വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽത്തന്നെ ഗിരീഷ് മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു, പ്രിയക്ക് ഗിരീഷിന്റെ അടുത്ത് ഇടപഴകാൻ എന്തോ ഒരു വിമുഖതയുണ്ട്…..

ദേവഗിരി

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി

ഇതെന്താ ഈ വീടിന് ഇങ്ങനെയൊരു പേര്…?

സ്മിത ചോദിച്ചു.

അത് പിന്നെ ഞാൻ ഗിരീഷും അവൾ ദേവപ്രിയയുമായിരുന്നില്ലേ… അങ്ങനെ ഇട്ടതാ…

അതുകേട്ടപ്പോൾ സ്മിതയുടെ മുഖം ചെറുതായി മങ്ങി. അവൾ പറഞ്ഞു:

ഓ, ഞാൻ കരുതി അവൾ വെറും പ്രിയയാണെന്ന്…

ഗിരീഷ് പുഞ്ചിരിച്ചുകൊണ്ട് കാപ്പിക്കപ്പ് ടീപ്പോയിൽ വെച്ച് പേപ്പ൪വായന തുടർന്നു.

സ്മിത വിവാഹം കഴിഞ്ഞെത്തിയിട്ട് കുറച്ച് ദിവസമേ ആയുള്ളൂ. രണ്ടാം വിവാഹമായിരുന്നു. ഗിരീഷ് നഗരത്തിലെ പ്രശസ്തമായ ഒരു കമ്പനിയിൽ എഞ്ചിനീയറാണ്. ഒരു മകനുണ്ട്. അവൻ പ്രിയയുടെ കൂടെയാണ്. ഗിരീഷ് ഇടയ്ക്ക് അവനെ കാണാൻ പോകും. സ്കൂളിൽ ലീവ് കിട്ടുമ്പോൾ ഇവിടേക്ക് താമസിക്കാൻ കൂട്ടിവരാമെന്ന് പറഞ്ഞിട്ടുണ്ട്.

സ്മിത കിച്ചനിലേക്ക് നടന്നു. ഗിരീഷ് നേരത്തെ എണീറ്റ് എല്ലാം ഒരുക്കി വെച്ചിരിക്കുന്നു. ഇഡ്ഡലി, സാമ്പാ൪, ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ള ചോറ്, തോരൻ എല്ലാം… വാഷ്ബേസിനും ടോപ്പുമെല്ലാം തൂത്തുതുടച്ചിട്ടിരിക്കുന്നു. പാത്രങ്ങളെല്ലാം കഴുകിവെച്ചിട്ടുണ്ട്.

എന്തൊരു നീറ്റായ അടുക്കളയാണ്…

സ്മിത അത്ഭുതം സ്ഫുരിക്കുന്ന മിഴികളോടെ നോക്കിനിന്നു. വീടിന്നകമാവട്ടെ, പുറത്തും മുറ്റത്തുമൊക്കെയാവട്ടെ ഗിരീഷ് അത്രയും വൃത്തിയും വെടിപ്പുമായാണ് സൂക്ഷിക്കുക.

ആകെക്കൂടി കിളിക്കൂട് പോലെ മനോഹരമായ ഒരു വീട്… പിന്നെന്തിനാണ് ഗിരീഷ് പ്രിയയെ ഡൈവോഴ്സ് ചെയ്തിട്ടുണ്ടാവുക…

ചിന്തകൾ അത്രത്തോളമായപ്പോൾ ഒന്ന് ചോദിച്ചിട്ടുതന്നെ കാര്യം എന്ന് സ്മിത തീരുമാനിച്ചു.

അതേയ്… ഗിരീ… നിങ്ങളെന്തിനാ പിരിഞ്ഞത്…?

ലോണിലെ പുല്ലിനിടയിൽനിന്നും വാടിവീണ ഇലകൾ പെറുക്കിക്കളയുക യായിരുന്നു ഗിരീഷ് അപ്പോൾ. ഹോസെടുത്ത് ടാപ്പ് തുറന്ന് ചെടികളൊക്കെ നനച്ച് കൈയും കഴുകിത്തുടച്ച് ഗിരീഷ് അവളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു:

പ്രിയയും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്… നമ്മൾ തമ്മിൽ പ്രശ്നങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല..

ഗിരീഷിന്റെ നേ൪ക്കുനോക്കി ചിരികോട്ടി സ്മിത പറഞ്ഞു:

ഓ,‌ പിന്നെ… എന്നാൽപ്പിന്നെ സ്നേഹം കൂടിപ്പോയിട്ടാവും പിരിയാൻ തീരുമാനിച്ചത്…

സ്മിതയുടെ കുസൃതി കണ്ടപ്പോൾ അയാൾ ചിരിക്കുകയാണ് ചെയ്തത്.

അതൊരുതരത്തിൽ ശരിയാണെടോ… അവൾക്ക് ഞാനെന്നുവെച്ചാൽ ജീവനാ…

സ്മിത മിഴിഞ്ഞ കണ്ണുകളോടെ വാ പൊളിച്ചുനിന്നു.

ഇന്നിപ്പോൾ ഓഫീസിൽ പോകാൻ വൈകും കഥയും പറഞ്ഞുനിന്നാൽ..
രാത്രി പറയാം..

ഗിരീഷ് വെച്ച ഓഫ൪ സ്മിതക്ക് അത്ര ബോധിച്ചില്ല.

രാത്രി കഥ പറയുകയാണോ ഉണ്ടാവുക അതോ…

അ൪ദ്ധോക്തിയിൽ നി൪ത്തി പിണക്കം നടിച്ച് ഇറയത്തേക്ക് കയറിപ്പോകുന്ന സ്മിതയെ ഗിരീഷ് കൌതുകത്തോടെ നോക്കി. അവൾ എപ്പോഴും വളരെ പോസിറ്റീവ് എന൪ജി പ്രസരിപ്പിക്കുന്ന സുന്ദരിയായ പെണ്ണാണ്. കുറുമ്പും കുരുത്തക്കേടും വേണ്ടുവോളമുണ്ട് കൈയ്യിലിരിപ്പായി. എൻഗേജ്മെന്റ് കഴിഞ്ഞിട്ടും മുടങ്ങിപ്പോയ ആദ്യവിവാഹമായിരുന്നു സ്മിതയുടേത്. പക്ഷേ അതൊന്നും അവളുടെ ആത്മവിശ്വാസത്തിന് തരിമ്പും ഇളക്കം തട്ടാൻ കാരണമായിട്ടില്ല. നഗരത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചറാണ് സ്മിത. കുട്ടികളുടെ കൂടെക്കൂടി, ഇപ്പോഴും കുട്ടിയായിട്ടിരിക്കുന്ന, വളരാനിഷ്ടമില്ലാത്ത, വള൪ന്നു എന്ന് സമ്മതിക്കാത്ത മറ്റൊരു കുട്ടിയാണ് അവളിപ്പോഴും.

അവളുടെ കുട്ടിത്തമാണ് ഗിരീഷിനെ ആദ്യനോട്ടത്തിൽത്തന്നെ ആകർഷിച്ചത്. അപ്പോൾത്തന്നെ അയാൾ തീരുമാനിച്ചു, ഇവളെ തനിക്ക് വേണം. അയാളത് കണ്ടമാത്രയിൽത്തന്നെ പറയുകയും ചെയ്തു.

എനിക്ക് തന്നെ ഇഷ്ടമായി.. ഞാൻ തന്നെ വിവാഹം ചെയ്തോട്ടെ…

ഓ… പിന്നെന്താ… സമ്മതം. എന്നെ ഇടയ്ക്കിടക്ക് നാടുമുഴുവൻ ചുറ്റിക്കറങ്ങാൻ കൊണ്ടുപോയാൽ മതി.. സമ്മതിച്ചോ…?

യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്ന ഗിരീഷിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അയാൾ സമ്മതം പറഞ്ഞു. വളരെ പെട്ടെന്നുതന്നെ അവരുടെ വിവാഹവും നടന്നു. കൂടുതൽ വിവരങ്ങളൊക്കെ ഫോണിലാണ് പിന്നീട് സംസാരിക്കുന്നുണ്ടായിരുന്നത്. അപ്പോഴേ അയാൾ മനസ്സിലാക്കി തന്റെ ഇഷ്ടങ്ങൾക്കൊക്കെ കൂട്ടുനിൽക്കാനിടയുള്ള ഒരു മിടുക്കിപ്പെണ്ണാണ് സ്മിത എന്ന്. അതവൾ ശരിയാണെന്ന് ദിവസവും തെളിയിക്കുന്നുമുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗിരീഷ് അത്രയേറെ ഉന്മേഷവാനാണ്.

കുളിച്ച് ഫ്രഷായി ബ്രേക്ക് ഫാസ്റ്റും കഴിച്ച്, ടിഫിനുമെടുത്ത് ബാഗിലാക്കി കാറിലേക്ക് കയറുമ്പോൾ ഗിരീഷ് ആലോചിക്കുകയായിരുന്നു, പ്രിയയും മോനുമായുള്ള ജീവിതം..

ശാന്തമായി ഒഴുകിയിരുന്ന കുളിർമയുള്ള ഒരു നദി പോലെയായിരുന്നു അന്നത്തെയൊക്കെ ദിവസങ്ങൾ. ഓഫീസിൽനിന്നും വരുമ്പോഴേക്കും പ്രിയ ചിത്രംവരയിൽ മുഴുകിയിരിക്കുകയായിരിക്കും. ചുമരിൽ നിറയെ പ്രിയ വരച്ച ചിത്രങ്ങളാണ്. എത്രസമയം ഇരുന്നായാലും നല്ല പെർഫെക്ഷനോടെ മാത്രമേ അവൾ ചിത്രം വരക്കുകയുള്ളൂ. അതിന് അവൾ കാണിക്കുന്ന അ൪പ്പണബുദ്ധി അപാരമാണ്.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽത്തന്നെ ഗിരീഷ് മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു, പ്രിയക്ക് ഗിരീഷിന്റെ അടുത്ത് ഇടപഴകാൻ എന്തോ ഒരു വിമുഖതയുണ്ട്.. എന്താണ് അതിന്റെ പിറകിലെ കാര്യമെന്ന് എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ അവൾ പ്രഗ്നന്റായി. പിന്നീട് മകൻ ജനിച്ചതോടുകൂടി അവന്റെ ചുറ്റുമായി രണ്ടുപേരുടെയും ജീവിതം. അപ്പോഴും അകൽച്ച അവർക്കിടയിൽ കൂടിക്കൂടി വന്നു. സംസാരവും കളിയും ചിരിയും ഔട്ടിങ്ങും മറ്റെല്ലാം ഉണ്ടെങ്കിലും രാത്രി കിടക്ക കണ്ടാൽ പ്രിയ വേഗംതന്നെ കയറി കിടന്നുറങ്ങും. ഗിരീഷിനെ ഒരു തരത്തിലും അടുപ്പിക്കുകയില്ല.

ഗിരീഷാവട്ടെ അവളെ അവളുടെ പാട്ടിനു വിട്ടു. മാറ്റം വരുമായിരിക്കും എന്ന് ചിന്തിച്ച് സമാധാനിച്ചു. പക്ഷേ അവർക്കിടയിലെ അകലം അങ്ങനെതന്നെ തുടർന്നു. മകന് എട്ടുവയസ് ആയപ്പോഴാണ് ഒരു ദിവസം ഗിരീഷ് രണ്ടും കൽപ്പിച്ച് വിശദമായി സംസാരിക്കുന്നത്. അന്ന് അവൾ ആദ്യംതന്നെ ഉത്തരമായി പറഞ്ഞത് നമുക്ക് പിരിയാം എന്നാണ്…

ഞാനിത് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു, ഗിരീഷിന് വേറൊരു വിവാഹം ചെയ്തുകൂടെ…?

അവൾ കണ്ണിലൂടെ ഒഴുകിക്കൊണ്ടിരുന്ന നീർമണികൾ തുടച്ചെറിഞ്ഞ് പെട്ടെന്നുതന്നെ അത് പറഞ്ഞുതീർത്തു. ഗിരീഷ് ചോദിച്ചു:

എന്താ കാര്യം എന്ന് പറയൂ.. നമുക്ക് ഒരു ഡോക്ടറെ കാണാം.

അവൾ അതിനൊരുക്കമായിരുന്നില്ല.പിന്നെ എല്ലാം പെട്ടെന്ന് തന്നെ നടന്നു. മകന്റെ കാര്യങ്ങളൊക്കെ കൃത്യമായി നോക്കുന്ന ഒരു അമ്മയായതുകൊണ്ട് ഒട്ടുംതന്നെ ടെൻഷൻ തോന്നിയില്ല അവനെയോ൪ത്ത്. എപ്പോഴൊക്കെ തനിക്ക് അവനെ കാണണമെന്ന് തോന്നിയാലും പോകാനുള്ള സമ്മതം ഉണ്ടായിരുന്നു. അതുപോലെ അവന്റെ സ്കൂളിൽ അവധി വരുമ്പോഴൊക്കെ താൻ കൂട്ടിക്കൊണ്ടുവന്ന് കൂടെ നിർത്തുമായിരുന്നു. അവനും അച്ഛനും അമ്മയും രണ്ടിടത്താണല്ലോ എന്നതൊന്നും അത്ര ബാധിച്ചിട്ടില്ല. അവളുടെ വീട്ടിൽ അവളുടെ അനിയത്തിയും മക്കളും ഉണ്ട്. അനിയത്തിയുടെ ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് അവരെല്ലാം കൂട്ടുകുടുംബംപോലെ ഒരേ വീട്ടിൽ ആണ് താമസിക്കുന്നത്. അച്ചാച്ചനും അമ്മമ്മയും കൂടെ ഉള്ളതുകൊണ്ട് മകനും വളരെയധികം സന്തോഷിച്ചിട്ടാണ് എപ്പോഴും.

പെട്ടെന്ന് തനിച്ചായി പോയത് താൻ മാത്രമാണ്. ഒരു വർഷം എടുത്തു മറ്റൊരു വിവാഹത്തിലേക്ക് എത്തിച്ചേരാൻ. സ്മിതയെ കണ്ടതും പിന്നീട് ഒന്നും ആലോചിച്ചില്ല. തനിക്കും വേണ്ടേ ഒരു ജീവിതം എന്ന് ചിന്തിക്കാൻ തുടങ്ങിയിരുന്നു.

ഓഫീസിൽ എത്തിയിട്ടും ഗിരീഷിന് പ്രിയയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽനിന്നും ഇറങ്ങിപ്പോയില്ല. ജോലിത്തിരക്കിൽ മുഴുകുമ്പോഴും പ്രിയയെ ഒന്ന് കാണണമെന്ന തോന്നൽ കലശലായി. ഉച്ചയ്ക്ക് ലീവ് എഴുതിക്കൊടുത്ത് അയാൾ കാറുമെടുത്ത് പ്രിയയുടെ അടുത്തെത്തി. അവൾ പതിവുപോലെ വരയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ അച്ഛൻ വരാന്തയിൽ ചാരുകസേരയിൽ കിടക്കുന്നുണ്ടായിരുന്നു. കാറിന്റെ ശബ്ദംകേട്ട് അയാൾ കണ്ണുതുറന്നു. അകത്തെ മുറിയുടെ ജനലിനരികിൽ പ്രിയ കൈയ്യിൽ ബ്രഷുമായി നോക്കിനിൽക്കുന്നുണ്ടായിരുന്നു. അമ്മ വന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു.

സ്മിത അങ്ങെത്തിയോ…?

അവളുടെ അമ്മ ചോദിച്ചു.

സ്മിതയോ..?

ഗിരീഷ് അവരുടെ രണ്ടുപേരുടെയും മുഖത്ത് മാറിമാറി നോക്കി.

അവൾ വന്നിട്ടുണ്ടായിരുന്നു…അല്പം മുമ്പ്.. ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ…

അമ്മ പറഞ്ഞു.

പിന്നീട് അവിടെ നിൽക്കാനോ പ്രിയയോട് സംസാരിക്കാനോ അയാൾക്ക് സാധിച്ചില്ല..

മോനെ കാണാൻ പിന്നീട് വരാം..

ഒരു നിമിഷം മൗനംപൂണ്ടുനിന്നതിനുശേഷം അയാൾ പുറത്തേക്കിറങ്ങി, പെട്ടെന്ന് കാറും എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.

എന്തിനായിരിക്കും സ്മിത പ്രിയയെ കാണാൻ വന്നിട്ടുണ്ടാവുക… അവർ തമ്മിൽ എന്തൊക്കെയായിരിക്കും സംസാരിച്ചിട്ടുണ്ടാവുക… ഇപ്പോൾ സ്മിതയുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം എന്തായിരിക്കും? പ്രിയയുടെ മുഖത്ത് കണ്ട വിഷാദത്തിന്റെ അ൪ത്ഥമെന്തായിരിക്കും…

ഗിരീഷ് ആകെ അസ്വസ്ഥനായി.

ഗിരീഷ് വീട്ടിലെത്തി കാർ പോർച്ചിൽ ഇട്ട് അകത്തേക്ക് കയറുമ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. സ്മിത എവിടെപ്പോയി എന്ന് നോക്കാൻ ബെഡ്റൂമിലേക്ക് കയറുമ്പോൾ അവൾ വാഷ് റൂമിൽനിന്നും ഇറങ്ങി വരികയായിരുന്നു.

എന്തിനാ പ്രിയയുടെ വീട്ടിൽ പോയത്..?

മുഖവുര ഒന്നുമില്ലാതെ ഗിരീഷ് ചോദിച്ചു.

ഒന്നു കാണണമെന്നുതോന്നി അവരെ… പിന്നെ മോനെ ഇവിടെ കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുന്നുണ്ടെങ്കിൽ അവന്റെ കാര്യങ്ങളും ഒക്കെ ഒന്ന് നേരത്തെ ചോദിച്ചറിഞ്ഞ് എല്ലാം ഒരുക്കിവെക്കാല്ലോ എന്നും കരുതി…
അതാ..

സ്മിത നിഷ്കളങ്കമായി പറഞ്ഞു. ഗിരീഷിന് അവളോട് ദേഷ്യപ്പെടാനൊന്നും തോന്നിയതുമില്ല. കുറച്ചുനേരം ഗിരീഷ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ പറഞ്ഞു:

നന്നായി… ഏതായാലും നിങ്ങൾ രണ്ടുപേരും ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ..

അയാൾ വേഗം കുളിക്കാനായി ബാത്റൂമിലേക്ക് കയറി. ഷവറിന്റെ അടിയിൽ നിൽക്കുമ്പോൾ അയാളുടെ കണ്ണുകൾ ഈറനായി. എന്തുകൊണ്ടോ അയാളുടെ ഉള്ളിൽ ഒരു കനത്ത വിഷാദം വന്നു പൊതിഞ്ഞുനിന്നു. കുളികഴിഞ്ഞ് ഡ്രസ്സ് ധരിച്ച് ഇറയത്ത് വന്നിരുന്നപ്പോൾ സ്മിത ഒരു കപ്പ് കാപ്പിയുമായി അയാളുടെ അടുത്തുവന്ന് കപ്പ് നീട്ടി.

അയാൾ അത് വാങ്ങിക്കൊണ്ട് ചോദിച്ചു:

നീ കുടിച്ചോ…?

എനിക്ക് പ്രിയയുടെ അമ്മ നല്ല കാപ്പി ഇട്ടുതന്നു.. ചൂടോടെ വടയും തന്നു. മോൻ വൈകുന്നേരം വരുമ്പോഴേക്കും ഉണ്ടാക്കിയതാ എന്ന് പറഞ്ഞു..

സ്മിത അയാളുടെ തൊട്ടടുത്തിരുന്ന് മുടിയിൽ ഒക്കെ വിരലോടിച്ചുകൊണ്ട് പറഞ്ഞു:

നിങ്ങൾ രണ്ടുപേരും എത്ര മനോഹരമായി ജീവിച്ചവരാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്… എന്ത് ബഹുമാനമാണ് പ്രിയക്ക് ഗിരീഷിനോട്…

ഗിരീഷിന് സ്മിതയുടെ കണ്ണിലേക്ക് നോക്കാൻ മടി തോന്നി. അയാൾ അകലങ്ങളിലേക്ക് നോക്കി കാപ്പിക്കപ്പ് ചുണ്ടോട് ചേ൪ത്തു.

അവിടെ നടന്ന സംഭാഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ ഗിരീഷിന് ആഗ്രഹമുണ്ട്. അതൊക്കെ പറയാൻ സ്മിതക്കും താത്പര്യമുണ്ട്. പക്ഷേ അവരുടെ ഇടയിൽ മൗനം തളംകെട്ടിക്കിടന്നു. കുറച്ചുനേരത്തെ ഇടവേളക്കുശേഷം സ്മിതതന്നെ തുടക്കമിട്ടു:

ഞാൻ പ്രിയയോട് ചോദിച്ചു… എന്തായിരുന്നു പ്രിയക്കും ഗിരീഷിനും ഇടയിലുള്ള പ്രശ്നമെന്ന്… എന്തിനാണ് നിങ്ങൾ പിരിഞ്ഞതെന്ന്… പ്രിയ ഒന്നും തന്നെ പറഞ്ഞില്ല…

ഗിരീഷിൽനിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.

എന്നിട്ട്…? അയാൾ ചോദിച്ചു.

പ്രിയയുടെ അമ്മയാണ് പറഞ്ഞത്, പ്രിയയുടെ ജീവിതത്തിൽ ചെറുപ്പത്തിൽ എന്തോ ചിലത് സംഭവിച്ചിട്ടുണ്ട് എന്ന്. അതെന്താണെന്ന് അവൾ അമ്മയോട് കൂടി പറഞ്ഞിട്ടില്ല.. ചില ദിവസങ്ങളിൽ അവൾ കനത്ത മൗനത്തിലേക്കാണ്ടുപോകും…

ഞാൻ ഒന്നുകൂടി പ്രിയയെ നിർബന്ധിച്ചു… എന്താണ് പ്രശ്നം എന്ന് പറഞ്ഞാൽ അത് പരിഹരിക്കാൻ ഞാൻ കൂടെ നിൽക്കാം… ഡോക്ടറെയോ മറ്റോ കാണേണ്ടതാണെങ്കിൽ ഞാനും കൂടെ വരാം എന്ന് പറഞ്ഞു…

ഗിരീഷിന്റെ മുഖത്ത് ഉദ്വേഗം വന്നുനിറഞ്ഞു. അയാൾ സ്മിതയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് പറഞ്ഞു:

അതുവേണം സ്മിതാ… നന്നായി നീ അങ്ങനെ പറഞ്ഞത്.. നിനക്ക് അവളെ ഒരു ഡോക്ടറെ കാണിക്കാൻ സാധിച്ചാൽ വളരെ വലിയ കാര്യമായിരിക്കും…

സ്മിത പറഞ്ഞു:

പക്ഷേ പ്രിയയുടെ മറുപടി എന്നെ എല്ലാറ്റിൽനിന്നും പിന്തിരിപ്പിച്ചു കളഞ്ഞു…

എന്താ അവൾ പറഞ്ഞത്…?

ഗിരീഷ് ആവേശത്തോടെ ചോദിച്ചു.

എനിക്ക് എല്ലാം ഭേദമായാൽ.. ഞാനൊരു സാധാരണ സ്ത്രീയായാൽ…
എനിക്ക് ഗിരീഷിനെ തിരിച്ചുതരാൻ സ്മിതക്ക് സാധിക്കുമോ…?

പ്രിയയുടെ ആ ചോദ്യം സ്മിത ആവർത്തിച്ചു.

ഗിരീഷിന്റെയും സ്മിതയുടെയും കണ്ണുകൾ ഒരേസമയം നിറഞ്ഞുതുളുമ്പി..

സ്മിത വന്ന് അയാളെ വാരിപ്പുണ൪ന്നുകൊണ്ട് മന്ത്രിച്ചു:

അതുമാത്രം എനിക്ക് സാധിക്കുകയില്ലല്ലോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *