കാലം കാത്തുവച്ചത് ~ ഭാഗം 15, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

വർണാഭമായ ദിവസങ്ങൾ മുന്നിലേക്ക് കടന്നു വന്നു. മുൻപ് ഒരിക്കലും അറിയാത്ത, അനുഭവിക്കാത്ത സ്നേഹവും സന്തോഷവും ഞാൻ ആഘോഷിക്കുകയായിരുന്നു..

തികഞ്ഞ രാഷ്ട്രീയക്കാരൻ ആയിരുന്ന ഹരിയേട്ടൻ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനം എല്ലാം നിർത്തി, തീർത്തും ഞാനും മാമിയും വീടും എന്ന ലോകത്തിലേക്ക് ഒതുങ്ങികൂടി..

അതിന്റെ തുടർച്ചയായി, ജയിൽ ശിക്ഷ കഴിഞ്ഞു വന്നപ്പോൾ ലഭിച്ച സഹകരണ ബാങ്കിലെ ജോലി ഉപേക്ഷിച്ചു മറ്റൊരു ജോലിക്ക് ശ്രമം ആരംഭിച്ചു.. അപ്പോൾ തന്നെ എനിക്ക് വലിയ ആശ്വാസമായി…. എനിക്കെന്തോ ഹരിയേട്ടന്റെ ഭൂതകാലത്തെ ഓർക്കാൻ പോലും ഇഷ്ടമല്ലായിരുന്നു…

ഹരിയേട്ടൻ ബാങ്കിലെ ജോലി ഉപേക്ഷിച്ച വിവരമറിഞ്ഞു അച്ഛൻ വീട്ടിലേക്കു വന്നു.. ഹരിയേട്ടനോട് അച്ഛൻ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് മുകളിലെ മുറിയിൽ ഉച്ച മയക്കത്തിൽ ആയിരുന്ന ഞാൻ എഴുന്നേറ്റത്… അഴിഞ്ഞ മുടി വാരിക്കെട്ടി, ദാവണി നേരെ പിടിച്ചിട്ടു താഴേക്ക് ഇറങ്ങി….

അച്ഛനോട് അടുക്കാൻ ഇപ്പോഴും മനസ്സ് തയ്യാറായിട്ടില്ല കാർക്കശ്യത്തോടെയുള്ള മുഖഭാവവും, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലും എനിക്കായ് നൽകിയിട്ടില്ലെന്നും ഓർക്കേ, എന്റെ മനസ്സ് കൂടുതൽ ദൃഢമായി… ഓർക്കാൻ എനിക്ക് നല്ലതൊന്നും നൽകാതിരുന്നതിനാലാവണം, മനസ്സിന് ആത്മാർത്ഥമായ പുഞ്ചിരി പോലും പ്രകടിപ്പിക്കാനാവാത്തത്..

താഴെ വരാന്തയിൽ അച്ഛന്റെയും ഹരിയേട്ടന്റെയും സംസാരം കേൾക്കാം… നേരെ അടുക്കളയിൽ മാമിയുടെ അരികിലേക്ക് ചെന്നു. മാമി അച്ഛനുള്ള ചായ തയ്യാറാക്കുകയായിരുന്നു. മാമിയെ ചുറ്റി പറ്റി കുറച്ചു നേരം നിന്നു…

എന്താണ് കുഞ്ഞീ ഒരു കള്ള ലക്ഷണം… മാമി ചിരിയോടെ ചോദിച്ചു.. വരാന്തയിലേക്ക് ചായയുമായി മാമി നടന്നപ്പോൾ ഞാൻ പുറകെ പോയി…. അച്ഛന് ചായ കൊടുത്ത് മാമി വരാന്തയിലെ ചാരുപാടിയിൽ ഇരുന്ന് തൂണിലേക്ക് ചാരി… ഞാൻ ഒന്നും മിണ്ടാതെ മാമിക്കരികിലേക്ക് ഇരുന്ന് പുറത്തേക്ക് കണ്ണ് നീട്ടി…

മുറ്റത്ത് വിരിച്ച വെള്ളാരം കല്ലുകളും അവയ്ക്ക് അതിർത്തി നിശ്ചയിച്ചു നിൽക്കുന്ന ചെറിയ ചുവന്ന പൂക്കളുള്ള തെച്ചികളും… അന്തി വെയിലിന്റെ ഇളം ചൂടിൽ പറന്നു നടക്കുന്ന ശലഭങ്ങളും…. എന്ത് മനോഹരമായ കാഴ്ചയാണ്…ഇവയെല്ലാം എനിക്ക് മുന്പിൽ ഉണ്ടായിട്ടും കണ്ട കാഴ്ചകൾ നന്നായിരുന്നില്ല മുൻപ്…

അതിനൊരു കാരണമുണ്ട്… മനസ്സിൽ സന്തോഷം നിറഞ്ഞാൽ കാണുന്ന കാഴ്ചകൾ എല്ലാം മനോഹരമായിരിക്കും… മറിച്ചും ഉണ്ട്…. ദുഃഖത്തിൽ മുഴുകി ഇരിക്കുമ്പോൾ എത്ര മനോഹരമായവ മുന്നിൽ ഉണ്ടെങ്കിലും അവയുടെ സൗന്ദര്യം കാണാനാവില്ല….

ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അച്ഛൻ പോകുവാനായി എഴുന്നേറ്റപ്പോഴാണ് മാമി എന്നെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചത്.. എണീക്കുമ്പോഴേക്കും അച്ഛൻ അരികിലേക്ക് വന്നിരുന്നു.. ഒന്നും മിണ്ടാതെ എന്റെ ചുമലിൽ പിടിച്ചു ചേർത്ത് നിർത്തി ഒരു നൊടി… കണ്ണുകൾ കൊണ്ട് സുഖമല്ലേ എന്ന് ചോദിച്ചു… അന്ധാളിച്ചു പോയ ഞാൻ മറു നിമിഷം സുഖമാണെന്ന് തലയാട്ടി.. കണ്ണുകൾ നിറഞ്ഞിരുന്നു…

ഇരുട്ടുന്നതിനു മുൻപ് വീട്ടിൽ എത്തണം എന്നും പറഞ്ഞു അച്ഛൻ ഇറങ്ങി നടന്നു…നിറഞ്ഞ മിഴികളാലെ അത് നോക്കി നിൽക്കെ മനസ്സിൽ നിറഞ്ഞു നിന്ന പരിഭവങ്ങളും പടിയിറങ്ങി പോവുന്നതറിഞ്ഞു… അതെല്ലായ്പൊഴും അങ്ങനെയാണ്….

നാം പോലും അറിയാതെ നമ്മുടെ മനസ്സിൽ കുടിയിരിക്കുന്നവർ നമ്മളോട് കാണിച്ച അവഗണനകളും നമുക്ക് അവർ നൽകിയ വേദനകളും എല്ലാം തന്നെ അവരുടെ സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിലോ വാക്കിലോ പോലും അലിഞ്ഞു ഇല്ലാതാവും…. എനിക്കും ഇപ്പോൾ സംഭവിച്ചത് അതാണ്‌…

ഒരു ചേർത്ത് പിടിക്കലിൽ നോട്ടം കൊണ്ടുള്ള ഒരു ചോദ്യത്തിൽ അവസാനിക്കുന്ന പിണക്കവും പരിഭവങ്ങളുമേ എനിക്കുണ്ടായിരുന്നുള്ളൂ…. പലരും അങ്ങനെ അല്ലെ… അറിയാത്ത കാരണങ്ങൾക്ക്, ഇല്ലാത്ത അഹംഭാവവുമായി കുറേ ക്കാലം ജീവിക്കും…. പരസ്പരം സ്നേഹമുള്ളത്, കരുതൽ ഉള്ളത് തിരിച്ചറിയാതെ…. ഒരൊറ്റ വാക്കിലോ നോക്കിലോ അവസാനിക്കാവുന്നവയാണ് പക്ഷെ കാലങ്ങളോളം കൂടെ കൊണ്ട് നടക്കുന്നത്…

ആലോചനകൾക്ക് അയവു വന്നപ്പോൾ കണ്ണുകൾ തിരിച്ചെടുത്തു നോക്കിയപ്പോൾ തൂണിൽ ചാരി എന്നെ തന്നെ നോക്കി നിൽക്കുന്ന ഹരിയേട്ടനെയാണ് കണ്ടത്… എന്തോ ആ നോട്ടം ഹൃദയനടിത്തട്ടിൽ എത്തി നിൽക്കുന്നപോലെ തോന്നി… എന്റെ എല്ലാ സന്തോഷങ്ങളുടെയും ഉറവിടം

അന്യമെന്ന് കരുതിയവയെല്ലാം എനിക്കായ് നൽകിയ എന്റെ ഹൃദയത്തിനുടമ…കയ്യെടുത്തു നെഞ്ചിൽ വച്ചു ശ്വാസം ആഞ്ഞെടുത്തു ഹരിയേട്ടനടത്തേക്ക് നടന്നു… പുഞ്ചിരിയോടെ എന്നെ നോക്കുന്ന ഹരിയേട്ടന്റെ അടുത്തു ചെന്ന് ഏന്തി വലിഞ്ഞു കവിളിൽ ചുണ്ടമർത്തി തിരിഞ്ഞു നോക്കാതെ വീടിനകത്തേക്ക് ഓടി…

ഒരു നൊടി സ്തബ്ധനായി നിന്ന ഹരിയേട്ടന്റെ മുഖത്ത് മുഖത്ത് ആയിരം ചന്ദ്രൻ ഉദിച്ച സന്തോഷം തെളിഞ്ഞു… കവിളിൽ ഒന്ന് തലോടി ഹരിയേട്ടൻ എന്തോ ആലോചിച്ചു നിന്നു…

ഒരു ആവേശത്തിൽ ചെയ്തതാണെങ്കിലും ഉള്ളുകൊണ്ടു ഞാൻ ആഗ്രഹിച്ചിരുന്നു… ഹരിയേട്ടന്റേതാവാൻ….. ഹരിയേട്ടന്റെ മാത്രം… ഒരു തിരിച്ചുപോക്ക് ഇല്ലാത്തവിധം…

അത്താഴസമയത്തും ഹരിയേട്ടന്റെ മുഖത്തു ചിരിയായിരുന്നു… ഇടം കണ്ണിട്ടു ആ മുഖത്തെ ഭാവങ്ങൾ എന്നിലേക്കാവാഹിച്ചു ഞാൻ..

ഭക്ഷണം കഴിച്ചു അടുക്കളയിൽ മാമിയെ സഹായിച്ചു ഉറങ്ങാനായി മുറിയിലേക്ക് പോയപ്പോൾ പതിവ് പോലെ ഹരിയേട്ടൻ മുറിയിൽ ഉണ്ടായിരുന്നില്ല.. ബാത്‌റൂമിൽ പോയി മേല്കഴുകി വന്നപ്പോഴും ഹരിയേട്ടനെ കണ്ടില്ല …. ഞാൻ ബാൽക്കണിയിലേക്ക് നടന്നു.. അവിടെ പുതുതായി വാങ്ങിയിട്ട ചൂരൽ ബെഞ്ചിൽ ഹരിയേട്ടൻ ഇരിക്കുന്നുണ്ട്.. എന്തോ ഗഹനമായ ആലോചനയിൽ ആണ്…

എന്താണ് ഒരു ആലോചന….. അരികിൽ ഇരുന്ന് ഞാൻ ചോദിച്ചു… ഇടം കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു…

നമ്മൾ എത്ര മാറാൻ ശ്രമിച്ചാലും ചില സാഹചര്യങ്ങൾ നമ്മളെ തേടി വീണ്ടും വരും ഗായത്രീ…. അത്തരമൊരു അവസ്ഥയിലാണ് ഞാൻ ഇപ്പോൾ…. ഒരിക്കൽ തെമ്മാടി എന്ന പേര് വീണാൽ അതിൽ നിന്നൊരു മോചനം സാധ്യമല്ല… അതി പ്പോൾ നന്നാവാൻ എത്ര ആത്മാർത്ഥമായി ശ്രമിച്ചാലും ശരി… സമൂഹം അങ്ങനെയാണ്..

ഒരിക്കൽ പാർട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന്നു കിട്ടിയ ജോലി വേണ്ടെന്ന് വച്ചപ്പോൾ അതിന്റെ പുറകെയും പ്രശ്നങ്ങൾ വരുന്നുണ്ട്… അതാണ്‌ അമ്മാവൻ ഇന്നു വന്നപ്പോൾ പറഞ്ഞത്.. പാർട്ടി പ്രവർത്തനങ്ങൾക്ക് ഇറങ്ങണം എന്ന് അമ്മാവനെ കൊണ്ട് പറയിക്കാൻ വിട്ടതാണ്…

എനിക്ക് പക്ഷെ ആ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് ഇല്ല…. കുറച്ചു നാൾ ഇവിടെ നിന്ന് മാറി നിന്നാലോ എന്നാണ്… മറ്റെവിടെയെങ്കിലും ഒരു ജോലി നോക്കണം.. എങ്ങോട്ടോ നോക്കി പറഞ്ഞു… ഞാൻ തല തിരിച്ചു ആ മുഖത്തേക്ക് നോക്കി… നല്ല ടെൻഷൻ ഉണ്ട് മുഖത്ത്…

മാറി നിൽക്കണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും കാര്യത്തിന്റെ ഗൗരവം എനിക്ക് മനസിലായി…

ആ താടിയിൽ പിടിച്ചു ഞാൻ എന്റെ മുഖത്തിന്‌ നേർക്ക് തിരിച്ചു… ഞാൻ കൂടെയുണ്ട്…. എന്ന് ആ കണ്ണുകളിലേക്ക് നോക്കി പറയാതെ പറഞ്ഞു… അത് മനസിലായെന്നോണം എന്നെ ചുറ്റിയ കൈകൾക്ക് മുറുക്കം കൂടി.. ഞാനും ആലോചനയിലാണ്ടു..

ഒരു മാറ്റം അനിവാര്യമാണ്.. സ്നേഹം അനുഭവിച്ചു തുടമ്പോഴേക്കും ഒരു പറിച്ചു നടൽ വേദനാജനകം തന്നെയാണ്.. എങ്കിലും വേറെ മാർഗം ഇല്ല…

ആ ഇരുത്തം ഏറെ നേരം നീണ്ടു… പുറത്തു നിന്നുമുള്ള തണുത്ത കാറ്റിൽ ദേഹം വിറച്ചു തുടങ്ങി… എങ്കിലും എണീറ്റ് മാറാൻ തോന്നിയില്ല.. കാലുകൾ പതിയെ ഉയർത്തി ബെഞ്ചിലേക്ക് വച്ചു പാവാടക്ക് ഉള്ളിലേക്ക് ഒതുക്കിവച്ചു കൈകൾ ചുരുട്ടി നെഞ്ചോട് ചേർത്ത് പിടിച്ചു ഹരിയേട്ടനിലേക്ക് ചുരുണ്ടു കൂടി ഇരുന്നു.

പുറത്തുള്ള തണുപ്പിനെ വിസ്മരിക്കാൻ കഴിയും വിധം ആ ശരീരം എനിക്ക് ചൂട് പകർന്നു.. പിന്നീടെപ്പോഴോ കണ്ണുകൾ തനിയെ അടഞ്ഞുപോയി.. ഉണരുമ്പോൾ മുറിയിൽ പുതച്ചു മൂടി കിടക്കുകയാണ്.. എഴുന്നേൽക്കാൻ തോന്നാത്ത വിധമുള്ള സുഖകരമായ ചൂടുണ്ട്… വശത്തേക്ക് നോക്കിയപ്പോൾ ഹരിയേട്ടൻ കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ട്… മുഖത്ത് താനേ പുഞ്ചിരി വിടർന്നു..

പിന്നീടുള്ള ദിവസങ്ങളിൽ ഹരിയേട്ടൻ പല സുഹൃത്തുക്കളെയും കാണുകയും ജോലിക്കാര്യം സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.. ഒന്നും ശരിയാവാതെ വീട്ടിലേക്ക് നിരാശനായി തിരിച്ചു വരുന്ന ഹരിയേട്ടന് പക്ഷെ എന്റെ പുഞ്ചിരി കണ്ടാൽ എല്ലാ വിഷമങ്ങളും അകന്നു പോയിരുന്നു…

കുറച്ചു ദിവസങ്ങൾക്കപ്പുറം ഹരിയേട്ടന്റെ ഒരു സുഹൃത്തു ഫോൺ ചെയ്തു.. കോയമ്പത്തൂരിൽ ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു… ജോലി കിട്ടിയതിൽ വലിയ സന്തോഷം തോന്നിയെങ്കിലും അതിലേറെ വിഷമം പിരിഞ്ഞിരിക്കുന്നതിൽ ഉണ്ടായിരുന്നു.. മുഖത്ത് ഞാനത് പ്രകടമാക്കിയില്ലെങ്കിലും എന്റെ പ്രവൃത്തികൾ അത് തുറന്നു കാണിച്ചു കൊണ്ടിരുന്നു…

കോയമ്പത്തൂരിലേക്ക് പോകുന്നതിന്റെ തലേ ദിവസം രാത്രിയിൽ വസ്ത്രങ്ങൾ എല്ലാം തേച്ചു മടക്കി ബാഗിൽ വച്ചു…. അത്യാവശ്യ സാധനങ്ങളും വച്ചു.. ഊണ് വിളമ്പുമ്പോഴും കഴിക്കുമ്പോഴും സാധാരണ ഉണ്ടാവാറുള്ള കളി ചിരികൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായില്ല…

ഉറങ്ങാൻ കിടക്കുമ്പോൾ കയ്യെത്തിച്ചു എന്നെ ആ നെഞ്ചിലേക്ക് വലിച്ചു ചേർത്തപ്പോഴും മനസ്സിൽ അകാരണമായൊരു ഭയം ഉടലെടുത്തിരുന്നു.. ആ നെഞ്ചും അസാധാരണമായി മിടിച്ചുകൊണ്ടിരുന്നു… എനിക്കെന്തോ ഭയം തോന്നി.. എന്നെ ചുറ്റിയ കരുത്തുറ്റ കരങ്ങളുടെ സംരക്ഷണത്തിൽ കിടക്കുമ്പോൾ വരും ദിനരാത്രങ്ങളെ കുറിച്ചോർത്തു മനസ്സ് വേവലാതിപെട്ടു..

രാവിലെ നേരത്തെ ഹരിയേട്ടൻ പുറപ്പെട്ടു… ഞാൻ ഗേറ്റിനടുത്തു വരെ പോയി കണ്മുന്നിൽ നിന്നും കാർ മറയും വരെയേ പിടിച്ചു നിൽക്കാനായുള്ളൂ.. ദാവണി തുമ്പിൽ കടിച്ചു കരച്ചിൽ പുറത്തു വിടാതെ അകത്തേക്ക് ഓടി.. പിന്നീടൊരു കാത്തിരിപ്പായിരുന്നു….. വിരഹത്തിന്റെ വേദനയിൽ ഉരുകുന്ന ഹൃദയവുമായി ഒരു കാത്തിരിപ്പ്….

,

Related Posts

Leave a Reply

Your email address will not be published. Required fields are marked *