കാലം കാത്തുവച്ചത് ~ ഭാഗം 12, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മനസ്സിൽ ആദ്യമായാണ് അയാൾക്ക്‌ വേണ്ടി ഉത്കണ്ഠ തോന്നുന്നത്…

തനിച്ചു ആ വലിയ വീടിന്റെ ഉമ്മറത്തു ഇരിക്കുമ്പോൾ മറ്റൊന്നിനെ കുറിച്ചും എനിക്ക് ചിന്ത ഉണ്ടായിരുന്നില്ല.. പുറത്തു നല്ല ഇരുട്ടിൽ പടിപ്പുരയിലേക്ക് കണ്ണും നട്ടു ഇരിക്കുമ്പോൾ ഞാൻ മറ്റാരോ ആവുകയായിരുന്നു… കടന്നു പോകുന്ന ഓരോ നിമിഷങ്ങളും ഇഴഞ്ഞു പോകുന്ന പോലെ തോന്നി… മുൻപൊരിക്കലും തോന്നാത്ത പരിഭ്രമവും ഭയവും മനസ്സിൽ നിറഞ്ഞു.. അയാളെ കുറിച്ചോർത്തു ഞാൻ വേവലാതിപെട്ടു.. ആ ഇരുത്തം എത്രനേരം തുടർന്നെന്ന് അറിയില്ല..

ദൂരെ നിന്ന് വരുന്ന ഓരോ വെളിച്ചവും പ്രതീക്ഷ നൽകി എന്നിൽ ആശ്വാസത്തിന്റെ നാമ്പ് മുളപ്പിക്കുമ്പോൾ അതെ നിമിഷത്തിൽ തന്നെ അവ വീടിനെ മറികടന്നു പോയി പ്രതീക്ഷകളെ അസ്തമിപ്പിച്ചു… ഓരോ തെറ്റായ ചിന്തകൾ മനസ്സിൽ കടന്നുകൂടി..ഇരിക്കലും ഈ താലി ആഗ്രഹിച്ചിട്ടില്ല.. താലിയുടെ ഉടമയെ മോഹിച്ചിട്ടുമില്ല..പിന്നെ എന്താണ് ഇത്രയും വെപ്രാളം മനസ്സേ… വിറളി പിടിച്ച കുതിരയെ പോലെ വെപ്രാളപ്പെടുന്ന മനസ്സിനെ നിയന്ത്രിക്കാൻ ഞാൻ പാടുപെട്ടു..

നേരം കടന്നു പോകും തോറും ദുഷ്ചിന്തകൾ മനസ്സിൽ സ്ഥാനമുറപ്പിച്ചു..

അകത്തു ഫോൺ ചിലച്ചപ്പോൾ പെട്ടെന്നൊരു നൊടി ഞാൻ ഞെട്ടി.. പിന്നെ അകത്തേക്ക് പാഞ്ഞു.. അശ്രദ്ധയിൽ കട്ടിളയിൽ തട്ടി മറിഞ്ഞു വീണു കാൽ വിരൽ ചോര പൊടിച്ചതൊന്നും ഞാൻ അറിഞ്ഞില്ല.. ഓടിപിടഞ്ഞു എത്തുമ്പോഴേക്കും ഫോൺ നിലച്ചിരുന്നു..

ആയാസപ്പെട്ട് ശ്വാസം എടുക്കുമ്പോൾ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു..ഏതാനും നിമിഷം ഫോണിന് അടുത്ത് തന്നെ നിന്നു…പിന്നെ സമാധാനമില്ലാതെ വാതിൽ പടിയിൽ വന്നു നിന്നു…. നേരം വീണ്ടും കടന്നു പോയി.. കട്ടിളയിലൂടെ ഊർന്നു താഴേക്ക് ഇരുന്നു… അപ്പോഴും കണ്ണുകൾ പടിക്കലേക്ക് തന്നെ ആയിരുന്നു.. ഏതോ നിമിഷത്തിൽ മനസ്സിന്റെ നിയന്ത്രണത്തിൽ നിന്നും വേർപെട്ട് കണ്ണുകൾ അടഞ്ഞു പോയി…

ഒരു മുരൾച്ചയോടെ കാർ വന്നു നിന്നപ്പോഴാണ് കണ്ണുകൾ വലിച്ചു തുറന്നത്..ഇരുന്നപ്പോൾ സ്ഥാനം തെറ്റിയ ദാവണി നേരെയാക്കാൻ പോലും മിനക്കെടാതെ ചവിട്ടു പടികൾ ഓടിയിറങ്ങി കാറിനരികിലേക്ക് പാഞ്ഞു. പക്ഷെ ഡ്രൈവിങ് സീറ്റിൽ നിന്നും അയാൾ ആയിരുന്നില്ല ഇറങ്ങിയത്… നിരാശയുടെയും ഒപ്പം ഭയത്തോടെയും മാറി നിന്നപ്പോൾ കോ ഡ്രൈവർ സീറ്റിൽ നിന്നും അയാൾ ഇറങ്ങി..

അയാളുടെ കൈ സ്ലിങ്ങിൽ ആയിരുന്നു.. തലയിൽ ബാൻഡേജ് ഉം ഉണ്ടായിരുന്നു.. ഞാൻ പരിഭ്രമത്തോടെ ഓടി അരികിൽ ചെന്നു…. ഹരിയേട്ടാ…അയാൾ പകച്ചു എന്നെ നോക്കി..

ആദ്യമായാണ് ഭയത്തോടെ അല്ലാതെ എന്നിൽ നിന്നും ഹരിയേട്ടാ എന്ന വിളി കേൾക്കുന്നത്… അതായിരിക്കാം…

ഞാൻ അരികിലേക്ക് നിന്നു അയാളുടെ മുഖത്തേക്ക് നോക്കി വേദനയോടെ നിന്നു…

ഇത് ഒന്ന് വീണതാണ്… സാരമായ പരിക്ക് ഒന്നും ഇല്ല ഗായത്രീ…

കൂടെ വന്ന ആൾ എന്നോട് പറഞ്ഞു… പിന്നെ ഹരിയേട്ടനെ നോക്കി കണ്ണ് കൊണ്ട് പോവുകയാണെന്ന് ആംഗ്യം കാണിച്ചു.. അയാൾ കാറിൽ തിരികെ പോയി…

ഹരിയേട്ടന്റെ കാർ എന്ത്‌ പറ്റി??? കയ്യിനു വയ്യാതെ കാർ എങ്ങിനെ ഓടിക്കും…. അതാണ്‌ വിനു കൊണ്ടു വന്നാക്കിയത്… അതും പറഞ്ഞു ഹരിയേട്ടൻ അകത്തേക്കു നടന്നു…

അമ്മ എണീറ്റിട്ടില്ലല്ലോ…അകത്തേക്ക് നടക്കുന്നതിനു ഇടയിൽ ഹരിയേട്ടൻ ചോദിച്ചു..

മാമി ഇവിടെ ഇല്ല… വീട്ടിൽ പോയി.. ഞാൻ പുറകെ നടന്നുകൊണ്ട് പറഞ്ഞു.. വാതിലിനരികിൽ നിന്ന് ഹരിയേട്ടൻ എന്നെ തിരിഞ്ഞു നോക്കി…. നീ ഈ നേരത്ത് ഉറങ്ങാതെ എന്തെടുക്കുവായിരുന്നു… സംശയത്തോടെ എന്നെ നോക്കി ചോദിച്ചു…

ഇല്ല… ഇയാൾ നന്നാവില്ല… ഇയാൾക്ക് വേണ്ടി ഇത്രനേരം വെപ്രാളപ്പെട്ട് കാത്തിരുന്ന എന്നോട് ചോദിക്കുന്നത് കേട്ടില്ലേ…. ദുഷ്ടൻ…. എനിക്ക് ദേഷ്യവും വിഷമവും ഒപ്പം വന്നു… പിന്നെ പേരറിയാത്തൊരു പരിഭവവും..

എന്റെ ഉറക്കം കളയാൻ പാതിരാക്ക് കയറി വന്നതും പോരാ…. ഒരു ചോദ്യം കേട്ടില്ലേ…. ഉറങ്ങാതെ കാത്തിരിക്കാൻ ഇയാൾ എന്റെ ആരാ… ഹും… ഞാൻ ദേഷ്യത്തിൽ മുകളിലേക്ക് പോവാനൊരുങ്ങി…

എന്റെ ദേഷ്യം കണ്ടു ആദ്യം ഒന്നും അമ്പരന്നെങ്കിലും പിന്നെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ അയാൾ എന്നെ വിളിച്ചു…

ഗായത്രീ…. ഞാൻ ഒന്നും കഴിച്ചില്ല… കഴിക്കാൻ എടുത്ത് വെക്ക്..

മുകളിലേക്ക് നടക്കാൻ ഒരുങ്ങിയ ഞാൻ ദേഷ്യത്തോടെ തിരിഞ്ഞപ്പോൾ അയാൾ ഒരു ചിരിയോടെ എന്നെ കടന്നു മുകളിലേക്ക് പോയി…

ഞാൻ അമർത്തി ചവിട്ടി ദേഷ്യം തീർത്തു അടുക്കളയിലേക്ക് നടന്നു…തണുത്തു പോയ ഭക്ഷണം ചൂടാക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വച്ചു താഴെ നിന്ന് അയാളെ വിളിക്കുമ്പോഴേക്കും അയാൾ ഇറങ്ങിവരുന്നുണ്ടായിരുന്നു..

പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി വച്ചു ഞാൻ മുകളിലേക്ക് കയറി പോയി.. അയാളോടുള്ള ദേഷ്യം ഞാൻ തറയിൽ അമർത്തി ചവിട്ടി തീർത്തു…

എന്റെ പെരുമാറ്റം കണ്ടു അയാൾ ഒരു ചിരിയോടെ ഭക്ഷണം കഴിച്ചു…

മുറിയിൽ എത്തിയ ഞാൻ ദാവണി തുമ്പിൽ തെരുപിടിപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഈ കാട്ടാളനെ ആണല്ലോ ഞാൻ കാത്തിരുന്നു സമയം കളഞ്ഞത്… എന്നിട്ട് ഒരു ചോദ്യം കേട്ടില്ലേ… ദേഷ്യം മാറാതെ ഞാൻ പിറുപിറുത്തു കൊണ്ടിരുന്നു.. അയാൾ വരുന്ന ശബ്ദം കേട്ട് ഞാൻ വേഗം കട്ടിലിൽ കയറി കിടന്നു..

ഡോർ ലോക്ക് ചെയ്തു അയാൾ വന്നു കട്ടിലിന്റെ ഒരു അരികിൽ കിടന്നത് ഞാൻ അറിഞ്ഞു..

ഞാൻ കണ്ണുകൾ അടച്ചു ഉറക്കം നടിച്ചു കിടന്നു…

കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ തലയിയിൽ തലോടുന്ന കൈകൾ ഞാൻ തിരിച്ചറിഞ്ഞു..

എന്താണ് എന്റെ ഗായത്രി ദേവിക്ക് ഒരു മാറ്റം… ഈ ദേഷ്യവും പരിഭവവും എനിക്ക് മനസ്സിലാവാതെ അല്ല… ആദ്യമായാണ് ഞാൻ നിന്നിൽ ഈ ഭാവങ്ങൾ കാണുന്നത്… എന്നെ നോക്കുമ്പോൾ എല്ലാം ഭയവും വെറുപ്പും മാത്രമേ ഞാൻ നിന്റെ കണ്ണുകളിൽ കണ്ടിട്ടുള്ളു…ഇന്ന് ആദ്യമായി ഉറക്ക ചടവുള്ള നിന്റെ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള പ്രണയം ഒരു പരിഭവമായി… എന്റെ കൈകൾ നീട്ടിയാൽ അതിലേക്ക് ഓടിയണയുന്ന ഒരു കുഞ്ഞായി നീ മാറുമെന്നും എനിക്ക് തോന്നി…

ഞാൻ ഇന്ന് ഒരുപാട് സന്തോഷവാനാണ്.. പക്ഷെ എന്നോട് അടുത്ത് കഴിഞ്ഞു നിന്റെ ഒരു മൗനം പോലും എനിക്ക് സഹിക്കാനാവില്ല…. അതുകൊണ്ട് നിന്റെ ഉള്ളിൽ എന്നോട് യാതൊരു ഭയവും ഇല്ലാതെ എന്നെ നിന്റെ സ്വന്തം ആയി കാണുന്ന ആ നിമിഷത്തിനു വേണ്ടി ഞാൻ കാത്തിരിക്കാം…. ശ്രീ ഹരിയുടെ മാത്രം ഗായത്രീ ദേവിയായി നീ മാറുന്ന നാൾ വരെ…..

പതിയെ അയാളുടെ വാക്കുകൾ ഞാൻ കേട്ടു.. പുറത്തേക്ക് ഒഴുകിയ കണ്ണീരിനെ ഹരിയേട്ടനിൽ നിന്നും മറയ്ക്കാനായി ഞാൻ ഉറക്കത്തിൽ എന്ന വണ്ണം മറു വശത്തേക്ക് തിരിഞ്ഞു കിടന്നു.. ധാവണിയുടെ തുമ്പിൽ കടിച്ചു പിടിച്ചു ഞാൻ ഒഴുക്കിയത് പക്ഷെ സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു… ഹരിയേട്ടൻ ഉറക്കമായി എന്ന് ഉറപ്പായപ്പോൾ ഞാൻ എഴുന്നേറ്റ് മറു വശത്തേക്ക് തിരിഞ്ഞു ഇരുന്നു.. ബാൻഡേജിട്ട നെറ്റിയിൽ പതിയെ തലോടി.. കണ്ണുകൾ എന്തിനോ നിറഞ്ഞു…. അറിയാതെ ഒരു തുള്ളി കണ്ണുനീർ കണ്ണിൽ നിന്നും ആ കവിളിലേക്ക് ഇറ്റു വീണു.. ഒന്ന് ചുളിഞ്ഞു വീണ്ടും ശാന്തമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ ആദ്യമായി എനിക്ക് ആ മുഖത്തോട് സ്നേഹം തോന്നി…

അത് പ്രണയമാണോ….. എനിക്ക് അറിയില്ല… ഒരാൾക്ക് നൽകിയ പ്രണയം വീണ്ടും മറ്റൊരാൾക്ക്‌ നല്കാനാവുമോ… ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വഴി വിട്ടു ഒഴുകുവാൻ ആവുമോ പ്രണയത്തിനു…. വെറുപ്പിൽ നിന്നും ഉൽഭവിക്കാൻ ആവുമോ പ്രണയത്തിനു.. ഇത്ര വേഗം എന്റെ മനസ്സിൽ നിന്നും ആദ്യ പ്രണയം വറ്റി പോയോ….. അതോ ഹരിയേട്ടന് എന്നോടുള്ള സ്നേഹത്തിന്റെ ചൂടിൽ എന്റെ ഹൃദയം ആദ്യ പ്രണയത്തിന്റെ മുറിവുകൾ ഭേദപ്പെടുത്തിയതോ…

ഒന്നിനും എനിക്ക് ഉത്തരം ലഭിച്ചില്ല….പക്ഷെ ഒന്ന് എനിക്ക് ബോധ്യമായി… ഞാൻ പോലും അറിയാതെ എന്റെ ഹൃദയം ഹരിയേട്ടന് ഒരു സ്ഥാനം നൽകിയിരിക്കുന്നു.. വളരെ ഉയരത്തിൽ ഒരു സ്ഥാനം…

ഇന്നെന്റെ ഉറക്കം നഷ്ടമായതിൽ എനിക്ക് പരിഭവമില്ല… പതിയെ ഞാൻ എഴുന്നേറ്റു… ജനലിനരികിലേക്ക് നടന്നു.. ആദ്യമായി ഞാൻ ആ മുറിയിലെ ജനൽ തുറന്നു പുറത്തേക്ക് നോക്കി..

കാറും കോളും ഇല്ലാതെ തെളിഞ്ഞ മാനം.. കുഞ്ഞു നക്ഷത്രങ്ങൾ എന്നെ നോക്കി കണ്ണുചിമ്മി കാണിച്ചു.. ഞാൻ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അവയെ നോക്കി നിന്നു..

ബാൽക്കണിയിലെ കല്യാണസൗഗന്ധികം വിടർന്നു സുഗന്ധം പരത്തി…

പൗർണമി പോലെ നിലാവും തെളിഞ്ഞ മാനവും നക്ഷത്രങ്ങളും, വിടരുന്ന പൂക്കളുടെ സൗരഭ്യവും… എല്ലാം ഒരു പ്രണയത്തിന്റെ ഭാവം തോന്നിച്ചു… ഞാൻ മെല്ലെ തിരിഞ്ഞു ശാന്തമായി ഉറങ്ങുന്ന ഹരിയേട്ടനെ നോക്കി…

എന്റെ മനസ്സിൽ ഇപ്പോൾ വിരിയുന്നത് പ്രണയത്തിന്റെ പുഷ്പങ്ങൾ തന്നെയല്ലേ…. ഞാൻ സ്വയം ചോദിച്ചുകൊണ്ട് ജനൽ ചാരിയിടാതെ കട്ടിലിനരികിലേക്ക് വന്നു… ഹരിയേട്ടനെ നോക്കി കൊണ്ട് ഒരു അരികിൽ കിടന്നു… എപ്പോഴോ കണ്ണുകൾ അടഞ്ഞ നിമിഷം ശ്രീ ഹരിയുടെ കണ്ണുകൾ തുറന്നു … പരിപൂർണ്ണമായ പ്രണയത്തോടെ ആ കണ്ണുകൾ എന്നെ നോക്കി….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *