ശങ്കരേട്ടാ …സത്യമാണോ ഞാനീ കേൾക്കുന്നത് ? അപ്പോൾ നമ്മുടെ പാറുവിന്റെ കുഞ്ഞു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ? അതും പെണ്കുഞ്ഞു……

മകൾ

എഴുത്ത്:- ഭാവനാ ബാബു

എന്തൊക്കെയാണ് തൊട്ടു മുൻപ് സംഭവിച്ചത് ? സത്യമോ ?മിഥ്യയോ ? മനസ്സ് വളരെ അസ്വസ്ഥമാകുന്നു . ഡ്രൈവിങ്ങിൽ ശ്രദ്ധിയ്ക്കാൻ കഴിയുന്നില്ല . പുറത്തു നല്ല മഴപെയ്യുന്നുണ്ട് . ഗ്ലാസ്സിലൂടെ തെന്നിത്തെറിയ്ക്കുന്ന മഴത്തുള്ളികൾ കാഴ്ചയെ മറയ്ക്കുന്നു . എവിടെ എങ്കിലും കാർ സൈഡ് ആക്കണം . താങ്ങാനാകാത്ത ഹൃദയഭാരം …വീണ്ടും പെയ്തൊഴിയാതെ ഒരു നശിച്ച മഴയും ……

വീട്ടിലേയ്ക്കുള്ള യാത്ര പതിവുള്ളതാണ് ….ഡ്രൈവിംഗ് ഇഷ്ടമുള്ളതുകൊണ്ട് അതും തനിച്ചു തന്നെയാണ് . ആദ്യമൊക്കെ സുധിയേട്ടന് എന്റെ ഡ്രൈവിംഗ് ഒരു പേടിസ്വപ്നം തന്നെയായിരുന്നു . എന്നാൽ ഇടയ്ക്കിടെയുള്ള അദ്ദേഹത്തിന്റെ ബിസിനസ് ടൂറുകൾ എന്റെ ഈ ഒറ്റയ്ക്കുള്ള കാറിൽ പോക്കിന് മൗനാനുവാദം ആയിരുന്നു ….അങ്ങനെയാണ് ഞാൻ എന്റെ വീട്ടിൽ എത്തിയത് ….

വീട്ടിൽ എത്തിയപ്പോൾ പതിവുപോലെ കതകുകളെല്ലാം മലർക്കെ തുറന്നിട്ടിരിയ്ക്കുന്നു . താഴത്തെ നിലയിൽ ആദ്യത്തേത് തന്നെയാണ് അച്ഛന്റെ റൂം …പതിവില്ലാതെ മുറിയുടെ വാതിൽ അല്പം ചാരിയിട്ടിരിയ്ക്കുന്നു ..ഹോംനഴ്സ്‌ ഇൻജക്ഷൻ എടുക്കുകയാകും എന്നു കരുതി പുറത്തുതന്നെ നിന്നു …അച്ഛനിപ്പോൾ കാൻസർ ആണ് …എന്നാലും അതിന്റെ വിഷമമൊന്നും ആ മുഖത്തില്ല …ആ മനക്കരുത്തു അപാരം തന്നെ . വാട്ട് സ് ആപ്പിൽ സുധിയേട്ടൻ അയച്ച വീഡിയോസ് നോക്കുമ്പോഴാണ് പെട്ടെന്ന് അമ്മയുടെ ശബ്ദം ഉയർന്നത് …ഉറക്കെ ആയിരുന്നു അമ്മയുടെ സംസാരം ….

” ശങ്കരേട്ടാ …സത്യമാണോ ഞാനീ കേൾക്കുന്നത് ? അപ്പോൾ നമ്മുടെ പാറുവിന്റെ കുഞ്ഞു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ? അതും പെണ്കുഞ്ഞു ?”……

“അതേ …ദേവൂ ….ഉണ്ട് …അവൾ ഇപ്പോൾ കോട്ടയത്തുള്ള സെന്റ് .ജൂഡ് ഓർഫനേജിലാണ് . ഇതുവരെ ഈ രഹസ്യം എനിയ്ക്കും ഡ്രൈവർ വാസുവിനും മാത്രമേ അറിയൂ ..ഇപ്പോൾ നിനക്കും ….ഇതൊരിയ്ക്കലും നമ്മുടെ പാറു അറിയരുത് ….”

“അതെങ്ങനെയാ ഏട്ടാ , ബാഗ്ലൂരിൽ അവൾ പ്രസവിച്ച കുഞ്ഞു കോട്ടയത്ത് എത്തിയത് …നമ്മൾ എറണാകുളത്തല്ലേ താമസിയ്ക്കുന്നത് “?

“അത്ര വിശദമായിട്ടൊന്നും നീ അറിയേണ്ട ..അതൊക്കെ ഒരു രഹസ്യമാണ് “…

“പറയു ശങ്കരേട്ടാ …ഇത്രയും പറഞ്ഞല്ലോ അതും കൂടി പറയൂ “

“അതേ ..അച്ഛാ …അമ്മയുടെ ചോദ്യത്തിന് ഉത്തരം നൽകൂ , എന്തായാലും എന്റെ കുഞ്ഞിന്റെ കഥ എനിയ്ക്കു അറിഞ്ഞേ മതിയാകൂ . അത് ആദ്യം അറിയേണ്ടത് ഞാനാണ് . മരിച്ചുപോയെന്നു അച്ഛൻ വിശ്വസിപ്പിച്ച എന്റെ പൊന്നുമോൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ? എന്തിനാ അച്ഛാ എന്നോടിത് ചെയ്തത് ? ഞാൻ അവളെ പൊന്നുപോലെ വളർത്തുമായിരുന്നല്ലോ ? അവളെ ഏതോ അനാഥാലയത്തിലേക്ക് വലിച്ചെറിഞ്ഞിരിയ്ക്കുന്നു “.

“പാറു .മോളെ …അത് …ആ സാഹചര്യം .. അല്ല …നീ എപ്പോൾ വന്നു ? ‘അമ്മ പറഞ്ഞത് മുഴുവൻ കേട്ടുവോ നീ “?

“ഞാൻ വന്നിട്ട് കുറച്ചു നേരമായി …അതൊക്കെ പോട്ടെ , എവിടെ അച്ഛാ എന്റെ മോൾ ? എനിയ്ക്ക് അറിഞ്ഞേപറ്റൂ ..പറയൂ ..പറയാൻ “? എന്റെ അലർച്ചയിൽ അച്ഛനൊന്നു പതറിയോ ?

“അതൊന്നും നീയറിയേണ്ട …ഇന്ന് നിനക്കൊരു നല്ല കുടുംബമുണ്ട് . സുധീറിന്റെ സ്നേഹമുണ്ട് . ചിന്നുമോളുടെ വാത്സല്യവും . കഴിഞ്ഞതൊക്കെ നിന്റെ ഭൂതകാലത്തിന്റെ വൃത്തികെട്ട ഏടുകൾ മാത്രം …അതിനു പുറകെ നീയിനി പോകേണ്ട “…

“ഇല്ല അച്ഛാ ….എന്റെ കുഞ്ഞിനെ എനിയ്ക്കു വേണം ..ആ ചോരയെ എവിടെ ആണെങ്കിലും ഞാൻ കണ്ടെത്തും “…

“വേണ്ട പാറു …അബദ്ധമൊന്നും കാണിയ്ക്കരുത് …ശാന്തമായി നീങ്ങുന്ന നിന്റെ ജീവിതം ഇല്ലാതാകും “

“ഇല്ല അച്ഛാ ….ഞാൻ അവളെ കാണാൻ പോകും …ഈ ഭൂമിയുടെ ഏതു അറ്റത്താണെങ്കിലും “കണ്ണീരുകൊണ്ട് കാഴ്ചകൾ മങ്ങിയെങ്കിലും എന്റെ മനസ്സ് ആ പേര് ഉരുവിട്ട് കൊണ്ടിരുന്നു ” സൈന്റ്റ് .ജൂഡ് ഓർഫനേജ് “….

അച്ഛൻ പിന്നെയും എന്തൊക്കെയോ ഉറക്കെപ്പറയുന്നുണ്ടായിരുന്നു . ഒന്നും കേൾക്കാതെ ഞാൻ ഓടിമറഞ്ഞു .എന്റെ ആ നശിച്ച ഭൂതകാലത്തിന്റെ ഓർമ്മകൾ മനസ്സിലേയ്ക്ക് എത്തി ….ഇതുപോലെ ഒരു നശിച്ച മഴ അന്നും ….

സെബാനെ പണ്ടുമുതലേ എനിയ്ക്കു ഇഷ്ടമായിരുന്നു . അച്ഛന്റെ കൂട്ടുകാരനായ ഫിലിപ്പ് അങ്കിളിന്റെയും , മോളിയാന്റിയുടെയും ഒരേ ഒരു മകൻ . എന്റെ ഒരേയൊരു കളിക്കൂട്ടുകാരൻ . കണ്ണാരം പൊത്തിയും , മണ്ണപ്പം ചുട്ടും കളിച്ച ആ നല്ല ഓർമ്മകൾ . എനിയ്ക്കുവേണ്ടി മാങ്ങ പറിയ്ക്കാൻ എന്തും സഹിച്ചു പുളിയുറുമ്പുകളുടെ കടി കൊള്ളുന്നവൻ ….ഒടുവിൽ ആ മാങ്ങ എനിയ്ക്കായി നീട്ടുമ്പോൾ കണ്ണുകളിൽ എനിയ്ക്കായി നിഴലിച്ചിരുന്ന അവന്റെ സ്നേഹം . പതിനാറാം വയസ്സിൽ അവർ ജീവിതം അമേരിക്കയിലേയ്ക്ക് പറിച്ചുനടുമ്പോൾ എന്റെ സുഹൃത്തിന്റെ ആ വേർപാട് എന്നെ നൊമ്പരപ്പെടുത്തി ….ഇടയ്ക്കു നാട്ടിലേയ്ക്ക് വിരുന്നുകാരെപ്പോലെ വരുന്ന അവർ ഞങ്ങളുടെ വീട്ടിലാണ് തങ്ങുന്നത് …അവരോട് ഞങ്ങൾക്ക് വളരെ സ്നേഹമായിരുന്നു ….എപ്പോഴോ അത് സെബാനോടുള്ള പ്രണയമായി മനസ്സിൽ മുളപൊട്ടി ….ഒരു മഴയുള്ള രാത്രി ഈ പ്രണയം അവനിലേയ്ക്ക് അലിഞ്ഞു ചേർന്നു …..സ്വയം മറന്നുള്ള എന്റെ പ്രണയത്തിന്റെ വേലിയേറ്റം ……

മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഞാൻ പിന്നെ അവന്റെ മുന്നിലേയ്ക്കുപോയതു …..അവൻ മുറിയിൽ മൊബൈലിൽ എന്തോ നോക്കുക യാണ് ….പിന്നിലൂടെ മിണ്ടാതെ ചെന്ന് അവന്റെ കണ്ണുകൾ പൊത്തി ….

“ഹോ പാറു …..നിന്റെ കുട്ടിക്കളി ഇതുവരെ മാറിയില്ലേ , സ്റ്റുപ്പിഡ് കൺട്രി ഗേൾ “……..

അവന്റെ വാക്കുകൾ എന്നെ നോവിച്ചു
“എന്താ സെബാനെ ഇങ്ങനെ ? നീ പഴയതൊക്കെ മറന്നുവോ “?

“പിന്നേ …..അതൊക്കെ ചൈൽഡ് ഹുഡ് മെമ്മറീസ് ഒൺലി “…..

“ഓഹ് …..ശരി ഇംഗ്ലീഷുകാരാ സമ്മതിച്ചു …പിന്നെ …നീ എന്നാ അങ്കിളിനോടും , ആന്റിയോടും നമ്മുടെ മാരിയേജിനെ പറ്റി പറയുന്നത് ? എനിയ്ക്ക് എന്തോ പേടി …ഞാൻ എങ്ങാനും പ്രെഗ്നന്റ് ആയാലോ “?

” ഛെ ……..ബുൾഷിറ് , പ്രെഗ്നൻന്റോ ? അപ്പോൾ സേഫ് പീരിഡ് അല്ലായിരുന്നോ ? ഹോ ഗോഡ് മൈ മിസ്റ്റേക്ക് . ഇതു കേരളമല്ലേ ? കാമുകനൊപ്പം കിടന്നു വയറും വീർപ്പിച്ചു കണ്ണീരും ഒലിപ്പിച്ചു നടക്കുന്ന ഒന്നിനും കൊള്ളാത്ത പെമ്പിള്ളേർ …എനിയ്ക്കു ഇതൊക്കെ ജസ്റ്റ് ടൈം പാസ് …പ്രെഗ്നന്റ് എങ്ങാനും ആയാൽ യു ജസ്റ്റ് അബോർട് …ഓക്കേ …”

അവന്റെ വാക്കുകൾ കേട്ട് ഞാനാകെ ഞെട്ടി . സെബാൻ ആളാകെ മാറി . അതോർക്കാതെ ഞാനെന്റെ പവിത്രമായ സ്നേഹം ഇവന്റെ കാൽക്കൽ അടിയറ വച്ചു .ഇവന്റെ കണ്ണിൽ ഞാൻ അവന്റെ സുഖം തീർത്ത വെറുമൊരു ഉപകരണം

“അപ്പോൾ നിനക്ക് എന്നോട് ഒരു തരിമ്പുപോലും സ്നേഹമില്ലേ ? ഒരു താലി അതുമാത്രം അണിയിക്കുമോ ഈ കഴുത്തിൽ “?

“സോറി പാറു താലിയോ ? നോ വേ ….എനിയ്ക്ക് ലൈഫ് എന്ജോയ് ചെയ്യണം . നിന്നെപ്പോലൊരു തൊട്ടാവാടിയെ ഞാൻ എന്തായാലും എന്റെ ബെറ്റെർഹാൾഫ് ആക്കില്ല .സോറി “

ഇനിയും അവിടെ നിൽക്കുന്നതിൽ അർഥമില്ലെന്നു തോന്നി …എന്നോട് തന്നെ അറപ്പും വെറുപ്പും തോന്നിയ നിമിഷങ്ങൾ …….ഞാൻ അവിടെ നിന്നും നടന്നു …….റൂമിലെത്തി കുറേ കരഞ്ഞപ്പോൾ ഒരാശ്വാസം …….അതുകഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സെബാനും കുടുംബവും തിരിച്ചുപോയി …….ആ യാത്ര കാണാൻ ഞാൻ പോയില്ല .

ഞാൻ ഭയന്നതു തന്നെ സംഭവിച്ചു . അവന്റെ ആ വിത്ത് എന്റെ ഉദരത്തിൽ ആരോരുമറിയാതെ മുളപൊട്ടിയിരിയ്ക്കുന്നു . തന്തയില്ലാത്ത ഒരു കുഞ്ഞിന്റെ …..അച്ഛനും അമ്മയും മാറിമാറി ചോദിച്ചു ഇതിന്റെ ഉത്തരവാദി ആരെന്നു . ഞാൻ മൗനം പാലിച്ചു …….ഈ കുഞ്ഞിനെ വളർത്തണം എന്റെ തീരുമാനത്തിനു മുന്നിൽ അച്ഛൻ കീഴടങ്ങി .അങ്ങനെയാണ് ബാങ്ക്ലൂരിൽ ഉള്ള ഞങ്ങളുടെ ഒരു ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്തത് . കുഞ്ഞിനോട് കിന്നാരം പറഞ്ഞു ഉറങ്ങിയ രാവുകൾ . ഒരു അമ്മയുടെ മാറ്റം ഞാൻ അറിയാതെ ഉണരുകയായിരുന്നു . ഒടുവിൽ ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഞാൻ പ്രസവിച്ചു . പക്ഷെ കുഞ്ഞു മരിച്ചു …..ആദ്യമൊന്നും എന്റെ മനസ്സ് ആ സത്യം ഉൾക്കൊണ്ടില്ല . പതിയെ അതൊരു സത്യമായി .

പിന്നെയും ഒരു വര്ഷം കഴിഞ്ഞു .ഓർമ്മകൾക്ക് മേൽ മറവിയുടെ പുതപ്പണിഞ്ഞു . സെബാൻറെ ആസിഡന്റും പെട്ടെന്നുള്ള മരണവും അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് . കേട്ടപ്പോൾ മനസ്സിലൊരു വിങ്ങൽ . കുറച്ചു കഴിഞ്ഞപ്പോഴാണ് സുധിയേട്ടന്റെ ആലോചന വന്നത് . മനസ്സാകെ മരവിച്ചിരുന്നു . ഒരു യന്ത്രപ്പാവയെന്നോണം ഞാൻ സുധിയേട്ടന് താലികെട്ടാനായി കഴുത്തുനീട്ടി …

ആ സ്നേഹത്തിനുമുന്നിൽ ഞാൻ അറിയാതെ ആ പഴയ പാറു ആവുകയായിരുന്നു . വീണ്ടും മോഹിപ്പിയ്ക്കുന്ന പ്രണയം എന്റെ ജീവിതത്തിലേയ്ക്ക് വന്നെത്തി . വീണ്ടും മഴയെ പ്രണയിക്കാൻ തുടങ്ങിയ രാവുകൾ …..എങ്കിലും വിധിയുടെ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു .

കല്യാണം കഴിഞ്ഞു ഒന്നരവർഷം കഴിഞ്ഞിട്ടും ഒരു അമ്മയാകാനുള്ള എന്റെ മോഹം മാത്രം പൂവണിഞ്ഞില്ല .ടെസ്റ്റുകൾക്കു ശേഷമാണ് ആ റിസൾട്ട് . സുധിയേട്ടന് ഒരിയ്ക്കലും ഒരച്ഛനാകാൻ കഴിയില്ല . ആ മാറോടു ചേര്ന്നു ഒരുപാട് കരഞ്ഞു . വിഷാദം മുറ്റിയ എന്റെ ആ രൂപം അദ്ദേഹത്തിനെ തളർത്തി . അങ്ങനെയാണ് എറണാകുളത്തെ എ . ജെ .ഓർഫനേജിൽ നിന്നും ചിന്നൂട്ടിയെ ഞങ്ങൾ ദത്തെടുത്തത് . അന്ന് അവളുടെ പേര് ‘ഏഞ്ചൽ മേരി ‘ എന്നായിരുന്നു . പിന്നീട് അവൾ ഞങ്ങളുടെ ചിന്നൂട്ടി ആയി . ഇന്ന് അവളാണ് ഞങ്ങളുടെ ലോകം . അവളെ എനിയ്ക്കു സമ്മാനിച്ച സുധിയേട്ടന്റെ ചിന്നൂസ് …

ഇപ്പോൾ ജീവിതം സന്തോഷത്തിലാണ് . എങ്കിലുമീ രഹസ്യത്തിന്റെ ഭാരം കഠിനമാണ് . എന്റെ മോൾ ഇപ്പോൾ എവിടെയാകും ? ആരെങ്കിലും അവളെ ദത്തെടുത്തിട്ടുണ്ടാകുമോ ? അയ്യോ ? ഇല്ല ഓരോ ദുർചിന്തകൾ . മറ്റന്നാൾ സുധിയേട്ടൻ ബാംഗളൂരിൽ പോകുകയാണ് . അന്ന് മോളെയും നഴ്‌സറി യിലാക്കി പോയി വേഗം തിരിച്ചുവരാം .

വീട്ടിലേയ്ക്കുള്ള യാത്രയിൽ ഒരിയ്ക്കലും കാണാത്ത മകളെ കുറിച്ചുള്ള നിറമുള്ള സങ്കൽപ്പങ്ങൾ ആയിരുന്നു . അവളെ കണ്ടെത്തിയാൽ എന്തു ചെയ്യുമെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം മാത്രം കണ്ടെത്തിയില്ല

“എന്താടോ താൻ വലിയ ചിന്തയിൽ ആണല്ലോ , മോൾ ഉറങ്ങിയോ ? താൻ കിടക്കുന്നില്ലേ ?”

“അവൾ ഉറങ്ങി ഏട്ടാ , നമുക്കും കിടക്കാം ….അല്ല , മറ്റന്നാൾ ബാങ്ക്ലൂർക്കു പോകുന്നുണ്ടോ “?

“പോകേണ്ടതാണ് , എനിയ്ക്കു ഇപ്പോൾ തന്നെയും മോളെയും പിരിഞ്ഞു ഒരു നിമിഷം വയ്യെടോ , ഞാനീ യാത്ര കാൻസൽ ചെയ്താലോ “?

“ഏയ് ……അതൊന്നും വേണ്ട . ഏട്ടൻ പൊയ്ക്കോളൂ . ഞാൻ ഉണ്ടെല്ലോ അവളെ നോക്കാൻ പിന്നെന്താ “?

“ആഹാ , താൻ ആളാകെ മാറിയല്ലോ , അല്ലെങ്കിൽ തനിയ്ക്കാണ് ഞാൻ പോകുന്നതിൽ പരാതിയും , പരിഭവവും .”

ഞാൻ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ് ആക്കി . എവിടെയോ ഒരു കുറ്റബോധത്തിന്റെ പിടച്ചിൽ .

രണ്ടുദിവസം കഴിഞ്ഞു ഏട്ടൻ ബാംഗ്ലൂരിലേക്ക് പോയി . മോളെ നഴ്സറി യിൽ ആക്കി ഞാൻ ഓർഫനേജിലേയ്ക്ക് ലക്‌ഷ്യം വച്ചു ഡ്രൈവ് ചെയ്തു .

രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഞാൻ സൈന്റ്റ് .ജൂഡ് ഓർഫനേജിൽ എത്തി . പെർമിഷൻ വാങ്ങി ഉള്ളിൽ കയറി . മുറ്റത്തു നിറയെ കുട്ടികൾ . ഈ കൂട്ടത്തിൽ എവിടെയോ ഉണ്ട് ഞാൻ തേടുന്ന ആ മുഖം . ഒരിയ്ക്കൽ പറിച്ചെറിഞ്ഞ എന്റെ ജീവൻ . ഞാൻ മാനേജറിന്റെ റൂം ലക്ഷ്യമാക്കി നടന്നു .

ആൻ ജോസഫ് അതായിരുന്നു മാനേജറിന്റെ പേര് .ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ വിളിച്ചു

“മദർ “

“ആ വരൂ ഇരിയ്ക്കൂ , എന്താണ് നിങ്ങളുടെ ആവശ്യം ? അഡോപ്റ് ചെയ്യാനാണോ ? എങ്കിൽ ആദ്യം ഈ ഫോമ് ഫിൽ ചെയ്യണം “

” അല്ല മദർ , ഞാൻ മറ്റൊരാവശ്യവുമായിട്ടു വന്നതാണ് . ഈ ഡേറ്റിൽ ജനിച്ച പെണ്കുഞ്ഞു ഇപ്പോൾ ഇ വിടെയുണ്ടോ ? ഞാൻ ആ പേപ്പർ കഷ്ണം അവർക്കുനേരെ നീട്ടി .”

“സോറി ……മിസ്സിസ് …….?”

“പാർവതി “

“ഓക്കേ , പാർവതി , ..ഈ വർഷത്തിലും ഇതിനുമുൻപും ഇവിടെ എത്തപ്പെട്ട കുഞ്ഞുങ്ങളെ ഞങ്ങൾ മറ്റൊരു ഓർഫനേജിലേയ്ക്ക് മാറ്റി .”

“എവിടേക്കാണ് മദർ ? ആ ഓർഫനേജിന്റെ പേരെന്താണ് ?”

“സോറി പാർവതി ഇതൊക്കെ രഹസ്യസ്വഭാവം ഉള്ളതാണ് , വെളിപ്പെടുത്താനാകില്ല “.

“ബട്ട് മദർ , ഇതെന്റെ മകളാണ് . കുറച്ചു നാളുകൾക്കു മുൻപാണ് ഞാൻ ഇവൾ ജീവനോടെയിരിക്കുന്നു എന്ന സത്യമറിഞ്ഞത് . ആ ഓർഫനേജിന്റെ പേരു മാത്രം ………അത്രയെ ങ്കിലും …പ്ളീസ് “…….

“സോറി , ഇത് ഞങ്ങളുടെ റൂൾസിന് എഗൈൻസ്റ് ആണ് …നിങ്ങള്ക്ക് പോകാം “.

“എന്നോട് അല്പം ദയ ,പ്ളീസ് മദർ “

“സോറി പാർവതി , യു മേ ഗോ നൗ “

ഞാൻ ഒന്നും മിണ്ടാനാകാതെ അവിടെനിന്നും നടന്നുനീങ്ങി . വീണ്ടും നിരാശ , തോൽവി . എന്റെ മകളുടെ മുഖം , എന്തിനേറെ , അവൾ എവിടെയാണെന്നുപോലും ഒന്നറിയാൻ കഴിഞ്ഞില്ല .നടന്നുനടന്നു മാതാവിന്റെ രൂപത്തിന് മുന്നിലെത്തി …………ആ കാൽപ്പാദങ്ങളിൽ ഞാൻ വീണു കേണപേക്ഷിച്ചു …മാതാവേ , എന്റെ പ്രാർത്ഥന നീ കേൾക്കണം , എന്റെ കുഞ്ഞിന്റെ മുഖം നീയെനിയ്ക്കു കാട്ടി തരണേ …

“ആരാ എന്താ ഇവിടെ ? കരയുകയാണോ ? എന്താ പ്രശനം “?

ആ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത് ……കൈയിൽ നീണ്ട ചൂരൽ വടിയുമായി ഒരു മധ്യവയസ്‌ക .

“നിങ്ങൾ ആരാ “? എന്റെ അമ്പരപ്പ് നിറഞ്ഞ ചോദ്യം

“ഞാൻ ആരാന്നു ചോദിച്ചാൽ ………..ഈ പിള്ളാരെയൊക്കെ മേയ്ക്കുന്നതു ഞാനാ . ചിലപ്പോഴൊക്കെ പ്രാന്ത് പിടിയ്ക്കും . എന്നാലും ജീവിച്ചു പോണ്ടേ “?

എന്റെ മനസ്സിൽ നേരിയൊരു വെളിച്ചം മിന്നി . “നിങ്ങള്ക്ക് ഓഫീസ് റൂമും റെക്കോർഡ് റൂമും ഒക്കെ പരിചയമാണോ “?

“പിന്നല്ലാതെ , ഈ ക്ലാരയ്ക്കു കേറിചെല്ലാൻ പറ്റാത്ത ഒരു മുറിയും ഈ അനാഥാലയത്തിൽ ഇല്ല . കൊച്ചിന് എന്നതാ വേണ്ടിയെ ?”

“എനിയ്ക്ക് ഒരു കുഞ്ഞിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയണം . ആ കുഞ്ഞിപ്പോൾ വേറെ അനാഥാലയത്തിലാ . കുഞ്ഞിന്റെ പേരും , അനാഥാ ലയത്തിന്റെ വിവരങ്ങളും അറിയണം പറ്റുമോ “?

“ഓഹ് ,അതൊക്കെ ചെയ്യാം .പക്ഷെ വെറുതെ ഈ ക്ലാര ആർക്കുമൊന്നും ചെയ്യത്തില്ല “

ഞാൻ വേഗം പഴ്സിൽ നിന്നും കുറച്ചു രൂപയെടുത്തു അവർക്കു നേരെ നീട്ടി ………ഒപ്പം മോളെപ്പറ്റി എഴുതിയ ആ പേപ്പർകഷ്ണവും .

“ഇത്രയേ ഒള്ളുവാ ……….കൊച്ചിന്റ ഫോൺനമ്പറിങ് താ .രണ്ടുദിവസം കഴിഞ്ഞു വാട്ട്സ് ആപ്പിൽ അയക്കാം .കൊച്ചു ധൈര്യായിട്ട് പൊക്കോ “

ഞാൻ അവർക്കു ഫോൺനമ്പറും നൽകി വേഗം യാത്ര പറഞ്ഞിറങ്ങി .മനസ്സിലൊരു കുളിമഴ . രണ്ടുദിവസത്തെ കാത്തിരിപ്പ് . ഇനി വാട്ട്സിൽ തപസ്സിരിയ്ക്കാം . അങ്ങനെ കൃത്യം രണ്ടാം ദിവസം ആ മെസ്സേജ്‌ വന്നു .എന്റെ ഹൃദയം കൈകളിലിരുന്നു തുടിയ്ക്കുന്നപോലെ . ഞാൻ ഒറ്റ ശ്വാസത്തിൽ ആ മെസ്സേജ് വായിച്ചു …. കുഞ്ഞിന്റെ പേര് : ഏഞ്ചൽ മേരി …… ഓർഫനേജിന്റെ പേര് : എ .ജെ .ഓർഫനേജ് , എറണാകുളം .

ആ മെസ്സേജ് വായിച്ചു ചിരിയ്ക്കണോ കരയണോ ? ദൈവമേ , എന്റെ ചിന്നുമോൾ തന്നെയാണ് ഞാൻ പ്രസവിച്ച എന്റെ കുഞ്ഞു .ഒക്കെ ഈശ്വരാനുഗ്രഹം . ഈ ജന്മം സഫലമായി . എന്തോ സുധിയേട്ടന്റെ ശബ്ദമൊന്നു കേൾക്കണമെന്ന് തോന്നി ഡയൽ ചെയ്തു . എൻഗേജ്ഡ് . അപ്പോൾ സുധീർ മറ്റൊരു കാ ളിൽ ആയിരുന്നു …………….

“അച്ഛാ , പറയൂ എന്താ കാര്യം ? ഞാൻ ഇപ്പോൾ വീട്ടിൽ അല്ല . ബിസിനെസ്സ് ടൂറിൽ ആണ് “.

“ആണോ മോനെ , ഒരുവിധത്തിൽ അത് നന്നായി . പാറു ആ രഹസ്യം അറിഞ്ഞു . അവളുടെ കുഞ്ഞു ജീവനോടെയുണ്ടെന്നു . പക്ഷെ ആ കുഞ്ഞു ചിന്നുവാണെന്നു ഒരിയ്ക്കലും നീ അവളെ അറിയിക്കരുത് . ആ കുഞ്ഞിന്റെ അച്ഛനാരെന്നു അവൾ ആരോടും പറഞ്ഞിട്ടില്ല . വീണ്ടും അവൾ ആ ഭൂത കാലത്തിലേക്ക് പോയാലോ എന്ന പേടി “..

” ഇല്ല …….അച്ഛാ ………പാറു ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല . എന്നാലും ഞാൻ അവളോട് ഈ രഹസ്യം പറയില്ല .മരിയ്ക്കും വരെ ഞാനീ ഹൃദയത്തിൽ സൂക്ഷിയ്ക്കും . അവളുടെ കഴിഞ്ഞകാലമൊക്കെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു . എന്നിട്ടും എനിയ്ക്ക് അവളോട് വെറുപ്പ് തോന്നിയില്ല .. ഈ ജന്മം ഞാനും , അവളും പിന്നെ ഞങ്ങളുടെ ചിന്നൂസും മാത്രം “….

Related Posts

Leave a Reply

Your email address will not be published. Required fields are marked *