തികച്ചും അപ്രതീക്ഷിതമായിരുന്നു അയാളുടെ ആ നീക്കം എന്നുള്ളത് കൊണ്ട് തന്നെ അവളൊന്ന് പതറി.. ഒരു നിമിഷത്തെ മൗനത്തിന് ശേഷം മുഖത്ത്……..

Story written by Sai Bro

ഇരുവശത്തും സൂര്യകാന്തിപൂക്കൾ നിറഞ്ഞുനിൽക്കുന്ന,ആളൊഴിഞ്ഞ ആ വഴിയോരത്ത് തോളോട് തോൾ ചേർന്ന് നടക്കവേ അയാൾ പെട്ടെന്നവൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു..

“എനിക്ക് തന്നെ ഇഷ്ട്ടമാണ്. will u be mine forever..?”

തികച്ചും അപ്രതീക്ഷിതമായിരുന്നു അയാളുടെ ആ നീക്കം എന്നുള്ളത് കൊണ്ട് തന്നെ അവളൊന്ന് പതറി.. ഒരു നിമിഷത്തെ മൗനത്തിന് ശേഷം മുഖത്ത് നാണപ്പൂക്കൾ വിരിയിച്ചു കൊണ്ട് അവൾ അയാളെനോക്കി ഭംഗിയായൊന്ന് പുഞ്ചിരിച്ചു.

****************

“ആഹാ എന്തൊരു പൈങ്കിളി, എന്തൊരു ക്‌ളീഷേ.. ഈ സീൻ ഇങ്ങനെ എഴുതികൊണ്ട് ചെന്നാൽ ആ സംവിധായകൻ ഉറപ്പായും എന്നെ get out house അടിക്കും..”

അങ്ങനെ പിറു പിറുത്തുകൊണ്ട് എഴുതി വെച്ച കടലാസ് കീറിയെടുത്തു ചുരുട്ടി ചവിറ്റുകൊട്ടയിലേക്ക് എറിയുമ്പോഴാണ് മേശപ്പുറത്തിരുന്ന മൊബൈലിൽ വാട്സാപ്പ് മെസ്സേജ് വരുന്ന ശബ്ദം കേട്ടത് ..എഴുതിയ വരികളോടുള്ള ദേഷ്യം കൊണ്ട് അല്പനേരത്തേക്ക് ആ ഭാഗത്തേക്ക്‌ നോക്കിയില്ലെങ്കിലും കുറച്ചു കഴിഞ്ഞ് മൊബൈൽ കയ്യിലെടുത്തപ്പോൾ വോയിസ്‌ മെസ്സേജ് അയച്ചയാളുടെ പേരാണ് ആദ്യം കണ്ണിൽ ഉടക്കിയത്.

അരുളി…!! അവളുടേതായിരുന്നു ആ ശബ്ദ സന്ദേശം.. അത് ഇപ്രകാര മായിരുന്നു..

” ഹലോ മാഷേ.. എങ്ങനെ പോകുന്നു എഴുത്ത്..? മാഷ് കഥയെഴുതാൻ ഇരിക്കുന്ന ആ കുഞ്ഞു വീടില്ലേ.. ആ പരിസരം വഴിക്ക് എനിക്കൊന്ന് വരേണ്ട ആവശ്യമുണ്ട്.. പറ്റുമെങ്കിൽ നമുക്കൊന്ന് നേരിൽ കാണാം. മാഷിനത് ശല്യമാവില്ല എന്ന് കരുതുന്നു.. “

ആ മെസ്സേജിന് എന്ത് മറുപടി കൊടുക്കണമെന്ന് ചിന്തിക്കാതെ എന്റെ മനസ്സ് അന്നേരം അരുളിയിലേക്ക് പറക്കുകയായിരുന്നു.

ഒരു ഡേറ്റിങ് ആപ്പിൽ വെച്ചാണ് അരുളി എന്ന പേര് ശ്രദ്ധയിൽ പെടുന്നത് .ആ പേരിനോടൊരു പ്രത്യേകത തോന്നിയത് അതിന്റെ ഉടമയെ ഞാൻ അങ്ങോട്ട് ചെന്ന് പരിചയപെടുകയായിരുന്നു. അപ്പോഴാണറിയുന്നത് അരുളിയും ഞാനും ഒരേ നാട്ടുകാരാണെന്ന്.. അങ്ങനെ അവിടെ വെച്ച് ഞങ്ങള് കൊറേ ചാറ്റ് ചെയ്യുകയുണ്ടായി.അതിനിടയിൽ എപ്പോഴോ ഈയുള്ളവൻ ചെറുതായിട്ടൊക്കെ എഴുതുമെന്നും, ഇപ്പോൾ ഒരു സിനിമക്ക് വേണ്ടി തിരക്കഥ ഒരുക്കി കൊണ്ടിരിക്കുകയാണെന്നും ഞാൻ അരുളിയെ അറിയിച്ചിരുന്നു. ആ സംസാരങ്ങൾക്കിടയിൽ എഴുത്തിനോടും വായനയോടും അവൾക്ക് താല്പര്യമുണ്ടെന്ന് മനസിലാക്കിയത് കൊണ്ട് തന്നെ എഴുതികൊണ്ടിരിക്കുന്ന പല സീനുകളും ഞാൻ അരുളിയുമായി ഡിസ്‌കസ് ചെയ്തിരുന്നു.

കഥയിലെ നായകൻ നായികയെ പ്രൊപ്പോസ് ചെയ്യുന്ന സീനിന് ഒരു പഞ്ച് പോരെന്ന് അരുളി ഒരിക്കൽ അഭിപ്രായപ്പെട്ടുവെങ്കിലും ഞാനത് തിരുത്താൻ കൂട്ടാക്കാതെ എഴുത്തുമായി മുന്നോട്ട് പോയി. പക്ഷെ ഈ അടുത്തായി സംവിധായകനെ കണ്ട് സംസാരിച്ചപ്പോൾ ആ പ്രൊപ്പോസ് സീൻ ക്‌ളീഷേ ആണെന്നും അതൊന്ന് റീ വർക്ക്‌ ചെയ്യണമെന്നും അങ്ങേര് നിർബന്ധമായി പറഞ്ഞപ്പോൾ അരുളിയുടെ മുഖമാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്ന് വന്നത്…

അങ്ങനെയാണ് ഞാനാ പ്രൊപോസൽ സീൻ തിരുത്തി എഴുതാൻ തീരുമാനിച്ചത് . പക്ഷെ പിന്നീട് ആ സീനിനു വേണ്ടിയെഴുതിയ വരികളെല്ലാം ക്‌ളീഷേ ആണെന്ന തോന്നൽ മനസ്സിലങ്ങനെ കുമിഞ്ഞുകൂടവേ ഞാനാകെ പ്രതിസന്ധിയിലായി. അങ്ങനെ എന്തെഴുതണം എന്നറിയാതെ നിൽക്കുമ്പോഴാണ് അരുളിയുടെ സന്ദേശം വാട്സാപ്പ് വഴി എന്നെ തേടിവരുന്നത്…

‘ ഈ കൊച്ച് എന്തിനാണാവോ എന്നെകാണാൻ വരുന്നത്. ഹാ എന്തായാലും വരട്ടെ, ഒന്നുമില്ലെങ്കിലും ഒരു പെൺകുട്ടിയല്ലേ അൽപനേരം സൊറ പറഞ്ഞിരിക്കാം..’ അങ്ങനെ ചിന്തിച്ചുകൊണ്ട് ഞാൻ കട്ടിലിൽ കിടന്നിരുന്ന മുഷിഞ്ഞ തുണികളെല്ലാം വാരിയെടുക്കാനൊരുങ്ങവേ കട്ടിലിനടിയിൽ നിന്ന് ഒരു ഞെരക്കം കേട്ടപോലെ തോന്നി.കുനിഞ്ഞു നോക്കുമ്പോൾ ദാണ്ടേ ‘പൊന്നപ്പൻ’ വാലും ചുരുട്ടിവെച്ച് സുഖനിദ്ര പൂണ്ട് കിടക്കുന്നു.

“ഡേയ് മാർജാരാ.. ഒന്ന് എഴീച്ചു പോടെയ്.. നേരം വെളുത്തിട്ട് കൊറേ ആയി..” ഞാനത് പറഞ്ഞപ്പോൾ പൊന്നപ്പൻ തലയൊന്ന് ഉയർത്തി ‘ഇവൻ ആരെടെയ്’ എന്നമട്ടിൽ എന്നെയൊന്ന് നോക്കിയതിന് ശേഷം വീണ്ടും ഫുഡ്‌ബാൾ പോലെ ചുരുണ്ടു കൂടി ഉറക്കം തുടങ്ങി..

” ഹാ.. എന്തേലും കാണിക്ക് പുല്ല് ” അങ്ങനെ പിറുപിറുത്തുകൊണ്ട് ഞാൻ വീട് വൃത്തിയാക്കലും തുടങ്ങി.

അങ്ങനെ ഏകദേശം ഒരുമണിക്കൂറോളം കഴിഞ്ഞുകാണും, വീടിന് പുറത്ത് തൂക്കിയിട്ടിരുന്ന മണി മുഴങ്ങുന്ന ശബ്ദം കേട്ടപ്പോൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അഴയിൽ കിടന്നിരുന്ന ഷർട്ട് എടുത്ത് ധരിച്ചു ധൃതിയിൽ ഞാൻ വാതിൽ തുറന്നു. അവിടെയപ്പോൾ മനോഹരമായ ഒരു പുഞ്ചിരി മുഖത്തു നിറച്ചുകൊണ്ട് അവൾ നിൽപ്പുണ്ടായിരുന്നു…

അരുളി…!

” ആഹാ, ചെറുതാണെങ്കിലും ഇതൊരു കലക്കൻ സ്ഥലമാണല്ലോ മാഷേ.. ഇവിടെയിരുന്നാൽ ആരും എഴുതിപോകും.. ” അത്രേം പറഞ്ഞുകൊണ്ട് അവൾ ആ വീടിനകം മുഴുവൻ ചുറ്റികാണവേ എന്റെ മിഴികൾ അരുളിയെ ആപാദചൂഡം വീക്ഷിക്കുകയായിരുന്നു.

നീണ്ട് മെലിഞ്ഞ ശരീരപ്രകൃതിയുള്ള അരുളിക്ക് ഇരുനിറമായിരുന്നു. ഇളം റോസ് നിറമുള്ള ഒരു ഷിഫോൺ സാരി ഭംഗിയായി ഉടുത്തിരുന്ന അരുളിയുടെ വിടർന്ന മിഴികൾ വാലിട്ടെഴുതിയിരിക്കുന്നത് ഒരു വല്ലാത്ത ഭംഗിയായി എനിക്ക് അനുഭവപ്പെട്ടു.പേരുപോലെതന്ന അരുളിയുടെ രൂപത്തിലും ഒരു പ്രത്യേകത യുള്ളതായി എനിക്കാ നിമിഷം തോന്നി…

“ഈ വീട് മാഷിന്റെ സുഹൃത്തിന്റെയാണെന്നല്ലേ പറഞ്ഞത്. സിനിമക്കൊക്കെ കഥയെഴുതി വലിയ കാശുകാരൻ ആവുമ്പോൾ ഇതങ്ങു മേടിക്കാൻ നോക്ക് മാഷേ.. അങ്ങനെയാകുമ്പോൾ ആരുടെയും ശല്യവുമില്ലാതെ ആവശ്യം പോലെ അക്ഷരകുഞ്ഞുങ്ങളെ ഇവിടിരുന്നു പേനതുമ്പിൽ പെറ്റുകൂട്ടാമല്ലോ മാഷിന്..” അത്രേം പറഞ്ഞുകൊണ്ട് അവൾ എനിക്ക് നേരെ വെട്ടിതിരിഞ്ഞപ്പോൾ അരുളിയെ ചൂഴ്ന്നുനോക്കികൊണ്ടിരുന്ന ഞാൻ പെട്ടെന്ന് നോട്ടം മറ്റെങ്ങോട്ടോ പതിപ്പിച്ചു..

“അല്ല, ഇതെന്താ ഇങ്ങള് മൗനവ്രതം ആണോ..? അതോ ഞാനിങ്ങോട്ട് വലിഞ്ഞു കേറി വന്നത് ഒരു ശല്യമായോ..?” ചെറു പരിഭ്രമത്തോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഞാനൊരു പുഞ്ചിരി ചുണ്ടിൽ എടുത്തണിഞ്ഞു കൊണ്ട് സംസാരിക്കാൻ ആരംഭിച്ചു..

“ഹേയ്, അങ്ങനൊന്നുമില്ല.. താൻ ഇരിക്കൂ…”

കയ്യിലിരിക്കുന്ന ബാഗ് മടിയിലേക്ക് വെച്ചുകൊണ്ട് അടുത്തുള്ള കസേരയിലേക്കിരിക്കുമ്പോൾ അവളുടെ നോട്ടം മേശപ്പുറത്തിരിക്കുന്ന പേപ്പറുകളിലേക്കും പേനയിലേക്കും പതിയുന്നത് ഞാൻ ശ്രദ്ധിച്ചു.

“എന്തായി മാഷേ എഴുത്ത്.. നമ്മുടെ പ്രോപ്പസൽ സീൻ എഴുതിതീർന്നോ..?”

ആ ചോദ്യം കേട്ട് ഞാൻ തലമുടിയിൽ വിരലോടിച്ചു എന്ത് പറയണമെന്നറിയാതെ നിൽക്കുന്നത് കണ്ടിട്ടാവണം അരുളിയിൽ നിന്നും വീണ്ടും ചോദ്യം ഉയർന്നത്..

“എന്ത് പറ്റി മാഷേ.. എന്തേലും പ്രശ്നമുണ്ടോ..?”

“അതല്ല… ഞാൻ.. ഞാനാ സീൻ എഴുതാൻ കഴിയാതെ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുവാണ്.. അതാ മറുപടി പറയാഞ്ഞത്..” തല കുമ്പിട്ട് താഴ്ന്ന സ്വരത്തിൽ ഞാനത് പറഞ്ഞൊപ്പിച്ചപ്പോൾ അരുളി ഒരു നിമിഷത്തേക്ക് എന്തോ ഓർത്ത് നിശബ്ദയായി..

“എനിക്കൊരു പാൽ ചായ ഉണ്ടാക്കി തരോ..? അതിനുള്ള സംവിധാനമുണ്ടോ ഇവിടെ..?”

പെട്ടെന്നുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ പെട്ടെന്നെനിക്ക് ചിരിവന്നു.

” നൂറു വരെ ഒന്നെണ്ണാമോ.. അതിനുള്ളിൽ അരുളിക്കുള്ള ചായ റെഡിയായിരിക്കും.. ” അത്രേം പറഞ്ഞുകൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറുമ്പോൾ അവൾ എന്നെനോക്കി തലയാട്ടി ചുണ്ട് കൂർപ്പിച്ചു ചിരിക്കുന്നുണ്ടായിരുന്നു.

ചില്ല് ഗ്ലാസിൽ പതപ്പിച്ചൊഴിച്ച ചായയുമായി അടുക്കളയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ദാണ്ടേ കസേരയിൽ ഇരിക്കുന്ന അരുളിയുടെ മടിയിൽ കയറി ഗമയിൽ ഇരിക്കുന്നു നമ്മുടെ പൊന്നപ്പൻ…! അവൾ തന്റെ നീണ്ട വിരലുകൾ കൊണ്ട് അവന്റെ ശരീരത്തിൽ ഉഴിയുമ്പോൾ നടുവൊന്ന് ഉയർത്തി കൊണ്ട് പൊന്നപ്പൻ ഒന്നുകൂടെ അവളോട് ചേർന്നുരുമ്മുന്ന കാഴ്ച്ച കണ്ട് ഞാൻ വാ പൊളിച്ചു നിന്നു.

‘ നാണമില്ലാത്തവൻ.. ഒരു പരിചയവും ഇല്ലാത്ത പെങ്കൊച്ചിന്റെ മടീല് കേറി ഇരുന്ന് രസിക്കുന്നു, മ്ലേച്ചൻ..’ മനസ്സിൽ അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് ഇളിക്കുന്ന ഭാവം വരുത്തികൊണ്ട് ഞാൻ പൊന്നപ്പനെയും അരുളിയേയും മാറിമാറി നോക്കി..

” ആ ബെസ്റ്റ്. പൊന്നപ്പൻ ചാടികേറി സ്ഥാനം ഉറപ്പിച്ചല്ലോ. കൊള്ളാം.. ” അത്രേം പറഞ്ഞുകൊണ്ട് ഞാൻ ചായ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി..

” പേര് കൊള്ളാലോ ഇവന്റെ.! മാഷ് വളർത്തുന്ന പൂച്ചയാണോ..? അരുളി വീണ്ടും വാത്സല്യത്തോടെ മടിയിലിരിക്കുന്ന പൊന്നപ്പനെ തടവികൊണ്ടാണ് എന്നോടത് ചോദിച്ചത്.

“ഞാൻ വളർത്തുന്നതാണോ എന്ന് ചോദിച്ചാൽ അല്ല. ഞാനിവിടെ എഴുതാൻ വന്ന ആദ്യദിവസം തന്നെ അനുവാദമില്ലാതെ എന്റെ കട്ടിലിനടിയിൽ കയറി കൂടിയതാണിവൻ. പയ്യെ അതവന്റെ പള്ളിയറയാക്കി മാറ്റി.ആദ്യമൊക്കെ ഞാൻ ചായയിട്ട് കുടിക്കുമ്പോൾ ഒരു രസത്തിന് ഇവനും കൊടുക്കുമായിരുന്നു ഒരിത്തിരി.. പിന്നെ പിന്നേ രാവിലേം വൈകീട്ടും അവന്റെ ചായക്കട ഇവിടായി. പൊന്നപ്പൻ എന്ന പേര് ഞാനിട്ട് കൊടുത്തപ്പോൾ ഇവൻ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.”

“ആഹാ, എന്തായാലും ആള് നൈസാണ്..എനിക്കിഷ്ട്ടായി..” പുഞ്ചിരിച്ചുകൊണ്ട് അരുളി അത് പറഞ്ഞപ്പോൾ ഞാനും ആ ചിരിയിൽ പങ്കുചേർന്നു.

” വിരോധമില്ലെങ്കിൽ മാഷിന്റെ കഥയിൽ ഞാനൊരു അഭിപ്രായം പറയട്ടെ..? ” ചായഗ്ലാസ് കൈനീട്ടി വാങ്ങവേ ആയിരുന്നു അവളുടെ ആ ചോദ്യം.

” അതിനെന്താ പറഞ്ഞോളൂ.. “

“മാഷിന്റെ നായകൻ കഥയിലെ നായികയെ പ്രൊപ്പോസ് ചെയ്ത രീതിക്കല്ല കുഴപ്പം. അത് കേട്ടിട്ടുള്ള നായികയുടെ മറുപടിയാണ് അത്ര ശരിയല്ലാത്തത്..” അരുളിയുടെ ആ സംസാരം കേട്ട് ഞാനൊന്ന് അത്ഭുതപെട്ടു.

“ങേ..!, നായകൻ നായികയോട് തന്റെ പ്രണയം തുറന്ന് പറയുമ്പോൾ നായിക പിന്നെ അയാളെ ഇഷ്ട്ടമല്ലെന്ന് പറയണോ..? അങ്ങനെയായാൽ കഥയെങ്ങിനെ മുന്നോട്ട് പോകും..?” മനസ്സിൽ തോന്നിയത് അതുപോലെതന്നെ ഞാൻ ചോദ്യരൂപത്തിലേക്കി അരുളിക്ക് നേരെയെറിഞ്ഞു..

” ഒരാണിന് ഒരുപെണ്ണിനോട്, അതല്ലെങ്കിൽ ഒരു പെണ്ണിന് ഒരാണിനോട് ഇഷ്ട്ടം തോന്നുന്നത് എങ്ങിനെയാണെന്നാണ് മാഷിന്റെ അഭിപ്രായത്തിൽ..?”

അരുളിയുടെ ആ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് സ്വയം ചിന്തിച്ചു. ഇക്കാലയളവിൽ ഒന്നുരണ്ട് സ്ത്രീകളുമായി സ്നേഹബന്ധത്തിൽ ഏർപ്പെടുകയും പ്രണയത്തിന്റെ മധുരവും, അതിന് ശേഷം വിരഹത്തിന്റെ കയിപ്പും ആവോളം നുകർന്നിരുന്ന എനിക്ക് അതിനൊരു മറുപടി നൽകാൻ ഏറെ ആലോചിക്കേണ്ടി വന്നില്ല.

” സ്ത്രീകളുടെ കാര്യം എങ്ങിനെയാണെന്ന് എനിക്കുറപ്പില്ല, പക്ഷെ ഞങ്ങൾ ആണുങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ഒരു പെണ്ണിന്റെ ബാഹ്യസൗന്ദര്യം, അവളുടെ പെരുമാറ്റം, സംസാരരീതി, സ്വഭാവം തുടങ്ങിയവയെല്ലാം ഇഷ്ട്ടപെട്ടാൽ ഒരു പുരുഷന് അവളോട് പ്രണയം തോന്നാം. ” ഞാനെന്റെ അഭിപ്രായം രേഖപ്പെടുത്തി.

“ഏതാണ്ട് ഇതുപോലൊക്കെയാണ് മാഷേ ഞങ്ങൾ പെണ്ണുങ്ങളും. ഒരാണിനോട് കൊറെച്ചെങ്കിലും സംസാരിച്ചും ഇടപഴകിയും അയാളുടെ സ്വഭാവം ഏതാണ്ടൊക്കെ മനസിലാക്കിയതിന് ശേഷവുമായിരിക്കും ഒരു പെണ്ണിന് അയാളോടുള്ള യഥാർത്ഥ സ്നേഹം തോന്നുകയുള്ളൂ.” അരുളി അത് പറഞ്ഞൊന്നു നിർത്തി.

“മാഷിന്റെ കഥയിലെ നായകൻ ഒരു സുപ്രഭാതത്തിൽ വന്ന് പ്രോപ്പസ് ചെയ്യുമ്പോ ഉടനടി തിരിച്ചും ഇഷ്ട്ടമാണെന്ന് പറയാൻ തക്കവണ്ണമുള്ള അടുപ്പം നായികക്ക് അയാളുമായുണ്ടോ എന്ന് ആ സീൻ വായിക്കുന്നവർക്ക് സംശയം തോന്നിയാൽ പിന്നീട് സിനിമയിൽ ആ സീൻ കാണുമ്പോഴും ആ സംശയം അങ്ങനെതന്നെ കിടക്കും.പിന്നെ പഴയകാലമൊന്നുമല്ല മാഷേ..ഇപ്പോൾ സിനിമ കാണുന്ന പ്രേക്ഷകർ അതിലെ ഓരോ സീനും, സംഭാഷണവും നൂലിഴകീറി പരിശോധിക്കും, അതിനെപ്പറ്റി ഒരുപാട് ചർച്ചകളും നടത്തും..” അരുളി പറഞ്ഞു നിർത്തികൊണ്ട് ചായകുടിക്കാൻ ആരംഭിച്ചു..

‘ശ്യെടാ, ഈ പെണ്ണ് പറഞ്ഞത് അതേപടി ശരിയാണല്ലോ.. ഇതെന്താ ഇത്രേം ദിവസം തലകുത്തിനിന്ന് ആലോചിച്ചിട്ടും എന്റെ മനസ്സിൽ തോന്നാഞ്ഞത്..?’ ഞാൻ എന്നോട് തന്നെ അത് ചോദിക്കുമ്പോൾ ചില്ല് ഗ്ലാസ്സിലെ ചായ ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചതിന് ശേഷം അരുളി അല്പ നിമിഷത്തേക്ക് കണ്ണുകൾ അടച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

“ദേവ്യെ.. ഇവൾക്കിത് എന്താ പറ്റ്യേ.. ചായയിൽ പഞ്ചാരക്ക് പകരം ഉപ്പാണോ ഞാൻ ഇട്ടത്..” അങ്കലാപ്പോടെ ഞാനങ്ങനെയിരിക്കുന്ന നേരത്ത് അവൾ പെട്ടെന്ന് പാതിമിഴി തുറന്ന് എന്നെ നോക്കികൊണ്ട് ഒരു വല്ലാത്ത ഭാവത്തിൽ പിറുപിറുത്തു..

” ഇഷ്ട്ടായി.. വല്ലാത്ത ഇഷ്ട്ടായി.. “

” ങേ..ന്തൂട്ട്.. “

“മാഷിന്റെ ഈ ചായ പെരുത്ത് ഇഷ്ട്ടായീന്ന്.”

” ഓ, അങ്ങനെ.. ” ഞാനൊന്ന് പുഞ്ചിരിച്ചു..

” മാഷിനറിയോ…ചായ കൊതിച്ചിയായ ഞാൻ സ്പെഷ്യൽ ചായകൾ രുചിക്കാൻ വേണ്ടി മാത്രം കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്. പക്ഷെ അടുത്ത കാലത്തൊന്നും ഇത്രേം നല്ലൊരു ചായ കഴിച്ചിട്ടില്ല.., വെറുതെയല്ല,ദിവസവും ഈ ചായ കിട്ടുന്നത് കൊണ്ടാകും പൊന്നപ്പൻ മാഷിനെ വിട്ട് പോകാത്തത്.. ” അത്രേം പറഞ്ഞുകൊണ്ട് ഗ്ലാസ്സിലെ ചായ മുഴുവനും ആസ്വദിച്ചു കുടിക്കുന്ന അരുളിയെ ഞാൻ സാകൂതം നോക്കി നിന്നു..

” ഇയ്യോ, സംസാരിച്ചിരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല..എനിക്ക് ഒന്ന് രണ്ട് സ്ഥലത്തുകൂടെ കയറാനുണ്ട് മാഷേ.. ഞാനന്നാൽ ഇറങ്ങട്ടെ.. ” വാച്ചിൽ നോക്കി അത് പറഞ്ഞുകൊണ്ട് അരുളി തിരക്കിട്ട് എഴുന്നേൽക്കുമ്പോൾ പൊന്നപ്പൻ അവളുടെ കാലിൽ മുട്ടിയൊരുമ്മി നിൽപ്പുണ്ടായിരുന്നു..

” അല്ല,നമ്മുടെ നായകനും നായികേം ഇനീപ്പോ എന്ത് ചെയ്യണമെന്നാ താൻ അഭിപ്രായത്തിൽ..? അതൂടെ പറഞ്ഞിട്ട് പോ.. ” പോകാനൊരുങ്ങുന്ന അരുളിയെ നോക്കി ധൃതിയിലാണ് ഞാനത് ചോദിച്ചത്..

“അവര് കൊറച്ചൂടെ അടുത്തിടപഴകട്ടെ മാഷേ.. രണ്ട് പേരും പരസ്പരം മനസിലാക്കട്ടെ… എന്നിട്ട് പയ്യെ നായകൻ ഓളെ പ്രൊപ്പോസ് ചെയ്യട്ടെ.. ഇനീപ്പോ ആദ്യം നായികയുടെ ഹൃദയത്തിലാണ് പ്രണയത്തിന്റെ വിത്ത് ആദ്യം മുളക്കുന്നതെങ്കിൽ ഓള് തന്റെ ഇഷ്ട്ടം പുള്ളിക്കാരനെ അറിയിക്കട്ടെ… അങ്ങനേം സംഭവിക്കുന്നുണ്ടല്ലോ റിയൽ ലൈഫിൽ..”

അത് കേട്ട് ഞാൻ ചുമ്മാ തലയാട്ടുമ്പോൾ കാൽചുവട്ടിൽനിന്ന് പൊന്നപ്പനെ വരിയെടുത്തു മൂർദ്ധാവിലൊരു സ്നേഹചുംബനം നൽകിയതിന് ശേഷം അലക്ഷ്യമായി എന്നെയൊന്ന് നോക്കികൊണ്ട്‌ അരുളി വീടിന് പുറത്തേക്കിറങ്ങി നടന്നുനീങ്ങുന്നത് ഒരുതരം നിർവികാരതയോടെ ഞാനങ്ങനെ നോക്കി നിന്നു..

പെട്ടെന്ന് എന്തോ മറന്നെന്നവണ്ണം അവൾ എനിക്ക് നേരെ തിരിഞ്ഞു നിന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് പതിൻമടങ്ങാകുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. എനിക്കാവശ്യമുള്ള എന്തോ ഒന്ന് അവളുടെ നാവിൻതുമ്പിൽ നിന്ന് ഉതിർന്നു വീഴുമെന്ന് വെറുതെയെങ്കിലും ഞാനാശിച്ചു..

” ഇങ്ങടെ എഴുത്ത് കിടുവാണ് ട്ടോ.. മാഷുണ്ടാക്കിയ ചായയുടെ മാധുര്യം ആ വരികൾക്കുമുണ്ട്… എനിക്കിഷ്ട്ടായി.. ” അത്രേം പറഞ്ഞുകൊണ്ട് വാലിട്ടെഴുതിയ മിഴികൾ കൂർപ്പിച്ചുള്ള അരുളിയുടെ ആ നോട്ടം പതിഞ്ഞത് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലായിരുന്നു…!!!

***************

ഏതാണ്ട് രണ്ട് മാസക്കാലം കഴിഞ്ഞുപോയി.ഇതിനിടയിൽ പലതവണ അരുളി ഈ വീട്ടിൽ വന്ന് ഞാനുണ്ടാക്കിയ ചായയും കുടിച്ചു പൊന്നപ്പനേം താലോലിച്ചു തിരിച്ചുപോയിരുന്നു.ഒടുവിൽ ഇന്ന് ഞാനാ തിരക്കഥ എഴുതി പൂർത്തിയാക്കി യിരിക്കുകയാണ്.എനിക്ക് മുൻപിലെ കസേരയിൽ ഇരുന്ന് അരുളി അത് ശ്രദ്ധാപൂർവ്വം വായിക്കുന്നത് ഞാൻ ആകാംക്ഷയോടെ അങ്ങനെ നോക്കിനിൽക്കുകയാണ്. അവസാനത്തെ വരിയും വായിച്ചു തീർത്തതിന് ശേഷം അരുളി എന്റെ നേരെയൊന്ന് നോക്കി…

” ഇഷ്ട്ടായി, വല്ലാതെ ഇഷ്ട്ടായി… “

അവളത് പറഞ്ഞ അതേ നിമിഷത്തിൽ കസേരയിൽ നിന്ന് എഴുന്നേറ്റ് അരുളിക്ക് അഭിമുഖമായി നിന്നുകൊണ്ട് പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ ഞാനത് പറഞ്ഞു..

” എനിക്ക് തന്നെ ഇഷ്ട്ടമാണ്. will u be mine forever..? “

( ഈ എഴുത്ത് ഇവിടെ തീരുകയാണ്. അരുളി നമ്മുടെ കഥാനായകന് നൽകിയ മറുപടി എന്തായിരിക്കാമെന്ന് ഈ കഥ വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും തീരുമാനിക്കാം…അതെന്താണെന്നറിയാൻ അരുളിക്കും, കഥയിലെ നായകനും, പൊന്നപ്പനുമൊപ്പം ആകാംക്ഷാപൂർവ്വം ഞാനും കാത്തിരിക്കുന്നു )

സ്നേഹപൂർവ്വം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *