പണ്ട് ഞങ്ങളുടെ തറവാട്ടിലെ അടുക്കളയില്, നിലത്ത് ഇരുന്ന് കത്തിക്കുന്ന അടുപ്പായിരുന്നു. കറുത്ത മണ്ണില് ചെമ്പരത്തി താളി ഒഴിച്ച് മിനുസപ്പെടുത്തി തേച്ച്‌….

എന്റെ അടുക്കളകൾ..

Story written by Shabna Shamsu

പണ്ട് ഞങ്ങളുടെ തറവാട്ടിലെ അടുക്കളയില്, നിലത്ത് ഇരുന്ന് കത്തിക്കുന്ന അടുപ്പായിരുന്നു. കറുത്ത മണ്ണില് ചെമ്പരത്തി താളി ഒഴിച്ച് മിനുസപ്പെടുത്തി തേച്ച്‌ മിനുക്കിയ ഒന്ന്. അതിൽ മൂന്നോ നാലോ അടുപ്പുകളുണ്ടായിരുന്നു..സുബ്ഹിക്ക് കത്തിച്ച് തുടങ്ങിയാ പാതിരാ വരേക്കും ചൂടും കൊണ്ട് വേവുന്ന അടുപ്പുകൾ..

ബൂമറാങ്ങിന്റെ ഷേപ്പിലാണ് അടുക്കള, വളരെ വിശാലമായത്. നേരം വെളുത്താൽ കൃത്യം ആ അടുക്കളയിൽ തന്നെ വന്ന് ചേരും തറവാട്ടിലെ ഓരോ പെണ്ണുങ്ങളും. മരത്തിന്റെ പലകകൾ നിരത്തിയിട്ട്, വട്ടം കൂടിയിരുന്ന് എല്ലാരും കഴിക്കുന്നത് മങ്ങിയ ഓർമയിലാണെങ്കിലും തെളിഞ്ഞ് നിൽക്കുന്നുണ്ട്..

അടുക്കളയുടെ ഒത്ത നടുക്കായി ഒരു അമ്മിക്കല്ല്, വെള്ളം സൂക്ഷിച്ച് വെച്ച ചെറുതും വലുതുമായ അനവധി പാത്രങ്ങൾ, മൂലയിൽ തൂങ്ങിയാടുന്ന പഴക്കുല, മുകളിലേക്ക് കയറാനുള്ള മരത്തിന്റെ ഗോവണി…അരിയും നെല്ലും സൂക്ഷിച്ച പത്തായവും കുടംപുളിയും ഉപ്പിലിട്ടതും വലിയ ചെമ്പു പാത്രങ്ങളും കൊട്ടയും വട്ടിയും നിരത്തി വച്ച എപ്പോഴും ഇരുട്ടിന്റെ കനമുള്ള നിലവറയും..

അരിക് മൊരിഞ്ഞ ഓട്ടടയുടെ മണമാണ് നേരം വെളുത്താൽ അടുക്കളക്ക്, ഉച്ചയാവുമ്പോ കനൽ ചൂടിൽ വാട്ടം വെക്കുന്ന തൂക്കിയിട്ട കുടം പുളിയുടെ മണത്തോടൊപ്പം വെളിച്ചെണ്ണയിൽ മൂപ്പിക്കുന്ന ചെറിയുള്ളിയുടെ മണം,
വൈകിട്ട് അരി വറുത്തതിന്റെയും അവില് നനച്ചതിന്റെയും മണം, രാത്രിയില് പൊരിച്ച മീനും കൂട്ടി വിളക്കിന്റെ വെട്ടത്തിൽ വട്ടം കൂടിയിരുന്ന് ചോറ്ക ഴിക്കുന്നതിന്റെ ചെറുതും വലുതുമായ കലപില ഒച്ചകൾ..

കാലം കറങ്ങി കൊണ്ടിരുന്നു, ഉപ്പ ചെറിയ വീട് വെച്ച് തറവാട്ടിൽ നിന്ന് മാറിത്താമസിച്ചു. പിന്നെയുള്ള അടുക്കള ഞങ്ങളുടെ ആ ഒറ്റമുറി വീടിന്റെതാണ്..

ഉയരത്തില് പച്ചക്കട്ട കൊണ്ട് കെട്ടിപ്പൊക്കിയ ഒരടുപ്പും തുളയടുപ്പും ഉള്ള ഒരാൾക്ക് മാത്രം നിൽക്കാൻ പറ്റുന്ന ചെറിയ അടുക്കള.. മുള കൊണ്ടുള്ള ഉണക്കമീൻ കൊട്ടയും ഉപ്പിന്റെ പാത്രവും അലുമിനിയ വിളക്കും നിരത്തി വച്ച അടുപ്പ്..

രാത്രിയാവുമ്പോ കാപ്പിച്ചെടിയുടെ ചുള്ളല് വിറക് അടുപ്പിന് മീതെ നിരത്തി വെക്കും, കട്ടിപ്പത്തിരിയും നാടൻ കോഴിയും പോത്തിറച്ചിയും നേന്ത്രക്കായയും തുടങ്ങി വളരെ കുറച്ച് വിഭവങ്ങൾ മാറ്റമില്ലാതെ സ്ഥിരമായി വേവുന്ന ഞങ്ങളുടെ മാത്രം അടുക്കള..

പിന്നീട് എന്റെ കല്യാണം കഴിഞ്ഞപ്പോ ഉള്ളതാണ് എന്റെ വിശ്വ വിഖ്യാതമായ അടുക്കള.. ഒരു പക്ഷേ എന്റെ എഴുത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഏറ്റെടുത്ത ‘അടുക്കള…’ മഴക്കാലത്തും വേനൽ കാലത്തും പ്രത്യേകം സൗകര്യങ്ങൾ സ്വയം തയ്യാറാക്കി തരുന്ന എന്റെ പ്രിയപ്പെട്ട അടുക്കള…

കാലിയായ ബക്കറ്റിലേക്ക് വെള്ളം തുള്ളിയിട്ട് ഒടുവിൽ നിറഞ്ഞ് കവിയുന്ന ഒച്ചയാണ് ആ അടുക്കളക്ക്…

ഒരു നേരത്തും കെടാത്ത കനലുള്ള അടുപ്പും അടുക്കളയിൽ നിന്ന് തന്നെ വെള്ളം കോരാൻ പറ്റുന്ന കിണറും പൊട്ടിയ ഓടിൽ കൂടി കാണുന്ന ആകാശക്കാഴ്ചകളും ആ അടുക്കള എന്നെയൊരു സ്വപ്ന ജീവിയാക്കി…

ആദ്യമായി ബിരിയാണി ഉണ്ടാക്കിയതും, തേങ്ങയരച്ച് കറിവേപ്പിലയും ചുവന്ന മുളകും മൂപ്പിച്ച് വറവിട്ട മീൻകറി ഉണ്ടാക്കിയതും നൈസ് പത്തിരി പരത്തിയതും ശ്രീലങ്കയുടെ മാപ്പിന്റെ ഷേപ്പുള്ള ദോശയിൽ നിന്നും വട്ടത്തിൽ പരത്തിയ ദോശ ചുടാൻ പഠിച്ചതും ചേമ്പും താളും കറിവെച്ചതും ചക്ക കൊണ്ട് പലവിധ പരീക്ഷണങ്ങൾ നടത്തിയതും, അങ്ങനെ ഞാനൊരു മുൻ നിര അടുക്ക ളക്കാരിയായത് ഈ അടുക്കളയിൽ വെച്ചാണ്…

നിറയെ ആളുകളുള്ള ഒച്ചയില്ലാത്ത വീട്ടിൽ ഉള്ള് തേങ്ങിയതും നിറയെ സന്തോഷിച്ചതും എന്നെ നന്നായി അറിഞ്ഞതും ആ അടുക്കളയാണ്..

രാവിലെകളിൽ എരുമപ്പാല് തിളച്ച് തൂവുന്ന മണത്തിൽ തുടങ്ങി അർദ്ധ രാത്രിയിൽ ഉഴുന്ന് മാവ് ചൂടത്ത് വെച്ച് പിരിയുന്ന മണത്തിൽ അവസാനിച്ച്,
ചില സമയങ്ങളിൽ ഉമ്മറം പോലും കാണാതെ അടുക്കളയിൽ മാത്രം തറഞ്ഞ് പോയ എത്രയോ ദിവസങ്ങൾ…

പാത്രവും ഗ്ലാസും കയ്യീന്ന് വീണ് പൊട്ടിയിട്ടുണ്ട്, മീൻ കരിഞ്ഞിട്ടുണ്ട്, കൈ മുട്ടിന് താഴെ പലവട്ടം പൊള്ളിയിട്ടുണ്ട്,.മോളെ ഒക്കത്ത് വെച്ച് ‘മോളെ കാണുന്നില്ലെന്നും’ പറഞ്ഞ് ആധി പിടിച്ച് തിരഞ്ഞ് നടന്നിട്ടുണ്ട്, അന്തം വിട്ട് നിന്നിട്ടുണ്ട്,.പെണ്ണിന്റെ ജീവിതത്തിന് പുകയുടെ മണമാണ് കൂടുതലെന്ന്‌ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതെല്ലാം..

കുക്കറിന്റെ വിസിലോ ഗ്യാസടുപ്പിന്റെ പാളലോ അധികം കേൾക്കാത്ത അടുക്കളയിൽ മൺ ചട്ടിയിൽ പല വിധ രുചികൾ കുഴഞ്ഞ് മറിഞ്ഞിട്ടുണ്ട്…

അവിടുന്ന് കാലം മുന്നോട്ട് പോയി,.മക്കൾ മൂന്നായി, പുതിയ വീട് വെച്ചു,. അടുക്കളയിൽ നിന്ന് നാരങ്ങാ വെള്ളം കലക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാത്ത അടുക്കള കിട്ടി..

മന്തി വന്നു, അൽഫാമായി, സ്കൂൾ വിട്ട സമയങ്ങളിൽ അടുക്കളയിൽ ന്യൂഡിൽസിന്റെ മണം പരന്നു..

അടുക്കളയുടെ മൂലക്കൊരു ഫ്രിഡ്ജ് വന്നു, മയോനൈസും ടൊമാറ്റോ സോസും ഫ്രഞ്ച് ഫ്രൈസും ടേബിളിൽ നിരന്നു..

പുലർച്ചെ നാലരക്ക് അലാറം കൂവിയുണർത്തി, വിറകടുപ്പും ഗ്യാസടുപ്പും മത്സരിച്ച് കത്തി, നേരം നന്നായി വെളുക്കുമ്പഴേക്കും വെന്ത മണങ്ങൾ ഒതുക്കി വെച്ച് അടുക്കള മിന്നി തിളങ്ങി…

ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോ മുടി പിന്നിൽ വാരിക്കെട്ടി ആദ്യം കയറുന്നത് അടുക്കളയിലേക്കാണ്,.കുന്നോളം പാത്രങ്ങൾ എന്നെയും കാത്തിരുന്നു, പരിഷ്ക്കാരം വന്ന അടുക്കളയിൽ മാക്സിക്ക് മേലെ ഏപ്രണിട്ട് ഞാനും പരിഷ്കാരിയായി…

രാവിലെയും രാത്രിയും നിരന്തരം കുക്കറ് നില വിളിച്ചു,.നോൺ സ്‌റ്റിക് പാത്രത്തിലെ മരത്തിന്റെ തവി ഒച്ചയില്ലായ്‌മകളുണ്ടാക്കി…

മൺചട്ടികളിൽ പൂപ്പല് പിടിച്ചു, ചക്കക്കുരു ഈച്ച വന്ന് പൊതിഞ്ഞു, വീടിന് പിന്നാമ്പുറം നിറയെ ചേമ്പും താളും നിറഞ്ഞ് കാട് മൂടി..

വീടും ജോലിയും ഒരുമിച്ച് കൊണ്ട് പോകാൻ ഞാൻ ക്ലോക്കിലേക്ക് മാത്രം നോക്കി വേവലാതി പൂണ്ടു, സെക്കന്റ് സൂചികൾ പോലും ജീവിതത്തിന്റെ നേർരേഖ വരച്ചു,

ഇടക്ക് നിവരാത്ത നടുവിന് ‘ഹോട്ട് ബാഗ്’ വെച്ച് പരക്കം പാഞ്ഞു..

ഓടി തളർന്നപ്പോ, ഓട്ടം നിലച്ചപ്പോ,.നടുവിന് കത്തി വെച്ചു,.ഓട്ടപ്പാച്ചിലിന് ഒരു ഇടവേള വന്നു,.അട്ടം നോക്കി കിടപ്പ് തുടങ്ങി..

ഇപ്പോ എന്റെ അടുക്കളയിൽ രണ്ട് ഉമ്മമാരും ഉണ്ട്, ഇക്കാന്റേം എന്റേം..

ഇപ്പോ നില വിളിക്കുന്ന കുക്കറില്ല, മൺചട്ടിക്ക് പൂപ്പലില്ല,.ചക്കക്കുരുവിൽ ഈച്ചയില്ല,.വീടിന് പുറകിൽ ചേമ്പിൻ കാടില്ല..

വിറകടുപ്പിൽ തിളച് മറിയുന്ന ഇറച്ചിക്കറി, നേന്ത്രക്കായ പുഴുക്ക്,.സേമിയ പായസം, കട്ടിപ്പത്തിരി, അരിക് മൊരിഞ്ഞ ഓട്ടട…

മക്കള് കെറുവിച്ചാലും എന്റെ അടുക്കളക്കിപ്പോ വല്ലാത്തൊരു മണമാണ്… സ്നേഹത്തിന്റെ മണം,

പഴമയുടെ മണം ഉമ്മമാരുടെ സ്നേഹത്തിന്റെ മണം..

അതിനിടക്ക്, കണ്ട സ്വപ്നങ്ങളൊക്കെയും പൂർത്തിയായപ്പോ, അതൊക്കെയും അക്ഷരങ്ങളായപ്പോ, പിന്നീടൊരിക്കൽ അച്ചടി മഷി പുരണ്ടപ്പോ, അതിനും മറ്റൊരു പേരിടാൻ തോന്നിയില്ല….

രണ്ട് മൂന്ന് മാസം കൊണ്ട് വിറ്റ് തീർന്ന ആ സ്വപ്നത്തിന്റെ പേരും ‘അടുക്കള’യെന്നായിരുന്നു..

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *