അമ്മച്ചിയ്ക്ക് വയ്യാതിരിക്കുമ്പോ അത്രേം ദൂരമൊക്കെ വണ്ടീൽ പോണോ , എന്ന് മരുമോൾ ചോയ്ച്ചെങ്കിലും കിട്ടിയ അവസരം കളഞ്ഞു കുളിക്കാൻ………

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി..ഇവരുടെ ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ഇവരെങ്ങോട്ടും ഒറ്റയ്ക്ക് പോകാൻ പുള്ളിക്കാരൻ തമ്മയ്ക്കില്ലാരുന്നെന്നാണ് പറയുന്നത്.. അമ്മച്ചിയ്ക്കാണെങ്കി മുടിഞ്ഞ ഗ്ലാമറും,,അദ്ദേഹം മരിച്ചു പോയതിന് ശേഷമാണത്രേ ഇവർക്ക് സ്വാതന്ത്ര്യം കിട്ടിയത്..രാവിലെ ഒരു കട്ടനും കുടിച്ച് വീട്ടിൽ നിന്നിറങ്ങുന്ന അമ്മച്ചി അയലോക്കത്തെല്ലാം കേറി വിശേഷങ്ങൾ ശേഖരിച്ച് ഉച്ച,, ഉച്ചര,, ഉച്ചേമുക്കാലോടെ വീട്ടിലെത്തും.. ശേഷം എന്തെങ്കിലും ഇച്ചിരി കഴിച്ച് റെസ്റ്റെടുക്കും.. പുള്ളിക്കാരിയ്ക്ക് വലിവിന്റെ അസുഖമുണ്ട്.. അച്ഛനിൽ നിന്നും അമ്മ അനുഭവിച്ച ദുരിതവും അതിന് ശേഷം അമ്മയ്ക്ക് കിട്ടിയ സ്വാതന്ത്ര്യത്തേക്കുറിച്ചുമൊക്കെ മോൻ അവന്റെ ഭാര്യയോട് വ്യക്തമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.. അമ്മ വീട്ടു ജോലികളൊന്നും ചെയ്യാതെ വായിനോക്കി നടക്കുന്നത് കാണുമ്പോൾ ഭാര്യക്ക് കുരു പൊട്ടരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്..

“എന്തൊരു പുല്ലെങ്കിലുമാവട്ട്,, എന്ന് ആ പെണ്ണും കരുതും..അവള് അവരോട് വഴക്കിനൊന്നും പോകത്തില്ല..

മിനിഞ്ഞാന്ന് രാവിലെ പത്തോടെ ഇവരുടെ അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചിയുടെ അമ്മായമ്മ അച്ചൻകോവിലിൽ മരിക്കുന്നു.. ആരോ പറഞ്ഞറിഞ്ഞ് ഈ അമ്മച്ചിയും മരണത്തിനു പോകാനൊരുങ്ങിയ ആൾക്കാർക്കൊപ്പം അങ്ങോട്ട് പോകാനൊരുങ്ങി..

“അമ്മച്ചിയ്ക്ക് വയ്യാതിരിക്കുമ്പോ അത്രേം ദൂരമൊക്കെ വണ്ടീൽ പോണോ “, എന്ന് മരുമോൾ ചോയ്ച്ചെങ്കിലും കിട്ടിയ അവസരം കളഞ്ഞു കുളിക്കാൻ അമ്മച്ചി തയ്യാറല്ലാരുന്നു..

പറയാനുള്ളത് പറഞ്ഞിട്ടും അമ്മച്ചി ഒരുങ്ങുന്നത് കണ്ട മരുമോള് “എന്തൊരു പുല്ലെങ്കിലുമാവട്ടെന്ന് കരുതി “..

വഴക്കിനൊന്നും പോയില്ല..

രാത്രിയോടെ ടൂറ് പോയ സംഘം തിരിച്ചെത്തി.. മരിച്ച അമ്മയുടെ ആരോ ഗൾഫിലാണ്,,അവര് വന്ന ശേഷം പിറ്റേന്നേ അടക്കമുള്ളൂ..

ദൂര യാത്ര കാരണം അമ്മച്ചി അവശയാരുന്നു..മരണ വീട്ടിൽ ചെന്നിട്ട് ആരും മൈൻഡ് ചെയ്തില്ലെന്ന് അമ്മച്ചി മോനോട് പരാതി പറഞ്ഞു..

ഉറങ്ങാൻ കിടന്ന അമ്മച്ചിയ്ക്ക് വലിവ് കൂടിയിട്ട് രാത്രി മുഴുവൻ മുക്കലും മൂളലും ഇടയ്ക്കിടെ പീപ്പിയടിയ്ക്കുന്ന പോലത്തെ ഓരോ ശബ്ദവും കേൾപ്പിച്ചു കൊണ്ടേയിരുന്നു.. പാതിരാത്രിയായപ്പോ മോനും മരുമോളും ചേർന്ന് അടുത്തുള്ളൊരു ആശൂത്രീല് കൊണ്ടോയി സൂചി വെച്ച്.. ലേശം ആശ്വാസമായി..

ഇന്നലെ രാവിലെയോടെ ആള് സ്ട്രോങ്ങായി.. വലിവിന്റെ ഊക്ക് കുറഞ്ഞു.. പുള്ളിക്കാരി രാവിലെ തന്നെ എണീറ്റ് പല്ല് തേച്ചു കാലും കയ്യുമൊക്കെ കഴുകി സർക്കീട്ടിനു റെഡിയായി..

“ഇന്നലെ രാത്രി മുഴുവൻ വലിച്ചോണ്ടിരുന്നിട്ട് അമ്മ ഈ വെളുപ്പിന് എങ്ങോട്ടാണെന്ന് “,, മരുമോള് ചോദിച്ചു.. വായിൽ കൊണ്ട വെള്ളം നീട്ടി വെളീലോട്ട് തുപ്പിയതല്ലാതെ അമ്മായിയമ്മ ഒരക്ഷരം ഉരിയാടിയില്ല..

“എന്തൊരു പുല്ലെങ്കിലുമാവട്ടെന്ന് മരുമോളും കരുതി.. അവര് വഴക്കിനൊന്നും പോയില്ല..

റോഡിലോട്ട് കേറിപ്പോയ അമ്മായമ്മ ഏകദേശം എട്ടരയോടെ ആറ,റുപതിൽ വീട്ടിലോട്ട് പാഞ്ഞു വന്നു.. മരുമോള് പേടിച്ചു പോയി.. ഓടിവന്ന ആൾക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ല..

“എന്തുവാ,, എന്തിനാ അമ്മ ഓടിയത്..

അമ്മേടെ നെഞ്ചിൽ തടവി മരുമോള് ചോദിച്ചു.

“ഇന്ന് കൊറേപ്പേര് മരണത്തിനു പോകുന്നുണ്ട്,, ഇവിടുന്ന് വണ്ടി പിടിച്ചാ പോകുന്നെ,, അടക്കം ഇന്നല്ലിയോ..ഞാനും കൂടെ പോകുവാ,,

അമ്മ പറയുന്ന കേട്ട് മരുമോള് അന്തിച്ചുപോയി..

” അമ്മ ഇന്നലെ പോയതല്ലേ,വലിവും വെച്ചോണ്ട് ഇനീം പോണോന്ന്” മരുമോള് ചോയ്ച്ചിട്ട് ചറ പറാ പീപ്പിയടിച്ച് വലിച്ചോണ്ട് നിന്ന് സെറ്റും മുണ്ടും ഉടുക്കുന്ന അമ്മായമ്മ മിണ്ടുന്നില്ലെടെ..

“എന്തൊരു പുല്ലെങ്കിലുമാവട്ടെന്ന് “,, മരുമോളും വിചാരിച്ചു.. വലിക്കുന്നത് അമ്മയല്ലേ..

സെറ്റും മുണ്ടും ഉടുത്ത് ഇങ്ങോട്ടോടിയ അതിലും ഇരട്ടി വേഗത്തിൽ അമ്മായമ്മ റോഡിലോട്ടോടി..അവര് ചെല്ലുന്നേനു മുന്നേ വണ്ടി പോയാൽ എന്തോ ചെയ്യും..അതുകണ്ട മരുമോള് ആധിയോടെ നെഞ്ചിൽ കൈവെച്ചു..

കൊറേ കഴിഞ്ഞപ്പോ മരുമോളുടെ ഫോണിലേയ്ക്ക് ഒരു കാൾ വരുന്ന്.. അമ്മായമ്മ വയ്യാതെ റോഡിൽ വീണു.. ഓടിച്ചെല്ലാൻ പറഞ്ഞോണ്ടാരുന്നു കാൾ..

“എന്തൊരു പുല്ലെങ്കിലുമാവട്ടെന്ന് അവള് കരുതീല കേട്ടോ..

കേട്ടപാതി ലവള് റോഡിലോട്ട് പാഞ്ഞു.. അവിടെ ഒരു വീട്ടിൽ അമ്മയെ എടുത്തു കിടത്തിയേക്കുന്നു..

വണ്ടീൽ കേറാനുള്ള വെപ്രാളത്തിൽ റോഡിലോട്ടോടിയ പുള്ളിക്കാരിയുടെ മുൻപേ ഒരു പട്ടി ഓടി,, ആ പട്ടിയെ കണ്ടു വേറൊരു പട്ടി കൂടെ ഓടി.. അമ്മ വിചാരിച്ചത് പട്ടി അവരുടെ പൊറകെ ഓടുവാണെന്നാ.. പുറകെ വന്ന പട്ടികൾ വിചാരിച്ചു കാണും അമ്മ മറ്റേ പട്ടിയെ ഓടിക്കുവാണെന്ന്. അങ്ങനെ അഞ്ചാറു പട്ടികൾ അമ്മയ്ക്ക് പൊറകെ കത്തിച്ച് വിട്ടു.. പട്ടിയെ കണ്ട് അമ്മ തറേൽ വീണ്.. അമ്മ വീണപ്പോ പട്ടികൾ അതിന്റെ പാട്ടിന് പോയി..

എണീക്കാൻ വയ്യാതെ വലിക്കുന്ന അമ്മേം എടുത്തു വണ്ടീൽ കേറ്റി അവള് ആശൂത്രീൽ കൊണ്ടോയി..അവിടെ ചെന്നപ്പോ ഡോക്ടർ അമ്മച്ചിയ്ക്ക് കൊറച്ചു വായു കൊടുത്ത്.. അപ്പൊ ശ്വാസംമുട്ട് മാറി.. പുള്ളിക്കാരിയ്ക്ക് കൈക്കും കാലിനുമൊക്കെ ഭയങ്കര വേദന… സംശയം തോന്നിയ ഡോക്ടർ അമ്മയോട് എക്സ് റേ എടുക്കാൻ പറഞ്ഞു.. എക്സ് റേ എടുത്ത് നോക്കിയപ്പോ വലത്തേ കൈക്കും കാലിനും പൊട്ടലുണ്ട്..

വൈകുന്നേരം അവളെന്നെ വിളിച്ചു.. രണ്ടീസം അവിടെ കിടക്കാൻ ഡോക്ടർ പറഞ്ഞെന്ന്.. ഒന്ന് വീണാലും സാരമില്ല അമ്മേടെ സർക്കീട്ട് കുറഞ്ഞല്ലോ എന്നാ അവള്ടെ ആശ്വാസം..

“എന്തൊരു പുല്ലെങ്കിലുമാവട്ടെന്ന് ഞാനും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *