ബാംഗ്ലൂർ പോലുള്ള ഒരു മഹാ നഗരത്തില്‍ തനിച്ച് താമസിച്ചാൽ ഞാന്‍ ചീ ത്തയായി പോവും എന്നായിരുന്നു അവരുടെ ഭയം. പക്ഷെ എന്റെ അമ്മക്ക് എന്നെ അറിയാമായിരുന്നു……

Story written by Shaan Kabeer

നിങ്ങളിൽ ഏതെങ്കിലും പെൺകുട്ടികൾ റോഡിൽ നിന്ന് തനിക്ക് പരിചയമുള്ള ഏതെങ്കിലും ചെറുപ്പക്കാരനുമായി ചിരിച്ചോണ്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “ചിലർ” നിങ്ങളെ ഒരുമാതിരി വല്ലാത്തൊരു സംശയചുവയുള്ള, അതായത് ഒരു പെണ്ണ് ഒരു ആണിനോട് സംസാരിക്കിയുന്നത് മഹാപാപമാണ് എന്ന മട്ടിലുള്ള നോട്ടം കണ്ടിട്ട് ഇവരെന്താ ഇങ്ങനെ നോക്കുന്നേ എന്ന് ചിന്തിച്ചവരാണോ…? അല്ലങ്കിൽ ഇടുന്ന ഡ്രസ്സ്‌ കോഡ് വെച്ച് നിങ്ങൾ മോശക്കാരി ആണെന്ന് ആരേലും പറഞ്ഞിട്ടുണ്ടോ…?ഉണ്ടെങ്കിൽ മാത്രം ഈ കഥ വായിക്കുക. നിങ്ങളോട് അശ്വതിക്ക് എന്തോ പറയാനുണ്ട്…

എന്റെ പേര് അശ്വതി, എല്ലാവരും അച്ചു എന്ന് വിളിക്കും. ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഒരു ഗ്രാമത്തിലാണ്. ഗ്രാമം എന്ന് പറഞ്ഞാല്‍ വെട്ടവും വെളിച്ചവും ഒന്നുമില്ലാത്ത ഒരു പട്ടിക്കാട്. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്, അമ്മയെ മറ്റൊരു കല്യാണത്തിന് കുടുംബക്കാർ ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും അമ്മ അതിന് തയ്യാറായില്ല. അമ്മ ജീവിച്ചത് എനിക്ക് വേണ്ടിയായിരുന്നു, എനിക്ക് വേണ്ടി മാത്രം.

ജീവിതത്തില്‍ ഞാന്‍ ആരുടെ മുന്നിലും തല കുനിച്ച് നിൽക്കരുത് എന്ന് അമ്മക്ക് വാശിയായിരുന്നു, അത്കൊ ണ്ട് തന്നെ അമ്മ എനിക്ക് നല്ല വിദ്യാഭ്യാസം തന്നു. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവം കാരണം എനിക്ക് പെണ്‍ സുഹൃത്തുക്കളെക്കാൾ കൂടുതല്‍ ആണ്‍ സുഹൃത്തുക്കളായിരുന്നു കൂടുതല്‍. കാരണം നമ്മള്‍ ഒരു കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞ് പെണ്‍ സുഹൃത്തിനോട് പറഞ്ഞാല്‍ നമ്മള്‍ പറഞ്ഞു കഴിഞ്ഞ് പത്ത് മിനുറ്റിനുള്ളിൽ അത് ഈ ലോകം മുഴുവന്‍ അറിഞ്ഞിരിക്കും, ആ ഒരു സ്വഭാവം എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. പക്ഷെ ആണ്‍കുട്ടികള്‍ അങ്ങനെയല്ല, ചില ഞെരമ്പ് രോഗികളെ മാറ്റി നിര്‍ത്തിയാല്‍ കൂട്ടുകൂടാൻ അവര്‍ തന്നെയാണ് ബെസ്റ്റ്.

പഠിത്തം കഴിഞ്ഞയുടൻ എനിക്ക് ബാംഗ്ലൂർ ജോലി കിട്ടി. പക്ഷെ അമ്മയൊഴിച്ച് ബാക്കി എല്ലാവരും അതിനെ എതിര്‍ത്തു. അച്ഛന്റെ വീട്ടുകാരായിരുന്നു കൂടുതല്‍ എതിർത്തത്. ബാംഗ്ലൂർ പോലുള്ള ഒരു മഹാ നഗരത്തില്‍ തനിച്ച് താമസിച്ചാൽ ഞാന്‍ ചീ ത്തയായി പോവും എന്നായിരുന്നു അവരുടെ ഭയം. പക്ഷെ എന്റെ അമ്മക്ക് എന്നെ അറിയാമായിരുന്നു, അമ്മയുടെ സമ്മതം മാത്രം മതിയായിരുന്നു എനിക്ക്.

ബാംഗ്ലൂർ ജീവിതവുമായി പൊരുത്തപ്പെട്ട് പോകുവാന്‍ ആദ്യമൊക്കെ എനിക്ക് കുറച്ച് പ്രയാസം തോന്നി, ഏറ്റവും വിഷയം തോന്നിയത് ജോലിക്ക് പോകുമ്പോള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നത് ഓര്‍ത്തിട്ടായിരുന്നു, കാരണം ചുരിദാറാണ് ഞാന്‍ സ്ഥിരമായി ധരിച്ചിരുന്നത്‍. ആദ്യമൊക്കെ പാന്റും ഷര്‍ട്ടും ധരിക്കുമ്പോൾ എനിക്ക് എന്തൊക്കെയോ ഒരു അസ്വസ്ഥതയായിരുന്നു, പിന്നെ പിന്നെ ചുരിദാറിനേക്കാൾ ഇഷ്ടം എനിക്ക് പാന്റിനോടും, ഷർട്ടിനോടുമായി. അങ്ങനെ എന്റെ സ്ഥിരമായ വേഷം ജീൻസും ടീ ഷര്‍ട്ടുമായി മാറി.

അങ്ങനെ ഒരു അവധിക്കാലത്ത് ഞാന്‍ നാട്ടിലേക്ക് പോയി. അമ്മയും, മുത്തശ്ശിയും, എല്ലാവരും എന്നെ കാത്തിരിക്കുകയാണ്, പ്രത്യേകിച്ച് അമ്മാവന്റെയും, ചെറിയച്ഛൻമാരുടെയും മക്കള്‍, കാരണം ഞാനും അവരും നല്ല കൂട്ടായിരുന്നു. പൂമുഖത്ത് സന്തോഷത്തോടെ എല്ലാവരും എന്നെയും കാത്ത് അങ്ങനെ നിൽക്കുമ്പോഴാണ് ജീൻസും ടീ ഷര്‍ട്ടും ഇട്ടോണ്ട് പുതിയ രൂപത്തില്‍ എന്റെ മാസ് എൻട്രി. എന്നെ ആ കോലത്തിൽ കണ്ടതും മുത്തശ്ശി നെഞ്ചത്തടിച്ച് നിലവിളിച്ചു

“അയ്യോ, എന്റെ കുട്ടി ചീ ത്തയായേ, ഞാന്‍ അന്നേ പറഞ്ഞതല്ലേ അവളെ പറഞ്ഞയക്കേണ്ട എന്ന്, അനുഭവിച്ചോ എല്ലാവരും കൂടി അനുഭവിച്ചോ”

ചെറിയച്ഛൻ മുത്തശ്ശിയെ ആശ്വസിപ്പിച്ചു, എന്നിട്ട് മുത്തശ്ശിയെ കൂട്ടി അകത്തേക്ക് പോകാനൊരുങ്ങി, ആ സമയം ചെറിയച്ഛൻ എന്നെ കണ്ണുരുട്ടി ഒന്നു നോക്കി എന്നിട്ട് തലയും തിരിച്ച് കൊണ്ട് ഒറ്റ പോക്കായിരുന്നു, അവരുടെ പിറകെ പുച്ഛ ഭാവത്തില്‍ എന്നെ നോക്കി ചെറിയമ്മയും പോയി. എനിക്ക് ഒന്നും മനസ്സിലായില്ല, ശരിക്കും ഞാന്‍ അന്തം വിട്ടു നിന്നു. അമ്മ വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടു പോയി.

എന്റെ അവധി തീരുന്നത് വരെ വീട്ടിലെ ചര്‍ച്ച എന്റെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു. എനിക്ക് നല്ല കുടുംബത്തില്‍ നിന്നും ചെറുക്കനെ കിട്ടില്ല എന്ന് ഒരു കൂട്ടർ, വീട്ടിലെ മറ്റു കുട്ടികള്‍ ഞാനുമായി കൂട്ടുകൂടിയാൽ വഴിതെറ്റുമെന്ന് വേറൊരു കൂട്ടർ, അച്ഛനില്ലാതെ വളര്‍ന്നത് കൊണ്ട് അമ്മ കൊഞ്ചിച്ച് വഷളാക്കിയതാണ് എന്ന് മറ്റൊരു കൂട്ടർ. സത്യം പറഞ്ഞാല്‍ ആ അവധിക്കാലത്ത് ഞാന്‍ ശരിക്കും ഒറ്റപ്പെട്ടു. ജീൻസും ടീ ഷര്‍ട്ടും ധരിച്ചതാണല്ലോ ഞാന്‍ ചെയ്ത മഹാ പാപം എന്നോർത്തപ്പോൾ എനിക്ക് എന്റെ കുടുംബത്തോട് സഹതാപം തോന്നി.

അവധി കഴിഞ്ഞ് ഞാന്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. രണ്ട് ദിവസം കഴിഞ്ഞ് അമ്മയുടെ ഫോണ്‍ വന്നപ്പോഴാണ് ഒരു കാര്യം അറിഞ്ഞത്, എന്റെ അടുത്ത വീട്ടിലുള്ള ഒരു അന്യ പുരുഷന്റെ മുഖത്ത്‌ പോലും നോക്കാത്ത, വീടിന് പുറത്ത് ചേട്ടന്‍മാരുടെ കൂടെ മാത്രം പോകുന്ന, ജീൻസ് ടീ ഷര്‍ട്ട് പോലുള്ള മോശമായ വസ്ത്രങ്ങള്‍ ധരിക്കാത്ത, ചുരിദാര്‍, സാരി എന്നീ പവിത്രമായ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന കന്യക എന്ന പെണ്‍കുട്ടി അവളുടെ വിവാഹ നിശ്ചയത്തിന്റെ അന്ന് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പവിത്രൻ എന്ന ആളോടൊപ്പം ഒളിച്ചോടി പോയി എന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *