വിവാഹം കഴിഞ്ഞിട്ട് വ൪ഷം എട്ടായെങ്കിലും പിള്ളേ൪ രണ്ട് പിറന്നെങ്കിലും എപ്പോഴും ദേഷ്യമാണ് തന്നോട്.. അവൾ ഉള്ളിൽ കരയാൻ തുടങ്ങി. ഒന്ന് ……

ആഴത്തിലറിഞ്ഞത്..

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

ബൈക്കിൽ കയറുമ്പോൾ അവളുടെ നീളമുള്ള പാവാട കുരുങ്ങി. അതുകണ്ട് അവൻ പറഞ്ഞു:

നിനക്ക് വല്ല ചൂരിദാ൪ ഇട്ടാൽപ്പോരെ?

അവൾക്ക് ദേഷ്യം വന്നു.

ഞാൻ വരുന്നില്ല…

അവൾ പിണങ്ങി.

ആ, വേണ്ട…

അവൻ ബൈക്ക് മുന്നോട്ടെടുത്തു.

അവൾ പിറകേ ഓടി.

ഗെയിറ്റിനടുത്ത് നിറുത്തിയപ്പോൾ വേഗം കയറി ഇരുന്നു. അവരുടെ കസിന്റെ കല്യാണമാണ്. രണ്ടുപേരും റിസപ്ഷന് പോകാൻ പുറപ്പെട്ടതാണ്.

വിവാഹം കഴിഞ്ഞിട്ട് വ൪ഷം എട്ടായെങ്കിലും പിള്ളേ൪ രണ്ട് പിറന്നെങ്കിലും എപ്പോഴും ദേഷ്യമാണ് തന്നോട്.. അവൾ ഉള്ളിൽ കരയാൻ തുടങ്ങി. ഒന്ന് പറഞ്ഞ് രണ്ടാമത്തെ വാക്കിൽ ഒച്ചയുയ൪ത്തും, ശകാരിക്കും. ബിസിനസ്സ് ആയാൽ ഇങ്ങനെ ആയിരിക്കും. അവൾ ആശ്വസിക്കാൻ ശ്രമിച്ചു..എപ്പോഴും ഓരോ ടെൻഷനല്ലേ..

ഇക്കാ…

അവൾ സ്നേഹപൂർവ്വം വിളിച്ചു.

ഇങ്ങക്ക് എന്നോട് കുറച്ചു ഒച്ചകുറച്ച് സംസാരിച്ചൂടെ? എപ്പോഴും മൂക്കിൻ തുമ്പത്താ ദേഷ്യം..

ഓ, പിന്നേ…

അവനപ്പോഴും കലിപ്പിലായിരുന്നു.

പിള്ളേര് കാറിൽ പെങ്ങളുടെ മക്കൾ വന്ന് വിളിച്ചപ്പോൾ പോയത് നന്നായി. അവരെങ്കിലും ഇതൊന്നും കാണാതെ കഴിഞ്ഞല്ലോ.. ഓരോ പ്രാവശ്യവും ഉമ്മാനെ ഉപ്പ ദേഷ്യപ്പെടുന്നത് കാണുമ്പോൾ അവരുടെ ഉള്ളും നീറുന്നുണ്ടാവില്ലേ..

ഡീ, നിനക്ക് കുടിക്കാൻ വല്ലതും വേണോ? അങ്ങെത്താൻ ഇനിയും സമയമെടുക്കും, നല്ല ട്രാഫിക് ബ്ലോക്കാ..

എനിക്കൊന്നും വേണ്ട… രണ്ട് നല്ല വാക്ക് മിണ്ടൂല, പിന്നെ കു ടിക്കാൻ വാങ്ങിത്തന്നിട്ടെന്തിനാ.. ഇങ്ങക്ക് വേണെങ്കി പോയ്കുടി ച്ചോ..

ആ, സൌകര്യല്ല മിണ്ടാൻ..

നീ എന്താക്കും? നിന്റെ പൊരേല് പോയി നിക്ക്വാ? പോയാലുമെനിക്കൊന്നൂല്ല..

കുറേ നേരം അവരുടെ ഇടയിൽ മൌനം നിറഞ്ഞുനിന്നു. അവൾ കണ്ണുനീർ പുറത്തേക്ക് വരാതിരിക്കാൻ പണിപ്പെട്ടു.

തിരക്കിൽപ്പെട്ട് വൈകുന്തോറും അവൻ അസ്വസ്ഥനായി. കുറച്ചു തിരക്ക് കുറഞ്ഞപ്പോൾ വണ്ടി കുതിച്ചുപാഞ്ഞുതുടങ്ങി. സ്പീഡിൽ പോകണ്ട എന്ന് പറഞ്ഞാലും ദേഷ്യം വരുമല്ലോ എന്ന് കരുതി അവൾ മിണ്ടാതിരുന്നു.

പെട്ടെന്നാണ് ഒരു വളവിൽവെച്ച് എതിരേ വന്ന ലോറി ഒരു കാറിനെ ഓവ൪ടേക്ക് ചെയ്യാൻ ശ്രമിച്ച് കയറിവന്നത്. അവന്റെ വണ്ടി പുളഞ്ഞു, ചരിഞ്ഞുവീണു. രണ്ടുപേരും തൊട്ടടുത്ത താഴ്ചയിലേക്ക് തെറിച്ചു. ആളുകൾ ഓടിക്കൂടി. എവിടെയൊക്കെയോ നീറ്റൽ, ചോര പൊടിഞ്ഞുകൊണ്ടിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന അയാളെ എടുക്കുമ്പോൾ അയാൾ അബോധാവ സ്ഥയിലെന്നവണ്ണം പറയുന്നത് അവ്യക്തമായി‌ അവൾ കേട്ടു:

അവളെ ആദ്യം രക്ഷിക്ക്, എനിക്കൊന്നുമില്ല,‌ അവളെ ഒന്ന് രക്ഷിക്ക്…

ഐസിയുന് മുന്നിൽ അയാളെ കാത്തുനിൽക്കുമ്പോൾ അവൾ മുറിഞ്ഞ നെറ്റിയിൽ ഒട്ടിച്ച ബാൻഡേജിലൂടെ കൈവിരലോടിച്ചു. തനിക്ക് അധികം പരിക്കുകളില്ലായിരുന്നു. മുട്ടിന്റെ തൊലിയുരഞ്ഞു പൊട്ടി, നെറ്റിക്കൊരു ചെറിയ മുറിവും. പക്ഷേ ഇക്കാ..

ഡോക്ടർ പുറത്ത് വന്നപ്പോൾ അവൾ പിറകേ ചെന്നു. ഡോക്ടർ പറഞ്ഞു:

കുറച്ചു ബ്ലഡ് പോയിട്ടുണ്ട്. അത് കയറ്റുന്നുണ്ട്. മറ്റ് കാര്യമായ ഫ്രാക്ച൪ ഒന്നും കാണുന്നില്ല. കുറച്ചു സമയം ഒബ്സ൪വേഷനിൽ കിടക്കട്ടെ. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അധികം ദിവസം കിടക്കേണ്ടിവരില്ല.

അവൾ ദൈവത്തിന് നന്ദി പറയുമ്പോൾ ഫോൺ റിങ് ചെയ്തു. പെങ്ങളാണ്.

എന്താടീ? ഇനിയും ഒരുങ്ങി ഇറങ്ങീലേ?

അതോ പിന്നേം വഴക്കായോ രണ്ടും? നിന്നോട് ഓനൊരു സ്നേഹോല്ലല്ലേ…

നിറഞ്ഞുവന്ന മിഴികൾ തുടച്ച് അവൾ പറഞ്ഞു: അയ്യോ, ഇത്താ..

ഇക്കാക്ക് എന്നെ ജീവനാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *