പരസ്പരം പിരിയാൻ മാത്രമല്ല. അത് ആഘോഷിക്കാനും സേവിയറും ശ്രാവന്തിയും തീരുമാനിച്ചു. കൂട്ടുകാരുമായി ഇതും പറഞ്ഞ് കു ടിച്ച് അർമ്മാദിച്ചാലോയെന്ന് അയാൾ അവളോട് ചോദിച്ചു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പരസ്പരം പിരിയാൻ മാത്രമല്ല. അത് ആഘോഷിക്കാനും സേവിയറും ശ്രാവന്തിയും തീരുമാനിച്ചു. കൂട്ടുകാരുമായി ഇതും പറഞ്ഞ് കു ടിച്ച് അർമ്മാദിച്ചാലോയെന്ന് അയാൾ അവളോട് ചോദിച്ചു.

‘വേണ്ട.. നമ്മൾ പിരിയാൻ തീരുമാനിച്ചത് ആരുമറിയേണ്ട…’

പരസ്പരം വക്കീൽ നോട്ടീസയച്ച് ഡിവോഴ്സാകുമ്പോൾ സർവ്വരും അറിയുമെന്നും മൂടിവെക്കാൻ പറ്റില്ലെന്നും സേവിയർ പറഞ്ഞു. കണ്ടുപിടിക്കുന്നവർ കണ്ടത്തെട്ടേയെന്ന് ശ്രാവന്തിയും മൊഴിഞ്ഞു. ഡിവോഴ്‌സിന് ശേഷവും ഒരുമിച്ച് തന്നെ താമസിക്കാമെന്നായിരുന്നു അവളുടെ പക്ഷം.

അതുകേട്ടപ്പോൾ തന്റെ കണ്ണുകൾ തെറിച്ച് തലമേലെ വീണുവെന്ന് സേവിയറിന് തോന്നി. വല്ലാത്ത സംശയത്തോടെ പിന്നെയെന്തിനാണ് നമ്മൾ പിരിയുന്നതെന്ന് അയാൾ ചോദിച്ചു.

‘നിങ്ങള് പറ… എന്തിനാണ് നമ്മൾ പിരിയുന്നത്…? ‘

ശ്രാവന്തിയുടെ ആ ചോദ്യമൊരു മുള്ളായി തന്റെയുള്ളിൽ കുത്തുന്നത് പോലെ അയാൾക്ക് ആ നേരം തോന്നി.

‘നമ്മുക്ക് പൊരുത്തപ്പെടാൻ പറ്റാത്തത് കൊണ്ട്.’

അത് പറയുമ്പോൾ സേവിയർ അവളുടെ മുഖത്ത് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

‘എന്തുകൊണ്ടാണ് നമുക്ക് പരസ്പരം പൊരുത്തപ്പെടാൻ പറ്റാത്തത്…?’

അറിയില്ലെന്ന് പറയാൻ മാത്രമായി അയാൾ തലയുയർത്തി. നമുക്ക് പരസ്പരം സംസാരിക്കാൻ നേരമില്ലെന്നും ചിലയിഷ്ട്ടങ്ങളിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും ശ്രാവന്തി പറഞ്ഞു. അയാൾക്കതിന് മറുപടി ഉണ്ടായിരുന്നില്ല.

‘എന്തുകൊണ്ടാണ് നമുക്കൊരാളുമായി പൊരുത്തപ്പെടാൻ പറ്റാതെ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ..?’

ഉത്തരവും ശ്രാവന്തി തന്നെ പറഞ്ഞു.

‘സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, അല്ലെങ്കിൽ അവഗണിക്കപ്പെടുമ്പോൾ, അതുമല്ലെങ്കിൽ കബളിപ്പിക്കപ്പെടുമ്പോൾ.. ‘

ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് സേവിയറിന് തോന്നി. താൻ ശ്രാവന്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും അവളെ അവഗണിക്കുകയും കബളിപ്പിക്കുകയും ചെയ്തിരുന്നു. അവൾ അയാളുടെ കൂടെ ഈ ബാംഗ്ലൂർ നഗരത്തിൽ വന്നിട്ട് രണ്ട് വർഷത്തോളമേ ആയുള്ളൂ… ഈ വാടകവീട്ടിന്റെ ഭരണത്തിനുമപ്പുറം സേവിയറിലേക്ക് അവൾക്ക് പ്രവേശനമില്ല.

എന്നാൽ താൻ അറിയാതെ ശ്രാവന്തിയിൽ യാതൊന്നും സംഭവിക്കരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. ഏത് തിരക്കുകളിലും അതുമാത്രം അന്വേഷിക്കാൻ സേവിയർ നേരം കണ്ടെത്തും. സ്വന്തമാക്കിയവയെല്ലാം ഭദ്രമായി തന്റെ അതീനതയിൽ കരുതാൻ മനുഷ്യർ ഏതറ്റം വരേയും പോകും. ഏതായുധവും കൈക്കലാക്കും. ചിലർക്കത് നിബന്ധനകളെന്ന് എഴുതിയ സ്നേഹം, മറ്റുചിലർക്കത് സ്വാതന്ത്ര്യമെന്ന് എഴുതിയ ചങ്ങലകൾ.

ഒരു ഡിവോഴ്‌സിലൂടെ തന്നെ ഒഴിവാക്കുകയല്ല ശ്രാവന്തിയുടെ ലക്ഷ്യമെന്ന് അയാൾ തിരിച്ചറിയുന്നു. അവൾ തന്റെ അവകാശങ്ങൾ തിരിച്ച് പിടിക്കുകയാണ്. അവളൊരു സ്വച്ഛന്ദമായ വ്യക്തിയായി മാറാൻ ഒരുങ്ങുകയാണ്. ആ ഉറച്ച തീരുമാനത്തിൽ യാതൊന്നുമിനി തനിക്ക് ചെയ്യാനാകില്ലെന്നും സേവിയറിന് അറിയാം.

ഈ വീട്ടിൽ പാതി വാടകയോടെ തുടരാൻ എന്നെ അനുവദിക്കുമോയെന്ന് ശ്രാവന്തി വീണ്ടും ചോദിച്ചു. സേവിയറിന് എതിർക്കാനായില്ല. അയാൾ സമ്മതിക്കുകയും, നേരം കിട്ടുമ്പോഴൊക്കെ നമുക്കിത് ആഘോഷിക്കാമെന്നും പറഞ്ഞു.
അവൾ മൃദുലമായി ചിരിച്ചു.

സേവിയറിന്റെ ജീവിതത്തിന് തന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആഘോഷിക്കുകയെന്ന ഒറ്റ അർത്ഥം മാത്രമേയുള്ളൂവെന്ന് ശ്രാവന്തിക്ക് നന്നായി അറിയാം. ആ ആഘോഷ വേളകളിൽ കൂടെയൊട്ടി നിൽക്കുന്നവരുടെ മാനസികാവസ്ഥയൊന്നും അയാൾക്ക് പ്രശ്നമുള്ളതല്ല. അല്ലെങ്കിലും മനുഷ്യരെല്ലാം അത്യന്താപേക്ഷികമായി അങ്ങനെ തന്നെയാണല്ലോ…

‘ദൂരെയാത്രകളിൽ കണ്ടുമുട്ടുന്ന അപരിചിതരോടുള്ള നമ്മുടെ പെരുമാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്…?’

ഉത്തരവും ശ്രാവന്തി തന്നെ പറഞ്ഞു.

‘ അവരെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും നമുക്ക് അവരോട് പുഞ്ചിരിക്കാനും, സംസാരിക്കാനും, പരിഗണിക്കാനും സാധിക്കും. ഇനിയിതൊന്നുമില്ലെങ്കിലും അവരുടെ യാത്ര നമ്മൾ തടസ്സപ്പെടുത്താറില്ല…’

പിന്നേയും അവർ എന്തൊക്കെയോ സംസാരിച്ചു. മതിവരുവോളം ചിരിച്ചു. പരസ്പരം പിരിഞ്ഞുപോകുന്നത് ജീവിതാവസാനം വരെ ആഘോഷിക്കാൻ ഒരുമിച്ച് തന്നെ തുടരാമെന്ന് രണ്ടുപേരും തീരുമാനിച്ചു.

ജീവിതത്തിന്റെ ഈ ദൂരയാത്രയിൽ ശ്രാവന്തിയിപ്പോൾ തനിക്ക് ആരാണെന്ന് ഇടയ്ക്കൊക്കെ സേവിയർ സ്വയം ചോദിക്കാറുണ്ട്. ഉത്തരവും അയാൾ തന്നെ കണ്ടെത്തും. തന്റെ ഏറ്റവും പ്രിയപ്പെട്ട അപരിചിതയാണെന്ന് തന്റെ കാതുകളിലേക്കെത്താൻ പാകം അയാളുടെ ചുണ്ടുകൾ ആ നേരം അനങ്ങും.

എത്രത്തോളം നിസ്വാർത്ഥമായി സ്നേഹിക്കുന്നുവോ അത്രത്തോളം നിർമ്മലമായിരിക്കും ജീവിതമെന്നത് രണ്ടുപേരുടേയും ആഹ്ലാദത്തിൽ നിന്ന് പ്രകടമാണ്. അൽപ്പമൊക്കെ സ്വാർത്ഥമാകാതെ ബന്ധങ്ങളുണ്ടാകുമോയെന്ന് പലരും ചോദിക്കും. നിനച്ചാൽ മനുഷ്യർക്ക് ഇങ്ങനേയും ജീവിക്കാൻ സാധിക്കും.

അല്ലെങ്കിലും, വേണ്ടവിധം പെരുമാറാനുള്ള പരിശീലനം തന്നെയാണ് മനുഷ്യരെ ഭൂമിയുടെ അധികാരിയായി നിലനിർത്തിയിരിക്കുന്നത്. ആ വേഷത്തിൽ നിന്ന് ഇറങ്ങിവന്ന് അൽപ്പനേരം മണ്ണിൽ ചവിട്ടി നിൽക്കാനും ഇടം തേടുക. പരിപൂർണ്ണമായ ബഹുമാനത്തോടെ തന്റെ ഗൗരവ്വ ജീവനെ എത്രത്തോളം നിസ്വാർത്ഥമായി സമീപിക്കുന്നുവോ അത്രത്തോളം ലളിതമായി ജീവിതം അനുഭവപ്പെടും…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *