നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ്…….

കല്യാണം

Story written by Navas Amandoor

ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ.

“ഉമ്മിച്ചി… പെൺകുട്ടി മതിട്ടോ.”

“പോടാ ചെക്കാ… അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്.”

നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ് അവൻ അറിഞ്ഞത്. ഉമ്മിച്ചിയെ ഖബറിൽ വെച്ച ദിവസം മുതൽ ഇക്കാക്കയാണ് മെഹ്റിനെ നെഞ്ചോട് ചേർത്ത് വളർത്തിയത്.

മെഹ്റിൻ വളർന്നു. വലുതായി പഠിച്ചു ഒരു ജോലിയും കിട്ടി. പക്ഷെ അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. അത് തന്നെയാണ് വാപ്പയുടെയും ഇക്കയുടെയും ഇക്കയുടെ ഭാര്യ സൈറയുടെയും ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന.

“മെഹ്റിൻ കല്യാണത്തിന് സമ്മതിക്കുക.’

ആ ഒരു ലക്ഷ്യത്തിന് വേണ്ടി വലിയ ചർച്ചയും പ്ലാനിങ്ങും മൂവർ സംഘത്തിന്റെ ഗൂഢാലോചനയും ആ വീട്ടിൽ മുടങ്ങാതെ നടക്കുന്നുണ്ട് അവൾ അറിയാതെ.അവളുടെ മനസ്സിലുള്ളത് അവർക്കും അറിയില്ല.

സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോട് മെഹ്റിൻ ചോദിച്ചു..

” ചിന്നൂ ..പ്രസവിച്ചാ മരിക്കോ…?”

“എന്റെ അമ്മ പ്രസവിച്ചിട്ട് മരിച്ചില്ലല്ലോ മെഹ്റിൻ…”

“എന്റെ ഉമ്മ… മരിച്ചു. അതുകൊണ്ട് ഞാൻ പ്രസവിക്കില്ല.”

“കല്യാണം കഴിഞ്ഞാൽ പ്രസവിക്കും.”

“അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ…”

അന്ന് കൂട്ടുകാരിയോട് പറഞ്ഞ തീരുമാനത്തിൽ ഇന്നും മെഹ്റിൻ ഉറച്ചു നിൽക്കുന്നു.

ഒന്നിടവിട്ട് എല്ലാം ഞാറാഴ്ചകളിലും ബ്രോക്കർ വീട്ടിൽ വരും. പുതിയൊരു ഫോട്ടോയും അഡ്രസും കൊടുക്കും.. അടുത്ത ഞായറാഴ്ചക്കുള്ളിൽ ആ പയ്യനെ കുറിച്ച് ഇക്കാക്ക അന്വേഷണം നടത്തും. ഓക്കേ ആണെങ്കിൽ അത് കഴിഞ്ഞുള്ള ഞായറാഴ്ച ആ പയ്യൻ പെണ്ണിനെ കാണാൻ വരും. പതിവ് പോലെ എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി മെഹ്റിൻ ഉടുത്തൊരുങ്ങി അവർക്ക് മുൻപിൽ വന്നു നിൽക്കുകയും കല്യാണത്തിന് സമ്മതമില്ലെന്ന് ഇക്കയോട് പറയുകയും ചെയ്യും..

ഇന്ന് ഞായറാഴ്ചയാണ്. രാവിലെ ബ്രോക്കർ വന്നിട്ടുണ്ട്.ഷാനു എന്നാണ് ചെക്കന്റെ പേര്. ഗൾഫിൽ ഒരു ഷോപ്പ് ഉണ്ട്. ഇക്കാക്ക ഫോട്ടോ എടുത്തു നോക്കി.

“കാണാനൊക്കെ കൊള്ളാം.”

“എന്നിട്ട് എന്ത് കാര്യം.”

“സൈറ… ഇത് എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കണം.”

“ഒരു രക്ഷയുമില്ല. മൊഞ്ചില്ലാത്തത് അല്ലല്ലോ ഓളെ പ്രശ്നം. കല്യാണം വേണ്ടെന്നുള്ള വാശിയല്ലെ “

ഇതെങ്കിലും നടന്നാൽ മതിയെന്നുള്ള പ്രാർത്ഥനയിലാണ് ബ്രോക്കർ.

“മോൾക്ക് പ്രണയം വല്ലതും ഉണ്ടാവോ….?”

സ്വല്പം മടിച്ചാണ് ബ്രോക്കർ അങ്ങനെയൊരു സംശയം മുന്നോട്ട് വെച്ചത്. അത് കേട്ടപാടെ മൻസൂറും സൈറയും ചിരിച്ചു.

“അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്..അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ..പക്ഷെ കുരിപ്പിന് അതും ഇല്ല.പണ്ട് ഒരുത്തൻ പിന്നാലെ നടന്നതാ.. ഞാനാണ് അവനെ ഓടിച്ചു വിട്ടത്… അതിൽ ഇപ്പോ വിഷമം ഉണ്ട്.”

എന്തായാലും ഷാനുവിനെ കുറിച്ച് തിരക്കിയിട്ട് ബാക്കി പറയാമെന്നു പറഞ്ഞു. ബ്രോക്കറേ വിട്ടു.

“ഉപ്പയും ഇക്കയും ചേർന്ന് കൊച്ചിനെ വഷളാക്കി… ഹല്ല പിന്നെ.”

“സൈറ… ഉമ്മച്ചിയെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റുമ്പോൾ എന്റെ മോൾ ഉമ്മിച്ചിടെ വയറ്റിലാണ്. രണ്ടാളും കൂടി പോയിട്ട് അവൾ മാത്രമാണ് തിരിച്ചു വന്നത്. എനിക്കന്ന് പന്ത്രണ്ട് വയസ്സാണ്. എന്റെ കൈയിലേക്ക് തന്നിട്ടാണ് ഉമ്മ പോയത്. അന്നുമുതൽ ഞാനാണ് അവളെ വളർത്തിയത്. അവളുടെ ആഗ്രഹങ്ങൾ പറ്റുന്ന പോലെ ചെയ്തു കൊടുത്തു. അവൾക്കൊരു സങ്കടം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു. അവൾ പഠിച്ചു. ജോലി കിട്ടി. കല്യാണം വേണ്ടെന്ന് മെഹ്റിൻ പറഞ്ഞാലും അവളൊരു കുടുംബത്തൊടെ ജീവിക്കുന്നത് കാണാൻ ആശ കൊണ്ടാണ്… ഇങ്ങനെയൊക്കെ.”

“അയ്യേ കരയുന്നൊ പുന്നാര ഇക്കാക്ക. എല്ലാം ശെരിയാകുമെന്ന്. ഞാനും ഉണ്ടല്ലോ കൂടെ.”

അടുത്ത ഒരു ദിവസത്തിലേക്ക് ബ്രോക്കർ തന്ന അഡ്രെസ്സ് മാറ്റി വെക്കുമ്പോൾ മെഹ്റിന്റെ ഇക്കാക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.എങ്ങനെയെങ്കിലും അവളുടെ നിക്കാഹ് നടക്കാനുള്ള പ്രാർത്ഥനയാണ് അയാളുടെ മനസ്സിൽ.

മെഹ്റിനോട്‌ അഭിപ്രായം ഒന്നും ചോദിക്കാറില്ല. ചെക്കന്മാർ വരും. കാണും. പോകും. പതിവ് പോലെ അവൾ അവളുടെ വഴിക്ക് പോകും.

“ഇതെങ്കിലും സെറ്റ് ആവോ ഇക്കാക്കോ.”

“നീയല്ലേ മെഹറു.. വാശി പിടിച്ചു.. ഞങ്ങളെയൊക്കെ വിഷമിപ്പിക്കുന്നത്.”

“ന്റെ പൊന്നിക്കാ അങ്ങനെ ഒന്നും പറയല്ലേ… എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ… പിന്നെ ഇവന്മാരെ കണ്ടിട്ട് ഒരു സ്പാർക് വരുന്നില്ല.”

“ന്നാ ന്റെ കുട്ടിക്ക് സ്പാർക് ആവുന്ന ഒരാളെ കിട്ടിയിട്ടുണ്ട്..”

“ഫോട്ടോ കാണിച്ചേ…”

“ഇല്ല…അവൻ വരുമ്പോൾ കണ്ടാൽ മതി.”

ഒരു കല്യാണാലോചന വന്നാൽ ചെക്കനെ കുറിച്ച് അന്വേഷിക്കാൻ ഏറ്റവും നല്ല സ്ഥലം ആ ചെക്കന്റെ വീടിനടുത്തുള്ള ചായക്കടയാണ്. അങ്ങനെയാണ് ഇക്കാക്ക ഷാനുവിന്റെ വീടിന്റെ അടുത്തുള്ള ചായക്കടയിൽ എത്തിയത്. ഒരു ചായക്ക് പറഞ്ഞിട്ട് ഇക്കാക്ക ഷാനുവിനെ കുറിച്ച് അന്വേഷണം തുടങ്ങി.

“ഇവിടെ അടുത്ത് ഷാനു എന്നൊരു പയ്യൻ ഉണ്ടോ..ഈയടുത്ത ദിവസം ഗൾഫിൽ നിന്ന് വന്ന ചെക്കൻ.”

ആ സമയം ആ ചായക്കടയിൽ ഉണ്ടായിരുന്ന ഷാനുവും ഇക്കാക്കയുടെ ചോദ്യം കേട്ടു ഇക്കാക്കയെ നോക്കി.

“എടാ ഇത് നമ്മുടെ മെഹറിന്റെ ഇക്കാക്കയല്ലേ….?”

” നീ ഗൾഫിൽ നിന്ന് വന്നതറിഞ്ഞിട്ട് അന്നത്തെ ദേഷ്യം തീരാതെ വീണ്ടും തല്ലാൻ വന്നതാവും

“ഏയ് അതൊന്നും ആവില്ല… പടച്ചോനെ ഇനി അങ്ങനെ ആയിരിക്കോ…”

ഷാനു വേഗം എഴുന്നേറ്റ് ഇക്കാക്കയുടെ അടുത്തേക്ക് ചെന്നു. ഇക്കാക്കയുടെ കൈപിടിച്ചു പുറത്തേക്ക് കൊണ്ടു പോയി.

“നിങ്ങള് മെഹറിന്റെ ഇക്കാക്ക അല്ലേ.?”

“അതെ…. നിനക്ക് എങ്ങനെ എന്നെ അറിയാം.”

“ഇക്കാക്ക് എന്നെ ഓർമ്മയില്ല ല്ലെ.. ഒരിക്കൽ മെഹറിന്റെ പിന്നാലെ നടന്നതിന് എന്നെ തല്ലും എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ടോ… ആ എന്നെയാണ് ഇക്കാക്ക ഇപ്പോൾ അന്വേഷിക്കുന്നത്.”

അന്നത്തെ പൊടി മീശ വെച്ച പയ്യനല്ല അവിനിപ്പോൾ.തടിയൊക്കെ വളർത്തി വേറെയൊരു രൂപമായി മാറിയ അവനെ കണ്ടപ്പോൾ മൻസൂറിന് മനസ്സിലായില്ല.കണ്ടപ്പോൾ പെട്ടെന്നൊരു അത്ഭുതം തോന്നിയെങ്കിലും ഇക്കാക്ക അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു.

“ഇത്രയും കാലമായിട്ട് അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി. അതുകൊണ്ട് അവളോട് ഇതെന്തായാലും നടത്തുമെന്ന് വെല്ലുവിളിച്ചിട്ടാണ് ഞാൻ പോന്നിട്ടുള്ളത് “

“ഇക്കാക്ക അവൾ ഇതും സമ്മതിക്കില്ല. അവൾക്ക് കല്യാണത്തെയല്ല പേടി പ്രസവത്തെയാണ്… ഇക്കാക്ക അന്ന് ഭീഷണിപ്പെടുത്തിയിട്ടല്ല ഞാൻ അവളിൽ നിന്ന് തിരിഞ്ഞു പോയത്. അവളാണ് എന്നോട് പറഞ്ഞത് എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ് കല്യാണം എന്നു പറയുമ്പോൾ എന്റെ ഉമ്മിച്ചി മരിച്ചതാണ് എനിക്ക് ഓർമ്മ വരുന്നതെന്ന്..”

അവർ രണ്ടുപേരും എല്ലാം സംസാരിച്ചു. ഇക്കാക്ക എന്തായാലും പെണ്ണ് കാണാൻ വരാൻ പറഞ്ഞു. കുറെ നാളുകൾ പിന്നാലെ നടന്ന ഷാനുവാണ് പെണ്ണുകാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ…വിസ്മയം തോന്നിയെങ്കിലും മെഹറിൻ പതിവുപോലെ കല്യാണം വേണ്ട എന്ന് തന്നെ പറഞ്ഞു മുറിയിലേക്ക് പോയി.

ഇക്കാക്ക ഷാനുവിനെ അടുത്ത് വിളിച്ചു.

“നീ അവളോട് സംസാരിക്ക്. ഞാൻ പറഞ്ഞു തരാം… അതുപോലെ പറഞ്ഞാൽ മതി.”

ഇക്കാക്ക അവനോട് പതുക്കെ എന്തൊക്കെയൊ പറഞ്ഞു. എന്നിട്ടു മെഹ്റിനെ വിളിച്ചു.ഇക്കാക്ക വിളിച്ചത് കൊണ്ട് ഷാനുവിനോട് സംസാരിക്കാൻ സമ്മതിച്ചു.

“മെഹ്റിൻ നിനക്ക് പേടി കല്യാണം അല്ലല്ലോ. പ്രസവം അല്ലേ… കല്യാണം കഴിച്ചാൽ പ്രസവിക്കേണ്ടി വരും…. ഉമ്മിച്ചി അങ്ങനെ പോയതുകൊണ്ടല്ലേ നിനക്ക് പേടി… എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം.. നീ പ്രസവിക്കണ്ട… നമുക്കിങ്ങനെ സ്നേഹിച്ച് ജീവിക്കാടി.”

“അങ്ങനെ പറ്റോ…അങ്ങനെയാണെങ്കിൽ മാത്രം… ഞാൻ സമ്മതിക്കാ.. എനിക്ക് മുൻപേ നിന്നെ ഇഷ്ടമായിരുന്നു.”

“പറ്റും… ഞാൻ വാക്ക് തരുന്നു.”

ഷാനുവിന്റെ വാക്കിന്റെ ഉറപ്പിൽ കല്യാണം നടന്നു. ഒരിക്കലും അവളോട് പ്രസവത്തെക്കുറിച്ച് മിണ്ടില്ല കുട്ടിയുടെ കാര്യം പറയില്ല ചോദിക്കില്ല… എന്നൊരു കടുത്ത തീരുമാനം അവളുടെ മുമ്പിലേക്ക് വച്ചുകൊടുക്കണമെന്ന് ഇക്കാക്ക പറഞ്ഞപ്പോൾ ഷാനു അനുസരിച്ചു. മെഹ്റിൻ കല്യാണത്തിന് സമ്മതിച്ചു. മൻസൂറും സൈറയും വാപ്പിച്ചിയും കൂട്ടത്തിൽ ബ്രോക്കറും ഹാപ്പിയായി.

പക്ഷെ മഹ്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റി.കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോൾ ഷാനു ഗൾഫിലേക്ക് പോയതിന് ശേഷമാണ് മെഹറിൻ പ്രഗ്നനന്റായത് അവൾ ഉറപ്പിച്ചത്.

മാസങ്ങളായി ഫോണിലൂടെ ഷാനു എപ്പോൾ വിളിച്ചാലും മെഹ്റിൻ വഴക്ക് പറയുന്നത്. ഇക്കയും സൈറയും കൂടി ഒരു കുഞ്ഞിനെ നോക്കുന്ന പോലെ അവളിൽ പേടിയുടെ അലകൾ ഇല്ലാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും അവൾക്ക് പേടിയുണ്ട്. ഇടക്ക് ഉമ്മിച്ചിടെ പഴയ ഫോട്ടോയിൽ നോക്കി ഇരിക്കുന്നത് കാണാം.

പ്രസവത്തിനുള്ള സമയം ആയപ്പോൾ ഷാനു ലീവ് എടുത്തു നാട്ടിൽ വന്നു.ഷാനു വന്നപ്പോൾ മെഹ്റിൻ മുഖത്തേക്ക് നോക്കിയില്ല.മിണ്ടിയില്ല.

” നീയെന്താണ് എന്നോട് മിണ്ടാത്തത്…? “

” നിന്നോട് മാത്രമല്ല ഇക്കാക്കയോടും മിണ്ടില്ല”

“കാരണം”

“രണ്ടാളും ചേർന്ന് എന്നെ പറ്റിച്ചു. നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് പ്രസവിക്കേണ്ടെന്ന്.”

“എന്റെ പെണ്ണേ …. നീ എന്തിനാ പേടിക്കുന്നത്… നോക്ക് ഞാനും നിന്റെ ഇക്കാക്കയും ഇത്താത്തയും വാപ്പച്ചി എല്ലാവരും ഒപ്പം തന്നെയുണ്ട്… എന്റെ മോള് പേടിക്കേണ്ട…. ഉമ്മാക്കുശേഷം എത്രയോ പെണ്ണുങ്ങൾക്ക് പ്രസവിച്ചു….”

അതൊന്നും അവളെ സമാധാനപ്പെടുത്തിയിട്ടില്ല. പ്രസവ വേദനയിൽ ഓപ്പറേഷൻ തിയേറ്ററിലെ കൊണ്ടുപോകുമ്പോഴും അവൾ പറയുന്നുണ്ടായിരുന്നു..

“ഇക്കാക്കയും ഷാനും കൂടി എന്നെ ചതിച്ചതാ….”

പ്രസവം കഴിഞ്ഞ് മുറിയിലേക്ക് വന്നു. കുഞ്ഞിപ്പൈതലിനെ അരികിൽ കൊണ്ട് കിടത്തി… ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…. ആ കുഞ്ഞിനെ കണ്ടപ്പോൾ ശരിക്കും മഹറിന്‍റെ കണ്ണ് നിറഞ്ഞു. കണ്ണു മാത്രമല്ല മനസ്സും.

ഈ ഒരു നിമിഷമാണ് ഏതൊരു പെണ്ണും എല്ലാം മറക്കുന്നത്. ഇതുവരെ അനുഭവിച്ച വേദനയും കഷ്ടപ്പാടും എല്ലാം പ്രസവിച്ച കുഞ്ഞിനെ കാണുമ്പോൾ മറന്ന് പോകും.

“മെഹ്റിൻ…. നിന്റെ കുഞ്ഞിനെ കണ്ടപ്പോൾ തോന്നുന്നില്ലേ മോളെ സ്പാർക്.”

“ഉണ്ട്… ഇക്കാക്ക.”

അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ചിരിച്ചു. മെഹ്റിൻ പുഞ്ചിരിയോടെ കുഞ്ഞികൈയിൽ മുത്തം കൊടുത്ത് കുഞ്ഞിന്റെ അരികിലേക്ക് ചേർന്നു കിടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *