32 വയസായ ഒരേയൊരു മകൻ പെണ്ണുകെട്ടി കാണണമെന്ന് ആഗ്രഹിക്കുന്ന അമ്മയെ പ്രാന്തിയെന്ന് വിളിക്കാൻ പറ്റോ പണിക്കരെ…….

അവളുടെ അമ്മ തന്ന അവളുടെ കുറി പടി പണിക്കരുടെ മുന്നിൽ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു…

ഈ കുറി പടിയിലെ നാളുമായി ചേരുന്ന ഒരു ജാതകം എനിക്ക് എഴുതി വേണം പണിക്കരെ

കവടി പലകയിൽ നിന്ന് തലയുയർത്തി നെറ്റി ചുളിപ്പിച് പണിക്കര് എന്നെ അടി മുടി ഒന്ന് നോക്കി…

ആ പരിപാടി ഒന്നും ഇവിടെ ഇല്ല ……..!

തന്റെ ശരിക്കുള്ള നാളും പേരും ജനന തിയ്യതിയും പറഞ്ഞാൽ അത് പോലെ ഉള്ള ഒരു ജാതകം എഴുതി തരും…

അതെ പറ്റു……!!!!

എന്നാ പിന്നെ പണിക്കര് തന്നെ എനിക്ക് കല്യാണം കഴിക്കാനുള്ള പെണ്ണിനും കാണിച്ചു തരേണ്ടി വരും…

പലകയുടെ മുന്നിൽ കത്തി നിന്നിരുന്ന നിലവിളക്ക് ഊതി കൊണ്ട് പണിക്കര് എന്നോട് ചോദിച്ചു..

തനിക്ക് എന്താ വല്ല പ്രാന്തും ഉണ്ടോ…..,? രാവിലെ തന്നെ മനുഷ്യനെ മെനകെടുത്താൻ…

32 വയസായ ഒരേയൊരു മകൻ പെണ്ണുകെട്ടി കാണണമെന്ന് ആഗ്രഹിക്കുന്ന അമ്മയെ പ്രാന്തിയെന്ന് വിളിക്കാൻ പറ്റോ പണിക്കരെ …

അപ്പൊ പിന്നെ ആ അമ്മയുടെ ആഗ്രഹംപോലെ തനിക്ക് നേരെ ചൊവ്വേ ഒരു കല്യാണം കഴിച്ചുടെ ..

എന്റെ പണിക്കരെ ഇത് വരെ 46 പെണ്ണ് കാണാൻ പോയി.. പോയാതൊക്കെ കല്യാണം കഴിക്കാനുള്ള ആഗ്രഹം മൂത്തട്ട് തന്നെയ … ക്ഷമയുടെ നെല്ലിപടിക കണ്ടു .. അങ്ങനെയാ 47 മത്തേതും അവസനെത്തേതും എന്നും ഉറപ്പിച്ചു ഇന്നലെ ഒരു കുട്ടിയെ ഞാൻ കാണാൻ പോയത് …

അച്ഛൻ നേരത്തെ മരിച്ചതാണെന്നും താഴെ ഒരു അനിയത്തികുട്ടിയും കൂലി പണിക്കു പോകുന്ന അമ്മയാണ് കുട്ടിക്ക് ആകെ ഉള്ളതെന്നൊക്കെ ബ്രോക്കർ മോഹനേട്ടൻ എന്റെ വീട്ടിൽ വന്ന് പറയുമ്പോ

കേട്ട് നിന്ന അമ്മയും പെങ്ങളും ഒരുമിച്ച് പറഞ്ഞു…

ഇതൊന്നും വേണ്ടാ……!!!!

അല്ലെങ്കിലെ നമ്മുടെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ തന്നെ ഒന്ന് തീർന്നു വരുന്നതെയുള്ളൂ .. അതിന്റെ ഇടയ്ക്‌ ഒരു പ്രാരാബ്ധകാരിയെ കൂടെ ഇവന് കെട്ടി കൊണ്ട് വരുന്നത് …

നിങ്ങൾക്ക് നന്നായി അറിയാലോ നിങ്ങളുടെ അതെ ജാ തിയിൽപ്പെട്ട ആളുകൾ തന്നെ കുറവാണ് അതും പോരാതെ സാമ്പത്തികം വേണമെന്നൊക്കെ വാശി പിടിച്ചാൽ പിന്നെ എങ്ങനെയാ ശരിയാവ…..

വേറെ ഏതെങ്കിലും ജാ തിയിൽപ്പെട്ട കുട്ടികളെ ആലോചന നോക്കാമെന്ന് പറഞ്ഞാൽ അതും നിങ്ങൾക്ക് പിടിക്കില്ല…

എന്റെ കൈയിൽ ഇപ്പോ ഇതേ ഉള്ളു .. നല്ലത് ഒരെണ്ണം എന്നെങ്കിലുമൊക്കെ ഒത്തു വരുമ്പോ അതുമായി ഞാൻ അന്ന് വരാമെന്നും പറഞ്ഞു മോഹനേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി..

അങ്ങേര് പടി കടക്കുന്നതും നോക്കി അമ്മ പെങ്ങളോട് പറഞ്ഞു..

അല്ലെങ്കിലെ പണ്ടേ നമ്മുടെ ജാ തിക്കാരെ അവന് പിടിക്കില്ല.. അല്ലാതെ അന്വേഷിച്ചാ നമ്മുടെ ജാ തിയിൽപ്പെട്ട നല്ല കുട്ടികളെ കിട്ടാഞ്ഞിട്ടൊന്നും അല്ല… വേറെ ഏതെങ്കിലും ഒരു ജാ തികാരിയെ എന്റെ മോന്റെ തലയിൽ കെട്ടി വെച്ച് കൊടുക്കണം .. എന്നിട്ട് അത് നാട് മുഴുവൻ അവന് പറഞ്ഞോണ്ട് നടക്കണം.. അതാ ആ കള്ളന്റ മനസ്സിൽ

അമ്മ കാണാതെ അടുക്കള ഭാഗത്തെ വേലിയും ചാടി കടന്ന് ഞാൻ മോഹനേട്ടന്റെ അടുത്തേക്കോടി .. വഴിയിൽ പിടിച്ച് നിർത്തി മോഹനേട്ടനോട് പറഞ്ഞു..

നമുക്ക് ഈ കുട്ടിയെ എന്തായാലും കാണാൻ പൂവാം മോഹനേടാ… വേറെ ഒന്നും വേണ്ട കുട്ടിയെ കണ്ട് ഇഷ്ട്ടപ്പെട്ടാൽ എനിക്ക് ഇവൾ മതി….. എനിക്ക് വയ്യ ഇനി നാടുമുഴുവൻ പെണ്ണ് കണ്ട് നടക്കാൻ …..

ഒന്നുമില്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകളൊക്കെ അറിഞ്ഞു വളർന്നതല്ല അങ്ങനെ ഒരാളാകുമ്പോ എല്ലാത്തിനോടും വേഗം പൊരുത്തപ്പെടാൻ പറ്റും ..

ഇനി ഇതും ശരിയായില്ലങ്കിൽ മോഹനേട്ടൻ എനിക്ക് വേണ്ടി ഇനി വേറെ പെണ്ണ് ഒന്നും അന്വേഷിക്കണ്ട ….

എന്റെ കണ്ണിലെ ദയനീയത മനസിലാക്കിയ മോഹനേട്ടൻ എന്നെ സമാധാനിപ്പിക്കാൻ എന്നോണം എന്റെ തോളിൽ കൈ വെച്ചു…

ആ കൈ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

എപ്പോഴാ കാണാൻ പോകേണ്ടതെന്നു വെച്ചാൽ മോഹനേട്ടൻ അവരോട് വിളിച്ച് ചോദിക്ക്..

അന്ന് സന്ധ്യക്ക് തന്നെ നാളെ പെണ്ണുകാണാൻ പോകാമെന്നും പറഞ്ഞ് മോഹനേട്ടൻ വിളിച്ചു …

ഫോൺ വെച്ച് ഞാൻ നേരെ മുറിയിൽ ചെന്ന് അലമാര തുറന്നു… കല്യാണത്തിന് ഉടുക്കാൻ വേണ്ടി വാങ്ങി വെച്ച കസവു മുണ്ടു എടുത്ത് ഞാൻ ഒന്ന് മുഖത്തിനോട് ചേർത്ത് പിടിച്ചു…

ഇല്ല കഴിഞ്ഞ 46 തവണ എടുത്ത് നോക്കിട്ടും മുണ്ടിന്റെ ആ പുത്തൻ മണം പോയിട്ടില്ല….

മുണ്ടിനെ അടക്കി പിടിച്ച് ഞാൻ മനസ്സിലോർത്തു …

നാളെ എന്റെ ജീവിതത്തിലെ അവസാനത്തെ പെണ്ണുകാണലാണ് .. അത് കൊണ്ട് മോഹം തീർക്കാനെങ്കിലും നാളെ ഒരു വരന്റെ എല്ലാ അലങ്കരത്തോടെയും ഒരുങ്ങണം… ഈ കസവ് മുണ്ട് ഉടുക്കണം ഇനി ചിലപ്പോ ആഗ്രഹങ്ങൾ സാധിച്ചെന്ന് വരില്ല.. .

ഇനി ഇതും ശരിയായിലെങ്കിൽ ഞാൻ ചാകുമ്പോ എന്റെ ആത്മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി ഈ മുണ്ട് കൊണ്ട് എന്നെ പുതപ്പിക്കാൻ പറഞ്ഞ് മുണ്ട് അമ്മയുടെ കൈയിൽ കൊടുക്കണം

കഴിഞ്ഞ 2വർഷമായി നടക്കുന്ന ഈ പ്രയാണം കൊണ്ട് ആകെ ഉണ്ടായ ഓരേ ഒരു ഗുണമെന്നു വെച്ചാൽ നാട്ടിലെ ഒട്ടു മിക്ക വഴികളും ഇപ്പോ കാണാപാഠമായി..

കല്യാണകാര്യം ഒന്നും ശരിയാകാത്തത് പണ്ട് സ്നേഹിച്ച പെണ്ണിന്റെ ശാപമാണെന്ന് പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചവർക്ക് അറിയില്ലലോ പ്രേമം പോയിട്ട് ഈ പ്രായത്തിന്റെ ഇടക്ക് ഒരു പെണ്ണുപോലും എന്നെ തിരിഞ്ഞ് നോക്കിട്ടില്ല എന്നാ സത്യം …ഇല്ല നാളത്തോടെ എല്ലാത്തിനും ഒരു തീരുമാനമാകും

പിറ്റേന്നത്തെ പ്രഭാതത്തിൽ തന്നെ ….അമ്മ കട്ടൻ കാപ്പിയുമായി മുറിയിൽ വന്നു ഗ്ലാസ് താഴേക്ക് തട്ടി ഇട്ട് ഞാൻ അമ്മയറിയാതെ അമ്മയുടെ കാലിൽ ഒന്ന് തൊട്ടു… ആരും കാണാതെ അച്ഛന്റെ ഫോട്ടോയുടെ മുന്നിലും പ്രാർത്ഥിച്ചു..

പിന്നെ കുളിച്ച് കസവു മുണ്ടും വെള്ള ഷർട്ടും ഇട്ടു… എന്റെ ഒരുക്കം കണ്ട് അന്തംവിട്ട് നിൽക്കുന്ന അമ്മയോട് അമ്പലത്തിലേക് പൂവാണെന്നും പറഞ്ഞു.. അമ്പലം അടുത്തായത് കൊണ്ട് വണ്ടി എടുക്കാനുള്ള നുണ കൂടി അമ്മയോട് പറഞ്ഞാൽ എൽക്കിലാന്നു എനിക്ക് തോന്നി.. ഉച്ചക്ക് തിരിച്ചു വരുമ്പോ എനിക്ക് വേണ്ടി ഒരു സദ്യ ഒരുക്കണമെന്നും അമ്മയോട് പറഞ്ഞു ..

നേരത്തെ പറഞ്ഞതനുസരിച്ചു മോഹനേട്ടൻ വണ്ടിയുമായി ജങ്ഷനിൽ കാത്തു നിൽക്കുന്നുണ്ട് …

ജങ്ഷനിൽ പോകുന്ന വഴിക്ക് എന്നെ കണ്ട് പീടിക ഉമ്മറത് ഇരുന്നിരുന്ന കൂട്ടുക്കാരിൽ ചിലർ റോഡിലേക് ഇറങ്ങി നിന്നു.. അരി പൊടിപ്പിക്കാൻ വന്ന കുടുംബശ്രീലെ ചേച്ചിമാർ വാ പൊതി ചിരിച്ചു…

ഞാൻ ഒന്നും കാര്യമാക്കിയില്ല… നേര മോഹനേട്ടന്റെ ബുള്ളറ്റിൽ കയറി…

ഞാൻ പെണ്ണിന്റെ വീട്ടിലെത്തി..

മുന്നിൽ നിരത്തി വെച്ച പലഹാരത്തിന്റെ എണ്ണം കണ്ടപ്പോ ഇത് വരെ ഉള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് എനിക്ക് മനസിലായി… അധികം പെണ്ണുകാണാൽ നടക്കാത്ത വീടാണെന്ന്

മുന്നിൽ കൊണ്ട് വെച്ച പലഹാരത്തിലേക് രാണ്ടാമതും എന്റെ കൈ ചെന്നപ്പോ എന്റെ മുന്നിൽ നിന്നിരുന്ന പെണ്ണിന്റെ അമ്മയുടെ ചോദ്യം..

മോന് ഭക്ഷണം താമസം ഒകെ കമ്പനി വകയാണോ.. ..

ആ ചോദ്യത്തിന് വാതിലിന്റെ പുറകിൽ നിന്നുള്ള ചിരി കേട്ടപ്പോഴാണ് .. ഞാൻ അവളുടെ മുഖം ആദ്യമായ് കണ്ടത്..

ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ചായയും ആയി അവൾ എനിക്ക് മുന്നിലേക്ക് കടന്ന് വന്നു…

ഞാൻ കസേരയിൽ ഒന്നും കൂടി അമ്മർന്നിരുന്ന് അവളുടെ മുഖത്തേക് ഒന്ന് നോക്കി നേരത്തെ ചിരിച്ച ആ ചിരിയുടെ ബാക്കി അപ്പോഴും അവളുടെ മുഖത്ത് ഉണ്ട്…

വീണ്ടും പരിഹാസത്തിന്റെ ചിരി അവളുടെ മുഖത്ത് കണ്ടപ്പോ ഞാൻ മനസ്സിൽ വിചാരിച്ചു.. ഈ ചെ റ്റ കുടിൽ കിടക്കുന്ന ഇവൾക്ക് എന്ത് കണ്ടിട്ടാണാവോ ഇത്ര അഹങ്കാരിക്കുന്നെ

കുട്ടിയോട് എന്തേലും സംസാരിക്കാനുണ്ടോ എന്ന് മോഹനേട്ടൻ എന്റെ കൈയിൽ തോണ്ടി കൊണ്ട് ചോദിച്ചു…

മോൻ പുറത്തേക്ക് നിന്നൊള്ളു അവൾ അവിടെ വരും വീടിന്റെ ഉള്ളിൽ സൗകര്യം കുറവാണ് എന്നവളുടെ അമ്മ തലകുനിച്ചു കൊണ്ട് പറഞ്ഞപ്പോ… അവളോടുള്ള ദേഷ്യത്തിന് അവരെ പുച്ഛിച്ചു കൊണ്ട് ഞാൻ ഒന്ന് നോക്കി.. എന്നിട്ട് പാതി മനസോടെ ഞാൻ വീടിന്റെ കിഴക്കേ ഭാഗത്തെ അലക്ക് കല്ലിന്റെ അടുത്ത് ചെന്ന് നിന്നു…

പുറകെ അവളും വന്നു…

സംസാരിക്കാൻ പോലും താല്പര്യമില്ലത്തെ അവളെ നോക്കാതെ മുഖം കയറ്റി പിടിച്ചു മറ്റെവിടേക്കോ നോക്കി കൊണ്ട് അവൾക് മുന്നിൽ ഞാൻ നിന്നു…

ഞങ്ങൾക്ക് ഇടയിലെ അൽപ സമയത്തിന്റെ നിശബ്ദതക്ക് ശേഷം അവൾ പുറത്ത് ഇരുന്നിരുന്ന മോഹനേട്ടന്റെ ബുള്ളറ്റ്നെ നോക്കി കൊണ്ട് എന്നോട് ചോദിച്ചു..

ചേട്ടൻ യാത്രകൾ ഓകെ പോകാറുണ്ടോ….?

വണ്ടി എന്റെ അല്ലാത്തത് കൊണ്ട് ഞാൻ മറുപടിയായി ഒന്നും മിണ്ടില്ല…

എന്റെ മുഖത്തെ ദേഷ്യവും മൗനം കണ്ടപ്പോ അവൾ പറഞ്ഞു..

അല്ലെങ്കിലും നിങ്ങളെ പോലെ ഒരുപാട് സൗകര്യങ്ങൾ ഉള്ളവരുടെ ഒക്കെ ആഗ്രഹങ്ങൾക്ക് ആഴം കുറവണലോല്ലേ.

ചേട്ടന് എന്നെ ഇഷ്ടമായോ എന്നൊന്നും എനിക്ക് അറിയില്ല…

ഇനി ഒരുപക്ഷേ നമ്മുടെ കല്യാണം നടന്നാൽ.. ഏട്ടൻ എന്നെ ഒരു യാത്ര കൊണ്ട് പോകണം ദൂരേക്ക് ഒന്നും വേണ്ട.. ഒരു രാത്രി മാറി നിൽക്കുന്ന ഏതേലും ഒരു ഭാഗത്തേക്ക് … എപ്പോഴങ്ങിലും ഇതേ പോലെയുള്ള ആഗ്രഹങ്ങൾ അച്ഛനില്ലാതെ വളരുന്ന പെണ്മക്കൾ അമ്മമാരോട് പറഞ്ഞാൽ അമ്മമാർ പറയും കല്യാണം കഴിഞ്ഞാൽ അവൻ നിന്നെ കൊണ്ട് പോയിക്കൊള്ളും എന്ന് ഇത് വരെ ജീവിതത്തിൽ ഒരു ചേട്ടന്റെയോ അച്ഛന്റെയോ സംരക്ഷണം ഞാനോ എന്റെ അനിയത്തിയോ അറിഞ്ഞട്ടില്ല .

അത് കൊണ്ട് തന്നെ അമ്മക് എല്ലാത്തിനോടും ഒരു തരം പേടിയാണ് .. സന്ധ്യ നേരത്ത് പണിക്ക് കഴിഞ്ഞ് ഇരുട്ടുന്നതിനുന് മുൻപ് വീട്ടിൽ എത്താൻ ഓടി കിതച്ചു വരുമ്പോ അമ്മയുടെ മുഖത്ത് എന്നും ഞാൻ കാണാറുണ്ട് പേടി…

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ തുടർന്ന് പറഞ്ഞു…

ചിലപ്പോ എല്ലാം നുള്ളി പെറുക്കിയും കടം വാങ്ങിയും അമ്മ എന്റെ കല്യാണം നടത്തും അത് കഴിഞ്ഞാൽ ആ വലിയ കടബാധ്യതക്കൊപ്പം അമ്മയും അനിയത്തിയും എങ്ങനെ ജീവിക്കുമെന്ന് എനിക്ക് അറിയില്ല .

എന്നെ ആദ്യമായി പെണ്ണുകാണാൻ വന്ന ആൾ ചേട്ടനാണ്.. അത് കൊണ്ട് ഇത്രയും ഒക്കെ ഞാൻ പറഞ്ഞത്..

ഇത് വരെ ഒരു ജോലി കിട്ടിയിട്ട് കല്യാണം മതിയെന്നും പറഞ്ഞു ഇത്രയും കാലം ഞാൻ ഇവിടെ പിടിച്ചു നിന്നു.. പിന്നെ പ്രായം തികഞ്ഞ മകൾ ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അച്ഛനും അമ്മയ്ക്കും എന്നും ഒരു ബാധ്യത അല്ലെ… ഇതും പറഞ്ഞു അവൾ അകത്തേക്ക് പോകാൻ ഒരുങ്ങി…

ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു.. ഒരു പക്ഷേ എന്റെ വീട്ടിൽ ഞാൻ ഒരു പെണ്ണായാണ് ജനിച്ചിരുന്നതെങ്കിൽ.. അച്ഛനില്ലാതെ വളർന്ന ഞാനും ഇങ്ങനെ ഓകെ സംസാരിച്ചു പോയേനെ..

അവൾ പറഞ്ഞ വാക്കകൾക്ക് ശേഷം എന്റെ അരികിൽ നിന്ന് നടന്ന് അകലുന്ന അവളിൽ ഞാൻ എന്നെ തന്നെ കണ്ടു.. ഇടറുന്ന സ്വരത്തിൽ ഒരു പിൻവിളിയോടെ അവളെ പിടിച്ചു നിർത്തി..

എന്നിട്ട് ഞാൻ അവളോട് ചോദിച്ചു.. ഇഷ്ടപ്പെട്ടോ ഇയാൾക്ക് എന്നെ…..??

അതിന് മറുപടി ഒന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവൾ താഴേക്ക് നോക്കി നിന്നു…

തനിക്ക് ഒരു ജോലി കിട്ടുന്ന വരെ ഞാൻ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ
ഇഷ്ടപ്പെട്ടുടെ എന്നെ….

ഇത് കേട്ടതും വിടർന്ന കണ്ണുകളോടെ അവൾ എന്നെ ഒന്ന് നോക്കി.. എന്നിട്ട് പതിയെ നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് ഓടി…

അവളുടെ അമ്മ തന്ന അവളുടെ പേരും നാളും എഴുതിയ കുറിപടിയും കൊണ്ട് അവിടെ നിന്ന് ഇറങ്ങുമ്പോ.. ഞാൻ പോകുന്നതും നോക്കി ആ വീടിന്റെ പുറകിലെ അമ്മിയുടെ അരികത്ത് നിൽക്കുന്ന അവളുടെ ആ നിഴൽ വെട്ടം എനിക്ക് കാണാമായിരുന്നു..

ഇനി പണിക്കര് തന്നെ പറ ഇതേ പോലെ ഒരു പെണ്ണിനെ ഒരു ജാതകത്തിന്റെ പേര് പറഞ്ഞു ഞാൻ നഷ്ടപ്പെടുത്തണോ എന്ന്..??

നമ്മുടെയൊക്കെ ജീവിതം നിശ്ചയിക്കുന്നത് ഇത് വരെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഗ്രഹങ്ങളും ജനിച്ച ദിവസവും മാത്രം അല്ലാലോ പണിക്കരെ..

അങ്ങനെ ആയിരുന്നെങ്കിൽ ജാതകത്തിൽ 84 വയസ്സ് വരെ ആയുസ് ഉണ്ടന്ന് പറഞ്ഞ എന്റെ അച്ഛൻ 52 വയസിൽ മരിക്കുമായിരുന്നില്ലലോ ….

എന്റെ വാക്കുകൾ കേട്ട് പണിക്കര് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

താൻ പോയി 2 ദിവസം കഴിഞ്ഞു വാ ഞാൻ എഴുതി വെക്കാം…

നിറഞ്ഞ പുഞ്ചിരിയോടെ ഒരു വരന്റെ സ്വപ്നങ്ങൾക് തുടക്കം കുറിച്ച് കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *