രാഹുൽ എങ്ങനെ വരും.ഓഫീസിൽ പോണ്ടേ.കാറ് രാഹുൽ കൊണ്ടുപോയി.അവന്റെ ബൈക്കിനെന്തോ കേട്.വ൪ക് ഷോപ്പിലാ..മീനു മയമില്ലാതെ പറഞ്ഞു……..

അമ്മായിയമ്മ

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി

മീനു എന്ന മീനാക്ഷി കൈയിലിരിക്കുന്ന തന്റെ കുഞ്ഞിനെ നോക്കി. ആറ് മാസം പ്രായമേ ആയുള്ളൂ.

എന്തുചെയ്യും..?

ഒരെത്തുംപിടിയും കിട്ടുന്നില്ല.

വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി. വാടകവീട്ടിൽ താമസിക്കുകയാണ് മീനുവും രാഹുലും. രണ്ട് വീട്ടുകാരോടും പറയാതെ ഒളിച്ചോടി രജിസ്റ്റർ മാര്യേജും കഴിച്ച് ഇരുവീട്ടിലും പോകാതെ പിണങ്ങിനടപ്പാണ് രണ്ടുപേരും.

നിനക്ക് നിന്റെ വീട്ടിലൊന്ന് പോയ്ക്കൂടെ..?

രാഹുൽ മീനുവിനോട് ഇടയ്ക്ക് ചോദിക്കും.

നിന്നെ കയറ്റാത്ത വീട്ടിൽ ഞാൻ പോവില്ല..

മീനു കയ൪ക്കും.

അതുപിന്നെ.. രണ്ട് കാസ്റ്റിൽപ്പെട്ട ആളുകളായാൽ പഴയ ജനറേഷനിൽ പ്പെട്ടവ൪ക്കൊക്കെ അത് സമ്മതിച്ചുതരാൻ ഇത്തിരി പ്രയാസമുണ്ടാകില്ലേ…

അതിനെന്താ രാഹുലിന് വിദ്യാഭ്യാസമില്ലേ, നല്ല ജോലിയും ശമ്പളവുമില്ലേ..?

അതിലൊന്നും കാര്യമില്ല. അവരുടെ നോട്ടത്തിൽ അവരുടെ സുന്ദരിയായ ഒരേയൊരു മകളെ അടിച്ചോണ്ടുപോയ ക ശ്മലനായിരിക്കും ഞാൻ..

രാഹുലെന്താ സ്വന്തം വീട്ടിൽ പോവാത്തത്?.അച്ഛനും അമ്മയും വന്ന് വിളിച്ചതല്ലേ..?

നമുക്ക് രണ്ടുപേരുടെ വീട്ടുകാരും വേണം. നിന്റെ വീട്ടുകാരുടെ പിണക്കം മാറട്ടെ. അപ്പോൾ എന്റെ വീട്ടിലും പോകാം. എന്റെ വീട്ടുകാർ, ഞാൻ നിന്നെയും കൂട്ടി എപ്പോൾ ചെന്നാലും സ്വീകരിക്കും.

അവിടെയാണ് മീനു നിഷ്പ്രഭയായിപ്പോയത്.

രാഹുലിന്റെ വീട്ടിൽ ഒരു അമ്മയുണ്ട്. രാഹുലിന്റെ എ ടു ഇസഡ് കാര്യങ്ങൾ കൃത്യമായി നോക്കുന്ന അമ്മ. അച്ഛനും മകനെന്നുവെച്ചാൽ ജീവനാണ്.

ഇടയ്ക്ക് മീനു കളിയാക്കും:

അമ്മയെടുത്ത ഷ൪ട്ട്, അമ്മ വാങ്ങിക്കൊടുത്ത അത്, ഇത്, അപ്പട്ട,‌ ഇപ്പട്ട, ദുപ്പട്ട,‌ എല്ലാം അമ്മ അമ്മ അമ്മ…

രാഹുൽ ചിരിക്കുകയേയുള്ളൂ..ഒരല്പം നീരസം മീനുവിന്റെ മനസ്സിൽ തന്റെ അമ്മായിയമ്മയോട് ഉണ്ടായിരുന്നു. പക്ഷേ വ൪ഷം രണ്ട് കഴിഞ്ഞപ്പോൾ അവളുടെ മനസ്സിൽ പല പുതിയ ചിന്തകളും ഉദയംചെയ്തുതുടങ്ങി.

മീനു ചിലതൊക്കെ ചിന്തിച്ചുറച്ചു. കുഞ്ഞിനെ വേഗം കുളിപ്പിച്ചൊരുക്കി. അവളും അലസമായി വേഷം ധരിച്ച് ബാഗെടുത്ത്‌ തോളിലിട്ട് വീടും പൂട്ടി ഇറങ്ങി. ഒരു ഓട്ടോ പിടിച്ച് രാഹുലിന്റെ വീട്ടിലെത്തി.

മുറ്റത്തെ മുല്ലക്കൊടിയിൽ ഒരു ശലഭം പറന്നുവന്നിരിക്കുന്നത് നോക്കിനിൽക്കുക യായിരുന്നു യാമിനി. അപ്പോഴാണ് മീനു കുഞ്ഞിനെയുംകൊണ്ട് ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടത്.

രാഹുൽ വന്നില്ലേ മോളേ..?.കാറെടുത്തില്ലേ..?

യാമിനി ഓടി അടുത്തെത്തിയതും ചോദിച്ചു.

രാഹുൽ എങ്ങനെ വരും..? ഓഫീസിൽ പോണ്ടേ.. കാറ് രാഹുൽ കൊണ്ടുപോയി. അവന്റെ ബൈക്കിനെന്തോ കേട്.. വ൪ക് ഷോപ്പിലാ..

മീനു മയമില്ലാതെ പറഞ്ഞു. യാമിനി കുഞ്ഞിനെ വാങ്ങിയതും മീനു അധികാരഭാവത്തിൽ അകത്തേക്ക് കയറി. നേരെ ഡൈനിങ് റൂമിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. സ്വന്തം വീട്ടിലെന്നപോലെ വെള്ളക്കുപ്പിയെടുത്ത് തുറന്ന് കുടിച്ചു.

മോളിരിക്ക്… ഞാൻ ചായയിടാം.

യാമിനി പറഞ്ഞു.

എനിക്ക് നല്ല വിശപ്പുണ്ട്….വല്ലതും തിന്നാനുംകൂടി വേണം.

മീനുവിന്റെ കൂസലില്ലായ്മ കണ്ട് യാമിനി പുഞ്ചിരിച്ചു. ഒരു കൈയിൽ കുഞ്ഞിനെ എടുത്തുകൊണ്ട് അനായാസമായി അവ൪ മീനുവിന് വേണ്ടി പ്ലേറ്റിൽ ഇഡ്ഡലിയും സാമ്പാറും എടുത്തുകൊണ്ടുവരുന്നത് മീനു നോക്കിയിരുന്നു.

വിശപ്പ് കാരണം കണ്ണുകാണാത്തതുപോലെ അവൾ ആ൪ത്തിയോടെ വാരി വലിച്ച് തിന്നു. യാമിനി ചായയും ഉണ്ടാക്കി ടേബിളിൽ കൊണ്ടുവെച്ച് ഫ്രൂട്സ് നിറച്ചുവെച്ച പളുങ്കുപാത്രം അവൾക്കരികിലേക്ക് നീക്കിവെച്ചു. എന്നിട്ട് കുഞ്ഞിനെ ലാളിച്ചുകൊണ്ട് സോഫയിലിരുന്നു.

ഇവന് എന്താ കൊടുക്ക്വാ..? നീ കുറുക്ക് കൊടുത്തുതുടങ്ങിയോ..?

അമ്മേടെ മോന് വേണ്ടത് ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ എനിക്ക്.. പിന്നെയാ….ആറ് മാസമല്ലേ ആയുള്ളൂ.. പാല് കുടിക്കട്ടെ.. പതുക്കെ കൊടുക്കാം..

മീനുവിന്റെ തന്റേടത്തോടെയുള്ള വായാടിത്തം കണ്ട് യാമിനി ചിരിച്ചതേയുള്ളൂ.

രാഹുലിന് വേണ്ടത് വാങ്ങാനും ഉണ്ടാക്കാനും കഴിക്കാനും ഒക്കെ അവൻ വള൪ന്നു. ഇനി നീ ഇവന്റെ കാര്യമാണ് നോക്കേണ്ടത്..

അതെങ്ങനെയാ..?

മീനുവിന്റെ ശബ്ദം ഉയ൪ന്നു.

കാണുന്നവ൪ കാണുന്നവ൪ ചോദിക്കുവല്ലേ…. നീ രാഹുലിന് ഒന്നുമുണ്ടാക്കി ക്കൊടുക്കാറില്ലേ.. കല്യാണത്തിന് മുമ്പ് എന്ത് ഗ്ലാമറുള്ള പയ്യനായിരുന്നു.. അവന്റെ കോലം കണ്ടില്ലേ… അവന്റെ ഡ്രസ്സൊക്കെ എന്താ ഇങ്ങനെ..

യാമിനി മീനുവിന്റെ വികാരവിക്ഷോഭം നോക്കിക്കൊണ്ട് ശാന്തമായി ഇരുന്നു.

അമ്മയെങ്ങനെയാ ഇത്ര രുചിയോടെ ഓരോന്ന് ഉണ്ടാക്കുന്നത്..?

അവളുടെ ചോദ്യം കേട്ട് അവ൪ പുഞ്ചിരിച്ചു.

മോൾക്ക് ഉണ്ടാക്കാൻ പഠിക്കണോ..? ഞാൻ പറഞ്ഞുതരാം..

രാഹുലിന്റെ ഇഷ്ടങ്ങൾ… എനിക്ക് എത്രയായിട്ടും അമ്മയെപ്പോലെ ഒന്നും ശരിയാവുന്നില്ല…

കുഞ്ഞിന് ഓരോന്ന് കൊടുത്തുതുടങ്ങുമ്പോൾ മോളും പഠിച്ചുതുടങ്ങും.. അവരുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ചൂടിന്റെ പാകം, ഇഷ്ടമുള്ള വസ്ത്രം, അവർക്ക് ചേ൪ന്ന നിറം..

അത്രയും പറഞ്ഞപ്പോൾ രണ്ടുപേ൪ക്കുമിടയിൽ പെട്ടെന്ന് ഒരു മൗനം കടന്നുവന്നു. അമ്മയായ അനുഭവങ്ങൾ അവർ രണ്ടുപേരുടെയും ഓ൪മ്മകളെ തരളിതമാക്കി.

മീനു എഴുന്നേറ്റ് കൈകഴുകി കുഞ്ഞിനെ വാങ്ങി പാലുകൊടുക്കാനായി യാമിനിയുടെ അടുത്തിരുന്നു. യാമിനി കുഞ്ഞിന്റെ മുടിയിലും മീനുവിന്റെ മുടിയിലും ഇരുകൈകളും കൊണ്ട് തഴുകിത്തലോടിക്കൊണ്ടിരുന്നു. അവ൪ രണ്ടുപേരും മിഴികളടച്ച് ആനന്ദനി൪വൃതിയിൽ മതിമറന്നിരുന്നു. മീനുവിന്റെ കണ്ണിൽ ചെറുതായി നനവ് പട൪ന്നിറങ്ങുന്നുണ്ടായിരുന്നു….

❤️❤️❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *