പ്രായമേറിയ ഉമ്മ മറ്റൊരു വിവാഹത്തിന് നിര്ബന്ധിക്കുമ്പോൾ നിരസിക്കാൻ കാരണങ്ങൾ ഇല്ലാതായി. അനാഥമായ വീട്ടിൽ ഒരു പെൺകുട്ടി വന്നേ പറ്റു…….

Story written by Sumayya Beegum T A

എന്റെ അടുത്ത് വന്നൊന്നു ഇരിക്കുമോ?

ചേമ്പിൻ തണ്ട് പോലെ വാടിത്തളർന്നവൾ വരണ്ട ചുണ്ടനക്കി മെല്ലെ ചോദിച്ചു.

അവളുടെ അടുത്തിരുന്നപ്പോൾ എന്റെ കൈകളിൽ മുറുകെ പിടിച്ചവൾ കവിളോട് ചേർത്തു.

ഒട്ടിയ കവിളുകൾ ആ കൈകളിൽ ചേർത്ത് വീണ്ടും റസിയ വിതുമ്പി. അവളെ ചേർത്തുപിടിച്ചു ഇരിക്കുമ്പോൾ ഓർമ്മകൾ വർഷങ്ങൾ പുറകോട്ട് പോയി.

*******************

മാരന്റെ നെഞ്ചിലെ തീയാണ്

സുറുമകൾ എഴുതിയ മിഴിയാണ്

നുണക്കുഴി തെളിയുന്ന ചിരിയാണ്

മൈലാഞ്ചി ചോപ്പിന്റെ നിറമാണ്

റസിയ…എന്റെ റസിയ നിനക്ക്.

പാട്ടുപെട്ടിയിലെ ഗാനത്തിനൊപ്പം ആ മൂന്നുപേരും കിനാവ് കണ്ടു. പതിനാലാം രാവിന്റെ പകിട്ടുള്ള റസിയയെ. പതിനാറുകാരായ സമദും സെയ്‌തും മുഹമ്മദും.

അന്തി ചോപ്പ് പടർന്ന മാനത്തു നിലാവ് തെളിയുമ്പോൾ റസിയ മഗ്‌രിബ് നമസ്കാരം കഴിഞ്ഞു ഉമ്മച്ചിയെ സഹായിക്കാൻ അടുക്കളയിലെ വിറകടുപ്പിനടുത്തെത്തി.

ഉമ്മച്ചി പരത്തി വെച്ച പത്തിരി ഓരോന്നായി നല്ല തൂവെള്ള നിറത്തിൽ ദോശക്കല്ലിൽ വെച്ചു ചുട്ടു എടുക്കുമ്പോൾ പാൽ നിലാവ് പോലുള്ള ആ മുഖം ഇടയ്ക്കൊക്കെ തീക്കനൽ പോലെ ചുവന്നു.

പത്തിരി ചുട്ടു കഴിഞ്ഞു ബാപ്പ അറത്തു തന്ന മൂന്ന് കോഴി പൂവന്മാരെ മാമിമാർ പൂ ട പറിച്ചു ക ഷണങ്ങളാക്കിയത് കറി ചട്ടിയിലാക്കി ഉമ്മച്ചിയുടെ കയ്യിൽ കൊടുത്തു.

മാമിമാർ സവാളയും വെളുത്തുള്ളിയും ഇഞ്ചിയും വെളിച്ചെണ്ണയിൽ വരട്ടി തന്നപ്പോൾ ഉമ്മച്ചി വറുത്ത വത്തലുമുളകും മല്ലിയും അരച്ചെടുത്തു മഞ്ഞളും ചേർത്തു കറി അടുപ്പത്താക്കി.

ബാപ്പയുടെ പെങ്ങന്മാർ മൂന്നുപേരും വിരുന്നുവന്നതാണ് കൂടെ മൂന്നുപേരുടെയും മക്കളുമുണ്ട്. മൂന്നുപേർക്കും ആൺകുട്ടികൾ ഉണ്ട്. കണക്കു പ്രകാരം റസിയയുടെ മുറചെക്കന്മാർ.

പൊടിമീശ പൊടിഞ്ഞു തുടങ്ങിയ അവരുടെ കനവിലെ ഒരേയൊരു ഹൂറിയാണ് റസിയ.

പക്ഷേ റസിയയുടെ ബാപ്പയ്ക്ക് മരുമക്കളെ ഒന്നും അത്ര താല്പര്യം ഇല്ല. മിടു മിടുക്കിയായ തന്റെ മകൾക്ക് മുന്തിയ തറവാട്ടിൽ നിന്നും രാജകുമാരനെ പോലൊരാളെ കൊണ്ടുവരാൻ അയാൾ കാത്തിരിക്കുകയാണ്.

പായ വിരിച്ചു പത്തിരിയും കോഴിക്കറിയും പിഞ്ഞാണത്തിൽ വിളമ്പി ബാപ്പ മൂന്ന് മരുമക്കളുമായി കഴിക്കാൻ ഇരുന്നു. പെണ്ണുങ്ങളും കൊച്ചുപിള്ളേരും പിന്നെ.

പത്തിരിയിൽ ഒഴിക്കാൻ മറന്ന തേങ്ങാപ്പാലിനായി ഉമ്മ നീട്ടി വിളിച്ചു റസിയ..

മൂന്ന് ജോഡി കണ്ണുകൾ അടുക്കളയിലേക്ക് ഒളിഞ്ഞു നോക്കി.

വെള്ളി കസവുള്ള പച്ച മക്കനായിട്ട് പച്ച പാവാടയും ബ്ലൗസും ഇട്ടവൾ ഉമ്മച്ചിക്കു പുറകിലായി വന്നു നിന്നു തേങ്ങാപാൽ കൊടുത്തു.

എന്നിട്ട് ആ മൂന്നുപേരെയും നിരാശപ്പെടുത്തി അടുക്കളയിൽ ഒളിച്ചു.

പിറ്റേന്ന് കുളി കഴിഞ്ഞു കൊച്ചുപിള്ളേരോടൊപ്പം വീടിന് മുമ്പുള്ള പറമ്പ് കടക്കുമ്പോൾ നിറച്ചും കായ്ച്ചു പൊഴിഞ്ഞു കിടക്കുന്ന തേൻ മധുരമുള്ള വാളൻ പുളി പെറുക്കാൻ കുട്ടി പട്ടാളം ഓടി.

വെള്ളത്തുള്ളികൾ മുഖത്ത് പറ്റിപ്പിടിച്ചു ഇപ്പോൾ വിരിഞ്ഞ പനിനീർ പൂ പോലെ അവളെങ്ങനെ നിൽകുമ്പോൾ പുറകിൽ നിന്നൊരാൾ കണ്ണ് പൊത്തി.

ആ അത്തറിന്റെ മണത്തിൽ ആളെ പിടികിട്ടിയെങ്കിലും അവൾ പറഞ്ഞു സെയ്താൻ.

സെയ്താൻ നിന്റെ വാപ്പ അഹമ്മദ് ഞാൻ നിന്റെ മാരൻ സെയ്ത്.

അതുപറഞ്ഞപ്പോൾ റസിയയുടെ മുഖമൊന്നു കൂമ്പി ആമ്പൽ പോലെ.

ഡി നീ വല്യ പഠിത്തക്കാരി ആണല്ലോ എത്ര മാർക്കാണ് പത്തിൽ വാങ്ങിയത്. ഞാനൊക്കെ കഷ്ടി കടന്നുകൂടി.

ഇനി എന്താ പരുപാടി. ബാപ്പ നിന്നെ ഡോക്ടർ ആക്കുമോ കെട്ടിച്ചു വിടുമോ?

ആ ചോദ്യത്തിൽ ആ നീണ്ട കണ്ണുകൾ ഒന്ന് പിടഞ്ഞു.

എന്നെ കെട്ടിച്ചു വിട്ടാൽ ഇക്കാക്ക് ഒന്നുമില്ല.

എനിക്ക് ഒന്നുമില്ല പക്ഷേ മുഹമ്മദും സമദും ചങ്കു പൊട്ടി ചാ കും. അവന്മാർക് നിന്നെ പ്രാണനാണ്.

അപ്പോ നിങ്ങൾക്കോ?

എനിക്ക് ഇഷ്ടമല്ല വെള്ളപാറ്റയെ.

ഒന്നുപോയെ എന്നും പറഞ്ഞവൾ നുണക്കുഴി കവിൾ വീർപ്പിച്ചു മുന്നോട്ട് ആഞ്ഞപ്പോൾ കറുപ്പും ചുവപ്പും കുപ്പിവളകൾ കിലുങ്ങുന്ന നീലഞരമ്പു തെളിഞ്ഞ കൈ തണ്ടയിൽ അവൻ മുറുക്കെ പിടിച്ചു തന്നിലേക്ക് ചേർത്തു.

കശുമാവിന്റെ ചോട്ടിൽ ലൈല മജ്‌നുവിനെപോലെ രണ്ടു പ്രണയിനികൾ. ആരും കൊതിച്ചുപോകുന്ന ഇണക്കുരുവികൾ.

അവൾ നാണത്താൽ അവന്റെ കൈ തട്ടിമാറ്റി വീട്ടിലേക്ക് ഓടുമ്പോൾ പാദസരമണികൾ കിലുങ്ങിചിരിച്ചു.

ഇതെല്ലാം കണ്ടുനിന്ന അവളുടെ ബാപ്പ അഹമ്മദ് സെയ്തിന് എന്നെന്നേക്കുമായി രഹസ്യമായി താക്കീത് തന്നു മേലിൽ ഈ പടി ചവിട്ടരുത്.

അതൊരു പിണക്കത്തിന് തിരി കൊളുത്തി.

അല്ലെങ്കിൽ തന്നെ മദ്രസയിലെ കുട്ടികൾക്ക് അറബി പഠിപ്പിക്കുന്ന തനിക്ക് അവളെപ്പോലൊരു ഹൂറിയെ ഒരു ബന്ധത്തിന്റെയും പേരിൽ അയാൾ തരുമായിരുന്നില്ല.

ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ റസിയയുടെ ബാപ്പ ഞങ്ങളെ വീട്ടിലോട്ട് ക്ഷണിച്ചു. സർവ്വ പരിഭവങ്ങളും തീർത്തു തന്റെയും അവളുടെയും നിക്കാഹ് ഉറപ്പിക്കുമ്പോൾ സംഭവിക്കുന്നതൊക്കെ സത്യമോ കിനാവോ എന്നറിയാത്ത അവസ്ഥയിലായിരുന്നു സെയ്ത്.

മണിയറയിൽ പാലുമായി എത്തിയ എന്റെ എക്കാലത്തെയും സ്വപ്നത്തിലെ മൊഞ്ചത്തി ഒരു സന്തോഷവുമില്ലാതെ മൗനിച്ചിരിക്കുന്നതു കണ്ടപ്പോൾ ഒരു പരവേശം തോന്നി.

എന്താണ് റസിയ നമ്മൾ ഒരുമിച്ചു കണ്ട ഈ സ്വർഗം ഇന്ന് സ്വന്തമായിട്ടും നിന്റെ ചുണ്ടിലൊരു നുണക്കുഴി ചിരി വിരിയാത്തതു?

ഇക്കാ എന്നോട് പരിഭവിക്കരുത്?

എനിക്കൊരു കാര്യം പറയാനുണ്ട്.

നീ പറ റസിയ.

അത് ഒരിക്കൽ പള്ളിക്കാട്ടിലൂടെ നടന്നു നട്ടുച്ചയ്ക്ക് കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ പെട്ടന്നൊരു തലകറക്കം ഉണ്ടായി. ബോധം തെളിഞ്ഞപ്പോൾ ശരീരത്തിന് വല്ലാത്ത തളർച്ച അന്ന് തൊട്ട് ശരീരത്തിന് സുഖമില്ല.

ജിന്ന് കൂടിയതാണോ ചെയ്തു ദോഷമാണോ എന്നൊന്നും അറിയില്ല . പ്രഗത്ഭരായ പലരും വന്നു നോക്കി. ഇപ്പോൾ ഒരു കാലിനു സ്വാധീനം കുറഞ്ഞു കൊണ്ടിരിക്കുന്നു.

കഥകളൊക്കെ കേട്ട് പെരുത്ത തലയുമായി ഞാനിരുന്നു അപ്പോൾ അതാണ് കാര്യം പിടിച്ച പിടിയാലേ മാമ എന്നെ പൂട്ടുക ആയിരുന്നു.

ചതിയാണ് കൊടും ചതി.

പക്ഷേ റസിയയുടെ കണ്ണീരുണങ്ങാത്ത കവിളും വിറയ്ക്കുന്ന ചുണ്ടുകളും എന്നിലെ അഗ്നിയെ ശമിപ്പിച്ചു.

റബ്ബ് തന്നതിനെ സ്വീകരിച്ചു അതിനോട് പൊരുത്തപ്പെടുമ്പോൾ നാൾക്കുനാൾ അവളുടെ തളർച്ച കൂടിവന്നു. മധുവിധു കാലങ്ങൾ ആശുപത്രികളിൽ ഒതുങ്ങി.

ജീവിതത്തോട് മൊത്തത്തിൽ വിരക്തി തോന്നി ജോലിയും കാര്യങ്ങളുമായി പള്ളിയിൽ ഒതുങ്ങി കിടപ്പിലായ റസിയ അവളുടെ വീട്ടിലും.

പ്രായമേറിയ ഉമ്മ മറ്റൊരു വിവാഹത്തിന് നിര്ബന്ധിക്കുമ്പോൾ നിരസിക്കാൻ കാരണങ്ങൾ ഇല്ലാതായി. അനാഥമായ വീട്ടിൽ ഒരു പെൺകുട്ടി വന്നേ പറ്റു എന്നായപ്പോൾ റസിയയുടെ കൂടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നു.

എങ്കിലും റസിയയെ ഓർമ വരുമ്പോൾ ഓടി അവൾക്കരുകിൽ എത്തും. ഒരിക്കൽ അവളെന്നോട് ചോദിച്ചു ഇക്കാ ഇക്കാടെ പുതിയ പെണ്ണിനെ എനിക്കൊന്നു കാണിച്ചുതരുമോ?

ഇല്ല റസിയ ഒരിക്കലും കാണിക്കില്ല. നിന്റെ മുമ്പിൽ അവളെ കൊണ്ട് വന്നാൽ ആ വേദന കണ്ടുനിൽക്കാൻ എനിക്കാവില്ല റബ്ബിനെ ഓർത്തു നീ എന്നെ പരീക്ഷിക്കരുത്.

ഇല്ല ഇക്കാ മരിക്കും മുമ്പ് ആ പെൺകുട്ടിയെ എനിക്ക് കാണണം. ഇക്കാടെ ബീവിയായി എന്നും ജീവിക്കാൻ ഭാഗ്യം കിട്ടിയവളേ.

ഇനി വരുമ്പോൾ കൊണ്ട് വരാം എന്നുറപ്പ് കൊടുത്തെങ്കിലും ഒരിക്കലും അവളെ റസിയയുടെ മുമ്പിൽ ഞാൻ കൊണ്ടുപോയില്ല.

*******************

എന്താണ് ഇക്കാ ഒന്നും മിണ്ടാതിരിക്കുന്നത്?

ഒന്നുമില്ല.

എനിക്ക് ഇക്കയോട് ഒരു ദേഷ്യവുമില്ല. ഇപ്പോഴും ഈ അവസ്ഥയിലും മരുന്നും പലവിധ മണങ്ങളും അസ്വസ്ഥതപെടുത്തുന്ന ഈ കിടക്കയിലും എന്റെ തലമുടിയിൽ തലോടി ഇക്കാ ഇരിക്കുമ്പോൾ ഈ കിട്ടിയതൊക്കെ തന്നെ സുബർക്കമാണ്.

നീണ്ടു വിടർന്ന കണ്ണുകൾ കുഴിഞ്ഞു പോയെങ്കിലും അതിലൂടൊരു നീരുറവ ഒഴുകി നിറം മങ്ങി കരുവാളിച്ച ചുണ്ടിൽ തങ്ങി നിന്നു.

പുലർകാലത്തെ പനിനീർപ്പൂവിന്റെ ചേലുള്ളവൾ വാടിയൊരു താമരപ്പൂവായി തളർന്നു കിടന്നു.

റസിയ ഊണ് കഴിക്കാം.

ഉമ്മച്ചി അവളെ താങ്ങി ഇരുത്തി ചോറ് കഴിപ്പിക്കാൻ പോയപ്പോൾ അവൻ ആ ചോറുപാത്രം കൈകളിൽ വാങ്ങി.

ഒരു ഉരുള ചോറ് ഉരുട്ടി വായിൽ വെച്ച് കൊടുക്കുമ്പോൾ സെയ്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെയും. മതി ഇക്കാ എന്ന് പറഞ്ഞവൾ പൊട്ടിക്കരഞ്ഞു തലയിണയിൽ മുഖമമർത്തി വിങ്ങുമ്പോൾ യാത്ര പറയാതെ അയാൾ പടിയിറങ്ങി.

പിന്നെ കാണുമ്പോൾ കുന്തിരിക്കം മണക്കുന്ന മുറിയിൽ റസിയ വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുക ആയിരുന്നു. അന്ന് ആ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം കൊടുക്കുമ്പോൾ പലപ്പോഴും തൊണ്ട ഇടറി.

ഒരു മൈലാഞ്ചി ചെടിയുടെ അരികിൽ റസിയയെ അടക്കി പിരിയുമ്പോൾ ഇരുപതാമത്തെ വയസ്സിൽ സർവ്വ വേദനകളിൽ നിന്നും അവളെ രക്ഷിച്ച നാഥനോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. അൽഹംദുലില്ലാഹ്…

പ്രായം എഴുപതു കഴിഞ്ഞു പടർന്നു പന്തലിച്ച ഈ മൈലാഞ്ചി കാട്ടിൽ നിൽക്കുമ്പോഴും കണ്ണുകൾ നിറയുന്നുണ്ട്. റസിയ നിന്നെ മറക്കാൻ ഈ ജന്മം സെയ്തിന് കഴിയൂല്ല.

ചന്ദന മണമുള്ള ഒരു കാറ്റ് പള്ളികാട്ടിൽ നിന്ന സെയ്തിനെ തലോടി കടന്നു പോവുമ്പോൾ പള്ളിയിൽ നിന്നും മഗ്‌രിബ് ബാങ്ക് മുഴങ്ങി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *