വാക്കുകൾ എന്റെ സ്വന പേടകത്തിൽ തട്ടി തടഞ്ഞു നിന്നു.അല്ല ,ഇതെന്താ ഏട്ടാ…..

എഴുത്ത്:-വൈശാഖൻ

“ഭാര്യ ഒരു പാര”.ആഹാ എന്ത് നല്ല കവിത..എഴുതി കഴിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി..മൂന്നു മാസമായി ഈ എഴുത്ത് തുടങ്ങിട്ട്….അല്ലേലും ഈ ഭാര്യമാർക്കിട്ടു താങ്ങാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല…എന്ത് പാടാ ഒരു കവിത എഴുതാൻ..ഓരോരുത്തർ ഇങ്ങനെ കവിത എഴുതുന്നത്‌ കണ്ടാ കൊതിയാവും..ഇതേതായാലും സൂപ്പെർ ആയിട്ടുണ്ട്‌..

“പറഞ്ഞാലൊന്നും കേൾക്കാത്ത പ്രാകൃത പണ്ടാര രൂപമാണെന്റെ ഭാര്യ “.. അവസാനത്തെ വരി അതി ഗംഭീരം..പണ്ടേ എഴുതി തുടങ്ങേണ്ടതായിരുന്നു.എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന ആ കപി ..ഛെ കപിയല്ല കവി..അതിന്നു പുറത്ത് ചാടിയിരിക്കുന്നു.ഇതിനു മിനിമം ഒരു 1000 ലൈക്കും,100 കമന്റും ഉറപ്പാ. ഭാര്യമാർകിട്ടു താങ്ങുന്നത് വായനക്കാർക്ക് എന്ത് ഇഷ്ടമാ…..

ജയേട്ടാ…..എന്താ ഇവിടെ പരിപാടി?..കുറച്ചു നാളായിട്ട് ഞാൻ ശ്രദ്ധിക്കുവാ ,ഏതു സമയവും ഈ ലാപ് ടോപ്പിന്റെ മുന്നിൽ

അയ്യോ..തൊട്ടു മുന്നിൽ എന്റെ ഭാര്യ..ഇന്നത്തോടെ എന്റെ പുറത്തു ചാടിയ കവിയുടെ പതിനാറടിയന്തിരം ഇന്ന് തന്നെ കൂടേണ്ടി വരും..

ഡീ ..അത്..ഞാൻ..നിന്നെക്കുറിച്ച് …

വാക്കുകൾ എന്റെ സ്വന പേടകത്തിൽ തട്ടി തടഞ്ഞു നിന്നു.അല്ല ,ഇതെന്താ ഏട്ടാ ഈ മലയാളത്തിൽ എഴുതി കൂട്ടി വെച്ചിരിക്കുന്നെ ,കണ്ടിട്ട് ഒരു പാട്ട് പോലെ ഉണ്ടല്ലോ..

രക്ഷപെട്ടു..അല്ലേലും അതേ ടെൻഷൻ അടിച്ചിരിക്കുമ്പോ നമ്മുടെ ഓർമ്മ പോവും എന്ന് പറയുന്നതെത്ര ശരിയാ..എന്റെ ഭാര്യക്ക് മലയാളം വായിക്കാൻ അറിഞ്ഞു കൂടാ.ജനിച്ചതും വളർന്നതും എല്ലാം പുറത്തു..കല്യാണം കഴിച്ചത് മാത്രം അകത്തു..എല്ലാ കൂട്ടുകാരന്മാരും നിനക്ക് പ്രാന്താ എന്ന് പറഞ്ഞതാ.. ഏതായാലും ഞാൻ ഇപ്പൊ അത് കൊണ്ട് മാത്രം രക്ഷപെട്ടു..

“എന്റെ തങ്കക്കുടമേ ,ഇത് ഞാൻ നിന്നെക്കുറിച്ച് എഴുതിയ മനോഹരമായ ഒരു കവിത ആണ്..

“ങ്ങേ..സത്യാണോ ഏട്ടാ?അതേ മോളെ നിന്റെ ഏട്ടൻ സത്യം..

കാര്യം പുറത്തു ജനിച്ചു വളർന്നതാണ് എങ്കിലും ,വെറും ഒരു പൊട്ടി പെണ്ണാണ്‌ ആൾ..അതാണല്ലോ എന്നെ കെട്ടിയതും!!!! ഇപ്പഴും കൂടെ ഏതോ ചെടിക്കു വളം ഇട്ടു കൊടുത്തിട്ട് വരുന്ന വരവാ……..

പ്ലീസ് ഏട്ടാ..ഒന്ന് പാടൂ..ഒന്നു കേൾക്കട്ടെ ഞാൻ..

ഈശ്വരാ ഞാൻ പെട്ടല്ലോ ..എന്തെടുത്ത് വെച്ച് പാടും..ഭാഗ്യം..ഭാര്യ എന്ന് കേൾക്കുമ്പോ നാവിൽ വരുന്ന ആ പാട്ടുണ്ടല്ലോ ..ആ അത് തന്നെ ,നിങ്ങൾ ഇപ്പൊ ചിന്തിച്ചില്ലേ,രമേശൻ നായർ എഴുതി എം ജി രാധാകൃഷ്ണൻ ഈണം ഇട്ട

“പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ “…..

പാടി തീരാറായതും…ഞാൻ കണ്ടു..അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…ആ മനോഹരമായ കവിളുകളിലൂടെ കണ്ണുനീർ തുള്ളികളുടെ പ്രവാഹം..എന്നെ ചേർത്ത് പിടിച്ചിരിക്കുന്നു ഇപ്പൊ ..നെറ്റിയിലും ,കവിളത്തും എല്ലാം തുരു തുരെ തരുന്നു കണ്ണുനീരിൽ കുതിർന്ന ചുംബനങ്ങൾ…എങ്ങലടിക്കുന്നുവോ..ശ്വാസം വേഗതയിൽ എടുക്കുന്നുവോ…നിർത്തുന്നില്ല..ഉമ്മകൾ കൊണ്ടെന്നെ മൂടുകയാണ്..എന്റെ നെഞ്ചിൽ തല ചായ്ച്ചു കരയുകയാണ്..എന്റെ കണ്ണും നിറയുകയാണ്..ആണുങ്ങൾ കരയാൻ പാടില്ല..പക്ഷെ എന്റെ നിയന്ത്രണങ്ങൾ എല്ലാം വിട്ടു ആ ഉപ്പുരസം കലർന്ന ജലധാര അവളുടെ മുടിയെ നനയിച്ചു തുടങ്ങിയിരുന്നു.ഉള്ളിൽ എരിയുന്ന കുറ്റബോധത്തിന്റെ നെരിപ്പോട് എന്നെ മുഴുവൻ കത്തിച്ചു ചാമ്പൽ ആക്കാൻ ശക്തി ഉള്ളതായിരുന്നു…

മാപ്പ് ..മാപ്പ് ….കേവലമായ ..ചിലപ്പോ ഒന്നോ രണ്ടോ ദിവസത്തെ സന്തോഷം എനിക്ക് സമ്മാനിക്കുന്ന,ഭാര്യയെ ബഹുമാനിക്കാത്ത ,സ്നേഹിക്കാത്ത ,പെണ്ണെന്ന വർഗത്തിനെ അടച്ചാക്ഷേപിക്കാൻ കൂട്ട് നില്ക്കുന്ന മനുഷ്യരുടെ ചീപ്പായ ലൈക്കിനും ,കമന്റിനും വേണ്ടി…ഒരു കുറ്റവും കുറവുകളും ഇല്ലാത്ത നിന്നെക്കുറിച്ച് ഇല്ലാത്ത കുറ്റങ്ങൾ ചേർത്ത് പടച്ചുണ്ടാക്കിയ കവിത എന്ന് പറയപ്പെടുന്ന ആ അക്ഷരകൂട്ടം ഇന്നെന്നെ നോക്കി വെളുക്കെ ചിരിക്കുകയാണ്…

“അയ്യോ എന്റെ ഏട്ടൻ എന്തിനാ കരയുന്നെ?”ശോ ഞാനീ ചാണകം എടുത്ത കയ്യും കൊണ്ട്..വിയർപ്പു നാറുന്ന ഈ ദേഹം കൊണ്ട് ഏട്ടനെ കെട്ടിപിടിച്ചല്ലോ..വിട് ഏട്ടാ..ഏട്ടനും കൂടെ നാറും…അല്ലേലും കേട്ടിട്ടുണ്ട്..ഈ ആണുങ്ങൾ സ്നേഹം ഉള്ളിൽ മാത്രം കൊണ്ട് നടക്കുന്നവർ ആണെന്ന്..എന്ത് ഭംഗി ആയിട്ടാ എന്നെക്കുറിച്ച് എഴുതി വെച്ചിരിക്കുന്നെ..പോയിട്ട് കുളിച്ചു മിടുക്കി ആയി വന്നിട്ട് നല്ലൊരു സമ്മാനം തരാട്ടോ”.

നിഷ്കളങ്കമായ ചിരിയോടെ ഉള്ളിൽ കുസൃതി ഒളിപ്പിച്ചു അവൾ എന്റെ കരവലയത്തിൽ നിന്നും പുറത്തു ചാടി…………

മുഖ പുസ്തകമേ നിന്നോട് തൽക്കാലം വിട.കഥയും ഇല്ല കവിതേം ഇല്ല……ഞാനെന്റെ ഭാര്യയെ ഒന്നു സ്നേഹിക്കാൻ പോവാ ……….

(നിങ്ങളോടു മലയാളത്തിൽ അല്ലെ ഞാൻ പറഞ്ഞത് ഞാൻ സ്നേഹിക്കാൻ പോവുവാന്നു..അതെങ്ങനാ ആരെങ്കിലും സ്നേഹിക്കാൻ പോയ അപ്പൊ വന്നോളും ഒരു മാതിരി നോട്ടം കൊണ്ട്….നിങ്ങൾക്കൊക്കെ ഒന്ന് നന്നായി കൂടെ ബ്ലഡി മല്ലൂസ്???!!!!!!!!!..)

Related Posts

Leave a Reply

Your email address will not be published. Required fields are marked *