ഏത് കാര്യങ്ങളെയും പോസിറ്റീവാക്കി മാറ്റാൻ അമ്മാവന് വല്യ കഴിവാണ്. വല്യമ്മച്ചി വീണപ്പൊ സർഗം സിനിമേലെ പാട്ട് പാടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ച…..

Story written by Adam John

ഏത് കാര്യങ്ങളെയും പോസിറ്റീവാക്കി മാറ്റാൻ അമ്മാവന് വല്യ കഴിവാണ്. വല്യമ്മച്ചി വീണപ്പൊ സർഗം സിനിമേലെ പാട്ട് പാടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാരുന്നു അമ്മാവനെ പശുക്കളെ നോക്കാനേൽപ്പിച്ചേ. ആ കഥ മുന്നേ പറഞ്ഞാരുന്നു.

കറവക്കാരൻ വന്ന് പോയതിന് ശേഷം പശുക്കളെ അഴിച്ചു കെട്ടി പിണ്ണാക്ക് വേവിച്ചു കാടിവെള്ളത്തിൽ കലക്കി കൊടുത്താൽ ആദ്യത്തെ ഘട്ടം കഴിയും. വേവിക്കാനിടുന്നതിന് മുന്നെ പാതി പിണ്ണാക്കും അമ്മാവന്റെ വയറ്റിലൊട്ടും പോവും. അതൊക്കെ കഴിഞ് ഒരു പത്തരയാവുമ്പോഴേക്കും പശുക്കളുമായി പറമ്പിലോട്ട് പോവാണ് പതിവ്.

അമ്മാവൻ ഏതേലും മരത്തണലിൽ വിശ്രമിക്കും. ഓടക്കുഴലിന് പകരം ഏതേലും പുല്ലിന്റെ തണ്ടൊക്കെ വായിലേക്കിട്ട് വെറുതെ കടിച്ചോണ്ടിരിക്കും. പറങ്കിയണ്ടി സീസണാണെൽ വീണ് കിടക്കുന്ന പറങ്കിയണ്ടികളൊക്കെ പെറുക്കി കൂട്ടി വിൽക്കും.

ആ സമയങ്ങളിലൊക്കെ പശുക്കൾ കണ്ണിൽക്കണ്ടതൊക്കെ തിന്നോണ്ട് അവിടൊക്കെ അലഞ്ഞുനടക്കും. ഒരിക്കൽ പറങ്കിയണ്ടി പെറുക്കുന്നതിനിടയിൽ അലയാൻ വിട്ട പശുക്കൾ പുര മേയാൻ കൊണ്ട് വെച്ച വൈക്കോൽ മുഴുവനും തിന്നൂന്നും പറഞ്ഞോണ്ട് ആരോ വീട്ടിൽ വന്ന് പരാതി പറഞ്ഞതോടെ പറങ്കിയണ്ടി ശേഖരണം പാടെ നിന്നുപോയി.

പോവുന്ന വഴിയിലെങ്ങാനും ചക്കയോ മാങ്ങയോ എന്തിന് വാഴപ്പഴം കണ്ടാൽ പോലും അമ്മാവൻ ചെയ്യുന്നൊരു സൂത്രപ്പണിയുണ്ട്. രണ്ട് പശുക്കളെ ചേർത്ത് നിർത്തി ഒരഭ്യാസിയെപോലെ അവറ്റകൾക്ക് മേൽ ചാടിക്കേറും. എന്നിട്ട് കയ്യിൽ കിട്ടുന്ന ഒക്കേം പറിച്ചെടുക്കും. അതോണ്ടന്നെ അമ്മാവനും പശുക്കളും പോയ വഴിയിൽ ഫല വർഗങ്ങളൊ പുല്ലോ ബാക്കിയാവാറില്ല. മുകളിലുള്ളത് അമ്മാവന്റെ വയറ്റിലോട്ടും താഴെയുള്ളത് പശുക്കൾക്കുമാരുന്നല്ലോ.

ഒരിക്കലിതേപോലെ പഴുത്ത ചക്കയുടെ മണം മൂക്കിലടിച്ചപ്പോൾ പശുക്കളുടെ മോളിലോട്ട് ചാടിക്കേറിയതാരുന്നു അമ്മാവൻ. ചക്കമ്മേൽ പിടുത്തം കിട്ടും മുന്നെ ചക്ക എനിക്ക് വീഴാൻ മറ്റൊരു തെ ണ്ടിയുടെയും സഹായം വേണ്ടെന്നുള്ള മട്ടിൽ താഴെക്ക് ചാടി ചിന്നിച്ചിതറി.

പഴുത്തതായൊണ്ടന്നെ പശുക്കൾക്കും ആക്രാന്തം സഹിച്ചീല..അവറ്റകൾ ചക്ക അകത്താക്കാനുള്ള വെപ്രാളത്തിൽ രണ്ടു വശത്തേക്ക് മാറിയതോടൊപ്പം തടഞ്ഞുനിർത്താൻ ഒറ്റ മുണ്ടല്ലാതെ മറ്റൊന്നുമില്ലാത്തോണ്ട് അമ്മാവന്റെ രണ്ടുകാലും കാബറെ ഡാൻസുകാരുടെ കൂട്ട് രണ്ടുവശത്തേക്കും വിടർന്നുപോയി. പിന്നീട്‌ കുറേനാൾ അന്നനടയാരുന്നു അമ്മാവൻ..അമ്മാവന്റെ നടത്തം കണ്ട് പശുക്കളും അനുകരിക്കാനൊരു ശ്രമം നടത്തിയെങ്കിലും സാധിച്ചീല.

അന്നൊക്കെ കുട്ടികൾക്കുണ്ടാവുന്ന ചില അസുഖങ്ങൾ മാറാൻ പശുവിന്റെ കാലിനിടയിലൂടെ നടത്തിയാൽ മതിയെന്നൊരു വിശ്വാസമുണ്ടാരുന്നു. ആരെലും കുട്ടികളെ നടത്തിക്കാൻ കൊണ്ടന്നാൽ നിശ്ചിത ഫീസ് ഈടാക്കിയെ ചെയ്യത്തുള്ളൂ. അതമ്മാവനുള്ളതാണ്. ചുരുക്കിപ്പറഞ്ഞാലുണ്ടല്ലോ വൈന്നേരം വീട്ടിലേക്ക്‌ മടങ്ങുമ്പൊഴേക്കും അത്യാവശ്യം വട്ടചിലവിനുള്ള ചില്ലറത്തുട്ടുകളൊക്കെ അമ്മാവന്റെ കീശയിലുണ്ടാവും.

അന്ന് വീട്ടിൽ കാളയില്ലാരുന്നു. പുരനിറഞ്ഞു നിൽക്കുന്ന അമ്മാവന്മാർക്കൊപ്പം ഒരു കാളയെ കൂടി പോറ്റാനുള്ള ശേഷി വല്യപ്പച്ചനില്ലാഞ്ഞിട്ടാവും. അതോണ്ടന്നെ പശുക്കളെ ഇ ണ ചേർക്കാനായി കുറച്ചകലെയുള്ള വർക്കിച്ചായന്റെ വീട്ടിൽ കൊണ്ട് ചെല്ലാറാണ് പതിവ്. കാളയെയും വർക്കിച്ചായനെയും ഒരുമിച്ചു നിർത്തിയാൽ ഏതാണ് കാളയെന്നറിയാൻ കൊമ്പ് നോക്കിയാലേ പറ്റത്തുള്ളൂ. അത്രേം ഗംഭീര്യമാരുന്നു. വർക്കിച്ചായൻ കേൾക്കാതെ കാള വർക്കിന്നാണ് പലരും വിളിക്കാറുള്ളതും.

ഇ ണ ചേ രുന്നത് കാളയാണേലും അതിന്റെ ഗമ മുഴുവനും വർക്കിച്ചായനാരിക്കും. അച്ചായന്റെ മൂഡിനനുസരിച്ചാവും കാളയുടെ മൂഡും നിശ്ചയിക്കപ്പെടാ. ഭാര്യയുമായി കൊ മ്പു കോർത്ത് പരാജയം സമ്മതിച്ചോണ്ട് ഇതി കർത്താവ്യാ മൂഢനായി തിണ്ണയിലിരിക്കുകയും ആ സമയങ്ങളിൽ ഇ ണ ചേ ർക്കാൻ വരുന്ന പശുക്കളെ യാതൊരു ദയയും കൂടാതെ ഇപ്പോ പറ്റില്ല പിന്നെ വായെന്നും പറഞ്ഞോണ്ട് തിരിച്ചയക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു. കാളക്കും ഇക്കാര്യം അറിയാവോന്നറിയില്ല. ആര് വന്നാലും അച്ചായൻ പറയാതെ നിന്നിടത്തൂന്ന് അനങ്ങില്ല. അന്നൊന്നും ഇന്നത്തെപ്പോലെ മൊബൈൽ പോലുള്ള സൗകര്യങ്ങൾ ഇല്ലാരുന്നല്ലോ..അല്ലേൽ ഇപ്പോ വന്നാൽ കാളക്ക് മൂഡുണ്ടാവോന്ന് വിളിച്ചു ചോദിച്ചേനെ.

അമ്മാവൻ പശൂനേം കൊണ്ട് ചെന്ന സമയത്ത് ഭാഗ്യത്തിന് വർക്കിച്ചായൻ നല്ല മൂഡിലായിരുന്നു. കാളയും.

പശുവിനെ നേരം വണ്ണം നിർത്തിച്ചു കാളയെ അഴിച്ചു വിടാൻ നോക്കുമ്പോ ഴാണ് അമ്മാവൻ കീശയിൽ നിന്ന് താഴെപ്പോയ ചില്ലറ തുട്ടുകൾ കാണുന്നെ. അമ്മാവനതെടുക്കാനായി കുനിഞ്ഞത് വർക്കിച്ചായൻ കണ്ടില്ലാരുന്നല്ലോ. അങ്ങേരുടെ മൂഡ് മാറും മുന്നേ കാര്യം നടത്തിയെക്കാമെന്ന് കരുതി പശുവിന് നേരെ ഓടിപ്പാഞ്ഞു വന്ന കാള ലക്ഷ്യം തെറ്റി ചാടിക്കേറിയത് നാണയത്തുട്ടുകൾ പെറുക്കാൻ ശ്രമിക്കാരുന്ന അമ്മാവന്റെ പിറകിലായിരുന്നു.

നടുവെട്ടി കിടന്നപ്പോ അമ്മാവൻ പറയാണ്. ഭാഗ്യത്തിന് ഇത്രല്ലേ സംഭവിച്ചുള്ളൂ. അല്ലെങ്കിലാ പന്നക്കാളയുടെ ഗർഭം ചുമന്ന് പത്ത് മാസോം കഴിച്ചു കൂടേണ്ടി വന്നേനെന്ന്. പ്രസവം കഴിഞ്ഞാൽ കറവക്കാരനെ കൊണ്ടുള്ള ഉപദ്രവം വേറെയും.

സത്യം പറഞ്ഞാൽ ഇതൊക്കെ തന്നെയല്ലേ പോസിറ്റീവ് തിങ്കിംഗ്.
കണ്ട് പഠിക്കണം.

എന്താന്നെലും അന്നത്തോടെ ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചുമുള്ള കലാ പരിപാടികൾക്ക് അവസാനമായി. ആയീന്നല്ല വല്യമ്മച്ചി ഇടപെട്ട് നിർത്തിച്ചു എന്ന് വേണം പറയാൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *