ലക്ഷ്മീ … നിങ്ങളുടെ സംസാരം കേട്ടിട്ട് ശങ്കറിന്റെ പക്ഷത്ത് തെറ്റുകളുണ്ടെ ന്ന്തോന്നിയില്ല , തെറ്റുകളെല്ലാം നിങ്ങളുടെ പക്കൽനിന്നാണെന്നും തോന്നി…….

തിരിച്ചറിവുകൾ

Story written by Sebin Boss J

“” മാഡം …ഞാൻ കൂടെ ഇവിടെയിരുന്നോട്ടെ ?””

“” ഓഹ് ..തീർച്ചയായും “‘ കോട്ടയം കണ്ണൂർ പാസ്സഞ്ചറിന്റെ സൈഡ് സീറ്റിലിരുന്ന സ്ത്രീ തന്റെ ബാഗ് എടുത്തു പുഞ്ചിരിച്ചപ്പോൾ സ്റ്റീഫനൊന്ന് ആശ്വസിച്ചു .

“‘ സാർ എങ്ങോട്ടാണ് ?”’ ഇരുന്നയുടനെ ആ സ്ത്രീ ചോദിച്ചപ്പോൾ സ്റ്റീഫനോന്ന് അമ്പരന്നു .

ഗോൾഡൻ റെഡ് കളർ പൂശിയ മുടിയും പച്ചയിൽ മഞ്ഞക്കരയുള്ള പട്ടുസാരിയും ചുവന്ന വട്ടത്തിലുള്ള പൊട്ടും ഒക്കെയണിഞ്ഞ ആ സ്ത്രീയെ കണ്ടപ്പോൾ സ്റ്റീഫൻ ഒട്ടൊന്നു മടിച്ചാണ് ഇരിക്കാനുള്ള അനുമതി നേടിയത് . ഒറ്റ നോട്ടത്തിലെ അവരിൽ അല്പം അഹങ്കാരം ഫീൽ ചെയ്തിരുന്നു സ്റ്റീഫന് .എന്നാൽ ഇരുന്നയുടനെ സൗഹാർദ്ദത്തോടെയവൾ ചിരിച്ചപ്പോൾ സ്റ്റീഫൻ തന്റെ ധാരണ മാറ്റിവെച്ചു

“‘ഞാൻ കണ്ണൂർക്ക് …മാഡം എങ്ങോട്ടാണ് ?”’

“‘ ഞാനും കണ്ണൂർക്കാണ് . എന്റെ പേര് ജയലക്ഷ്‍മി . ജയലക്ഷ്‍മി ശങ്കർ . അങ്ങനെ വിളിച്ചാൽ മതി . “”

“‘ ഓക്കേ ജയലക്ഷ്‍മി …ഞാൻ സ്റ്റീഫൻ . പത്രത്തിൽ വർക്ക് ചെയ്യുന്നു . കണ്ണൂരാണോ വീട് ? എവിടെയോ കണ്ട് നല്ല പരിചയം . പക്ഷെ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല . “”

“‘ ചെങ്ങന്നൂരാണ് എന്റെ തറവാടൊക്കെ . ഞാൻ ജോലി ചെയ്തിരുന്നത് ഇടുക്കിയിൽ മാങ്കുളത്ത് ഒരു സ്‌കൂളിലാണ് . “”‘

“”ഓ ..ടീച്ചറാണോ ? എന്താണ് കണ്ണൂർ ? വല്ല ട്രെയിനിംഗും ?

”” ഹസ്ബന്റിന്റെ നാടാണ് കണ്ണൂർ .പക്ഷെ ഞാൻ മാങ്കുളത്ത് തന്നെയാണ് റിട്ടയർ ആയിട്ടും സെറ്റിലായിരിക്കുന്നത് . . “‘

“‘മാങ്കുളം …എനിക്കറിയാം , എന്താണ് അവിടെ സെറ്റിലാകാൻ കാരണം .മാഡത്തിനെ പോലൊരാൾക്ക് ചേരുക നഗരം തന്നെയല്ലേ ?””

“‘ആയിരുന്നു …ആണെന്ന് ഞാൻ വിശ്വസിച്ചു , ഈ കഴിഞ്ഞ ആറുമാസം മുൻപ് വരെ . സ്റ്റീഫന് തുറന്നു സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?”

“‘ ഹേയ് ..ഞാനൊരു പത്രക്കാരനല്ലേ . എപ്പോഴും കേൾക്കാനും അറിയാനും ആഗ്രഹിക്കുന്നവർ . തീർച്ചയായും ലക്ഷ്മി പറഞ്ഞോളൂ .””‘

“‘ വാരണാസിയിൽ ആയിരുന്നു ഞാൻ ജനിച്ചതും വളർന്നതും . പേരന്റ്സ് അവിടെ ബിസിനസ് . എന്റെ കല്യാണം അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകനുമായി . ശങ്കർ ഇവിടെ തറവാട്ടിൽ നിന്നാണ് പഠിച്ചത് . കല്യാണം എനിക്ക് താല്പര്യക്കുറവൊന്നു മുണ്ടായിരുന്നില്ല . പക്ഷെ കണ്ണൂർക്ക് വന്നപ്പോൾ വല്ലാതെ ബോറായി . ഈ നാടും ഇവിടുത്തെ ആളുകളും . സിറ്റി ലൈഫിൽ ജീവിച്ച ഞാൻ ഇവിടം വല്ലാതെ വെറുത്തു “””

“”ആദ്യമായിട്ടാണ് കേരളം ഇഷ്ടപ്പെടാത്ത ഒരാളെ കാണുന്നത് . ഞാനും കേരളത്തിന് വെളിയിലായിരുന്നു . ഒരു ഫീച്ചറിന് വേണ്ടിയാണ് ഇവിടെയെത്തിയത് . തിരികെ പോകാൻ തോന്നിയില്ല .”‘

“‘ ഓഹ് . സ്റ്റീഫന്റെ വീട്ടിൽ “”

“‘ ഞാൻ മാത്രമാണ് . അതാകുമ്പോൾ ഇങ്ങനെ ഫ്രീയായി പറന്നു നടക്കാമല്ലോ. ലക്ഷ്മി പറയൂ . എന്നിട്ടെന്തുണ്ടായി “”‘

“” ഹമ് … ശങ്കറിന് കേരളം വിട്ട് പോകാൻ ഇഷ്ടമുണ്ടായിരുന്നില്ല . ഇതിനിടയിൽ ഒരു മോളുണ്ടായി . ഏഴെട്ട് വർഷം എങ്ങേനെയോ പിന്നിട്ടു . ശങ്കറിന്റെ പേരന്റ്സ് ബിസിനസ് ഒക്കെ മതിയാക്കി നാട്ടിലേക്ക് വന്നപ്പോൾ എനിക്ക് അവരോ ടൊത്തുള്ള ജീവിതം ഒട്ടും സഹിക്കാൻ പറ്റാതായി . ഞങ്ങൾ പിരിഞ്ഞു “”‘ ജയലലക്ഷ്മിയിൽ നിന്നൊരു ദീർഘശ്വാസം പുറത്തേക്ക് വന്നു

“‘ പിന്നെ , വാരണാസിക്ക് മടങ്ങിയോ ?”’

“‘ഇല്ല .. മമ്മി മരിച്ചിരുന്നു അതിനുള്ളിൽ , പപ്പാ മറ്റൊരു വിവാഹം കഴിച്ചു . അതറിയാവുന്ന ശങ്കർ ഞാൻ തിരികെ വരുമെന്ന് കരുതി എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല . ശങ്കറോടുള്ള വാശിയിൽ ഞാനൊരു ജോലി തേടി , ആ ജോലി ചെയ്തുകൊണ്ടിരിക്കവേ അടിമാലിയിൽ സ്‌കൂളിൽ ജോലി കിട്ടി .””

“‘ പിന്നെ നിങ്ങളെങ്ങനെയാണ് ഒന്നിച്ചത് ?”’

“‘ ഇല്ല … ഞങ്ങളൊന്നിച്ചില്ല ..””

“‘ പിന്നെ ? ഹസിന്റെ വീടാണ് കണ്ണൂരെന്നു പറഞ്ഞത് ? അങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞത് ?”’ സ്റ്റീഫന്റെ കണ്ണുകൾ ചെറുതായി .

“‘ശെരിയാണ് സ്റ്റീഫൻ … ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണു ഞാൻ എന്റെ മോളെ കാണാൻ പോകുന്നത് … ഇതാദ്യമായി “”

“‘ലക്ഷ്മീ …”‘സ്റ്റീഫൻ അവിശ്വസനീയതയോടെ അവരെ നോക്കി .

“‘അതെ …. പിന്നീട് ഒരിക്കൽ പോലും ഞാൻ അവരെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല . ഇപ്പോൾ .. ഇപ്പോൾ അവരെ കാണണമെന്ന് തോന്നി ?””

“‘ ലക്ഷ്മീ … നിങ്ങളുടെ സംസാരം കേട്ടിട്ട് ശങ്കറിന്റെ പക്ഷത്ത് തെറ്റുകളുണ്ടെ ന്ന്തോന്നിയില്ല , തെറ്റുകളെല്ലാം നിങ്ങളുടെ പക്കൽനിന്നാണെന്നും തോന്നി . സംശയമാണ് കേട്ടോ , നിങ്ങളുടെ സംസാരത്തിൽ നിന്നുമുള്ള എന്റെ കാഴ്ചപ്പാട് . . ഒരിക്കൽ പോലും ശങ്കറിനെ കുറ്റപ്പെടുത്തി സംസാരിച്ചതായി ശ്രദ്ധയിൽ പെട്ടില്ല . “”

“‘ശെരിയാണ് , എന്റെ തെറ്റുകൾ തന്നെയാണ് . എന്റെ ദുർവാശികൾ , അഹങ്കാരം , വിവേകമില്ലായ്മ , എന്റെ കോപം “‘അവരുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി

”പിന്നെ .. പിന്നെയെങ്ങനെയിപ്പോൾ ? ഇത് നേരത്തെ ചിന്തിച്ചു കൂടായിരുന്നോ ?”’

“‘ ഹമ് …അന്നൊന്നും പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല സ്റ്റീഫൻ . നല്ലതും കെട്ടതും വിവേചിച്ചറിയാൻ സാധിച്ചിരുന്നില്ല .നല്ലൊരു ഫ്രണ്ട്ഷിപ് പോലും എനിക്കുണ്ടായിരുന്നില്ല . “‘

“‘ സഹൃദം വളരെ വലുതാണ് ലക്ഷ്മി , പലപ്പോഴും ഈ ഏകാന്തത എനിക്കുമൊരു ദുഃഖമായിട്ടുണ്ട് , പ്രത്യേകിച്ച് കുറച്ചു നാളുകളായി . പകലൊക്കെ ജോലിയുമായി പോകും , തനിച്ചാകുമ്പോൾ വല്ലാത്ത വിരസത , ചിലതൊന്നും ആരോടും പറയാനാവില്ല , എന്തും പറയാൻ പറ്റുന്ന ഒരു ചങ്ങാതി , മനസ്സിനുള്ളിൽ പ്രണയം സൂക്ഷിച്ചു സങ്കടങ്ങൾ പറയാൻ പറ്റുന്നൊരാൾ … അങ്ങനൊരാൾ എനിക്കുണ്ടായിരുന്നു . …ഗ്രീഷ്മ ..പലപ്പോഴും അവളുടെ അഭാവം ഞാൻ നികത്തുന്നത് അവളുടെ എഴുത്തുകൾ നോക്കിയാണ് . അവളോട് തനിയെ സംസാരിച്ച് ..””സ്റ്റീഫന്റെ കണ്ഠം ഇടറി .

“” ആഹ് .. ലക്ഷ്മി പറയ് … പിന്നെയെങ്ങനെ ഇപ്പോൾ ഈ ചിന്ത ? ഇക്കാല യളവിൽ മറ്റൊരു വിവാഹമോ കൂട്ടോ വേണമെന്ന് തോന്നിയില്ലേ ?”’ സ്റ്റീഫൻ കണ്ണട ഊരിത്തുടച്ചവരെ നോക്കി പുഞ്ചിരിച്ചു

“‘ ഇല്ല … വിവാഹമേ ഞാൻ വെറുത്തിരുന്നു , കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ ഒരാളുടെ കീഴിൽ . പങ്കാളിയുടെ ഇഷ്ടങ്ങളോ ഒന്നും നോക്കാതെ ആണുങ്ങളുടെ ഇഷ്ടം നോക്കി അവരുടെ കീഴിൽ ജീവിക്കുക . പിന്നെ സൗഹൃദം … സ്റ്റീഫൻ പറഞ്ഞില്ലേ ഗ്രീഷ്മയുടെ കാര്യം . എനിക്കുമുണ്ടായിട്ടുണ്ട് അങ്ങനെ ചില സൗഹൃദങ്ങൾ . എതിർ ലിംഗത്തോടുള്ള സൗഹൃദം വഴിമാറുന്നത് അറിയുമ്പോൾ ആ അധ്യായം ഞാൻ മടക്കും . അങ്ങനെയൊരാളെ എനിക്ക് കണ്ടെത്താൻ പറ്റിയിട്ടില്ല സ്റ്റീഫൻ . “”

“””ഹ്മ്മ് …””

“”സ്‌കൂൾ വിട്ടാൽ വീടും വീട് വിട്ടാൽ സ്‌കൂളും അതായിരുന്നു എന്റെ ജീവിതം അടിമാലിയിൽ വന്ന ആദ്യനാളുകളിൽ . കഴിഞ്ഞ മാർച്ചിൽ ഞാൻ റിട്ടയറായി . എന്നിട്ടും കണ്ണൂർക്ക് പോകണം എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല . കാരണം ഒരുതരം കുറ്റബോധവും അപകർഷതയും. അടിമാലിയിലെ ജീവിതം എന്നെ ഒട്ടൊക്കെ മാറ്റിയിരുന്നു എങ്കിൽ പോലും . “”

“”‘ ഹമ് “”‘

“‘ അടിമാലിയിൽ നിന്ന് മാങ്കുളത്തേക്ക് ട്രാൻസ്‌ഫർ ഞാൻ ചോദിച്ചു വാങ്ങിയതാണ് . ഒരു വികലാംഗയായ ടീച്ചറിന് വേണ്ടി മാറ്റം . മാങ്കുളത്തേക്കാൾ താരതമ്യേന അടിമാലിയിൽ നിന്ന് ട്രാൻസ്ഫർ വാങ്ങാൻ ഞാൻ ഒന്നുമാലോചിച്ചില്ല .

””ആയിടക്കാണ് ഒരു സെൻസസിന് വേണ്ടി ഞാൻ ആ നാട്ടിലെ ഓരോ വീടുകളിലും എത്തുന്നത് . സ്‌കൂളിലെ സാധാരണക്കാരായ പിള്ളേരുടെ വീടുകളിൽ ചെന്ന ഞാൻ അവരുടെ ജീവിതചുറ്റുപാടുകളിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ പഠിച്ചു . ആ സന്ദർശനത്തിൽ ഞാൻ എന്റെ ക്‌ളാസിലെ ഒരു കുട്ടിയുടെ വീട്ടിൽ ചെന്നു . ഓടുപാകിയ ചെറിയ വീട് . മഴയത്ത് നനയാത്ത ഒരിഞ്ച് സ്ഥലം പോലുമില്ലവിടെ . ടാർപോളിൻ വലിച്ചു അവളുടെ രോഗിയായ അമ്മ കിടക്കുന്ന കയറുകട്ടിലിന്റെ മുകളിൽ കെട്ടിയിരിക്കുന്നു . തൊട്ടടുത്ത് ഒരു അയൽവക്കം പോലുമില്ല ഒന്ന് നിലവിളിച്ചാൽ പോലും സഹായത്തിന് . ആടുകളെയും കോഴികളെയും വളർത്തി അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണവൾ അമ്മയെ പരിചരിക്കുന്നത് . അവൾക്കിളയ രണ്ട് ആൺകുട്ടികൾ അഞ്ചിലും ഏഴിലും . അവരും ചേച്ചിയെ സഹായിക്കുന്നു . അന്നാദ്യമായി ഞാൻ നിലത്തിരുന്നു ആട്ടിൻ പാലിന്റെ മുഷ്ക് മണമുള്ള ചായ കോഴിവേസ്റ്റിന്റെ മണം അനുഭവിച്ചു കുടിച്ചു തീർത്തു .പണ്ട് ശങ്കർ തൊഴുത്തൊക്കെ കഴുകി ഇറങ്ങി വരുമ്പോൾ ഞാൻ വെറുപ്പോടെ മുഖം തിരിച്ചിരുന്നു

“”‘ ഹമ് “”‘

””അവളെ പോലെ ഒട്ടേറെ ആളുകൾ ആ പ്രദേശങ്ങളിൽ . വികസനം എത്താത്ത നാടുകൾ , മണ്ണിനെ സ്നേഹിക്കുന്ന. നാട്ടുകാർ , പുലർച്ചെ എഴുന്നേറ്റ് കൃഷിചെയ്യാനായി കൃഷിസ്ഥലത്തേക്ക് പോകുന്ന കർഷകർ . ഉച്ചക്കുണ്ണാനും വൈകിട്ട് ഉറങ്ങാനും മാത്രമായി വീട്ടിലേക്ക് വരുന്ന സാധാരണക്കാർ. ഇലക്ഷന്റെ സമയത്തു മാത്രം എത്തിനോക്കുന്ന അധികൃതരും ജനപ്രതിനിധികളും . ആ ഒരു സംഭവത്തോടെ ഞാൻ മാറിമറിഞ്ഞു . “”‘

”’എന്നിട്ട് ?”’

“‘പിന്നീടുള്ള നാളുകളിൽ ഞാൻ അവരോടൊപ്പം ആയിരുന്നു . അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊണ്ട് . റിട്ടയറായപ്പോൾ അവരെ സഹായിക്കുവാൻ എനിക്ക് കൂടുതൽ സമയമുണ്ടായി . അപ്പോഴും എന്റെ അകക്കണ്ണ് തുറന്നിരുന്നില്ല . “” “‘എന്ത് പറ്റി ലക്ഷ്മി…. എന്നിട്ട് ..? ”’ സ്റ്റീഫൻ ഉദ്വേഗത്തോടെ അവരെ നോക്കി .

“‘ അല്പം കൂടി ഉള്ളിലുള്ള ഒരു കുടി . അവിടെയൊരു വൃദ്ധയായ സ്ത്രീയും അവരുടെ കെട്യോനും ഉണ്ടെന്ന് അറിഞ്ഞിട്ടാണ് ഞാനും എന്റെ കൂടെയുള്ളവരും അങ്ങോട്ട് പോയത് . പനയോല കെട്ടിയ ഒരു കുടിൽ . അവർക്ക് രണ്ടാൾക്കും തീരെ വയ്യ . ആശുപത്രിയിൽ പോകാനോ അവിടം വിട്ട് താഴേക്ക് വരാനോ ഒട്ടും സമ്മതമല്ലായിരുന്നു അവർക്ക്. ഒരു വിധത്തിൽ ഞങ്ങൾ അവരെ ആശുപത്രിയിലാക്കി . ഡിസ്ചാർജ് ചെയ്ത അവരെ കുറച്ചു നാൾ എന്റെ കൂടെ താമസിപ്പിക്കാൻ നോക്കി …”” ജയലക്ഷമിയുടെ മുഖം കനത്തു .

“‘ അവർ താമസിച്ചില്ലേ ? ”’

“‘ ഇല്ല … ഭർത്താവിനെയും മോളെയും നോക്കാത്ത ഞാനെങ്ങനെ അവരെ നോക്കുമെന്ന് വിശ്വസിക്കുമെന്ന് ? അതിലും സുരക്ഷിതത്ത്വോടെ അവർക്ക് അവരുടെ വീട്ടിൽ താമസിക്കാമെന്ന് . ശെരിയല്ലേ അവർ പറഞ്ഞത് ? അല്ലെ സ്റ്റീഫൻ ….”” ജയലക്ഷമി വിതുമ്പി .

“”’ എന്റെ പൊന്നുമോളുടെ മുഖം പോലും ഞാൻ ഓർക്കുന്നില്ല . എന്റെ അഹങ്കാരം കൊണ്ട് ശങ്കറിനോട് മാപ്പ് പറഞ്ഞു മോളുടെ അടുത്തേക്ക് പോകാൻ എന്റെ അഹങ്കാരവും അപകർഷതാ ബോധവും അനുവദിച്ചില്ല സ്റ്റീഫൻ . അത് മനസ്സിലാക്കി തരാൻ ഇല്ലായ്മയിൽ ജീവിക്കുന്ന സാധാരണക്കാരൻ വേണ്ടി വന്നു . “”

“” നമുക്കെല്ലാവർക്കുമുള്ളതാണ് കൂടുതൽ കൂടുതൽ വെട്ടിപ്പിടിക്കാനുള്ള ആഗ്രഹങ്ങൾ . നാം നമ്മളെക്കാൾ മുകളിലുള്ള ആളുകളെ നോക്കി ജീവിതം ആഗ്രഹിക്കരുത് . നമ്മളെക്കാൾ പാവപ്പെട്ടവരെ നോക്കിയാൽ നമ്മൾ ധനവാനാണ് എന്ന് മനസ്സിലാകും . ഒട്ടൊന്ന് താഴ്ന്നു കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കൽ . നമ്മളെപ്പോലെ മറ്റുളവർക്കും മനസ്സും ആഗ്രഹങ്ങളും ചിന്തകളും വാശികളും ഉണ്ടെന്നോർക്കുക . പറയാനുള്ളത് പറഞ്ഞു തീർക്കുക . ലക്ഷ്മി .. വിരോധമില്ലെങ്കിൽ ഞാനും നിങ്ങളുടെ കൂടെ വരട്ടെ . നിങ്ങളും മോളും ഒരുമിക്കുന്നത് എനിക്ക് കാണണം . അതിലെന്തെങ്കിലും തടസ്സമുണ്ടെങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റുമെന്ന് തോന്നുന്നു .””സ്റ്റീഫൻ അവരുടെ തോളിൽ തന്റെ കയ്യമർത്തി .

“‘തീർച്ചയായും സ്റ്റീഫൻ . എനിക്ക് സന്തോഷമേയുള്ളൂ . എന്റെ സൗഹൃദം ഇഷ്ടമാകുമെങ്കിൽ നിങ്ങൾക്കത് തുടരാം . നിങ്ങളുടെ ഗ്രീഷ്മയെ പോലെ .”‘

“‘ഹഹഹ … ഗ്രീഷ്മക്ക് പകരം വെക്കാനൊരാളില്ല . ഇനിയുണ്ടാകുകയുമില്ല . എനിക്ക് അനേകം സുഹൃത്തുക്കളുണ്ട് , ആണും പെണ്ണുമായി . വർഷങ്ങൾ കഴിഞ്ഞാലും പിരിയാത്ത സൗഹൃദം . അത് പോലെ തന്നെ ലക്ഷ്‍മിയും തുടരും . “”

“”‘ ഓക്കേ സ്റ്റീഫൻ . ഒരു മിനുട്ട് ഞാനൊന്ന് ഫ്രഷായി വരാം “‘ ജയലക്ഷ്മി ബാഗ് സ്റ്റീഫന് കൊടുത്തിട്ട് ബാത്റൂമിലേക്ക് നടന്നപ്പോൾ സ്റ്റീഫൻ ബുക്ക് സ്റ്റാളിൽ നിന്ന് ഒരു പേപ്പർ വാങ്ങി .

”’ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റായി അടിമാലി ഡിവിഷനിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ജയലക്ഷ്മി ടീച്ചറെ തിരഞ്ഞെടുത്തു ”’

“‘പോകാം സ്റ്റീഫൻ “” പുറകിൽ നിന്ന് ജയലക്ഷ്മിയുടെ ശബ്ദം കേട്ടപ്പോൾ വാർത്ത ഓടിച്ചു നോക്കിയിട്ട് സ്റ്റീഫൻ ആ പത്രം അവരുടെ നേരെ നീട്ടി .

“‘ ഉത്തവാദിത്വങ്ങൾ കൂടുകയാണ് സ്റ്റീഫൻ . ഇനിയുള്ള കാലം എന്റെ മകളുടെ കൂടെ ജീവിക്കണമെന്ന് കരുതിയിരുന്നു .”‘ ജയലക്ഷ്മി സ്റ്റീഫനോടൊപ്പം പുറത്തെ ടാക്സി സ്റ്റാൻഡിലേക്ക് നടന്നപ്പോൾ പറഞ്ഞു

“‘ മോളെ .. ദേ അമ്മ വന്നു “” ടാക്സിയിൽ നിന്നിറങ്ങി സ്റ്റീഫൻ പൈസ കൊടുക്കുമ്പോൾ മെലിഞ്ഞ ശാന്തമായ മുഖമുള്ള ഒരു മധ്യവയസ്‌കൻ അകത്തു നിന്ന് വണ്ടിയുടെ ശബ്ദം കേട്ട് വരാന്തയിലേക്ക് വന്നു .

“‘അമ്മാ …”‘ പുറത്തേക്കോടി വന്ന ലക്ഷ്മിയുടെ അതെ പകർപ്പായ യുവതി സ്റ്റീഫനെകണ്ട് ഒന്ന് മടിച്ചു നിന്നപ്പോൾ സ്റ്റീഫൻ അവരെനോക്കി പുഞ്ചിരിച്ചു .

“‘ഞാൻ സ്റ്റീഫൻ . ഞങ്ങളോരേ ട്രെയിനിലായിരുന്നു യാത്ര . . കഥകൾ ഒക്കെ കേട്ടപ്പോൾ നിങ്ങളെയൊന്ന് കാണണമെന്ന് കരുതി .

“‘ ആരാ മോളെ .. അകത്തുനിന്ന് പുറത്തേക്ക് വന്ന ഒരു സ്ത്രീയേയും യുവാവിനെയും കണ്ട് മകളെ ആലിംഗനം ചെയ്യാൻ തുടങ്ങിയ ലക്ഷ്മി ഒന്ന് പകച്ചു .

“‘ ലക്ഷ്മീ ..ഇത് രേണുക . നീ അറിയുമോ ഇവരെ , നിന്റെ ജൂനിയറായിരുന്നു വാരണാസിയിൽ . നിന്നെയറിയുമെന്ന് രേണുക പറഞ്ഞു . രേണുകയുടെ മോൻ ജീവനുമായി വിവാഹം നിശ്ചച്ചിരിക്കയാണ് നമ്മുടെ മോളെ . “”

“‘ ഞാൻ പറയുവായിരുന്നു ജയാ , ഇനിയിവിടം നിർത്തി വാരണാസിക്ക് വരാൻ . നിങ്ങൾക്ക് പ്രായമായില്ലേ . ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു . ഇനിയെന്തി നായിവിടെ തനിച്ച് ?” രേണുക ജയലക്ഷ്മയുടെ കൈ പിടിച്ചു .

“” ഉത്തരവാദിത്വങ്ങൾ തീർന്നിട്ടില്ല രേണുകാ . കണ്ടില്ലേ പത്രം . അന്നിവൾ ഇട്ടിട്ട് പോയപ്പോൾ വിഷമിച്ചത് ഒരു മകൾ ആണെങ്കിൽ ഇനിയിവൾ ഇട്ടിട്ട് പോയാൽ വിഷമിക്കുന്നത് അനേകം മക്കൾ ആയിരിക്കും . ഞങ്ങളും പോകുവാണ് മാങ്കുളത്തിന് . അവിടെ നല്ല വളക്കൂറുള്ള മണ്ണാണെന്ന് കേട്ടിട്ടുണ്ട് കൃഷിക്ക് “‘ ശങ്കർ പറഞ്ഞപ്പോൾ ജയലക്ഷ്മി വിതുമ്പലോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *