സത്യത്തിൽ എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു. എന്ത് സങ്കടം ഉണ്ടെന്നു പറഞ്ഞാലും, അതിനേക്കാളൊക്കെ അപ്പുറം ആയിരുന്നു എനിക്ക് എന്റെ ചെക്കനോടുള്ള….

ഇച്ചായന്റെ മാത്രം

Story written by Bindhya Balan

“ന്നാ ശരി സേറ വച്ചോ ഞാൻ രണ്ടു ദിവസം കഴിഞ്ഞു വിളിച്ചോളാം.. “

“എന്നതാ ഇച്ചായാ… ആകെക്കൂടിയൊരു പത്തു മിനിറ്റല്ലേ മിണ്ടിയുള്ളൂ… അപ്പോഴേക്കും വയ്ക്കുവാണോ.. “

“പത്തു മിനിറ്റ് സംസാരിച്ചല്ലോ. അല്ലെങ്കിൽ തന്നെ എന്തിനാ വലിച്ചു വാരി സംസാരിച്ച് വെറുതെ അളിയുന്നത്..താൻ കിടക്കാൻ നോക്ക്.. എനിക്ക് ഇനിയും ഡ്യൂട്ടി ഉണ്ട് …ഞാൻ പറഞ്ഞു തരാതെ തന്നെ അറിയാല്ലോ തനിക്ക് ഒരു ഡോക്ടറുടെ തിരക്ക് എന്നാന്ന്.. അപ്പോ ശരി ഓക്കേ.. ബൈ.. ഗുഡ്‌നൈറ്റ്..,”

അത്രയും പറഞ്ഞ് തിരിച്ചെന്തെങ്കിലും പറയാൻ ഇട തരാതെ ഇച്ചായൻ കട്ട്‌ ചെയ്ത് കഴിഞ്ഞിരുന്നു. നെഞ്ചിനകത്തെന്തോ വല്ലാതൊരു ഭാരം തോന്നിയെനിക്ക്. ഫോൺ ബെഡിലേക്കെറിഞ്ഞു ഇച്ചായന്റെ പേര് കൊത്തിയ മോതിരത്തിലേക്ക് നോക്കി ഞാൻ. സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി. ഇതാദ്യമായല്ല ഇങ്ങനെ. വിവാഹം ഉറപ്പിച്ചതിന് ശേഷം തുടങ്ങിയ ഫോൺ വിളികളെല്ലാം ഇങ്ങനെ തന്നെ ആണ് . ഒരുപാട് സംസാരിക്കാൻ കൊതിച്ചിരുന്ന എനിക്ക് ഒന്നോ രണ്ടോ വാക്കുകളിൽ സംസാരമൊതുക്കുന്ന ഇച്ചായനെ കാണുമ്പോൾ നെഞ്ച് വിങ്ങും. ഒരിക്കൽ ഇച്ചായനോട് എനിക്ക് ഈ രാത്രി വെളുക്കുവോളം മിണ്ടണമെന്ന് പറഞ്ഞപ്പോൾ ഇച്ചായൻ പറഞ്ഞത് ഇപ്പോഴും കാതിൽ ഉണ്ട്

“എനിക്ക് അധികം സംസാരിക്കുന്നത് ഇഷ്ടം അല്ല… “

ഓർക്കുംതോറും നെഞ്ച് വിങ്ങി. ഓർമ്മയിലേക്ക് രണ്ടു മാസം മുൻപത്തെ കാര്യങ്ങൾ ഓടിയെത്തി.

ഒരു ബ്രോക്കർ വഴി പാലായിലെ അറിയപ്പെടുന്ന കുടുംബത്തിലെ ഏക മകനായിട്ടുള്ള ഡോക്ടർ നഥാന്റെ വിവാഹാലോചന വന്നത് ഞങ്ങൾ ക്കെല്ലാവർക്കും ഒരു ഞെട്ടൽ ആയിരുന്നു. അതും എവിടെയോ വച്ച് എന്നെ കണ്ട് ഇഷ്ട്ടപ്പെട്ടു എന്ന് കൂടി അറിഞ്ഞപ്പോൾ മനസ്സിൽ ആ മുഖം കാണാൻ ഒത്തിരി ആഗ്രഹം തോന്നി.ഒരു ഞായറാഴ്ച, അപ്പനും അമ്മയും ഇച്ചായനും കൂടി എന്നെ പെണ്ണ് കാണാൻ വന്നു. വാതിലിനു മറഞ്ഞു നിന്ന് ഞാൻ ആ മുഖം കണ്ടു. ഇരു നിറത്തിൽ ട്രിം ചെയ്തൊതുക്കിയ താടിയും കട്ടി മീശയും തിളക്കമുള്ള കണ്ണുകളും…

ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കും ഇഷ്ടം ആവുകയായിരുന്നു. എങ്കിലും പുറമെയുള്ള പൊരുത്തത്തിനപ്പുറം മനസുകൾ തമ്മിൽ ചേർച്ചയുണ്ടോ എന്നറിയാൻ എല്ലാവരുടെയും അനുവാദം വാങ്ങി ഞങ്ങൾ തനിച്ചു സംസാരിച്ചു.

പരസ്പരം ഇഷ്ട്ടമറിയിച്ച്‌ കഴിഞ്ഞു എന്തെങ്കിലും എന്നോട് ചോദിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നേ പറഞ്ഞുള്ളൂ, ഇച്ചായൻ എന്ന് വിളിക്കണമെന്ന്.. നാട്ടിൽ എല്ലവർക്കും ഡോക്ടർ നഥാൻ ആണത്രേ.. വീട്ടിൽ അപ്പനും അമ്മയ്ക്കും ചെറുക്കായി ആണെന്ന്… കൂടെപ്പിറപ്പുകൾ ഇല്ലാത്തത് കൊണ്ട് ചേട്ടായീന്നോ അച്ചായൻ എന്നോ വിളിക്കാൻ ആരുമില്ല എന്ന്… അത് കൊണ്ട് മിന്നു കെട്ടി കൂടെ കൂട്ടുന്നവൾ ഇച്ചായൻ എന്ന് വിളിക്കുന്നതാണ് ഇഷ്ടം എന്ന്.. അനിയത്തിയായും മകളായും കാമുകിയായും സുഹൃത്തായും ഒക്കെ കൂടെ വേണമെന്ന്..

കണ്ട മാത്രയിൽ തോന്നിയ ഇഷ്ടം ഉള്ളിലൊരു വന്മരമായി വേരാഴ്ത്താൻ അത്രയും മതിയായിരുന്നു.

വീട്ടുകാർ തമ്മിൽ വാക്കുറപ്പിച്ചതിന്റെ പിറ്റേന്ന് ഇച്ചായൻ ഫോൺ വിളിച്ചു. വല്ലാത്തൊരു സന്തോഷം ആയിരുന്നു എനിക്ക്. അവിടുന്നങ്ങോട്ട് മിക്ക ദിവസവും ഇച്ചായൻ വിളിക്കാൻ തുടങ്ങി.. പിന്നെ പിന്നെ ഇച്ചായന്റെ വിളി കണ്ടില്ലെങ്കിൽ ഞാൻ അങ്ങോട്ട്‌ വിളിക്കാൻ തുടങ്ങി..

എപ്പോഴും വാ തോരാതെ സംസാരിക്കുന്ന എനിക്ക് മിതമായി മാത്രം സംസാരിക്കുന്ന ഇച്ചായനോട് ആദ്യമൊക്ക കുഞ്ഞ് ദേഷ്യം തോന്നിയെങ്കിലും, കെട്ടാൻ പോകുന്നവൻ ചുമ്മാ ഒരാൾ അല്ലല്ലോ ഒരു ഡോക്ടർ അല്ലേ അതിന്റെതായ തിരക്കുകളും ടെൻഷനും ഒക്കെ ഉണ്ടാകും എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ..

മനസമ്മതത്തിന്റെ അന്ന് പള്ളിയിൽ വച്ച് എല്ലാവരും കാൺകെ നഥാൻ എന്ന് പേര് കൊത്തിയ മോതിരം എന്റെ വിരലിൽ അണിയിക്കുമ്പോൾ ആരും കാണാതെ എന്നെ നോക്കിയൊരു കള്ളചിരിയോടെ നിന്ന ഇച്ചായന്റെ മുഖം..
ഓർക്കുമ്പോൾ പോലും സന്തോഷം കൊണ്ട് മനസ് നിറയുന്നു.

ഇച്ചായനിൽ ഞാൻ ആകെ കണ്ടൊരു പോരായ്മ, ആൾ അധികം സംസാരിക്കാത്ത ടൈപ്പ് ആണെന്നത് മാത്രം ആയിരുന്നു. ഒരു പക്ഷെ ഞാൻ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിൽ ആയത് കൊണ്ട് തോന്നുന്നതാവാം..
എങ്കിലും ഉള്ളിൽ അതൊരു നൊമ്പരം തന്നെ ആയിരുന്നു.

ഓരോന്നോർത്തിരുന്നപ്പോൾ ഇനിയും ഇങ്ങനെ നോവാൻ വയ്യ എന്ന് പെട്ടെന്നാണ് ഉള്ളിൽ തോന്നിയത്. എന്നോട് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ എന്ന് അറിയണമെന്ന് തോന്നിയെനിക്ക്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. തീരുമാനി ച്ചുറപ്പിച്ചു ഞാൻ ഫോണെടുത്ത് ഇച്ചായനെ വിളിച്ചു. ഫോണെടുക്കില്ല എന്നാ കരുതിയത്. പക്ഷെ ആൾ ഫോണെടുത്തു

“എന്നതാ സേറാ.. ഉറങ്ങാറായില്ലേ? ഞാൻ പറഞ്ഞതല്ലേ എന്റെ ഡ്യൂട്ടി കഴിഞ്ഞില്ല, ഞാൻ രാവിലെ വിളിച്ചോളാം “

ആ സ്വരത്തിൽ ദേഷ്യം ഉണ്ടായിരുന്നു. എങ്കിലും അത് ഗൗനിക്കാതെ ഞാൻ ചോദിച്ചു

“ഇച്ചായന് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ.. “

“വാട്ട്‌? “

“ഇച്ചായന് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോയെന്ന്.. എന്നോട് സംസാരിക്കാൻ ഇഷ്ടം ഇല്ലാത്തതിന്റെ കാരണം എനിക്കറിയണം. എന്താണെങ്കിലും തുറന്നു പറഞ്ഞോ ഇച്ചായാ.. എനിക്ക് മനസിലാകും.. ഇഷ്ടം ഇല്ലെങ്കിൽ ഞാൻ ഒഴിഞ്ഞു തന്നോളാം.. വെറുതെ എന്നെയിങ്ങനെ സഹിക്കണ്ട.. “

സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോയി

കുറച്ചു നേരത്തേക്ക് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..

എന്റെ ചോദ്യങ്ങൾക്ക് ശരി വയ്ക്കുന്നത് പോലെയാണ് ഞാൻ ഇച്ചായന്റെ മൗനത്തെ കണ്ടത്. കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീരിറ്റു വീണു.

ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം ഇച്ചായൻ പറഞ്ഞു

“നിന്റെ ചോദ്യങ്ങൾക്കൊന്നിനും എനിക്ക് ഉത്തരം ഇല്ല സേറ…എനിക്ക് അറിയാം ഞാൻ നിന്നോട് ഇന്റിമസി കാണിക്കുന്നില്ല എന്നുള്ള സങ്കടം ആണ് നിനക്ക്.. അതിൽ നിന്നുണ്ടായ സില്ലി ഡൗട്സ് ആണ് ഇതെല്ലാം. എനിക്കത് മനസിലാകും. ഒക്കെ നിന്റെ തോന്നലാണ്.. ഒരു കാര്യം മാത്രം ഞാൻ പറയാം, എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ് സേറ.. എന്റെ ഭാര്യയായി നീ തന്നെ വേണമെന്ന് ആഗ്രഹവും ഉണ്ട്. പിന്നെ, നിന്നോട് ഏത് നേരവും കൊച്ച് വർത്താനം പറഞ്ഞും പഞ്ചാരയടിച്ചും ഇരിക്കാൻ ഇഷ്ട്ടപ്പെടുന്നൊരു പൈങ്കിളി പയ്യനെ നീയെന്നിൽ പ്രതീക്ഷിക്കരുത്. എനിക്ക് അതേ പറയാനുള്ളൂ. ഇനിയും നിനക്കെന്നെ മനസിലാക്കാൻ സാധിക്കുന്നില്ലേൽ എല്ലാം നിന്റെ ഇഷ്ടം.. കല്യാണം നിനക്കൊഴിയാം.. ഒരിക്കലും ഞാനായിട്ട് നിന്നെ വേണ്ടെന്നു വയ്ക്കില്ല. “

പറഞ്ഞു നിർതിയിട്ട് ഇച്ചായൻ കുറച്ചു നേരം മൗനമായിരുന്നു. എന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഇല്ലാത്തത് കൊണ്ട് ഇച്ചായൻ ചോദിച്ചു

“എന്നാ… നിനക്കൊന്നും പറയാനില്ലേ.. “

സത്യത്തിൽ എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു. എന്ത് സങ്കടം ഉണ്ടെന്നു പറഞ്ഞാലും, അതിനേക്കാളൊക്കെ അപ്പുറം ആയിരുന്നു എനിക്ക് എന്റെ ചെക്കനോടുള്ള ഇഷ്ടം.. അത് കൊണ്ട് തന്നെ ഞാൻ മെല്ലെ പറഞ്ഞു

“ഇല്ല… വെറുതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയാതാട്ടോ… സോറി ഇച്ചായാ.എനിക്കെന്റെ ഇച്ചായനെ അത്ര ഇഷ്ടം ആയതോണ്ടാണ്.. “

“ആ. എന്നാ ഫോൺ വച്ചോ.. ഇച്ചായനു കുറച്ചു തിരക്കാണ്.. നീ ഉറങ്ങിക്കോ.. ഇച്ചായൻ രാവിലെ വിളിച്ചോളാം.. ഗുഡ്‌നൈറ്റ് “

ഒരു ചെറു ചിരിയോടെ ഇച്ചായൻ അത് പറയുന്നത് കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു തണുപ്പ് പടർന്നു.

*****************

ഇച്ചായന്റെ മനസ്സിൽ എന്നോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞ അന്ന് മുതൽ പിന്നെയങ്ങോട്ട് ഇച്ചായനെ മനസിലാക്കി പെരുമാറാൻ തുടങ്ങി ഞാൻ.

തിരക്കുകൾ തിരിച്ചറിഞ്ഞു ക്ഷമയോടെ കാത്തിരുന്നു..

സംസാരിക്കാൻ പറ്റുന്ന സമയങളിൽ എല്ലാം ഇത്തിരി ഇമ്മിണി വാക്കുകളിൽ ഞാൻ എന്റെ ജീവിതം സ്വപ്നം കണ്ടു…

ഞാൻ ആഗ്രഹിച്ചത് പോലെ എന്നോട് വാ തോരാതെ ഇച്ചായൻ സംസാരിക്കാത്തതിൽ ഇടയ്ക്ക് സങ്കടം തോന്നുമെങ്കിലും, വീട്ടിൽ നിന്ന് ഇച്ചായന്റെ അപ്പനും അമ്മച്ചിയും എന്നും എപ്പോഴും എന്നെ വിളിച്ചു സംസാരിക്കുന്നത് എന്റെ ആ സങ്കടം ഇല്ലാതാക്കി.

എന്റെ മമ്മിയെപ്പോലെ തന്നെയൊരു പാവം അമ്മച്ചി.. പെൺകുട്ടികൾ ഇല്ലാതിരുന്നത് കൊണ്ട് അമ്മച്ചിക്കെന്നെ പ്രാണൻ ആയിരുന്നു. മാത്രവുമല്ല അമ്മച്ചിയുടെ വാക്കുകളിൽ നിന്ന് എനിക്ക് മനസിലായി,പുറമെ ഗൗരവക്കാരൻ ആണെങ്കിലും ഉള്ളിൽ സ്നേഹമുള്ളവനാണ് ആ അമ്മയുടെ മകനെന്ന്. അത് മാത്രം മതിയായിരുന്നു എനിക്ക്.. ആ ഉറപ്പ് മാത്രം.

അത് കൊണ്ട് തന്നെ എന്റെ സ്വന്തം അമ്മയോടുള്ള അത്ര സ്വാതന്ത്ര്യം എനിക്ക് ഇച്ചായന്റെ അമ്മച്ചിയോടും ഉണ്ടായിരുന്നു.

ഒരിക്കൽ ഫോൺ ചെയ്തപ്പോൾ അമ്മച്ചിയോടു ഒരു കുറുമ്പോടെ ഞാൻ ചോദിച്ചു

“ന്നാലും എന്റെ അന്നക്കൊച്ചേ… അന്നക്കൊച്ചിന്റെ ചെറുക്കായിക്കെന്നാ ഇത്രേം ഗൗരവം… എന്റെ അന്നക്കൊച്ചും അപ്പച്ചനും എന്നോട് ന്തോരം മിണ്ടും.. ഡോക്ടറു മാത്രം മുക്കിയും മൂളിയും രണ്ടു വാക്ക് മിണ്ടിയാലായി.. അസ്സല് മുള്ള് മുരിക്ക് തന്നെ”

എന്റെ ആ പരിഭവം പറച്ചിലിന് ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു അമ്മച്ചി.. കൂടെ ഞാനും ചിരിച്ചു പോയി.

****************

സ്നേഹിച്ചും പരസ്പരം മിണ്ടിയും ഒരു ജീവിതം സ്വപ്നം കണ്ട് തള്ളി നീക്കിയ നീണ്ട രണ്ടു മാസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അങ്ങനെ ഞങ്ങൾ കാത്തിരുന്ന ദിവസം വന്നെത്തി. ഇന്ന് ഞങ്ങളുടെ വിവാഹമാണ്

കസവു മുണ്ടും സാൻഡൽ കളർ കുർത്തയും ധരിച്ച്, ട്രിം ചെയ്തോതുക്കിയ താടിയും പിരിച്ചു വച്ച മീശയും ഒക്കെ ആയി തനി പാലാക്കാരൻ അച്ചായൻ ചെറുക്കനായി എന്റെ ഇച്ചായൻ.

ആ മുഖത്തേക്ക് രണ്ടാമത് ഒരിക്കൽക്കൂടി നോക്കാൻ ആവാത്ത വിധം ശരീരം തളരുന്നത് പോലെ തോന്നിയെനിക്ക്.. ആ പൗരുഷത്തിനും ആഢ്യത്വത്തിനും മുന്നിൽ നാണത്തോടെ ആ കയ്യിലെ മിന്നിനായി ഞാൻ തല കുനിച്ചു. അങ്ങനെ ഇടവകപ്പള്ളിയിലെ തിരു സ്വരൂപത്തിനു മുന്നിൽ വച്ച് ഇച്ചായൻ എന്റെ കഴുത്തിൽ മിന്നു കെട്ടി.

ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും അവസാനം യാത്ര പറഞ്ഞിറങ്ങാൻ നേരം മമ്മിയെയും അപ്പയെയും കെട്ടിപിടിച്ചു ആവോളം കരഞ്ഞു…

എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് മമ്മിയുടെ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മച്ചി പറഞ്ഞു

“കരയാതെ സിസിലിയെ… എന്റെ മോളെ ഞങ്ങൾ പൊന്നു പോലെ നോക്കും.. “

അപ്പയോടും അമ്മയോടും യാത്ര പറഞ്ഞ് ഇച്ചായനൊപ്പം ഇച്ചായന്റെ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ പിറന്ന വീട്ടിൽ നിന്നും പറിച്ചു മാറ്റപ്പെടുന്നതിനോട് പൊരുത്തപ്പെടാൻ ആവാത്തത് മനസ് ആകെ തളർന്നു.. ആ നേരം ഇച്ചായന്റെ ഒരു തലോടൽ ഞാൻ കൊതിച്ചിരുന്നു..

പക്ഷെ ഇച്ചായൻ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ മറ്റേതോ ആലോചനയിൽ ആയിരുന്നു. അതെന്നേ ഒത്തിരി വേദനിപ്പിച്ചു. എങ്കിലും എനിക്ക് പരാതി ഇല്ലായിരുന്നു…

പരസ്പരം ഒന്നും മിണ്ടാതെയുള്ള ആ യാത്രയുടെ അറ്റത്ത് ഇച്ചായന്റെ വീട്ടിലേക്ക് ഞാൻ വലത് കാൽ വച്ച് കയറി. പ്രാർത്ഥന മുറിയിലെ കർത്താവിന്റെ രൂപത്തിന് മുന്നിൽ വച്ച് കുരിശു വരപ്പിച്ചു കഴുത്തിൽ സ്വർണകൊന്തയണിയിച്ചു എന്റെ നെറ്റിയിൽ ചുണ്ടമർത്തി,

“ഇനി ഈ കുരിശിങ്കൽ വീടിന്റെ വിളക്ക് ന്റെ പൊന്നു മോളാണ് “

എന്ന് അമ്മച്ചി പറഞ്ഞത് കേട്ട് ഞാൻ ഇച്ചായന്റെ മുഖത്തേക്ക് ചിരിയോടെ കണ്ണെറിഞ്ഞു.. ആ മുഖത്ത് അന്നേരം ഒരു ചെറു ചിരി ഉണ്ടായിരുന്നെങ്കിലും ആ ഗൗരവം എന്നെ പിന്നെയും വേദനിപ്പിച്ചു.

*******************

രാത്രിയിലെ ആഘോഷങ്ങൾക്കും ഒത്തു ചേരലുകൾക്കും ഒടുവിൽ ഞാൻ ഞങ്ങളുടെ ബെഡ്‌റൂമിലേക്ക് കയറിചെന്നു.

മനോഹരമായി അലങ്കരിച്ചു ഫർണിഷ് ചെയ്ത മുറി.. ഷെൽഫിൽ വൃത്തിയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ..

ഒരു നനുത്ത സുഗന്ധം മുറിയാകെ നിറഞ്ഞിട്ടുണ്ട്.

ആ മുറിയിലാകെ കണ്ണോടിച്ചു കൊണ്ട്

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ആണ് ഇച്ചായൻ കയറി വന്നത്.

വന്ന പാടെ വാച്ചും പേഴ്സും മൊബൈലും ടേബിളിലേക്ക് വച്ച്, ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്ന് ബെഡിലേക്ക് കിടന്നു കൊണ്ട് ഇച്ചായൻ പറഞ്ഞു

“ഫ്രഷ് ആയതല്ലേ താൻ.. തൂങ്ങിപിടിച്ചു നിൽക്കാതെ വന്ന് കിടക്ക്.. രാവിലെ മുതൽ ടയേഡ് അല്ലേ.. എനിക്കും നല്ല ക്ഷീണം ഉണ്ട്.. നന്നായൊന്നുറങ്ങണം.. “

ഞാൻ ഒന്നും മിണ്ടിയില്ല മെല്ലെ ചെന്നു ഇച്ചായന്റെ ഇടത് വശം തിരിഞ്ഞു കിടന്നു..

ഞാൻ കിടന്നതും കയ്യെത്തിച്ച് ഇച്ചായൻ ലൈറ്റ് ഓഫ് ചെയ്തു. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചം എനിക്കെന്തോ അസ്വസ്ഥത ഉണ്ടാക്കി..

ആഗ്രഹിച്ചതും സ്വപ്നം കണ്ടതും യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല എന്ന തിരിച്ചറിവ്‌ എന്നെ വല്ലാതെ ഉലച്ചു.

ഓർക്കുംതോറും ചുണ്ടുകൾ വിറച്ചു വിതുമ്പി. കണ്ണുകൾ നിറഞ്ഞൊഴുകി.

ഒച്ച പുറത്ത് കേൾക്കാതിരിക്കാൻ കൈത്തലം കൊണ്ട് വായ പൊത്തിപ്പിടിച്ചു കരയുമ്പോൾ ആണ് പെട്ടെന്ന് മുറിയിലെ വെളിച്ചം വീണത്.. തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് വാതിൽ തുറന്നു പുറത്തേക്ക് പോകുന്ന ഇച്ചായനെ ആണ്. എവിടേക്കാണെന്നോ എന്തിനാണെന്നോ ചോദിച്ചുമില്ല പറഞ്ഞുമില്ല.

വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി. തിരികെ വന്ന ഇച്ചായന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.

പെട്ടെന്നാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഇച്ചായന്റെ കൈകൾ എന്നെ ബെഡിൽ നിന്നും വാരിയെടുത്തത്. ഓർക്കാപ്പുറത്തുള്ള കാര്യം ആയത് കൊണ്ട് പിടഞ്ഞു പോയി ഞാൻ..

അമ്പരന്നു പോയി ഞാൻ.

എന്റെ ഞെട്ടലും പിടച്ചിലും കണ്ടൊരു നിറഞ്ഞ ചിരിയോടെ ഇച്ചായൻ പറഞ്ഞു

“പെടക്കാതെ പെണ്ണേ.. നീ താഴെ വീഴും. “

ഞാൻ ആകെ അമ്പരന്ന് ആ മുഖത്തേക്ക് നോക്കി. എന്നെ നോക്കിയൊരു കള്ളച്ചിരിയോടെ ആ നെഞ്ചോട് ചേർത്ത് വാരിപ്പിടിച്ചു ഇച്ചായൻ മറ്റൊരു മുറിയിലേക്ക് പോയി.. ഇരുട്ടിൽ മുങ്ങി നിന്ന ആ മുറിയിൽ എന്നെ നിർത്തി ഇച്ചായൻ ലൈറ്റ് ഓൺ ചെയ്തു.. മുറിയാകെ കണ്ണോടിച്ച ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി.. മുറിയാകെ എന്റെ ഫോട്ടോ മാത്രം…

ആകെ അന്താളിച്ചു നിൽക്കുമ്പോൾ ആണ് രണ്ടു കൈകൾ വന്നെന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചത്.. ആ നെഞ്ചോട് ചേർത്ത് നിർത്തി എന്റെ കഴുത്തിൽ ചുണ്ടുരുമ്മി ഇച്ചായൻ ചോദിച്ചു .

“എന്നാടി.. പേടിച്ചു പോയോ… “

ഞാൻ ഒന്നും മിണ്ടിയില്ല..

ഒരു ചിരിയോടെ ഇച്ചായൻ പറഞ്ഞു

” എപ്പോഴും എങ്ങോട്ട് തിരിഞ്ഞാലും ഈ നഥാന് അവന്റെയീ പെണ്ണിനെ കണ്ണ് നിറയെ കണ്ടോണ്ടിരിക്കണമായിരുന്നു… അതാണ്‌ ഈ മുറി ഇങ്ങനെ. എന്നതാടി കരുതിയെ നീ ഒട്ടും ഇന്റിമസി കാണിക്കാൻ അറിയാത്ത ഒരു അൺറൊമാന്റിക് തെമ്മാടിയാണ് ഞാൻ എന്നോ…എന്നാ ദേ കേട്ടോ നീ ഇപ്പൊ കാണുന്ന ആളാണ്‌ ശരിക്കുള്ള നഥാൻ.. മറ്റേതു വെറും ബിൽഡപ്പ് അല്ലാരുന്നോ.വെറും സൈക്കോത്തരം .. ഡ്യു യൂ നോ വണ്തിംഗ്, ഒരു ഡോക്ടർക്ക് നല്ലൊരു സൈക്കോ ആകാനും പറ്റും.. “

ഞാൻ ഒന്നും മിണ്ടാതെ ആ കൈകൾ വിടുവിച്ചു കൊണ്ട് പുറത്തേക്കു നടക്കാനാഞ്ഞതും ഇച്ചായൻ പിന്നെയും എന്റെ കയ്യിൽ പിടിച്ചു വലിച്ചെന്റെ വയറിലൂടെ കൈകൾ ചുറ്റി ആ നെഞ്ചിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു

“എവിടെപ്പോകുവാ.. ഞാൻ വിട്ടിട്ടു വേണ്ടേ ഇച്ചായന്റെ സേറയ്ക്ക് പോകാൻ.? “

അത്രയും മധുരമായി എന്റെ ചെവിയോരം ഇച്ചായൻ മെല്ലെ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മൗനം കണ്ട്, ആ മൗനത്തിനുള്ളിലെ വാക്കുകൾ കണ്ടെടുത്ത് എന്നെ ബെഡിലേക്കിരുത്തി തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ഇച്ചായൻ പറയാൻ തുടങ്ങി

“എനിക്കറിയാം ഇപ്പൊ നീയെന്നതാ ആലോചിക്കുന്നതെന്ന്. ഇത്രയും നാൾ നീ കണ്ട.. അറിഞ്ഞ ആളെ അല്ലല്ലോ ഇപ്പൊ ഈ കൂടിയിരിക്കുന്നത് അല്ലേ.. നിന്റെ ഭാഷയിൽ പറഞ്ഞാല് അസ്സല് മുള്ള് മുരിക്ക്.. അല്ല്യോ.. “

ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.

എന്റെ ഞെട്ടൽ കണ്ടൊരു ചിരിയോടെ ഇച്ചായൻ തുടർന്നു

“എന്റെ അല്ല്യോ അമ്മച്ചി.. ഞാൻ പഠിപ്പിച്ചു കൊടുത്തത് അതേപോലെ തന്നെ അഭിനയിച്ചു… ഒക്കെ ഈ നഥാന്റെ പ്ലാൻ അല്ലാരുന്നോ.. “

ഞാൻ ഇച്ചായനെ രൂക്ഷമായൊന്നു നോക്കി. എങ്കിലും കണ്ണുകൾ നിറയുന്നുണ്ട്.

എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഇടം കൈ കൊണ്ട് മീശ പിരിച്ച് ഒരു കള്ളച്ചിരിയോടെ

“എന്നാത്തിനാ എന്റെ പെണ്ണ് കരയുന്നത്..? “

എന്ന് ഇച്ചായൻ ചോദിച്ചു മുഴുവൻ ആക്കുന്നതിനു മുന്നേ കൈ നീട്ടി ആ കവിളിൽ ഒരെണ്ണം കൊടുത്തു ഞാൻ.

അടി കൊണ്ടൊരു ചിരിയോടെ കവിൾ പൊത്തി ഇരിക്കുന്ന ഇച്ചായനോട് ഞാൻ പറഞ്ഞു

“കാണിച്ച കുറുമ്പിനു ഇതൊരെണ്ണം തന്നില്ലേൽ ഞാൻ ഈ നഥാന്റെ പെണ്ണാണെന്ന് പറയുന്നതിൽ കാര്യമില്ലല്ലോ…. “

അപ്പോഴും കവിൾ തടവി ഇച്ചായൻ ചിരിച്ചു

“നേരാടി ഉവ്വേ.. നിന്നോട് കാണിച്ച കുന്തളിപ്പിന് ഇതൊരെണ്ണം എനിക്ക് കിട്ടാനൊള്ളതാരുന്നു..ന്നാലും എന്നാ അടിയാടി അടിച്ചേ… “

എങ്കിലും അത് ഗൗനിക്കാതെ ഇച്ചായനോട് ഞാൻ ചോദിച്ചു

“പറ.. എന്തിനാ എന്നെയിങ്ങനെ പറ്റിച്ചത്.. സങ്കടപെടുത്തിയത്.. ഓരോ തവണ ഇച്ചായനെന്നോട് അടുപ്പം കാട്ടാതെ അവഗണിച്ചു പോകുമ്പോൾ എന്റെ ഉള്ളെന്തോരം നീറിയിട്ടുണ്ടെന്നറിയാമ. എന്നോട് ഇല്ലാത്ത ഗൗരവം കാട്ടുമ്പോൾ ഇച്ചായനെന്നാ സുഖം ആണ് കിട്ടിയിരുന്നത്? “

അപ്പോഴും ഇച്ചായൻ കുസൃതിയോടെ ചിരിച്ചു.. പിന്നെ എന്നെ കുറച്ചു നേരം നോക്കിയിരുന്നിട്ട് പറഞ്ഞു

“കൊറേക്കാലം പ്രേമിച്ചും അല്ലാതെയുമൊക്കെ കല്യാണം കഴിച്ചു പോയ കൊറേ കൂട്ടുകാരൊണ്ട്.. കല്യാണത്തിന് മുന്നേ ഇരുപത്തിനാല് മണിക്കൂറും ഫോണിൽ തന്നെ.. മിണ്ടി മിണ്ടി എന്നാ പറ്റി, കല്യാണം കഴിഞ്ഞപ്പോ പറയാൻ ഒന്നുമില്ലാണ്ടായി.. പറയാൻ ഒന്നുമില്ലാത്തത് കൊണ്ട് ബെഡിൽ രണ്ടു സൈഡിലേക്കും തിരിഞ്ഞു കിടന്ന് ഫോണിൽ സമയം കളയാറാണ് പതിവെന്ന് അവന്മാർ പറയും. അന്ന് തീരുമാനിച്ചതാണ് ഞാൻ അവരെ പോലെ ആകില്ല എന്ന്.. അതെന്നാണെന്നറിയോ,ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ ആ മടുപ്പ് ആണ് പരസ്പരം ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.. “

പറഞ്ഞൊന്നു നിർതിയിട്ട്, അത്രയും പ്രണയത്തോടെ എന്റെ കണ്ണുകളിൽ നോക്കിയിരുന്നിട്ട് ഇച്ചായൻ തുടർന്നു,

“ഈ നെഞ്ചിൽ നിന്നെന്റെ ശ്വാസം പോകും വരെ എന്റെ പെണ്ണിനോട് എനിക്ക് ഒരു മടുപ്പുമില്ലാതെ സംസാരിക്കണം.. നിന്റെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും ചിരിയും കൊഞ്ചലും ഇണക്കവും പിണക്കവുമെല്ലാം ദേ ഇത്രയും അടുത്ത് നിന്റെ നെഞ്ചോട് ചേർന്നിരുന്ന് നിന്റെ ഈ കണ്ണുകളിൽ നോക്കിയിരുന്ന് കേൾക്കുകേം കാണുകേം ചെയ്യണമായിരുന്നു നഥാന്.. അതിന് വേണ്ടിയാണ് ഞാൻ വെറുതെ വട്ടു കാണിച്ചത്.. അത് നിന്നെ നോവിച്ചെന്നറിയാം.. പൊറുക്കെടി ഇച്ചായനോട്.. ഇല്ലേൽ ദേ ഒരു കവിൾ കൂടിയൊണ്ട്.. “

പറഞ്ഞു നിർത്തി ഇച്ചായൻ മുഖം ചരിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല.. ഉള്ളിൽ ചിരി വരുന്നുണ്ട്.. സന്തോഷം കൊണ്ട് ഹൃദയം കടല് പോലെ ആർക്കുന്നുണ്ട്.. എങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല.. എന്റെ മിണ്ടാതെയുള്ള ഇരുപ്പ് കണ്ട് ഇച്ചായൻ ചോദിച്ചു

“ന്തേ തല്ലുന്നില്ലെ? “

“ഇല്ല… എനിക്ക് സൗകര്യമില്ല തല്ലാൻ.. “

ഞാൻ പറഞ്ഞു

“എന്നാ നേരത്തെ തല്ലിയതിനു ഫസ്റ്റ് എയ്ഡ് വേണമെനിക്ക്.. “

ഒരു കള്ളച്ചിരിയോടെ ഇച്ചായൻ പറഞ്ഞു.

“ഫസ്റ്റ് എയ്ഡ് ഒന്നുമില്ല.. വേണേൽ ഒരു ഇഞ്ചെക്ഷൻ തരാം “

എന്ന് പറഞ്ഞു കൊണ്ട് ഇച്ചായന്റെ കയ്യിൽ ആഞ്ഞു നുള്ളി ഞാൻ.

“ആഹ്… “

ഒരു കള്ളക്കരിച്ചിലോടെ ഇടം കണ്ണിട്ട് നോക്കിയിട്ട് വാരിയെടുത്തെന്നെ ആ മടിയിലേക്കിരുത്തി എന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി ഇച്ചായൻ പറഞ്ഞു

“കണ്ടയന്ന് മനസ്സിൽ ഉറപ്പിച്ചതാണ് നഥാൻ, നിന്നെ വേറെ ആർക്കും കൊടുക്കുകേലെന്നു.. നീയെന്നു വച്ചാ അത്രയ്ക്ക് ഭ്രാന്താടി ഉവ്വേ… “

ഞാൻ കൗതുകത്തോടെ ആ കണ്ണുകളിൽ നോക്കി. ആഗ്രഹിച്ചതിലും അപ്പുറമായൊരുവനെ ആണ് കിട്ടിയത് എന്നോർക്കുംതോറും സന്തോഷമോ ആശ്വാസമോ കൊണ്ടെന്റെ നെഞ്ച് നിറയാൻ തുടങ്ങി. ഒന്നും മിണ്ടാതെ ഇച്ചായന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ആ നെഞ്ചിലേക്ക് പറ്റിചേർന്നു ഞാൻ.

പെട്ടന്നാണ് എന്നെ നെഞ്ചിൽ നിന്നടർത്തി മാറ്റി ഇച്ചായൻ പറഞ്ഞത്

“വേഗം റെഡി ആയിക്കോ.. നമുക്ക് പോകാം.. “

“എങ്ങോട്ട്..? “

“അതോ.. ഞാനും എന്റെ പെണ്ണും കൂടി ചുമ്മാ ഒരു റൈഡ് പോകുന്നു..”

പറഞ്ഞു തീരും മുന്നേ ഇച്ചായൻ എന്നെയും കൊണ്ട് പുറത്തേക്കോടി.

പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.

“വന്ന് വണ്ടിയെലോട്ട് കേറെടി…. “

മടിച്ചു മടിച്ചാണെങ്കിലും ഞാൻ കയറി. പിന്നിൽ കയറി ഇരുന്നതും എന്റെ കൈ രണ്ടുമെടുത്തു ഇച്ചായൻ ഇച്ചായന്റെ വയറിലേക്ക് ചേർത്ത് വച്ചു

“ഇത്രയും അടുത്ത് എന്റെ പെണ്ണ് എപ്പോഴും കൂടെയുണ്ടാവണം “

ഒരു ചിരിയോടെ ഞാൻ ആ തോളിലേക്ക് ചാഞ്ഞു. ഇച്ചായൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. രണ്ടു മണിക്കൂർ നീണ്ട ആ യാത്രയുടെ അറ്റത്തു നിറയെ പൂത്തു നിൽക്കുന്ന കാപ്പിത്തോട്ടത്തിനു നടുവിൽ തല ഉയർത്തിപിടിച്ചു നിൽക്കുന്ന ആ വലിയ വീടിനു മുന്നിൽ ഇച്ചായൻ വണ്ടി നിർത്തി.

“ഇതാണ് നമ്മുടെ ആദ്യത്തെ വീട്.. മെഡിസിൻ കഴിഞ്ഞു ഹോസ്പിറ്റലിൽ ജോയിൻ ചെയ്തപ്പോൾ പോയി വരാനുള്ള സൗകര്യത്തിനാണ് ഇപ്പോഴുള്ള വീട് പണിതത്.”

അകത്തേക്ക് കയറുന്നതിനിടയിൽ ഇച്ചായൻ പറഞ്ഞു

“അപ്പോ ഇവിടെ ആരുമില്ലേ ഇച്ചായാ “

“ഇന്നിവിടെ ഞാനും എന്റെ പെണ്ണും മാത്രമേയുള്ളു “

അത്രയും പ്രണയത്തോടെ ഇച്ചായൻ പറഞ്ഞത് കേട്ടു ഞാൻ ചമ്മലോടെ തല കുനിച്ചു. എങ്കിലും മെല്ലെ എന്റെ തടിയിൽ പിടിച്ചുയർത്തി എന്റെ കണ്ണുകളിലേക്കുറ്റു നോക്കി ഇച്ചായൻ പറഞ്ഞു

“അന്നേ തീരുമാനിച്ചതാണ് നമ്മുടെ ആദ്യ രാത്രി ഇവിടെ ആയിരിക്കണമെന്ന്. ആരുടെയും ശല്യമില്ലാതെ നിന്നെയൊന്നു സ്നേഹിക്കാൻ.. രാവിലെ എന്റെ നെഞ്ചിൽ നിന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ നിന്റെ കണ്ണിലെ നാണം അതെന്റെ മാത്രം ആയിരിക്കാൻ.. എനിക്ക് മാത്രം കാണാൻ.. “

ഒന്നും മിണ്ടാതെ ഞാൻ ആ നെഞ്ചിലേക്ക് ചാരി.. ആണൊരുത്തന്റെ നെഞ്ചിലേ പ്രണയത്തിന്റെ ചൂടിൽ തളർന്നു പോയി ഞാൻ.

അത് തിരിച്ചറിഞ്ഞെന്നോണം ഒരു ചിരിയോടെ എന്റെ നെറുകിൽ ചുണ്ടമർത്തി ആ കൈകളിൽ എന്നെ വാരിയെടുത്ത് ഇച്ചായൻ അകത്തേക്ക് നടന്നു.. ഇച്ചായൻ പറഞ്ഞത് പോലെ ആ രാത്രിയിൽ ആരുടെയും ശല്യമില്ലാതെ ഞങ്ങൾ പരസ്പരം പ്രണയിച്ചു.. ശരീരതിന്റെ ഓരോ അണുവിലേക്കും ഒരു ചെറു നോവുമായി ഇച്ചായന്റെ പ്രണയം പടർന്നു കയറി..

അടർന്നു മാറാൻ കഴിയാത്ത വിധം മനസും ശരീരവും ഒന്നായിത്തീർന്ന ആ നിമിഷങ്ങളിൽ എപ്പോഴോ കണ്ണുകളിൽ നിന്നടർന്ന് വീണ രണ്ടു തുള്ളി കണ്ണുനീർ ചേർത്ത് എന്റെ വിശുദ്ധി ഇച്ചായനു ഞാൻ പകുത്തു നൽകി… ഈ സേറ എന്നും എന്റെ ഇച്ചായന്റെ മാത്രം ആയി.

വാൽക്കഷ്ണം : വിമർശനങ്ങൾ ഒരു മയത്തിലൊക്കെ വേണേ.. ആരുമെന്നെ മാനസികമായി പീ ഡിപ്പിക്കരുത് 😁

Related Posts

Leave a Reply

Your email address will not be published. Required fields are marked *