സന്ധ്യ ആകുമ്പോൾ എയർപോർട്ടിൽ നിന്ന് വാങ്ങിയ കു പ്പിയും കൊണ്ട് കുട്ടപ്പനാശരിയുടെ വീട് വരെ പോയി. കാണിക്ക പോലെ കു പ്പി മൂത്താശാരിയുടെ മുന്നിൽ വെച്ചിട്ട്……..

Story written by Sarath Krishna

പഠിച്ചു നേടിയ ഡിഗ്രി സർട്ടിഫിക്കറ്റും ഡിപ്ലോമ സർട്ടിഫിക്കറ്റും എല്ലാം വാരി കെട്ടി നാട്ടിലേക്ക് ഒരു യാത്ര പോണം….

അടുക്കള വാതിലൂടെ പുറം തിരിഞ്ഞു നില്കുന്ന അമ്മയുടെ കണ്ണ് പൊത്തി ആ കൈകളിലേക്ക് പാസ്സ്പോർട്ടും വിസയും വെച്ചിട്ട് ഇത് എന്റെ കണ്ണ് എത്തായിടത് എവിടെയെങ്കിലും കൊണ്ട് വെക്കാൻ പറയണം

തട്ടിൻ പുറത്ത് ഇരിക്കുന്ന അച്ഛന്റെ ഉളിയും കൊട്ടോടിയും എവിടെയെന്ന് തേടി പിടിച്ച് നന്നായി ഒന്ന് തേച്ചു മിന്നുക്കണം..

സന്ധ്യ ആകുമ്പോൾ എയർപോർട്ടിൽ നിന്ന് വാങ്ങിയ കു പ്പിയും കൊണ്ട് കുട്ടപ്പനാശരിയുടെ വീട് വരെ പോയി. കാണിക്ക പോലെ കു പ്പി മൂത്താശാരിയുടെ മുന്നിൽ വെച്ചിട്ട് നാളെ തൊട്ട് ഞാനും പണിക് വരുന്നുണ്ടന്ന് പറയണം ..

അലാറം വിളിച്ചുണർത്താതെ അമ്മയുടെ വിളി കേട്ട് രാവിലെ ഉണരണം…

കോൾഗേറ്റിനെ പ്രാകി കൊണ്ട് കിണറിന്റെ തീണ്ടത് ഇരുന്ന് ആ ഉമിക്കേരി കൊണ്ട് പല്ലൊന്ന് അമർത്തി തേക്കണം..

ചെമ്പരത്തിയും കഞ്ഞുണ്ണിയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ മൂർധാവിൽ തെച്ചിട്ട് അത് വരെ വാങ്ങി കൂട്ടിയ ഹയർ ഓയിൽ ഒകെ വെറുതെയാണെന്ന് മുടിയെ അറിക്കണം

മനസമാധാനത്തോടെ ഒരു പാട്ട വെള്ളം കോരി തലയിലൂടെ ഒഴിക്കണം…

കൊണ്ട് വന്ന ഡോവ് സോപ്പ് മാറ്റി വെച്ചു അമ്മയുടെ പച്ച ചന്ദ്രിക ഇട്ട് മുടിയിൽ നന്നായി ഒന്ന് പതപ്പിക്കണം..

രസനാധി പൊടി നെറിയിൽ തിരുമണം….

സ്വാമി ഫോട്ടോന്റെ മുന്നിൽ ഇരു തിരി ഇട്ട വിളക്ക് തെളിക്കണം….

അടുത്തുള്ള ദേവിടെ അമ്പലത്തിൽ ചെന്ന് മൂന്ന് പ്രദിക്ഷണവും വെച്ച് മഞ്ഞളും രക്ത ചന്ദനവും നെറ്റിയിൽ തൊടണം..

കുബുസും മുട്ടയും മറന്ന് ആവി പറക്കുന്ന കുതേരി കഞ്ഞി മുളക് ചുട്ടരച്ച ചമ്മന്തിയും കൂട്ടി പ്ലാവില കുമ്പിളിൽ കോരി കുടിക്കുമ്പോൾ അമ്മയോട് പറയണം.. ഉച്ചകലെ ചോർ ഇല വാട്ടി പൊതിഞ്ഞ മതിയെന്ന്..

കഞ്ഞി വെള്ളം മുക്കി പിഴിഞ്ഞ വെള്ള മുണ്ടും കള്ളി ഷർട്ടും ഇട്ട് ഉള്ളി സഞ്ചിയും തൂക്കി ബസ് സ്റ്റോപ്പിലേക് നടക്കുന്ന നേരത്ത് ഇനി മടങ്ങി പോകുന്നില്ലേ എന്ന് ചോദിക്കുന്നവരുടെ മുന്നിൽ ഉത്തരം കൊടുക്കാതെ ഒന്നും അറിയാത്ത പോലെ ചിരിക്കണം..

ബസ്റ്റോപ്പിന്റെ മറയിൽ നിന്ന് എതിരെ നിൽക്കുന്ന പൂച്ചക്കണ്ണി ഇന്നും എന്നെ ഇടംകണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ടോ എന്ന് നോക്കണം…

ഒരു പുഞ്ചിരിയും കണ്ണിറുക്കലും അവൾക് സമ്മാനിച്ചു സ്ഥിരം പോകുന്ന ബസ്സിൽ ചാടി കയറണം

പണി സ്ഥലത് എത്തി നാല് തട്ടും തട്ടി പത്ത് മണിയുടെ ചായ കുടിക്കാൻ ഗോപാലേട്ടന്റെ ചായ പീടികയിൽ പോകണം..

നാട്ടു വിശേഷവും പരദൂക്ഷണവും കേട്ട് ചില്ല് അലമാരയിൽ കിടക്കുന്ന ഉള്ളി വട ആർത്തി മൂത്ത് രണ്ടാമത് ഒന്നും കൂടെ വാങ്ങി തിന്നുന്ന നേരത്തു കയറി വരുന്ന ലോട്ടറിക്കാരൻ കുഞ്ഞിക്കന്റെ കൈയിൽ നിന്ന് ഇന്നലെ എടുത്ത ടിക്കറ്റ് വീണ്ടും ഒന്ന് ഒത്തു നോക്കി ഒരു ടിക്കറ്റ് കൂടെ എടുത്ത് വേഗത്തിൽ പൈസകാരൻ ആകാനുള്ള എന്റെ മോഹം ഒരിക്കൽ കൂടെ ഊട്ടി ഉറപ്പിക്കണം..

കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു മണി ആകുന്ന നാട്ടിലെ പ്രതിഭാസത്തിൽ വാഴയിലയിലെ ചോറ് കൂടെ പണിയുന്നവരുടെ കൂടെ വട്ടത്തിൽ ഇരുന്ന് ഉണണം..

ഊണ് കഴിഞ്ഞു fm റേഡിയോ വെച് രണ്ടു മണി ആകും വരെ മയങ്ങാതെ ഒന്ന് മയങ്ങണം.

നാലു മണി ചായയും കഴിഞ്ഞു പാടത്തെ അമ്പലത്തിൽ പാട്ട് വെക്കുമ്പോൾ പണി സാധനങ്ങൾ ഒതുക്കി കാലും മോറും തേച്ചു കഴുക്കി കൂലിയും വാങ്ങി വീട്ടിലേക്കുള്ള അഞ്ചരയുടെ ബസ് പിടിക്കണം..

നാളെത്തേക്ക് ഉപ്പേരി വെക്കാനുള്ള പച്ച കറിയും അമ്മക്ക് ജോസേട്ടന്റെ ബേക്കറി നിന്ന് ഒരു പൊതി പലഹാരവും വാങ്ങി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഉമ്മറത് സന്ധ്യ വിളക്കും കത്തിച്ചു കോലായിൽ തിണ്ണയിൽ ‘ എന്നെയും കാത്തിരിക്കുന്ന അമ്മയെ നോക്കി നിവർന്നു ഒന്ന് പുഞ്ചിരിച് കൈയിലെ പലഹാര പൊതി അമ്മയെ ഏൽപ്പിക്കണം..

കുളി കഴിഞ്ഞു എന്നെ ഞാനാക്കിയ കൂട്ടുകാരെ കാണാൻ കവലയിലേക്ക് ഇറങ്ങണം അവിടെ ഉണ്ടാകും രമേശനും സുധീരനും അപ്പുക്കുട്ടനും എല്ലാം.. ക്ലബിലെ വാർഷികാഘോഷ ചർച്ചയും നാട്ടു വർത്തനാവും കഴിഞ്ഞു വീട്ടിലേക് എത്തുമ്പോൾ അത്താഴം ഒരുക്കി ‘അമ്മ കാത്തിരിക്കുന്നുണ്ടാകും.. ഉണ്ണുന്ന നേരത്തു ബ്രോക്കർ കൊണ്ട് വന്ന ആലോചന കാര്യം ‘അമ്മ എടുത്തിടുമ്പോൾ അമ്മയോട് പറയണം ഗൾഫ്‌കാരൻ എന്ന പേര് മാറ്റി വെച്ച് സാധാരണ ഒരു വീട്ടിലെ കുട്ടി മതിയെന്ന്..

മുറത്തിൽ ഇട്ട് റേഷനരി ചേറാൻ അറിയുന്ന..

പറമ്പിൽ നിൽക്കുന്ന കൂവയും കുറുന്തോട്ടിയും വേർതിരിച്ചറിയുന്ന കുട്ടി..

എല്ലാം കഴിഞ്ഞു കിടക്കാൻ നേരം ഉത്തരത്തിലേക്ക് നോക്കി വീണ്ടും ഓർക്കണം പഴിച്ചു ജീവിച്ച തീർത്ത പ്രവാസ നാളുകളെ കുറിച്ച് ,

കടവും കടപ്പാടുകളും വീട്ടാനായി വിമാനം കയറിയവരെ മാറ്റി നിർത്തി

സമ്പാദ്ധ്യമാണ്‌ ജീവിതത്തെക്കാൾ വല്ലുതേന്ന് കരുതി ജീവിക്കുന്നവരുടെ മുഖം മനസിൽ തെളിയും

അവർ അറിയാതെ പോകുന്ന സത്യമുണ്ട്

വീടാണ് സ്വർഗമെന്ന്…

ഒരിക്കലും തിരിച്ചു കിട്ടാത്ത ആയുസ്സിലെ നല്ല നാളുകൾ നേടിയ പണം കൊണ്ട് അന്ന് അവർക്ക് വിലയിട്ട് വാങ്ങാൻ കഴിയില്ലെന്ന്

Related Posts

Leave a Reply

Your email address will not be published. Required fields are marked *