ഏറ്റവും മനോഹരമായി പ്രണയിക്കാൻ അറിയാവുന്ന മനുഷ്യരിൽ അധികവും ജീവിതത്തിൽ തോറ്റുപോയവരാണ്…..

വരവും കാത്ത്

Story written by Sabitha Aavani

നീണ്ട വരാന്തയുടെ അങ്ങേത്തലയ്ക്കൽ പൂട്ടിക്കിടന്നിരുന്ന പഴയ മുറിയുടെ വാതിലുകൾ കുറെ കാലത്തിനു ശേഷം തുറക്കപ്പെട്ടു.

അടച്ചിട്ട ജനാല കൊളുത്തുകൾ അനങ്ങാന്‍ കൂട്ടാക്കാതെ തുരുമ്പ് പറ്റി ഇരിക്കുന്നു.

കൈയ്യിലെ ഇരുമ്പ് കത്തികൊണ്ട് അതൊക്കെ ബലമായി തട്ടി മാറ്റി അയാൾ ജനാല തള്ളിത്തുറന്നു.

മരത്തില്‍ നിന്നും താഴ്ന്ന് പടർന്നു കിടക്കുന്ന ബോഗന്‍ വില്ല ചെടി,നിറയെ പൂത്തുകിടക്കുന്നു.

കടും ചുവപ്പണിഞ്ഞ് നില്‍ക്കുന്ന അവയെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.

മുന്‍പ് എപ്പോഴോ നന്ദിനി വെച്ചു പിടിപ്പിച്ചതാണ്.

അവള്‍ക്ക് ചെടികള്‍ ഇഷ്ടമായിരുന്നു.

പൂക്കള്‍ നിറയുന്ന മുറ്റം കാണുമ്പോള്‍ അവള്‍ക്ക് വല്ലാത്ത ഹരമായിരുന്നു.

ഒഴിഞ്ഞ് കിടന്ന ഇരുമ്പ് കട്ടിലിന്റെ അരികില്‍ അയാള്‍ ഇരുന്നു.

പ്രായം അന്‍പതിനോടടുത്ത ഒരാള്‍.

കൂര്‍ത്ത താടി രോമങ്ങളും തിമിരം നിറഞ്ഞെന്നു തോന്നുന്ന വെള്ളി കണ്ണുകളുമായി ഇരുണ്ട നിറമുള്ളയാള്‍,ഒറ്റമുണ്ടും അയഞ്ഞതെന്ന് തോന്നിപ്പിക്കുന്ന ഷർട്ടും വേഷം.

കൈയ്യിലെ കറുത്ത ലതറിന്റെ വാച്ച് ഇടയ്ക്കിടെ അയാളെ സമയം ഓർമ്മിപ്പിക്കുന്നപോലെ.

അയാൾ മുറിയാകെ കണ്ണോടിയ്ക്കുന്നു.

ചുവരിലെ ചായം മങ്ങിയ ചിത്രങ്ങളിൽ അയാളുടെ കണ്ണുകൾ പലയാവർത്തി ഉടക്കുന്നു.

എന്നിട്ടും അയാൾ അത് കണ്ടില്ലെന്ന് നടിക്കുന്നു.

പോക്കറ്റിൽ നിന്നുമൊരു ബീഡി എടുത്ത്കnത്തിച്ച് അയാൾ പുകച്ച് തള്ളുന്നു.

മുറിയാകെ ബീ ഡി പു ക മണക്കുന്നു.

അയാൾ പതിയെ ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

കാര്യമായി ചിന്തിച്ചു കൂട്ടുന്നുണ്ട്.

മുറിയിലെ തുരുമ്പെടുത്ത് തുടങ്ങിയ അലമാരയിൽ നിന്നും ഇപ്പോഴും കുറച്ച് തുണികൾ പുറത്തേയ്ക്ക് തള്ളി കിടപ്പുണ്ട്.

അവയൊക്കെ നിറം മങ്ങി പൊടി പിടിച്ച് നാശമായിട്ടുണ്ട്.

കട്ടിലിനടിയിലായി ഒരു ചെരുപ്പ് മാത്രം കിടക്കുന്നു.

അതിന്റെ ഒന്ന് അവിടെങ്ങും കണ്ടതേയില്ല.

അയാൾ അവിടൊക്കെ പരതി.

ഇല്ല ,തന്റേതായതൊന്നും അവിടെയില്ല.

ആ മുറി തീർത്തും അപരിചിതമായി തോന്നി അയാൾക്ക്.

പതിനഞ്ചു കൊല്ലം മുൻപ് ഞങ്ങളുടെ മുറിയായിരുന്നു.

വിവാഹം , സൽക്കാരങ്ങൾ , വിരുന്ന് , മധുവിധു,യാത്രകൾ …

ഡൽഹിക്ക് വരുമ്പോൾ ആദ്യം താമസിച്ചിരുന്ന കുടുസ്സു മുറിയും അടുക്കളയും ഓർത്തു.

അന്ന് നന്നായി പാടുപെട്ടിരുന്നു. അവളും …

പിന്നെ ഈ വീട് വാങ്ങി മാറിയത് അവളുടെ ഇഷ്ടപ്രകാരം മാത്രമായിരുന്നു.

പാട്ടുകേൾക്കാൻ ഇഷ്ടമെന്ന് പറഞ്ഞ് അവൾക്കുവേണ്ടി വാങ്ങി കൂട്ടിയ ഓഡിയോ കാസറ്റുകൾ.

അയാൾ മുന്നിലെ മേശ വലിപ്പ് തുറന്നു.

കുറേയൊക്കെ ഇപ്പോഴും ഉണ്ട്…

അയാൾ അവയിൽ വിരലോടിച്ചു.

കേട്ടുമറന്ന ഗാനങ്ങൾ ഒരിക്കൽ കൂടി അയാളുടെ ഹൃദയത്തെ തൊട്ടു കടന്നുപോയി.

അയാളുടെ കണ്ണുകൾ അറിയാതെ ആ ചിത്രങ്ങളിലേക്ക് നീണ്ടു.

പൊടുന്നനെ അയാൾ തന്റെ നോട്ടം പിൻവലിച്ചു.

ഇന്നലെ അവളെ കണ്ടിരുന്നു കുറെ കാലത്തിനു ശേഷം തീർത്തും അപ്രതീക്ഷിതമായി.

അവൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു.

മെച്ചപെട്ട ജീവിത സാഹചര്യങ്ങൾ അവളെ മാറ്റിയിരിക്കുന്നു.

അലക്കുകല്ലിന്റെ ഓരം ചേർന്നിരുന്നുകഥകൾ പറയുന്ന നാളുകളിൽ ,
പ്രണയത്തിന്റെ ഉന്മാദ നിമിഷങ്ങളില്‍ പോലും അവളെ ഇത്ര സുന്ദരിയായി കണ്ടിട്ടില്ല.

അല്ലെങ്കിലും എന്തിനും ഭംഗിയുണ്ടാവുന്നത് അത് മറ്റൊരാളുടേതായി കഴിയുമ്പോള്‍ മാത്രമാണ്.

സ്വന്തമായിരിക്കുമ്പോഴാണ് പലതിന്റെയും വില നാം മനസ്സിലാക്കാതെ പോകുന്നത്.

അതിന്റെ സൗന്ദര്യം കാണാതെ പോകുന്നത്.

അയാൾ ജനാല വഴി പുറത്തേയ്ക്കു നോക്കി നിന്നു.

നീണ്ട റോഡിൻറെ അരികിലെ ഗുൽമോഹറുകൾ പൂത്ത് റോഡിലാകെ ചുവന്ന പട്ടുവിരിച്ചപോലെ കിടക്കുന്നു.

നഗരം രാത്രിയെ വരവേൽക്കാൻ ഒരുങ്ങുന്നു.

കുറച്ച് കൂടി കഴിഞ്ഞാല്‍ നേരെ ഹോസ്പിറ്റലിലേക്ക് പോകണം.

ഇന്നും അവളെ കാണേണ്ടി വരുമോന്ന് അറിയില്ല.

മുറിയിലെ തട്ടി തൂപ്പും പൊടിയടിക്കലും കഴിഞ്ഞ് അയാൾ മുറി പൂട്ടി ഇറങ്ങി.

പുറത്ത് എല്ലാം നോക്കികൊണ്ട് ജോലിക്കാരൻ ചെക്കൻ നില്കുന്നു.

പതിവില്ലാതെ ആ മുറി തുറന്നു കണ്ടതിന്റെ ആശ്ചര്യം അവന്റെ നോട്ടത്തില്‍ ഉണ്ടായിരുന്നു.

അയാൾ അവനു മുഖം കൊടുക്കാതെ തന്നെ അവിടെ കിടന്നൊരു ഷര്‍ട്ടും എടുത്തിട്ട് ‍ പുറത്തേയ്ക്ക്ഇ റങ്ങി.

നിരത്തുകളില്‍ നല്ല തിരക്കുണ്ട്.

ചീറിപായുന്ന വാഹനങ്ങളും ആളുകളും കണ്‍മുന്നിലൂടെ ശരവേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുന്ന റോഡിന്റെ ഓരം ചേർന്ന് നടക്കുമ്പോൾ അയാൾ അവളെ ഓർത്തു.

” ഏറ്റവും മനോഹരമായി പ്രണയിക്കാൻ അറിയാവുന്ന മനുഷ്യരിൽ അധികവും ജീവിതത്തിൽ തോറ്റുപോയവരാണ്.”

ഞാനും അങ്ങനെയാണെന്ന് ഒരിക്കൽ കൂടെ ജോലി ചെയ്ത അനസൂയ പറയുകയുണ്ടായി.

അവൾക്കന്ന് തന്നെ ഒരുപാടു ഇഷ്ടമായിരുന്നു.

എന്നിട്ടോ അത് കണ്ടില്ലെന്ന് നടിച്ചു താന്‍ നടന്നത് , പ്രിയക്ക് വേണ്ടി മാത്രമായിരുന്നു.

എന്നിട്ടും പ്രിയയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല.

ജാതി വരമ്പുകളില്‍ ഞങ്ങളുടെ പ്രണയം തലതല്ലി മരിച്ചു.

രണ്ടു മനുഷ്യരായിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചെങ്കിലും അവളുടെ വീട്ടുകാരെ പിരിഞ്ഞ് വരാന്‍ കഴിയാതെ അവരുടെ പൊറാട്ട് നാടകത്തിന്റെ കഥ അറിയാതെ അവളും അവരുടെ വാശിയ്ക്ക് മുന്നിലും ആത്മഹത്യാ ഭീഷണിക്ക് മുന്നിലും കീഴ്പ്പെട്ടുകളഞ്ഞു.

അന്ന് തന്റെ പ്രണയം ഉപ്പുനീരായി കണ്‍തടങ്ങളെ നനച്ചത് ഇന്നും ഓര്‍ക്കുന്നു.

അവളെ ഓര്‍ക്കാതെ ഈജീവിതം ജീവിച്ചു തീരില്ലന്ന് കരുതിയിരുന്ന നാളുകള്‍…

പിന്നീട് ഒരു വിവാഹം , സ്വപ്‍നത്തിൽ പോലും ചിന്തിച്ചിട്ടില്ല അതിനെ പറ്റി.

പ്രായം കൂടിയതും ചുറ്റുമാരുമില്ലാതെ ആവുന്നതും താന്‍ അറിഞ്ഞിട്ടില്ല.

ഇടയിലെപ്പോഴോ ഒരു കൂട്ട് വേണമെന്ന് അമ്മയുടെ തുടര്‍ച്ചയായുള്ള നിർബന്ധം.

അമ്മയുടെ തന്നെ അകന്ന ബന്ധത്തിൽ നിന്നും ഒരു പെൺകുട്ടിയെ അമ്മ തന്നെ കണ്ടെത്തി.

നന്ദിനി, കഷ്ടിച്ച് ഇരുപത് വയസ്സ്.

ഞങ്ങളുടെ വിവാഹത്തിന്റെ അന്ന് ആളുകളുടെ അടക്കം പറച്ചിൽ ,പിന്നീടത് നാട്ടിൽ ചർച്ചയായിരുന്നു. “ഗോവിന്ദൻ മകളുടെ പ്രായം മാത്രമുള്ള പെണ്ണിനെ കെട്ടിയെന്ന്.” ഞങ്ങൾ ഒന്നിച്ച് നടന്നു പോകുമ്പോൾ ആളുകൾ നോക്കും. ആ നോട്ടം കൂടുതലും അവളോടുള്ള സഹതാപത്തിന്റേതായിരുന്നെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

ഒരിക്കൽ അവളോട് ചോദിക്ക ഉണ്ടായി.

ഇത്ര പ്രായമുള്ള എന്നെ കെട്ടുമ്പോൾ നിനക്ക് വിഷമമില്ലായിരുന്നോ എന്ന്.

അവളുടെ പൊട്ടിച്ചിരിയും മറുപടിയും എന്നെ ചിന്തിപ്പിച്ചു.

“നമ്മുടെ പ്രായം അത്ര വല്യ ഒരു പ്രശ്നമാണോ ? ഇപ്പോൾ ഗോവിന്ദേട്ടൻ എന്നെ ഒരു കുഞ്ഞിനെ പോലെ നോക്കുന്നില്ലേന്ന്.”

ശരിയാണ്.

ഒരു പൊട്ടി പെണ്ണ്.

സ്ഥലം മാറ്റം കിട്ടി ഡൽഹിയിലേക്ക് പോരുമ്പോൾ ഒപ്പം അവളെയും കൂട്ടി.

വർഷങ്ങൾ മൂന്നാലു കടന്നു.

ഇടുങ്ങിയ ഫ്ലാറ്റിന്റെ ഒറ്റമുറിയും അടുക്കളയും അവൾക്ക് മടുത്ത് തുടങ്ങിയിരുന്നു.

പുതിയ വീട് വാങ്ങി മാറുമ്പോള്‍ അവളുടെ സ്വപ്നങ്ങളും ചിറകടിച്ച് തുടങ്ങിയിരുന്നു.

ഇതിനോടകം ഒറ്റപ്പെടൽ അവളെ വല്ലാതെ വരിഞ്ഞു മുറുക്കി കഴിഞ്ഞിരുന്നു.

ഒരു കുഞ്ഞുണ്ടാവാൻ എന്നെക്കാൾ കൂടുതൽ കൊതിച്ചത് അവളായിരുന്നു.

ഒരു കുഞ്ഞിനെ പ്രസവിച്ചു അതിനെ മുലയൂട്ടി തന്റെ മാതൃത്വം ആസ്വദിക്കാൻ അവൾ ഒരുപാടു കൊതിച്ചിരുന്നു.

പക്ഷെ സ്വപ്ങ്ങളും പ്രതീക്ഷകളും അസ്തമിച്ചത് എത്ര പെട്ടന്നാണ്.

ഇടയ്ക്ക് ഇടയ്ക്ക് വന്ന ചെറിയ വയറുവേദന… പിന്നീടത് കൂടി കൂടി സഹിക്കവയ്യാതെ വന്നു.

അവൾ വേദനകൊണ്ട് പുളയുമ്പോൾ ഒപ്പമിരുന്ന് ആശ്വസിപ്പിക്കുമായിരുന്നു.

പല പല ടെസ്റ്റുകൾ, മരുന്നുകൾ ഒടുവിൽ അസുഖത്തിൻറെ നീണ്ട ഒരു പേരും പറഞ്ഞ് ഡോക്ടർമാർ മാറി മാറി ചികിത്സ.

ചികിത്സയ്ക്ക് ഏറെ പരിമിതികൾ ഉണ്ട്.

ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരും.

അന്നത് അവളോട് തുറന്നു പറയുമ്പോൾ അവൾ കരഞ്ഞില്ല.

പകരം എന്നെ മുറുകെ കെട്ടിപിടിച്ചു.

എന്റെ ശ്വാസങ്ങൾക്കു ആശ്വസം പകരാന്‍ കഴിയാത്ത ഒരു രോഗവും അവളിൽ ഇല്ലെന്ന് ഓർമ്മിപ്പിച്ചു.

അന്ന് രാത്രി അവൾ ഉറങ്ങിയിരുന്നില്ല. ജനാല വഴി അകത്തേയ്ക്ക് കടക്കുന്ന നിലാവെളിച്ചത്തിൽ കഷ്ണങ്ങള്‍ അവളുടെ കണ്ണുനീരില്‍ മഴവില്‍ പോൽ തിളങ്ങി.

പിറ്റേന്ന് നേരം പുലരുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല.

മേശമുകളിൽ ഒരു കടലാസ്സിൽ അവൾ എന്തൊക്കെയോ കുറിച്ചു വെച്ചു.

” അവൾ വല്ല കടുംകൈയും…”

അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കുന്നില്ല, കാഴ്ച മങ്ങും പോലെ തോന്നി തനിക്ക്.

“ഗോവിന്ദേട്ടന്, എന്നെ തിരക്കി വരരുത്.Nനിങ്ങൾക്കിനിയും ജീവിതമുണ്ട്ന ന്ദിനി”

“പൊട്ടിപ്പെണ്ണ്… “ഇവളിത് ഒന്നും പറയാതെ വീട്ടിലേക്ക് പോയെന്ന ധാരണയിൽ അന്ന് തന്നെ ഞാൻ നാട്ടിലേക്ക് തിരിച്ചു.

ഇവിടെ വരുമ്പോഴാണ് അവൾ നാട്ടിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.

തിരയാൻ ഉള്ളിടത്തെല്ലാം തിരഞ്ഞു ഒരു സൂചന പോലും ഇല്ല.

തിരികെ ഡൽഹിയ്ക്ക് വരുമ്പോൾ ഫ്ളാറ്റിലെ അഡ്രസ്സില്‍ ഡിവോഴ്സ് നോട്ടീസ് എന്നെയും കാത്ത് ഇരുപ്പുണ്ടായിരിക്കുന്നു.

പിന്നീട് കോടതി …

കേസ്… ഡിവോഴ്സ് കിട്ടാൻ അവൾ എന്നെ പറയാവുന്നതിന്റെ പരമാവധി പറഞ്ഞു കഴിഞ്ഞിരുന്നു.

ഒന്നിക്കാൻ കഴിയാതെ അവളുടെ വാശിയ്ക്ക് വിട്ടുകൊടുക്കുമ്പോൾ അതിനു പിന്നിൽ മറ്റൊരു കരണമുണ്ടെന്ന് അവൾ പോലും എന്നോടുപറഞ്ഞില്ല.

പിന്നീട് തമ്മിൽ കണ്ടിട്ടില്ല.

ജോലിയും തിരക്കും ആയി നരച്ച ജീവിതം വീണ്ടും വീണ്ടും മടുപ്പ് കൂട്ടി മനസിനെ തളർത്തികൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ നാട്ടിൽ പോയപ്പോ ‘അമ്മ പറഞ്ഞു. അവൾക്ക് കാ ൻസർ ആണെന്ന്.

തുടർച്ചയായ കീമോയും മരുന്നും മുടിയൊക്കെ പോയി അവളാകെ കോലം കെട്ടുന്ന് ….

കണ്ണുകളിലെ തിളക്കമല്ലാതെ യാതൊന്നും അവളിൽ അവശേഷിക്കുന്നില്ലെന്ന്.

അന്ന് ഉള്ളൊന്നു പിടഞ്ഞു.

കാണാൻ തോന്നിയിരുന്നു.

അമ്മ പറഞ്ഞതിൽ പിന്നെ അത് വേണ്ടന്ന് തോന്നി. ആ അവസ്ഥയിൽ കാണുക ചിലപ്പോ തന്നെക്കാൾ വേദനിക്കുക അവളാകും.

മനഃപൂർവ്വം എല്ലാം അറിഞ്ഞുകൊണ്ടൊരു ഇറങ്ങിപ്പോക്ക്…

ഇന്ന് വർഷം പത്ത് കഴിഞ്ഞിരിക്കുന്നു.

അവളെ പറ്റി പിന്നീട് തിരക്കാതെയായി.

മരുന്നും കാര്യങ്ങളുമായി അവളെവിടെങ്കിലും ഒതുങ്ങി കൂടിയിട്ടുണ്ടാവുമെന്ന് തോന്നി.

നാട്ടിലെ ഒരു സുഹൃത്തിന്റെ വിളിയുണ്ടായിരുന്നു കുറച്ച് ദിവസങ്ങൾക്കു മുൻപ് …

അവൾ ഡൽഹിയിൽ ഒരു ഡാൻസ് സ്കൂൾ ടീച്ചറായി ജോലിക്ക് കയറിയെന്ന് പറഞ്ഞു.

കൂട്ടത്തിൽ മറ്റൊന്നും…

അവൾ ഡൽഹിയിലെ ഒരു പ്രമുഖ ബിസ്സിനെസ്സുകാരനെ വിവാഹം ചെയ്‌തെന്നും.

പ്രായമുള്ള മനുഷ്യനാണ്…

കണ്ടാൽ അവളുടെ അപ്പനാണ് തോന്നും…

വീണ്ടും അത് തന്നെ ആവർത്തിക്കുന്നുവെന്ന് അയാൾക്ക്‌ തോന്നിപോയി.

അപ്രതീക്ഷിതമായി ഇന്നലെ ജനറൽ ഹോസ്പിറ്റലിൽ വെച്ചവളെ കാണുമ്പോൾ തന്റെ മനസ്സിലുണ്ടായിരുന്ന രൂപമേ ആയിരുന്നില്ല അവൾക്ക്…

താന്‍ കരുതിയത് തലമുടി കൊഴിഞ്ഞ് തൊലി ചുളുങ്ങി അവള്‍ ആകെ നശിച്ചിരിക്കുമെന്നാണ്.

പക്ഷെ അവൾ കൂടുതല്‍ ചെറുപ്പമായിരിക്കുന്നു.

കൂടുതല്‍ സുന്ദരിയും.

തന്നെ കണ്ടതും അവൾ ഓടി അടുത്ത് വന്നു.

” കാണണമെന്നുണ്ടായിരുന്നു… ഇത്രപെട്ടെന്ന് കാണുമെന്ന് വിചാരിച്ചില്ല.”

” സുഖമല്ലേ?”

നെറ്റിയിലെ സിന്ദൂരത്തിലേയ്ക്ക് നോക്കി അയാൾ ചോദിച്ചു.

“ഉവ്വ് …”

” ഗ്ലോബൽ ഡാൻസ് അക്കാദമിയിൽ ഞാൻ പഠിപ്പിക്കുന്നുണ്ട് , അവിടെ പഠിക്കുന്ന ഒരു കുട്ടി ഇവിടെ അഡ്മിറ്റ് ആണ്. ചെറിയൊരു തലകറക്കം. ആ കുട്ടിയെ ഒന്ന് കാണാൻ വന്നതാ.”

” മ്ം”

പറയാനൊന്നും ഇല്ലാതെ അവളെ കണ്ണുകളിൽ നോക്കാൻ മടിച്ച് നിൽകുമ്പോൾ അവൾ ചോദിച്ചു.

” ഗോവിന്ദേട്ടന് സുഖമല്ലേ ?”

ഒരു പുഞ്ചിരി സമ്മാനിച്ച് പിന്തിരിഞ്ഞു പോരുമ്പോൾ അറിയാതെ കണ്ണുകൾ നനഞ്ഞിരുന്നു.

അവളോട് ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു…

പക്ഷെ അവളത് ആഗ്രഹിക്കുന്നില്ലെങ്കിലോ ?

അസുഖം ഒക്കെ മാറിയിട്ടുണ്ടാവും…

കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ലെങ്കിലോ ?

വെറുതെ അങ്ങനെയൊരു ചോദ്യം കൊണ്ട് അവളെ നോവിക്കണ്ട.

എന്നെ ഓര്‍ക്കാറുണ്ടോ എന്നെങ്കിലും ചോദിക്കാമായിരുന്നു…ഓര്‍ക്കാതിരിക്കില്ല… അങ്ങനെ വിശ്വസിക്കാം.

അവൾ പോയതിൽ പിന്നെ നഷ്ടപെട്ട പുഞ്ചിരിയും ജീവിതവും തൊണ്ടക്കുഴിയിലിരുന്ന് വേദനയെ കൊളുത്തി വലിക്കുന്നുണ്ട്.

എന്റെ ജീവിതത്തിൽ തുടരാൻ ഇഷ്ടമല്ലാതാവണം അവൾ ഇറങ്ങിപ്പോയത്…

എന്നിട്ടും തിരികെ വരാൻ ആ മുറിയും ഞാനും അവൾക്കായി കഴിഞ്ഞ കാലമത്രയും കാത്തിരുന്നിട്ടും…

മറ്റൊരുവന്റെ ജീവിതസഖിയായി അവൾ എങ്ങനെ മാറിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

ആശുപത്രി വരാന്തകള്‍ കയറി ഇറങ്ങി ഇന്ന് അവളെ കണ്ടില്ല. വരാനിടയില്ലന്ന് മനസ്സു പറയുന്നു.

ഇനി കാണാന്‍ കഴിയുമെന്ന് തോന്നണുമില്ല.

അവളെ കാണാന്‍ തോന്നുമ്പോഴൊക്കെ നഗരത്തിന്റെ ഒത്ത നടുവിലെ ഗ്ലോബല്‍ ഡാൻസ് അക്കാദമിയുടെ അടുത്തെ കഫെയില്‍ ചെന്നിരിക്കും.

ദൂരെനിന്നും അവളെ കാണും.

തന്റടുത്ത് നിന്നും പറന്നു പോയി കളഞ്ഞ ചിത്രശലഭത്തെ കൗതുകത്തോടെ ,നെടുവീര്‍പ്പോടെ നോക്കി നില്‍ക്കുന്ന ഒരു കുഞ്ഞിന്റെ മനസ്സ് അപ്പോള്‍ അയാളില്‍ കാണാം.

എത്ര ശ്രമിച്ചിട്ടും സ്വന്തമാക്കാന്‍ കഴിയാതെ പോയ സ്വന്തമായ ഒന്നിനെ നോക്കി അയാളുടെ പ്രണയം കരയുന്നു.

ജീവിതം നരകിച്ച് തീരുന്നുണ്ടെന്ന് അയാൾക്കു തോന്നി.

ജീവിതം കടലു പോലെ തന്നെ തഴുകുകയും തട്ടി തെറിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഇന്നും അവൾ തിരികെ വരുമെന്ന് ഉറപ്പിച്ച് അയാൾ കാത്തിരിക്കുന്നു.

പ്രതീക്ഷയോടെ.

അവൾ ഒരിക്കലും തന്നിലേക്ക് തിരികെ വരില്ലെന്ന് ഉറപ്പായാല്‍ താന്‍ ഹൃദയം പൊട്ടിമരിച്ചുപോകുമെന്ന് അയാൾ ഭയന്നിരിക്കണം.

ചിലരങ്ങനെയാണ് ജീവിതം എത്ര തല്ലികെടുത്തിയാലും പ്രതീക്ഷയുടെ മണൽത്തരികൾ കൂട്ടിവെച്ചവർ കൊട്ടാരം പണിയും.

വീണ്ടും വീണ്ടും തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ ജീവിതത്തെ സ്വപ്നം കാണും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *