സണ്ണിച്ചായന്റെ ഇളയ മോന് കല്യാണലോചന നടക്കുന്ന കാലം. ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടത്തിയാരുന്നേലും മിച്ചറും ലഡുവും കഴിച്ചേച്ച് മടങ്ങി…….

Story written by Adam John

വീടിന് പിറകിലൂടെ റോഡിലോട്ട് എത്താനുള്ള ഒരെളുപ്പ വഴിയുണ്ടാരുന്നേ. അതീക്കൂടെ ആളുകൾ നടന്ന് പോവുമ്പോ വല്യമ്മച്ചി അവരുടെ മുന്നിലോട്ട് ചാടി വീണ് വിശേഷങ്ങൾ ചോദിക്കുക പതിവായിരുന്നു.

എങ്ങാനും ആശുപത്രീലോട്ട് പോവുന്ന ആരെയേലുവൊക്കെ കണ്ടാൽ വല്യമ്മച്ചി എളിയിൽ തിരുകി വെച്ചേക്കുന്ന പിച്ചാത്തി എടുക്കുന്ന കൂട്ട് മരുന്നിന്റെ ചീട്ട് വലിച്ചെടുത്തോണ്ട് പറയും. ടാ കൊച്ചനെ വരുന്ന വഴിക്ക് ഇതീ കുറിച്ചേക്കുന്ന മരുന്നൂടെ വാങ്ങിച്ചെക്കണെന്ന്.

അതിപ്പോ മരുന്ന് തന്നെ ആവണോന്ന് നിർബന്ധവൊന്നും ഇല്ല. ആളുകളുടെ യാത്രാ വഴികൾ മാറുന്നതിനനുസരിച്ചു വല്യമ്മച്ചിയുടെ ആവശ്യങ്ങളും മാറിക്കൊണ്ടേ ഇരിക്കും.

പതിയെ പതിയെ വല്യമ്മച്ചിയെ പേടിച്ച് ആരും അത് വഴി പോവാതായി.

അതീ പിന്നെ വല്യമ്മച്ചി തന്നാരുന്നു റേഷൻ കടയിലോട്ടും പല ചരക്ക് കടയിലോട്ടുവൊക്കെ പോവാറുള്ളത്. പച്ചരി ഏതാന്നും പുഴുക്കലരി ഏതാന്നും അറിയാത്ത അമ്മാവനെ അയച്ചിട്ടും കാര്യവില്ലെല്ലോ.

പിന്നെ ഒള്ളത് അമ്മായിയാണ്. ഒരിക്കൽ മുട്ട് വേദന കാരണം ഒരിക്കൽ വല്യമ്മച്ചിക്ക് പകരം റേഷൻ കടയിലോട്ട് ചെന്നത് അമ്മായിയാരുന്നു. അമ്മായി മണ്ണെണ്ണ എങ്ങാണ്ടോ അധികം ചോദിച്ചത് കടക്കാരൻ ഇല്ലെന്ന് പറഞ്ഞപ്പോ അമ്മായി പറയുവാത്രേ.

തന്റെ വീട്ടീന്ന് കൊണ്ട് വരുന്നതൊന്നും അല്ലാലോ. സർക്കാര് തരുന്നതല്ലായോന്ന്. അതിന്റെ പേരില് അങ്ങേരുടെ കലിപ്പ് കൂടുകയും ഞങ്ങടെ അരി വിഹിതം കുറയുകയും ചെയ്താരുന്നു. അതീപ്പിന്നെ അമ്മായിയെ റേഷൻ കടയിലോട്ട് അയക്കത്തില്ലാരുന്നു.

അല്ലേലും അമ്മായിക്ക് ചില നേരത്ത് എന്നതാ പറയേണ്ടെന്ന് യാതൊരു ബോധവും ഉണ്ടാവത്തില്ല.

സണ്ണിച്ചായന്റെ ഇളയ മോന് കല്യാണലോചന നടക്കുന്ന കാലം. ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടത്തിയാരുന്നേലും മിച്ചറും ലഡുവും കഴിച്ചേച്ച് മടങ്ങി യെന്നല്ലാതെ ചെറുക്കന് പെണ്ണിനെ ഒന്നും കണ്ണിന് പിടിച്ചീലെന്നെ.

ഒരിക്കൽ കൂടേ പോയത് അമ്മാവനാരുന്നു. ചടങ്ങ് കഴിഞ്ഞു വന്ന നേരത്ത് എങ്ങനുണ്ടെന്ന് ചോദിച്ചപ്പോ അമ്മാവൻ പറയുവാ. മിച്ചറിന് എരിവ് പോരെന്ന്. ചായക്ക് തീരെ കടുപ്പവില്ലെന്നും.

അന്നത്തോടെ അമ്മാവനെ കൂടേ അയക്കുന്നത് നിർത്തുവേം ചെയ്തു. ഒരിക്കൽ സണ്ണിച്ചായൻ വീട്ടിലോട്ട് വന്നപ്പോ അമ്മായി പറയുവാ. പാടത്ത് കോലം വെച്ച കൂട്ടിരിക്കുന്ന അവന് ആര് പെണ്ണ് കൊടുക്കാനാ. ചെറുക്കനോട് പറ കിട്ടിയ ഏതേലും പെണ്ണിനെ കെട്ടിക്കോളാനെന്ന്. അതീ പിന്നെ സണ്ണിച്ചായൻ കുറേനാൾ വീട്ടിലോട്ട് വന്നീലാരുന്നു.

വകേലൊരു ആന്റിയുടെ വീട് കേറി താമസത്തിന് ഞങ്ങളേം ക്ഷണിച്ചാരുന്നു. ആകെയുണ്ടാരുന്നു പത്ത് സെന്റ് മുഴുവൻ വീടാക്കിയെക്കുവാരുന്നു. ചെന്ന് കേറുമ്പോ തന്നേ എന്നാ സ്വീകരണവാരുന്നെന്നോ.

വീടിനകത്തോട്ട് കൈ പിടിച്ചു കയറ്റി മുറികളൊക്കെ കാണിച്ചു തരുന്നു. വിശേഷങ്ങൾ ചോദിക്കുന്നു. എന്നാ സ്നേഹവാ. നല്ല വീടാരുന്നേ. അടുക്കള തന്നെ രണ്ടെണ്ണവുണ്ട്. അടുപ്പുള്ളത് പോരാഞ് ഗ്യാസ് കണക്ഷൻ വേറെയും.

അമ്മാവനാണെൽ എന്ത് കണ്ടാലും ടെസ്റ്റ് ചെയ്യുന്നൊരു സ്വഭാവുണ്ട്.

സോഫ സെറ്റ് കാണിച്ചപ്പോ അതീ കേറി ഇരുന്ന് കുലുങ്ങി നോക്കുക. ബെഡ്‌റൂമിലെ ബെഡേൽ കിടന്ന് നോക്കുക. അതൊന്നും പോരാഞ്ഞു

ബെഡ്‌റൂമിലെ യൂറോപ്യൻ ക്ളോസറ്റിൽ ചെന്നിരുന്നേച്ചും പറയുവാ. ഇതിലൊക്കെ ഇരുന്നേച്ച് ചുമ്മാ പത്രം വായിക്കാവെന്നല്ലാതെ കാര്യങ്ങളൊന്നും നടക്കത്തില്ലാലോന്ന്. അപ്പോ തന്നെ ആന്റി ചിരിച്ചോണ്ട് വന്ന് അതിന്റെ അടപ്പ് തുറന്നപ്പഴാ അങ്ങേര് അകത്തെ വിശാലമായ നീലത്തടാകം ദർശിച്ചത്.

മുറികളൊക്കെ ചുറ്റി നടന്ന് കണ്ട് കഴിഞ്ഞപ്പോ അമ്മായി പറയുവാ. എന്നാ മുറികൾ ഉണ്ടായിട്ടെന്നാ കറിക്കരക്കാൻ ഒരു മുറി തേങ്ങാ വേണേൽ കടയിലോട്ട് ചെല്ലണ്ടായോന്ന്. അന്നത്തോടെ അവരുടെ കാര്യത്തിലും ഒരു തീരുമാനവായെന്ന് പ്രത്യേകം പറയേണ്ടല്ലോ….

*****************

Related Posts

Leave a Reply

Your email address will not be published. Required fields are marked *