വയസ്സ് മുപ്പത്തിയൊന്നായി എന്നൊരു ആവലാതി വീട്ടുകാർക്കിടയിൽ ഉണ്ടായിരുന്നിട്ടും അതൊന്നും എന്നെ അലട്ടിയിരുന്നില്ല…

എഴുത്ത്: സി.കെ

ഞാനും ഒരു പെണ്ണാണ്…ഇന്നെന്റെ മറ്റൊരു സ്വപ്നം പൂവണിയുകയാണ്…

ചിന്തിച്ചാൽ പലർക്കും ഇതൊരു തമാശയായിരിക്കാം, പക്ഷെ എനിക്കിതൊരു പ്രതികാരകഥതന്നെയാണ്.

എന്റെ പേര് സുന്ദരി, പേരിൽ പറഞ്ഞ സൗന്ദര്യമൊന്നും നേരിൽ കാണുമ്പോൾ ഇല്ല എന്നതുകൊണ്ട് എനിക്ക് താഴെയുള്ള സഹോദരിമാരുടെ കല്യാണം കഴിഞ്ഞു അതിലവർക്ക് ഒന്നും രണ്ടും മക്കളുണ്ടായിട്ടും കല്യാണംപ്രായം കഴിഞ്ഞ് കുടുംബം നോക്കുന്ന ഒരാളായങ്ങനെ വീട്ടിൽ കഴിച്ചുകൂട്ടുന്നു.

വയസ്സ് മുപ്പത്തിയൊന്നായി എന്നൊരു ആവലാതി വീട്ടുകാർക്കിടയിൽ ഉണ്ടായിരുന്നിട്ടും അതൊന്നും എന്നെ അലട്ടിയിരുന്നില്ല.

പെണ്ണെന്നത് പ്രസവിക്കാൻ മാത്രമായി പകപ്പെടുത്തിയെടുത്ത ഒരു വസ്തുവല്ലെന്ന ബോധ്യം ചിലപ്പോഴൊക്കെ എനിക്കുള്ളിൽ വരുമ്പോൾ ഞാനെന്റെ മനസ്സിനോട്തന്നെ വീമ്പു പറഞ്ഞു മടുക്കും…

മുന്നിലെ പൊന്തിയ പല്ലുകളെ ഇടക്കൊക്കെ കണ്ണാടിയിൽ നോക്കി ഞാൻ പരിഹസിക്കും, ഒരു കടയിലോ മറ്റു വസ്ത്രവ്യാപാര സ്ഥാപനങ്ങളിലോ പോയി ജോലി ചെയ്യുന്നതിന് പലപ്പോഴും ഈ വൈരൂപ്യം തടസ്സമായിരുന്നെന്ന് ഞാൻ കണ്ണാടിയിൽനോക്കി അമർഷത്തോടെ പറയും..!

ഒരിക്കൽ അടുത്തൊരു കൂട്ടുകാരിയുടെ കല്യാണത്തിന് ചുരിദാറാണിഞ്ഞു ചെന്നതിന് ഇന്നും ചുറ്റുമുള്ളവർക്കിടയിലെ കളിപറച്ചിലുകൾക്കിടയിലൂടെ ഓടിമറയുന്നത് കാണാം.

ശരാശരി ഒരു സ്ത്രീയുടെ ശരീരത്തിന്റെ ആകാരവാടിവുകളൊന്നും തന്നെ എന്നിലില്ലാത്തതുകൊണ്ട് പലപ്പോഴും ആ മറുപടിയെ ഞാൻ പുഞ്ചിരിച്ചുകൊണ്ട് വരവേൽക്കാറായിരുന്നു പതിവ്..

അടുത്തുള്ള വീടുകളിലെ തൂപ്പുകാരി,അവരുടെ പാചകക്കാരി, തുടങ്ങിയ ജോലികൾ ചെയ്തു മാസം കിട്ടുന്ന വരുമായിരുന്നു ഏക ആശ്രയം.

അന്നൊരു ദിവസം ഉച്ചയൂണിന്റെ സമയത്ത് ലൈല താത്തേടെ വീട്ടിലെ അടുക്കളയിൽ പപ്പടം കാച്ചുന്നതിനിടയിലാണ് അമ്മയുടെ വിളി ഫോണിലേക്ക് വന്നത്.

ഹലോ… നീയൊന്നു ഇവിടെവരെ വന്നേ ..!

ആരൊക്കെയോ നിന്നെ അന്വേഷിച്ചു വന്നിട്ടുണ്ട്..

എന്നെയോ…! എന്തിന്..?

നിന്നെ പെണ്ണ് കാണാൻ വന്നതാ അവര്.

അതുകേട്ടതും ഫോണും കട്ട്ചെയ്തു ഞാനൊന്നു പൊട്ടിച്ചിരിച്ചു…

എന്റെ ചിരികേട്ടിട്ടാവും ലൈല താത്ത എന്താണെന്നറിയാൻ കാര്യങ്ങൾ തിരക്കി.

അതിനു ചിരിക്കാണോ വേണ്ടത്, പെണ്ണായിപ്പിറന്നാൽ നിനക്കും വേണ്ടേ ഒരു ജീവിതം. നീ പോയി വാ..ബാക്കിയുള്ളത് അടുക്കളയിൽ ഞാൻ ചെയ്തോളാം

അതല്ലന്നേ,എന്നെ പെണ്ണ് കാണാനെന്നു പറഞ്ഞു ആ വീട്ടിലേക്ക് ആദ്യമായിട്ടാണ് ഒരു കൂട്ടര് വരുന്നത്.

ഇനി അവിടെയെത്തുമ്പോൾ എന്നെക്കണ്ടാൽ എന്തെങ്കിലും കാരണം പറഞ്ഞിറങ്ങിപ്പോവും. വെറുതെ നേരം കളയുന്നത് എന്തിനാണ് .

എങ്കിലും അവര് നിന്നേം കാത്തിരിക്കല്ലേ.. നീയൊന്നു പോയി വാ

അവരുടെ മറുപടി കേട്ടതും ഞാനെന്റെ വീട്ടിലേക്കോടി

വീടെത്തി, മുഷിഞ്ഞ മാക്സിയിൽ ഞാനകത്തേക്ക് കയറി.

ഉമ്മറത്തായി എത്രപേരുണ്ടെന്നു ഞാൻ ഇടം കണ്ണിട്ടു നോക്കി.

അടുക്കളയിൽ അമ്മ നാലു സ്റ്റീൽ ഗ്ലാസിലായി കട്ടൻ ചായ എടുത്തൊഴിച്ചു വെച്ചിട്ടുണ്ട്.

അതിൽനിന്നും വന്നവരെത്ര പേരുണ്ടെന്ന് മനസ്സിലായി.

ഞാൻ ചായയുമെടുത്തു കോലായിയിലേക്ക് നടന്നു ,

മുഷിഞ്ഞ മാക്സി നോക്കി ചായ വാങ്ങിയതിന് ശേഷം കൂട്ടത്തിലുള്ള ഒരാൾ മറ്റൊരാളോട് എന്തോ സ്വകാര്യം പറയുന്നുണ്ട്.

അതിനിടയിൽനിന്നു ഒരാൾ ഇതാണ് വരനെന്നു പരിചയപ്പെടുത്തി..

ഞാനൊന്നു തലയുയർത്തി.ഒരു മുപ്പത്തിയഞ്ച് വയസ്സുതോന്നിക്കുന്ന ഒരു മനുഷ്യൻ.

അയാളെന്നോട് ചിരിച്ചു..തിരിച്ചു ഞാൻ ചിരിച്ചതേയില്ല. ഉയർന്ന പല്ലുകൾ ചിരിയിൽ വെളിയിൽ കാണുമെന്ന് ജ്യാള്യതയിൽ ഞാനകത്തേക്ക് പോയി.

പിന്നീട് അമ്മ നീട്ടിയ ജാതകക്കുറിപ്പിൽ നിന്നും ഫോണ്നമ്പർ മാത്രമെടുത്ത് വിവരം തരാമെന്ന് പറഞ്ഞ് അവരിറങ്ങിപോയി.

ആ പോക്ക് കണ്ടപ്പോൾ ഏതാണ്ട് കാര്യങ്ങൾക്ക് ഞാനും ഒരു തീരുമാനമുണ്ടാക്കി.

അമ്മയുടെ മുഖം അപ്പോഴേക്കും ഇരുണ്ടുമൂടി കാർമേഘം കെട്ടിത്തുടങ്ങിയിരുന്നു.

കഴിഞ്ഞുപോയ കാര്യങ്ങളെയോർത്ത് പലപ്പോഴും നിരാശപ്പെടേണ്ടിവന്നിട്ടില്ല,

എങ്കിലും അയാൾക്ക് നേരെ ഒന്നു പുഞ്ചിരിക്കാത്തതിൽ മനസ്സിലെവിടെയോ ഒരു ഖേദം പ്രകടമായി.

എങ്കിലും പിറ്റേന്ന് വീണ്ടും പഴയ സുന്ദരിയായി, മറ്റുള്ളവരുടെ അടുക്കളയിലെ കാവലാളായി ജീവിക്കാൻ തുടങ്ങി.

എങ്കിലും ഇടക്കെവിടെയോ ആ നിരാശ മനസ്സിനെ കുത്തിതുടങ്ങി.

മനസ്സ് ശരിയല്ലെന്ന് തോന്നിയാൽ ഇഷ്ടപ്പെടുന്ന ഭക്ഷണമെന്തെങ്കിലും ഉണ്ടാക്കിക്കഴിച്ച് ആ വിഷമം മാറ്റണമെന്നാണ് ആദ്യം ചിന്തിക്കുക,അതിനുശേഷം ബാക്കിയതിലേക്കുള്ള കാര്യങ്ങൾ തയ്യാറാക്കും.

അങ്ങനെ അന്നൊരു വൈകുന്നേരം എന്റെ വീട്ടിലെ അടുക്കളയിൽ തിരക്കിട്ട ജോലിക്കിടയിലാണ് മൊബൈലിലേക്ക് ആ വിളി വന്നത്.

അന്ന് പെണ്ണ് കാണാൻ വന്ന കൂട്ടരാണ്,ജാതകം നോക്കാതെ കുട്ടിയെ കല്യാണം കഴിച്ചു തരുമോ എന്ന്.

ആദ്യമായിട്ടാണ് ഇത്രയധികം അമ്പരപ്പും സന്തോഷവും ഒരുമിച്ച് വരുന്നത്.
പെട്ടന്ന് ആ കാൾ കട്ട് ചെയ്യാനാണെനിക്ക് തോന്നിയത്.

വീണ്ടും ഇങ്ങോട്ട് വിളി വന്നപ്പോൾ, അമ്മയോട് ചോദിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞുകൊണ്ട് ഞാനാ സംസാരം അവസാനിപ്പിച്ചു.

ഇതുവരെ വിവാഹമെന്ന രീതിയിൽ എനിക്കായി ആരും കടന്നുവരാത്ത വഴിയിൽ മറ്റൊരാൾ എന്നെ തേടിവന്നിട്ടും ഒന്നു തിരിച്ചു പുഞ്ചിരിക്കാത്ത വിഷമം ഉള്ളിൽ വീണ്ടും മുഴച്ചുകൂമ്പാരമായി.

മറ്റെന്തോ ഭാവമാറ്റത്തോടെ ചിന്തിച്ചുനിന്ന എന്നെ ഒന്നു തട്ടിവിളിച്ചുകൊണ്ടാണ് അടുക്കളയിലേക്ക് ആ സമയം അമ്മ കടന്നു വന്നത്.

കാര്യങ്ങൾ വിശദമാക്കി പറഞ്ഞശേഷം അമ്മ തന്നെ അവരെ വിളിച്ചു തീരുമാനമറിയിച്ചു, ജാതകം നോക്കാതെയുള്ള വിവാഹം അത്ര നല്ലതല്ല എന്ന് കുടുംബക്കാരും മറ്റുള്ളവരുമൊക്കെ പറഞ്ഞെങ്കിലും ഒരു പെണ്ണിന്റെ മനസ്സ് എന്താണെന്ന് അമ്മ പഠിച്ചറിഞ്ഞതുകൊണ്ട് ആ വക കാര്യങ്ങളിൽ യാതൊരു വിധ സങ്കോചവുമുണ്ടായില്ല.

എല്ലാ പ്രതിസന്ധികൾ തരണം ചെയ്ത് ഞങ്ങളുടെ വിവാഹം കഴിഞ്ഞു, അധികം വെച്ചുനീട്ടാൻ ഇരുകൂട്ടർക്കും താൽപര്യമില്ലായിരുന്നു.

അതുവരെ ഞാനനുഭവിച്ചിരുന്ന സുഖവും സന്തോഷവും വെറും കെട്ടുകഥകളെപ്പോലെയായിരുന്നു എന്ന് വിവാഹജീവിതം എന്നെ പഠിപ്പിച്ചു.

യാതൊരുവിധ മുൻവിധിയോ പ്രതീക്ഷകളോ ഇല്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന എനിക്ക് കിട്ടുന്നതെല്ലാം വലിയൊരു ബോണസ് തന്നെയായിരുന്നു.

ഇന്ന് ഞാൻ ഗർഭിണിയാണ്.ശോഷിച്ച ശരീരത്തിൽ ഒരു ജീവൻ പൊടിഞ്ഞിരിക്കുന്നു, ഇന്നെന്റെ മറ്റൊരു സ്വപനം പൂവണിയുകയാണ്…

കണ്ണാടിക്കു മുന്നിൽ നിന്നു എന്റെ ദേഹത്തേക്ക് പുതുതായി വാങ്ങിച്ച ചുരിദാർ ചേർത്തുവെച്ചുകൊണ്ട് കണ്ണാടിയിലേക്കു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

നീയതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ…

തെല്ലമർഷത്തോടെ അകത്തേക്ക് കയറിക്കൊണ്ട് അനിയേട്ടനെന്നോട് പറഞ്ഞു..

ദാ ഇപ്പൊ കഴിയുമെന്ന് കണ്ണിറുക്കിപ്പറഞ്ഞുകൊണ്ട് ഞാനാ ചുരിദാറെടുത്തണിഞ്ഞു പുറത്തേക്കിറങ്ങി..

ഒരു കല്ല്യാണം കൂടാനുള്ള യാത്രയിലാണ്. പണ്ടെന്നെനോക്കി പരിഹസിച്ചവരുടെ ഇടയിലേക്ക് ഈ ചുരിദാരുമണിഞ്ഞു അനിയേട്ടന്റെ കയ്യും പിടിച്ചൊന്നു വിലസി നടക്കണം…

ഞാനും ഒരു പെണ്ണാണെന്ന് അവരോർക്കാൻവേണ്ടി മാത്രം ഒരു യാത്ര.

😍സി.കെ😍

Related Posts

Leave a Reply

Your email address will not be published. Required fields are marked *