പക്ഷേ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല, പെട്ടന്നൊരു ബോധോദയമുണ്ടായ ഞാൻ വിറയ്ക്കുന്ന കൈകളോടെ എമർജൻസി നമ്പർ തിരഞ്ഞെടുത്ത് ഡയൽ ചെയ്തു…….

Story written by Saji Thaiparambu

വിൻഡോസീറ്റിലിരുന്ന് ഉറങ്ങിപ്പോയ ഞാൻ, ബസ്സ് ഏതോ ഗട്ടറിൽ വീണ സമയത്താണ് ഞെട്ടി ഉണർന്നത്.

പുറത്തെ മങ്ങിയ വെളിച്ചത്തിൽ പരിചിതമെന്ന് തോന്നിയ സ്ഥലം കണ്ട ഞാൻ, ആളിറങ്ങണം, ആളിറങ്ങണം എന്ന് ഉറക്കെ വിളിച്ച് പറയുന്ന സമയത്ത് , മുകളിൽ കണ്ട ചരട് വലിച്ച് ബെല്ലടിക്കുകയും ചെയ്തു.

എൻ്റെ ഒച്ചയും ബഹളവും കാരണം, പാതിയിൽ ഉറക്കം മുറിഞ്ഞ ലേഡികണ്ടക്ടർ, നീരസത്തോടെ എന്നെ തിരിഞ്ഞ് നോക്കിയിട്ട്, വേഗമിറങ്ങാൻ പറഞ്ഞു.

കല്ലിൽ അലക്കിയെടുക്കാൻ മടി ആയത് കൊണ്ട്, ഹോസ്റ്റലിൽ രണ്ടാഴ്ച ഉപയോഗിച്ച, മുഷിഞ്ഞ ഡ്രസ്സുകളടങ്ങിയ വലിയ ബാഗും ചുമന്ന് ഞാൻ, ബസ്സിൽ നിന്നിറങ്ങി.

മങ്ങിയ വെളിച്ചം പകർന്നിരുന്ന റോഡിലെ സ്ട്രീറ്റ് ലൈറ്റ് പെട്ടെന്ന് അണഞ്ഞപ്പോൾ, ചുറ്റിനും കുറ്റാ കുറ്റിരുട്ടായി.

മൊബൈലിലെ ടോർച്ച് ഓൺ ചെയ്യുന്ന നേരത്ത്, അതിലെ സമയം കണ്ട ഞാൻ ഞെട്ടിപ്പോയി.

രാത്രി ഒന്നര മണിക്ക് വിജനമായ സ്ഥലത്ത്, ഒറ്റയ്ക്കായി പോയ എനിക്ക്, എൻ്റെ ഹൃദയമിടിപ്പ് മാത്രം ഉയർന്ന് കേൾക്കാമായിരുന്നു.

എൻ്റെ നാടല്ലെ? ഞാനെന്തിന് പേടിക്കണം? എന്ന് മനസ്സിന് ധൈര്യം കൊടുത്ത് മുന്നോട്ട് നടന്നു,

പക്ഷേ ,തൊട്ടടുത്ത് കുടില് പോലെ തോന്നിച്ച സ്ഥലത്തേയ്ക്ക്, സംശയം കൊണ്ട് ഞാൻ ടോർച്ചടിച്ചു നോക്കി.

ബസ്സ് കാത്തിരിപ്പ് കേന്ദ്രം, ചെകുത്താൻമുക്ക്. ,എന്ന ബോർഡ് കണ്ട ഞാൻ വീണ്ടും ഞെട്ടി.

അപ്പോഴാണ്, എനിക്ക് അബദ്ധം പറ്റിയെന്നും, സ്ഥലം മാറിയാണ് ഞാൻ ബസ്സിൽ നിന്നിറങ്ങിയതെന്നും മനസ്സിലായത്.

ഭയചകിതയായ ഞാൻ ,ചുറ്റിനും ടോർച്ചടിച്ച് നോക്കി.

ഇല്ല, ഇതെൻ്റെ സ്ഥലമല്ല,,,

നിശബ്ദതയെ ഭേദിച്ച് കൊണ്ട്, എവിടെ നിന്നോ പട്ടിയുടെ ഓലിയിടൽ കേട്ട് ഞാൻ അലറിക്കരഞ്ഞു.

പക്ഷേ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല, പെട്ടന്നൊരു ബോധോദയമുണ്ടായ ഞാൻ വിറയ്ക്കുന്ന കൈകളോടെ എമർജൻസി നമ്പർ തിരഞ്ഞെടുത്ത് ഡയൽ ചെയ്തു.

നോ നെറ്റ് വർക്ക്, മൊബൈൽ ടവറ് പോലുമില്ലാത്ത ഏതോ കാട്ട് പ്രദേശമായിരുന്നത്.

എന്ത് ചെയ്യണമെന്നറിയാതെ ആ മകരമഞ്ഞിൽ നിന്ന് ഞാൻ വിയർത്തൊലിച്ചു.

അപ്പോഴതാ പ്രത്യാശാകിരണം പോലെ ദൂരെ നിന്ന് ഒരു വാഹനത്തിൻ്റെ ഹെഡ് ലൈറ്റ് കണ്ടു,

അതൊരു ബസ്സാണെന്ന് മനസ്സിലായ ഞാൻ, ആശ്വാത്തോടെ റോഡിലേയ്ക്ക് കയറി നിന്ന്, രണ്ട് കൈയ്യും വീശിക്കാണിച്ച് സഹായം അഭ്യർത്ഥിച്ചു.

പാഞ്ഞ് വരികയായിരുന്ന വാഹനം, എൻ്റെ അടുത്ത് വന്ന് സഡൻ ബ്രേക്കിട്ട് നിന്നു.

കുട്ടിക്ക് സുൽത്താൻ ബത്തേരിയല്ലേ ഇറങ്ങേണ്ടത്, ?പിന്നെന്തിനാ രാത്രിയിൽ കാട്ട് മൃഗങ്ങൾ ഇറങ്ങുന്നിടത്ത് ചാടിയിറങ്ങിയത്?

ഫുട്ട്ബോർഡിലേയ്ക്കിറങ്ങി വന്ന്, എന്നോടങ്ങനെ ചോദിച്ച ലേഡീകണ്ടക്ടറെ കണ്ട്, ഞാൻ അമ്പരന്നു.

ങ്ഹേ,, ഈ ബസ്സിൽനിന്നല്ലേ കുറച്ച് മുൻപേ ഞാനിറങ്ങിയത്?

ആകാംക്ഷയോടെ ഞാൻ ചോദിച്ചു ‘

അതെ ,ഇയാളെ ഇറക്കി കുറച്ച് ദൂരം പോയികഴിഞ്ഞപ്പോഴാണ് ഡ്രൈവറ് ചെക്കൻ എന്നോട് ചോദിച്ചത്, ചേച്ചീ ആ കുട്ടി ടിക്കറ്റെടുത്തത് സുൽത്താൻ ബത്തേരിക്കല്ലായിരുന്നോ? പിന്നെ എന്തിനാ ഇവിടെ ഇറക്കിയതെന്ന്?
അപ്പോഴാണ് ഞാനും അതോർത്തത്, ഉറക്കത്തിൻ്റെ ആലസ്യത്തിൽ, ഞാനതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു,.അങ്ങനെ എനിക്ക് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ,മൂന്ന് കിലോമീറ്റർ ഓടിപ്പോയ ഞങ്ങൾ, തിരിച്ച് വന്നത് ,കൊച്ച് വേഗം കയറിക്കേ ,, ഓഹ്, മനുഷ്യന് ഇപ്പോഴാണ് ശ്വാസം നേരെ വീണത്,,,

സന്തോഷത്തോടെ തിരിച്ച് ബസ്സിൽ കയറുന്നതിനിടയിൽ, ചുള്ളനായ ഡ്രൈവറ് ചെക്കനെ നോക്കി, ഞാനൊന്ന് പുഞ്ചിരിച്ചു.

ഞാൻ കണ്ണൂര് നിന്ന് ബസ്സിൽ കയറുന്ന സമയത്തും, അതിന് ശേഷവും ,എന്നെ അയാൾ പലവുരു തിരിഞ്ഞ് നോക്കുന്നത് കണ്ടിരുന്നെങ്കിലും, ഞാൻ വലിയ മൈൻഡൊന്നും കൊടുത്തിരുന്നില്ല, ആളൊരു വായിനോക്കി ആണല്ലോ എന്ന് മനസ്സിൽ കരുതുകയും ചെയ്തിരുന്നു,

പക്ഷേ, അയാളങ്ങനെ എന്നെ ശ്രദ്ധിച്ചത് കൊണ്ടല്ലേ ? ഞാനിറങ്ങിയത് സ്ഥലം മാറിയാണെന്ന് അയാൾക്ക് മനസ്സിലായതും, തിരിച്ച് വരാൻ അവർക്ക് കഴിഞ്ഞതും ,

അതിൻ്റെ നന്ദിസൂചകമായിട്ടാണ്, ഞാനൊരു പുഞ്ചിരി കൊടുത്തതെങ്കിലും, സുൽത്താൻ ബത്തേരിയിൽ ഞാനിറങ്ങുന്നത് വരെ, അയാളെനിക്ക് പുഞ്ചിരിയുടെ ഒരു പൂക്കാലം തന്നെ പകരം തന്നിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *