മുതൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നറിയാത്ത അമ്പരപ്പിലായിരുന്നു സതി.

“ഇപ്പോൾ സംഭവിച്ച കാര്യങ്ങളിൽ കൂടുതലൊന്നും മനസ്സിലാക്കാനില്ല സതീ… കാര്യം സിംപിൾ.. പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും. ഇപ്പോൾ പൊട്ടിയും, ദൈവവും നീയും ഞാനുമാണ്.. ആ പോയവരാണ് നിന്നെ ചതിക്കാൻ ശ്രമിച്ച നമ്മൾക്കിടയിലുള്ളവർ…”

വിവേകിൻ്റെ സംസാരം കേട്ടതും സതിയുടെ ചുണ്ടിൽ ലജ്ജയുടെ ഒരു പുഞ്ചിരി വിടർന്നു..

നിറഞ്ഞ കൂരിരുട്ടിൽ, ആകാശത്ത് പൊട്ടിമുളച്ച ഒറ്റനക്ഷത്രത്തിൻ്റെ ചേലായിരുന്നു ആ പുഞ്ചിരിയ്ക്ക്.

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *