കാലം കാത്തുവച്ചത് ~ ഭാഗം 16, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

കാത്തിരിപ്പിന് ഒരു പ്രത്യേക ഭാവമാണ്.. മുളപൊട്ടി പുറത്തേക്ക് വന്നൊരു വസന്തം നൽകാനുള്ള വിത്തുകളുടെ അഭിലാഷം പോലെ, ഉള്ളിലെ പ്രണയം മുഴുവൻ പുറത്തേക്കൊരു ലാവ പോലെ ഒഴുക്കുവാനുള്ള ചൂട് തേടും പോലെ… അതിമനോഹരവും എന്നാൽ അത്രമേൽ വേദനാജനകവുമായ ഒന്ന്…
ഞാനും കാത്തിരുന്നു… ഉള്ളിൽ പ്രണയത്തിന്റെ മുഴുവൻ ഭാവങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട്…

ദിവസേന ഉള്ള ഫോൺ കോളുകളിൽ ഒന്നും പറയാനാവാതെ ഇരുവരും നിശ്വാസങ്ങൾ മാത്രം കൈമാറി…. ആ നിശ്വാസങ്ങളിൽ ഞങ്ങളുടെ പ്രണയവും കരുതലും അന്വേഷണങ്ങളും പിണക്കവും എല്ലാം ഉൾക്കൊണ്ടിരുന്നു…
ആഴ്ച്ചാവസാനങ്ങളിൽ വരുമെന്നാണ് ഹരിയേട്ടൻ പറഞ്ഞിട്ടുള്ളത്…. എങ്കിലും ഏറെ കാലം കാത്തിരിക്കേണ്ടതുണ്ടെന്ന പ്രതീതിയാണ് മനസ്സിന്…

നിമിഷങ്ങൾക്ക് ധൈർഘ്യമേറിയതു പോലെ…എന്നേ മുഴുവനായി മനസ്സിലാക്കി മാമി കൂടെ നിന്നു… പകലുകളിൽ മാമിയുടെ കൂടെ വീട്ടുജോലികളിൽ മുഴുകിയും രാത്രി ഹരിയേട്ടന്റെ അഭാവത്തിൽ നിന്ന് രക്ഷപെടാൻ മാമിയുടെ ചൂടിൽ ഉറങ്ങുവാനും തുടങ്ങി.. കണ്ണകന്നാൽ മനം അകലും എന്ന് ഒരു പഴമൊഴി ഉണ്ടല്ലോ… അതിൽ ഒരു അർത്ഥവും തോന്നിയില്ല…

മനസ്സിൽ ആത്മാർത്ഥമായ സ്നേഹം ആണെങ്കിൽ എത്ര ദൂരെ പോയാലും എത്ര കാലത്തോളം കണ്മുന്നിലേക്ക് വരാതിരുന്നാലും ഒരിറ്റു പോലും കുറവില്ലാതെ സ്നേഹം മനസ്സിൽ തന്നെ ഉണ്ടാവും…. ഉറപ്പാണ്… അത് തിരിച്ചറിയണമെങ്കിൽ മനസ്സിൽ മുഴുവനായി പ്രകടിപ്പിക്കാനാവാതിരുന്ന പ്രണയവുമായി പ്രിയതമനെ കാത്തിരുന്നു നോക്കണം…

പരിഭവങ്ങളും പിണക്കങ്ങളും അവന്റെ നെഞ്ചിൽ ഒഴുക്കാനായി ഉള്ളിൽ കെട്ടി നിർത്തണം… പ്രണയം എന്നത് കേവലം സന്തോഷം മാത്രമല്ല… വിരഹവും കൂടിയതാണ്… വിരഹ ദുഃഖം അനുഭവിക്കാതെ എങ്ങനെ പ്രണയത്തിന്റെ ഭംഗി തിരിച്ചറിയാനാവും… എനിക്കൊപ്പം വീടും മാമിയും എല്ലാം ഹരിയേട്ടനെ കാത്തിരുന്നു…

കാത്തിരിപ്പിന് സുഖം പകരാനായി മുറിയിൽ ഹരിയേട്ടൻ വച്ചിരുന്ന ടേപ് റെക്കോർഡർ ഓൺ ചെയ്ത് ഇടയ്ക്കു കേൾക്കും… ജനലഴികളിലൂടെ ദൂരെ നീണ്ടു കിടക്കുന്ന വഴിയിലേക്ക് ഹരിയേട്ടൻ വരുമെന്നും പ്രതീക്ഷിച്ചു നോക്കി യിരിക്കും ഏറെ നേരം…

” ഒരിക്കൽ നീ പറഞ്ഞു

പതുക്കെ നീ പറഞ്ഞു…

പ്രണയം ഒഴുകും പുഴയാണെന്ന്…

പ്രണയം ഒഴുകും പുഴയാണെന്നു..

ഒഴുക്കിൽ നീ അറിഞ്ഞു

തണുപ്പിൽ നീ അറിഞ്ഞു..

പുഴയെൻ കൊലുസിന് ചിരിയാണെന്ന്

പുഴയെൻ കൊലുസിൻ ചിരിയാണെന്ന്.”

ടേപ് റെക്കോർഡർ പാടിയപ്പോൾ മുഖത്ത് അറിയാതെ നാണം വിരിഞ്ഞു…. ഒപ്പം നാണം കാണാൻ ഹരിയേട്ടനില്ലാത്തതിന്റെ വിരഹ വേദന നെഞ്ചിൽ തിങ്ങി നിന്നു… നെഞ്ചു വേദനിച്ചു തുടങ്ങി… സുഖമുള്ള നോവ്…

*****************

ശനിയാഴ്ച രാവിലെ മുതൽ ഒരു വെപ്രാളം ആണ്.. ആദ്യരാത്രിയിൽ മണവാട്ടി വരന്റെ മുറിയിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന പരിഭ്രമം പോലെയെന്തോ…
ഒന്നിലും ശ്രദ്ധ നിൽക്കാതെ എന്തൊക്കെയോ ഞാൻ കാണിച്ചു കൂട്ടുന്നത് കണ്ടു മാമിക്ക് ചിരി വരുന്നുണ്ടായിരുന്നു…

കുഞ്ഞീ നീ എവിടെ എങ്കിലും ഒന്ന് ഒതുങ്ങി ഇരിക്കു…. സ്നേഹപൂർവ്വം ഉള്ള മാമിയുടെ ശാസന കേട്ട് എനിക്ക് പരിഭവം ആണ് തോന്നിയത്… എന്റെ ഹരിയേട്ടൻ ഇന്ന് വരുമ്പോൾ എല്ലാം ഞാൻ തന്നെ ചെയ്തു കൊടുക്കണ്ടേ…
ഹരിയേട്ടന് ഇഷ്ടം ഉള്ളത് എല്ലാം… ചുണ്ട് കൂർപ്പിച്ചു മാമിയെ നോക്കി ഞാൻ വീണ്ടും എന്തെല്ലാമോ ചെയ്യാൻ ആരംഭിച്ചു..

ഹരിയേട്ടന് ഇഷ്ടം ഉള്ളതെല്ലാം ഒരുക്കി മുറിയിലേക്ക് നടന്നു… മുറിയിലെ ഫ്ലവർ വേസിൽ പുതിയ പനിനീർ പുഷ്പങ്ങൾ നിറച്ചു… കിടക്കയുടെ വിരിപ്പ് മാറ്റി.. ഇളം നീല നിറത്തിലുള്ള ഒന്ന് വിരിച്ചു…

എല്ലാം കഴിഞ്ഞിട്ടും എന്തൊക്കെയോ ബാക്കിയുള്ളതു പോലൊരു തോന്നൽ… കട്ടിലിന്റെ ഒരു വശത്തെ സൈഡ് ടേബിളിൽ ഇരിക്കുന്ന ഞങ്ങളുടെ ഫോട്ടോ എടുത്തു കൈകൊണ്ടു തുടച്ചു… ആ മുഖത്ത് എന്തൊരു സന്തോഷം ആണ്…നോക്കിയിരിക്കും തോറും പ്രണയം കവിഞ്ഞൊഴുകാൻ തുടങ്ങുകയാണ്…വെയിൽ ചാഞ്ഞപ്പോൾ കുളിച്ചു ഹരിയേട്ടനിഷ്ടമുള്ള കടും പച്ച നിറമുള്ള മുണ്ടും നേര്യതും ഉടുത്തു താഴേക്ക് വന്നു.. കുറച്ചു നേരം ചാരുപടിയിൽ വഴിയിലേക്ക് കണ്ണും നട്ടു ഇരുന്നു…

സന്ധ്യ ആയപ്പോൾ പൂമുഖത്തും വരാന്തയിൽ ഉത്തരത്തിന്മേൽ തൂക്കി യിട്ടിരിക്കുന്ന വിളക്കിലും തിരി കൊളുത്തി… വീണ്ടും മിഴികൾ പ്രതീക്ഷയോടെ വഴിയിലേക്ക് നീണ്ടു… നേരം ഇരുട്ടി തുടങ്ങി…. എന്നിൽ പരിഭവവും…

അവൻ വരും കുഞ്ഞീ…. നീ മഞ്ഞു കൊള്ളാൻ ഇരിക്കേണ്ട…. അകത്തു ചെന്ന് ഇരിക്കു….

മാമിയുടെ വാക്കുകൾ ഒന്നും കാതിൽ പതിഞ്ഞില്ല.. അനുസരിക്കാതെ വന്നതിനു മാമി വഴക്ക് പറയുന്നുണ്ടായിരുന്നു…. പക്ഷെ അതിനൊന്നും എന്റെ ദേഹത്തെ ചലിപ്പിക്കാൻ ആയില്ല.. കാറിന്റെ വെളിച്ചം വഴിയുടെ അറ്റത്തു നിന്നും കണ്ടപ്പോൾ തന്നെ പിടഞ്ഞെഴുന്നേറ്റു പടിക്കലേക്ക് ഓടി… ഗേറ്റ് തുറന്നു നിന്നു… കാർ അകത്തു കയറിയപ്പോൾ ഗേറ്റ് അടച്ചു ഹരിയേട്ടന് അരികിലേക്ക് വന്നു… എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹരിയേട്ടൻ കാറിൽ നിന്നും കുറച്ചു കവറുകൾ എടുത്ത് എന്നെ ഏല്പിച്ചു വീട്ടിലേക്ക് നടന്നു…

എനിക്ക് പരിഭവം മാറി ദേഷ്യം വന്നു… ഇത്രയും നാൾ കാണാതിരുന്നിട്ട് ഇപ്പൊ കണ്ടപ്പോൾ എന്നെ ഒന്ന് ചേർത്ത് പിടിക്കുക പോലും ചെയ്തില്ലലോ… ഒരു വാക്ക് ചോദിച്ചില്ലല്ലോ…. ദുഷ്ടൻ… ഞാൻ പിറുപിറുത്തു കൊണ്ട് വേഗം അകത്തേക്ക് കയറിപ്പോയി… മാമിയോട് സംസാരിക്കുന്ന ഹരിയേട്ടനെ നോക്കി മുഖം വശത്തേക്ക് കോട്ടി ഞാൻ മുകളിലേക്ക് നടന്നു..പതിവ് പോലെ ജനലരികിൽ നിന്ന് പതം പറയാൻ തുടങ്ങി…

മുറിയിൽ ആളനക്കം അറിഞ്ഞപ്പോൾ അടുത്ത നിമിഷം എന്റെ അരികിലേക്ക് വരുമെന്ന് ഉറപ്പ് ആയിരുന്നു… എന്റെ പിണക്കം കണ്ടിട്ടാവണം മുഖത്ത് ഒരു ചിരിയുണ്ടാവും…പുറം തിരിഞ്ഞാണ് നിൽപ്പെങ്കിലും ആ മുഖം എനിക്ക് കാണാം…

ചിലപ്പോഴൊക്കെ അങ്ങനെ അല്ലെ….ചില സന്ദർഭങ്ങളിൽ നമ്മൾ ഇഷ്ട പെടുന്നവരുടെ ഭാവങ്ങൾ നമ്മൾ അറിയില്ലേ…. അവരെ കാണാതെ കേൾക്കാതെ തന്നെ…..

എന്താണ് എന്റെ ഗായത്രീ ദേവിക്ക് ഒരു പിണക്കം…. പുറകിലൂടെ വന്നു തോളിലേക്ക് മുഖം താഴ്ത്തി കൈകൾ എനിക്ക് ചുറ്റുമായി കോർത്തുകൊണ്ടു ചെവിയിൽ ചോദിച്ചു…. ഞാൻ കയ്യെടുത്തു മുഖം തള്ളി മാറ്റാൻ ശ്രമിച്ചു.. എന്നാൽ ആ മുഖം തള്ളി മാറ്റാൻ എന്റെ മനസ്സും ശരീരവും സഹകരിച്ചില്ല…തീർത്തും ദുർബലമായ പ്രവൃത്തി കണ്ടു ഹരിയേട്ടൻ ചെവിക്കരികിൽ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു…

എന്തിനാണ് ഇനിയും പിണക്കം…. ഞാൻ വന്നില്ലേ…. ജോലി കഴിഞ്ഞു ഇറങ്ങാൻ വൈകിയതു കൊണ്ടല്ലേ നേരം വൈകിയത്… പതിയെ എന്നോടായി പറഞ്ഞു…

അത് മതിയായിരുന്നു എന്റെ പിണക്കം മാറ്റുന്നതിന്… എന്റെ തോളിൽ നിന്നും മുഖം ഉയർത്തി ഇരു തോളുകളിലും പിടിച്ചു ഹരിയേട്ടന് അഭിമുഖമായി തിരിച്ചു നിർത്തി…

അപ്പോഴും എന്റെ വീർത്തുകെട്ടിയ മുഖം ഹരിയേട്ടനോടുള്ള പരിഭവം വിളിച്ചോതിയിരുന്നു…

അതൊന്നുമല്ലല്ലോ…. എന്താണ് പറ്റിയത് എന്റെ ഭാര്യക്ക്… തടിയിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…

എന്നോട് മിണ്ടിയില്ലല്ലോ…. ഞാൻ എത്ര നേരമായി കാത്തു നിൽക്കുന്നു… ഒരു വാക്കുപോലും മിണ്ടാതെ അകത്തേക്ക് കയറിപോയില്ലേ.. ചുണ്ട് കൂർപ്പിച്ചു പരിഭവത്തോടെ ഞാൻ പറഞ്ഞു…

ഒരു നിമിഷം നിശബ്ദനായി നിന്ന് ഹരിയേട്ടൻ പിന്നെ ചിരിച്ചു…

അല്ലെങ്കിലും എനിക്കറിയാം ഈ പറയുന്നത് പോലെ ഒന്നുമില്ല എന്നോടുള്ള ഇഷ്ടം എന്ന്… ഞാൻ പറഞ്ഞു തീരും മുന്നേ എന്നെ കൈകൾ കൊണ്ട് നെഞ്ചോട് ചേർത്തിരുന്നു… നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് കാതിലേക്ക് മുഖം താഴ്ത്തി പറഞ്ഞു… സോറി….. എനിക്ക് ഒരു വാക്കിൽ തീർക്കാനുള്ളതല്ല ഗായത്രീ നിന്നോട് പറയാനുള്ളത്…ഒരുപാട്….. ഒരുപാട് ഉണ്ട്…. ഈ ഒരു ജന്മം പറഞ്ഞു തീർക്കാൻ ആവാത്ത അത്രയും….

ഹരിയേട്ടന്റെ വാക്കുകൾ മതിയായിരുന്നു എന്റെ എല്ലാ പരിഭവങ്ങളും ഇല്ലാതാക്കുവാൻ….. ചിലർ അങ്ങനെയാണ്…. തന്റെ പുരുഷന്റെ ഒരു വാക്കിനും ഒരു നോട്ടത്തിനും വേണ്ടി മാത്രം കൊതിക്കുന്നവർ… അത് കിട്ടാതെ വരുമ്പോൾ ദേഷ്യം പ്രകടിപ്പിക്കുന്നവർ…. ഒരു ചേർത്ത് പിടിക്കലിൽ ഉള്ളിലെ എല്ലാ പരിഭവങ്ങളും ഒഴുക്കി കളയുന്നവർ… തന്റെ പുരുഷനോട് കൊഞ്ചാനും പരിഭവിക്കാനും പിണക്കം കാണിക്കാനുമെല്ലാം അവൾക്ക് മാത്രമേ അവകാശമുള്ളൂ..

കുറച്ചു നേരം നിൽക്കവേ മാമി ഭക്ഷണം കഴിക്കാൻ വിളിച്ചു… ഞാൻ ഹരിയേട്ടനായി തയ്യാറാക്കിയതെല്ലാം ആസ്വദിച്ചു കഴിക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു നിന്നു… ഭക്ഷണം കഴിച്ചു കഴിഞ്ഞു വളരെ നന്നായിട്ടുണ്ട് എന്നും കൂടെ പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ സന്തോഷം ആണ് തോന്നിയത്…

ശ്രദ്ധിച്ചിട്ടുണ്ടോ… തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ഇഷ്ടത്തോടെ തയ്യാറാക്കുന്ന ഭക്ഷണം കഴിച്ചു നന്നായിട്ടുണ്ട് എന്നൊരു വാക്കിൽ ഒരുപാട് സന്തോഷി ക്കുന്നവരെ… ചെറിയ പ്രശംസ പോലും മനസ്സിൽ വലിയ സന്തോഷം ഉണ്ടാക്കുന്നവരെ…. ആാാ സന്തോഷത്തിനു വേണ്ടിയാണു പലരും ഇഷ്ടത്തോടെ എല്ലാം ചെയ്യുന്നത്….

കഴിച്ചു കഴിഞ്ഞു മുറിയിലേക്ക് പോയപ്പോൾ ഹരിയേട്ടൻ ബാൽക്കണിയിലെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.. അരികിൽ ഇരുന്നു ആ നെഞ്ചിലേക്ക് തല ചായ്ച്ചു.. കൈകൾ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു വിശേഷങ്ങൾ പറയാൻ തുടങ്ങി… ഏറെ നേരം കടന്നു പോയി… തല ചരിച്ചു ആ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്ന തിളങ്ങുന്ന കണ്ണുകൾ കണ്ടു.. എന്തോ ഇത്തവണ എന്നിൽ നാണം പൂത്തു ആ കണ്ണുകളുമായി കൊരുത്തപ്പോൾ…. കവിളുകൾ ചുവന്നു…

തന്റെ പുരുഷന്റെ ഒരു നോട്ടമോ ഓർമയോ പോലും ഒരു പെണ്ണിനെ ലജ്ജയിൽ കുതിര്ക്കും എന്നല്ലേ….

ഞാനും മാറുകയായിരുന്നു… എന്റെ മാറ്റം എന്നേക്കാൾ മുമ്പ് ഹരിയേട്ടൻ മനസ്സിലാക്കിയിരുന്നു… ആ കണ്ണുകൾ അനുവാദം ചോദിച്ചപ്പോൾ നാണത്തോടെ എന്റെ കണ്ണുകൾ താഴേക്ക് നോക്കി… പതിയെ ഹരിയേട്ടൻ എന്നെ എഴുന്നേൽപ്പിച്ചു മുറിയിലേക്ക് നടന്നു…

” അവളുടെ തളിരധരങ്ങൾക്കു മായാത്ത അരുണിമയുണ്ടായിരുന്നു… ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു… മഷി എഴുത്തോരാ കരിമിഴിപൂക്കളിൽ കനവുകൾ ഏറെ ഉണ്ടായിരുന്നു… പ്രണയത്തിൻ മധുരിമ ഏറെ ഉണ്ടായിരുന്നു…”

റെക്കോർഡറിൽ ഗസൽ പാടുമ്പോൾ തുറന്നിട്ട ജനലിലൂടെ നക്ഷത്രങ്ങളെ സാക്ഷിയാക്കി എന്നെ ഹരിയേട്ടന്റെ സ്വന്തമാക്കി എല്ലാ അർത്ഥത്തിലും.. ലജ്ജയേക്കാൾ മറ്റെന്തോ ഒരു സന്തോഷം ആയിരുന്നു മനസ്സിൽ… എന്നെ ചേർത്ത് പിടിച്ചു ഞാൻ ഉറങ്ങും വരെ എന്നെ നോക്കി കിടക്കുന്ന ഹരിയേട്ടനോട് ഓരോ നിമിഷം കഴിയും തോറും പ്രണയം അധികരിക്കുന്നത് ഞാനും അറിഞ്ഞു…
എപ്പോഴോ കണ്ണുകൾ മയക്കത്തിലാഴവേ എന്റെ നെറ്റിയിൽ ഹരിയേട്ടന്റെ ചുണ്ടുകൾ പതിയുന്നത് ഞാൻ അറിഞ്ഞു…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *