വണ്ടി സ്റ്റേഷൻ വിടാറായപ്പോൾ നിള ബാഗുമായി ഓടിക്കയറി കാർത്തിക്കിന്റെ എതിരെയുള്ള സീറ്റിൽ വന്നിരുന്നു. കാർത്തിക്കിന് ആകെ പരിഭ്രമമായി……

അവസാനിക്കാത്ത യാത്ര

എഴുത്ത്:-ഭാഗ്യലക്ഷ്മി കെ.സി

കാ൪ത്തിക് ട്രെയിനിൽ കയറി തന്റെ സീറ്റ് കണ്ടുപിടിച്ച് കണ്ണുകളടച്ചിരുന്നു. ഓരോ ഓർമ്മകളും അവന്റെ കണ്ണുകൾ നനയിച്ചുകൊണ്ടിരുന്നു. ഓർമ്മവെച്ച കാലംതൊട്ട് നിളയുമൊത്തുള്ള കളികളായിരുന്നു…

പ്ലാവിലകൊണ്ട് പാത്രം ഉണ്ടാക്കി കഞ്ഞിയും കറിയും വെച്ചുകളിച്ചു. പ്ലാവിലകൊണ്ട് കിരീടം ഉണ്ടാക്കി അവളെ രാജ്ഞിയാക്കി താൻ രാജാവുമായി രാജ്യം ഭരിച്ചു. പൂക്കൾ കൊണ്ട് മാലയുണ്ടാക്കി അവളുടെ കഴുത്തിൽ മാല ചാർത്തി.

സ്കൂളിൽ അവളുടെനേർക്ക് ആരെങ്കിലും കുറുമ്പുകാണിച്ചാൽ അവരോടൊക്കെ എതിർക്കാൻ ചെന്നു. വളർന്നപ്പോഴേക്കും എന്നോ നിള തന്റേതുമാത്രമായിരുന്നു. കോളേജിൽ പരിഭവങ്ങൾ, പിണക്കങ്ങൾ, ഇണക്കങ്ങൾ, ചിരികൾ, കളികൾ.. ഒരുപാട് ഓർമ്മകൾ…

അശോകമരത്തിൻ ചുവട്ടിലിരുന്ന് അവൾക്ക് വിവാഹാലോചന വരുന്നുണ്ട് എന്ന് ആദ്യമായി പറഞ്ഞദിവസം തന്റെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി. അവൾ തന്നെ പ്രണയിക്കുന്നില്ലേ എന്ന് ആദ്യമായി സംശയം തോന്നിയത് അന്നാണ്.

ഇതുവരെയും നീള തന്നെ ഒരു വെറും കൂട്ടുകാരനായി മാത്രമാണോ കണ്ടിരുന്നത്.. കാർത്തിക്കിന് ഓരോന്നോർത്ത് തലവേദനിച്ചുതുടങ്ങി. ഇനി അവളുടെ വിവാഹം കൂടി കാണാൻ വയ്യ… നാടുവിടുകതന്നെ.… അങ്ങനെയാണ് വീട്ടിലാരോടും പറയാതെ ട്രെയിനിൽ കയറിപ്പറ്റിയത്.

വണ്ടി സ്റ്റേഷൻ വിടാറായപ്പോൾ നിള ബാഗുമായി ഓടിക്കയറി കാർത്തിക്കിന്റെ എതിരെയുള്ള സീറ്റിൽ വന്നിരുന്നു. കാർത്തിക്കിന് ആകെ പരിഭ്രമമായി. എവിടേക്ക് പോകുന്നു എന്ന് ചോദിച്ചാൽ എന്തു പറയും? അവനവളെ കാണാത്തതുപോലെ കണ്ണടച്ചുറങ്ങുന്നതുപോലെയിരുന്നു.

വണ്ടി സ്റ്റേഷൻ വിട്ടു. നിള പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ഇടയ്ക്കിടെ അവളും കണ്ണുകൾ തുടക്കുന്നുണ്ട്. എന്തൊക്കെയോ വിഷമം ഒളിക്കുന്നുണ്ട്. കാർത്തിക് ഇടയ്ക്ക് ഇടങ്കണ്ണിട്ട് നോക്കി. അവൾ തന്നെ കണ്ടിട്ടേയില്ല. ഒന്ന് രണ്ട് സ്റ്റേഷൻ കൂടി കഴിഞ്ഞപ്പോൾ കാർത്തിക് ചോദിച്ചു:

എന്തുപറ്റി?

അപ്പോഴാണ് നിള എതിർവശത്തിരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത് തന്നെ. അവൾ പറഞ്ഞു:

അയ്യോ.. എന്നെ കണ്ട കാര്യം വീട്ടിൽ പറയല്ലേ…

എന്താ.. വീട്ടിൽ പറയാതെയാണോ ഇറങ്ങിപ്പുറപ്പെട്ടത്? എങ്ങോട്ട് പോകുന്നു?

അവൾ മുഖം താഴ്ത്തി. അവൾ പറഞ്ഞു:

അറിയില്ല..

എന്താ കാരണം? വീട്ടിൽ ആരെങ്കിലും വഴക്കുപറഞ്ഞോ?

അവൾ തന്റെ കഥ പറഞ്ഞു:

ഒരു വർഷമായി താൻ ഒരാളുമായി പ്രണയത്തിലായിരുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് അച്ഛനെക്കൊണ്ട് ആ വിവാഹത്തിന് സമ്മതിപ്പിച്ചത്. ഇപ്പോൾ അവൻ പറയുന്നു അവന്റെ വീട്ടുകാർക്ക് താൽപ്പര്യമില്ല എന്ന്.

ഇനി ഞാൻ അച്ഛന്റെ മുഖത്ത് എങ്ങനെ നോക്കും…

അന്ന് അശോകമരത്തിന്റെ കീഴിലിരുന്ന് കാർത്തിക്കിനോട് വിവാഹാലോചനകൾ വരുന്ന കാര്യം പറയുമ്പോൾ അവനെക്കുറിച്ച് കൂടി പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നെ ബസ് വരുന്ന സമയം ആയപ്പോൾ വേഗം എഴുന്നേറ്റുനടന്നു. കാ൪ത്തികിനും അത് കേൾക്കാൻ അത്ര താത്പര്യം ഉള്ളതായി തോന്നിയില്ല… അതാണ് പിന്നീട് ഞാൻ ഒന്നും പറയാതിരുന്നത്..

എല്ലാം കേട്ടപ്പോൾ കാർത്തിക്കിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അവൾ ചോദിച്ചു:

കാർത്തിക്ക് എങ്ങോട്ടാ?

ഞാനും തന്നെപ്പോലെ ആരുമറിയാതെ ഒളിച്ചോടുകയായിരുന്നു.

എന്താ കാര്യം ?

എനിക്കും ഒരു നഷ്ടപ്രണയം ഉണ്ട്.

ആരാ ആ ഭാഗ്യവതി?

കുഞ്ഞുനാൾ തൊട്ടേയുള്ള ഇഷ്ടമാണ്.. പക്ഷേ ഒരിക്കൽപ്പോലും പറയാൻ സാധിച്ചില്ല. ഇപ്പോൾ അവളുടെ വിവാഹമാണ് എന്ന് കേട്ടപ്പോൾ നാട്ടിൽ നിൽക്കാൻ തോന്നിയില്ല. അതാണ്…

അതാരാണ് ഞാൻ അറിയാത്ത കുഞ്ഞുനാൾ തൊട്ടുള്ള ഇഷ്ടം? ഞാൻ ആയിരുന്നില്ലേ കാർത്തികിന്റെ ബാല്യം തൊട്ടുള്ള കളിക്കൂട്ടുകാരി..?

ആശ്ചര്യത്തോടെ നിള കാർത്തിക്കിന്റെ കണ്ണിലേക്ക് നോക്കി. അവിടെ ഒരു കുസൃതി വിരിഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് ലജ്ജതോന്നി. തന്നെയായിരുന്നു കാർത്തിക് ഇത്രകാലവും മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞു.

ഇനി?

അവൾ അവന്റെ മുഖത്തേക്ക് നോക്കി.

അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോകാം ..

അധികം വൈകാതെ അവർ രണ്ടുപേരും തിരിച്ചെത്തി. സ്റ്റേഷനിൽ അവരെക്കാത്ത് നിളയുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു.

നീ ബാഗ് പാക്ക് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. വല്ല കൂട്ടുകാരികളുടെയും കല്യാണം കാണും എന്ന് കരുതി. പക്ഷേ എന്നോട് പറയാതെ എങ്ങോട്ടു പോകാൻ എന്നായിരുന്നു ചിന്ത… നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ നോക്കാനിറങ്ങിയതാണ് ഞാൻ.

അച്ഛൻ വിഷമത്തോടെ പറഞ്ഞു.

സാരമില്ല… അമ്മയോടൊന്നും പറഞ്ഞിട്ടില്ല.. വരൂ..

കാർത്തിക് പറഞ്ഞു:

ഇനി ഏതായാലും അങ്ങനെതന്നെ പറയാം. ഞങ്ങളുടെ ഒപ്പം പഠിച്ച ഒരു കുട്ടിയുടെ കല്യാണം ഉണ്ടായിരുന്നു. ചോദിച്ചാൽ അമ്മ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി പറയാതെ പോയതാണ്.. ഞാനും വരാം ഒപ്പം.

അതിരിക്കട്ടെ… താൻ എവിടെ പോയതാണ് ?

നിളയുടെ അച്ഛൻ കാർത്തിക്കിനോട് ചോദിച്ചു. കാർത്തിക് ഒന്നും മിണ്ടാതെ തല താഴ്ത്തി.

അച്ഛാ ആ കഥ ഞാൻ വിശദമായി പിന്നെ പറഞ്ഞുതരാം.

നിള ചെറുചിരിയോടെ പറഞ്ഞു. മകളുടെ ചുണ്ടിലെ ചിരി കണ്ടപ്പോൾ അയാൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി.

അവ൪ വേഗം നടന്നു. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *